സ്വിറ്റ്സർലൻഡുകാരനായ തോമസ് ഓരോ ആറുമാസം കൂടുമ്പോഴും സ്വന്തം ചിലവിൽ വിമാനം കയറി ഫ്രാൻസിലേയ്ക്ക് പോകും. സന്നദ്ധരക്തദാനത്തിനു വേണ്ടി മാത്രം. സ്വന്തം നാട്ടിൽ രക്തബാങ്കുകളില്ലാഞ്ഞിട്ടല്ലാ അത്. കാരണം പാരീസിലും ആംസ്റ്റർഡാമിലും മാത്രമേ രക്തം ഫ്രീസ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യമുള്ളൂ. മാത്രമല്ലാ, ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്ക് രക്തം കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ സ്വിറ്റ്സർലൻഡിൽ കൂടുതൽ കണിശവുമാണ്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള ആർക്കെങ്കിലും തന്റെ രക്തം എപ്പോഴെങ്കിലും ആവശ്യം വന്നാലോയെന്ന് കരുതിയാണ് തോമസ് വർഷങ്ങളായി ഈ "അന്താരാഷ്ട്ര രക്തദാനം'' തുടരുന്നത്. ലോകത്തേറ്റവും വിലയേറിയ രക്തത്തിന്റെ, 'സ്വർണരക്ത'ത്തിന്റെ ഉടമയാണ് തോമസ്.
ഏതാണ്ട് മുപ്പത്തിയഞ്ചിലധികം അറിയപ്പെടുന്ന രക്ത ഗ്രൂപ്പുനിർണ്ണയ രീതികളുണ്ട്. ഓരോന്നും ചുവന്ന രക്താണുക്കളിലെ വിവിധതരം ആന്റിജനുകളെ ആശ്രയിച്ചാണ്. അങ്ങനെ 342 ആന്റിജനുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ 35 ഗ്രൂപ്പുനിർണയരീതികളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണമാണ് നമുക്കെല്ലാം സുപരിചിതമായ ABO ഗ്രൂപ്പും Rh ഗ്രൂപ്പും. ഒരാളുടെ രക്തം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് തീരുമാനിക്കുന്നത് Rh ആന്റിജന്റെ സാന്നിധ്യം നോക്കിയിട്ടാണ്. റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങിന്റെ രക്ത പരിശോധനയിൽനിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്. അതുകൊണ്ട് റീസസ്സിന്റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്ളൂട്ടിനോജൻ അറിയപ്പെടുന്നത്. Rh ആന്റിജൻ ഉള്ളവരെ Rh പോസ്സിറ്റീവ് എന്നും പ്രസ്തുത ആന്റിജൻ ഇല്ലാത്തവരെ Rh ‘നെഗറ്റീവ്’ എന്നും പറയുന്നു.
ഈ Rh ഗ്രൂപ്പിന്റെ സംവിധാനത്തിനുള്ളിൽ തന്നെ 50 വ്യത്യസ്തരായ ഉപ-രക്തഗ്രൂപ്പ് ആൻറിജനുകൾ അടങ്ങിയിരിക്കുന്നു. അതിൽ D, C, c, E, e, എന്നീ അഞ്ച് ആന്റിജനുകളാണ് ഈ അമ്പതിൽ ഏറ്റവും പ്രധാനപ്പെട്ടവർ. സാധാരണയായി നമ്മൾ Rh പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എന്ന് ഒരാളെ പറ്റി പറയുന്നത് ഇതിലെ 'D' ആന്റിജനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്.
നെഗറ്റീവ് ഗ്രൂപ്പുള്ള ഒരാളിൽ 'D' ആന്റിജൻ ഇല്ലെങ്കിലും മറ്റാന്റിജനുകളിൽ ഏതെങ്കിലുമൊക്കെ സാധാരണയായി ഉണ്ടാകാറുണ്ട്. എന്നാൽ, ഈ 50 Rh ആന്റിജനുകളിൽ ഒന്നുപോലുമില്ലാത്ത രക്തത്തെയാണ് സ്വർണരക്തം അഥവാ Rh null രക്തമെന്ന് പറയുന്നത്. ഈ രക്തമുള്ള കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ വച്ചോ ശൈശവാവസ്ഥയിലോ മരിച്ചുപോകുമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ വിചാരം, 1961-ൽ ഒരു ആസ്ട്രേലിയൻ യുവതിയിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തുന്നതു വരെ.
എന്താണിതിന്റെ പ്രാധാന്യം?
1961-ന് ശേഷം 56 വർഷങ്ങൾക്കിപ്പുറവും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി വെറും 43 Rh null ആൾക്കാരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്. അതിലൊരാളാണ് സ്വിസ് പൗരനായ തോമസ്. ഇതിന്റെ പ്രാധാന്യമെന്തെന്ന് വച്ചാൽ,
1.ഈ രക്തഗ്രൂപ്പുകാർക്ക് അവരിലൊരാളുടെ രക്തം മാത്രമേ സ്വീകരിക്കാൻ സാധിക്കൂ.
2.എന്നാലിവരുടെ രക്തം മറ്റേതുതരം ദുർലഭ നെഗറ്റീവ് രക്തഗ്രൂപ്പുകാർക്കും (Rare negative blood group) സ്വീകരിക്കാം. തോമസിന്റെ ഈ അപൂർവ്വരക്തം കൊണ്ട് ശരീരത്തിൽ രക്തമില്ലാതെ ജനിച്ച ഒരു കുഞ്ഞിനെത്തന്നെ ജീവിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, സ്വിറ്റ്സർലൻഡിൽ. (അപൂർവ്വങ്ങളിൽ അപൂർവ്വമായ രക്തഗ്രൂപ്പ് വ്യതിയാനമുള്ള രോഗം. അങ്ങനെയുള്ള രണ്ടുകുഞ്ഞുങ്ങൾ മാത്രമാണ് ലോകത്ത് ജീവിച്ചതെന്നാണ് ശാസ്ത്രലേഖനങ്ങൾ പറയുന്നത്)
3.43 Rh null ആൾക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിൽ 9 പേർക്കുമാത്രമേ രക്തദാനം ചെയ്യാൻ സാധിക്കുന്നവരുള്ളൂ. എന്നുവച്ചാൽ ഇവരിലാർക്കെങ്കിലും എപ്പോഴെങ്കിലും രക്തമാവശ്യമായി വന്നാൽ, ഇവിടുള്ള 760 കോടി മനുഷ്യരിൽ അവരെ സഹായിക്കാൻ കഴിയുന്നത് വെറും 9 പേർക്ക് മാത്രമാണ്.
ഇത്രയും അപൂർവ്വമായ, പല ദുർലഭ രക്തഗ്രൂപ്പുകാർക്കും ഒരു ദിവ്യൗഷധമായ ഈ രക്തത്തെ സ്വർണരക്തമെന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്..
©മനോജ് വെള്ളനാട്
നല്ല അറിവുകൾ.ആശംസകൾ
ReplyDeleteGreat
ReplyDeleteGreat info!
ReplyDeleteGood information 👍 keep writing
ReplyDeleteഅറിവുകള്ക്ക് നന്ദി...
ReplyDeleteഒരു ദിവ്യൗഷധമായ ഈ രക്തത്തെ
ReplyDeleteസ്വർണരക്തമെന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്..
തികച്ചും പുതിയ അറിവ് ...നന്ദി
ReplyDelete