മരണക്കളികൾ / Deadly Games


"ഡോക്ടർ, കാൻ യു പ്ലീസ് മേക്ക് ആറേഞ്ചുമെന്റ്സ് ഫോർ ഓർഗൻ ഡൊണേഷൻ. ഐ മീൻ ഓൾ ദി പോസ്സിബിൾ ഓർഗൻസ്"

തിരുവനന്തപുരം രാജവീഥിയിൽ ആഢംബരക്കാറുകളുടെ മത്സര ഓട്ടത്തിൽ ഒരു 23 കാരൻ മരിച്ച വാർത്ത കേട്ടപ്പോൾ പെട്ടന്നോർമ്മ വന്നത് ഈ ഡയലോഗാണ്. ഇതേ സ്ഥലത്ത്, ഏതാണ്ടതേ സമയത്ത്, ഇതേ കാരണത്താൽ മൂന്നോ നാലോ വർഷം മുമ്പ് മരിച്ച മറ്റൊരുവനുണ്ടായിരുന്നു. പെട്ടന്നവനെയോർത്തു.

ഓർമ്മശക്തിയുടെ അത്ഭുതപ്രതിഭാസമെന്ന നിലയിൽ ലിംക ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇരുപതുവയസിനുമുന്നേ കയറിപ്പറ്റിയവൻ. അർദ്ധരാത്രിയിൽ അഞ്ചുകൂട്ടുകാരുമൊത്ത് തലസ്ഥാനത്തെ രാജവീഥിയിലൂടെ പായുമ്പോൾ അവന്‍റെ ഹോണ്ടസിറ്റിയെ മറികടന്ന് ഒരു ഓഡി കാർ പാഞ്ഞുപോകുന്നു. കൗമാരം വിട്ടിട്ടുമില്ല, യൗവനത്തിൽ എത്തിയതുമില്ലാത്ത ആ അഞ്ചുപേരെയും ഒരാവേശം പിടികൂടി. നൂറ്റിയിരുപതിനുമേൽ സ്പീഡിൽ പായുന്ന ഓഡിയെ അവർ ആവേശാക്രോശങ്ങളോടെ മറികടന്നു. പക്ഷെ ആ തീരുമാനമെടുത്തപ്പോൾ തന്നെ ആ അഞ്ചുപേരുടെയും വിധിയും തീരുമാനിക്കപ്പെട്ടിരുന്നു. മറികടക്കുന്ന വ്യഗ്രതയിൽ നിയന്ത്രണം വിട്ട കാർ പാതയോരത്തെ തണൽ മരത്തിലിടിച്ച് തകർന്നു. അഞ്ചിൽ നാലും തൽക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാർക്ക് പാതിജീവനോടെ കിട്ടിയ ഓർമ്മരാക്ഷസനുമായി കുറെപേർ ആശുപത്രിയിലേക്ക് പാഞ്ഞു.

ന്യൂറോസർജറി ഐ.സി.യു.വിൽ, യന്ത്രങ്ങളാലും കുഴലുകളാലും ബന്ധിക്കപ്പെട്ട്‌ പൂർണ്ണ അബോധത്തിൽ അവൻ കിടന്നു. ഇടിയുടെ ആഘാതത്തിൽ തലച്ചോറ് കലങ്ങിമറിഞ്ഞു കുഴമ്പുപരുവം ആയിരുന്നു. തലച്ചോറിലെ ഞരമ്പുകൾക്കിടയിൽ അവൻ അടുക്കിയൊതുക്കി സൂക്ഷിച്ചിരുന്ന ഓർമ്മകളെല്ലാം എന്നന്നേക്കുമായി ചിതറിമാഞ്ഞു. ആ ജീവനെങ്കിലും തിരികെ കിട്ടണമേയെന്ന, പ്രാർത്ഥനകൾ കൊണ്ടുവീർത്ത മുഖങ്ങളുമായി അച്ഛനുമമ്മയും ബന്ധുക്കളും ആശുപത്രി വാതിലിൽ കാവലിരുന്നു.

നേരിട്ടു കണ്ടിട്ടില്ലെങ്കിലും പത്രത്താളിൽ വായിച്ചറിവുണ്ടായിരുന്നു അവനെ പറ്റി. ഒരു സൺഡേ സപ്ലിമെന്റിൽ അവനെക്കുറിച്ച് ഒരു പുറം വാർത്ത തന്നെ വന്നിരുന്നു. കൃത്യമായ പേരിപ്പോൾ ഓർമ്മയില്ല. ജോസെന്നോ മറ്റോ ആണ്. ലോകത്തെവിടെ കൊണ്ടുപോയിട്ടാണെങ്കിലും ചികിത്സിക്കാൻ തയ്യാറായി മാതാപിതാക്കളും ബന്ധുക്കളും നിൽക്കുന്നു. എവിടെപ്പോയാലും ഇവിടെ ചെയ്യുന്നതിൽ കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. അപ്പനും അമ്മയും ഏകമകനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

അവരുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ ‘ഈശോയെ..’ ‘കർത്താവേ..’ എന്നൊക്കെയുള്ള മർമ്മരങ്ങൾ കേൾക്കാം. പക്ഷെ എല്ലാ പ്രാർത്ഥനകളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ജോസിന്‍റെ ബിപി അമിതമായി താണു. മരുന്നിനോടുള്ള പ്രതികരണം കുറഞ്ഞുവന്നു. അപ്പനെ വിളിച്ചുകാര്യം പറഞ്ഞു. അതുകേട്ട് അദ്ദേഹം മറിഞ്ഞുവീഴുമെന്നു തോന്നിയപ്പോൾ ഒരു കൈകൊണ്ടു തോള് താങ്ങി. തളർന്നുപോയ അദ്ദേഹത്തെ മറ്റൊരുബന്ധുവിനെ വിളിച്ചേൽപ്പിച്ചു ആ ഇടനാഴിയിൽ ഇരുത്തി.

ഇ.ഇ.ജി. എടുത്തു. ജോസിന്‍റെ തലച്ചോറിൽ ജീവന്‍റെ ഇലക്ട്രോൺ പ്രവാഹം എപ്പോഴോ നിലച്ചിരുന്നു. പക്ഷെ ജോസ് മരിച്ചിട്ടില്ല. ഹൃദയവും മറ്റവയവങ്ങളും ജീവനോടുണ്ട്. ഇടനാഴിയിൽ നിലത്തിരുന്നു കരയുകയായിരുന്ന അപ്പൻ ഉടനെ ചാടിയെണീറ്റു, മുന്നോട്ടുവന്ന് അത്ഭുതപ്പെടുത്തുന്ന ആത്മധൈര്യത്തോടെ പറഞ്ഞു,

"ഡോക്ടർ, കാൻ യു പ്ലീസ് മേക്ക് ആറേഞ്ചുമെന്റ്സ് ഫോർ ഓർഗൻ ഡൊണേഷൻ. ഐ മീൻ ഓൾ ദി പോസ്സിബിൾ ഓർഗൻസ്"

മുമ്പുകണ്ട മരണമെന്ന് കേട്ടാൽ തളർന്നുപോകുന്ന മനുഷ്യനായിരുന്നില്ല അത്. പ്രതിസന്ധിഘട്ടങ്ങളിലെ ഈ ആത്മധൈര്യത്തിന് ലിംക ബുക്കിൽ പേര് ചേർക്കപ്പെടുന്ന ഒരു കാലം വന്നിരുന്നെങ്കിലെന്നു ഞാൻ പലപ്പോഴും ഓർക്കും. നിർഭാഗ്യവശാൽ ജോസിന്‍റെ കണ്ണുകൾ മാത്രമാണ് ദാനം ചെയ്യാൻ കഴിഞ്ഞത്. ഇടിയുടെ ആഘാതത്തിലും ദീർഘനേരം രക്തസമ്മർദ്ദമില്ലാതെയും മറ്റവയവങ്ങൾക്ക് സാരമായ കേടുവന്നിരുന്നു.

ഒരേ വാർത്ത, ഒരേ സ്ഥലം, ഒരേ സംഭവം, ഒരേ കാരണം, മരണം  ഒക്കെ വീണ്ടും കണ്ടപ്പോൾ, വെറുതെ ഓർത്തപ്പോൾ എഴുതിയെന്നേയുള്ളൂ. നാമോരോരുത്തരും ഏതുനിമിഷവും സംഭവിക്കാവുന്ന മരണത്തെ പോക്കറ്റിലിട്ട് നടക്കുന്നവരാണ്. എന്നാൽ നമ്മുടെ യുവാക്കൾ മരണമെന്നയീ മൂർച്ചയേറിയ ആയുധത്തെ, ഒരുപാട് പേരുടെ ജീവിതത്തിൽ ഉണങ്ങാത്ത മുറിവുണ്ടാക്കും വിധം എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്.

ഈയടുത്തുണ്ടായ ചില ബൈക്കപകടങ്ങളെ പറ്റി കഴിഞ്ഞദിവസം എഴുതിയതേയുള്ളു. (ലിങ്ക് - റാലി ഫോർ റെസ്പോൺസിബിലിറ്റി ). അതിൽ പറയുന്ന മരണകാരണങ്ങൾ തന്നെയാണിവിടെയും പറയാനുള്ളത്.
1. തികഞ്ഞ അശ്രദ്ധ
2. ‎ഉത്തരവാദിത്തമില്ലായ്മ / വിവേകബുദ്ധിയില്ലായ്മ
3. ‎ട്രാഫിക് നിയമങ്ങൾ പാലിക്കാനുള്ള വിമുഖത.

ഇന്നലത്തെ അപകടത്തിൽ മരിച്ചയാൾ സീറ്റ് ബെൽറ്റിടാതെയാണ് വണ്ടിയോടിച്ചിരുന്നതെന്ന കാര്യവും, കൂടെയുണ്ടായിരുന്ന രക്ഷപ്പെട്ടവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നതും ചേർത്തു വായിക്കണം. ഇക്കാര്യങ്ങൾ ഉപദേശങ്ങൾ കൊണ്ടും ബോധവത്കരണങ്ങൾ കൊണ്ടും മാറ്റിയെടുക്കാമെന്ന് തോന്നുന്നില്ലാ. മറ്റുള്ളവരുടെ ഇത്തരം അനുഭവങ്ങൾ കണ്ടിട്ടെങ്കിലും ചിലർക്കെങ്കിലും ബോധോദയമുണ്ടായാൽ ഭാഗ്യം..

©മനോജ്‌ വെള്ളനാട്

1 comment: