ടെറ്റനസ് / TETANUS


വാക്സിപീഡിയ: ചാപ്റ്റർ 13

പ്രതിരോധകുത്തിവയ്പ്പുകൾ വഴി പൂർണ്ണമായി പ്രതിരോധിക്കാൻ കഴിയുന്ന ഒരു രോഗമാണ് ടെറ്റനസ്. ഈ രോഗത്തെ “കുതിരസന്നി” എന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാവുന്നതാണ്. ബി.സി. 5-ാം നൂറ്റാണ്ടുമുതൽ തന്നെ ഈ രോഗത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ‘വലിയുക’ എന്നർത്ഥമുള്ള ടെറ്റനോസ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ രോഗത്തിന്‍റെ പേര് ഉത്ഭവിച്ചത്. മലിനമായതും, ആഴത്തിലുള്ളതുമായ മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ക്ലോസ്ട്രീഡിയം ടെറ്റനി  എന്ന ബാക്ടീരിയയാണ് ഇതിന്‍റെ രോഗഹേതു. മുറിവുകളിലൂടെ മാത്രമല്ല, തീപ്പൊള്ളൽ, മൃഗങ്ങളിൽ നിന്നുള്ള കടി, മലിനമായ ശസ്ത്രക്രിയാ ഉപകരണങ്ങൾ, പല്ലിലും മോണയിലും ഉണ്ടാകുന്ന പഴുപ്പ് എന്നിവയിലൂടെയും ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നു. ഇവ വൻകുടലിൽ പെരുകുന്നതിനോടൊപ്പം അത്യന്തം മാരകമായ ടെറ്റനോ സ്പാസ്മിന്‍ എന്ന ടോക്സിൻ അഥവാ ജൈവിക വിഷം പുറപ്പെടുവിക്കുന്നു. ഈ വിഷം ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ പാടേ തകരാറിലാക്കുന്നു. പേശികൾ ക്രമമായി സങ്കോചിക്കുകയും  അയയുകയും ചെയ്യുന്നതാണ് നമ്മുടെ ശരീര വ്യവസ്ഥയുടെ നിലനിൽപ്പിനാധാരം. ഈ വിഷത്തിന്റെ മാരകമായ പ്രവർത്തനം മൂലം ശരീരപേശികൾ സങ്കോചിത അവസ്ഥയിൽ തന്നെ മിനുട്ടുകളോളം തുടരുന്നു. ഈ അവസ്ഥമൂലം രോഗിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. ഈ ജൈവിക വിഷം പ്രധാന നാഡികളെ ബാധിക്കുമ്പോൾ ശ്വസനപേശികൾക്കും, അന്നനാളപേശികൾക്കും മുൻസൂചിപ്പിച്ച അവസ്ഥ നേരിടുകയും, രോഗി അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. 15 മുതൽ 55 ശതമാനം വരെയാണ് ഈ രോഗത്തിന് മരണസാധ്യത.


മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. എന്നാൽ ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തിട്ടില്ലാത്ത അമ്മയിൽ നിന്നും നവജാതശിശുവിലേക്ക്, ഈ രോഗം പകരാവുന്നതാണ്. നവജാതശിശുക്കൾക്കുണ്ടാകുന്ന ടെറ്റനസ് 60 മുതല്‍ 70 ശതമാനം വരെ കുഞ്ഞിന്റെ മരണത്തിൽ കലാശിക്കുന്നു.

ലക്ഷണങ്ങൾ
                രോഗാണു ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ 3 മുതൽ 20 ദിവസം വരെ സമയത്തിനുള്ളിൽ രോഗലക്ഷണങ്ങളായ പനി, തലവേദന, രക്തസമ്മർദ്ദ വ്യതിയാനങ്ങൾ, കഠിനമായ ശരീരവേദന, പേശീസങ്കോചം ഇവ പ്രത്യക്ഷപ്പെടുന്നു. രോഗത്തിനു കാരണമാകുന്ന ടോക്സിൻ എത്രവേഗത്തിൽ തലയിലെ നാഡീവ്യവസ്ഥകളിലേക്കെത്തുന്നുവോ, അത്രയും വേഗത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും, അതനുസരിച്ച് രോഗത്തിന്‍റെ സങ്കീർണ്ണാവസ്ഥ കൂടുകയും ചെയ്യുന്നു. മുഖത്തേയും താടിയിലേയും പേശികളെ ഈ രോഗം പെട്ടെന്ന് ബാധിക്കുന്നതുമൂലം “ലോക്ക്ജോ” അഥവാ താടിയെല്ലുകൾ അനക്കുവാൻ വയ്യാത്ത അവസ്ഥ സംജാതമാകുന്നു. അതോടൊപ്പം തന്നെ ശ്വസനവ്യവസ്ഥയുടെയും അന്നനാളത്തിന്റെയും പേശികളിലും ഈ അവസ്ഥ ഉണ്ടാകുകയും രോഗി മരണത്തെ സമീപിക്കുകയും ചെയ്യുന്നു.

ചികിത്സ
             ബാക്ടീരിയ ഉത്പ്പാദിപ്പിക്കുന്ന ടോക്സിനെ പ്രതിരോധിക്കുന്ന പ്രതിവിഷം (ആന്‍റി ടോക്സിൻ) ആണ് ചികിത്സയുടെ കാതൽ. അതോടൊപ്പം തന്നെ ആന്‍റി ബയോട്ടിക്സ്, പേശികളെ അയയുവാൻ സഹായിക്കുന്ന മരുന്നുകൾ ഇവയും നൽകുന്നു. ശ്വസനം തകരാറിലായ രോഗികളെ വെറ്റിലേറ്ററിന്റെ സഹായത്തോടെ സംരക്ഷിക്കാവുന്നതാണ്.

പ്രതിരോധം
                 മുറിവുകൾ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നത്, രോഗാണുബാധ ഒരു പരിധിവരെ തടയുന്നതാണ്.


പ്രതിരോധ കുത്തിവയ്പ്പുകൾ
                  നേരത്തെ സൂചിപ്പിച്ചതുപോലെ പ്രതിരോധകുത്തിവയ്പ്പുകൾ വഴി ടെറ്റനസ് ബാധയെ പൂർണ്ണമായി തടയാം. നവജാത ശിശുക്കളിൽ 6, 10, 14 ആഴ്ചകളിലും തുടർന്ന് ശിശുക്കളിൽ ഒന്നര വയസിലും, പിന്നീട് 5 വയസ്സിലും, മറ്റു പ്രതിരോധ കുത്തിവയ്പ്പുകളോട് ചേർത്ത് ടെറ്റനസ് വാക്സിൻ നൽകുന്നു. തുടർന്ന് 10 വയസിലും, പിന്നീട് 15 വയസിലും ടെറ്റനസ് വാക്സിൻ കുട്ടികൾക്ക് നൽകുന്നു. ഈ കുത്തിവയ്പുകൾ ടെറ്റനസ് ബാധയെ പ്രതിരോധിക്കാൻ ശരീരത്തെ സർവ്വസജ്ജമാക്കുന്നു. ടെറ്റനസ് ബാധയെ പ്രതിരോധിക്കാൻ ശരീരത്തിന് ആവശ്യമായ ആന്‍റിബോഡിയുടെ അളവ് കൃത്യമായ നിലനിർത്താൻ തുടർന്ന് 10 വർഷത്തിലൊരിക്കൽ ഒരു ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പ് മതിയാകും. പ്രതിരോധ കുത്തിവയ്പ്പുകൾ ശരിയായ ക്രമത്തിൽ എടുത്തിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാത്ത ആളുകളിൽ, ആഴത്തിലുള്ള മലിനമായ മുറിവുകൾ ഉണ്ടാകുന്ന അവസരങ്ങളിൽ പ്രതിരോധശേഷിക്കായി ഉടൻ തന്നെ ശരീരത്തെ സജ്ജമാക്കാൻ ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിൻ ആവശ്യമാണ്. ഭാവിയിലേക്കുള്ള മുറിവുകൾക്കുള്ള സുരക്ഷ എന്ന രീതിയിൽ ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പും നൽകാവുന്നതാണ്. ഗർഭിണികളിൽ ടെറ്റനസ് കുത്തിവയ്പ്പുകൾ  നൽകുന്നത് നവജാതശിശുക്കളിലെ ടെറ്റനസ് പൂർണ്ണമായി പ്രതിരോധിക്കുന്നു. ആദ്യ കുത്തിവയ്പ്, ഗർഭംധരിച്ചതായി അറിയുന്ന അവസരത്തിൽ തന്നെയും, അടുത്ത ഡോസ് മുപ്പതു ദിവസങ്ങൾക്കു ശേഷവും എടുക്കേണ്ടതാണ്. ഈ രീതിയിൽ രണ്ടു കുത്തിവയ്പുകൾ ലഭിച്ച ഒരു സ്ത്രീയ്ക്ക് അടുത്ത ഗർഭധാരണം മൂന്നുവർഷത്തിനുള്ളിൽ സംഭവിക്കുകയാണെങ്കിൽ, ആ ഗർഭകാലയളവിൽ ആദ്യം തന്നെ ഒരു ബൂസ്റ്റർ ഡോസ് മാത്രം എടുത്താൽ മതിയാകും.

സ്ഥിതിവിവരകണക്കുകൾ
            നവജാതശിശുക്കൾക്കുണ്ടാകുന്ന ടെറ്റനസ് രോഗബാധ(neonatal tetanus) കേരളത്തിൽ അവസാനമായി സ്ഥിരീകരിച്ചത് 2013 ൽ പാലക്കാടാണ്. തുടർന്നുള്ള തുടർച്ചയായ 3 വർഷങ്ങൾ ഇന്ത്യയിൽ കാര്യക്ഷമമായ പ്രതിരോധ കുത്തിവയ്പുകളിലൂടെ രോഗബാധ വളരെയധികം നിയന്ത്രിക്കപ്പെടുകയും ലോകാരോഗ്യസംഘടന മെയ് 2015 ൽ ഇന്ത്യയെ നവജാതശിശു ടെറ്റനസ് രോഗ മുക്ത രാജ്യമെന്നു സ്ഥിരീകരിക്കുകയും ചെയ്തു. 1989 കളിൽ 27% ഗർഭിണികൾ മാത്രമാണ് ഇന്ത്യയിൽ പ്രതിരോധകുത്തിവയ്പുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് അത് 90% ൽ ഏറെയാണ്.

1990 കളിൽ ലോകത്താകമാനം ഏതാണ്ട് 4 ലക്ഷത്തോളം പേർ ടെറ്റനസ് ബാധമൂലം മരണമടഞ്ഞിട്ടുണ്ട്. എന്നാൽ പ്രതിരോധ കുത്തിവയ്പ്പുകൾ ഊർജ്ജിതമാക്കിയതുമൂലം 2013 ൽ ഈ സംഖ്യ അറുപതിനായിരം ആയി കുറഞ്ഞു.

ക്രമമായ കാലയളവുകളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതുവഴി ഈ രോഗത്തെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാവുന്നതാണ്.

DOWNLOAD PDF

<<<< ചാപ്റ്റർ 12:ഡിഫ്തീതീരിയ / DIPHTHERIA

         ചാപ്റ്റർ 14:വില്ലൻചുമ /PERTUSSIS >>>>

(കടപ്പാട്-അമൃതകിരണം)
മനോജ്‌ വെള്ളനാട്

No comments:

Post a Comment