വാക്സിപീഡിയ:ചാപ്റ്റര് 2
പരാശ്രയികളായ സൂക്ഷ്മാണുക്കൾ മറ്റൊരു ജീവശരീരത്തിൽ പ്രവേശിച്ച് അവിടെ നിലയുറപ്പിക്കാനായി സ്വീകരിക്കുന്ന മാർഗ്ഗങ്ങളും അതിനോടു പ്രതികരിച്ചുകൊണ്ട് ആതിഥേയശരീരം സൃഷ്ടിക്കുന്ന പ്രതികരണങ്ങളും കൂടിച്ചേർന്ന ഒരു പ്രക്രിയയാണ് ഇൻഫെക്ഷൻ (അണുബാധ) എന്നു പറയാം. അണുബാധമൂലമുണ്ടാവുന്ന ലക്ഷണങ്ങളിൽ പലതും രോഗാണുക്കളേക്കാളധികമായി ശാരീരിക പ്രതികരണങ്ങൾ മൂലമുണ്ടാവുന്നവയാണ്. അണുസാന്നിദ്ധ്യത്തോടു പ്രതികരിച്ചുകൊണ്ട് അതിനെ തുരത്താനായി ശരീരം വിവിധകോശങ്ങളെ അണിനിരത്തുകയും ഈ പ്രക്രിയ വിജയിപ്പിക്കാനായി അവ വിവിധ രാസസംയുക്തങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ചേർന്ന് ശരീരത്തിലുണ്ടാക്കുന്ന പ്രതികരണങ്ങളെയാണ് ഇൻഫ്ളമേഷൻ എന്ന പദം കൊണ്ടർത്ഥമാക്കുന്നത്. ഈ പ്രക്രിയയുടെ അനന്തരഫലം അണുബാധയേൽക്കുന്ന വ്യക്തിയുടെ പ്രതിരോധ ശേഷിയുടെയും ശരീരത്തിൽ പ്രവേശിക്കുന്ന അണുക്കളുടെ വീര്യത്തെയും (virulence) അടിസ്ഥാനപ്പെടുത്തിയായിരിക്കും. വേണ്ടത്ര പ്രതിരോധശേഷിയുള്ള ഒരാൾക്ക് ഇവയെ ഫലപ്രദമായി തുരത്താനായെന്നിരിക്കും. ചിലരെ സംബന്ധിച്ച് അണുക്കൾ കുറെ പ്രതികരണങ്ങളും രോഗാവസ്ഥയും സൃഷ്ടിച്ചശേഷം മാത്രമേ ഇതിൽ വിജയിക്കൂ. ചിലർക്കാകട്ടെ ഇതിൽ ഒട്ടുംതന്നെ വിജയിക്കാനായെന്നുവരില്ല. അവർക്ക് രോഗം അതിന്റെ പൂർണ്ണാവസ്ഥയിൽ ഉണ്ടാകുകയും ആ രോഗത്തിന്റെ സ്വഭാവമനുസരിച്ച് മരണമോ ഗൗരവതരമായ സങ്കീർണ്ണതകളോ ഉണ്ടാകാം. അതായത് ചിലർ രോഗമുണ്ടാകാതെതന്നെ പ്രതിരോധശേഷിയാർജ്ജിക്കുന്നു, ചിലർ രോഗത്തോടുകൂടി പ്രതിരോധശേഷിയാർജ്ജിക്കുന്നു, ഇനിയും ചിലരാകട്ടെ രോഗത്തിനു കീഴടങ്ങി മരണമോ തീവ്രമായ ആതുരതകളോ ഏറ്റുവാങ്ങുന്നു. മരണത്തിനു കീഴടങ്ങാത്തപക്ഷം ഇവരും സാവധാനത്തിൽ പ്രതിരോധശേഷി ആർജ്ജിച്ചെന്നിരിക്കാം.
പ്രതിരോധകുത്തിവയ്പ്പുകൾ എന്താണെന്നു ചോദിച്ചാൽ രോഗാണുവിനെ തുരത്താൻ ശരീരത്തെ പരിശീലിപ്പിക്കുന്ന റിഹേർസലാണെന്ന് വേണമെങ്കിൽ പറയാം. പ്രതിരോധകുത്തിവയ്പ്പുകളിലും തുള്ളിമരുന്നുകളിലും രോഗാണുക്കളുടെ കോശത്തിന്റെ ഏതെങ്കിലും ഒന്നോ രണ്ടോ ഭാഗം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നതുകൊണ്ട് രോഗം വരില്ല. ആ കോശഭാഗത്തിനെതിരെ ശരീരം ആന്റിബോഡികൾ (യുദ്ധത്തിനുള്ള ആയുധം) നിർമ്മിച്ച് സൂക്ഷിക്കും. എപ്പോഴെങ്കിലും ഈ രോഗാണു ശരീരത്തിൽ കടന്നാൽ കൂടുതൽ വീറോടെ ശരീരമതിനെ തുരത്തിയോടിക്കും. പോളിയോ, ഡിഫ്തീരിയ, വില്ലൻ ചുമ, ചിക്കൻപോക്സ് തുടങ്ങിയവ പോലുള്ള വൈറൽ രോഗങ്ങളെ പൂർണ്ണമായും തടയാൻ ഈ വാക്സിനുകൾക്ക് കഴിയും. പൂർണ്ണമായ പ്രതിരോധശേഷിക്ക് രണ്ടോ മൂന്നോ ഡോസ് വാക്സിൻ വേണ്ടിവരുമെന്ന് (ബൂസ്റ്റർ) മാത്രം. അതേസമയം ക്ഷയത്തിനെതിരെയുള്ള വാക്സിന്റെ (ബി.സി.ജി.) പ്രധാന ഉപയോഗം രോഗം കൊണ്ടുണ്ടാകാവുന്ന ചില സങ്കീർണ്ണമായ അവസ്ഥകളെ- തലച്ചോറിനെ ബാധിക്കുന്ന ക്ഷയം, മിലിയറി ടിബി തുടങ്ങിയവ- തടയാനാണ്.
വാക്സിൻ എന്നത് കൊല്ലപ്പെട്ട അല്ലെങ്കിൽ രോഗം ഉണ്ടാക്കാനുള്ള ശക്തിയില്ലാത്ത രോഗാണുക്കൾ ആണ്. അല്ലെങ്കിൽ രോഗാണുവിന്റെ കോശത്തിന്റെ ഭാഗമായ ജൈവഘടകവുമാകാം. ഈ അണുക്കളെ അല്ലെങ്കിൽ കോശഭാഗങ്ങളെ നമ്മുടെ ശരീരത്തിൽ കുത്തിവെക്കുമ്പോൾ നമ്മുടെ രക്തത്തിലെ ലിംഫോസൈറ്റുകൾ (T and B Lymphocytes) എന്ന വെളുത്ത രക്താണുക്കൾ ഇവയെ കൊല്ലുന്നു. ഒപ്പം തന്നെ ഈ രോഗാണുക്കളുടെ വിവരങ്ങൾ അടങ്ങിയ ഒരു റെക്കോഡും അവ സൂക്ഷിക്കുന്നു (T and B memory cells). പിന്നീടൊരിക്കൽ ഇതേ രോഗാണുക്കൾ നമ്മെ ആക്രമിക്കുമ്പോൾ തങ്ങളുടെ മെമ്മറിയിൽ ഇവയെ കുറിച്ചുള്ള വിവരം ഉള്ളതിനാൽ പെട്ടെന്ന് തന്നെ ലിംഫോസൈറ്റുകൾ ഇവയെ കൊല്ലാനുള്ള രാസവസ്തുക്കൾ (antibody) ഉൽപാദിപ്പിക്കുന്നു. ചുരുക്കത്തിൽ ശരീരത്തിൽ കടക്കുന്ന രോഗാണുക്കൾക്ക് അസുഖം ഉണ്ടാക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവയെ നശിപ്പിക്കാൻ വാക്സിനുകൾ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ സഹായിക്കുന്നു.
download pdf
<<<<ചാപ്റ്റർ 1:പ്രതിരോധത്തിന്റെ പ്രസക്തി
ചാപ്റ്റർ 3:വാക്സിൻ ചേരുവകളും വിവാദങ്ങളും >>>>
മനോജ് വെള്ളനാട്
No comments:
Post a Comment