വാക്സിനുകളും ഓട്ടിസവും

 വാക്സിപീടിയ: ചാപ്റ്റര്‍ 5

സമൂഹിക ജീവിയായ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരാധീനതകളിലൊന്നാണ് മറ്റുള്ളവരുമായി സംവദിക്കാനും സാമൂഹികമായി ഇടപെടാനും കഴിയാതിരിക്കുക എന്നത്. മറ്റുള്ളവരുമായി ആശയവിനിമയത്തിനാകാതെ, സംസാരശേഷി വേണ്ടത്ര വികസിക്കാതെ, അവനവന്റെ ലോകത്തു അഭിരമിക്കുന്നതിനിടയാക്കുന്ന ഒരു രോഗാവസ്ഥയാണ് ഓട്ടിസം. കാരണം വ്യക്തമല്ലാത്ത ഈ രോഗം കഴിഞ്ഞ ഏതാനും പതിറ്റാണ്ടായി കൂടിവരുന്നു എന്ന ഒരു ധാരണ പൊതുവേ നിലനിൽക്കുന്നുണ്ട്. ഒരു പക്ഷേ പലരോഗങ്ങളെ സംബന്ധിച്ചും എന്ന പോലെ പൊതുജനങ്ങൾക്കിടയിലും ഡോക്ടർമാരുടെ ഇടയിലും ഈ രോഗത്തെകുറിച്ചുള്ള വർദ്ധിച്ച അവബോധം കൂടുതൽ രോഗനിർണ്ണയം നടത്തുന്നതിലെത്തിയിട്ടുണ്ടെന്നത് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. അതല്ല വിശദീകരിക്കാനാവാത്ത കാരണങ്ങളാൽ കൂടിവരുന്നു എന്നും വരാം. ജനിതക കാരണങ്ങളാണിന്നേറെ ചർച്ച ചെയ്യപ്പെടുന്നത്. കാരണം പ്രകടമല്ലാത്തപ്പോൾ എല്ലാത്തരം അഭ്യൂഹാധിഷ്ടിത സിദ്ധാന്തങ്ങളും ആവിഷ്ക്കരിക്കപ്പെടുക സ്വാഭാവികമാണ്. അതിന്‍റെയൊക്കെ പ്രണേതാക്കൾക്കു അവരവരുടെതായ തെളിവുകൾ നിരത്താനായെന്നും വരാം. അതൊന്നും തന്നെ ശാസ്ത്രത്തിന്‍റെ സൂക്ഷ്മാവലോകനത്തിനു മുൻപിൽ നിലനിൽക്കുന്നതായി ഇതുവരെ കണ്ടിട്ടില്ല എന്നു മാത്രം.
ഇത്തരത്തിലൊരു സിദ്ധാന്തവുമായി രംഗപ്രവേശം ചെയ്ത ആളാണ് ബ്രിട്ടണിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ സർജനായിരുന്ന ആൻഡ്രു വേക്ഫീൽഡ്. അദ്ദേഹം 1998ൽ വിഖ്യാത വൈദ്യശാസ്ത്ര മാസികയായ ലാൻസെറ്റിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കുട്ടികളിൽ ഉപയോഗിക്കുന്ന എം.എം.ആർ വാക്സിനിൽ അടങ്ങിയിരിക്കുന്ന അഞ്ചാമ്പനി ഘടകം അന്നനാളത്തിന്‍റെ ആന്തരികസ്തരത്തിനു ചോർച്ചയുണ്ടാക്കുമെന്നും അതുവഴി ഇതിലെ മാംസ്യങ്ങൾ മസ്തിഷ്ക്കത്തിലെത്തി അതിനു തകരാറുകളുണ്ടാക്കുന്നു എന്നതായിരുന്നു അതിന്‍റെ രത്നച്ചുരുക്കം. ഈ സങ്കല്പത്തിലേറെയും ഗവേഷണഫലങ്ങൾ എന്നതിനേക്കാൾ അദ്ദേഹത്തിന്‍റെ ഊഹം മാത്രമായിരുന്നു. കൂട്ടത്തിൽ ഇത് ഓട്ടിസത്തിനു കാരണമാവുമെന്നും അദ്ദേഹം ഊഹിച്ചു, പത്രസമ്മേളനവും നടത്തി. ലാൻസെറ്റിൽ പ്രസിദ്ധീകൃതമായെന്നതുകൊണ്ടും അറിയപ്പെടുന്ന ഒരു ഗവേഷകൻ എന്ന നിലക്കും മാദ്ധ്യമങ്ങൾ ഇതിനു വലിയ പ്രാധാന്യമാണ് നൽകിയത്. ഓട്ടിസത്തിനു കാരണം തേടിയിരുന്നവർ ആഘോഷപൂർവ്വം ഇതു കൊണ്ടാടി. എം.എം.ആർ വാക്സിൻ എടുക്കുകയും പിന്നീടു ഓട്ടിസം കണ്ടെത്തുകയും ചെയ്തവർ നഷ്ടപരിഹാരത്തിനായി കോടതികളെ സമീപിക്കാനാരംഭിച്ചു. ബ്രിട്ടനിലും അമേരിക്കയിലും വാക്സിൻ ഉപയോഗം ഗണ്യമായി കുറയുകയും വാക്സിന്‍മൂലം തടയാവുന്ന രോഗങ്ങൾ പലതും വർദ്ധിത വീര്യത്തോടെ തിരിച്ചുവരാനും തുടങ്ങി. മരണങ്ങൾ പോലും ഉണ്ടായി.

എന്നാലധികം വൈകാതെ ഈ ശാസ്ത്രലേഖനത്തിന്‍റെ കള്ളി വെളിച്ചത്തായി. അതിനു കാരണമായി വർത്തിച്ചത് ബ്രിട്ടനിൽത്തന്നെ സൺ ഡേ റ്റൈംസിൽ പ്രവർത്തിച്ചിരുന്ന ബ്രയാൻ ഡിയർ എന്ന പത്രപ്രവർത്തകനും. ഈ പഠനം നടത്തിയ കുട്ടികളിൽ അഞ്ചുപേരും എം.എം.ആർ. ഓട്ടിസം ഉണ്ടാക്കുന്നു എന്നു പറഞ്ഞു കോടതിയെ സമീപിച്ചവരായിരുന്നു. ഈ കേസുകൾ വാദിച്ചിരുന്ന റിച്ചാർഡ് ബാറിൽ നിന്ന് വേക്ഫീൽഡ് 8 ലക്ഷം അമേരിക്കൻ ഡോളർ പഠനത്തിനായി കൈപ്പറ്റുകയും ചെയ്തതായി ഡിയർ കണ്ടെത്തി. നിയമ നടപടികൾക്കു ശക്തിപകരാൻ നടത്തിയ ഒരു ഗവേഷണം! ശാസ്ത്രലോകത്തെയും, വിഖ്യാതമായ മാസികയെയും ഒക്കെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ശ്രമം, ഇതായിരുന്നു വാക്സിൻ ഉപയോഗത്തിലും വാക്സിൻ പ്രതിരോധ്യ രോഗനിരക്കിലും ഒക്കെ അനിതരസധാരണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച പഠനത്തിന്‍റെ രീതി. ഇന്നും പക്ഷെ ഈ പഠനത്തെ മുന്‍നിർത്തി എം.എം.ആർ. ഓട്ടിസം ഉണ്ടാക്കുന്നു എന്നു പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ദുർലഭമല്ല എന്നതാണ് ഏറെ കഷ്ടം. വിവരങ്ങൾ പുറത്തുവന്ന് വൈകാതെ തന്നെ സഹഗവേഷകർ ഈ ഗവേഷണത്തെ തള്ളിപ്പറഞ്ഞു. ലാൻസെറ്റ് ലേഖനം പിൻവലിച്ചു. ലാൻസെറ്റുപോലെ ഒരു ശാസ്ത്രമാസിക ഒരു ലേഖനം പിൻവലിക്കുക എന്നത് വളരെ അസാധാരണമാണ്. ഇതിനൊക്കെ പുറമേ ഗവേഷണത്തിലും വൈദ്യശാസ്ത്ര നൈതികതയിലും ഒക്കെ വ്യക്തമായ പെരുമാറ്റദൂഷ്യം ആരോപിക്കപ്പെട്ട വേക്ഫീൽഡ് ബ്രിട്ടണിലെ മെഡിക്കൽ കൗൺസിലിന്‍റെ വിചാരണക്കു വിധേയനായി. കൗൺസിൽ രജിസ്റ്ററിൽനിന്നും പേര് നീക്കം ചെയ്യപ്പെടുകയും ചെയ്തു. ഒരാളെ കൗൺസിലിന്‍റെ രജിസ്റ്റരിൽ നിന്നും നീക്കുക എന്നാൽ അയാൾക്കു ഡോക്ടർ എന്ന നിലയിൽ പ്രാക്റ്റീസ് ചെയ്യാനുള്ള അവകാശം എടുത്തുകളയുക എന്നാണർത്ഥം. വളരെ അപൂർവ്വമായി, അസാധരണത്തിൽ അസാധാരണമായി മാത്രം സംഭവിക്കുന്ന ഒന്നാണിതെന്നോർക്കണം. അദ്ദേഹത്തിന്‍റെ കുറ്റം എത്ര ഗൗരവതരമായാണ് മെഡിക്കൽ കൗൺസിൽ കണ്ടതെന്നാണിതു തെളിയിക്കുന്നത്.ഇതു കഴിഞ്ഞുവന്ന പ്രധാനപ്പെട്ട ഒരാരോപണമായിരുന്നു ഓട്ടിസത്തിനു കാരണം ബഹുമാത്രാ വാക്സിനുകളിൽ ചേർക്കുന്ന തയോമെറൊസാൽ എന്ന രാസസംയുക്തം ആണെന്നത്. 1930കളിൽ ഡി.റ്റി.പി. വാക്സിൻ ഉപയോഗത്തിന്‍റെ ഭാഗമായുണ്ടായ ചില മരണങ്ങൾ അന്യത്ര സൂചിപ്പിച്ചിരുന്നല്ലോ. അതിന്‍റെ കാരണം പലപ്പോഴായി ഉപയോഗിച്ചിരുന്ന ബഹുമാത്രാവാക്സിൻ വയലുകളിൽ അപകടകരമായ അണുബാധയുണ്ടായതായിരുന്നു. അതിനു പരിഹാരമായാണ് ഒരു അണുനാശകമായ ഈഥയിൽ മെർക്കുറി സംയുക്തമായ തയോമെറോസാൽ വാക്സിനിൽ ചേർക്കാനാരംഭിച്ചത്. അന്നുമുതൽ പല രാജ്യങ്ങളും ഇതില്ലാത്തതും ഉള്ളതുമായ വാക്സിൻ ഉപയോഗിക്കുന്നുണ്ട്. അവയെ ഓട്ടിസവുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും ഉണ്ടായിട്ടില്ല, ശാസ്ത്രലോകത്തു നിന്നും അങ്ങനെയൊരു സിദ്ധാന്തം ആവിഷ്കൃതമായിട്ടുമില്ല. അതിലുപരി മെർക്കുറി മൂലമുണ്ടാവുന്ന നാഡീരോഗാവസ്ഥകളും ഓട്ടിസവും തമ്മിൽ സാമ്യവുമില്ല. എങ്കിലും നേരത്തേ സൂചിപ്പിച്ചപോലെ കാരണം തേടി നടക്കുന്നവർക്കു കിട്ടിയ ഒരു പിടിവള്ളി അതായിരുന്നു. ശാസ്ത്രീയ പിൻബലമൊന്നുമില്ലാതെ വന്നതെങ്കിലും ഈ സിദ്ധാന്തത്തെ പിന്‍തുണക്കാനും ആളുണ്ടായിരുന്നു, ഇതിന്‍റെ പേരിലും കേസുകൾ ആവിർഭവിക്കുകയും ചെയ്തു.

അങ്ങനെയാണ് 2002 ആയപ്പോഴേക്കും അമേരിക്കയിൽ മുന്നൂറോളം നഷ്ടപരിഹാരക്കേസുകൾ വാക്സിൻ ഓട്ടിസമുണ്ടാക്കുന്നു എന്നപേരിൽ ആവിർഭവിക്കുന്നത്. ഇതു അധികം വൈകാതെ അയ്യായിരത്തോളമായി. വൈദ്യശാസ്ത്രവിജ്ഞാനമുള്ളവരോ ഡോക്ടർ സമൂഹത്തോടു പക്ഷപാതിത്വമുണ്ടെന്ന് ആരോപണവിധേയരായിട്ടുള്ളവരോ അല്ലാത്ത മൂന്നു ജഡ്ജിമാരടങ്ങിയ ഫെഡറൽക്കോടതി ബഞ്ച് എം.എം. ആർ വാക്സിനോ തൈമെറൊസാലോ ഒറ്റക്കോ കൂട്ടായോ ഓട്ടിസമുണ്ടാക്കുന്നില്ലെന്ന് അസന്നിഗ്ദ്ധമായി വിധിയെഴുതി. ശാസ്ത്രസമസ്യകളുടെ ഉത്തരം കോടതിയിൽ നിന്നുണ്ടാകുന്നത് അഭികാമ്യമെന്നു പറയാനാവില്ല. എന്നാൽ ഇവിടെ ഈ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കപ്പെടുകയും അവയൊക്കെത്തന്നെ അടിസ്ഥാനരഹിതമെന്നു കണ്ടെത്തുകയുമായിരുന്നു എന്നോർക്കണം.

download pdf

<<<< ചാപ്റ്റർ 4: വാക്സിൻ-സുരക്ഷിതത്വവും പാർശ്വഫലങ്ങളും

ചാപ്റ്റർ 6: പെന്റാവാലന്റും വിവാദങ്ങളും >>>>

മനോജ്‌ വെള്ളനാട്

Comments