വാക്സിന്‍ സുരക്ഷിതത്വവും പാര്‍ശ്വഫലങ്ങളുംവാക്സിപീഡിയ: ചാപ്റ്റർ 4

വാക്സിനുകളുടെ സുരക്ഷിതത്വം

വാക്സിനുകളുടെ സുരക്ഷിതത്വം അവയുടെ ആവിഷ്ക്കർത്താക്കളെയും ഇതര ശാസ്ത്രജ്ഞരെയും അതിലുപരി സാധാരണക്കരെയും എന്നും ഉത്ക്കണ്ഠപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ആരോഗ്യമുള്ള ഒരാളിൽ അയാൾ തുടർന്നും അങ്ങനെ തന്നെയിരിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പ്രയോഗമെന്ന നിലക്ക് ഇത് ഗുണകരമായിരിക്കുന്നതു പോലെത്തന്നെ തികച്ചും സുരക്ഷിതവുമായിരിക്കണം. അതുകൊണ്ടുതന്നെ ഈ ഉത്കണ്ഠകൾ ന്യായീകരിക്കത്തക്കതാണ്. രോഗമില്ലാത്ത ഒരു വ്യക്തിക്ക് രോഗം വരാതിരിക്കാൻ നടത്തുന്ന ഒരു ഇടപെടൽ എന്ന നിലക്ക് ഇത് തീർച്ചയായും സർവ്വപ്രധാനമാണ്.

സ്വാഭാവിക വസൂരികൊണ്ട് 20-30 ശതമാനംവരെ ആളുകൾ മരണപ്പെട്ടിരുന്നപ്പോൾ ജന്നറുടെ വാക്സിൻ വരുന്നതിന് മുൻപ് പലയിടത്തും വളരെ പ്രചാരത്തിലുണ്ടായിരുന്ന വാരിയോളേഷൻ മൂലം 1-2 ശതമാനം പേരാണ് മരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് ഈ മരണനിരക്ക് സ്വീകാര്യമായി അനുഭവപ്പെട്ടു. ജന്നറുടെ വസൂരിവാക്സിനും പൂർണ്ണമായി സുരക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂടാ. മുമ്പ് സൂചിപ്പിച്ചപോലെ രോഗാണുക്കളെ കണ്ടെത്തലും രോഗാണു സിദ്ധാന്തവുമെല്ലാം ഒരു നൂറ്റാണ്ടകലെയായിരുന്ന കാലത്ത് കെട്ടുകഥകളെയും അനുഭവങ്ങളെയും പിന്തുടർന്നാണല്ലോ ജന്നർ തന്‍റെ വാക്സിൻ രൂപകൽപ്പന ചെയ്യുന്നത്. പശുക്കളിൽ വസൂരിരോഗം അത്ര സർവ്വസാധാരണമായിരുന്നില്ല എന്നതുകൊണ്ട് ഒട്ടേറെപ്പേരിൽ ഉപയോഗിക്കാനാവും വിധം ഗോവസൂരി അണുക്കൾ ലഭ്യമായിരുന്നില്ല. അതുകൊണ്ട് ഒരാളെ കുത്തിവച്ചാൽ, അയാളിലുണ്ടാവുന്ന വ്രണം മറ്റൊരാളുടെ ശരീരത്തിലുണ്ടാക്കുന്ന മുറിവിൽ ചേർത്തുവച്ചാണ് അയാളെ വാക്സിനേറ്റു ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് ആ വ്യക്തിയിൽ നിന്ന് റ്റെറ്റനസ്, സിഫിലിസ്, ക്ഷയം മുതലായവയുടെ രോഗാണുക്കൾ പകരാനുള്ള സാദ്ധ്യത ധാരാളമായി ഉണ്ടായിരുന്നു. മുറിവു പഴുക്കുന്നതിനിടയാക്കുന്ന സ്റ്റ്രെപ്റ്റോകോക്കസ്, സ്റ്റാഫൈലോകോക്കസ് തുടങ്ങിയ അണുക്കൾ സംക്രമിക്കാനും സാധ്യത വിരളമല്ലായിരുന്നു.പിന്നീടു ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണല്ലോ ലൂയി പാസ്ച്ചറുടെ റാബീസ് വാക്സിൻ വരുന്നത്. ഈ വാക്സിൻ നിർമ്മിക്കാൻ അന്നു കണ്ടെത്തിയിട്ടില്ലാത്ത വൈറസുകളെ ശോഷിപ്പിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗം ഇന്നത്തെ നിലക്കു വളരെ പ്രാകൃതമായ ഒന്നായിരുന്നു എന്നുപറയാം. മുയലുകളുടെ നാഡീകലകളിൽ പേവിഷബാധയേൽപ്പിച്ച് ആ നാഡീകലകളെ പുകയേൽപ്പിച്ചും പിന്നീട് രാസവസ്തുക്കളുപയോഗിച്ചുമാണത് നിർവ്വഹിച്ചിരുന്നത്. ധാരാളമായി നാഡീകലകൾ അടങ്ങിയ ഈ വാക്സിൻ കുത്തിവക്കുന്ന മനുഷ്യരിൽ അത്ര അസാധാരണമല്ലാത്തവിധം നാഡീരോഗങ്ങൾ ഉണ്ടാക്കുമായിരുന്നു. സമീപകാലംവരെ നാം ഉപയോഗിച്ചുകൊണ്ടിരുന്ന റാബീസ് വാക്സിൻ ഈ രീതിയിൽ നിർമ്മിച്ചതായിരുന്നു എന്നതുകൊണ്ട് ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ വളരെ സാധാരണവുമായിരുന്നു. നൂറുശതമാനം മരണസാദ്ധ്യതയുള്ള രോഗത്തെ സംബന്ധിച്ച് ഇത് അസ്വീകാര്യമാകേണ്ടതില്ലല്ലോ. അതേസമയം പുതിയ സെൽ കൾച്ചർ വാക്സിൻ വന്നതോടെ ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടു. ഇത്തരത്തിലുള്ള നാഡീകലാവാക്സിന്‍റെ (നാം ഉപയോഗിച്ചിരുന്ന സേമ്പിൾ വാക്സിൻ) തുടർന്നുള്ള ഉപയോഗം മനുഷ്യത്വഹീനമാണെന്ന സുപ്രീംകോടതി നിരീക്ഷണവും ഇതിനുപകരം തികച്ചും സുരക്ഷിതമായ സെൽ കൾച്ചർ വാക്സിനിലേക്കു മാറാൻ ഭാരതസർക്കാർ നിർബന്ധിതമായതിനു പിന്നിൽ ഉണ്ടായിരുന്നു എന്നതും ഈ ഘട്ടത്തിൽ ഓർക്കുകയാണ്.

എഡ്വേർഡ് ജന്നറുടെ കാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ സൂക്ഷ്മജീവീശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയുമൊക്കെ പരിമിതികൾ മൂലം വാക്സിനുകൾ തികച്ചും സുരക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂടാ. വിവിധ സാംക്രമികരോഗങ്ങൾ വാക്സിനേഷൻ വഴി ഉണ്ടായിക്കൊണ്ടിരുന്നു. സിഫിലിസ്, സെപ്റ്റിസീമിയ, ടെറ്റനസ്, ബി വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ഒക്കെ ഇതിൽപ്പെടും. ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ വാക്സിനുകളുടെ ഉപയോഗം വഴി ഇതര സാംക്രമിക രോഗബാധകളും മരണങ്ങളുമുണ്ടായ സന്ദർഭങ്ങൾ നിരവധിയാണ്. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് 1930കളിൽ ആവിഷ്കൃതമായി രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കൻ സേനയിൽ വ്യാപകമായുപയോഗിച്ച മഞ്ഞപ്പനി വാക്സിൻ. ഇതുമൂലം അനേകായിരം പേർക്ക് ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള മഞ്ഞപ്പിത്തമുണ്ടാകുകയും നൂറുകണക്കിനാളുകൾ മരണമടയുകയുമുബായി. അതിനു കാരണമാകട്ടെ ഈ വാക്സിൻ ഉണ്ടാക്കാനുപയോഗിച്ച രക്തസിറത്തിൽ പലതും ഹെപ്പറ്റൈറ്റിസ് ബി അണുക്കൾ അടങ്ങിയതായിരുന്നു എന്നതാണ്. എന്നാൽ എൺപതുകളിൽ ആദ്യമായി ആവിഷ്കൃതമായ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ, ഈ രീതിയിൽത്തന്നെ നിർമ്മിച്ചതായിരുന്നു എങ്കിലും ഇത്തരത്തിൽ മറ്റു രോഗങ്ങളൊന്നും തന്നെ, അതും എയിഡ്സിന്‍റെ ആരംഭകാലത്ത്, അതിന്‍റെ സംക്രമണരീതികൾ വിശദീകരിക്കപ്പെടുന്നതിനും മുമ്പ് ആയിരുന്നിട്ടുകൂടി സംക്രമിക്കുകയുണ്ടായില്ല എന്നോർക്കണം. അതിനു കാരണം അതുണ്ടാക്കാൻ പാലിച്ച അതീവ ജാഗ്രതയും അതിനു സഹായിച്ച സാങ്കേതികത്തികവുമായിരുന്നു.

വാക്സിനുകളുടെ പാർശ്വഫലങ്ങൾ

വാക്സിനുകളുടെ പാർശ്വഫല സംബന്ധിയായ ചർച്ചയിലുണ്ടാവുന്ന ഒരു മുഖ്യപ്രശ്നം അവയെ ഔഷധങ്ങൾ ഉൾപ്പടെയുള്ള മറ്റു രാസികങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ നിന്നുണ്ടാവുന്നതാണ്. വാക്സിൻ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ച് അണുക്കൾക്കെതിരായ പ്രതിവസ്തുക്കൾ നിർമ്മിക്കുന്നു. ഈ പ്രതിവസ്തുക്കൾ നിർമ്മിക്കുന്ന തോടൊപ്പം ഇവ നിർമ്മിക്കാൻ വേണ്ട ഒരു ഓർമ്മയും നമ്മുടെ ചില കോശങ്ങൾക്കു നൽകുന്നു. ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുക മാത്രമാണവ ചെയ്യുന്നത്. അവയിൽ മറ്റു ‘രാസവസ്തുക്കൾ’ ഒന്നും അടങ്ങിയിട്ടില്ല–വളരെ സൂക്ഷ്മമായ അളവിലല്ലാതെ, ഇവയാണെങ്കിലോ കാലാകാലങ്ങളായി ഉപയോഗിച്ചു അവയുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുള്ളതുമാണ്. വാക്സിനുകൾ ശരീരത്തിന്‍റെ സ്വാഭാവിക പ്രവർത്തനത്തെ ഉത്തേജിപ്പിക്കുക മാത്രം ചെയ്യുമ്പോൾ മറ്റൗഷധങ്ങൾ ഒരു രാസപ്രക്രിയയെയാണ് സ്വാധീനിക്കുന്നത്. ആ പ്രക്രിയയാകട്ടെ ശരീരത്തിലെ പല കലകൾക്കും (ശരീരത്തിലെ ഒരു പ്രത്യേക പ്രവർത്തനം നടത്തുന്ന കോശസമൂഹത്തെയാണ് കല അഥവാ റ്റിഷ്യു എന്നതു കൊണ്ട് വിവക്ഷിക്കുന്നത്) അത് വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ളതായിരിക്കും, അതുകൊണ്ടുതന്നെ അതു നാം ആഗഹിക്കുന്ന ഫലത്തോടൊപ്പം ചില പാർശ്വഫലങ്ങളും, ഉളവാക്കിയേക്കാം. മിക്കവാറും മരുന്നുകളെ സംബന്ധിച്ചും ഇതു നിസ്സാരമായിരിക്കുമെന്നു മാത്രം. വാക്സിനുകൾ അവ ലക്ഷ്യമിടുന്ന പ്രവൃത്തികൾ മാത്രം ചെയ്യുന്നു. ആ പ്രവൃത്തികൾ സ്വാഭാവികമായും ശരീരത്തിൽ താത്ക്കാലികമായി ചിലഫലങ്ങൾ ഉളവാക്കുന്നു. അതു രോഗാണുഘടകങ്ങൾ കൊണ്ടോ അതിൽ ചേർന്നിട്ടുള്ള അലുമിനിയം, തയൊമെർസാൽ തുടങ്ങിയവയുടെ ഫലമോ ആകാം. പക്ഷെ ഇതു പൊതുവായിപ്പറഞ്ഞാൽ കുത്തിവച്ച സ്ഥലത്ത് ഒതുങ്ങുന്നവയായിരിക്കും. വളരെ ചുരുക്കം വാക്സിനുകൾക്കു ഒന്നോ രണ്ടോ ദിവസത്തേക്കു ചെറിയ പനി (ഉയർന്ന ശരീരോഷ്മാവ്) ഉണ്ടായെന്നും വരാം.

വാക്സിനുകൾക്കു ആകെയുണ്ടാകാനിടയുള്ള ഒരു പാർശ്വഫലം അവയിലെ ഘടകങ്ങൾക്കെതിരായുള്ള അലർജിയാണ്. അലർജി എന്നത് ഒരു പ്രത്യേക വസ്തുവിനോട് ശരീരത്തിന്‍റെ അമിതമായ പ്രതികരണമാണ്. ഇതിനുള്ള സാധ്യത ഒരാൾക്കു പാരമ്പര്യമായി കിട്ടുന്നതാണ്. അതു പ്രവചിക്കുക എളുപ്പമല്ല. നീണ്ടുനിൽക്കുന്ന അലർജിയൊന്നും വാക്സിനുകൾ ഉണ്ടാക്കാറില്ല. ഏതൊരു അലർജിയും അതിനു കാരണമായ വസ്തുക്കൾ ശരീരത്തിൽ നിന്നും ഒഴിവായിക്കഴിയുമ്പോൾ അപ്രത്യക്ഷമാകുന്നതാണ്. പക്ഷെ ചുരുക്കമായി അലർജി വളരെ രൂക്ഷവും ക്ഷിപ്രവുമാകാം. വളരെ അസാധാരണമായി മാത്രം സംഭവിക്കാറുള്ളതാണിത്. ഇങ്ങനെയുണ്ടാവുന്ന അലർജിക്ക് അനാഫൈലാക്സിസ് എന്നുപറയുന്നു. ഇതാകട്ടെ മരുന്ന് അല്ലെങ്കിൽ വാക്സിൻ കൊടുത്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാവുന്നതാണ്. ഉടൻ ചികിത്സ ലഭിക്കാതിരുന്നാൽ മരണകാരണം പോലുമായേക്കാവുന്ന ഒരവസ്ഥയാണ്. ഇത്തരം പ്രതികരണങ്ങൾ വാക്സിനുകളുടെയോ ഔഷധങ്ങളുടെയോ മാത്രം പ്രശ്നമല്ല. തേനീച്ചയുടെയും കടന്നലിന്‍റെയും കുത്ത് ഇങ്ങനെയുണ്ടാക്കാൻ സാദ്ധ്യതയേറെയുള്ള ഒന്നാണ്. ചില ഭക്ഷണങ്ങളോടുള്ള അലർജിയും ഉദാഹരണം.

download pdf

<<<< ചാപ്റ്റർ 3: വാക്സിൻ- ചേരുവകളും വിവാദങ്ങളും

ചാപ്റ്റർ 5: വാക്സിനുകളും ഓട്ടിസവും > > > >
മനോജ്‌ വെള്ളനാട്

1 comment: