വില്ലൻചുമ/Pertusis

വാക്സിപീഡിയ:ചാപ്റ്റർ 14

ബോർഡട്ടെല്ല പെർടുസിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് വില്ലൻ ചുമ അഥവാ പെർട്ടൂസിസ്. പ്രധാന രോഗലക്ഷണം ചുമയായതിനാൽ  തന്നെ ചുമയിലൂടെ പുറത്തെത്തുന്ന അണുക്കൾ വായുവിലൂടെ രോഗം പരത്തുന്നു.


മൂക്കൊലിപ്പും ഇടവിട്ടുള്ള ചുമയുമായി തുടങ്ങുന്ന രോഗം 1 – 2 ആഴ്ചക്കുള്ളിൽ ഗുരുതര ലക്ഷണങ്ങൾ കാട്ടിത്തുടങ്ങുന്നു.

ഏതാനും മിനിറ്റുകൾ വരെ നീണ്ടു നിൽക്കുന്ന ശക്തമായ നിർത്താതെയുള്ള ചുമ രോഗിയെ പരവശനാക്കും. ശ്വാസം കിട്ടാതെ കുട്ടി വെപ്രാളപ്പെടും. ചുമയുടെ ഈ നീണ്ട  നിരയുടെ അവസാനം കുട്ടി ദീർഘമായി ശ്വാസമെടുക്കുമ്പോൾ “ വൂപ്പ് ” എന്ന ശബ്ദമുണ്ടാകും . ചുമയുടെ അവസാനം കുട്ടി വളരെയധികം കഫവും മുൻപേ കഴിച്ച ഭക്ഷണ സാധനങ്ങളും ഛർദ്ദിക്കാം. ദിവസം 10 -20 തവണ വരെ വന്നേക്കാവുന്ന ഈ ചുമ നിരകളാണ് വില്ലൻ ചുമയിലെ പ്രധാന വില്ലൻ. ഇത്തരത്തിലുള്ള അസഹ്യമായ കടുത്ത ചുമ 2 – 3 മാസങ്ങൾ വരെ നീണ്ടു നിന്നേക്കാം എന്നുള്ളത് കൊണ്ട് 100 ഡേ കഫ് , 100 ദിവസചുമ , എന്ന പേരിലും ഈ അസുഖം അറിയപ്പെടാറുണ്ട്.

ചുരുക്കത്തിൽ രോഗിയുടെയും കുടുംബത്തിന്റെ യും അയൽവാസികളുടെയും വരെ ഉറക്കം കെടുത്തുന്ന രോഗം.

എന്നാൽ കേവലം ചുമ മാത്രമാണോ വില്ലൻ ചുമയെ വില്ലനാക്കുന്നത് ? അല്ല

കടുത്ത ചുമ ശരീരത്തിലെ പല ഭാഗങ്ങളിലെയും രക്തക്കുഴലുകൾ പൊട്ടാൻ ഇടയാക്കുന്നു. തലച്ചോറിലോ മറ്റ് ആന്തരാവയവങ്ങളിലോ ഇത്തരത്തിലുണ്ടാകുന്ന രക്തസ്രാവം കുഞ്ഞിനെ ജീവിതകാലം മുഴുവൻ ശയ്യാവലംബിയാക്കാനോ എന്തിന് മരണം തന്നെ സംഭവിക്കാനോ കാരണമാകാം!

ശക്തമായ ചുമ കൊണ്ട് ശ്വാസകോശങ്ങളുടെ ആവരണമായ പ്ല്യൂറയിൽ പൊട്ടലുണ്ടാകുകയും ശ്വാസകോശങ്ങൾക്കു ചുറ്റും വായു കെട്ടി നിന്ന് (ന്യൂ മോ തൊറാക്സ് ) കടുത്ത ശ്വസതടസമോ ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണമോ ഉണ്ടാക്കാം!

അതേ സമയം തീരേ ചെറിയ കുഞ്ഞുങ്ങൾക്കും ആരോഗ്യക്കുറവുള്ള കുട്ടികൾക്കും വില്ലൻ ചുമ ബാധിച്ചാൽ ചുമയുടെ അവസാനം അവർക്ക് വേണ്ടത്ര ദീർഘമായി ശ്വാസമെടുക്കാനുള്ള ശക്തിയില്ലാത്തതിനാൽ ശാസം നിന്നു പോകുന്ന അവസ്ഥയുണ്ടായി ഹൃദയമിടുപ്പ് കുറഞ്ഞു വരാം. ഏതാനും സെക്കൻഡുകൾക്കകം ചികിത്സിച്ചില്ലെങ്കിൽ ഈ അവസ്ഥയിൽ കുഞ്ഞ് മരണപ്പെടും.

കൂടാതെ കടുത്ത ന്യൂമോണിയ ശ്വസ കോശങ്ങളിൽ പഴുപ്പ് അടിഞ്ഞ് കുഞ്ഞിനെ നിത്യരോഗിയാക്കുന്ന ബ്രോങ്കിയെക്റ്റാസിസ് എന്നിവയും വില്ലൻ ചുമയുടെ പരിണിത ഫലങ്ങളാണ്.


വില്ലൻ ചുമയുടെ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന രോഗിക്ക് അസിത്രോമൈസിൻ എന്ന ആന്റിബയോട്ടിക് മരുന്ന് 5 ദിവസം വരെയോ എറിത്രോമൈസിൻ എന്ന ആന്റിബയോട്ടിക് മരുന്ന് 14 ദിവസം വരെയോ നൽകുന്നു. എന്നാൽ  ഈ മരുന്ന് നൽകിയാൽ പോലും രോഗി മറ്റാളുകളിലേക്ക് രോഗം പരത്തുന്നത് തടയാമെന്നല്ലാതെ രോഗത്തിന്റെ തീവ്രതയിലോ ചുമയുടെ ദൈർഘ്യത്തിലോ ലവലേശം കുറവ് വരുത്താൻ സാധിക്കില്ല.

വില്ലൻ ചുമ പിടിപെട്ടാൽ 100 ദിവസം ചുമച്ചേ മതിയാവൂ എന്ന് സാരം . ഇവിടെയാണ് രോഗ പ്രതിരോധ മാർഗങ്ങളുടെ ശക്തി.

വില്ലൻ ചുമയ്ക്ക് എതിരായി 2 തരം കുത്തിവെപ്പുകളാണ് ഇന്ന് നിലവിലുള്ളത്

             1.ശക്തി ക്ഷയിപ്പിച്ച അണുക്കളെ അതേപടി ഉപയോഗിക്കുന്ന ഹോൾ സെൽ പെർട്ടൂസിസ് വാക്സിൻ ( wP)

             2.അണുവിന്റെ ഏതാനും ഭാഗങ്ങൾ മാത്രം ഉപയോഗിക്കുന്ന എസെല്ലുല്ലാർ പെർട്ടൂസിസ് വാക്സിൻ (aP)

 ഇതിൽ wP വാക്സിൻ അടങ്ങിയതാണ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ശ്രേണിയിലെ പെന്റാവാലന്റ് വാക്സിനും  ഡി.പി.റ്റി (ട്രിപ്പിൾ ) യും .പെന്റാ ഒന്നര രണ്ടര മൂന്നര മാസങ്ങളിലും ഡി പി.റ്റി ഒന്നര നാലര വയസുകളിലും നൽകപ്പെടുന്നു.

ഇടത്തേ തുടയിലാണ് കുത്തിവയ്പ് നല്കുന്നത് . സമയത്ത് കുത്തിവയ്പ് എടുക്കാൻ കഴിയാതെ പോയ കുട്ടികൾക്ക് 7 വയസ് വരെ സർക്കാർ സംവിധാനങ്ങളിൽ നിന്ന് കുത്തിവയ്പ് നൽകാം.

കടുത്ത പനി, നീണ്ടു നിൽക്കുന്ന കരച്ചിൽ , ജന്നി, അനക്കമില്ലാത്ത അവസ്ഥ എന്നിവയാണ് ഈ കുത്തിവയ്പിന് ശേഷം‍ അപൂര്‍വ്വമായി  വരാവുന്ന പാർശ്വഫലങ്ങൾ . എന്നാൽ ഇവയൊന്നും തന്നെ നീണ്ടു നില്ക്കുന്നതോ ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്നതോ അല്ല. അഥവാ ഒരു തവണ കുത്തിവയ്പ് നടത്തുമ്പോൾ ഇവയിലേതെങ്കിലും ഉണ്ടായാൽ തന്നെ പിന്നീടുള്ള കുത്തിവയ്പുകൾ വേണ്ടെന്ന് വയ്ക്കേണ്ട ആവശ്യവുമില്ല .

ആർക്കാണ് wP ക്ക് പകരം aP നിർദേശിക്കുന്നത്?
              *ഒരു തവണwP അടങ്ങിയ വാക്സിൻ എടുത്തപ്പോൾ ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായവർ

              *ചില പ്രത്യേക തരം നാഡീ രോഗാവസ്ഥകളുള്ള കുട്ടികൾ

              *7വയസിനു മുകളിൽ പ്രായമുള്ളവർ

 നിങ്ങളുടെ കുട്ടി മുകളിൽ പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ പെടുന്ന ആളാണെങ്കിൽ പെന്റാ, ഡി.പി.റ്റി കുത്തിവയ്പുകൾ എടുക്കുന്നതിന് മുൻപ് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സമീപിച്ച് സംസാരിച്ചാൽ അദ്ദേഹം ഇക്കാര്യങ്ങളെ സംബന്ധിച്ച വിദഗ്ധോപദേശം നല്കുന്നതായിരിക്കും.

എന്നാൽ ദൗർഭാഗ്യകരം എന്ന് പറയട്ടെ ഇന്ത്യയിലിന്നും ഏറ്റവും കുറവ് കുട്ടികളിലേക്കെത്തുന്ന കുത്തിവയ്പ് ഇത് തന്നെയാണ്. ആകെ ജനിക്കുന്ന കുട്ടികളുടെ 41% ത്തിന് മാത്രമാണ് ഒന്നര വയസിലെ ബൂസ്റ്റർ കുത്തിവയ്പ് വരെയെങ്കിലുമുള്ള വാക്സിൻ കൃത്യമായി ലഭിക്കുന്നത്. കുത്തിവയ്പ് കൊണ്ട് പ്രതിരോധിക്കാൻ കഴിയുന്ന മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഡിഫ്ത്തീരിയ, വില്ലൻ ചുമ, ഇവയുടെ സംഖ്യ ഉയർന്നു നിൽക്കുന്നതിനും കാരണം മറ്റൊന്നല്ല.

ട്രിപ്പിൾ കുത്തിവയ്പ് വ്യാപകമായി തുടങ്ങിയതിനു ശേഷം ഇന്ത്യയിലെ വില്ലൻ ചുമ കേസുകളിൽ 75% കുറവുണ്ടായതായി കണക്കുകൾ പറയുന്നു. ( 1987-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 163000 , 2011-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്  39091) വില്ലൻ ചുമ മൂലമുള്ള മരണങ്ങളാകട്ടെ (1970 കളിൽ 100-ന് മുകളിൽ ആയിരുന്നത് 2011 ലേക്കെത്തുമ്പോൾ വർഷം 11 എന്ന തോതിലായിരിക്കുന്നു.

രോഗം വില്ലനാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് പഴമക്കാർ അസുഖത്തെ അപ്രകാരം വിശേഷിപ്പിച്ചത്. അത് അംഗീകരിച്ച് കൊണ്ട് തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ഈ വില്ലനിൽ നിന്ന് നമ്മുടെ കുട്ടികളെ കാത്തുരക്ഷിക്കാൻ വില്ലൻ ചുമയ്ക്കെതിരായ എല്ലാ കുത്തിവയ്പുകളും കുട്ടിക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്താം.

DOWNLOAD PDF

<<<< ചാപ്റ്റർ 13:ടെറ്റനസ് /TETANUS

         ചാപ്റ്റർ 15:ഹെപ്പറ്റൈറ്റിസ് ബി /Hepatitis B  >>>>

(കടപ്പാട്- അമൃതകിരണം)
മനോജ്‌ വെള്ളനാട്

1 comment:

 1. രോഗം വില്ലനാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്
  പഴമക്കാർ അസുഖത്തെ അപ്രകാരം വിശേഷിപ്പിച്ചത്. അത്
  അംഗീകരിച്ച് കൊണ്ട് തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ഈ വില്ലനിൽ
  നിന്ന് നമ്മുടെ കുട്ടികളെ കാത്തുരക്ഷിക്കാൻ വില്ലൻ ചുമയ്ക്കെതിരായ
  എല്ലാ കുത്തിവയ്പുകളും കുട്ടിക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്താം ...

  ReplyDelete