പെന്‍റാവാലന്റ് വാക്സിൻ വിവാദങ്ങൾ

വാക്സിപീഡിയ: ചാപ്റ്റര്‍ 61974ൽ ഇ.പി.ഐ. (EPI) എന്ന പേരിൽ ലോകത്തൊട്ടാകെ ഒരു വാക്സിൻ പദ്ധതി ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. ഇന്ത്യ 1978ൽ ഇതിൽ പങ്കുചേർന്നു. ആദ്യം ഉണ്ടായിരുന്ന വാക്സിനുകൾ ക്ഷയരോഗത്തിനുള്ള ബി.സി.ജി., പിള്ളവാതത്തിനുള്ള ഒ.പി.വി, വില്ലൻ ചുമ, റ്റെറ്റനസ്, ഡിഫ്ത്തീരിയ, എന്നിവക്കുള്ള ഡി.പി.റ്റി.യും റ്റൈഫോയിഡ് വാക്സിനും ആണ്. പിന്നീടു റ്റൈഫോയിഡ് വാക്സിൻ ഉപേക്ഷിച്ചു അഞ്ചാംപനിക്കുള്ള വാക്സിൻ ഉൾപ്പെടുത്തുകയും പദ്ധതിയെ 1985 ൽ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം (UIP) എന്നു പുനർനാമകരണം ചെയ്യുകയും ഘട്ടം ഘട്ടമായി ഇന്ത്യയിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു.

ഇതിനിടെ ഈ അടിസ്ഥാന വാക്സിനുകൾക്കു പുറമേ പല വാക്സിനുകളും ആവിഷ്ക്കരിക്കപ്പെടുകയും അവയിൽ പലതും ഒട്ടേറെ രാജ്യങ്ങൾ അവരുടെ സാർവത്രിക വാക്സിൻ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതിലേറ്റവും പ്രധനപ്പെട്ട ഒന്നാണ് ഹെപ്പറ്റൈറ്റിസ് ബി. രോഗാണുക്കൾ മൂലമുള്ള മഞ്ഞപ്പിത്തത്തിന്‍റെ സുപ്രധാന കാരണങ്ങളിലൊന്നാണിത്. നവജാതശിശുക്കളെ ബാധിക്കുമ്പോൾ 90% വരെ കുഞ്ഞുങ്ങളിൽ ഇതിന്‍റെ വൈറസുകൾ തങ്ങിനിൽക്കാനും പിൽക്കാലത്ത് കരളിന്‍റെ സിറോസിസ്, ക്യാൻസർ മുതലായവക്കു കാരണമാകാനും സാദ്ധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധമൂലം ഒരുവർഷം ലോകത്തൊട്ടാകെ ആറു ലക്ഷത്തോളം പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. നവജാതശിശുക്കളെ ബാധിക്കുമ്പോഴാണ് ഇതു കൂടുതൽ ഗൗരവതരമാകുന്നതെന്നു പറഞ്ഞുവല്ലോ, അതുകൊണ്ട് ഇതിനുള്ള വാക്സിന്‍റെ ആദ്യ ഡോസ് പ്രസവാനന്തരം ഉടൻ തന്നെയാണ് കൊടുക്കാറ്.

അതിനുശേഷം വ്യാപകമായി ഉപയോഗത്തിലുണ്ടായ മറ്റൊരു വാക്സിനാണ് ഹിബ് (Hib) വാക്സിൻ. ഹിബ് എന്നത് ഹീമൊഫിലസ് ഇൻഫ്ളുവൻസെ ബി എന്നറിയപ്പെടുന്ന ബാക്ടീരിയയാണ്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളിലാണിത് ഗൗരവതരമായ മസ്തിഷ്ക്കാണുബാധ (മെനിഞ്ചൈറ്റിസ്) ന്യുമോണിയ, അസ്തിപഴുപ്പ് (Osteomyelitis) തുടങ്ങിയവയുണ്ടാക്കുന്നത്. മെനിഞ്ചൈറ്റിസ് ബാധിക്കുന്ന കഞ്ഞുങ്ങളിൽ മൂന്നിലൊന്നുപേർ മരിക്കുന്നു, മൂന്നിലൊന്നുപേർ കടുത്തവൈകല്യങ്ങളോടെ രക്ഷപ്പെടുന്നു. ബാക്കി മൂന്നിലൊന്നുപേർ പ്രകടമായ പ്രശ്നങ്ങളില്ലാതെ രക്ഷപ്പെടുന്നു. രണ്ടുദാശാബ്ദമായി ഇതിനെതിരായ ഫലപ്രദമായ വാക്സിൻ ലഭ്യവുമാണ്.

2009 ൽ ഇന്ത്യാഗവണ്മെന്റ് ഹിബ് വാക്സിൻ പെന്‍റവാലന്റ് രൂപത്തിൽ നടപ്പാക്കുന്നതിനുള്ള നിർദ്ദേശത്തിന്‍റെ ശാസ്ത്രീയതയും സാങ്കേതിക സാദ്ധ്യതയും പരിശോധിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ (ICMR) ചുമതലപ്പെടുത്തി. ഐ.സി.എം.ആർ. ഇതിനായി ഒരു കമ്മറ്റി രൂപീകരിക്കുകയും അതിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇമ്മ്യൂണൈസേഷനായുള്ള ദേശീയ ഉപദേശകസമിതി (NTAGI) ഏകകണ്ഠമായി ഈ വാക്സിൻ ഇന്ത്യയിൽ നടപ്പാക്കേണ്ടതാണെന്നു തീരുമാനിക്കുകയും ചെയ്തു. വാക്സിൻ സുരക്ഷിതത്വം സംബന്ധിച്ചുള്ള ഉത്ക്കണ്ഠകൾ ചിലരെങ്കിലും ഉയർത്തിയിരുന്നതിനാൽ വാക്സിനുകളുടെ അസ്വീകാര്യപ്രതികരണങ്ങൾ പഠിക്കാനുള്ള സംവിധാനം മെച്ചപ്പെടുത്തണമെന്നും ഈ കമ്മറ്റി ശുപാർശ ചെയ്തിരുന്നു. വാക്സിൻ നടപ്പാക്കിയതോടൊപ്പം അതും പ്രാവർത്തികമാക്കി. 1987ലാണ് ഹിബ് വാക്സിൻ അമേരിക്കയിൽ ആദ്യമായി ലൈസൻസുകൊടുക്കുന്നത്. 1997ൽ 31 രാജ്യങ്ങൾ ഹിബ് വാക്സിൻ ഉപയോഗിക്കാൻ തുടങ്ങിയെങ്കിൽ 2013 മാർച്ചോടെ അത് 184 ആയി.

അങ്ങനെയാണ്  2011 ൽ ഇന്ത്യയിൽ, കേരളത്തിലും തമിഴ്നാട്ടിലും ഈ വാക്സിൻ സാർവത്രിക വാക്സിൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. നമ്മുടെ നാട്ടിൽ നാലഞ്ചുവർഷം മുൻപുതന്നെ സ്വകാര്യമേഖലയിലും പല സർക്കാർ ആശുപത്രികളിലും ആശുപത്രിവികസന സമിതികൾ മുഖേനെയും ഈ വാക്സിൻ കൊടുത്തുവരുന്നുണ്ടായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ ഈ വാക്സിനെതിരായുയർന്നുവന്ന സുരക്ഷാ സംബന്ധിയായ ഉത്കണ്ഠകളും ആരോപണങ്ങളും കഴമ്പില്ലാത്തതായിരുന്നു. ഈ സമയത്ത് വാക്സിൻ നൽകാൻ തുടങ്ങിയ ശ്രീലങ്കയിലും വിയറ്റ്നാമിലും പാകിസ്താനിലുമൊക്കെ ഉയർന്നുവന്ന, വാക്സിൻ മരണങ്ങളുണ്ടാക്കിയെന്ന ആരോപണങ്ങൾ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ അന്വേഷിച്ച് അവ വാക്സിനുകളുമായി ബന്ധപ്പെട്ടവയല്ലെന്നും കണ്ടെത്തിക്കഴിഞ്ഞിരുന്നു.

പെന്‍റാവലന്‍റും  മരണങ്ങളും

കേരളത്തിൽ  പെന്‍റാവലന്റ്  വാക്സിൻ ആരംഭിച്ചശേഷം വാക്സിൻ ലഭിച്ച കുട്ടികളിലുണ്ടായ മരണങ്ങൾ വാക്സിൻ മൂലമാണെന്ന ആരോപണം ഉയർന്നുവരികയുണ്ടായത് നമുക്കറിയാമല്ലോ. ഇതു കാര്യകാരണ ബന്ധത്തോടെയുള്ളവയായിരുന്നില്ല എന്നു തുടർപഠനങ്ങളിൽ ബോദ്ധ്യപ്പെട്ടു. കേരളത്തിൽ ഒരുവർഷം ഏതാണ്ട് ആറായിരത്തോളം ശിശുമരണങ്ങൾ നടക്കുന്നുണ്ട്. 1000 കുട്ടികൾ ജനിക്കുന്നതിൽ എത്രപേർ ഒരു വയസ്സിനുമുമ്പു മരിക്കുന്നു എന്നതാണ് ശിശുമരണനിരക്ക്. കേരളത്തിന്‍റെ ശിശു മരണനിരക്ക് 12 ആണ്. അതായത് 5 ലക്ഷം കുട്ടികൾ ജനിക്കുമ്പോൾ അതിൽ 6,000 കുട്ടികൾ ഒരുവയസ്സുതികയുന്നതിനു മുമ്പ് മരിക്കുന്നു എന്നർത്ഥം. അങ്ങനെ നോക്കുമ്പോൾ കണക്കെടുത്ത ഒന്നര വർഷക്കാലയളവിൽ ഏതാണ്ട്  9,000 കുട്ടികൾ വിവിധകാരണങ്ങളാൽ മരിച്ചിട്ടുണ്ടായിരിക്കും. ഈ മരണങ്ങളിൽ ഏതാണ്ട് 70 ശതമാനവും 28 ദിവസത്തിൽത്താഴെ പ്രായമുള്ള കുഞ്ഞുങ്ങളിലാണ്. അപ്പോൾ ആകെ നടന്നിട്ടുള്ള മരണങ്ങളിൽ 3,000-നടുത്തു മരണങ്ങൾ വാക്സിൻ കിട്ടാൻ പ്രായമായ കുട്ടികളിൽ ഈ ഒന്നരവർഷം നടന്നു. അതിൽ 80% പേർ വാക്സിൻ കിട്ടിയവരാണെങ്കിൽ 2,400 പേർ, അതായത് ഒരുദിവസം 5.34 കുട്ടികൾ. ഈ മരണങ്ങളുടെ കൃത്യമായ കാരണങ്ങൾ പലപ്പോഴും ലഭ്യമല്ല എന്നതാണ് വസ്തുത. അങ്ങനെയൊരു പഠനം നടന്നാൽ മാത്രമേ അതിൽ എത്ര മരണം വാക്സിൻ കിട്ടിയവരിലുണ്ടായതിനു സമാനമായതാണെന്നു മനസ്സിലാക്കാനാവൂ. ഇന്ത്യയിൽ ഒരുപക്ഷെ എല്ലായിടത്തും ഇതൊക്കെത്തന്നെയാണു സ്ഥിതി. 2003 ൽ ദില്ലിയിൽ നടത്തിയ ഒരു പഠനത്തിൽ 449 മരണങ്ങളിൽ 11 എണ്ണം വ്യക്തമായ കാരണം കണ്ടെത്താനാകാത്തതായി പറഞ്ഞിട്ടുണ്ട്. ഈ മരണങ്ങളെല്ലാം കൃത്യമായി വെളിച്ചത്തുവന്നതും അവ പഠനവിധേയമായതും എ.ഇ.എഫ്.ഐ. സംവിധാനം ഫലപ്രദമായി നടപ്പാക്കിയതുകൊണ്ടുകൂടിയാണ്. എ.ഇ.എഫ്.ഐ.–അഡ്വേഴ്സ് ഇവന്റ്സ് ഫോളോവിങ്ങ് ഇമ്മ്യൂണൈസേഷൻ–എന്നത് പലരും കരുതുന്നതുപോലെ വാക്സിന്‍റെ പാർശ്വഫലങ്ങളുടെ ഒരു കണക്കെടുപ്പല്ല. വാക്സിൻ ലഭിച്ചവരിൽ അതിനുശേഷം ഉണ്ടാകുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങളുടേയും രേഖപ്പെടുത്തലാണ്. എന്തു പ്രശ്നങ്ങളുണ്ടായാലും അതു രേഖപ്പെടുത്തുന്നു. അതു വാക്സിൻ കൊണ്ടാകാം ആകാതെയുമിരിക്കാം. കാര്യകാരണബന്ധം സ്ഥാപിക്കുന്നതിന് ചില ശാസ്ത്രീയ മാർഗ്ഗങ്ങളുണ്ട്. അതുവിശദമായി ചർച്ച ചെയ്യുക ഇവിടെ സാദ്ധ്യമല്ല. ഇവിടെയും വാക്സിൻ കിട്ടിയവരിലുണ്ടായ മരണങ്ങളിൽ ചിലതുമാത്രമാണ് വ്യക്തമായ കാരണങ്ങളില്ലാത്തത്. അതിൽത്തന്നെ മൂന്നു കുട്ടികൾക്കു പെന്‍റാവാലന്റ്  വാക്സിൻ കിട്ടിയിട്ടുമില്ല.

download pdf

<<<< ചാപ്റ്റർ 5: വാക്സിനുകളും ഓട്ടിസവും

ചാപ്റ്റർ 7:വസൂരി / Small Pox >>>>

മനോജ്‌ വെള്ളനാട്

1 comment: