വാക്സിൻ നിർമ്മാണവും ചേരുവകളും വിവാദങ്ങളും

വാക്സിപീഡിയ:ചാപ്റ്റർ 3

വാക്സിനുകളുണ്ടാക്കുന്നതിന് രോഗാണുക്കളെ ശോഷിപ്പിച്ചോ മൃതമാക്കിയോ അവയുടെ ഘടകങ്ങളെടുത്തോ ഒക്കെയാണെന്ന് വിശദീകരിച്ചല്ലോ. സൂക്ഷ്മാണുക്കളെ ശോഷിപ്പിക്കുന്നതിനും മൃതമാക്കുന്നതിനും ഉയർന്ന ഊഷ്മാവോ ഫോർമാലിൻ പോലുള്ള രാസികങ്ങളോ ആണുപയോഗിക്കുന്നത്. അതുപോലെത്തന്നെ ഈ അണുക്കളെ പരീക്ഷണശാലയിൽ വൻ തോതിൽ വളർത്തിയെടുക്കുന്നതിന് പോഷകമാദ്ധ്യമങ്ങളോ (Culture media) വിവിധകോശനിരകളോ (Cell lines) ഉപയോഗിക്കുന്നു. ഇവയുടെ അംശങ്ങൾ വാക്സിനിൽ ചെറിയതോതിൽ അടങ്ങിയിരിക്കും. എന്നാൽ വാക്സിൻ നിർമ്മാണ ഘട്ടങ്ങളിലെ ശുദ്ധീകരണ പ്രക്രിയക്കുശേഷം ഇതൊക്കെ ശരീരത്തിൽ ഒരു പ്രതികരണവുമുണ്ടാക്കാനാകാത്തവിധം സൂക്ഷ്മമായ അളവിൽ മാത്രമേ കാണാറുള്ളു. ഇനിയും മറ്റൊരു വിഭാഗം വസ്തുക്കൾ വാക്സിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ളവയാണ്. വാക്സിനിലുള്ള മൃതമാക്കിയ സൂക്ഷ്മാണുക്കളും അവയുടെ ഘടകങ്ങളും പെട്ടെന്നുതന്നെ ശരീരത്തിന്‍റെ പ്രതിരോധകോശങ്ങളുടെ ആക്രമണം വഴി വളരെവേഗം തന്നെ അപ്രത്യക്ഷമാകും. കുത്തിവച്ച ശരീരഭാഗത്ത് വാക്സിൻ ഘടകങ്ങൾ കൂടുതൽ സമയം തങ്ങിനിൽക്കാനുപയോഗിക്കുന്ന പദാർത്ഥങ്ങളെ അഡ്ജുവന്‍റുകൾ എന്നുവിളിക്കുന്നു. ഇക്കൂട്ടത്തിൽപ്പെട്ട പ്രധാനപ്പെട്ട ഒന്നാണ് അലൂമിനിയം ലവണങ്ങൾ. ഇതുകൂടാതെ വാക്സിനിൽ മറ്റു രോഗാണുക്കൾ, വിശേഷിച്ചും ബാക്റ്റീരിയകൾ കടന്നുകൂടി വിഷമയമാകാതിരിക്കാൻ ചേർക്കുന്ന സംരക്ഷകങ്ങളുമുണ്ട് (Preservatives). പലതരം ആന്‍റിബയോട്ടിക്കുകളും തൈമെറൊസാല്‍ എന്ന രസസംയുക്ത (Mercury) വുമാണിങ്ങനെ ചേർക്കുന്നതിൽ പ്രമുഖമായവ.

തൈമെറൊസാൽ
ഒരു വാക്സിന്‍റെ ബഹുമാത്രാവയലുകൾ (Vials) ഒരിക്കൽ തുറന്നുവച്ചശേഷം വീണ്ടും ഉപയോഗിക്കുമ്പോൾ അണുബാധയേറ്റ് വിഷമയമാകാതിരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു രസ (mercury) സംയുക്തമാണ് തയോമെർസാൽ (തൈമെറൊസാൽ എന്നും പറയും) ഏതാണ്ട് തൊണ്ണൂറിലേറെ വർഷങ്ങളായി ഇതുപയോഗത്തിലുണ്ട്. തയോമെർസാലിന്‍റെ ഫലമെന്നു വിശേഷിപ്പിക്കാവുന്ന ഒരനിഷ്ടസംഭവവും വൈദ്യശാസ്ത്രത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മെർക്കുറിയുടെ തന്നെ കൂടുതൽ വിഷകരവും പ്രകൃതിയിൽ സധാരണ കാണുന്ന തരത്തിലുള്ളതുമായ മീതൈൽ മെർക്കുറിയുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അതിനെ അപേക്ഷിച്ച് വളരെ സുരക്ഷിതമായ ഈഥൈൽ മെർക്കുറി സംയുക്തമായ തൈമെറൊസാലിനെതിരായ പല ആശങ്കകളും ഉണ്ടാകാൻ കാരണം. നമ്മുടെ പരിസ്ഥിതിയിലും തദ്വാരാ ശരീരത്തിലും നേരിയ അളവിൽ മെർക്കുറി ലോകത്തെല്ലായിടത്തും തന്നെ കാണപ്പെടാറുണ്ട്. ഇതാകട്ടെ മീതൈൽ മെർക്കുറിയാണ്. ചുറ്റുപാടുകളിൽ കാണുന്ന മെർക്കുറിയുടെ അധിക പങ്കും സ്വാഭാവികമായുണ്ടാവുന്നതാണ്. അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (EPA) വിലയിരുത്തൽ പ്രകാരം മനുഷ്യപ്രവൃത്തികൾ മൂലമുള്ള പാരിസ്ഥിതിക മെർക്കുറിയുടെ അളവ് ആകെയുള്ളതിന്‍റെ മൂന്നു ശതമാനം മാത്രമാണ്. മഴവെള്ളം വഴിയും കാറ്റടിച്ചും ജലസ്രോതസ്സുകളിൽ എത്തിച്ചേരുന്ന ലോഹമെർക്കുറിയെ ബാക്റ്റീരിയകൾ മീതൈൽ മെർക്കുറിയാക്കി മാറ്റുന്നു. ജലസസ്യങ്ങളിലും ചെറുമീനുകളും കവചമത്സ്യങ്ങളും (Shell Fish) മറ്റു ചെറുജീവികളും ആഹാരത്തിലൂടെ അകത്താക്കുന്ന ഇത് അവയുടെ ശരീരത്തിൽ ജൈവസാന്ദ്രീകരണം വഴി അടിഞ്ഞുകൂടുന്നു. ഇവയെ ആഹാരമാക്കുന്ന വലിയ മീനുകളിൽ ബയോ അക്യുമുലേഷൻ എന്നും വിളിക്കുന്ന ഈ പ്രതിഭാസഫലമായി വർദ്ധമാനമായ തോതിൽ ആയിത്തീരുന്നു. നാം ഭക്ഷിക്കുന്ന മത്സ്യങ്ങളിലും ചില പച്ചക്കറികളിലും അതിലുപരി എത്രയെന്നറിയാതെ ഉപയോഗിക്കുന്ന ‘പാരമ്പര്യ’ ഔഷധങ്ങളിലും ഒക്കെ അടങ്ങിയിട്ടുള്ളതിന്‍റെ എത്രയോ കുറഞ്ഞ അളവിൽ മാത്രമാണ് വാക്സിൻ വഴി ഒരാളിൽ മെർക്കുറി എത്തിച്ചേരുന്നത്. അതിലേറെ പ്രധാനപ്പെട്ടകാര്യം വാക്സിനിലിടങ്ങിയത് നേരത്തേ സൂചിപ്പിച്ചപോലെ ശരീരത്തിൽ അധികം തങ്ങിനിൽക്കാത്ത ഈഥൈൽ മെർക്കുറിയാണെന്നതാണ്.പല രാജ്യങ്ങളും തയോമെർസാൽ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അമേരിക്കയിൽത്തന്നെ രണ്ടായിരമാണ്ടുമുതൽ ഇതില്ലാത്ത വാക്സിനുകളാണ് ഉപയോഗിക്കുന്നത്. അതിനു മുൻപോ പിൻപോ ഓട്ടിസമോ മറ്റു നാഡീരോഗങ്ങളോ ഈ രാജ്യങ്ങളിൽ വാക്സിൽ ലഭിച്ചവരിൽ അധികമായി കണ്ടിട്ടില്ല. മാത്രമല്ല തയോമെർസാൽ ഒഴിവാക്കപെട്ട 2000 ത്തിനുശേഷവും അവിടെ ഓട്ടിസം വർദ്ധിച്ചുവരുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. എന്നാലിത് ഓട്ടിസംപോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന ആരോപണം ഉയർന്നുവന്നപ്പോൾ അതു വിശദമായി പഠിക്കാൻ ലോകത്തൊട്ടാകെയുള്ള വിവിധ ഏജൻസികൾ തയ്യാറായി. അതിൽ നിന്നെത്തിച്ചേർന്ന നിഗമനം ഇതു ഒരുവിധത്തിലുമുള്ള പാർശ്വഫലങ്ങളും സൃഷ്ടിക്കുന്നില്ല എന്നും അതുകൊണ്ടുതന്നെ തുടർന്നും ഉപയോഗിക്കാമെന്നുമാണ്. എന്നാലിന്നും ഇതിനെ ഓട്ടിസകാരിയായി വിശേഷിപ്പിക്കുന്നവരും ഇതുമൂലം ഒരു ‘ഭോപ്പാല്‍ ദുരന്തം’ വരാൻ കാത്തിരിക്കുന്നവരും ഈ കൊച്ചു കേരളത്തിലുമുണ്ടെന്ന് അടുത്തിടെ ഒരു ലേഖനം വായിച്ചപ്പോൾ മനസ്സിലാക്കാനായി.

എന്നാൽ അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ ഈ ആരോപണം വാക്സിൻ വിരുദ്ധർ ആവർത്തിച്ചുകൊണ്ടിരുന്നതിന്‍റെ ഫലമായി വാക്സിനുകളിൽ പൊതുവേയുള്ള വിശ്വാസം നഷടപ്പെടുന്നതിലേക്കെത്തിച്ചേരുകയും വാക്സിൻ സ്വീകാര്യത കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണവിടെ തയോമെർസാൽ പൂർണ്ണമായും ഒഴിവാക്കാൻ നിശ്ചയിച്ചത്. അതായത് ഈ തീരുമാനത്തിനുപിന്നിൽ സയൻസിനേക്കാൾ അധികമായുണ്ടായിരുന്നത് സാമൂഹിക കാരണങ്ങളായിരുന്നു എന്നുചുരുക്കം. അതുകൊണ്ടുതന്നെ തയോമെർസാൽ അമേരിക്കയിൽ നിരോധിച്ചതാണെന്നൊക്കെയുള്ള ആരോപണങ്ങളിൽ കഴമ്പൊന്നുമില്ല.

അലുമിനിയം
വാക്സിനിലെ മാംസ്യങ്ങൾ കുത്തിവച്ചിടത്ത് കൂടുതൽ സമയം തങ്ങിനിന്ന് പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കാൻ ചേർക്കുന്ന അലുമിനിയമാണ് വിമർശന വിധേയമായിട്ടുള്ള മറ്റൊരു പദാർത്ഥം. ജൈവാണുവാക്സിനുകളായ (Live vaccines) ബിസിജി, അഞ്ചാംപനി, എംഎംആർ, ചിക്കൻപോക്സ് തുടങ്ങിയവയിൽ ഇതുപയോഗിക്കാറുമില്ല. അഡ്ജുവന്‍റ് എന്നറിയപ്പെടുന്ന ഇവയെ വളരെ നിസ്സാരമായ അളവിലാണ് ചേർക്കുന്നത്, അതുകൊണ്ടുതന്നെ ഇതു കാര്യമായ അനഭിമതവും അസ്വീകാര്യവുമായ പ്രതികരണം ശരീരത്തിലുണ്ടാക്കുന്നുമില്ല. നാം ആഹാരത്തിൽക്കൂടി ഒരു ദിവസം അകത്താക്കുന്ന അലുമിനിയത്തിന്‍റെ അളവുമായി തട്ടിച്ചു നോക്കുമ്പോൾ വാക്സിൻ വഴി ലഭിക്കുന്ന ഇതിന്‍റെ അളവ് അതീവ സൂക്ഷ്മമാണെന്നു കാണാം. ഇന്ത്യയിൽ നടന്നിട്ടുള്ള ഒരു പഠനത്തിൽ മുംബെയിൽ ഒരു മുതിർന്ന ആൾ ഒരു ദിവസം ശരാശരി 6.3 മില്ലിഗ്രാം അലുമിനിയം ഭക്ഷണത്തിന്‍റെ കൂടെ അകത്താക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഒരു മാത്ര വാക്സിനിലാകട്ടെ ഇത് 0.25 മില്ലിഗ്രാം എന്ന അളവിലൊക്കെ മാത്രമാണ്. ഇത് മേൽപ്പറഞ്ഞ അളവിലെത്താൻ ഇരുപത്തഞ്ച് കുത്തിവയ്പെങ്കിലും വേണ്ടിവരുമല്ലോ.

ഫോർമാലിൻ
വാക്സിൻ പ്രശ്നങ്ങളുടെ ചർച്ചയിൽ ഉയർന്നുവരുന്ന മറ്റൊരു പദാർത്ഥം ഫോർമാലിനാണ്. ഇത് സൂക്ഷ്മജീവികളെയും അവയുടെ വിഷവസ്തുക്കളെയുമൊക്കെ നിർവ്വീര്യമാക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അലുമിനിയത്തിന്‍റെ കാര്യത്തിൽ സൂചിപ്പിച്ചപോലെ ജൈവവാക്സിനുകളിൽ ഇതിന്‍റെ ആവശ്യം വരുന്നില്ല. ഇതിന്‍റെ ഉപയോഗവും ആദ്യമായി ആരംഭിച്ചത് 1923ലാണ്. റാമോൺ എന്ന ശാസ്ത്രജ്ഞൻ ഡിഫ്തീരിയ വിഷത്തെ വിഷമയമല്ലാത്ത ടോക്സോയ്ഡ് ആക്കി മാറ്റാനായിരുന്നു ഇതുപയോഗിച്ചത്. ഫോർമാൽഡിഹൈഡ് എന്ന ഈ രാസവസ്തുവും വളരെ സൂക്ഷ്മമായ അളവിൽ മാത്രമേ ഉപയോഗഘട്ടത്തിലുള്ള വാക്സിനിൽ കാണാനാകൂ. ഇതാകട്ടെ അമേരിക്കയിലെ ഇ.പി.എ. നിർദ്ദേശിക്കുന്ന സുരക്ഷിത അളവിലും വളരെ താഴെയുമാണ്. മിക്കവാറും രാജ്യങ്ങൾ ഉപയോഗിക്കുന്ന വാക്സിനുകൾ ലോകാരോഗ്യസംഘടനയുടെ മുൻകൂറായുള്ള ഗുണനിലവാരം (WHO Prequalification) പാലിക്കേണ്ടതാണെന്നതുകൊണ്ട് അവയെല്ലാം തന്നെ ലോകത്തെല്ലായിടത്തും ഒരേ നിലവാരത്തിൽ ലഭിക്കുന്നതുമാണ്. ഫോർമാലിൻ മൃഗങ്ങളിൽ ക്യാൻസർകാരിയാകാമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. മൃഗപരീഷണഫലങ്ങൾ അതേപടി മനുഷ്യരിലേക്ക് പകർത്തുന്നത് തെറ്റായ നിഗമനങ്ങളിലേക്കെത്താൻ ഇടയാക്കുമെന്ന് ഒട്ടേറെ സന്ദർഭങ്ങളിലൂടെ മനസ്സിലാക്കാനായിട്ടുണ്ട്. മനുഷ്യരിൽ ഇതങ്ങനെയാവുന്നതായി തെളിവുകളില്ല. സാധാരണയായി മോർച്ചറി സൂക്ഷിപ്പുകാരും അനാട്ടമി ലാബറട്ടറികളിൽ പ്രവർത്തിക്കുന്നവരും നിരന്തരമെന്നോണം കൈകാര്യം ചെയ്തുവരുന്നതാണീ രാസപദാർത്ഥം. അവരിലാർക്കും തന്നെ ക്യാൻസറൊ മറ്റുരോഗങ്ങളോ ഇതുമൂലമുണ്ടാവുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മാത്രമല്ല നമ്മുടെ ശരീരത്തിൽ ഒറ്റക്കാർബൺ ഉപാപചയം (One carbon metabolism) എന്ന പ്രക്രിയയുടെ ഫലമായി ഈ വസ്തു വളരെ സൂക്ഷ്മമായ അളവിലാണെങ്കിലും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്; അതുകൊണ്ടു അതിന്‍റെ സാന്നിദ്ധ്യം രക്തത്തിലുണ്ട് എന്നതും ഇവിടെ പ്രസ്താവ്യമാണ്.അന്യജീവീകോശങ്ങളും മനുഷ്യഭ്രൂണകോശങ്ങളും
ഇതുപോലെ വാക്സിൻ വിരുദ്ധർ ലോകത്തെല്ലായിടത്തും ചർച്ചയ്ക്കു വിധേയമാക്കുന്ന ഒന്നാണ് വാക്സിനുകളിൽ അന്യജീവികോശങ്ങളും മനുഷ്യഭ്രൂണകോശങ്ങളും അടങ്ങിയിരിക്കുന്നു എന്നത്. തങ്ങളുടെ വാദഗതികൾക്ക് എരിവും പുളിയും കൂട്ടാനുള്ള ഒരു വാദമെന്നതിലുപരി ഇതിൽ വലിയ കാര്യമൊന്നുമില്ല. ഈ ആരോപണം ശരിയല്ല എന്നല്ല. അതുകൊണ്ടുള്ള പ്രശ്നങ്ങളെന്താണ് എന്നതാണ് പ്രസക്തമായ ചോദ്യം. അതിരിക്കട്ടെ. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വാക്സിൻ, കാൻസർ ഔഷധ ഗവേഷണങ്ങളിലൊക്കെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ഒരു കണ്ടുപിടിത്തമാണ് ജീവശരീരങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങളെ പരീക്ഷണശാലയിൽ വളർത്താമെന്നത്. ഇതാണ് ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ. ഭ്രൂണത്തിൽ നിന്നെടുക്കുന്ന വിത്ത് കോശങ്ങളോ കാൻസർ കോശങ്ങളൊ ആവശ്യമായ പോഷകസാന്നിദ്ധ്യത്തിൽ അനവരതം വിഭജിച്ചു പെരുകിക്കൊണ്ടിരിക്കും. ഇന്ന് നിരവധി ഗവേഷണങ്ങൾക്കുപയോഗിക്കുന്ന ഇത്തരത്തിലുള്ള ഒരു കോശനിരയാണ് ഹിലാസെൽ എന്നറിയപ്പെടുന്നത്. 1951 ഫെബ്രുവരി എട്ടാംതീയതി അമേരിക്കയിലെ ജോൺ ഹോപ്കിൻസ് ആശുപത്രിയിൽ ഗർഭാശയഗള കാൻസർ മൂലം മരണമടഞ്ഞ ഹെന്‍റിറ്റ ലാക്സിന്‍റെ കാൻസർ കോശങ്ങളിൽ നിന്നെടുത്തവയാണിത്. ഇന്നും അവ വളരുന്നു. പല ഗവേഷണങ്ങൾക്കും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 1954ൽ ജോനാസ് സാൽക് തന്‍റെ പോളിയോ വാക്സിനുണ്ടാക്കാനുപയോഗിച്ചതും ഈ കോശങ്ങൾ തന്നെ. അതുപോലെത്തന്നെയാണ് ഭ്രൂണകോശങ്ങളുടെ കാര്യവും. മറ്റു ജന്തുക്കളിൽ നിന്നെടുക്കുന്ന കോശങ്ങളെ അപേക്ഷിച്ച് അലർജിയും മറ്റു പാർശ്വഫലസാദ്ധ്യതകളും കുറവായിരിക്കും മനുഷ്യകോശങ്ങൾ വാക്സിനായുള്ള അണുക്കളെ വളർത്തിയെടുക്കാൻ ഉപയോഗിക്കുന്നത്. ഇവിടെയും ഈ കോശങ്ങൾക്കുവേണ്ടി ഭ്രൂണഹത്യയൊന്നും നടത്തിയിട്ടില്ല. സ്വാഭാവിക ഗർഭഛിദ്രത്തിനു വിധേയമായ ഭ്രൂണത്തിൽ നിന്നെടുത്ത കോശങ്ങളാണിന്നും ഉപയോഗിക്കുന്നത്. സൂക്ഷ്മാണുക്കളെ ഇതിൽ നിന്നും വേർതിരിച്ചെടുത്തു കഴിയുമ്പോൾ ഈ കോശാവശിഷ്ടങ്ങളൊന്നും അതിസൂക്ഷ്മമായ അളവിലല്ലാതെ വാക്സിനിൽ കാണില്ല.

വാക്സിനുകൾ ജനസംഖ്യാ നിയന്ത്രണത്തിന്!
സമീപകാലത്ത് കേൾക്കാനിടയായ ഒരു ആരോപണമാണ് ഫിലിപ്പൈൻസിൽ ടെറ്റനസ് ടോക്സോയ്ഡ് (ടി.ടി.) വാക്സിനിൽ ഹ്യൂമൻ കോറിയോണിക് ഗോണാഡോട്രോപ്പിൻ എന്ന ഹോർമ്മോൺ കലർത്തി ഗോപ്യമായ രീതിയിൽ ഗർഭനിരോധനത്തിനു ശ്രമിച്ചു എന്നത്. സത്യത്തിന്‍റെ കണികപോലുമില്ലാത്ത ഈ ആരോപണം ഉയർന്നുവരുന്നത് തൊണ്ണൂറുകളിലാണ്. ഈ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന വാക്സിന്‍റെ ഗുണപരിശോധനാഘട്ടത്തിൽ ഈ പറയുന്ന ഹോർമ്മോൺ സാന്നിധ്യം അളക്കുന്നതിനുപയോഗിക്കുന്ന പരിശോധന നേരിയ തോതിൽ പോസിറ്റീവ് ആയിക്കാണപ്പെടുകയുണ്ടായി. തുടർന്നു പല ലാബറട്ടറികളിലും നടന്ന വിശദമായ പരിശോധനയിൽ ഇതൊരു പരിശോധനാപ്പിഴവ് (ആര്‍ട്ടിഫാക്റ്റ്) ആണെന്നു തെളിയുകയും ചെയ്തു. മാത്രമല്ല ടിടി വാക്സിൻ ലഭിച്ച 60,000-ഓളം പേരിൽ ഘട്ടങ്ങളിലായി നടന്ന പഠനപ്രകാരം അവരിൽ വന്ധ്യത കൂടുതലായി കാണപ്പെടുകയോ ഗർഭിണികളിൽ ഗർഭം അലസിപ്പോവുന്നതായോ കണ്ടെത്താനായില്ല. എന്നാൽ ഈ സമയത്ത് ഒരു ഗർഭനിരോധന വാക്സിൻ എന്ന ആശയത്തെ മുൻ നിർത്തി ടിടിയും എച്ച്.സി.ജിയും (ഹ്യൂമൻ കോറിയോണിക് ഗൊണാഡൊട്രോപ്പിൻ) കൂട്ടിക്കലർത്തിയുള്ള ഒരു പരീക്ഷണവാക്സിൻ ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും ചിലരിൽ പരീക്ഷിക്കുകയും ചെയ്തിരുന്നു. അതാകട്ടെ ചുരുക്കം ചിലരിൽ അവരുടെ സമ്മതത്തോടെ നടന്നതും അതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതുമായിരുന്നു. ടിടി എന്ന നിലയ്ക്കു എങ്ങും തന്നെ അതുപയോഗിക്കുകയുണ്ടായിട്ടുമില്ല. ഈ ആരോപണങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത് ബോധപൂർവ്വമായ വളച്ചൊടിക്കലുകളാണെന്ന് ഇതിൽ നിന്നു വ്യക്തമാണല്ലോ.

download pdf

<<<< ചാപ്റ്റർ 2: വാക്സിൻ-റിഹേഴ്സൽ ഓഫ് ഡിഫൻസ്

ചാപ്റ്റർ 4:വാക്സിൻ-സുരക്ഷിതത്വവും പാർശ്വഫലങ്ങളും >>>>

മനോജ്‌ വെള്ളനാട്


No comments:

Post a Comment