വാക്സിനേഷൻ- വാട്സാപ്പ് എന്ന വില്ലൻ


"പുളയൻ എന്ന ഉഗ്രവസൂരിയായിരുന്നു. മേലാസകലം തിണിർപ്പിച്ച് ഉള്ളിലേക്ക് വലിയുന്ന വിത്ത്. ഉള്ളിലേക്ക് വലിഞ്ഞ് ചോര ഞരമ്പുകൾ പൊട്ടി കുട്യാടൻ മരിച്ചു. സ്കൂളിലെ കുട്ടികൾ പലരും മരിച്ചു. വാവര്, നൂർജിഹാൻ, ഉണിപ്പാറതി, കിന്നരി, കുരങ്ങുകളിക്കാരൻ ചെന്തിയാവു തൊട്ടിയാന്റെ മകൻ കരുവ്. നടുപ്പറമ്പിൽ കണ്ടു പരിചയമുള്ള കാസിമും സലീമും. പീഞ്ഞപ്പലക കൊണ്ടു പുസ്തകത്തട്ടു പണിയാൻ ഞാറ്റു പുരയിൽ വന്ന ചേന്തിയാശാരി. പിന്നെയും പലരും മരിച്ചു. കുപ്പുവച്ചൻറെ കണ്ണുകൾ പോയി. പണ്ടാരശ്ശവങ്ങൾ അപ്പോഴും യാത്ര പുറപ്പെട്ടിരുന്നു. നാലു കുളി കുളിച്ചതോടെ കുപ്പുവച്ചൻ പുറത്തിറങ്ങി. വീണ്ടും ഇരടിത്തടഞ്ഞു നടന്നു. കണ്ണുകൾ രണ്ടിലും ദേവിയുടെ പളുങ്കുചഷകങ്ങൾ പൊട്ടിത്തകർന്നേടത്തു ചുകന്ന ചോരക്കുഴികൾ മാത്രം ബാക്കി വന്നു."  ഓ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന പുസ്തകത്തിൽ നിന്നുള്ളതാണ് ഈ വാക്കുകൾ.

ഒരു ഗ്രാമത്തിൽ മഹാമാരിയെ പോലെ വന്ന് ഒട്ടനേകം പേരെ കൊന്നൊടുക്കിയ വസൂരി ബാധയെ ആണ് ഇതിൽ പ്രതിപാദിക്കുന്നത്. മെയ് 1974 ൽ ഇന്ത്യയിൽ എണ്ണായിരം ഗ്രാമങ്ങളെയാണ് വസൂരി ആക്രമിച്ചത്. ഒരു വർഷം മാത്രം ഒരു ലക്ഷത്തി എൺപത്തി എണ്ണായിരം പേർക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച പത്തിലൊരാൾക്ക് മരണം ഉറപ്പായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വസൂരിയുള്ളത് ഇന്ത്യയിൽ ആയിരുന്നതിനാൽ ലോകാരോഗ്യ സംഘടന ഇടപെട്ടു. നിർബന്ധിതമായി അച്ചുകുത്ത് എന്ന് വിളിക്കപ്പെട്ട കുത്തിവെപ്പ് തുടങ്ങി. അച്ചു കുത്ത് അപകടമാണെന്ന് ആളുകൾ നിലവിളിച്ചു, ഓടിയൊളിച്ചു. സംഘടിച്ചു പ്രതിരോധിച്ചു. അപവാദങ്ങൾ പറഞ്ഞു പരത്തി. ഇതൊന്നും ശ്രദ്ധിക്കാതെ സർക്കാരും ആരോഗ്യവകുപ്പും അവരെ തിരഞ്ഞു പിടിച്ച് കുത്തി. ഫലമായി ഒരു വർഷത്തിനുള്ളിൽ അഥവാ മെയ് 1975ൽ അവസാന രോഗിയോടെ വസൂരി ഇന്ത്യയിൽ നിന്ന് വിട പറഞ്ഞു. വസൂരിയുടെ ഭീകരത നേരിൽ കാണാനുള്ള ദുർഭാഗ്യം എന്തായാലും എനിക്ക് ഉണ്ടായിട്ടില്ല, കാരണം ഇന്ത്യയിൽ നിന്ന് വസൂരി നിർമാർജനം ചെയതതിന് ശേഷമാണ് ഞാൻ ജനിച്ചത്. വസൂരിയുടെ ഭീകരത മനസിലാവണമെങ്കിൽ "Small Pox" എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കുക. വാക്സിൻ വിരുദ്ധ ലോബിയുടെ ശൈലിയായ ഭീതി പരത്തി ആളെക്കൂട്ടൽ എന്റെ ശൈലിയല്ലാത്തതു കാരണം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നില്ല.
അച്ചുകുത്തിനുള്ള അച്ച്

അതുപോലൊരു രോഗമായിരുന്നു പോളിയോ. 1985 ൽ ആരംഭിച്ച രോഗപ്രതിരോധ കുത്തിവെപ്പ് യജ്ഞം മൂലം ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഇരുപത്തൊൻപതിനായിരം പോളിയോ കേസുകൾ ഏഴു വർഷത്തിനുള്ളിൽ മൂവായിരം കേസുകളായി ചുരുങ്ങി. 2014 ഇന്ത്യയിലെ അവസാന പോളിയോ കേസോടെ പോളിയോയേയും നമ്മൾ നിർമാർജനം ചെയ്തു. പോളിയോ വന്ന് ഒരു കൈയും ഒരു കാലും തളർന്ന ഒരു കൂട്ടുകാരനെ ഓർമ വരുന്നു. അവൻ പഠിച്ച് ഡോക്ടറായി.

2015 ലാണ് ആ ഭയാനകമായ സംഗതി നടന്നത്. കേരളത്തിൽ വാട്സ്പ്പ് സജീവമായി. ജിയോ വന്നതോടെ 2016 അവസാനത്തോടെ എല്ലാവരും വാട്സാപ്പ് ഉപയോഗിക്കുന്നവരായി. വാക്സിൻ വിരുദ്ധ ലോബിക്ക് തങ്ങളുടെ വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള ഒരു വജ്രായുധമാണ് കിട്ടിയത്. ഫലമുണ്ടെങ്കിൽ പാർശ്വഫലവും ഉണ്ടാവും. വാക്സിൻ കൊടുക്കുന്ന കുട്ടികുളിൽ ഒരു ലക്ഷത്തിൽ ഒരാൾക്ക് ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾ അവർ വാട്സാപ്പ് മൂലം പ്രചരിപ്പിച്ചു തുടങ്ങി. ജനങ്ങളെ ഭയപ്പെടുത്താൻ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു തുടങ്ങി. വാട്സാപ്പ് വഴി ഈ സന്ദേശങ്ങൾ കേട്ട ഭയന്ന പലരും കുത്തിവെപ്പ് എടുക്കുന്നതിനെതിരായി. പണ്ട് തുരത്തിയ ഡിഫ്തീരിയ രോഗങ്ങൾ തിരിച്ച് വന്ന് തുടങ്ങി. കുട്ടികൾ മരിക്കാൻ തുടങ്ങി.

ഇപ്പോഴിതാ വസൂരിയേയും, പോളിയോയും തുടച്ചു നീക്കിയതു പോലെ അഞ്ചാം പനിയേയും റുബല്ലയേയും തുടച്ചു നീക്കാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ഇന്ത്യ ശ്രമിക്കുകയാണ്. ഈ നീക്കത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ച് പ്രസ്താവനയിറക്കിയതാണ്. ഈ യജ്ഞത്തേയും എതിർക്കാൻ ആളുകൾ വരും. അവരുടെ തെറ്റായ സന്ദേശങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കും. ദയവായി ചെവിക്കൊള്ളരുത്. ഈ അബദ്ധ മെസേജുകൾ കാരണം തെലങ്കാന പോലുള്ള സംസ്ഥാനങ്ങൾക്ക് വെറും നാല്പത്തഞ്ച് ശതമാനം കുട്ടികൾക്കേ കുത്തിവെപ്പ് കൊടുക്കാനായുള്ളു. പാർശ്വഫലങ്ങൾ ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പു നൽകാനാകില്ല കാരണം മരുന്നിന് റിയാക്ഷൻ മുതലായ പാർശ്വഫലങ്ങൾ വരാം. പക്ഷേ ഇവ വരാനുള്ള സാധ്യത ലക്ഷത്തിൽ ഒന്നാണ്. റിയാക്ഷനെ ഫലപ്രദമായി നേരിടാനുള്ള സജ്ജീകരണങ്ങൾ എല്ലായിടത്തും ഉണ്ട്. പണ്ട് അച്ചു കുത്തിനെ എതിർത്തിരുന്ന സമയത്ത് വാട്സാപ്പ് ഇല്ലാത്തതു കൊണ്ടാണ് നിങ്ങളിൽ പലരും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്ന് ദയവായി ഓർക്കുക.

നമ്മുടെ ജീവൻ രക്ഷിച്ച വാക്സിനുകളോട് നന്ദിയില്ലാത്തവരായി മാറി ദയവായി വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ ഷെയർ ചെയ്യാതിരിക്കൂ.

(കടപ്പാട്)

No comments:

Post a Comment