രോഗികൾക്കും വേണമൊരു ഉപദേഷ്ടാവ്


IEമലയാളത്തിൽ വന്ന ലേഖനം

        ഈയടുത്തുണ്ടായ രണ്ടു സംഭവങ്ങൾ പറയാം. ഒന്ന്, കൈയിലെ എല്ലിൽ രണ്ടാമതും ക്യാൻസർ ബാധിച്ച 12 വയസുകാരൻ. രക്ഷിതാക്കൾ പാലക്കാട് ജില്ലയിലുളള ഒരു വ്യാജ വൈദ്യന്റെ അടുത്തുകൊണ്ടു പോകുന്നു. ഇത് പിത്തമാണെന്നും ഇപ്പൊ ശരിയാക്കാമെന്നും പറഞ്ഞ് ചികിത്സ തുടങ്ങുന്നു. ഒടുവിൽ ഒരു ചികിത്സയ്ക്കും രോഗത്തെ നിയന്ത്രിക്കാനാകാത്ത അവസ്ഥയിൽ (കൈ മുറിച്ചുമാറ്റിയാൽ പോലും ജീവൻ രക്ഷിക്കാനാകാത്ത അവസ്ഥയിൽ) മെഡിക്കൽ കോളേജിലെത്തിക്കുന്നു. ദൗർഭാഗ്യകരമെന്ന് മാത്രം പറയാവുന്ന ഈ വാർത്ത ഒരു ഡോക്ടറുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് അറിയുന്നത്.

ആദ്യതവണ രോഗം വന്നപ്പോൾ RCC യിലായിരുന്നു ചികിത്സ. കീമോതെറാപ്പിയും റേഡിയേഷനുമെടുത്തപ്പോൾ അസുഖം പൂർണമായും മാറുകയും ചെയ്തു. കുട്ടിക്കാലത്തു വരുന്ന ഇത്തരം കാൻസറുകൾ വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നുള്ള കാര്യം അവരോട് പറഞ്ഞിരുന്നതുമാണ്. എന്നാലിപ്രാവശ്യം ബന്ധുക്കളോ നാട്ടുകാരോ ഉപദേശിച്ച് തെറ്റിദ്ധരിപ്പിച്ചതിനാലോ ആദ്യം അസുഖം വന്നപ്പോഴുണ്ടായതു പോലുള്ള, ചികിത്സാസമയത്തെ ഒഴിവാക്കാനാകാത്ത ചില കഷ്ടപ്പാടുകളെ ഓർത്തിട്ടോ ആകാം അവർ എളുപ്പവഴികൾ തേടിപ്പോയത്.

രണ്ട്, വൻകുടലിൽ കാൻസർ വന്ന മറ്റൊരാൾ. വിദ്യാസമ്പന്നൻ. ശസ്ത്രക്രിയയാണ്  ചികിത്സയെന്നും മലദ്വാരം വയറിന്റെ ഭിത്തിയിൽ തുന്നിപ്പിടിപ്പിക്കേണ്ടി വരുമെന്നും ഡോക്ടർ നിർദ്ദേശിച്ചു. മലദ്വാരം ഉദരഭിത്തിയിൽ തുന്നിപ്പിടിപ്പിച്ചുള്ള ഭാവി ജീവിതത്തെ കുറിച്ചോർത്തപ്പോൾ അദ്ദേഹമാകെ പേടിച്ചു. നിരാശനായി. മോഡേൺ മെഡിസിൻ ചികിത്സ വേണ്ടെന്നും മറ്റേതെങ്കിലും എളുപ്പമുള്ള ചികിത്സകൾ മതിയെന്നും അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. ഭാഗ്യത്തിന് എന്റെ സുഹൃത്ത് അൻവറിക്കയോടാണ് അദ്ദേഹം ഇക്കാര്യത്തിൽ ഉപദേശം ചോദിച്ചത്. അൻവറിക്ക പരന്നവായനയും ശാസ്ത്രാവബോധവുമുള്ള ആളായതിനാൽ കൊളോസ്റ്റമി എന്നു പറയുന്ന ആ ശസ്ത്രക്രിയയെ പറ്റിയും ശേഷമുള്ള ജീവിതത്തെ പറ്റിയുമൊക്കെ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി. ക്യാൻസറുള്ള കുടലിന്റെ ഭാഗം മുറിച്ചുമാറ്റി അതിനുമുമ്പുള്ള കുടലിന്റെ അറ്റം, വയറിന്റെ ഭിത്തിയിൽ ഒരു ദ്വാരമുണ്ടാക്കി അവിടെ തുന്നിച്ചേർക്കുന്നതാണ് ഈ ശസ്ത്രക്രിയ. അത് പിന്നീട് മലദ്വാരമായി പ്രവർത്തിക്കും. അസുഖത്തിന്റെ സ്വഭാവമനുസരിച്ച് താൽകാലികമായിട്ടോ സ്ഥിരമായിട്ടോ ഉള്ള ചികിത്സാരീതിയായി ഈ ഓപറേഷൻ ചെയ്യാറുണ്ട്. നൂറുകണക്കിനാളുകൾ ഈ ഓപറേഷനുശേഷം സാധാരണജീവിതം നയിയ്ക്കുന്ന കാര്യവും സ്വന്തം സ്ഥാപനത്തിലെ തന്നെ ഒരു ജീവനക്കാരന്റെ ഉദാഹരണസഹിതം അൻവറിക്ക അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി. ക്ഷമയോടെ ദീർഘനേരം സംസാരിക്കേണ്ടി വന്നു അൻവറിക്കയ്ക്ക്. എന്തായാലും ആ രോഗിയിപ്പോൾ ശസ്ത്രക്രിയയ്ക്കായി മാനസികമായി തയ്യാറായിക്കഴിഞ്ഞു.

ഒരു പനി വന്നാൽ പോലും പകച്ചു പോകുന്നവരാണ് നമ്മൾ. ആരോടെങ്കിലും ചോദിച്ചാലും ഇല്ലെങ്കിലും നൂറുകൂട്ടം സംശയങ്ങളായിരിക്കും അപ്പോൾ നമുക്ക്. അപ്പോൾ കാൻസറോ പക്ഷാഘാതമോ സിറോസിസോ പോലുള്ള രോഗങ്ങൾ വന്നാലുള്ള അവസ്ഥ പറയണ്ടല്ലോ. രോഗം സങ്കീർണമാകുന്തോറും അതിന്റെ രോഗനിർണയരീതികളും ചികിത്സയും തുടർന്നുള്ള ജീവിതവുമൊക്കെ സങ്കീർണമാകുമെന്ന് നമുക്കറിയാം. പക്ഷേ ഒരു സാധാരണ മനുഷ്യന്റെ മനഃശാസ്ത്രമനുസരിച്ച് അവൻ സങ്കീർണതകളെ ഇഷ്ടപ്പെടുന്നില്ല. എളുപ്പത്തിൽ മനസിലാവുന്നത്, എളുപ്പത്തിൽ ചെയ്യാനാകുന്നത്, എളുപ്പത്തിൽ ജയിക്കാനാകുന്നതൊക്കെയാണ് അവനിഷ്ടം. ഇങ്ങനെ പ്രശ്നം സങ്കീർണമാണെന്ന് മനസിലാകുമ്പോൾ എളുപ്പങ്ങൾ തേടിപ്പോകാനുള്ള പ്രേരണ എല്ലാവർക്കുമുണ്ട്. ഈ എളുപ്പവഴികൾ പലപ്പോഴും തെറ്റായ ദിശയിലുള്ളതായിരിക്കുമെന്നതാണ് നിർഭാഗ്യകരം.

ആദ്യം പറഞ്ഞ രണ്ടു സംഭവങ്ങളും നോക്കുക. രണ്ടിലും രോഗം, ചികിത്സ, സങ്കീർണതകൾ തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ അറിവില്ലായ്മയും ഇത്തരം അവസരങ്ങളിൽ സ്വാഭാവികമായും ഉണ്ടാകാറുള്ള ഭയവും ആശങ്കകളുമാണ് വില്ലൻമാർ. ആദ്യത്തേതിൽ അവർക്ക് ശരിയായ അറിവും ധൈര്യവും നൽകാൻ ആളില്ലായിരുന്നു. രണ്ടാമത്തേതിൽ അങ്ങനൊരാളുണ്ടായി. അങ്ങനെ ഒരാളുടെ ആവശ്യം ഇന്ന് നമ്മുടെ സമൂഹത്തിനുണ്ട്. നമ്മുടെ ആശുപത്രികൾക്കുണ്ട്. പുതുതായി രോഗം നിർണയിക്കപ്പെടുന്ന ഓരോ മനുഷ്യനുമുണ്ട്.

ശരിക്കും രോഗത്തെ സംബന്ധിച്ച ഈ അറിവും ധൈര്യവും പകരേണ്ടത് ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ്. എന്നാൽ ആർ സി സിയിലൊ മെഡിക്കൽ കോളേജിലോ ഒരു പ്രാവശ്യമെങ്കിലും പോയിട്ടുള്ളവർക്കറിയാം, ഒരു ഡോക്ടർ ചുരുങ്ങിയ സമയത്തിനുള്ളിൽ എത്ര രോഗികളെയാണ് നോക്കേണ്ടതെന്ന്. രോഗത്തെ പറ്റിയും ചികിത്സയെ പറ്റിയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞുകൊടുത്തിട്ട് അടുത്ത രോഗിയെ നോക്കാനായിരിക്കും ഡോക്ടർ ശ്രമിക്കുക. അതിനേ സാധിയ്ക്കൂ. രോഗിയുടെ ആകുലതകളും സംശയങ്ങളും പൂർണമായും ദൂരീകരിയ്ക്കാനുള്ള ഒരു സംവിധാനം ഇല്ല തന്നെ.

 ശാസ്ത്രീയമായി ആരോഗ്യം, രോഗം, രോഗപ്രതിരോധം, ചികിത്സ തുടങ്ങിയ കാര്യങ്ങൾ ഇൻഫോക്ലിനിക്കിന്റെയൊക്കെ ലേഖനങ്ങളിൽ നിന്നും മറ്റും അവ ഉപയോഗപ്പെടുത്തുന്നവർക്ക് ലഭിക്കും. സംശയങ്ങൾ നേരിട്ട് ചോദിച്ച് ദൂരീകരിയ്ക്കാനുള്ള അവസരങ്ങളുമവിടുണ്ട്. അതെല്ലാം ആരോഗ്യവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എന്നാൽ ഇതൊക്കെ മനസിലാക്കി വച്ചിട്ടുള്ള ആളാണെങ്കിൽ പോലും ഒരസുഖം വരുമ്പോൾ തളർന്നുപോകാൻ സാധ്യതയുണ്ട്. എല്ലാവർക്കും ഇന്നസെന്റിനെ പോലെ എല്ലാം ചിരിച്ചുകൊണ്ട് നേരിടാൻ പറ്റില്ലല്ലോ. അസുഖം വരുന്നത് ഒരാൾക്കാണെങ്കിലും ആ കുടുംബമാകെ തകർന്ന അവസ്ഥയിലായിരിക്കും പലപ്പോഴും. അവർക്കും വേണം, ആശ്വസിപ്പിക്കാനും ആശങ്കകളകറ്റാനുമൊരാൾ. രോഗത്തെയും രോഗിയെയും മനസിലാക്കുന്ന ഒരു കൗൺസിലർ ഒരാശുപത്രിയുടെ അവശ്യഘടകമാണ്.

അങ്ങനൊരാളുണ്ടാകണം. അയാളുടെ ജോലി പ്രധാനമായും ഇവയായിരിക്കണം

1. രോഗമെന്താണെന്നും രോഗിയുടെ നിലവിലെ അവസ്ഥ എന്താണെന്നും മനസിലാക്കി അത് രോഗിക്കും ബന്ധുക്കൾക്കും അവർക്ക് മനസിലാകുന്ന വിധത്തിൽ  ലളിതമായി പറഞ്ഞുകൊടുക്കുക.

2. നിലവിലെ രോഗാവസ്ഥയ്ക്കുള്ള ചികിത്സാ രീതികൾ വിശദമായി തന്നെ പറഞ്ഞു കൊടുക്കുക. ഒരു രോഗത്തിന് ഒന്നിലധികം ചികിത്സാ രീതികൾ ഉണ്ടെങ്കിൽ അവയും ഈ അവസ്ഥയിൽ ഏത് ചികിത്സയാണ് നല്ലതെന്നും അതെന്തുകൊണ്ടാണെന്നും പറഞ്ഞു മനസിലാക്കുക. ഓരോ ചികിത്സാരീതിയുടെയും ഏകദേശ ചെലവും തുടർചികിത്സകളുടെ ആവശ്യകതയും വ്യക്തമാക്കി കൊടുക്കുക.

3. രോഗമോ ചികിത്സയോ കാരണമുണ്ടാകാനിടയുള്ള സങ്കീർണതകൾ (complications) എന്തൊക്കെയെന്നും അവയെ എങ്ങനെയൊക്കെ പ്രതിരോധിക്കണമെന്നും ഭയപ്പെടുത്താതെ, എന്നാൽ വ്യക്തമായിട്ടും പറഞ്ഞു കൊടുക്കുക.

4. ചികിത്സാ വേളയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ പറഞ്ഞുകൊടുക്കുക.

5. വീണ്ടും വരാൻ സാധ്യതയുള്ള രോഗങ്ങളാണെങ്കിൽ അതിനെ പറ്റിയും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളെ പറ്റിയും വിശദമാക്കി കൊടുക്കുക.

6. ചികിത്സയുടെ ഓരോ ഘട്ടങ്ങളിലും രോഗിക്കോ ബന്ധുക്കൾക്കോ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിയ്ക്കുക.

7. രോഗത്തെയും ചികിത്സയെയും സധൈര്യം നേരിടാൻ രോഗിയെയും ബന്ധുക്കളെയും മാനസികമായി ഒരുക്കുക. കാര്യങ്ങളെ പോസിറ്റീവായി കാണാൻ ശീലിപ്പിക്കുക.

8. ഡോക്ടറുടെ നിർദ്ദേശങ്ങളോട് രോഗിയും ബന്ധുക്കളും ചേർന്നു നിൽക്കേണ്ടതിൻറെ (Compliance) ആവശ്യകത പറഞ്ഞു മനസിലാക്കുക.

ഇങ്ങനെ ഒരുപാട് കാര്യങ്ങളിൽ രോഗികളെയും ബന്ധുക്കളെയും ഗൈഡ് ചെയ്യാൻ ഈ കൗൺസിലർക്ക് സാധിക്കും. അത് രോഗിയ്ക്കും ബന്ധുക്കൾക്കും പകരുന്ന ഊർജ്ജം വലുതായിരിക്കും. ചില സ്വകാര്യ ആശുപത്രികളിൽ എം എസ് ഡബ്ലിയു കഴിഞ്ഞ കുട്ടികൾ രോഗികളെ സന്ദർശിച്ച് അവരോട് സംസാരിച്ചു ആശ്വാസവാക്കുകളും ശുഭാപ്തിവിശ്വാസവുമൊക്കെ പകരുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അതേറ്റവും ആവശ്യമുള്ള പലയിടങ്ങളിലും ഇതൊന്നും നടക്കുന്നേയില്ല. എല്ലാ ആശുപത്രികളിലും ഇങ്ങനെ ഒരാൾ തീർച്ചയായും ഒരാളുണ്ടാകേണ്ടതാണ്.

എം ബി ബി എസ് ബിരുദമുളള  ഡോക്ടറാണ് അതു ചെയ്യുന്നതെങ്കിൽ ഏറ്റവും നല്ലത്. അതാകുമ്പോ രോഗത്തെ പറ്റിയും ചികിത്സാരീതിയെ പറ്റിയുമൊക്കെ നല്ല ധാരണയുണ്ടാകും. പല ആശുപത്രികളിലും വിദേശത്തേയ്ക്കു പോകാനുള്ള ഫിറ്റ്നെസ് നൽകാൻ മാത്രമായി, ഇൻഷ്വറൻസ് ക്ലെയിം റെഡിയാക്കി നൽകാൻ മാത്രമായിട്ടൊക്കെ ഡോക്ടർമാരെ നിയമിക്കാറുണ്ട്. അതുപോലെ ഒരു കൗൺസിലിംഗ് മെഡിക്കൽ ഓഫീസർ തസ്തിക കൂടി തുടങ്ങിയാൽ മതി. അഥവാ അത് സാധ്യമല്ലെങ്കിൽ കാര്യഗൗരവമുള്ള, സംസാരിക്കാനറിയാവുന്ന ഒരു സീനിയർ നഴ്‌സാവാം ആ സ്ഥാനത്ത്. കാൻസർ ചികിത്സ കഴിഞ്ഞ് ഭേദമായ രോഗികളെക്കൊണ്ടു തന്നെ പുതിയ രോഗികൾക്ക് കൗൺസിലിംഗ് നൽകുന്ന ആശയം  ഡോ. വി.പി. ഗംഗാധരൻ "ജീവിതമെന്ന അത്ഭുത"ത്തിൽ പറയുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ അങ്ങനെയുള്ളവരെയും സന്നദ്ധസേവന വ്യവസ്ഥയിലോ ശമ്പളവ്യവസ്ഥയിലോ ഉപയോഗപ്പെടുത്താവുന്നതാണ്.

രോഗികളുടെ ആത്മവിശ്വാസം വർദ്ധിക്കാനും ആശങ്കയില്ലാതെ ചികിത്സയെ സമീപിക്കാനും ഇത്തരം മുഖാമുഖ ചർച്ചകൾ സഹായിക്കും. അത് ചികിത്സയെ പോസിറ്റീവായി മാത്രമേ സ്വാധീനിക്കൂ എന്ന് പറയണ്ടല്ലോ. ഡോക്ടർ-രോഗീ, രോഗി- ആശുപത്രി, രോഗി-ചികിത്സവിധികൾ തുടങ്ങിയ പലതലത്തിലുള്ള ബന്ധങ്ങളെ അത് പോസിറ്റീവായി സ്വാധീനിക്കും. പലപ്പോഴും ആശയവിനിമയത്തിലെ അപാകതകളാണ്, അവസരമില്ലായ്മയാണ് ഡോക്ടർ- രോഗീ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് . ആ വിടവ് നികത്താൻ ഇത്തരമൊരു വ്യക്തിക്ക്  സാധിക്കും.സർവ്വോപരി ഓരോ രോഗിക്കും, അതിലൂടെ സമൂഹത്തിനാകെയും ശാസ്ത്രീയമായ, ശരിയായ ചികിത്സ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാം. അറിവില്ലായ്മ കാരണം ആളുകൾ എളുപ്പവഴികൾ തേടിപ്പോയി ചതിക്കുഴികളിൽ വീഴുന്നത് ഒഴിവാക്കാം.


©മനോജ്‌ വെള്ളനാട്2 comments:

  1. മനോജ്‌, ഡോക്ടര്‍മാരെക്കാളും വലിയ ഡോക്ടര്‍മാരായി എത്തുന്ന ഉപദേശകാരാണ് പലപ്പോഴും സ്ഥിതി വഷളാക്കുന്നത്. എന്‍റെ ഡോക്ടര്‍ പറയുന്നത് പോലെ ഞാന്‍/ഞങ്ങള്‍ ചെയ്യൂ എന്ന് കണിശമായി പറയാനുള്ള മനശക്തിയുള്ളവര്‍ ചുരുക്കമാണല്ലോ...അനുഭവമാണ്. ഇതൊന്ന് ഉറച്ച ശബ്ദത്തില്‍ പറഞ്ഞതിന് ശേഷമാണ് ഉപദേശകരുടെ വരവ് കുറഞ്ഞത്‌!

    ReplyDelete
  2. ശരിക്കും രോഗത്തെ സംബന്ധിച്ച ഈ അറിവും ധൈര്യവും പകരേണ്ടത് ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ്. എന്നാൽ ആർ സി സിയിലൊ മെഡിക്കൽ കോളേജിലോ ഒരു പ്രാവശ്യമെങ്കിലും പോയിട്ടുള്ളവർക്കറിയാം, ഒരു ഡോക്ടർ ചുരുങ്ങിയ സമയത്തിനുള്ളിൽ എത്ര രോഗികളെയാണ് നോക്കേണ്ടതെന്ന്. രോഗത്തെ പറ്റിയും ചികിത്സയെ പറ്റിയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞുകൊടുത്തിട്ട് അടുത്ത രോഗിയെ നോക്കാനായിരിക്കും ഡോക്ടർ ശ്രമിക്കുക. അതിനേ സാധിയ്ക്കൂ. രോഗിയുടെ ആകുലതകളും സംശയങ്ങളും പൂർണമായും ദൂരീകരിയ്ക്കാനുള്ള ഒരു സംവിധാനം ഇല്ല തന്നെ...
    രോഗികളുടെ ആത്മവിശ്വാസം വർദ്ധിക്കാനും ആശങ്കയില്ലാതെ ചികിത്സയെ സമീപിക്കാനും ഇത്തരം മുഖാമുഖ ചർച്ചകൾ സഹായിക്കും. അത് ചികിത്സയെ പോസിറ്റീവായി മാത്രമേ സ്വാധീനിക്കൂ എന്ന് പറയണ്ടല്ലോ. ഡോക്ടർ-രോഗീ, രോഗി- ആശുപത്രി, രോഗി-ചികിത്സവിധികൾ തുടങ്ങിയ പലതലത്തിലുള്ള ബന്ധങ്ങളെ അത് പോസിറ്റീവായി സ്വാധീനിക്കും. പലപ്പോഴും ആശയവിനിമയത്തിലെ അപാകതകളാണ്, അവസരമില്ലായ്മയാണ് ഡോക്ടർ- രോഗീ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് . ആ വിടവ് നികത്താൻ ഇത്തരമൊരു വ്യക്തിക്ക് സാധിക്കും.സർവ്വോപരി ഓരോ രോഗിക്കും, അതിലൂടെ സമൂഹത്തിനാകെയും ശാസ്ത്രീയമായ, ശരിയായ ചികിത്സ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാം. അറിവില്ലായ്മ കാരണം ആളുകൾ എളുപ്പവഴികൾ തേടിപ്പോയി ചതിക്കുഴികളിൽ വീഴുന്നത് ഒഴിവാക്കാം.

    ReplyDelete