Friday, 15 September 2017

HIV പകർന്നത് RCC യുടെ അനാസ്ഥയോ?
RCC യിൽ ചികിത്സയിലിരിക്കുന്ന 9 വയസുള്ള കുഞ്ഞിന് രക്തം സ്വീകരിച്ചതിനെ തുടർന്ന് HIV ബാധയുണ്ടായതായുള്ള വാർത്തയും, അതിനോടുള്ള പ്രതികരണങ്ങളും കണ്ടു. പൊതുവേ നമ്മുടെ സമൂഹം സമചിത്തതയോടെ തന്നെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നത് ആശ്വാസകരമാണ്. എന്നാലും ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് തന്നെ തോന്നുന്നു.

രതതാർബുദത്തിനുള്ള ചികിത്സയുടെ ഭാഗമായി കുഞ്ഞിന് നിരവധി തവണ രക്തമോ, രക്തഘടകങ്ങളോ നൽകുകയുണ്ടായിട്ടുണ്ട്. സമീപകാലത്ത് നടത്തിയ ടെസ്റ്റിൽ HIV ബാധയെ കുറിച്ച് സംശയം ഉണ്ടാവുകയും തുടർന്ന് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ തുടർ പരിശോധനയിൽ രോഗബാധ സ്ഥീരികരിക്കുകയുമാണ് ഉണ്ടായത്. ഇത് ഏറെ നിർഭാഗ്യകരവും, വേദനിപ്പിക്കുന്നതുമായ സംഭവമാണെന്നതിൽ തർക്കമില്ല. എന്നാൽ അനാസ്ഥ ആരോപിക്കും മുമ്പ് അറിയേണ്ട ചില ശാസ്ത്രസത്യങ്ങളുണ്ട്.

HIV ബാധിക്കുന്ന ഒരാളിൽ, രോഗബാധയുണ്ടായി കുറച്ചുനാളുകൾ കഴിഞ്ഞാലേ ടെസ്റ്റുകളിൽ അത് തെളിയുകയുള്ളൂ.. ശരീരത്തിൽ രോഗാണു പ്രവേശിച്ച ശേഷം ടെസ്റ്റ് പോസറ്റീവ് ആകുന്നത് വരെയുള്ള സമയത്തെ വിൻഡോ പിരിയഡ് (window period) എന്നാണ് പറയുന്നത്. രക്ത ബാങ്കുകളിൽ HIV ബാധ തിരിച്ചറിയാൻ നമ്മൾ നൽകുന്ന ഓരോ യൂണിറ്റ് രക്തവും ടെസ്റ്റ് പരിശോധനകൾക്ക് വിധേയമാകാറുണ്ട്. എന്നാൽ സാധാരണ ചെയ്യുന്ന ടെസ്റ്റുകളുടെ (ELISA test) വിൻഡോ പിരിയഡ് ഏതാണ്ട് മൂന്ന് മാസം വരെയാകാം. അതായത് HIV യുടെ അണുബാധ സമീപകാലത്തുണ്ടായ ഒരാളിൽ രക്തത്തിൽ HIV വൈറസ് ഉണ്ടെങ്കിലും, ടെസ്റ്റിൽ അത് പോസിറ്റീവായി കാണിക്കണമെന്നില്ലാ. ഈ രക്തം ലഭിയ്ക്കുന്ന ആൾക്ക് HIV ബാധയുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒരു പോരായ്മ തന്നെയാണ്. ഇത് തരണം ചെയ്യുവാനായി കൂടുതൽ നേരത്തെ രോഗം തിരിച്ചറിയുവാൻ സഹായിക്കുന്ന ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്. ഈ ടെസ്റ്റുകൾക്ക് എന്നാൽ ചിലവ് വളരെ കൂടുതലാണ്. ഏറ്റവും പുതിയ ടെസ്റ്റുകൾക്കും (NAAT) ഏതാണ്ട് 1-2 ആഴ്ചത്തെ വിൻഡോ പിരിയഡ് ഉണ്ട്. അതായത് നിലവിലുള്ള ഒരു ടെസ്റ്റ് വച്ചും 10 ദിവസത്തിനുള്ളിൽ ഒരാളിൽ ബാധിച്ചിരിക്കുന്ന HIV അണുവിനെ കണ്ടെത്താനാകില്ല എന്നർത്ഥം.അപ്പോൾ പിന്നെ എന്ത് ധൈര്യത്തിൽ രക്തം സ്വീകരിക്കും? ഇത് തീർത്തും പ്രസകതമായ സംശയം തന്നെ. രക്തം സ്വീകരിക്കുന്നത് വഴിയുള്ള HIV അണുബാധാസാധ്യത കുറയ്ക്കാൻ ഈ പറയുന്ന മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.

1. സ്വമേധയായുള്ള രക്തദാനം (voluntary blood donation) പ്രോഹത്സാഹിപ്പിക്കണം. പൈസയ്ക്കു വേണ്ടിയുള്ള ദാതാക്കളെ (Professional blood donors) നിരുത്സാഹപെടുത്തണം.

2. രോഗ സാധ്യത കുറവാണെന്ന് നമുക്ക് നേരിട്ടുള്ള ബോധ്യമുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് കഴിയുന്നതും രക്തം സ്വീകരിക്കണം.

3. രക്തവും, ചേരുവകളും (blood components) സ്വീകരിക്കുന്നത് അത്യാവശ്വമെങ്കിൽ മാത്രം മതി.

4. ചിലവ് കൂടുമെങ്കിലും ഏറ്റവും പുതിയ ടെസ്റ്റുകൾ ഉപയോഗിക്കുന്നത് വിൻഡോ പിരിയഡ് കുറയ്ക്കുവാൻ സഹായിക്കും.

വിവാദങ്ങളല്ല വസ്തുതകളെ കുറിച്ചുള്ള ശാസ്ത്രീയ അവബോധമാണ് നമുക്ക് വേണ്ടത്. രക്ത പരിശോധന നടത്താതെയാണ് RCC യിൽ നിന്ന് കുഞ്ഞിന് രക്തം നല്കിയതെങ്കിൽ അത് അനാസ്ഥയാണ്, കടുത്ത നടപടികൾ അനിവാര്യവുമാണ്. RCC യിലെ രക്തബാങ്ക് ദേശീയ നിലവാരത്തിലുള്ളതാണ്. ഒരോ യൂണിറ്റു ബ്ലഡും എല്ലാ പരിശോധനകൾക്കും (ടെസ്റ്റുകൾ)  ശേഷമാണവിടെ നൽകുന്നത്.

വിൻഡോ പിരിയഡിൽ ഉണ്ടാകുന്ന അണുബാധ നിർഭാഗ്യകരമാണ്, എന്നാൽ അതിന് ആശുപത്രിയെ പഴിക്കാൻ കഴിയില്ല.
നമുക്ക് HIV യെ അറിഞ്ഞ്, ശാസ്ത്രീയമായി മാത്രം ചിന്തിക്കാം. HIV പകരാതിരിക്കാൻ  ഒരുമിച്ച് പരിശ്രമിക്കാം.

രക്തദാനത്തെ പറ്റി വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്കാം.


1 comment:

  1. വിവാദങ്ങളല്ല വസ്തുതകളെ കുറിച്ചുള്ള ശാസ്ത്രീയ അവബോധമാണ് നമുക്ക് വേണ്ടത്. രക്ത പരിശോധന നടത്താതെയാണ് RCC യിൽ നിന്ന് കുഞ്ഞിന് രക്തം നല്കിയതെങ്കിൽ അത് അനാസ്ഥയാണ്, കടുത്ത നടപടികൾ അനിവാര്യവുമാണ്. RCC യിലെ രക്തബാങ്ക് ദേശീയ നിലവാരത്തിലുള്ളതാണ്. ഒരോ യൂണിറ്റു ബ്ലഡും എല്ലാ പരിശോധനകൾക്കും (ടെസ്റ്റുകൾ) ശേഷമാണവിടെ നൽകുന്നത്.

    വിൻഡോ പിരിയഡിൽ ഉണ്ടാകുന്ന അണുബാധ നിർഭാഗ്യകരമാണ്, എന്നാൽ അതിന് ആശുപത്രിയെ പഴിക്കാൻ കഴിയില്ല.
    നമുക്ക് HIV യെ അറിഞ്ഞ്, ശാസ്ത്രീയമായി മാത്രം ചിന്തിക്കാം. HIV പകരാതിരിക്കാൻ ഒരുമിച്ച് പരിശ്രമിക്കാം.

    ReplyDelete

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..