ഓണത്തിന് പിന്നിലെ യഥാർത്ഥചരിത്രം


പ്രിയരേ, മാവേലിയുടെയും വാമനന്റെയും കഥ വെറും കെട്ടുകഥയല്ലാ. ഒക്കെ ഒള്ളതാണ്. പക്ഷേ കഥ നടക്കുന്നത് കേരളത്തിന്റെ തെക്കോ വടക്കോ കിഴക്കോ പടിഞ്ഞാറോ ഒന്നുമല്ലാ. ഒത്ത നടുക്കാണ്. നടുമധ്യത്തിലാണ്. അങ്ങ് കൊച്ചീല്. യഥാർത്ഥ സംഭവത്തിൽ പക്ഷേ, അവതാരപുരുഷന്മാരോ അവിശ്വസനീയമായ ചവിട്ടിത്താഴ്ത്തൽ ബാലേ രംഗങ്ങളോ ഒന്നുമുണ്ടായിരുന്നില്ലാ. ചില പച്ചയായ മനുഷ്യരുടെ പച്ചയായ ജീവിതചിത്രം മാത്രം.  ഒരുകൂട്ടം സ്ഥലനാമചരിത്രകാരന്മാർ സ്ഥാപിച്ച വാട്സാപ്പ് യൂണിവേഴ്സിറ്റിയുടെ (ആധികാരികമായ അറിവുകൾ അവിടെയാണല്ലോ നിർമ്മിക്കുന്നത്) ഗവേഷണ ഫലമായിട്ടാണ് കൊച്ചിയ്ക്ക് വടക്കായും, ആലുവാപ്പുഴയ്ക്കിപ്പുറമായിട്ടും ഉറങ്ങിക്കിടക്കുകയായിരുന്ന ആ ചരിത്രം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഇതാണാ പറഞ്ഞ ചരിത്രരേഖ. ഇന്നത്തെ കേരളത്തെ നൂറായിരം തുണ്ടുതുണ്ടു രാജ്യങ്ങളായി ചിന്നചിന്ന രാജാക്കന്മാര് ഭരിച്ചിരുന്ന ജനാധിപത്യം വഴിഞ്ഞൊഴുകിയിരുന്ന രാജഭരണകാലം. കൊച്ചീ സാമ്രാജ്യത്തിലെ HMT കോളനി എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു സഖാവ് P. മാവേലി. HMT എന്നുപറഞ്ഞാൽ His Highness Maveli Thampuran എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു. ഇന്നത്തെ HMT ജംഗ്ഷനായിരുന്നത്രേ അദ്ദേഹത്തിന്റെ അന്നത്തെ തലസ്ഥാനം. പ്രജാക്ഷേമ തത്പരനായ മാവേലിത്തമ്പുരാന്റെ ഖ്യാതി പുഷ്പകവിമാനം വഴി (അന്നൊക്കെയെല്ലാരും ബിമാനത്തിലായിരുന്നല്ലോ പാലുവാങ്ങാൻ വരെ പോയിരുന്നത്) അങ്ങ് ഇടപ്പള്ളിയിലും വൈറ്റിലയിലും വരെ പടർന്നു. ഭാവിയിൽ തങ്ങളുടെ നാട്ടിൽ വരാനിരിയ്ക്കുന്ന ലുലുമാളും Q Cinemas സുമൊക്കെ മതേതര മാവേലിയുടെ HMT കോളനിയിലേയ്ക്ക് പോയേയ്ക്കുമോയെന്ന് അവിടുത്തെ രാജാക്കന്മാർ സ്വാഭാവികമായും ഭയന്നു. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നവർ ഉറപ്പിച്ചു. ഒരുകൈ സഹായമഭ്യർത്ഥിച്ച് അവർ പോയത് തൃക്കാക്കര കോവിലകത്തെ വാമനൻ നമ്പൂതിരിയുടെ അടുത്തേക്കാണ്. പിന്നെയവിടെ നടന്നത് ലോകത്തെ തന്നെ ഞെട്ടിച്ച, ലോകചരിത്രം തന്നെ മാറ്റിയെഴുതിയ ക്രിമിനൽ ഗൂഢാലോചനയാണ്. (സെൽഫികളും ടവർ ലൊക്കേഷനുമടക്കമുള്ള തെളിവുകൾ വാട്സാപ്പ് യൂണിവേഴ്സിറ്റി ശേഖരിച്ചിട്ടുണ്ട്)


സാത്വികനായ P. മാവേലിയെ അക്കാലത്ത് നാട്ടുരാജ്യങ്ങളിൽ പ്രസിദ്ധമായിരുന്ന നിൽപ്പനടി മത്സരത്തിൽ വെല്ലുവിളിക്കാനായിരുന്നു അവരുടെ പ്ലാൻ. മുല്ലപ്പന്തൽ ഷാപ്പിലെ നല്ലൊന്നാന്തരം ചിൽഡ് കള്ളാണെന്നും പറഞ്ഞായിരുന്നു അദ്ദേഹത്തെയവർ പ്രലോഭിപ്പിച്ചത്. ചതി മനസിലാക്കാതെ മത്സരിക്കാൻ തന്നെ മാവേലിത്തമ്പുരാൻ തീരുമാനിച്ചു. ഒന്നടിച്ചു, അദ്ദേഹത്തിന് ഭൂമി മൊത്തം കറങ്ങുന്നപോലെ തോന്നി. രണ്ടാമത്തേതിൽ ആകാശം തന്നെ താഴേയ്ക്കിറങ്ങി വന്ന പോലായിരുന്നു. മൂന്നാമത്തെ അടിയിൽ ആദ്യം തല പിളർന്നുപോകുന്ന പോലെ തോന്നി. പിന്നെ ഒന്നും കാണാൻ വയ്യാതായി. ചുറ്റും ഇരുട്ട്. കണ്ണടിച്ചുപോയി. സത്യത്തിൽ അവർ അദ്ദേഹത്തിന് നൽകിയത് നല്ലൊന്നാന്തരം വ്യാജനായിരുന്നു.

കാഴ്ച നഷ്ടപ്പെട്ട അദ്ദേഹത്തെ അവർ പ്രീമിയർ ജംഗ്ഷൻ വഴി വലിച്ചിഴച്ച് നാലുമൈലപ്പുറത്തെ പാതാളമെന്ന സ്ഥലത്തുകൊണ്ടാക്കി. അവിടെയെത്തുമ്പോഴാണ് അദ്ദേഹത്തിന് ബോധം വരുന്നതും ഇതിനുപിന്നിലെ ചതി മനസിലാകുന്നതു പോലും. സങ്കടം കൊണ്ടു കരയുകയായിരുന്ന അദ്ദേഹത്തിന് ഒടുവിൽ, വർഷത്തിലൊരിക്കൽ HMT യിൽ വന്ന് തന്റെ പ്രജകളെ കാണാനുള്ള അനുമതിയവർ നൽകി. (ദിലീപിനോട് ആലുവ മജിസ്ട്രേറ്റ് പറഞ്ഞപോലെ, പെട്ടന്ന് പോയി, പെട്ടന്നിങ്ങ് വരണം എന്ന സ്റ്റൈലിൽ).കഥയുടെ ട്വിസ്റ്റ് ഇതൊന്നുമല്ലാ. അന്ധനായിപ്പോയ മാവേലിയ്ക്ക് പിന്നൊരിക്കലും HMT കോളനിയിലേക്ക് തിരികെയെത്താൻ കഴിഞ്ഞില്ലാ. എല്ലാവർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് പാതാളത്തീന്ന് പുറപ്പെടും. കണ്ണു കാണാതെ ഏതെങ്കിലും ദിശയിൽ സഞ്ചരിച്ച് എങ്ങോട്ടെങ്കിലുമൊക്കെ പോകും. അങ്ങനെ HMT കോളനിയിലെ തന്റെ യഥാർത്ഥ പ്രജകളെത്തേടിയദ്ദേഹം കേരളദേശമാകെ നടന്നു. മാവേലിയുടെ ഈ വഴിതെറ്റിയ പോക്കും വരവും നാട്ടിലാകെ പാട്ടായി. കാലക്രമേണ, ചിങ്ങമാസത്തിലെ തിരുവോണത്തിന് വഴിതെറ്റിയെങ്കിലും സ്വന്തം നാട്ടിലെത്തുന്ന മാവേലിയെ പ്രതീക്ഷിച്ച് എല്ലാ നാട്ടുകാരും കാത്തിരിയ്ക്കാൻ തുടങ്ങി. ആ കാത്തിരിപ്പ് പിന്നീട് എല്ലാവരും ചേർന്നൊരാഘോഷമാക്കി. ദേശീയോത്സവമാക്കി. കഥകൾക്കു പിറകെ പുതിയ കഥകൾ മെനഞ്ഞൊണ്ടാക്കി കേരളചരിത്രത്തെ, യാഥാർത്ഥ്യങ്ങളെ തന്നെയവർ വളച്ചൊടിച്ചു.

വാട്സാപ്പ് യൂണിവേഴ്സിറ്റിയുടെ ആത്മാർത്ഥത അവിടം കൊണ്ട് തീർന്നില്ലാ. മാവേലി നാടായിരുന്ന HMT കോളനിയുടെ വർത്തമാനചിത്രവും അവർ പഠനവിധേയമാക്കി. വലിയൊരു ചതിയുടെ ദുരന്തസ്മാരകം പോലെ കൊച്ചി മൊത്തം വികസിച്ചിട്ടും HMT കോളനിയിന്നും പഴയപടി തന്നെ തുടരുന്നു. നാട്ടുകാർക്കൊരു നല്ലസമയം (അച്ഛാ ദിൻ) വാഗ്ദാനം നൽകിയിരുന്ന HMT വാച്ച് കമ്പനി അടച്ചുപൂട്ടി. ജനാധിപത്യം വന്നപ്പോൾ തുടങ്ങിയ HMT യിലെ സർക്കാർ മെഡിക്കൽ കോളേജ് ഇടപ്പള്ളിയിലെയും പാലാരിവട്ടത്തെയും സ്വകാര്യക്കാരുടെ ഇടപെടലുകൾ മൂലം വികസനമില്ലാതെ തുടങ്ങിയ അവസ്ഥയിൽ തന്നെയാണിപ്പോഴും. എന്തിന്, കൊച്ചിയിൽ മെട്രോ റെയിൽ വന്നപ്പോഴും, അത് HMT ജംഗ്ഷൻ വഴി കടത്തിവിടാമായിരുന്നിട്ടും നാഷണൽ ഹൈവേ വഴി വിട്ടതുതന്നെ മാവേലിയോടും മാവേലിനാടിനോടും അഭിനവ വാമനന്മാർക്കുള്ള കലിപ്പായി തന്നെയാണ് ചരിത്രാന്വേഷികൾ വീക്ഷിക്കുന്നത്. HMT യുടെ ഫുൾഫോം പോലും മാറ്റിയെഴുതിയില്ലേ പഹയന്മാര്.

ഓണം, വലിയൊരു ഗൂഢാലോചനയുടെ, ചതിയുടെ പ്രായശ്ചിത്തം പോലെ ഇപ്പൊഴും ഘോഷിക്കപ്പെടുന്നു.  പഴയ ആ അച്ഛാദിൻ സ്മരണകൾ പാട്ടുകളായും പലപല കലാരൂപങ്ങളായുമൊക്കെ കാലത്തിന്റെ നെടുവീർപ്പുകളായി മാറുന്നു. ഈ നെടുവീർപ്പിനിടയിലും എല്ലാവർക്കും എന്റെ ഓണാശംസകൾ.

(ഇത്തരം ചരിത്രസത്യങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിച്ച് എല്ലാവരെയും അറിയിക്കുമല്ലോ കൂട്ടുകാരേ..
ഒരു ഷെയർ = ഒരു ഹാപ്പി ഓണം.. :D )

©മനോജ്‌ വെള്ളനാട്

3 comments:

  1. നന്നായി. ഇങ്ങനൊരു ചരിത്രത്തിന്റെ കുറവേ ഉണ്ടായിരിന്നുള്ളൂ

    ReplyDelete
  2. പുതിയ ചരിത്രം നന്നായി..

    ReplyDelete
  3. ഒരു കിണ്ണങ്കാച്ചി പുതിയ ചരിത്രം

    ReplyDelete