മീസിൽസ് റൂബെല്ല വാക്സിനേഷൻ ക്യാമ്പയിൻ


മീസിൽസ്  റൂബെല്ല വാക്‌സിൻ ബോധവത്കരണ ക്ലാസ്  നടന്നു കൊണ്ടിരിക്കുന്നു..
ഒരു അച്ഛന്റെ വകയാണ് ചോദ്യം "ഞങ്ങടെ പിള്ളേർക്ക് എല്ലാ കുത്തിവപ്പും നിങ്ങള് പറയുന്നത് പോലെ കൊടുക്കുന്നതാ, അതില് ഈ മീസിൽസും MMR ഉം ഒക്കെ ഉണ്ടായിരുന്നല്ലോ, പിന്നെന്തിനാ ഞങ്ങടെ പിള്ളേരെ പിന്നേം കുത്തുന്നേ..??”

അടുത്ത മാസം ഒക്ടോബർ 2017 ൽ കേരളക്കരയെമ്പാടും നടക്കാൻ പോകുന്ന മീസിൽസ്-റൂബെല്ല കുത്തിവെപ്പ് യജ്ഞത്തിന്റെ ബോധവത്കരണ പരിപാടിയുമായി സ്കൂൾ PTA കൾ ചുറ്റുമ്പോൾ,  ഇതു പോലെ ഒരായിരം ചോദ്യങ്ങൾ ഞങ്ങൾ നേരിടുന്നുണ്ട്. കുഞ്ഞുങ്ങളെ കുത്താനുള്ള സൂചി കാണുമ്പോൾ ആദ്യം മനസ്സു വിറക്കുന്നത്‌ അവർക്കാണല്ലോ (അതാണല്ലോ ഈ അമ്മമനസ്സ്..! അച്ഛൻമനസ്സും). പോരാത്തതിന് പ്രതിരോധ കുത്തിവപ്പിന്റെ 'പ്ര' കേൾക്കുമ്പോൾ തന്നെ വേണ്ടേ വേണ്ട എന്നു 'വാളി'ൽ പോസ്റ്റുമായി അങ്കപ്പുറപ്പാട് തുടങ്ങുന്ന ചില അഭിനവ അമ്മാവന്മാരുടെ ഫേസ്ബുക്ക് - വാട്സാപ്പ് കുത്തിത്തിരിപ്പും കൂടി ആകുമ്പോൾ പൂർത്തിയായി.... ആകെയൊരു 'കൺഫൂസൻ', വേണോ വേണ്ടയോ....???
ഉത്തരം കൊടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം ആണ്..

ആ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങൾ പറയട്ടെ.

📍എന്താണ് MR ക്യാമ്പൈൻ ?

ഈ വരുന്ന ഒക്ടോബർ മാസത്തിൽ 9 മാസം മുതൽ 15 വയസുവരെ  ഉള്ള കുട്ടികൾക്കു എല്ലാം തന്നെ ഒരു ഡോസ് MRവാക്‌സിൻ നൽകുന്നു.. നമ്മുടെ സംസ്ഥാനത്തു മുഴുവനായി.... (15 വയസ് എന്നു സൗകര്യപ്രദമായി  പറയുന്നെങ്കിലും സ്കൂളിൽ പത്താം ക്‌ളാസ് വരെ ഉള്ള മുഴുവൻ കുട്ടികളേം ഉൾക്കൊള്ളിക്കും)
കാരണം സിമ്പിൾ ആണ് കേട്ടോ ..
'മീസിൽസ്, റൂബെല്ല' ഈ രണ്ടു രോഗങ്ങളേം 2020 ആകുമ്പോളേക്കും നമ്മുടെ നാട്ടീന്ന് ഓടിക്കണം .. പോളിയോയെ വസൂരിയെ ഒക്കെ ഓടിച്ച പോലെ.. (എന്റെ കുട്ടിക്ക് അസുഖം വരാതിരുന്നാൽ മാത്രം പോരാ, അസുഖത്തെ അഥവാ ആ രോഗാണുവിനെ തന്നെ ഈ ലോകത്തൂന്ന് ഓടിക്കണം, 'മുദ്ര' ശ്രദ്ധിക്കണം, പിന്നെ ആവശ്യം വരും)

 ആശാനേ ഇതു ചെറിയ പണി അല്ല വലിയ പണി ആണ് .. ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാക്‌സിനേഷൻ ക്യാമ്പൈൻ .. 41കോടി കുട്ടികളാണ് ഈ പ്രായത്തിൽ ഇന്ത്യയിൽ ..  18മാസ കാലം കൊണ്ട് 4ഘട്ടമായാണ് യമണ്ടൻ  കുത്തിവെപ്പ് മഹാമഹം .. പറഞ്ഞു വന്നതേ, ഒരു ഒന്നൊന്നര പദ്ധതി എന്ന് സാരം. ചരിത്രമല്ലേ പണിയുന്നത്, ആവാതെ തരമില്ല!

📍അപ്പൊ എന്താ ഈ മീസിൽസ്??

നമ്മുടെ നാട്ടിൽ അതിനെ അഞ്ചാംപനി,  കരുവൻ എന്നൊക്കെ പറയും.
ഇതൊരു വൈറസ് പനി ആണ്
നല്ല പനി, ചുമ , മൂക്കൊലിപ്പ് , കണ്ണ് ചുവക്കുക, ശരീരത്തിൽ ചുവന്നു പൊന്തുക ഇവയാണ് ലക്ഷണങ്ങൾ. ഇതു ചുമയിലൂടെയും തുമ്മലിലൂടെയും ആണ് പകരുന്നത് .. വളരെ പെട്ടന്ന് പകരുന്ന ഒരസുഖമാണ് താനും ..
 ജീവന് തന്നെ ഭീഷണി ആകുന്ന ന്യൂമോണിയ, വയറിളക്കം , തലച്ചോറിലെ ഇൻഫെക്ഷൻ, രോഗത്തിൻറ്റെ ഫലമായി ഇവയൊക്കെ വരാനുള്ള സാധ്യത വളരെ കൂടുതലാണ് .. ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യത്തു മീസിൽസ് മൂലമുള്ള മരണസാധ്യത 10% വരെ ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്  ലോകത്തെ മുഴുവൻ മീസിൽസ് മരണങ്ങളുടെ 40% ഉം ഇന്ത്യയിലാണ്. വെള്ളവും വെളിച്ചവും ഇല്ലാത്ത ചില ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ നമ്മളോട് മത്സരിച്ചു ഗപ്പടിക്കാനുള്ളത്. പുകൾപെറ്റ കേരളത്തിലാട്ടെ, 2016ൽ മാത്രം 1627 കുട്ടികൾക്ക് മീസിൽസ് പിടിപെട്ടു, അതിൽ 4 പേർ മരണപ്പെട്ടു (പ്രതിരോധ കുത്തിവപ്പ് കൊടുക്കാതെ കൊലക്ക് കൊടുത്തു..!)

📍എന്താണ് റുബെല്ല??

ഇതും ഒരു വൈറസ് രോഗം തന്നെ ആണ്.. സാധാരണ വൈറൽ പനി പോലെ തന്നെ..ചെറിയ പനി, മേല് വേദന,കുറച്ചു പേർക്ക് ദേഹത്തു ചുവപ്പു പാടുകൾ വരാം.ഒരു പാവം രോഗം! എല്ലാരും അങ്ങനെ തന്നെയാണ് കരുതീരുന്നെ, 1941 വരെ. അപ്പോഴാണ് ജനിച്ചു വീഴുന്ന കുട്ടികൾക്കുണ്ടാകുന്ന തിമിരത്തിന്റെ കാരണം തേടി പോയ ഓസ്ട്രേലിയക്കാരൻ ഡോക്ടർ നോർമന് ഗ്രെഗ് ആ ഭീകര സത്യം കണ്ടെത്തിയത്.  ഗർഭിണിയായിരിക്കുമ്പോൾ റൂബെല്ല വന്നാൽ,
"കൺജനിറ്റൽ റൂബെല്ല സിൻഡ്രോം" എന്ന ഒരു അസുഖവുമായാണ് കുട്ടി പിറന്നു വീഴുക .. ഹൃദയം, ചെവി, കണ്ണ് എന്നിവയ്ക്കുണ്ടാകുന്ന വൈകല്യങ്ങൾക്കു പുറമെ ബുദ്ധിവളർച്ചയിൽ വൈകല്യങ്ങളുമുണ്ടാകും.  അബോർഷനാകാനുള്ള സാധ്യതയും ഏറെ .. അതായതു വൈകല്യമുള്ള കുട്ടികൾ ഉണ്ടാകുന്നതിൽ ഒരു വലിയ കാരണമാണ് ഈ അസുഖം എന്നത്.. (വൈകല്യമുള്ള ഒരു കുട്ടിയെ കാണുമ്പോൾ നാം എപ്പോഴും കാരണം തിരക്കാറുണ്ടോ, ഒരിക്കൽ ഒരു കുട്ടിക്ക് വൈകല്യങ്ങൾ ഉണ്ടാകാൻ കാരണം അമ്മക്ക് ഗർഭാവസ്ഥയിലുണ്ടായ റൂബെല്ലയാണെന്നു ബോധ്യപ്പെട്ടപ്പോൾ പോലും, അതു മാതാപിതാക്കന്മാരോടും മറ്റു ബന്ധുക്കളോടും പറയണ്ട എന്നു ഉപദേശിച്ച ചീഫ് ഡോക്ടറെ ഓർക്കുന്നു. ഒന്ന്, അറിയിച്ചിട്ട് ഒരു ഉപയോഗം ഇല്ല. രണ്ട്, തൻ്റെ അസുഖം കൊണ്ടാണ് കുഞ്ഞിന് വൈകല്യം ഉണ്ടായത് എന്നറിയുന്ന ആ അമ്മയുടെ, മറ്റു ബന്ധുക്കൾക്ക് അമ്മയോടുള്ള, മാനസിക അവസ്ഥകൾ ഒന്നു ആലോചിച്ചു നോക്കൂ. ഇതു പറഞ്ഞതു ഇത്രയൊക്കെ ഉണ്ടോ, ഞാനൊന്നും കണ്ടിട്ടില്ലല്ലോ എന്നു ആശങ്കപ്പെടുന്ന അണ്ണന്മാർക്കു വേണ്ടിയാണ്)

ഇനി റൂബെല്ല എന്ന അസുഖത്തിന്റെ ഭീകരതയെ പറ്റി സംശയം ഉണ്ടേൽ ഗൂഗിൾ ചേട്ടനോടൊന്നു ചോദിക്കുക. അമേരിക്കയിലെ 1964-65 കാലയളവിലെ റൂബെല്ല പകർച്ചവ്യാധി, അതിന്റെ ഭീകരത.. ചുമ്മാ ഒന്ന് സെർച്ച് ചെയ്‌തോളൂ..11000 ത്തിലധികം അബോർഷനുകളും, 2000 ത്തോളും ശിശു മരണങ്ങളും, 30000 ത്തിലധികം വൈകല്യമുള്ള കുഞ്ഞുങ്ങളെയും സൃഷ്ടിച്ചു നടമാടി റൂബെല്ല ഭീകരൻ!

📍ഇപ്പൊ ഈ അസുഖങ്ങൾക്കു എതിരെ നമ്മുടെ കുട്ടികൾക്ക് വാക്‌സിൻ കിട്ടുന്നുണ്ടോ?

ഉണ്ടല്ലോ ...
 9ാം മാസത്തിൽ മീസെൽസും ഒന്നര   വയസിൽ MMR ഉം കിട്ടുന്നുണ്ട് . (MMR കേരളത്തിൽ മാത്രേ ഉള്ളൂട്ടോ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ 1 1/2 വയസിൽ ഒരു രണ്ടാം ഡോസ് measles കുത്തിവെപ്പ് മാത്രേ ഉള്ളൂ)

📍അപ്പൊ ആദ്യം പറഞ്ഞ സംശയം.. എന്റെ കുട്ടിക്ക് ഈ കുത്തിവപ്പെല്ലാം എടുത്തതല്ലേ, പിന്നെന്തിനാ പിന്നേം കുത്തുന്നേ?

അതിനാണ് ആദ്യം ഓർത്തു വക്കാൻ പറഞ്ഞ മുദ്ര. നമ്മുടെ ലക്ഷ്യം ലോകത്തൂന്ന് തന്നെ ഇവന്മാരെ, മീസിൽസ് റൂബെല്ല വൈറസുകളെ, ഓടിക്കുകയാണ്. ഈ ലോകം എന്നു പറേന്നത് 'ഞാനും എന്റെ കുട്ടിയും' മാത്രല്ലല്ലോ. ദാ ഈ ആംഗിളിൽ കൂടൊന്നു നോക്കിയേ, രണ്ടു തവണ മീസിൽസ് അടങ്ങിയ കുത്തിവപ്പെടുത്ത 98% കുട്ടികൾക്കും മീസിൽസിന് എതിരെ ഉള്ള  ആന്റിബോഡികൾ ശരീരത്തിൽ ഉണ്ടാവും (അസുഖം ഉണ്ടാവൂല്ല... അത്രന്നെ). ബാക്കിയുള്ള 2% കുത്തിവപ്പെടുക്കാതെ നടക്കുന്ന ജാങ്കോകൾക്കു സമം. എന്റേയോ നിങ്ങളുടെയോ കുട്ടി ഈ 2% ത്തിൽ ഉണ്ടോ എന്ന് എങ്ങനെ അറിയാം! ദൈവത്തിനറിയാം. ഇനി മോളിലൊട്ടു പോയി ആ മീസിൽസ് രോഗത്തിന്റെ പ്രശ്നങ്ങളെ കുറിച്ചു ഒന്നൂടൊന്നു മനസ്സിരുത്തി വായിച്ചേ, ചങ്കിടിച്ചാ? ഈ ചങ്കിടിപ്പ് മാറണേൽ ലോകത്തു ഒരുത്തനും ഈ രോഗങ്ങൾ വന്നൂടാ, രോഗം നിയന്ത്രണവിധേയമാകണമെന്നു അർത്ഥം. അതിനു സമൂഹത്തിലെ 95% ത്തിന്  എങ്കിലും വേണം പ്രതിരോധശക്തി. അതുകൊണ്ടു മടിച്ചു നിക്കാതെ വച്ചു പിടിച്ചോ കുത്തിവപ്പെടുക്കാൻ, കൂടെ അയലോക്കക്കാരെയും കൂട്ടുകാരെയും ഒക്കെ കൂട്ടിക്കോ!

ഈ ക്യാമ്പൈനു ശേഷം 9 മാസം തികയുമ്പോൾ മീസിൽസിന് മാത്രമുള്ള കുത്തിവെപ്പിന് പകരം MRവാക്‌സിനാകും ഇനി മുതൽ നമ്മുടെ കുട്ടികൾക്ക് ലഭിക്കുക.. പോസ്റ്റ് കാർഡും ഇല്ലൻഡും മാറി വാട്സാപ്പും ഇമെയിലും വന്നില്ലേ, അതു പോലെ വാക്സിനും കാലത്തിനനുസരിച്ച് കോലം കെട്ടും.

📍കുഞ്ഞുങ്ങളിൽ  കൺജനിറ്റൽ റൂബെല്ല സിൻഡ്രോം മാറ്റാൻ പെൺകുട്ടികളെ മാത്രം കുത്തിയാ പോരേന്ന്??

ഒരു കുഞ്ഞു ഉദാഹരണം പറയാം... ഒരു അമ്പലത്തിൽ ഒരു സ്വർണ്ണ  വിഗ്രഹം ഉണ്ടെന്നു വക്കുക... പള്ളിലെ സ്വർണ്ണക്കുരിശോ... . ഇതു കളവുപോകാതിരിക്കാൻ പൂജാരി മാത്രം നല്ലവനായാൽ പോരാ .. അയൽവാസികളും നാട്ടുകാരും അവിടെ വരുന്നവരും എല്ലാം നല്ലവരാവണം
ഈ പറഞ്ഞതിൽ വിഗ്രഹമാണ് ജനിക്കാൻ പോകുന്ന കുട്ടി.. പൂജാരി അമ്മയും....

ഇത് മനസിലാവാത്തവർക്കു ഒരു കണക്കു പറഞ്ഞു തരാം .. 100പേർക്ക് കുത്തിവെപ്പ് എടുത്താൽ (അതിൽ 50ആൺകുട്ടികളും 50പെൺകുട്ടികളും ആണെന്നും വക്കുക) 97%സംരക്ഷണത്തെ ലഭിക്കും അപ്പൊ 3പേർക്ക് അസുഖം വരാനുള്ള സാധ്യത ഉണ്ട്... അതിൽ ഒരാൾ പെൺകുട്ടിയും മറ്റു രണ്ടുപേർ ആൺകുട്ടിയും ആണെന്ന് ഇരിക്കട്ടെ .. അപ്പോൾ ഗർഭകാലത്തു ഈ പെൺകുട്ടിക്കു ഈ രണ്ടുപേരിൽ നിന്നെ അസുഖം വരാൻ സാധ്യത ഉള്ളു... മറിച്ചു ആൺകുട്ടികളെ വാക്‌സിൻ എടുത്തിട്ടില്ലെങ്കിലോ 50+2 പേരിൽ നിന്നും അസുഖം വരാം...... ഈ ചെറിയ 100പേരിൽ നിന്ന് ഇന്ത്യ മുഴുവൻ വരുമ്പോൾ ഏകദേശം പകുതിയോളം...  50കോടി വരുന്ന ആണുങ്ങളിൽ നിന്നും വരാനുള്ള സാധ്യത, അത് ഒഴിവാക്കിയെ പറ്റൂ...
ചുരുക്കത്തിൽ ഒരു രോഗത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ, ആ രോഗം വരാൻ സാധ്യത ഉള്ള 90% പേരും പ്രതിരോധ ശക്തി കൈവരിക്കണം, അവിടെ ആണ്-പെണ്ണ് വ്യത്യാസമില്ല.
ഇതു റൂബെല്ലയുടെ കാര്യം മാത്രമാണെ, മീസിൽസും അതിന്റെ കുഴപ്പങ്ങളും രണ്ടു കൂട്ടർക്കും ഒരേപോലെ വരും. ഇപ്പൊ ആൺകുട്ടികളെ കുത്തുന്നത് എന്തിനാണ് എന്നു ചോദിക്കില്ലലോ അല്ലെ??

ആദ്യം സൂചിപ്പിച്ച അമ്മാവന്മാരും അങ്കിൾമാരും വാക്‌സിൻ ക്യാമ്പൈൻ എന്നു കേട്ടപ്പോളെ പതിവ് ഗുണ്ടുകളായ വന്ധ്യതാ, ഓട്ടിസം, മരുന്ന് മാഫിയ തുടങ്ങിയവയുമായി സീൻ പിടിച്ചിട്ടുണ്ട്. അണ്ണന്മാരെ, പണ്ട് പൾസ് പോളിയോ തുടങ്ങിയപ്പോൾ കുറച്ച് കാലം വന്ധ്യത, ജനസംഖ്യ കുറയ്ക്കൽ  എന്നൊക്കെ പറഞ്ഞു നടന്നത് നിങ്ങള് തന്നെ അല്ലിയോ, ഇപ്പൊ അതേ പോളിയോ തുള്ളി മരുന്ന് കുടിച്ച പിള്ളാരാണ് ഒന്നും രണ്ടും മൂന്നും പിള്ളാരുമായി MR കൊടുക്കാൻ ക്യൂവിൽ നിക്കുന്നേ... അതോണ്ട് വെറുതെ സമയം മെനക്കെടുത്തതെ പോയേ...

1985 മുതലേ ഇന്ത്യയിൽ സാമാന്യം വൃത്തിയായി തന്നെ പ്രതിരോധ കുത്തിവെപ്പ് പരിപാടി നടക്കുന്നുണ്ട്, പ്രത്യേകിച്ചും കേരളത്തിൽ. ഇനി ഒരു 35 വയസിനു താഴെ ഉള്ള അപ്പനമ്മമാരെല്ലാം ഒന്നു നന്നായി തലേ തട്ടി നോക്കിയേ, നിങ്ങക്കാർക്കേലും ഒണ്ടാ ഈ പറയുന്ന ഓട്ടിസം. ഈ വാക്‌സിൻ-ഓട്ടിസം തിയറി ഒക്കെ തെളിവ് സഹിതം പണ്ടേ ഒടിച്ചു മടക്കി ദൂരേ എറിഞ്ഞതാ മിടുക്കന്മാര്. ഫ്രോഡ് പണി കാണിച്ചു ആളുകളെ പറ്റിച്ചതിന് ആ തിയറി ഉണ്ടാക്കിയ ആളുടെ ഡോക്ടർ ഡിഗ്രി തന്നെ എടുത്തു കളഞ്ഞു.
നമ്മുടെ അമ്മാവന്മാരൊക്കെ ജന്മനാ ഫ്രോഡുകളും 'വ്യാജ' പട്ടത്തിൽ അഭിമാനിക്കുന്നവരും ആക കൊണ്ടു അതൊരു വിഷയമല്ല.


 പിന്നെ ഇക്കണ്ട വാക്‌സിൻ ഒക്കെ Made in India തന്നെ. അല്ലാതെ Bill Gates ഉണ്ടാക്കി, വിഷം നിറച്ചു കൊണ്ടു തള്ളുന്നതൊന്നും അല്ല. അപ്പൊ ഈ 'ആഗോള മരുന്നു മാഫിയ'? ആ അതുണ്ട് കേട്ടാ, രോഗങ്ങൾ ക്കെതിരെ സാധ്യമായ പ്രതിരോധം ഒന്നും എടുക്കാതെ കയ്യും വീശി show കാണിച്ചു നടന്ന്, പിള്ളേർക്കു അസുഖം പിടിക്കുമ്പോൾ കൈ നിറയെ മരുന്നുമായി വന്നു നിങ്ങളെ മാടി വിളിക്കും, ഫലം : ധനനഷ്ടം, ആരോഗ്യ നഷ്ടം, മാനഹാനി...
ഒന്ന്  രണ്ടു കാര്യങ്ങൾ കൂടി...

1. മുകളിൽ പറഞ്ഞ രണ്ടു അസുഖങ്ങളും വന്നാൽ അവക്കായി പ്രതേകിച്ചു ചികിത്സകൾ ഒന്നും തന്നെ ഇല്ല .. അപ്പോ പ്രതിരോധമാണ് മാർഗം💪🏻

2. വാക്‌സിൻ പൂർണമായും സൗജന്യമാണ് .

3. പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികളിൽ ഈ അസുഖം വരാനുള്ള സാധ്യത ഏറെ ആണ് താനും.

4. ഇതു മരുന്നു മാഫിയ മരുന്ന് പരീക്ഷണത്തിന് കെട്ടിയിറക്കിയ പുതിയ വാക്‌സിൻ ഒന്നും അല്ലാട്ടോ, മുമ്പ് എടുത്തിട്ടുള്ളത് തന്നെയാണ് .. ഒന്നര വയസിൽ എടുക്കുന്ന MMR ഇഞ്ചക്ഷനിൽ മീസിൽസ്, മുണ്ടിനീര്‌ , റൂബെല്ല എന്നീ മൂന്ന് അസുഖങ്ങൾക്കും ഒള്ള വാക്‌സിൻ ഉണ്ടുട്ടോ ...  ഒരു ക്യാമ്പൈൻ ആയി ഒരുപാട് കുട്ടികൾക്ക് ഒരുമിച്ചു കൊടുക്കുന്നു എന്നേയുള്ളു. പേടി ഒന്നും വേണ്ടാന്ന് .. അച്ഛനമ്മമാർക്ക്

ഇതേ വാക്‌സിൻ ഇന്ന് നമ്മൾ കൊടുക്കുന്നത് പോലെ തന്നെ ഉപയോഗിച്ചാണ് അമേരിക്കന് ഭൂഖണ്ഡങ്ങളിൽ  മീസിൽസും റൂബെല്ലയും ഇന്ന് നിയന്ത്രണ വിധേയമായിരിക്കുന്നത്.

5. ചെറിയ പനി, ചുമ ഒന്നും ഒരു പ്രശ്നം അല്ലാട്ടോ.. ധൈര്യമായി ഇൻജെക്ഷൻ എടുത്തോളൂ.
 (അന്നേ ദിവസം സ്കൂളിൽ വരാൻ ആരോഗ്യമുള്ള കുട്ടിക്ക് വാക്‌സിൻ എടുക്കാനുള്ള ആരോഗ്യവും ഉണ്ട്)
പക്ഷെ ഹോസ്പിറ്റലിൽ അസുഖമായി അഡ്മിറ്റ് ആയിട്ടുള്ളവരെ ഒഴുവാക്കാട്ടോ. അതുപോലെ സ്റ്റീറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ, കാൻസർ ചികിത്സ ലഭിക്കുന്ന കുട്ടികൾ, മുൻപ് MMR/മീസിൽസ് കുത്തിവപ്പുകൾ എടുത്തപ്പോൾ അലർജി ഉണ്ടായവർ അവർക്കൊക്കെ ഒഴിവുണ്ട്.കുഞ്ഞു അലർജി തുമ്മൽ, ചുമ ആസ്ത്മ, തൊലിപ്പുറത്തുള്ള അലർജികൾ ഉള്ളവരോ, ഇവക്കൊക്കെ സ്ഥിരം മരുന്ന് കഴിക്കുന്നതോ ആയ കുട്ടികൾ, ഇവർക്കെല്ലാം ധൈര്യമായി വാക്‌സിൻ കൊടുക്കാം.

ഒരു കുഞ്ഞി കണക്കു കൂടി പറയട്ടെ
ഇന്ത്യയിൽ ഏകദേശം 49200 കുട്ടികൾ ഓരോ വർഷവും മീസിൽസ് മൂലം മരിക്കുന്നു... 40000 കുട്ടികൾ  കൺജനിറ്റൽ  റൂബെല്ല സിൻഡ്രോമുമായി ജനിക്കുന്നു. ഇപ്പൊ ഇതിന്റെ ഗൗരവം മനസിലായി കാണുമല്ലോ അല്ലേ?? ഓരോ കുരുന്നു ജീവനും വിലപ്പെട്ടതാണ് ..

അപ്പൊ ഇനി കേരളത്തിലെ കാര്യത്തിലേക്കു വരാം.. ഒക്ടോബർ 3ന് കേരളത്തിലെ മീസിൽസ് റൂബെല്ല കാമ്പയിൻ തുടങ്ങും .. 5 ആഴ്ച ആണുട്ടോ .. ആദ്യ രണ്ടു ആഴ്ച സ്കൂൾ , പിന്നെത്തെ രണ്ടാഴ്ച അംഗൻവാടികൾ കേന്ദ്രീകരിച്ചും ..

അപ്പോ തീർച്ചയായും എല്ലാവരും 9മാസത്തിനും 15വയസിനും ഇടയിലുള്ള കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുമല്ലോ അല്ലേ??

ഏറ്റവും അവസാനത്തെ ചോദ്യം, ഇനിയും വരുമോ ഈ വഴിയേ രോഗ നിർമാർജന യജ്ഞങ്ങളുമായി?
ഉത്തരം അത്ര സിംപിൾ അല്ല, എന്നാലും അറിഞ്ഞോളുക. എല്ല രോഗങ്ങളും നമുക്ക് ഭൂമുഖത്തോന്നു തുടച്ചു നീക്കാൻ പറ്റില്ല. അതിനു രോഗം നമുക്ക് എളുപ്പം തിരിച്ചറിയാൻ സാധിക്കണം, മനുഷ്യനല്ലാതെ മറ്റൊരു ജന്തുവിലും ഈ രോഗമോ രോഗാണുവോ ഉണ്ടാവാൻ പാടില്ല, വളരെ ഫലപ്രദമായ, 90-95% പേരെയെങ്കിലും സംരക്ഷിക്കാൻ കഴിയുന്ന വാക്‌സിൻ ലഭ്യമായിരിക്കണം, അതു എല്ലാവർക്കും കൊടുക്കാൻ എളുപ്പവും സുരക്ഷിതവും ആയിരിക്കണം. ഈ ലിസ്റ്റ് സാധൂകരിച്ച ആളായിരുന്നു വസൂരി, അവൻ പോയി. പോളിയോ പോകാൻ ഒരുങ്ങി നിൽക്കുന്നു. അടുത്തത് മീസിൽസും റൂബെല്ലയുമാണ്. ലിസ്റ്റിൽ താഴോട്ടു മലേറിയ പോലുള്ള അസുഖങ്ങളും ഉണ്ട്. അതുകൊണ്ടു ഇനിയും പ്രതീക്ഷിക്കാം.

സുഹൃത്തുക്കളെ വരാൻ പോകുന്ന ഒരു തലമുറയെ കുറിച്ചല്ല .. ജന്മം നൽകേണ്ടവർ അതിനെ പറ്റി പോലും ചിന്തിച്ചിട്ടില്ലാത്ത ഒരു തലമുറയുടെ ആരോഗ്യത്തെ കുറിച്ചാണ് നമ്മൾ പറയുന്നത് . നമ്മുടെ കുട്ടികളുടെ മാത്രമല്ല വർഷങ്ങൾക്കു ശേഷം ജനിക്കുന്ന അവരുടെ കുട്ടികളുടെ കൂടി ആരോഗ്യത്തെ പറ്റി. അവർക്കു വൈകല്യങ്ങൾ വരാതിരിക്കാൻ വേണ്ടി. നമ്മൾ ഒന്നിച്ചു ഇപ്പോൾ സ്വപ്നം കാണുകയും ആ സ്വപ്നം നടപ്പിലാക്കാൻ ഇത്ര സമഗ്രമായ ഒരു പദ്ധതി നടത്തുകയും ചെയ്യുന്നു. അവസാനം പറഞ്ഞ ഒരു വരി മതി ഇത് എത്രമാത്രം ശ്രമകരമെന്നു മനസിലാക്കാൻ ..

ഈ പഴയ തറവാടുകളിൽ ഒക്കെ കേറി ചെല്ലുമ്പോൾ തോന്നുന്ന ഒരു സുഖമില്ലേ, നമുക്ക് മുൻപ് എന്നോ ജനിച്ചു മരിച്ച തലമുറ നമുക്ക് ബാക്കി വച്ചു പോയ  സ്നേഹം, സുരക്ഷിതത്വം.. അതിന്റെ ഒരു കുളിർമ.. നിങ്ങളുടെ മക്കളുടെ മാത്രം അല്ല അവരുടെ മക്കളും മക്കളുടെ മക്കളും നാളെ നിങ്ങളെ കുറിച്ചോർത്തു അങ്ങനെ അഭിമാനിക്കട്ടെ, എന്റെ വല്യപ്പൂപ്പനും വല്യമ്മൂമയും ഒക്കെ ഇതിനോട് സഹകരിച്ചത് കൊണ്ടു ഞങ്ങൾക്ക് കാണാൻ പോലും ഇന്ന് റൂബെല്ലയെ അഞ്ചാംപനിയോ ഇല്ലല്ലോന്ന്....

സഹകരിക്കുക പങ്കാളിയാവുക..
കുഞ്ഞിക്കാൽവെപ്പുകൾ സുരക്ഷിതമാവട്ടെ, എന്നും എപ്പോഴും....

(കടപ്പാട്- അമൃതകിരണം)

3 comments:


 1. കുഞ്ഞിക്കാൽവെപ്പുകൾ സുരക്ഷിതമാവട്ടെ, എന്നും എപ്പോഴും....
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete
 2. എന്റെ അമ്മി ആവശ്യമായ എല്ലാ കുത്തുവെയ്പ്പുകളും യഥാവിധി എടുത്തിരുന്നതുകൊണ്ടാണു ഞങ്ങൾ മക്കൾ മൂന്നാളും നിവർന്ന് നടക്കുന്നത്‌ എന്ന് ഇപ്പോളാണു തിരിച്ചറിയുന്നത്‌.പാവം.!!പണമില്ലാതിരുന്ന ആ കാലത്ത്‌ ഇഞ്ജക്ഷനു പൈസയുണ്ടാക്കാൻ പെട്ട പാടൊക്കെ അടുത്ത കാലത്താണു പറഞ്ഞുതന്നത്‌.

  ReplyDelete
 3. അണ്ണന്മാരെ ...
  പണ്ട് പൾസ് പോളിയോ തുടങ്ങിയപ്പോൾ
  കുറച്ച് കാലം വന്ധ്യത, ജനസംഖ്യ കുറയ്ക്കൽ എന്നൊക്കെ
  പറഞ്ഞു നടന്നത് നിങ്ങള് തന്നെ അല്ലിയോ, ഇപ്പൊ അതേ
  പോളിയോ തുള്ളി മരുന്ന് കുടിച്ച പിള്ളാരാണ് ഒന്നും രണ്ടും മൂന്നും
  പിള്ളാരുമായി MR കൊടുക്കാൻ ക്യൂവിൽ നിക്കുന്നേ... അതോണ്ട്
  വെറുതെ സമയം മെനക്കെടുത്തതെ പോയേ...

  ReplyDelete