രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്


ഇന്ന് നമ്മുടെ രാജ്യത്ത് വീണ്ടും രാഷ്ട്രപതി തെരഞ്ഞെടുപ്പാണല്ലോ. അങ്ങ് ഡൽഹിയിലെ റയ്സിനാ കുന്നിനു മുകളിൽ ല്യൂട്ടൻസ് സായിവ് പണിഞ്ഞ രാഷ്ട്രപതിഭവനത്തിലേയ്ക്ക് പതിനാലാം നമ്പർ പ്രഥമപൗരനായി ഒരാളെ ഇന്ന് തെരഞ്ഞെടുക്കണം. രാജേന്ദ്രപ്രസാദ് മുതൽ പ്രണബ് മുഖർജി വരെ പതിമൂന്ന് പേരെ നമ്മൾ അവിടെ കുടിയിരുത്തി. ജൂലൈ 25 ന് പ്രണബ് മുഖർജി പടിയിറങ്ങുമ്പോൾ പുതിയൊരു പ്രതിഷ്ഠ നടത്തണം. നമ്മള്‍ പൊതുജനത്തിന് ഇതിലെന്താണ് റോൾ? ശരിക്കും പറഞ്ഞാ റോളൊന്നുമില്ലാ..
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കെ. ആർ. നാരായണൻ ഇന്ത്യൻ പ്രസിഡന്റാകുന്നത്. അന്ന് സ്കൂളിൽ പായസവിതരണമൊക്കെ ഉണ്ടായിരുന്നു. അന്നേ തോന്നിയ സംശയമായിരുന്നു, ആരാണിദ്ദേഹത്തെ തെരഞ്ഞെടുത്തത്? ഇലക്ഷനൊന്നും നടന്നില്ലല്ലോ, എങ്ങനെയാണിദ്ദേഹത്തെ തെരഞ്ഞെടുത്തത്? അതിനു കണ്ടെത്തിയ ഉത്തരമാണീ പോസ്റ്റ്.

എങ്ങനെയാണ് ഇന്ത്യൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്?
            പാർലമെന്റിലെ ഇരു സഭകളിലെയും നോമിനേറ്റഡ് ഒഴികെയുള്ള അംഗങ്ങളും സംസ്ഥാന നിയമസഭാംഗങ്ങളും ചേർന്ന ഒരു ഇലക്‌‌റ്ററൽ കോളേജ് ആണ് ഇന്ത്യയുടെ പ്രഥമപൗരനെ തിരഞ്ഞെടുക്കുക. ലോക്‌സഭയിലെ 543 എംപിമാരും രാജ്യസഭയിലെ 233 എംപിമാരും ചേർന്നാൽ 776 പേർ. കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി എന്നിവയടക്കം ഇന്ത്യയിലെ സംസ്ഥാന നിയമസഭകളിലെ അംഗങ്ങളുടെ എണ്ണം 4120. അങ്ങനെ ആകെമൊത്തം 4896 വോട്ടർമാരാണ് ഈ ഇലക്റ്ററൽ കോളേജിലുള്ളത്.
            എന്നാൽ ഈ 4896 ൽ നിന്ന് ഏറ്റവുമധികം വോട്ട് കിട്ടുന്ന ആളല്ലാ ജയിക്കുന്നത്. ഓരോ വോട്ടർമാരുടെയും സ്ഥാനവും (MP/MLA), MLA ആണെങ്കിൽ അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനവുമനുസരിച്ച് അവരുടെ വോട്ടിന് ഒരു മൂല്യം നിർണയിച്ചിട്ടുണ്ട്‌. 1974 -ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് ഒരു പ്രത്യേക ഫോർമുല ഉപയോഗിച്ചാണീ വോട്ടുമൂല്യം തിട്ടപ്പെടുത്തുന്നത്. ഇതുപ്രകാരം ഒരു എം.പിയുടെ വോട്ടിന് 708 ആണ് മൂല്യം. എം.എൽ.എയുടെ വോട്ട് മൂല്യം അതതു സംസ്ഥാനത്തെ ജനസംഖ്യയുടെയും നിയമസഭാംഗങ്ങളുടെ എണ്ണത്തിന്റെയും അനുപാതമനുസരിച്ചായിരിക്കും. ഉദാഹരണത്തിന്, ഉത്തർപ്രദേശ്‌ പോലുള്ള ജനസംഖ്യ കൂടതലുള്ള സംസ്ഥാനത്തെ ഒരു എം.എൽ.എയുടെ വോട്ടിന് 208 ആണ് മൂല്യമെങ്കിൽ സിക്കിമിൽ നിന്നുള്ള എം.എൽ.എയുടെ വോട്ട് മൂല്യം ഏഴു മാത്രമാണ്.
             കേരളത്തിൽ നിന്നുള്ള ഒരു MLA യുടെ വോട്ട് മൂല്യം 152 ആണ്. ഇതെങ്ങനെയാണ് കണക്കാക്കുന്നതെന്ന് നോക്കാം. 1971 ലെ സെൻസസ് അനുസരിച്ചുള്ള ജനസംഖ്യയാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്. ആകെ ജനസംഖ്യയെ ആകെ MLA മാരുടെ എണ്ണവും പിന്നെ ആയിരവും കൊണ്ട് ഹരിച്ചാണ് അത് കണക്കാക്കുന്നത്.
കേരള ജനസംഖ്യ (1971) = 21347375
MLA മാരുടെ എണ്ണം = 140
1 MLAയുടെ വോട്ട് മൂല്യം = 21347375/ (140 x 1000 )
=152.48

ഇനി MP മാരുടെ വോട്ട് മൂല്യം കണക്കാക്കുന്നതിങ്ങനെയാണ്:
അതിനാദ്യം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും MLA മാരുടെ വോട്ട് മൂല്യം കൂട്ടും.
MLA മാരുടെ ആകെ വോട്ട് മൂല്യം =549474
MP മാരുടെ ആകെ എണ്ണം = 776
MP മാരുടെ വോട്ട് മൂല്യം = 549474/ 776
= 708

ഇനി MP മാരുടെയും MLA മാരുടെയും ആകെ വോട്ട് മൂല്യം 1098882 ആണ്. അതിന്‍റെ 50%, അതായത് 549441 വോട്ട് മൂല്യം നേടുന്നയാൾ ജയിക്കും. അത് ഏറ്റവുമധികം എണ്ണം വോട്ട് നേടുന്ന ആളുതന്നെ ആകണമെന്നില്ലാ.
ഭരണഘടന പ്രകാരം സർവ്വാധികാരങ്ങളും കൈയാളുന്ന പദവിയാണെങ്കിലും രാഷ്‌ട്രപതി കസേരയ്‌ക്ക് അഞ്ചു വർഷത്തെ അന്തപുരവിശ്രമ ജീവിതമെന്ന ദ്വയാർത്ഥവുമുണ്ട് നമ്മുടെ രാഷ്‌ട്രീയ നിഘണ്ടുവിൽ. നാളെ ആരാണങ്ങോട്ട്, രാംനാഥ് കോവിന്ദോ മീരാ കുമാറോ? ആരായാലും നമ്മളെയവർ ശല്യം ചെയ്യുന്നത് PSC ചോദ്യപേപ്പറുകളിൽ കൂടി മാത്രമാണന്നതാണാശ്വാസം .1 comment:

 1. വിജ്ഞാന പ്രഥം ..
  പിന്നെ
  ഭരണഘടന പ്രകാരം സർവ്വാധികാരങ്ങളും
  കൈയാളുന്ന പദവിയാണെങ്കിലും രാഷ്‌ട്രപതി
  കസേരയ്‌ക്ക് അഞ്ചു വർഷത്തെ അന്തപുരവിശ്രമ
  ജീവിതമെന്ന ദ്വയാർത്ഥവുമുണ്ട് നമ്മുടെ രാഷ്‌ട്രീയ
  നിഘണ്ടുവിൽ. നാളെ ആരാണങ്ങോട്ട്, രാംനാഥ് കോവിന്ദോ
  മീരാ കുമാറോ? ആരായാലും നമ്മളെയവർ ശല്യം ചെയ്യുന്നത്
  PSC ചോദ്യപേപ്പറുകളിൽ കൂടി മാത്രമാണന്നതാണാശ്വാസം .

  ReplyDelete