ആർത്തവ അവധി


ആർത്തവം വളരെ ഫിസിയോളജിക്കലായിട്ടുള്ള ഒരു ശാരീരികാവസ്ഥ മാത്രമാണ്. അതൊരു രോഗമോ രോഗകാരകമോ രോഗലക്ഷണമോ അല്ലാ. ആദ്യദിവസത്തെ 'ആർത്തവാവധി' എന്ന ന്യൂജൻ ഹോളിഡേ സങ്കൽപം ആദ്യനോട്ടത്തിൽ സ്ത്രീസൗഹൃദമെന്ന് തോന്നുമെങ്കിലും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന, പഠിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് ഒരു 'പിൻ'വിളിയാണ്. കാരണം,

1. അതികഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ ഈ സമയങ്ങളിൽ ഉണ്ടാകുന്നവർ അധികമുണ്ടാകില്ലാ. ചെറിയ ഡോസ് മരുന്നുകളിൽ തീരുന്ന പ്രശ്നങ്ങളാണധികവും.

2. വളരെ ഉത്തരവാദിത്തമുള്ള ജോലികൾ ചെയ്യുന്ന സ്ത്രീകളുടെ, മേൽത്തട്ട് പദവികൾ വഹിക്കുന്നവരുടെ ഈ അവധിയെടുപ്പ് അവരുടെ തൊഴിലിടങ്ങളെ പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്.

3. എല്ലാ സ്ത്രീകളും തുല്യരായതിനാൽ തന്നെ എല്ലാ മേഖലകളിലും ഈ അവധിയെത്തുമ്പോൾ, സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ നിന്നും സ്വകാര്യമേഖല പിന്നോട്ടുപോകാൻ സാധ്യതയുണ്ട്.

4. വനിതാ സർജൻമാർക്കും എമർജൻസികൾ കൈകാര്യം ചെയ്യേണ്ടി വരുന്ന വനിതാഡോക്ടർമാർക്കും ആർത്തവമാണെന്ന് കരുതി ഡ്യൂട്ടിയ്ക്ക് പോകാതിരിക്കാൻ യാതൊരു നിർവാഹവുമില്ലാ. നഴ്സുമാരുടെ കാര്യങ്ങളും അങ്ങനെ തന്നെ.

5. കൃത്യമായ ഇടവേളകളിലോ മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളിലോ ആർത്തവമുണ്ടാകുന്നത് വിരളമാണ്. ഈ അപ്രതീക്ഷിത / അനിശ്ചിത അവധിദിനം എല്ലാ തൊഴിൽമേഖലകളെയും, ഉത്തരവാദിത്തം കൂടുതലുള്ളവയെ പ്രത്യേകിച്ചും, ബാധിക്കുമെന്നത് തീർച്ച. സ്ത്രീകളെ പിന്നോട്ട് വലിക്കാനും തൊഴിലിലെ  ആത്മവിശ്വാസം കുറയാനും ഇതൊക്കെ കാരണമാകാം.

6. ഒരു തൊഴിലിടത്തിലെ ഒരുപാട് പേർ ഒരുമിച്ച് അവധിയെടുക്കേണ്ടി വരുന്നത് (നിയമം വന്നാൽ സംഭവിക്കാൻ സാധ്യതയേറെ- ഒരുമിച്ച് താമസിച്ച് ജോലി ചെയ്യുന്നവരുടെ ആർത്തവദിനങ്ങൾ പലപ്പോഴും അടുത്തടുത്താണെന്നാണ് കാണുന്നത് ) തൊഴിലിനെ എങ്ങനെ ബാധിക്കുമെന്ന് പറയണ്ടല്ലോ.

7. പിന്നെ, ആദ്യദിനത്തിൽ മാത്രം അവധിയെന്നത് ആർത്തവത്തിന്റെ ഫിസിയോളജി അറിയാത്ത ആരുടെയോ തലയിലുദിച്ചതാണെന്ന് തോന്നുന്നു. പലരിലും ഒരുദിവസം കൊണ്ട് ആ ബുദ്ധിമുട്ടുകൾ തീരുന്നില്ലാ. ശരിയ്ക്കുമുള്ള ബുദ്ധിമുട്ട് ആർത്തവദിവസത്തിന് മുമ്പേ തുടങ്ങുകയും ആവാം.

8. തൊഴിലിടങ്ങളിൽ സ്ത്രീയായതുകൊണ്ട് മാത്രം വേർതിരിച്ചു കാണുന്നത് ഒരു പുരോഗമനസമൂഹത്തിന്റെ നിലപാടല്ലാ. പകരം ചെയ്യേണ്ടത്, തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമാക്കുകയാണ്. വിശ്രമമുറികളും നാപ്കിൻ ഡിസ്പോസൽ സംവിധാനങ്ങളൊക്കെയുള്ള ബാത്ത്റൂം സൗകര്യങ്ങളും നൽകുകയാണ് വേണ്ടത്. അടിസ്ഥാനസൗകര്യങ്ങൾ കൂട്ടി, സ്ത്രീകളെ കൂടുതൽ കാര്യക്ഷമമായി ജോലിചെയ്യാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്.

9.ആർത്തവസംബന്ധമായി അതികഠിനമായ ശാരീരികബുദ്ധിമുട്ടുകൾ ഉണ്ടാകുന്നവർക്ക് - ശക്തമായ വേദന, വളരെയധികം രക്തം പോകൽ- ആ ദിവസങ്ങളിൽ അവധിയെടുക്കുന്നതിന് നിലവിൽ മെഡിക്കൽ ലീവ് പോലുള്ള സൗകര്യങ്ങളുണ്ടല്ലോ.

10. ഇനി, ഒരവധിയല്ലേ, അതവിടെ കിടക്കട്ടെ, ആ ദിവസം തന്നെ എടുക്കണമെന്നില്ലല്ലോ, ആവശ്യമുള്ള ഏതെങ്കിലുമൊരു ദിവസം എടുക്കാമല്ലോ എന്ന് കരുതുന്ന സ്ത്രീകളുമുണ്ടാകാം. നൂറുസ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനത്തെ ഒരു മാസം, അനാവശ്യമായ പലപ്പോഴും അപ്രതീക്ഷിതവുമായ നൂറവധികൾ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ.

11. ആർത്തവമെന്നത് ആ ഒരു വ്യക്തിയുടെ സ്വകാര്യത കൂടിയാണ്. അത് ഓരോ മാസവും പൊതു ഇടങ്ങളിലേയ്ക്ക് ചർച്ചയ്ക്ക് വയ്ക്കേണ്ടതാണെന്ന് തോന്നുന്നില്ല.

ആർത്തവം അശുദ്ധിയാണെന്ന് കരുതുന്ന പൊതുബോധത്തിനെ ശക്തിപ്പെടുത്തുന്ന, ആ ദിവസം അടങ്ങിയൊതുങ്ങിയിരിക്കേണ്ടതാണെന്ന മറ്റൊരു പൊതുബോധം കൂടി ഈ അവധിസങ്കൽപ്പം വഴി രൂപപ്പെട്ടുവരുമെന്നത് തീർച്ചയാണ്. ഈ വിഷയത്തിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും പൊന്തിവരേണ്ടത് സ്ത്രീകൾക്കിടയിൽ നിന്നുമാത്രമല്ലെന്ന് കരുതുന്നതുകൊണ്ടാണ് ഇത്രയും കുറിച്ചത്. സാനിറ്ററി നാപ്കിൻ പരസ്യങ്ങളിലേ പെൺകുട്ടികളെ പോലെ, വളരെ പോസിറ്റീവായ, ആ ദിവസങ്ങൾ ഒന്നിനുമൊരു തടസമല്ലെന്ന നിലപാടാണ് ഈ വിഷയത്തിൽ സ്ത്രീ/പൊതുസമൂഹം എടുക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം.

©മനോജ്‌ വെള്ളനാട്

1 comment:

  1. ആർത്തവം വളരെ ഫിസിയോളജിക്കലായിട്ടുള്ള ഒരു ശാരീരികാവസ്ഥ മാത്രമാണ്. അതൊരു രോഗമോ രോഗകാരകമോ രോഗലക്ഷണമോ അല്ലാ. ആദ്യദിവസത്തെ 'ആർത്തവാവധി' എന്ന ന്യൂജൻ ഹോളിഡേ സങ്കൽപം ആദ്യനോട്ടത്തിൽ സ്ത്രീസൗഹൃദമെന്ന് തോന്നുമെങ്കിലും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന, പഠിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് ഒരു 'പിൻ'വിളിയാണ്.
    ആ ദിവസങ്ങൾ ഒന്നിനുമൊരു തടസമല്ലെന്ന നിലപാടാണ് ഈ വിഷയത്തിൽ സ്ത്രീ/പൊതുസമൂഹം എടുക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം.

    ReplyDelete