ആരോഗ്യത്തിന്റെ സാമ്പത്തികശാസ്ത്രം


നഴ്സുമാരുടെ സമരം വിജയിച്ചു. അഭിവാദ്യങ്ങൾ. മെച്ചപ്പെട്ട ശമ്പളവും ജീവിതനിലവാരവും അർഹിക്കുന്ന സ്കിൽഡ് പ്രൊഫഷണൽസ് തന്നെയാണവർ. മാലാഖ എന്നൊക്കെ വിളിച്ചവരെ സൈഡാക്കാതെ മെച്ചപ്പെട്ട ജീവിതവും തൊഴിലന്തരീക്ഷവും നൽകുകയെന്നത് തൊഴിൽ ദാതാക്കളായ സ്വകാര്യ മാനേജ്മെന്റുകൾക്കൊപ്പം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. പക്ഷെ ഇതിന്റെയൊക്കെ പരിണിതഫലം അനുഭവിക്കാൻ പോകുന്നതും പൊതുജനമാണ്. ചികിത്സാചെലവ് ഗണ്യമായി വർദ്ധിക്കുമെന്ന കാര്യം തീർച്ചയാണ്. ആശുപത്രിയുടെ വരുമാനമാർഗം രോഗിയിൽ നിന്നും വാങ്ങുന്ന കാശ് മാത്രമാണല്ലോ.

ആരോഗ്യത്തിന്‍റെ കേരളമോഡൽ ഒരപ്രധാന ചർച്ചാ വിഷയമായിട്ട് കാലം കുറച്ചായി. ഇപ്പോൾ പ്രധാനമായും ചർച്ചചെയ്യപ്പെടുന്നത് ആരോഗ്യമേഖലയിലെ സാമ്പത്തികശാസ്ത്രമാണ്. കാലവും കാലാവസ്ഥയും ജീവിതശൈലിയും രോഗങ്ങളുടെ സ്വഭാവങ്ങളും മാറിയതിനൊപ്പം കഴിഞ്ഞ 40-50 വർഷത്തിനുള്ളിൽ അഭൂതപൂർവ്വമായ വളർച്ചയാണ് ആധുനികവൈദ്യശാസ്ത്രം വിവിധമേഖലകളിൽ നേടിയത്. അതീവ സങ്കീർണവും കുറ്റമറ്റതുമായ രോഗനിർണയ രീതികളും ചികിത്സാരീതികളും നമ്മുടെ ആരോഗ്യനിലവാരവും ആയുസും വർദ്ധിപ്പിക്കുകയും ഒപ്പം ജീവിതഗുണനിലവാരം (Quality of Life) ഉയർത്തുകയും ചെയ്യുകയുണ്ടായി. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിലെ ഈ വളർച്ചയുടെ ചരിത്രത്തിന്റെയും നേട്ടങ്ങളുടെയും കസേരകളിലിരുന്നാണ് ആരോഗ്യരംഗത്തെ സാമ്പത്തികശാസ്ത്രത്തെ പറ്റി നമ്മൾ ചർച്ച ചെയ്യുന്നത്. ആരോഗ്യരംഗത്തെ ചെലവുകളെ പറ്റി ചർച്ചചെയ്യുമ്പോൾ നമ്മളിരിക്കുന്ന ആ വിലയേറിയ കസേരകളെ മനപ്പൂർവ്വമോ അല്ലാതെയോ മറന്നുപോകുന്നുവെന്നത് ദൗർഭാഗ്യകരമാണ്.

2014-ലെ നാഷണൽ സാമ്പിൾ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 90% ആൾക്കാരും ആധുനികവൈദ്യശാസ്ത്രത്തെയാണ് ആശ്രയിക്കുന്നത്. അതിൽ ഗ്രാമീണമേഖലയിലെ 72% ആൾക്കാരും നഗരങ്ങളിലെ 79 % ആൾക്കാരും അസുഖങ്ങൾ വരുമ്പോൾ സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നത് എന്നും ആ കണക്കുകളിൽ കാണാം. സ്വകാര്യമേഖല എന്ന് പറയുമ്പോൾ, പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർ, നഴ്സിംഗ് ഹോമുകൾ, സ്വകാര്യ ആശുപത്രികൾ തുടങ്ങി ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് വരെയാകാം. ഇതേ പഠനത്തിൽ പറയുന്ന മറ്റൊരു പ്രസക്തമായ ഭാഗം, 40% ആരോഗ്യസേവനങ്ങളും ചെറുതും ഇടത്തരവുമായ ആശുപത്രികളിലൂടെയാണ് നടത്തപ്പെടുന്നത് എന്നാണ്. ഈ 40 ശതമാനത്തെയാണ് ശമ്പളവർദ്ധനവ് ഏറ്റവും പ്രതികൂലമായി ബാധിക്കുക.

ഒരു രാജ്യത്തിന്റെ ആരോഗ്യനയം നിശ്ചയിക്കേണ്ടത് ഭരണകൂടം തന്നെയാണ്. നമ്മുടെ ഭരണഘടന പ്രകാരം ആരോഗ്യം നമ്മുടെ അവകാശം കൂടിയാണ്. ഇങ്ങനെ ആരോഗ്യം അവകാശമാണെന്ന നയം നിലവിലുള്ള ഒരു നാട്ടിലെ 70 ശതമാനത്തിന് മുകളിൽ ആതുരസേവനങ്ങൾ ജനങ്ങൾക്ക് നൽകുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സ്വകാര്യ ആരോഗ്യമേഖലയ്ക്ക് സർക്കാരുകളുടെ ഭാഗത്തു നിന്നും എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ? എന്റെ അറിവിലില്ലാ. മാത്രമല്ലാ, ആശുപത്രികൾക്ക് ആദായനികുതി, ആഢംബരനികുതി, സേവനനികുതി തുടങ്ങിയ നികുതികളും മരുന്നുകൾക്ക് GST യും കൂടി ഓരോ രോഗിയിൽ നിന്നും പിരിച്ച് സർക്കാരിന് നൽകേണ്ടിയും വരുന്നുമുണ്ട്.

ആധുനികസജ്ജീകരണങ്ങളോട് കൂടിയ ഒരു സ്വകാര്യ ആശുപത്രി പ്രവർത്തനം തുടങ്ങുന്നതിനുള്ള മുതൽമുടക്ക് നമുക്കൂഹിക്കാനാവുന്നതിനുമൊക്കെ അപ്പുറമാണ്. ഒപ്പം ആ തുകയുടെ തന്നെ ഏതാണ്ട് 20 ശതമാനത്തോളം ഓരോ വർഷവും വീണ്ടും ചെലവാക്കിയാണ് (Reinvest) ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നത്. ആശുപത്രിയുടെ ലാഭത്തിന്റെ സിംഹഭാഗവും ഇങ്ങനെ ലോൺ തിരിച്ചടവും ഗുണനിലവാരനിർണയ സേവനങ്ങൾക്കുമായി പോകുന്നുവെന്നത് പൊതുസമൂഹം കാണാതെ പോകുന്നകാര്യമാണ്. ഒപ്പം സർക്കാർ നിശ്ചയിച്ചിട്ടുള്ള എഴുപത്താറോളം ചട്ടങ്ങൾ പാലിച്ചാണ് ഓരോ സ്വകാര്യ ആശുപത്രിയും പ്രവർത്തിക്കുന്നത്. ഓരോ ചട്ടങ്ങൾക്കനുസരിച്ചുള്ള ഗുണനിലവാരമുറപ്പാക്കാനുമുള്ള പണച്ചെലവും ഭീകരമാണ്. ആതുരസേവനം എന്നതിനൊപ്പം ഏറ്റവും വലിയ തൊഴില്‍ദായകർ കൂടിയാണ് സ്വകാര്യ ആശുപത്രി മേഖലയെന്നത് മറന്നുകൂടാത്തതാണ്. ഇവയുടെയെല്ലാം കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളതിന്റെ 40 ശതമാനത്തോളം അധികം തൊഴിലാളികളെ നിലനിർത്തിക്കൊണ്ടാണ് ഓരോ സ്വകാര്യ ആശുപത്രിയും പ്രവർത്തിക്കുന്നത്. ഒപ്പം 24 മണിക്കൂറും ഏറ്റവും ഗുണനിലവാരമുള്ള ആക്സിഡന്റ് & എമർജൻസി സേവനങ്ങൾ , സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ഒക്കെ ഉറപ്പുവരുത്തുന്നതിനും ലോകോത്തര സൗകര്യങ്ങളുള്ള lC യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ഒക്കെ വലിയ തുകയാണ് ഓരോ ആശുപത്രിയും ചെലവാക്കുന്നത്. ഇത്തരം സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ലോകത്തെ ഏറ്റവും ആധുനിക ചികിത്സാരീതികൾ നിങ്ങളുടെ വാതിൽപ്പടിയിലെത്തിക്കാൻ ഓരോ ആശുപത്രിയും പരിശ്രമിക്കുന്നുണ്ട്‌. ഒപ്പം, സർക്കാരിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ ലാഭേച്ഛയില്ലാതെ പങ്കാളിയാകുന്നു. പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങളിൽ സൗജന്യമായി ചികിത്സ നൽകുന്നു. ആലംബഹീനർക്കും അർഹതയുള്ളവർക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ മികച്ചചികിത്സ ഉറപ്പുവരുത്തുന്നു.

മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗങ്ങളിൽ ഉള്ളവർ മാത്രമല്ലാ ഒരാശുപത്രിയെ ആ വിധത്തിൽ നിലനിർത്തുന്നത്. ക്ലീനിംഗ്, ഇലക്ട്രിക്കൽ, പ്ലംബിംഗ് , ബയോമെഡിക്കൽ തുടങ്ങി മാലിന്യനിർമ്മാർജ്ജനം വരെയുള്ള 178 തൊഴിൽ തസ്തികകളുടെ കൂട്ടായ പ്രവർത്തനമാണ് ഒരാശുപത്രിയെ സുഗമമായി നടത്തിക്കൊണ്ട് പോകുന്നത്. നഴ്സിംഗ് ശമ്പളം ഉയർത്തുമ്പോൾ മേൽപ്പറഞ്ഞ തസ്തികകളിലുള്ളവരുടെ ശമ്പളവും കൂട്ടേണ്ടിവരുമെന്നതും ഒരു പോയിന്റാണ്. ഈ ഭാരമെല്ലാം രോഗിയുടെ ചുമലിൽ തന്നെയാണ് വരാൻ പോകുന്നത്.

ലാഭകരമല്ലാതെ ഒരു സംരംഭം നിലനിർത്തിക്കൊണ്ടുപോകാൻ സാധ്യമല്ലെന്ന് എല്ലാവർക്കുമറിയാം. ചികിത്സാചെലവ് വർദ്ധിപ്പിക്കേണ്ടി വരുമെന്നത് നിസാരമായി കാണേണ്ട കാര്യമേയല്ല. ചെറുതും ഇടത്തരവുമായ സ്വകാര്യ ആശുപത്രികൾ ആ ഉയർന്ന ചികിത്സാ ചെലവിൽ പ്രവർത്തിപ്പിക്കാൻ തന്നെ പ്രയാസമായിരിക്കും. അവ അടച്ചുപൂട്ടുന്നതിലേക്കായിരിക്കും കാര്യങ്ങൾ ചെന്നെത്തുക. ഈ ഉയർന്ന ചെലവ് ഡോക്ടർ-രോഗി-ആശുപത്രി ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

രണ്ടുകൂട്ടം ആൾക്കാർക്കാണ് ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനുള്ളത്. ഒന്ന്, സർക്കാർ. രണ്ട്, പൊതുജനം.

ആരോഗ്യം അവകാശമാണെന്ന് പറയുമ്പോഴും സ്വകാര്യമേഖലയെ ഒരു വ്യവസായമായി കാണുന്ന സർക്കാർ നയം തിരുത്തപ്പെടേണ്ടതാണ്. ഐ.ടി. മേഖലയുടെയൊക്കെ വളർച്ചയ്ക്ക് സർക്കാർ ഭൂമിയുൾപ്പെടെ ലീസിന് വിട്ടുനൽകുന്ന സർക്കാർ സ്വകാര്യ ആരോഗ്യമേഖലയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലാ. സർക്കാരിന് ആതുരാലയങ്ങൾക്കുള്ള ആദായ -ആഢംബര- സേവന നികുതികളിൽ ഇളവ് അനുവദിക്കാം. പാവപ്പെട്ടവർക്കും കുറഞ്ഞ നിരക്കിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. ഉയർന്ന ചെലവ് വരുന്ന ചികിത്സകളുടെ ചെലവിന്റെ ഒരു പങ്ക് സർക്കാർ വഹിക്കാൻ തയ്യാറായാൽ അത്രയും ബാധ്യത രോഗിയ്ക്ക് കുറയും. സർക്കാരിന്റെ വിവിധ ഇൻഷുറൻസ് പദ്ധതികളിൽ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കാം. കാരുണ്യ ബെനവലന്റ് ഫണ്ട് പോലുള്ള ക്ഷേമപദ്ധതികൾ തിരികെ കൊണ്ടുവരണം. സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണം. ആതുരാലയമെന്ന നിലയിൽ നൽകാവുന്ന മറ്റു ആനുകൂല്യങ്ങളുണ്ടെങ്കിൽ അതൊക്കെ നൽകാം.

ഇനി പൊതുജനത്തിനെന്ത് ചെയ്യാമെന്ന് നോക്കാം..

മുൻകാലങ്ങളിൽ നമ്മുടെ വീട്ടിലാർക്കെങ്കിലും ഒരസുഖം വന്നാൽ ആദ്യം കുടുംബഡോക്ടറെയോ തൊട്ടടുത്ത ക്ലിനിക്കിലെ ഡോക്ടറെയോ കാണും. അവർ ആവശ്യപ്പെട്ടാൽ മാത്രം മറ്റാരെയെങ്കിലും കാണും. അങ്ങനെയല്ലല്ലോ ഇപ്പോൾ സ്ഥിതി. തലവേദന വന്നാൽ ന്യൂറോളജിസ്റ്റിനെയും വയറുവേദനയ്ക്ക് ഗാസ്ട്രോ എന്ററോളജിസ്റ്റിനെയൊ യൂറോളജിസ്റ്റിനെയൊ ഒക്കെ കണ്ടില്ലെങ്കിൽ മനസിനൊരു വിങ്ങലാണ്. ഒരു സമാധാനക്കേട്. ഒരു സ്കാനോ ബ്ലഡ് ടെസ്റ്റോ കൂടി ചെയ്തില്ലെങ്കിൽ പറയുകേം വേണ്ട. ആ ശീലം മാറ്റിയാൽ തന്നെ കയ്യിലെ കാശുപോകുന്നതിന് ഒരു പരിധി വരെ തടയിടാം. ചികിത്സാ ചെലവുകളെ എന്നും പിടിച്ചുനിർത്തിയിരുന്നത് ചെറിയ ആശുപത്രികളും കുടുംബ ഡോക്ടർമാരുമാണ്. ആരോഗ്യരംഗത്ത് ഒരു ത്രിതല ശൈലി നമ്മൾ സ്വീകരിക്കേണ്ടത് ഈ കാര്യത്തിൽ അനിവാര്യമാണ്.
1.രോഗങ്ങൾ പ്രതിരോധിക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കുക
2.രോഗം വന്നാൽ ആദ്യം കുടുംബഡോക്ടറെ/ജനറൽ പ്രാക്ടീഷണറെ  കാണുക
3.റെഫർ ചെയ്താൽ മാത്രം വലിയ ആശുപത്രികളിൽ പോകുക അങ്ങനെ.

ലോകത്തിലേറ്റവും ഗുണനിലവാരമുള്ള ചികിത്സാസൗകര്യങ്ങളുള്ള സ്ഥലമാണ് കേരളം. എന്നാൽ ചികിത്സാ ചെലവ് ഏറ്റവും കുറവും (മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ). അതുകൊണ്ടാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഇങ്ങോട്ടേക്ക് രോഗികൾ ഒരുപാട് വരുന്നത്. സർക്കാർ - സ്വകാര്യ മേഖലകൾ ഒന്നിച്ച് പ്രവർത്തിച്ചതുകൊണ്ടാണ് ഇത്രയും വലിയ പനിക്കാലമായിട്ടും നമ്മൾ പിടിച്ചുനിൽക്കുന്നത്. സ്വകാര്യ ആരോഗ്യരംഗം നിലനിൽക്കേണ്ടത് നമുക്കാവശ്യമാണ്.

ആരോഗ്യത്തെ പറ്റി അനവധിയായ വേവലാതികളുള്ള സമൂഹമാണ് നമ്മുടേതെങ്കിലും ശരിയായ അവബോധം പലകാര്യത്തിലും സമൂഹത്തിനുണ്ടോ എന്നത് സംശയമാണ്. ഏതുവിധത്തിലുള്ള അശാസ്ത്രീയമായ ചികിത്സാ രീതികൾക്കും നമുക്കിടയിൽ സ്വീകാര്യത ലഭിക്കുന്നതിന്റെ കാരണവും അതാണ്. സമൂഹത്തെ ശാസ്ത്രീയമായും ശരിയായ ദിശയിലും ചിന്തിപ്പിക്കാനുള്ള Info Clinic പോലുള്ള ഡോക്ടർമാരുടെ കൂട്ടായ്മയുടെ ശ്രമങ്ങൾ നിങ്ങൾ കാണുന്നതാണല്ലോ. ഇത്തരം ഹെൽത്ത് എഡ്യൂക്കേഷനൊപ്പം ഹെൽത്ത് ഫൈനാൻസിങ്ങിനെ പറ്റിയുള്ള അവബോധം കൂടി സമൂഹത്തിനുണ്ടാകുമ്പോഴേ ശരിക്കും ആരോഗ്യവിദ്യാഭ്യാസം പൂർണമാകുന്നുള്ളൂ എന്നാണ് എന്റെ അഭിപ്രായം.

©മനോജ്‌ വെള്ളനാട്

2 comments:

  1. പലതിനോടും യോജിക്കുന്നു, എന്നാൽ ചില പ്രസ്താവനകളോട് വിയോജിപ്പും. എങ്കിലും ഈ പോസ്റ്റ് ചില അറിവുകൾ പ്രദാനം ചെയ്യുന്നു.

    ReplyDelete
  2. ഒരു രാജ്യത്തിന്റെ ആരോഗ്യനയം നിശ്ചയിക്കേണ്ടത് ഭരണകൂടം തന്നെയാണ്. നമ്മുടെ ഭരണഘടന പ്രകാരം ആരോഗ്യം നമ്മുടെ അവകാശം കൂടിയാണ്. ഇങ്ങനെ ആരോഗ്യം അവകാശമാണെന്ന നയം നിലവിലുള്ള ഒരു നാട്ടിലെ 70 ശതമാനത്തിന് മുകളിൽ ആതുരസേവനങ്ങൾ ജനങ്ങൾക്ക് നൽകുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സ്വകാര്യ ആരോഗ്യമേഖലയ്ക്ക് സർക്കാരുകളുടെ ഭാഗത്തു നിന്നും എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ? എന്റെ അറിവിലില്ലാ. മാത്രമല്ലാ, ആശുപത്രികൾക്ക് ആദായനികുതി, ആഢംബരനികുതി, സേവനനികുതി തുടങ്ങിയ നികുതികളും മരുന്നുകൾക്ക് GST യും കൂടി ഓരോ രോഗിയിൽ നിന്നും പിരിച്ച് സർക്കാരിന് നൽകേണ്ടിയും വരുന്നുമുണ്ട്.

    ReplyDelete