ശാസ്ത്രമെന്നാലെന്താണ്?


നിങ്ങൾ വീട്ടിൽ ഒറ്റയ്ക്ക് ഒരു പണിയുമില്ലാതെ, ഏറ്റവും ബോറടിച്ചിരിക്കുവാണെങ്കിലും  വീട്ടിലെ വളർത്തുപൂച്ചയെ കൂട്ടി ചെസ് കളിക്കാൻ ഒരുമ്പെടുമോ? ഇല്ലല്ലേ. നിങ്ങൾക്കറിയാം പൂച്ചയ്ക്ക് ചെസ് കളിയറിയില്ലെന്ന്. ചെസ് പോലെ ബുദ്ധിയും ചിന്താശേഷിയും ആവശ്യമായ ഒരു ഗെയിം പൂച്ച ഏതെങ്കിലും കാലത്ത് പഠിക്കുമെന്നും നിങ്ങൾ വിചാരിക്കുന്നില്ലാ. ഇനി അഥവാ കളിപ്പിയ്ക്കാൻ ഒരു ശ്രമം നടത്തിയാലോ, നിങ്ങളൊരിക്കലും ജയിക്കാനും പോണില്ലാ. നിങ്ങൾ നിരത്തുന്ന കരുക്കൾ അതു തട്ടിമറിച്ചിട്ടേക്കുമെന്ന് മാത്രം. അതിന്റെ തലച്ചോറിൽ ചെസ് ബോർഡും കരുക്കളും എന്തുവികാരമാണ് ജനിപ്പിച്ചതെന്ന് പോലും നിങ്ങൾക്കറിയാൻ പറ്റില്ലാ.

സയൻസ് അഥവാ ശാസ്ത്രം എന്താണെന്നറിയാത്ത ഒരു വിഭാഗം ആൾക്കാരോട് ശാസ്ത്രീയതയെ പറ്റി സംസാരിക്കാൻ പോകുന്നതും ഏതാണ്ടിതുപോലെയാണ്. പലപ്പോഴും പല ചർച്ചകളിലും ക്ലാസുകളിലും ഇങ്ങനെയൊരു പ്രശ്നം സംഭവിക്കുന്നത് കണ്ടിട്ടുണ്ട്. വലിയ വിദ്യാഭ്യാസമുള്ളവർ പോലും കപടശാസ്ത്രങ്ങൾക്ക് (Pseudoscience) വേണ്ടി വാദിക്കുന്നതും കണ്ടിട്ടുണ്ട്. ശാസ്ത്രം, ശാസ്ത്രീയം എന്നൊക്കെയുള്ള വാക്കുകൾ അവരുടെ തലച്ചോറിൽ പൂച്ച ചെസ്ബോർഡ് കണ്ടതുപോലുള്ള ഒരു ഫീലാണ് ഉണ്ടാക്കുന്നത്. പൂച്ചയെ സംബന്ധിച്ച് ചെസ് ബോർഡും ചോറുകൊടുക്കുന്ന പിഞ്ഞാണവും തമ്മിൽ വലിയ വ്യത്യാസമില്ലാ. അതുപോലെയാണ് ശാസ്ത്രമെന്താണെന്നറിയാത്തവർ ശാസ്ത്രത്തെയും കപടശാസ്ത്രത്തെയും വിലയിരുത്തുന്നത്. പൂച്ചയ്ക്കു പ്രിയം പിഞ്ഞാണത്തോട് തന്നെയായിരിക്കുമെന്ന് പറയണ്ടല്ലോ.

ശാസ്ത്രമെന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന് പറയാനുള്ള ലേഖനമാണിത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങി ന്യൂക്ലിയാർ സയൻസും സ്പേസ് സയൻസുമൊക്കെ ഉൾപ്പെടുന്ന ശാസ്ത്രത്തെ പറ്റി. മലയാളത്തിൽ ശാസ്ത്രമെന്നു പറയുമ്പോൾ ശാസനകൾ എന്ന് കൂടി അർത്ഥമുണ്ട്. അതായത്, മുടി വെട്ടിയാൽ കുളിച്ചിട്ടേ വീട്ടിൽ കയറാവൂ, ആർത്തവ സമയത്ത് അശുദ്ധിയാണ്, ചൊവ്വാദോഷമുള്ളവരെ കെട്ടരുത്, വടക്കോട്ട് തലവച്ചുറങ്ങരുത് എന്നൊക്കെയുള്ള കാര്യങ്ങൾ ശാസ്ത്രമാണെന്ന് പഴമക്കാർ പറയും. 'ശാസിക്കപ്പെട്ടത്' എന്നർത്ഥത്തിലാണ് (രാജമാതാ ശിവഗാമിദേവിയുടെ കട്ടളൈ ശാസനം പോലെ) ഇവിടെ ശാസ്ത്രമെന്ന വാക്കുപയോഗിച്ചിരിക്കുന്നത്. അത്തരം ശാസനങ്ങളെ പറ്റിയല്ലാ ശരിക്കുമുള്ള ശാസ്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

എന്താണ് ശാസ്ത്രമെന്ന് നിർവചിച്ചു പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമായിരിക്കും. ശാസ്ത്രമെന്നാൽ നിരന്തരമായ അന്വേഷണമാണ്.  ഒരുകാര്യം ശാസ്ത്രീയമാകണമെങ്കിൽ എന്തൊക്കെ നിയമങ്ങൾ പാലിച്ചിരിക്കണം എന്ന് പറയുന്നതായിരിക്കും എളുപ്പം. അതിനുപുറത്തുള്ളതെല്ലാം ശാസ്ത്രീയമല്ലെന്ന് തന്നെ പറയാം.

ഒരു വിഷയം ശാസ്ത്രമാകണമെങ്കിൽ വേണ്ടത്:

1)അത് പ്രകൃതിയെ കേന്ദ്രീകരിച്ചുള്ള വിഷയമായിരിക്കണം
2)അത് മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നതും തെറ്റോ ശരിയോ എന്നു തെളിയിക്കപ്പെടാവുന്നതും ആവണം.
3)പൂർണമായും തെളിവുകളെ ആശ്രയിക്കണം
4)ശാസ്ത്രസമൂഹത്തെ ഉൾക്കൊള്ളിക്കണം
5)പുതിയ ഗവേഷണങ്ങളിലേക്ക് നയിക്കണം
6)പങ്കെടുക്കുന്നവർക്ക് ശാസ്ത്രബോധം വേണം

ഓരോന്നും എന്താണെന്ന് നോക്കാം.

1. പ്രകൃതിയെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങളായിരിക്കണം

ശാസ്ത്രപഠനങ്ങൾ എല്ലാംതന്നെ പ്രകൃതിയെ കുറിച്ചാണ്. പ്രകൃതി എന്ന് പറഞ്ഞാൽ ഈ പ്രപഞ്ചം മുഴുവനും. പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ എന്തും ശാസ്ത്രത്തിന്റെ പഠനവിഷയമാണ്. പ്രപഞ്ചത്തിലെ ഓരോ ഘടകവും (അണുക്കൾ, മൃഗങ്ങൾ, ചെടികൾ, മണ്ണ്, ജലം, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ അങ്ങനെ എല്ലാം) പരസ്പരം എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നാണ് ശാസ്ത്രം പഠിക്കുന്നത്.

ശാസ്ത്രത്തിന് മേൽപ്പറഞ്ഞ പ്രാകൃതികലോകം എന്നൊരു ലോകം മാത്രമേ ഉള്ളു. ഇതൊന്നുമല്ലാത്ത ഊഹാപോഹങ്ങളുടെ വേറെയൊരു ലോകം ഇല്ല. ഉണ്ടെന്ന് അവകാശപെടുന്നവർ, എന്താണ് പ്രാകൃതികമല്ലാത്ത ലോകം എന്ന് വിശദീകരിക്കാൻ ബാദ്ധ്യസ്ഥരാണ്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ അവ പ്രാകൃതികലോകവുമായി ഏതെങ്കിലും രീതിയിൽ ഇടപെടുന്നുണ്ട് എന്നു അവർക്ക് തെളിയിക്കാൻ കഴിയുമ്പോൾ, അത് ശാസ്ത്രത്തിന്റെ പരിധിയിൽ വരികയും അവർ പറയുന്നതിനെ ശാസ്ത്രീയമായി വിലയിരുത്താൻ സാധിക്കുകയും ചെയ്യും. ദൈവമെന്ന കൺസപ്റ്റ് ശാസ്ത്രത്തിന് പുറത്താകാൻ കാരണം, അല്ലെങ്കിൽ ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തത് അതുകൊണ്ടാണ്. ഇന്നേവരെ അങ്ങനെ മുന്നോട്ടുകൊണ്ടുവന്ന "സൂപ്പർനാച്യുറൽ" വാദങ്ങളെല്ലാം, നമ്മൾ ആർജ്ജിച്ച ശാസ്ത്രജ്ഞാനവുമായി ഒത്തുപോകാത്തതാണ്.

പ്രാകൃതികലോകത്ത് നടക്കുന്ന പ്രതിഭാസങ്ങൾക്ക് ശരിയും വ്യക്തതയും ഉള്ള വിശദീകരണങ്ങൾ നൽകുക എന്നതാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ചോദ്യങ്ങൾ ചോദിക്കുകയും അതിനുള്ള ഉത്തരങ്ങൾ തേടിക്കണ്ടെത്തുകയുമാണ് ശാസ്ത്രീയരീതി. എങ്ങനെ? എന്തുകൊണ്ട്? എപ്പോൾ? എന്തുഫലം? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയുന്നതേ ശാസ്ത്രമാകൂ. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്നതു കൊണ്ടും ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടും ശാസ്ത്രജ്ഞാനങ്ങൾ മാറിക്കൊണ്ടിരിക്കും. ഹോമിയോപ്പതിയും നാച്ചറോപ്പതിയും ഉൾപ്പടെയുള്ള ചികിത്സകൾ കപടശാസ്ത്രമാകുന്നത് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കെൽപ്പില്ലാത്തതു കൊണ്ടാണ്. അവയൊക്കെ ഏതുകാലത്താണോ ഉരുത്തിരിഞ്ഞത്, അന്നത്തെ അതേ അവസ്ഥയിൽ തന്നെയാണിപ്പോഴുമെന്നതു തന്നെ അതിനു തെളിവ്.

മാറ്റങ്ങൾക്ക് വിധേയം ആണെങ്കിലും, ശാസ്ത്രജ്ഞാനം വിശ്വസനീയവും ആശ്രയിക്കാവുന്നതും ആണ്. അതു പകരുന്ന അറിവ് ശാസ്ത്രീയവും ശാസ്ത്രസമൂഹത്തിന് സ്വീകാര്യവും ആയത് അവയ്ക്ക് പലതരം തെളിവുകളുടെ പിൻബലം ഉള്ളതുകൊണ്ടാണ്.

2. മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നതും തെറ്റോ ശരിയോ തെളിയിക്കപെടാവുന്നതും ആവണം.

പരിശോധിക്കാൻ കഴിയുന്ന ആശയങ്ങൾക്ക് മാത്രമെ ശാസ്ത്രത്തിൽ സ്ഥാനം ഉള്ളു. കളിമണ്ണു കുഴച്ചോ മറ്റൊരാളുടെ വാരിയെല്ലിൽ നിന്നോ ഉള്ള മനുഷ്യന്റെ ജനനവും ദിവ്യഗർഭവുമൊക്കെ നിലവിലുള്ള ശാസ്ത്രജ്ഞാനത്തിന് വിരുദ്ധവും പരിശോധിക്കാൻ കഴിയാത്തതുമായ ആശയമാണ്. എന്നാൽ തേങ്ങാപ്പിണ്ണാക്ക് കഴിച്ചാൽ ക്യാൻസർ മാറാൻ സാധ്യതയുണ്ടെന്ന് (ഉദാഹരണമാണേ..) ഒരു ശാസ്ത്രസമൂഹം പറഞ്ഞാൽ അതിന്റെ സാധ്യതകളെ പറ്റി ശാസ്ത്രീയമായി പഠിക്കാവുന്നതാണ്. അതായത്, ഒരു ആശയം പരിശോധിക്കാൻ കഴിയണമെങ്കിൽ അത് കൃത്യമായ രീതികളിലൂടെ പരീക്ഷിക്കാനും ഓരോ ഘട്ടത്തിലെയും മാറ്റങ്ങൾ നിരീക്ഷിക്കാനും സാധിക്കണം. ആ നിരീക്ഷണങ്ങളിൽ നിന്നുരുത്തിരിയുന്നതാണ് ശാസ്ത്രീയമായ തെളിവുകൾ.

മോഡേൺ മെഡിസിൻ പൂർണമായും ശാസ്ത്രീയമാകുകയും ആയുർവേദം ശാസ്ത്രപഠനങ്ങൾക്കുള്ള വാതിൽ തുറന്നിട്ടിട്ട് നിസംഗമായിരിക്കുന്നതും ഹോമിയോ ഒരടഞ്ഞ അധ്യായമാകുന്നതും ഇവിടെയാണ്. ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയും കൃത്യമായ തെളിവുകളുടെയും ശക്തമായ തൂണുകൾക്കുമുകളിലൂടെയാണ് ശാസ്ത്രമെന്ന മെട്രോ ഓടുന്നത്.

3.തെളിവുകളെ ആശ്രയിക്കണം:

ഏറ്റവും പ്രധാനപ്പെട്ട കാര്യവുമിതാണ്. കൃത്യവും യുക്തിയ്ക്ക് നിരക്കുന്നതുമായ തെളിവുകൾ വേണമെന്നത്.

ശാസ്ത്രിയമായി മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നവ ആകണം എന്ന് മാത്രമല്ല അവ കർക്കശമായി പരിശോധിക്കുകയും വേണം. മേൽപ്പറഞ്ഞ തേങ്ങാപ്പിണ്ണാക്കിന്റെ കാര്യം തന്നെയെടുത്താൽ, ആദ്യം തേങ്ങാപിണ്ണാക്ക് കഴിച്ച് ക്യാൻസർ ഭേദപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തണം. റിസൾട്ട് പോസിറ്റീവാണെങ്കിൽ മാത്രം കൂടുതൽ പഠനങ്ങളിലേയ്ക്ക് പോകും. പിണ്ണാക്കിലെ ഏത് ഘടകമാണതിന് കാരണമെന്നും അതെങ്ങനെയാണ് ക്യാൻസർ കോശങ്ങളിൽ പ്രവർത്തിക്കുന്നതെന്നും കൃത്യമായി മനസിലാക്കണം. ആ ഘടകത്തിന്റെ സൈഡ് എഫക്ടുകളെ പറ്റിയും എങ്ങനെ ശരീരത്തിൽ നിന്നും പുറംതള്ളപ്പെടുന്നുവെന്നും മനസിലാക്കണം. റിസൽറ്റുകൾ കൊള്ളേണ്ടതോ തള്ളേണ്ടതോ ആകാം. ചിലപ്പോൾ വർഷങ്ങളുടെ ഗവേഷണശേഷമായിരിക്കും തേങ്ങാപ്പിണ്ണാക്കിന് ക്യാൻസറിൽ ഒരു റോളുമില്ലെന്ന് തിരിച്ചറിയുന്നത്. അത്രയും സങ്കീർണമാണ് ശാസ്ത്രീയമായ രീതി.

ഇങ്ങനെ ഒരു വിഷയത്തെ പറ്റിത്തന്നെ പല തലങ്ങളിൽ പല ആൾക്കാരിൽ നിന്നും വരുന്ന തെളിവുകൾ ശേഖരിക്കണം. ശാസ്ത്രരീതിയുടെ അവശ്യമായ ഘടകമാണിത്. ശാസ്ത്രജ്ഞർ അവരുടെ ആശയങ്ങൾ പരിശോധിക്കാൻ വേണ്ട തെളിവുകൾക്കായി നിരന്തരം പരിശ്രമിക്കുന്നു. അതിനുവേണ്ട പരീക്ഷണങ്ങൾ എത്ര തന്നെ ദുർഘടം പിടിച്ചതായാലും, ശാസ്ത്രത്തിന്റെ രീതികൾക്ക് അത് ഒഴിച്ചുകൂടാനാവാത്തതാണു. ഒരു ഒറ്റ പരീക്ഷണഫലം കിട്ടാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടി വന്നേക്കാം, ചിലപ്പോൾ അന്റാർട്ടിക്കയിലേക്ക് യാത്ര നടത്തി അവിടെയുള്ള മഞ്ഞിനുള്ളിൽ അകപെട്ടുകിടക്കുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് ശേഖരിക്കണ്ടിവന്നേക്കാം, അതും അല്ലെങ്കിൽ ആയിരകണക്കിന് DNA സാമ്പിളുകൾ ലോകത്തിന്റെ പല ഭാഗത്തുനിന്ന് ശേഖരിച്ച് പരിശോധിക്കേണ്ടി വന്നേക്കാം. എന്തുതന്നെയായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ആണ് ശാസ്ത്രം ഒരു ആശയം തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത് .അല്ലാതെ, ശീലങ്ങൾക്കും പാരമ്പര്യത്തിനും പൊതുഅഭിപ്രായത്തിനും ഒന്നും ഒരു പ്രാധാന്യവും ഇല്ല.

ഒരാളുടെ പരീക്ഷണഫലം ഏതു ചോദ്യത്തിനും ഉത്തരം നൽകാവുന്നവിധം മറ്റൊരാൾക്ക് ബോധ്യപ്പെടണമെന്നത് ശാസ്ത്രത്തിന്റെ ആണിക്കല്ലാണ്. ഊഹാപോഹങ്ങൾക്കും അനുഭവസാക്ഷ്യങ്ങൾക്കും ശാസ്ത്രത്തിൽ വലിയ സ്ഥാനമില്ലാ.

4.ശാസ്ത്ര സമൂഹത്തെ ഉൾക്കൊള്ളിക്കണം:

ശാസ്ത്രത്തിന്റെ പുരോഗമനത്തിന് ശാസ്ത്രസമൂഹത്തിനുള്ളിലെ പരസ്പരപ്രവർത്തനങ്ങൾക്ക് വലിയ ഒരു പങ്കുണ്ട്. കാരണം അവരാണ് പുതിയ ആശയങ്ങൾ മുന്നോട്ടു വെക്കുന്നതും അതിനുവേണ്ടിയുള്ള തെളിവുകൾ പല പ്രവർത്തനതലങ്ങളിൽ നിന്നും കണ്ടെത്തുന്നതും, അവ പരിശോധിക്കുന്നതും പഠനവിധേയമാക്കുന്നതുമെല്ലാം. കൂടാതെ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ ഇറക്കുക, കോൺഫെറൻസുകൾ സംഘടിപ്പിക്കുക, റിസർച്ച് ചെയ്യാനുള്ള ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കാര്യങ്ങളും അവരാണ് ചെയ്യുന്നത്. പുതിയ ആശയങ്ങൾ കൂലങ്കഷമായി വിലയിരുത്തുകയും മാറ്റങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നത് വഴി, തെറ്റുകൾ ഇല്ല എന്നും മികച്ച ആശയങ്ങൾ ആണ് പരിഗണിക്കപെടുന്നതെന്നും ഉറപ്പ് വരുത്തുന്നു.

5.പുതിയ ഗവേഷണങ്ങളിലേക്ക് നയിക്കണം:

ശാസ്ത്രം എന്നും മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. മെച്ചപ്പെട്ടതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടതിലേയ്ക്ക് എന്നതാണ് ശാസ്ത്രത്തിന്റെ വളർച്ച. ഇന്ന് മനുഷ്യരാശി അറിയാൻ ശ്രമിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങൾ എന്ന് വിചാരിക്കുന്നവയ്ക്ക് ഉത്തരം കണ്ടെത്തിയാലും ശാസ്ത്രപഠനങ്ങൾ മുന്നോട്ട് തന്നെ പൊയ്കൊണ്ടിരിക്കും. ശാസ്ത്രത്തിൽ സാധാരണയായി ഒരു ചോദ്യത്തിനുത്തരം കണ്ടെത്തുമ്പോൾ, പുതിയ ചോദ്യങ്ങൾ ചോദിക്കാനും കൂടുതൽ വ്യക്തത വരുത്താനും നാം പ്രേരിപ്പിക്കപ്പെടും. ഈ പ്രപഞ്ചത്തിൽ നമുക്ക് അറിയാത്തതായി എന്തെങ്കിലുമുള്ളടത്തോളം കാലം അതിനുത്തരം തേടി ശാസ്ത്രം കുതിച്ചുകൊണ്ടിരിക്കും.

പുതിയ ഉത്തരങ്ങൾ കിട്ടുമ്പോൾ പഴയതു പലതും തിരുത്തപ്പെടും. അലോപ്പതി വിരുദ്ധരായ പലരും പലപ്പോഴും ചോദിച്ചിട്ടുള്ള ചോദ്യമാണ്, മോഡേൺ മെഡിസിനിൽ മുമ്പുപയോഗിച്ചിരുന്ന മരുന്നൊക്കെ ഇപ്പോഴെവിടെ? എല്ലാം തെറ്റായിരുന്നുവെന്ന് തെളിഞ്ഞില്ലേ? അവരോട് ചോദിക്കാനുള്ളത്, കുറച്ചുവർഷങ്ങൾക്കു മുമ്പ് നിങ്ങൾ ഉപയോഗിച്ചിരുന്ന 60 വാട്ടിന്റെ സാധാബൾബാണോ വീട്ടിലിപ്പോഴും? CFL/ LED ലൈറ്റുകളല്ലേ? പഴയ ബൾബുകൾ മോശമായതുകൊണ്ടല്ലല്ലോ കൂടുതൽ മെച്ചപ്പെട്ട ബൾബുകൾ കണ്ടുപിടിച്ചതുകൊണ്ടല്ലേ ആ മാറ്റം. അതുപോലെയാണ് ശാസ്ത്രത്തിന്റെ എല്ലാ മേഖലയിലും.

6.പങ്കെടുക്കുന്ന ശാസ്ത്രജ്ഞരുടെ ശാസ്ത്രബോധം :

ശാസ്ത്രം ആർക്കും പഠിക്കാം. ശാസ്ത്രീയരീതിയിലുഉള്ള പഠനങ്ങൾ ആരിൽ നിന്ന് വന്നാലും ശാസ്ത്രസമൂഹത്തിൽ സ്വീകരിക്കപ്പെടും. അവ അങ്ങനെ കറയറ്റരീതിയിൽ സൂഗമമായി നടക്കണമെങ്കിൽ ശാസ്ത്രസമൂഹത്തിലുള്ളവർ ശാസ്ത്രബോധത്തോടെ പെരുമാറണം. അതായത് ശാസ്ത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന രീതിയിൽ ആയിരിക്കണം അവർ പെരുമാറേണ്ടത്. ശാസ്ത്രബോധത്തിൽ പ്രധാനം തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്താനുള്ള മനസാണ്. മതപ്രചാരകരും കപടശാസ്ത്ര ഉപാസകരും ശാസ്ത്രത്തിന് പുറത്താകുന്നത് ഇവിടെയാണ്.

മുകളിൽപ്പറഞ്ഞ വിശേഷണങ്ങളാണ് പ്രധാനമായും ശാസ്ത്രപഠനങ്ങൾക്ക് വേണ്ടത്. ശാസ്ത്രത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഇതു ബാധകമാണ്. ഇവ പാലിച്ചുകൊണ്ടുള്ള പഠനങ്ങൾ ആയതുകൊണ്ടാണ് ശാസ്ത്രജ്ഞാനം ഏറ്റവും മികച്ചതും വിശ്വാസ്യയോഗ്യവുമാകുന്നത്. മനുഷ്യജീവിതത്തിന്റെയും അറിവിന്റെയും പുരോഗതി നോക്കിയാൽ മാത്രം മതി ശാസ്ത്രരീതി എത്രത്തോളം വിജയകരം ആണെന്ന് മനസിലാക്കാൻ.

മനുഷ്യനിന്നോളം നേടിയ ഏറ്റവും വലിയ സമ്പാദ്യം അവന്റെ അറിവ് തന്നെയാണ്. മതപരമായ അന്ധത പലപ്പോഴും ശാസ്ത്രത്തെ ശരിക്കും മനസിലാക്കാൻ തടസമാകുന്നുണ്ട്. ഇപ്പോഴും ഭൂമി പരന്നതാണെന്നും ചൊവ്വാദോഷത്തിലുമൊക്കെ വിശ്വസിക്കുന്നവരുമുണ്ടല്ലോ. തുടക്കത്തിൽ പറഞ്ഞ വീട്ടിലെ വളർത്തുപൂച്ചയെ പോലുള്ളവർ.

ശാസ്ത്രത്തിന്റെ പരിമിതികൾ

ഇന്നു നാം അനുഭവിക്കുന്ന സകല സൗഭാഗ്യങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. ചൊവ്വയിൽ ജീവൻ തേടി പോകുന്ന ശാസ്ത്രം ഇങ്ങ് ഭൂമിയിൽ ആറ്റത്തിന്റെ ഏറ്റവും ചെറിയ കണങ്ങളിലേക്കും ഊളിയിടുന്നു. ഭൂകമ്പങ്ങൾ പ്രവചിക്കുന്ന ശാസ്ത്രം ജീൻ മാറ്റിവച്ചുള്ള ചികിത്സകൾ കണ്ടെത്തുന്നു. ഇതെല്ലാം ശാസ്ത്രത്തിന് പരിമിതികളില്ലാ എന്നൊരു തോന്നലുണ്ടാക്കുന്നുണ്ട്. എന്നാലങ്ങനെയല്ലാ. ശാസ്ത്രത്തിനുമുണ്ട് ചില പരിമിതികൾ.

1.ധാർമ്മികതയിലൂന്നിയുള്ള തീരുമാനങ്ങളെടുക്കാനുള്ള പരിമിതി (Science doesn't make moral judgements)

       ദയാവധം ചെയ്യുന്നത് ശരിയോ തെറ്റോ? ഈ പ്രപഞ്ചത്തിൽ മനുഷ്യന്റെ സവിശേഷാധികാരം എന്താണ്? മറ്റു ജീവജാലങ്ങൾക്ക് പ്രകൃതിയുടെ മേലുള്ള അവകാശമെന്താണ്? ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ശാസ്ത്രത്തിന് ഉത്തരം നൽകാൻ ബുദ്ധിമുട്ടുണ്ട്. ഒരു രോഗിയുടെ അവസ്ഥ ഗുരുതരമാണെന്നും ജീവിതത്തിലേയ്ക്ക് തിരികെ വരില്ലെന്നും ശാസ്ത്രം നമുക്ക് പറഞ്ഞുതരും. ശാസ്ത്രം തീരുമാനങ്ങളല്ലാ, അറിവുകളാണ് തരുന്നത്. ആ അറിവും മറ്റു നിയമങ്ങളും യുക്തിയും ധാർമ്മികതയും ഉപയോഗിച്ച് നമ്മൾ തീരുമാനിക്കണം മേൽപ്പറഞ്ഞവ പോലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം. ഈ ലോകത്തെ സകലതും ശാസ്ത്രം നമുക്ക് പഠിപ്പിച്ചു തരും. അതിൽ ശരി/തെറ്റ്, നല്ലത്/ മോശമായത് തുടങ്ങിയ വേർതിരിവുകൾ നടത്താൻ ശാസ്ത്രത്തിന് പരിമിതികളുണ്ട്.

2. കലാസൗന്ദര്യവിദ്യാപരമായ തീരുമാനങ്ങളെടുക്കാനുള്ള പരിമിതി (Science doesn't make aesthetic judgement)

      ഒരു മ്യൂസിക്കൽ നോട്ടിന്റെ ഫ്രീക്വൻസി എത്രയെന്നും അത് ശബ്ദതരംഗമായി ചെവിയിലൂടെ തലച്ചോറിലേക്ക് എങ്ങനെയെത്തുന്നു എന്നൊക്കെ ശാസ്ത്രം പറഞ്ഞുതരും. അതുപോലെ കണ്ണുകൾ കളറുകളെ തിരിച്ചറിയുന്നതിനെ പറ്റിയും. പക്ഷേ ഒരു ബീഥോവൻ സിംഫണി അല്ലെങ്കിൽ ഒരു രവിവർമ്മാ ചിത്രം, ഒരു സിനിമ ഇതൊക്കെ എങ്ങനെ ആസ്വദിക്കണമെന്ന് പറഞ്ഞുതരാൻ ശാസ്ത്രത്തിനാകില്ല. അത് നമ്മുടെ തലച്ചോറിന്റെ തീരുമാനമാണ്.

3. ശാസ്ത്രജ്ഞാനം എങ്ങനെ ഉപയോഗിക്കണമെന്ന് തീർപ്പുകൽപ്പിക്കാനുള്ള പരിമിതി (Science doesn't tell you how to use scientific knowledge)

     ശാസ്ത്രം നൽകുന്ന സാധ്യതകളും അറിവുകളും എങ്ങനെ അല്ലെങ്കിൽ എന്തിനുവേണ്ടി ഉപയോഗിക്കണമെന്ന് പറയാൻ ശാസ്ത്രത്തിന് പരിമിതിയുണ്ട്. ഉദാഹരണത്തിന്, ഒരു ജീവിയുടെ DNA യിൽ എങ്ങനെ, എന്തൊക്കെ മാറ്റങ്ങൾ വരുത്താമെന്ന് ശാസ്ത്രം പറഞ്ഞുതരും. പക്ഷേ അത് ജനിതകരോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കണോ പുതിയൊരു ബാക്ടീരിയയെ സൃഷ്ടിക്കാൻ ഉപയോഗിക്കണോ പുഴുകയറാത്ത മാമ്പഴം നിർമ്മിക്കാൻ ഉപയോഗിക്കണോ എന്ന് തീരുമാനിക്കേണ്ടത് അതിന്റെ ഉപയോക്താക്കളാണ്. ന്യൂക്ലിയാർ റിയാക്റ്ററിന്റെയും അണുബോംബിന്റെയും അടിസ്ഥാനശാസ്ത്രം ഒന്നുതന്നെയാണല്ലോ. ശാസ്ത്രത്തിന് ശരിതെറ്റുകളില്ലാ, അതുപയോഗിക്കുന്ന ആളിന്റെ ആവശ്യവും നൈതികതയും അനുസരിച്ചായിരിക്കും ശരിതെറ്റുകൾ തീരുമാനിക്കപ്പെടുന്നത്.

4. പ്രകൃത്യാതീതമായ വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള പരിമിതി (Science doesn't draw conclusions about supernatural explanations)

       ദൈവമുണ്ടോ? മരണാനന്തരജീവിതമുണ്ടോ? പുനർജന്മമുണ്ടോ? തുടങ്ങിയവ പോലുള്ള ചോദ്യങ്ങൾ ശാസ്ത്രത്തിന്റെ നിരീക്ഷണ-പരീക്ഷണ പരിധിയ്ക്ക് പുറത്താണ്.

മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്ന് ചുരുക്കിപ്പറയാം. അന്വേഷണം, യുക്തിഭദ്രമായ തെളിവുകൾ, പുതിയ അറിവുകൾ ആർജ്ജിക്കൽ, തെറ്റുതിരുത്തൽ, നിരന്തരം പുതുക്കിക്കൊണ്ടിരിക്കാനുള്ള കഴിവ് ഇതൊക്കെയാണ് ശാസ്ത്രത്തിന്റെ സ്വഭാവവിശേഷങ്ങൾ. ഇവയില്ലാത്തതെല്ലാം കപടമാണ്. നിങ്ങൾ ശാസ്ത്രമെന്നു വിളിക്കുന്ന പലതും ശാസ്ത്രത്തിന്റെ ചവറ്റുകുട്ടയിൽ പോലും കിടക്കാൻ യോഗ്യതയില്ലാത്തതാണെന്ന് ചിന്തിച്ചാൽ മനസിലാകും. ഇന്നു നാം അനുഭവിയ്ക്കുന്ന ഈ ലോകം ശാസ്ത്രത്തിന്റെ സംഭാവനയാണ്. ശാസ്ത്രത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ടാണ്, അതിന്റെ പാരമ്യത്തിൽ നിന്നുകൊണ്ടാണ്, അതിന്റെ സാധ്യതകൾ തന്നെ ഉപയോഗിച്ചുകൊണ്ടാണ് ചിലർ ശാസ്ത്രനിഷേധം പ്രചരിപ്പിക്കുന്നത്. വലിയൊരു ശതമാനം പേർ അതേറ്റുപാടുന്നത്. അതേറ്റവുമധികമുള്ളത് വൈദ്യശാസ്ത്രമേഖലയിലുമാണ്.

വസൂരിയെ തുടച്ചുനീക്കിയ ലോകത്ത്, എയിഡ്സ് രോഗി സാധാരണക്കാരനെപ്പോലെ പതിറ്റാണ്ടുകൾ ജീവിക്കുന്ന ലോകത്ത്, ക്യാൻസർ ചികിത്സ കഴിഞ്ഞവർ പത്തും ഇരുപതും അതിലധികവും വർഷങ്ങൾ ജീവിക്കുന്ന ലോകത്ത്, പോളിയോ നിർമ്മാർജനത്തിന്റെ വക്കിൽ നിന്നുകൊണ്ടാണ് ശാസ്ത്രനിഷേധികൾ വാക്സിൻ വിരുദ്ധത  പ്രചരിപ്പിക്കുന്നതും ആന്റിബയോട്ടിക്കുകളെയും കീമോയേയും എതിർക്കുന്നത് എന്നതാണ് ശ്രദ്ധേയം. ചാണകത്തിന്റെ ഔഷധമൂല്യവും രക്തമൂറ്റലിന്റെ മാജിക്കും രോഗശാന്തിയ്ക്കുള്ള നിലവിളികളുമായി അവർ സാധാരണക്കാരുടെ അജ്ഞതയെ അങ്ങേയറ്റം മുതലെടുക്കുന്നു. കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ ഫേസ്ബുക്ക് ലൈവിലൂടെ  സുക്കർബർഗിന്റെ അച്ഛന് വിളിയ്ക്കുന്നതിന് തുല്യമാണ് ഇവരീ കാണിക്കുന്ന ശാസ്ത്രനിഷേധം.

നിർത്തുന്നൂ, ഇത്രയും കൂടി. ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയാത്ത ചിലതുണ്ട്. അതിനുള്ള ഉത്തരങ്ങൾ ശാസ്ത്രം തന്നെ കണ്ടെത്തും. അതിനു പകരം അല്ലെങ്കിൽ പരിഹാരം കപടശാസ്ത്രമല്ലാ.ചിന്തിക്കുന്നവന്റെ മാത്രം സുഹൃത്താണ്, അവന്റെ മാത്രം പ്രശ്നമാണ് ശാസ്ത്രം. അല്ലാത്തവർക്ക് ആദ്യം പറഞ്ഞ പൂച്ചയ്ക്ക് ചെസ് ബോർഡ് പോലെയും.

©മനോജ്‌ വെള്ളനാട്

download pdf

5 comments:

 1. ഇത്തരം വിമർശനങ്ങൾ ഉണ്ടാവാൻ കാരണം, ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്ന വ്യവസായികളും (പ്രത്യേകിച്ച് മരുന്ന് വ്യവസായം), ചില ഡോക്ടർമാരും തന്നെ അല്ലെ ?

  ReplyDelete
 2. മിക്കവാറും കണ്ടുവരുന്ന പ്രശ്നം വിവരമുള്ളവന് എഴുതാൻ കഴിവില്ല/സമയമില്ല എന്നതാണ്.
  ഇതിപ്പോൾ കഴിവും വിവരവും ഉള്ള ആൾ സമയമുണ്ടിക്കി എഴുതി...
  അതിന്റെ ഗുണം ഇത് വായിക്കുന്നവർക്ക് ഉണ്ടാകും.
  ആശംസകൾ... വീണ്ടും വായിക്കാനായി കാത്തിരിക്കുന്നു.

  ReplyDelete
 3. വാക്സിനേഷന്റെ നിരർത്ഥകതയെക്കുറിച്ചാണെന്ന് പറഞ്ഞുനടക്കുന്ന ഒരു ടെലിഗ്രാം ഗ്രൂപ്പ്‌ ചർച്ചയിൽ ഒരു മുട്ടനടി വെച്ചിട്ട്‌ ഇറങ്ങിയതേയുള്ളൂ.അപ്പോളാ ഈ പോസ്റ്റ്‌ കണ്ടത്‌ .പോസ്റ്റ്‌ അതേ പടി അവിടെ കൊണ്ടുചെന്നിട്ടു.

  ReplyDelete
 4. ഒരു വിഷയം ശാസ്ത്രമാകണമെങ്കിൽ വേണ്ടത്:

  1)അത് പ്രകൃതിയെ കേന്ദ്രീകരിച്ചുള്ള വിഷയമായിരിക്കണം
  2)അത് മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നതും തെറ്റോ ശരിയോ എന്നു തെളിയിക്കപ്പെടാവുന്നതും ആവണം.
  3)പൂർണമായും തെളിവുകളെ ആശ്രയിക്കണം
  4)ശാസ്ത്രസമൂഹത്തെ ഉൾക്കൊള്ളിക്കണം
  5)പുതിയ ഗവേഷണങ്ങളിലേക്ക് നയിക്കണം
  6)പങ്കെടുക്കുന്നവർക്ക് ശാസ്ത്രബോധം വേണം

  ReplyDelete
 5. ഹോമിയോപ്പതിയും നാച്ചറോപ്പതിയും ഉൾപ്പടെയുള്ള ചികിത്സകൾ കപടശാസ്ത്രമാകുന്നത് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കെൽപ്പില്ലാത്തതു കൊണ്ടാണ്..
  ഇത് വായിക്കുമ്പോള്‍ ദ്രവ്യത്തെ നാനോതലത്തിൽ പരുവപ്പെടുത്തുന്ന ഭൌതിക-കാന്തിക-രാസ മാറ്റങ്ങൾ കൂടി ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ മേല്‍ സൂചിപ്പിച്ച ചികിത്സാ രീതികളെ കപടശാസ്ത്രമെന്ന് വിശേഷിപ്പിക്കാന്‍ ഒരു ശാസ്ത്രകാരന് പോലും സങ്കോചം ഉണ്ടാകും.

  അത് പോലെത്തന്നെയാണ് കളിമണ്ണു കുഴച്ചോ മറ്റൊരാളുടെ വാരിയെല്ലിൽ നിന്നോ ഉള്ള മനുഷ്യന്റെ ജനനവും ദിവ്യഗർഭവുമൊക്കെ നിലവിലുള്ള ശാസ്ത്രജ്ഞാനത്തിന് വിരുദ്ധവും പരിശോധിക്കാൻ കഴിയാത്തതുമായ ആശയമാണ് എന്ന വരികളിലെ വൈരുദ്ധ്യവും. ശില്‍പ്പികള്‍ കല്ലില്‍ കൊത്തിയുണ്ടാക്കുന്നത് പോലെ കളിമണ്ണില്‍ നിന്നോ എല്ലില്‍ നിന്നോ ആരുടെയോ കൈകള്‍ ആദിമനുഷ്യനെ സൃഷ്ടിച്ചുകൊണ്ട് ഭൂമിയില്‍ മനുഷ്യജന്മങ്ങള്‍ക്ക് തുടക്കമിട്ടു എന്ന്‍ ശാസ്ത്രാവബോധം ഇല്ലാത്ത ഒരാള്‍ പോലും വിശ്വസിക്കില്ല. മനുഷ്യര്‍ വായിക്കാനും ചിന്തിക്കാനും അന്വേഷിക്കാനും പഠിച്ചു തുടങ്ങുന്ന പ്രാകൃത കാലത്ത് ഇന്നത്തെപ്പോലെ നാനോ ടെക്നോളജിയെക്കുറിച്ച് പറയാനും കഴിയില്ലല്ലോ.. എന്തായാലും ഒരു ശരീരകോശത്തില്‍ നിന്നുപോലും മനുഷ്യസൃഷ്ടിപ്പ് നടത്താമെന്ന് തെളിയിച്ച ശാസ്ത്രതത്വം തന്നെ മേല്‍പ്പറഞ്ഞ സംശയങ്ങള്‍ക്ക് ശരിയുത്തരമായിത്തീരുന്നുണ്ടെന്നും ചിന്തികെണ്ടിയിരിക്കുന്നു.

  ശാസ്ത്രതത്വത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ അന്വേഷണങ്ങളും കണക്കുകളും നടത്തി മറ്റൊരു പ്രപഞ്ചം കൂടി നിലനില്‍ക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തലുകള്‍.. കാലതാമസം കൂടാതെ (പ്രകാശവര്‍ഷങ്ങള്‍ സങ്കല്‍പ്പിക്കുക) നമ്മളെന്ന പൂര്‍വ്വികരുടെ ശാസ്ത്രസങ്കല്‍പ്പങ്ങളും പ്രാകൃതമായ വിശ്വാസങ്ങള്‍ക്കകത്തായിരുന്നുവെന്ന്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പോന്ന ഒരു സമൂഹം പരിണമിച്ചുണ്ടാവുമെന്ന് വിശ്വസിക്കാതിരിക്കാനുള്ള കാരണമൊന്നും കാണുന്നില്ല.

  ReplyDelete