Tuesday, 25 July 2017

ശാസ്ത്രമെന്നാലെന്താണ്?


നിങ്ങൾ വീട്ടിൽ ഒറ്റയ്ക്ക് ഒരു പണിയുമില്ലാതെ, ഏറ്റവും ബോറടിച്ചിരിക്കുവാണെങ്കിലും  വീട്ടിലെ വളർത്തുപൂച്ചയെ കൂട്ടി ചെസ് കളിക്കാൻ ഒരുമ്പെടുമോ? ഇല്ലല്ലേ. നിങ്ങൾക്കറിയാം പൂച്ചയ്ക്ക് ചെസ് കളിയറിയില്ലെന്ന്. ചെസ് പോലെ ബുദ്ധിയും ചിന്താശേഷിയും ആവശ്യമായ ഒരു ഗെയിം പൂച്ച ഏതെങ്കിലും കാലത്ത് പഠിക്കുമെന്നും നിങ്ങൾ വിചാരിക്കുന്നില്ലാ. ഇനി അഥവാ കളിപ്പിയ്ക്കാൻ ഒരു ശ്രമം നടത്തിയാലോ, നിങ്ങളൊരിക്കലും ജയിക്കാനും പോണില്ലാ. നിങ്ങൾ നിരത്തുന്ന കരുക്കൾ അതു തട്ടിമറിച്ചിട്ടേക്കുമെന്ന് മാത്രം. അതിന്റെ തലച്ചോറിൽ ചെസ് ബോർഡും കരുക്കളും എന്തുവികാരമാണ് ജനിപ്പിച്ചതെന്ന് പോലും നിങ്ങൾക്കറിയാൻ പറ്റില്ലാ.

സയൻസ് അഥവാ ശാസ്ത്രം എന്താണെന്നറിയാത്ത ഒരു വിഭാഗം ആൾക്കാരോട് ശാസ്ത്രീയതയെ പറ്റി സംസാരിക്കാൻ പോകുന്നതും ഏതാണ്ടിതുപോലെയാണ്. പലപ്പോഴും പല ചർച്ചകളിലും ക്ലാസുകളിലും ഇങ്ങനെയൊരു പ്രശ്നം സംഭവിക്കുന്നത് കണ്ടിട്ടുണ്ട്. വലിയ വിദ്യാഭ്യാസമുള്ളവർ പോലും കപടശാസ്ത്രങ്ങൾക്ക് (Pseudoscience) വേണ്ടി വാദിക്കുന്നതും കണ്ടിട്ടുണ്ട്. ശാസ്ത്രം, ശാസ്ത്രീയം എന്നൊക്കെയുള്ള വാക്കുകൾ അവരുടെ തലച്ചോറിൽ പൂച്ച ചെസ്ബോർഡ് കണ്ടതുപോലുള്ള ഒരു ഫീലാണ് ഉണ്ടാക്കുന്നത്. പൂച്ചയെ സംബന്ധിച്ച് ചെസ് ബോർഡും ചോറുകൊടുക്കുന്ന പിഞ്ഞാണവും തമ്മിൽ വലിയ വ്യത്യാസമില്ലാ. അതുപോലെയാണ് ശാസ്ത്രമെന്താണെന്നറിയാത്തവർ ശാസ്ത്രത്തെയും കപടശാസ്ത്രത്തെയും വിലയിരുത്തുന്നത്. പൂച്ചയ്ക്കു പ്രിയം പിഞ്ഞാണത്തോട് തന്നെയായിരിക്കുമെന്ന് പറയണ്ടല്ലോ.

ശാസ്ത്രമെന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന് പറയാനുള്ള ലേഖനമാണിത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങി ന്യൂക്ലിയാർ സയൻസും സ്പേസ് സയൻസുമൊക്കെ ഉൾപ്പെടുന്ന ശാസ്ത്രത്തെ പറ്റി. മലയാളത്തിൽ ശാസ്ത്രമെന്നു പറയുമ്പോൾ ശാസനകൾ എന്ന് കൂടി അർത്ഥമുണ്ട്. അതായത്, മുടി വെട്ടിയാൽ കുളിച്ചിട്ടേ വീട്ടിൽ കയറാവൂ, ആർത്തവ സമയത്ത് അശുദ്ധിയാണ്, ചൊവ്വാദോഷമുള്ളവരെ കെട്ടരുത്, വടക്കോട്ട് തലവച്ചുറങ്ങരുത് എന്നൊക്കെയുള്ള കാര്യങ്ങൾ ശാസ്ത്രമാണെന്ന് പഴമക്കാർ പറയും. 'ശാസിക്കപ്പെട്ടത്' എന്നർത്ഥത്തിലാണ് (രാജമാതാ ശിവഗാമിദേവിയുടെ കട്ടളൈ ശാസനം പോലെ) ഇവിടെ ശാസ്ത്രമെന്ന വാക്കുപയോഗിച്ചിരിക്കുന്നത്. അത്തരം ശാസനങ്ങളെ പറ്റിയല്ലാ ശരിക്കുമുള്ള ശാസ്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

എന്താണ് ശാസ്ത്രമെന്ന് നിർവചിച്ചു പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമായിരിക്കും. ശാസ്ത്രമെന്നാൽ നിരന്തരമായ അന്വേഷണമാണ്.  ഒരുകാര്യം ശാസ്ത്രീയമാകണമെങ്കിൽ എന്തൊക്കെ നിയമങ്ങൾ പാലിച്ചിരിക്കണം എന്ന് പറയുന്നതായിരിക്കും എളുപ്പം. അതിനുപുറത്തുള്ളതെല്ലാം ശാസ്ത്രീയമല്ലെന്ന് തന്നെ പറയാം.

ഒരു വിഷയം ശാസ്ത്രമാകണമെങ്കിൽ വേണ്ടത്:

1)അത് പ്രകൃതിയെ കേന്ദ്രീകരിച്ചുള്ള വിഷയമായിരിക്കണം
2)അത് മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നതും തെറ്റോ ശരിയോ എന്നു തെളിയിക്കപ്പെടാവുന്നതും ആവണം.
3)പൂർണമായും തെളിവുകളെ ആശ്രയിക്കണം
4)ശാസ്ത്രസമൂഹത്തെ ഉൾക്കൊള്ളിക്കണം
5)പുതിയ ഗവേഷണങ്ങളിലേക്ക് നയിക്കണം
6)പങ്കെടുക്കുന്നവർക്ക് ശാസ്ത്രബോധം വേണം

ഓരോന്നും എന്താണെന്ന് നോക്കാം.

1. പ്രകൃതിയെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങളായിരിക്കണം

ശാസ്ത്രപഠനങ്ങൾ എല്ലാംതന്നെ പ്രകൃതിയെ കുറിച്ചാണ്. പ്രകൃതി എന്ന് പറഞ്ഞാൽ ഈ പ്രപഞ്ചം മുഴുവനും. പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ എന്തും ശാസ്ത്രത്തിന്റെ പഠനവിഷയമാണ്. പ്രപഞ്ചത്തിലെ ഓരോ ഘടകവും (അണുക്കൾ, മൃഗങ്ങൾ, ചെടികൾ, മണ്ണ്, ജലം, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ അങ്ങനെ എല്ലാം) പരസ്പരം എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നാണ് ശാസ്ത്രം പഠിക്കുന്നത്.

ശാസ്ത്രത്തിന് മേൽപ്പറഞ്ഞ പ്രാകൃതികലോകം എന്നൊരു ലോകം മാത്രമേ ഉള്ളു. ഇതൊന്നുമല്ലാത്ത ഊഹാപോഹങ്ങളുടെ വേറെയൊരു ലോകം ഇല്ല. ഉണ്ടെന്ന് അവകാശപെടുന്നവർ, എന്താണ് പ്രാകൃതികമല്ലാത്ത ലോകം എന്ന് വിശദീകരിക്കാൻ ബാദ്ധ്യസ്ഥരാണ്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ അവ പ്രാകൃതികലോകവുമായി ഏതെങ്കിലും രീതിയിൽ ഇടപെടുന്നുണ്ട് എന്നു അവർക്ക് തെളിയിക്കാൻ കഴിയുമ്പോൾ, അത് ശാസ്ത്രത്തിന്റെ പരിധിയിൽ വരികയും അവർ പറയുന്നതിനെ ശാസ്ത്രീയമായി വിലയിരുത്താൻ സാധിക്കുകയും ചെയ്യും. ദൈവമെന്ന കൺസപ്റ്റ് ശാസ്ത്രത്തിന് പുറത്താകാൻ കാരണം, അല്ലെങ്കിൽ ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തത് അതുകൊണ്ടാണ്. ഇന്നേവരെ അങ്ങനെ മുന്നോട്ടുകൊണ്ടുവന്ന "സൂപ്പർനാച്യുറൽ" വാദങ്ങളെല്ലാം, നമ്മൾ ആർജ്ജിച്ച ശാസ്ത്രജ്ഞാനവുമായി ഒത്തുപോകാത്തതാണ്.

പ്രാകൃതികലോകത്ത് നടക്കുന്ന പ്രതിഭാസങ്ങൾക്ക് ശരിയും വ്യക്തതയും ഉള്ള വിശദീകരണങ്ങൾ നൽകുക എന്നതാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ചോദ്യങ്ങൾ ചോദിക്കുകയും അതിനുള്ള ഉത്തരങ്ങൾ തേടിക്കണ്ടെത്തുകയുമാണ് ശാസ്ത്രീയരീതി. എങ്ങനെ? എന്തുകൊണ്ട്? എപ്പോൾ? എന്തുഫലം? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയുന്നതേ ശാസ്ത്രമാകൂ. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്നതു കൊണ്ടും ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടും ശാസ്ത്രജ്ഞാനങ്ങൾ മാറിക്കൊണ്ടിരിക്കും. ഹോമിയോപ്പതിയും നാച്ചറോപ്പതിയും ഉൾപ്പടെയുള്ള ചികിത്സകൾ കപടശാസ്ത്രമാകുന്നത് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കെൽപ്പില്ലാത്തതു കൊണ്ടാണ്. അവയൊക്കെ ഏതുകാലത്താണോ ഉരുത്തിരിഞ്ഞത്, അന്നത്തെ അതേ അവസ്ഥയിൽ തന്നെയാണിപ്പോഴുമെന്നതു തന്നെ അതിനു തെളിവ്.

മാറ്റങ്ങൾക്ക് വിധേയം ആണെങ്കിലും, ശാസ്ത്രജ്ഞാനം വിശ്വസനീയവും ആശ്രയിക്കാവുന്നതും ആണ്. അതു പകരുന്ന അറിവ് ശാസ്ത്രീയവും ശാസ്ത്രസമൂഹത്തിന് സ്വീകാര്യവും ആയത് അവയ്ക്ക് പലതരം തെളിവുകളുടെ പിൻബലം ഉള്ളതുകൊണ്ടാണ്.

2. മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നതും തെറ്റോ ശരിയോ തെളിയിക്കപെടാവുന്നതും ആവണം.

പരിശോധിക്കാൻ കഴിയുന്ന ആശയങ്ങൾക്ക് മാത്രമെ ശാസ്ത്രത്തിൽ സ്ഥാനം ഉള്ളു. കളിമണ്ണു കുഴച്ചോ മറ്റൊരാളുടെ വാരിയെല്ലിൽ നിന്നോ ഉള്ള മനുഷ്യന്റെ ജനനവും ദിവ്യഗർഭവുമൊക്കെ നിലവിലുള്ള ശാസ്ത്രജ്ഞാനത്തിന് വിരുദ്ധവും പരിശോധിക്കാൻ കഴിയാത്തതുമായ ആശയമാണ്. എന്നാൽ തേങ്ങാപ്പിണ്ണാക്ക് കഴിച്ചാൽ ക്യാൻസർ മാറാൻ സാധ്യതയുണ്ടെന്ന് (ഉദാഹരണമാണേ..) ഒരു ശാസ്ത്രസമൂഹം പറഞ്ഞാൽ അതിന്റെ സാധ്യതകളെ പറ്റി ശാസ്ത്രീയമായി പഠിക്കാവുന്നതാണ്. അതായത്, ഒരു ആശയം പരിശോധിക്കാൻ കഴിയണമെങ്കിൽ അത് കൃത്യമായ രീതികളിലൂടെ പരീക്ഷിക്കാനും ഓരോ ഘട്ടത്തിലെയും മാറ്റങ്ങൾ നിരീക്ഷിക്കാനും സാധിക്കണം. ആ നിരീക്ഷണങ്ങളിൽ നിന്നുരുത്തിരിയുന്നതാണ് ശാസ്ത്രീയമായ തെളിവുകൾ.

മോഡേൺ മെഡിസിൻ പൂർണമായും ശാസ്ത്രീയമാകുകയും ആയുർവേദം ശാസ്ത്രപഠനങ്ങൾക്കുള്ള വാതിൽ തുറന്നിട്ടിട്ട് നിസംഗമായിരിക്കുന്നതും ഹോമിയോ ഒരടഞ്ഞ അധ്യായമാകുന്നതും ഇവിടെയാണ്. ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയും കൃത്യമായ തെളിവുകളുടെയും ശക്തമായ തൂണുകൾക്കുമുകളിലൂടെയാണ് ശാസ്ത്രമെന്ന മെട്രോ ഓടുന്നത്.

3.തെളിവുകളെ ആശ്രയിക്കണം:

ഏറ്റവും പ്രധാനപ്പെട്ട കാര്യവുമിതാണ്. കൃത്യവും യുക്തിയ്ക്ക് നിരക്കുന്നതുമായ തെളിവുകൾ വേണമെന്നത്.

ശാസ്ത്രിയമായി മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നവ ആകണം എന്ന് മാത്രമല്ല അവ കർക്കശമായി പരിശോധിക്കുകയും വേണം. മേൽപ്പറഞ്ഞ തേങ്ങാപ്പിണ്ണാക്കിന്റെ കാര്യം തന്നെയെടുത്താൽ, ആദ്യം തേങ്ങാപിണ്ണാക്ക് കഴിച്ച് ക്യാൻസർ ഭേദപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തണം. റിസൾട്ട് പോസിറ്റീവാണെങ്കിൽ മാത്രം കൂടുതൽ പഠനങ്ങളിലേയ്ക്ക് പോകും. പിണ്ണാക്കിലെ ഏത് ഘടകമാണതിന് കാരണമെന്നും അതെങ്ങനെയാണ് ക്യാൻസർ കോശങ്ങളിൽ പ്രവർത്തിക്കുന്നതെന്നും കൃത്യമായി മനസിലാക്കണം. ആ ഘടകത്തിന്റെ സൈഡ് എഫക്ടുകളെ പറ്റിയും എങ്ങനെ ശരീരത്തിൽ നിന്നും പുറംതള്ളപ്പെടുന്നുവെന്നും മനസിലാക്കണം. റിസൽറ്റുകൾ കൊള്ളേണ്ടതോ തള്ളേണ്ടതോ ആകാം. ചിലപ്പോൾ വർഷങ്ങളുടെ ഗവേഷണശേഷമായിരിക്കും തേങ്ങാപ്പിണ്ണാക്കിന് ക്യാൻസറിൽ ഒരു റോളുമില്ലെന്ന് തിരിച്ചറിയുന്നത്. അത്രയും സങ്കീർണമാണ് ശാസ്ത്രീയമായ രീതി.

ഇങ്ങനെ ഒരു വിഷയത്തെ പറ്റിത്തന്നെ പല തലങ്ങളിൽ പല ആൾക്കാരിൽ നിന്നും വരുന്ന തെളിവുകൾ ശേഖരിക്കണം. ശാസ്ത്രരീതിയുടെ അവശ്യമായ ഘടകമാണിത്. ശാസ്ത്രജ്ഞർ അവരുടെ ആശയങ്ങൾ പരിശോധിക്കാൻ വേണ്ട തെളിവുകൾക്കായി നിരന്തരം പരിശ്രമിക്കുന്നു. അതിനുവേണ്ട പരീക്ഷണങ്ങൾ എത്ര തന്നെ ദുർഘടം പിടിച്ചതായാലും, ശാസ്ത്രത്തിന്റെ രീതികൾക്ക് അത് ഒഴിച്ചുകൂടാനാവാത്തതാണു. ഒരു ഒറ്റ പരീക്ഷണഫലം കിട്ടാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടി വന്നേക്കാം, ചിലപ്പോൾ അന്റാർട്ടിക്കയിലേക്ക് യാത്ര നടത്തി അവിടെയുള്ള മഞ്ഞിനുള്ളിൽ അകപെട്ടുകിടക്കുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് ശേഖരിക്കണ്ടിവന്നേക്കാം, അതും അല്ലെങ്കിൽ ആയിരകണക്കിന് DNA സാമ്പിളുകൾ ലോകത്തിന്റെ പല ഭാഗത്തുനിന്ന് ശേഖരിച്ച് പരിശോധിക്കേണ്ടി വന്നേക്കാം. എന്തുതന്നെയായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ആണ് ശാസ്ത്രം ഒരു ആശയം തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത് .അല്ലാതെ, ശീലങ്ങൾക്കും പാരമ്പര്യത്തിനും പൊതുഅഭിപ്രായത്തിനും ഒന്നും ഒരു പ്രാധാന്യവും ഇല്ല.

ഒരാളുടെ പരീക്ഷണഫലം ഏതു ചോദ്യത്തിനും ഉത്തരം നൽകാവുന്നവിധം മറ്റൊരാൾക്ക് ബോധ്യപ്പെടണമെന്നത് ശാസ്ത്രത്തിന്റെ ആണിക്കല്ലാണ്. ഊഹാപോഹങ്ങൾക്കും അനുഭവസാക്ഷ്യങ്ങൾക്കും ശാസ്ത്രത്തിൽ വലിയ സ്ഥാനമില്ലാ.

4.ശാസ്ത്ര സമൂഹത്തെ ഉൾക്കൊള്ളിക്കണം:

ശാസ്ത്രത്തിന്റെ പുരോഗമനത്തിന് ശാസ്ത്രസമൂഹത്തിനുള്ളിലെ പരസ്പരപ്രവർത്തനങ്ങൾക്ക് വലിയ ഒരു പങ്കുണ്ട്. കാരണം അവരാണ് പുതിയ ആശയങ്ങൾ മുന്നോട്ടു വെക്കുന്നതും അതിനുവേണ്ടിയുള്ള തെളിവുകൾ പല പ്രവർത്തനതലങ്ങളിൽ നിന്നും കണ്ടെത്തുന്നതും, അവ പരിശോധിക്കുന്നതും പഠനവിധേയമാക്കുന്നതുമെല്ലാം. കൂടാതെ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ ഇറക്കുക, കോൺഫെറൻസുകൾ സംഘടിപ്പിക്കുക, റിസർച്ച് ചെയ്യാനുള്ള ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കാര്യങ്ങളും അവരാണ് ചെയ്യുന്നത്. പുതിയ ആശയങ്ങൾ കൂലങ്കഷമായി വിലയിരുത്തുകയും മാറ്റങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നത് വഴി, തെറ്റുകൾ ഇല്ല എന്നും മികച്ച ആശയങ്ങൾ ആണ് പരിഗണിക്കപെടുന്നതെന്നും ഉറപ്പ് വരുത്തുന്നു.

5.പുതിയ ഗവേഷണങ്ങളിലേക്ക് നയിക്കണം:

ശാസ്ത്രം എന്നും മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. മെച്ചപ്പെട്ടതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടതിലേയ്ക്ക് എന്നതാണ് ശാസ്ത്രത്തിന്റെ വളർച്ച. ഇന്ന് മനുഷ്യരാശി അറിയാൻ ശ്രമിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങൾ എന്ന് വിചാരിക്കുന്നവയ്ക്ക് ഉത്തരം കണ്ടെത്തിയാലും ശാസ്ത്രപഠനങ്ങൾ മുന്നോട്ട് തന്നെ പൊയ്കൊണ്ടിരിക്കും. ശാസ്ത്രത്തിൽ സാധാരണയായി ഒരു ചോദ്യത്തിനുത്തരം കണ്ടെത്തുമ്പോൾ, പുതിയ ചോദ്യങ്ങൾ ചോദിക്കാനും കൂടുതൽ വ്യക്തത വരുത്താനും നാം പ്രേരിപ്പിക്കപ്പെടും. ഈ പ്രപഞ്ചത്തിൽ നമുക്ക് അറിയാത്തതായി എന്തെങ്കിലുമുള്ളടത്തോളം കാലം അതിനുത്തരം തേടി ശാസ്ത്രം കുതിച്ചുകൊണ്ടിരിക്കും.

പുതിയ ഉത്തരങ്ങൾ കിട്ടുമ്പോൾ പഴയതു പലതും തിരുത്തപ്പെടും. അലോപ്പതി വിരുദ്ധരായ പലരും പലപ്പോഴും ചോദിച്ചിട്ടുള്ള ചോദ്യമാണ്, മോഡേൺ മെഡിസിനിൽ മുമ്പുപയോഗിച്ചിരുന്ന മരുന്നൊക്കെ ഇപ്പോഴെവിടെ? എല്ലാം തെറ്റായിരുന്നുവെന്ന് തെളിഞ്ഞില്ലേ? അവരോട് ചോദിക്കാനുള്ളത്, കുറച്ചുവർഷങ്ങൾക്കു മുമ്പ് നിങ്ങൾ ഉപയോഗിച്ചിരുന്ന 60 വാട്ടിന്റെ സാധാബൾബാണോ വീട്ടിലിപ്പോഴും? CFL/ LED ലൈറ്റുകളല്ലേ? പഴയ ബൾബുകൾ മോശമായതുകൊണ്ടല്ലല്ലോ കൂടുതൽ മെച്ചപ്പെട്ട ബൾബുകൾ കണ്ടുപിടിച്ചതുകൊണ്ടല്ലേ ആ മാറ്റം. അതുപോലെയാണ് ശാസ്ത്രത്തിന്റെ എല്ലാ മേഖലയിലും.

6.പങ്കെടുക്കുന്ന ശാസ്ത്രജ്ഞരുടെ ശാസ്ത്രബോധം :

ശാസ്ത്രം ആർക്കും പഠിക്കാം. ശാസ്ത്രീയരീതിയിലുഉള്ള പഠനങ്ങൾ ആരിൽ നിന്ന് വന്നാലും ശാസ്ത്രസമൂഹത്തിൽ സ്വീകരിക്കപ്പെടും. അവ അങ്ങനെ കറയറ്റരീതിയിൽ സൂഗമമായി നടക്കണമെങ്കിൽ ശാസ്ത്രസമൂഹത്തിലുള്ളവർ ശാസ്ത്രബോധത്തോടെ പെരുമാറണം. അതായത് ശാസ്ത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന രീതിയിൽ ആയിരിക്കണം അവർ പെരുമാറേണ്ടത്. ശാസ്ത്രബോധത്തിൽ പ്രധാനം തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്താനുള്ള മനസാണ്. മതപ്രചാരകരും കപടശാസ്ത്ര ഉപാസകരും ശാസ്ത്രത്തിന് പുറത്താകുന്നത് ഇവിടെയാണ്.

മുകളിൽപ്പറഞ്ഞ വിശേഷണങ്ങളാണ് പ്രധാനമായും ശാസ്ത്രപഠനങ്ങൾക്ക് വേണ്ടത്. ശാസ്ത്രത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഇതു ബാധകമാണ്. ഇവ പാലിച്ചുകൊണ്ടുള്ള പഠനങ്ങൾ ആയതുകൊണ്ടാണ് ശാസ്ത്രജ്ഞാനം ഏറ്റവും മികച്ചതും വിശ്വാസ്യയോഗ്യവുമാകുന്നത്. മനുഷ്യജീവിതത്തിന്റെയും അറിവിന്റെയും പുരോഗതി നോക്കിയാൽ മാത്രം മതി ശാസ്ത്രരീതി എത്രത്തോളം വിജയകരം ആണെന്ന് മനസിലാക്കാൻ.

മനുഷ്യനിന്നോളം നേടിയ ഏറ്റവും വലിയ സമ്പാദ്യം അവന്റെ അറിവ് തന്നെയാണ്. മതപരമായ അന്ധത പലപ്പോഴും ശാസ്ത്രത്തെ ശരിക്കും മനസിലാക്കാൻ തടസമാകുന്നുണ്ട്. ഇപ്പോഴും ഭൂമി പരന്നതാണെന്നും ചൊവ്വാദോഷത്തിലുമൊക്കെ വിശ്വസിക്കുന്നവരുമുണ്ടല്ലോ. തുടക്കത്തിൽ പറഞ്ഞ വീട്ടിലെ വളർത്തുപൂച്ചയെ പോലുള്ളവർ.

ശാസ്ത്രത്തിന്റെ പരിമിതികൾ

ഇന്നു നാം അനുഭവിക്കുന്ന സകല സൗഭാഗ്യങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. ചൊവ്വയിൽ ജീവൻ തേടി പോകുന്ന ശാസ്ത്രം ഇങ്ങ് ഭൂമിയിൽ ആറ്റത്തിന്റെ ഏറ്റവും ചെറിയ കണങ്ങളിലേക്കും ഊളിയിടുന്നു. ഭൂകമ്പങ്ങൾ പ്രവചിക്കുന്ന ശാസ്ത്രം ജീൻ മാറ്റിവച്ചുള്ള ചികിത്സകൾ കണ്ടെത്തുന്നു. ഇതെല്ലാം ശാസ്ത്രത്തിന് പരിമിതികളില്ലാ എന്നൊരു തോന്നലുണ്ടാക്കുന്നുണ്ട്. എന്നാലങ്ങനെയല്ലാ. ശാസ്ത്രത്തിനുമുണ്ട് ചില പരിമിതികൾ.

1.ധാർമ്മികതയിലൂന്നിയുള്ള തീരുമാനങ്ങളെടുക്കാനുള്ള പരിമിതി (Science doesn't make moral judgements)

       ദയാവധം ചെയ്യുന്നത് ശരിയോ തെറ്റോ? ഈ പ്രപഞ്ചത്തിൽ മനുഷ്യന്റെ സവിശേഷാധികാരം എന്താണ്? മറ്റു ജീവജാലങ്ങൾക്ക് പ്രകൃതിയുടെ മേലുള്ള അവകാശമെന്താണ്? ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ശാസ്ത്രത്തിന് ഉത്തരം നൽകാൻ ബുദ്ധിമുട്ടുണ്ട്. ഒരു രോഗിയുടെ അവസ്ഥ ഗുരുതരമാണെന്നും ജീവിതത്തിലേയ്ക്ക് തിരികെ വരില്ലെന്നും ശാസ്ത്രം നമുക്ക് പറഞ്ഞുതരും. ശാസ്ത്രം തീരുമാനങ്ങളല്ലാ, അറിവുകളാണ് തരുന്നത്. ആ അറിവും മറ്റു നിയമങ്ങളും യുക്തിയും ധാർമ്മികതയും ഉപയോഗിച്ച് നമ്മൾ തീരുമാനിക്കണം മേൽപ്പറഞ്ഞവ പോലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം. ഈ ലോകത്തെ സകലതും ശാസ്ത്രം നമുക്ക് പഠിപ്പിച്ചു തരും. അതിൽ ശരി/തെറ്റ്, നല്ലത്/ മോശമായത് തുടങ്ങിയ വേർതിരിവുകൾ നടത്താൻ ശാസ്ത്രത്തിന് പരിമിതികളുണ്ട്.

2. കലാസൗന്ദര്യവിദ്യാപരമായ തീരുമാനങ്ങളെടുക്കാനുള്ള പരിമിതി (Science doesn't make aesthetic judgement)

      ഒരു മ്യൂസിക്കൽ നോട്ടിന്റെ ഫ്രീക്വൻസി എത്രയെന്നും അത് ശബ്ദതരംഗമായി ചെവിയിലൂടെ തലച്ചോറിലേക്ക് എങ്ങനെയെത്തുന്നു എന്നൊക്കെ ശാസ്ത്രം പറഞ്ഞുതരും. അതുപോലെ കണ്ണുകൾ കളറുകളെ തിരിച്ചറിയുന്നതിനെ പറ്റിയും. പക്ഷേ ഒരു ബീഥോവൻ സിംഫണി അല്ലെങ്കിൽ ഒരു രവിവർമ്മാ ചിത്രം, ഒരു സിനിമ ഇതൊക്കെ എങ്ങനെ ആസ്വദിക്കണമെന്ന് പറഞ്ഞുതരാൻ ശാസ്ത്രത്തിനാകില്ല. അത് നമ്മുടെ തലച്ചോറിന്റെ തീരുമാനമാണ്.

3. ശാസ്ത്രജ്ഞാനം എങ്ങനെ ഉപയോഗിക്കണമെന്ന് തീർപ്പുകൽപ്പിക്കാനുള്ള പരിമിതി (Science doesn't tell you how to use scientific knowledge)

     ശാസ്ത്രം നൽകുന്ന സാധ്യതകളും അറിവുകളും എങ്ങനെ അല്ലെങ്കിൽ എന്തിനുവേണ്ടി ഉപയോഗിക്കണമെന്ന് പറയാൻ ശാസ്ത്രത്തിന് പരിമിതിയുണ്ട്. ഉദാഹരണത്തിന്, ഒരു ജീവിയുടെ DNA യിൽ എങ്ങനെ, എന്തൊക്കെ മാറ്റങ്ങൾ വരുത്താമെന്ന് ശാസ്ത്രം പറഞ്ഞുതരും. പക്ഷേ അത് ജനിതകരോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കണോ പുതിയൊരു ബാക്ടീരിയയെ സൃഷ്ടിക്കാൻ ഉപയോഗിക്കണോ പുഴുകയറാത്ത മാമ്പഴം നിർമ്മിക്കാൻ ഉപയോഗിക്കണോ എന്ന് തീരുമാനിക്കേണ്ടത് അതിന്റെ ഉപയോക്താക്കളാണ്. ന്യൂക്ലിയാർ റിയാക്റ്ററിന്റെയും അണുബോംബിന്റെയും അടിസ്ഥാനശാസ്ത്രം ഒന്നുതന്നെയാണല്ലോ. ശാസ്ത്രത്തിന് ശരിതെറ്റുകളില്ലാ, അതുപയോഗിക്കുന്ന ആളിന്റെ ആവശ്യവും നൈതികതയും അനുസരിച്ചായിരിക്കും ശരിതെറ്റുകൾ തീരുമാനിക്കപ്പെടുന്നത്.

4. പ്രകൃത്യാതീതമായ വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള പരിമിതി (Science doesn't draw conclusions about supernatural explanations)

       ദൈവമുണ്ടോ? മരണാനന്തരജീവിതമുണ്ടോ? പുനർജന്മമുണ്ടോ? തുടങ്ങിയവ പോലുള്ള ചോദ്യങ്ങൾ ശാസ്ത്രത്തിന്റെ നിരീക്ഷണ-പരീക്ഷണ പരിധിയ്ക്ക് പുറത്താണ്.

മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്ന് ചുരുക്കിപ്പറയാം. അന്വേഷണം, യുക്തിഭദ്രമായ തെളിവുകൾ, പുതിയ അറിവുകൾ ആർജ്ജിക്കൽ, തെറ്റുതിരുത്തൽ, നിരന്തരം പുതുക്കിക്കൊണ്ടിരിക്കാനുള്ള കഴിവ് ഇതൊക്കെയാണ് ശാസ്ത്രത്തിന്റെ സ്വഭാവവിശേഷങ്ങൾ. ഇവയില്ലാത്തതെല്ലാം കപടമാണ്. നിങ്ങൾ ശാസ്ത്രമെന്നു വിളിക്കുന്ന പലതും ശാസ്ത്രത്തിന്റെ ചവറ്റുകുട്ടയിൽ പോലും കിടക്കാൻ യോഗ്യതയില്ലാത്തതാണെന്ന് ചിന്തിച്ചാൽ മനസിലാകും. ഇന്നു നാം അനുഭവിയ്ക്കുന്ന ഈ ലോകം ശാസ്ത്രത്തിന്റെ സംഭാവനയാണ്. ശാസ്ത്രത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ടാണ്, അതിന്റെ പാരമ്യത്തിൽ നിന്നുകൊണ്ടാണ്, അതിന്റെ സാധ്യതകൾ തന്നെ ഉപയോഗിച്ചുകൊണ്ടാണ് ചിലർ ശാസ്ത്രനിഷേധം പ്രചരിപ്പിക്കുന്നത്. വലിയൊരു ശതമാനം പേർ അതേറ്റുപാടുന്നത്. അതേറ്റവുമധികമുള്ളത് വൈദ്യശാസ്ത്രമേഖലയിലുമാണ്.

വസൂരിയെ തുടച്ചുനീക്കിയ ലോകത്ത്, എയിഡ്സ് രോഗി സാധാരണക്കാരനെപ്പോലെ പതിറ്റാണ്ടുകൾ ജീവിക്കുന്ന ലോകത്ത്, ക്യാൻസർ ചികിത്സ കഴിഞ്ഞവർ പത്തും ഇരുപതും അതിലധികവും വർഷങ്ങൾ ജീവിക്കുന്ന ലോകത്ത്, പോളിയോ നിർമ്മാർജനത്തിന്റെ വക്കിൽ നിന്നുകൊണ്ടാണ് ശാസ്ത്രനിഷേധികൾ വാക്സിൻ വിരുദ്ധത  പ്രചരിപ്പിക്കുന്നതും ആന്റിബയോട്ടിക്കുകളെയും കീമോയേയും എതിർക്കുന്നത് എന്നതാണ് ശ്രദ്ധേയം. ചാണകത്തിന്റെ ഔഷധമൂല്യവും രക്തമൂറ്റലിന്റെ മാജിക്കും രോഗശാന്തിയ്ക്കുള്ള നിലവിളികളുമായി അവർ സാധാരണക്കാരുടെ അജ്ഞതയെ അങ്ങേയറ്റം മുതലെടുക്കുന്നു. കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ ഫേസ്ബുക്ക് ലൈവിലൂടെ  സുക്കർബർഗിന്റെ അച്ഛന് വിളിയ്ക്കുന്നതിന് തുല്യമാണ് ഇവരീ കാണിക്കുന്ന ശാസ്ത്രനിഷേധം.

നിർത്തുന്നൂ, ഇത്രയും കൂടി. ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയാത്ത ചിലതുണ്ട്. അതിനുള്ള ഉത്തരങ്ങൾ ശാസ്ത്രം തന്നെ കണ്ടെത്തും. അതിനു പകരം അല്ലെങ്കിൽ പരിഹാരം കപടശാസ്ത്രമല്ലാ.ചിന്തിക്കുന്നവന്റെ മാത്രം സുഹൃത്താണ്, അവന്റെ മാത്രം പ്രശ്നമാണ് ശാസ്ത്രം. അല്ലാത്തവർക്ക് ആദ്യം പറഞ്ഞ പൂച്ചയ്ക്ക് ചെസ് ബോർഡ് പോലെയും.


തുടർന്ന് വായിക്കുക...

Friday, 21 July 2017

ആരോഗ്യത്തിന്റെ സാമ്പത്തികശാസ്ത്രം


നഴ്സുമാരുടെ സമരം വിജയിച്ചു. അഭിവാദ്യങ്ങൾ. മെച്ചപ്പെട്ട ശമ്പളവും ജീവിതനിലവാരവും അർഹിക്കുന്ന സ്കിൽഡ് പ്രൊഫഷണൽസ് തന്നെയാണവർ. മാലാഖ എന്നൊക്കെ വിളിച്ചവരെ സൈഡാക്കാതെ മെച്ചപ്പെട്ട ജീവിതവും തൊഴിലന്തരീക്ഷവും നൽകുകയെന്നത് തൊഴിൽ ദാതാക്കളായ സ്വകാര്യ മാനേജ്മെന്റുകൾക്കൊപ്പം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. പക്ഷെ ഇതിന്റെയൊക്കെ പരിണിതഫലം അനുഭവിക്കാൻ പോകുന്നതും പൊതുജനമാണ്. ചികിത്സാചെലവ് ഗണ്യമായി വർദ്ധിക്കുമെന്ന കാര്യം തീർച്ചയാണ്. ആശുപത്രിയുടെ വരുമാനമാർഗം രോഗിയിൽ നിന്നും വാങ്ങുന്ന കാശ് മാത്രമാണല്ലോ.

ആരോഗ്യത്തിന്‍റെ കേരളമോഡൽ ഒരപ്രധാന ചർച്ചാ വിഷയമായിട്ട് കാലം കുറച്ചായി. ഇപ്പോൾ പ്രധാനമായും ചർച്ചചെയ്യപ്പെടുന്നത് ആരോഗ്യമേഖലയിലെ സാമ്പത്തികശാസ്ത്രമാണ്. കാലവും കാലാവസ്ഥയും ജീവിതശൈലിയും രോഗങ്ങളുടെ സ്വഭാവങ്ങളും മാറിയതിനൊപ്പം കഴിഞ്ഞ 40-50 വർഷത്തിനുള്ളിൽ അഭൂതപൂർവ്വമായ വളർച്ചയാണ് ആധുനികവൈദ്യശാസ്ത്രം വിവിധമേഖലകളിൽ നേടിയത്. അതീവ സങ്കീർണവും കുറ്റമറ്റതുമായ രോഗനിർണയ രീതികളും ചികിത്സാരീതികളും നമ്മുടെ ആരോഗ്യനിലവാരവും ആയുസും വർദ്ധിപ്പിക്കുകയും ഒപ്പം ജീവിതഗുണനിലവാരം (Quality of Life) ഉയർത്തുകയും ചെയ്യുകയുണ്ടായി. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിലെ ഈ വളർച്ചയുടെ ചരിത്രത്തിന്റെയും നേട്ടങ്ങളുടെയും കസേരകളിലിരുന്നാണ് ആരോഗ്യരംഗത്തെ സാമ്പത്തികശാസ്ത്രത്തെ പറ്റി നമ്മൾ ചർച്ച ചെയ്യുന്നത്. ആരോഗ്യരംഗത്തെ ചെലവുകളെ പറ്റി ചർച്ചചെയ്യുമ്പോൾ നമ്മളിരിക്കുന്ന ആ വിലയേറിയ കസേരകളെ മനപ്പൂർവ്വമോ അല്ലാതെയോ മറന്നുപോകുന്നുവെന്നത് ദൗർഭാഗ്യകരമാണ്.

2014-ലെ നാഷണൽ സാമ്പിൾ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 90% ആൾക്കാരും ആധുനികവൈദ്യശാസ്ത്രത്തെയാണ് ആശ്രയിക്കുന്നത്. അതിൽ ഗ്രാമീണമേഖലയിലെ 72% ആൾക്കാരും നഗരങ്ങളിലെ 79 % ആൾക്കാരും അസുഖങ്ങൾ വരുമ്പോൾ സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നത് എന്നും ആ കണക്കുകളിൽ കാണാം. സ്വകാര്യമേഖല എന്ന് പറയുമ്പോൾ, പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർ, നഴ്സിംഗ് ഹോമുകൾ, സ്വകാര്യ ആശുപത്രികൾ തുടങ്ങി ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് വരെയാകാം. ഇതേ പഠനത്തിൽ പറയുന്ന മറ്റൊരു പ്രസക്തമായ ഭാഗം, 40% ആരോഗ്യസേവനങ്ങളും ചെറുതും ഇടത്തരവുമായ ആശുപത്രികളിലൂടെയാണ് നടത്തപ്പെടുന്നത് എന്നാണ്. ഈ 40 ശതമാനത്തെയാണ് ശമ്പളവർദ്ധനവ് ഏറ്റവും പ്രതികൂലമായി ബാധിക്കുക.

ഒരു രാജ്യത്തിന്റെ ആരോഗ്യനയം നിശ്ചയിക്കേണ്ടത് ഭരണകൂടം തന്നെയാണ്. നമ്മുടെ ഭരണഘടന പ്രകാരം ആരോഗ്യം നമ്മുടെ അവകാശം കൂടിയാണ്. ഇങ്ങനെ ആരോഗ്യം അവകാശമാണെന്ന നയം നിലവിലുള്ള ഒരു നാട്ടിലെ 70 ശതമാനത്തിന് മുകളിൽ ആതുരസേവനങ്ങൾ ജനങ്ങൾക്ക് നൽകുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സ്വകാര്യ ആരോഗ്യമേഖലയ്ക്ക് സർക്കാരുകളുടെ ഭാഗത്തു നിന്നും എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ? എന്റെ അറിവിലില്ലാ. മാത്രമല്ലാ, ആശുപത്രികൾക്ക് ആദായനികുതി, ആഢംബരനികുതി, സേവനനികുതി തുടങ്ങിയ നികുതികളും മരുന്നുകൾക്ക് GST യും കൂടി ഓരോ രോഗിയിൽ നിന്നും പിരിച്ച് സർക്കാരിന് നൽകേണ്ടിയും വരുന്നുമുണ്ട്.

ആധുനികസജ്ജീകരണങ്ങളോട് കൂടിയ ഒരു സ്വകാര്യ ആശുപത്രി പ്രവർത്തനം തുടങ്ങുന്നതിനുള്ള മുതൽമുടക്ക് നമുക്കൂഹിക്കാനാവുന്നതിനുമൊക്കെ അപ്പുറമാണ്. ഒപ്പം ആ തുകയുടെ തന്നെ ഏതാണ്ട് 20 ശതമാനത്തോളം ഓരോ വർഷവും വീണ്ടും ചെലവാക്കിയാണ് (Reinvest) ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നത്. ആശുപത്രിയുടെ ലാഭത്തിന്റെ സിംഹഭാഗവും ഇങ്ങനെ ലോൺ തിരിച്ചടവും ഗുണനിലവാരനിർണയ സേവനങ്ങൾക്കുമായി പോകുന്നുവെന്നത് പൊതുസമൂഹം കാണാതെ പോകുന്നകാര്യമാണ്. ഒപ്പം സർക്കാർ നിശ്ചയിച്ചിട്ടുള്ള എഴുപത്താറോളം ചട്ടങ്ങൾ പാലിച്ചാണ് ഓരോ സ്വകാര്യ ആശുപത്രിയും പ്രവർത്തിക്കുന്നത്. ഓരോ ചട്ടങ്ങൾക്കനുസരിച്ചുള്ള ഗുണനിലവാരമുറപ്പാക്കാനുമുള്ള പണച്ചെലവും ഭീകരമാണ്. ആതുരസേവനം എന്നതിനൊപ്പം ഏറ്റവും വലിയ തൊഴില്‍ദായകർ കൂടിയാണ് സ്വകാര്യ ആശുപത്രി മേഖലയെന്നത് മറന്നുകൂടാത്തതാണ്. ഇവയുടെയെല്ലാം കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളതിന്റെ 40 ശതമാനത്തോളം അധികം തൊഴിലാളികളെ നിലനിർത്തിക്കൊണ്ടാണ് ഓരോ സ്വകാര്യ ആശുപത്രിയും പ്രവർത്തിക്കുന്നത്. ഒപ്പം 24 മണിക്കൂറും ഏറ്റവും ഗുണനിലവാരമുള്ള ആക്സിഡന്റ് & എമർജൻസി സേവനങ്ങൾ , സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ഒക്കെ ഉറപ്പുവരുത്തുന്നതിനും ലോകോത്തര സൗകര്യങ്ങളുള്ള lC യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ഒക്കെ വലിയ തുകയാണ് ഓരോ ആശുപത്രിയും ചെലവാക്കുന്നത്. ഇത്തരം സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ലോകത്തെ ഏറ്റവും ആധുനിക ചികിത്സാരീതികൾ നിങ്ങളുടെ വാതിൽപ്പടിയിലെത്തിക്കാൻ ഓരോ ആശുപത്രിയും പരിശ്രമിക്കുന്നുണ്ട്‌. ഒപ്പം, സർക്കാരിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ ലാഭേച്ഛയില്ലാതെ പങ്കാളിയാകുന്നു. പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങളിൽ സൗജന്യമായി ചികിത്സ നൽകുന്നു. ആലംബഹീനർക്കും അർഹതയുള്ളവർക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ മികച്ചചികിത്സ ഉറപ്പുവരുത്തുന്നു.

മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗങ്ങളിൽ ഉള്ളവർ മാത്രമല്ലാ ഒരാശുപത്രിയെ ആ വിധത്തിൽ നിലനിർത്തുന്നത്. ക്ലീനിംഗ്, ഇലക്ട്രിക്കൽ, പ്ലംബിംഗ് , ബയോമെഡിക്കൽ തുടങ്ങി മാലിന്യനിർമ്മാർജ്ജനം വരെയുള്ള 178 തൊഴിൽ തസ്തികകളുടെ കൂട്ടായ പ്രവർത്തനമാണ് ഒരാശുപത്രിയെ സുഗമമായി നടത്തിക്കൊണ്ട് പോകുന്നത്. നഴ്സിംഗ് ശമ്പളം ഉയർത്തുമ്പോൾ മേൽപ്പറഞ്ഞ തസ്തികകളിലുള്ളവരുടെ ശമ്പളവും കൂട്ടേണ്ടിവരുമെന്നതും ഒരു പോയിന്റാണ്. ഈ ഭാരമെല്ലാം രോഗിയുടെ ചുമലിൽ തന്നെയാണ് വരാൻ പോകുന്നത്.

ലാഭകരമല്ലാതെ ഒരു സംരംഭം നിലനിർത്തിക്കൊണ്ടുപോകാൻ സാധ്യമല്ലെന്ന് എല്ലാവർക്കുമറിയാം. ചികിത്സാചെലവ് വർദ്ധിപ്പിക്കേണ്ടി വരുമെന്നത് നിസാരമായി കാണേണ്ട കാര്യമേയല്ല. ചെറുതും ഇടത്തരവുമായ സ്വകാര്യ ആശുപത്രികൾ ആ ഉയർന്ന ചികിത്സാ ചെലവിൽ പ്രവർത്തിപ്പിക്കാൻ തന്നെ പ്രയാസമായിരിക്കും. അവ അടച്ചുപൂട്ടുന്നതിലേക്കായിരിക്കും കാര്യങ്ങൾ ചെന്നെത്തുക. ഈ ഉയർന്ന ചെലവ് ഡോക്ടർ-രോഗി-ആശുപത്രി ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

രണ്ടുകൂട്ടം ആൾക്കാർക്കാണ് ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനുള്ളത്. ഒന്ന്, സർക്കാർ. രണ്ട്, പൊതുജനം.

ആരോഗ്യം അവകാശമാണെന്ന് പറയുമ്പോഴും സ്വകാര്യമേഖലയെ ഒരു വ്യവസായമായി കാണുന്ന സർക്കാർ നയം തിരുത്തപ്പെടേണ്ടതാണ്. ഐ.ടി. മേഖലയുടെയൊക്കെ വളർച്ചയ്ക്ക് സർക്കാർ ഭൂമിയുൾപ്പെടെ ലീസിന് വിട്ടുനൽകുന്ന സർക്കാർ സ്വകാര്യ ആരോഗ്യമേഖലയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലാ. സർക്കാരിന് ആതുരാലയങ്ങൾക്കുള്ള ആദായ -ആഢംബര- സേവന നികുതികളിൽ ഇളവ് അനുവദിക്കാം. പാവപ്പെട്ടവർക്കും കുറഞ്ഞ നിരക്കിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. ഉയർന്ന ചെലവ് വരുന്ന ചികിത്സകളുടെ ചെലവിന്റെ ഒരു പങ്ക് സർക്കാർ വഹിക്കാൻ തയ്യാറായാൽ അത്രയും ബാധ്യത രോഗിയ്ക്ക് കുറയും. സർക്കാരിന്റെ വിവിധ ഇൻഷുറൻസ് പദ്ധതികളിൽ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കാം. കാരുണ്യ ബെനവലന്റ് ഫണ്ട് പോലുള്ള ക്ഷേമപദ്ധതികൾ തിരികെ കൊണ്ടുവരണം. സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണം. ആതുരാലയമെന്ന നിലയിൽ നൽകാവുന്ന മറ്റു ആനുകൂല്യങ്ങളുണ്ടെങ്കിൽ അതൊക്കെ നൽകാം.

ഇനി പൊതുജനത്തിനെന്ത് ചെയ്യാമെന്ന് നോക്കാം..

മുൻകാലങ്ങളിൽ നമ്മുടെ വീട്ടിലാർക്കെങ്കിലും ഒരസുഖം വന്നാൽ ആദ്യം കുടുംബഡോക്ടറെയോ തൊട്ടടുത്ത ക്ലിനിക്കിലെ ഡോക്ടറെയോ കാണും. അവർ ആവശ്യപ്പെട്ടാൽ മാത്രം മറ്റാരെയെങ്കിലും കാണും. അങ്ങനെയല്ലല്ലോ ഇപ്പോൾ സ്ഥിതി. തലവേദന വന്നാൽ ന്യൂറോളജിസ്റ്റിനെയും വയറുവേദനയ്ക്ക് ഗാസ്ട്രോ എന്ററോളജിസ്റ്റിനെയൊ യൂറോളജിസ്റ്റിനെയൊ ഒക്കെ കണ്ടില്ലെങ്കിൽ മനസിനൊരു വിങ്ങലാണ്. ഒരു സമാധാനക്കേട്. ഒരു സ്കാനോ ബ്ലഡ് ടെസ്റ്റോ കൂടി ചെയ്തില്ലെങ്കിൽ പറയുകേം വേണ്ട. ആ ശീലം മാറ്റിയാൽ തന്നെ കയ്യിലെ കാശുപോകുന്നതിന് ഒരു പരിധി വരെ തടയിടാം. ചികിത്സാ ചെലവുകളെ എന്നും പിടിച്ചുനിർത്തിയിരുന്നത് ചെറിയ ആശുപത്രികളും കുടുംബ ഡോക്ടർമാരുമാണ്. ആരോഗ്യരംഗത്ത് ഒരു ത്രിതല ശൈലി നമ്മൾ സ്വീകരിക്കേണ്ടത് ഈ കാര്യത്തിൽ അനിവാര്യമാണ്.
1.രോഗങ്ങൾ പ്രതിരോധിക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കുക
2.രോഗം വന്നാൽ ആദ്യം കുടുംബഡോക്ടറെ/ജനറൽ പ്രാക്ടീഷണറെ  കാണുക
3.റെഫർ ചെയ്താൽ മാത്രം വലിയ ആശുപത്രികളിൽ പോകുക അങ്ങനെ.

ലോകത്തിലേറ്റവും ഗുണനിലവാരമുള്ള ചികിത്സാസൗകര്യങ്ങളുള്ള സ്ഥലമാണ് കേരളം. എന്നാൽ ചികിത്സാ ചെലവ് ഏറ്റവും കുറവും (മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ). അതുകൊണ്ടാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഇങ്ങോട്ടേക്ക് രോഗികൾ ഒരുപാട് വരുന്നത്. സർക്കാർ - സ്വകാര്യ മേഖലകൾ ഒന്നിച്ച് പ്രവർത്തിച്ചതുകൊണ്ടാണ് ഇത്രയും വലിയ പനിക്കാലമായിട്ടും നമ്മൾ പിടിച്ചുനിൽക്കുന്നത്. സ്വകാര്യ ആരോഗ്യരംഗം നിലനിൽക്കേണ്ടത് നമുക്കാവശ്യമാണ്.

ആരോഗ്യത്തെ പറ്റി അനവധിയായ വേവലാതികളുള്ള സമൂഹമാണ് നമ്മുടേതെങ്കിലും ശരിയായ അവബോധം പലകാര്യത്തിലും സമൂഹത്തിനുണ്ടോ എന്നത് സംശയമാണ്. ഏതുവിധത്തിലുള്ള അശാസ്ത്രീയമായ ചികിത്സാ രീതികൾക്കും നമുക്കിടയിൽ സ്വീകാര്യത ലഭിക്കുന്നതിന്റെ കാരണവും അതാണ്. സമൂഹത്തെ ശാസ്ത്രീയമായും ശരിയായ ദിശയിലും ചിന്തിപ്പിക്കാനുള്ള Info Clinic പോലുള്ള ഡോക്ടർമാരുടെ കൂട്ടായ്മയുടെ ശ്രമങ്ങൾ നിങ്ങൾ കാണുന്നതാണല്ലോ. ഇത്തരം ഹെൽത്ത് എഡ്യൂക്കേഷനൊപ്പം ഹെൽത്ത് ഫൈനാൻസിങ്ങിനെ പറ്റിയുള്ള അവബോധം കൂടി സമൂഹത്തിനുണ്ടാകുമ്പോഴേ ശരിക്കും ആരോഗ്യവിദ്യാഭ്യാസം പൂർണമാകുന്നുള്ളൂ എന്നാണ് എന്റെ അഭിപ്രായം.


തുടർന്ന് വായിക്കുക...

ആർത്തവ അവധി


ആർത്തവം വളരെ ഫിസിയോളജിക്കലായിട്ടുള്ള ഒരു ശാരീരികാവസ്ഥ മാത്രമാണ്. അതൊരു രോഗമോ രോഗകാരകമോ രോഗലക്ഷണമോ അല്ലാ. ആദ്യദിവസത്തെ 'ആർത്തവാവധി' എന്ന ന്യൂജൻ ഹോളിഡേ സങ്കൽപം ആദ്യനോട്ടത്തിൽ സ്ത്രീസൗഹൃദമെന്ന് തോന്നുമെങ്കിലും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന, പഠിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് ഒരു 'പിൻ'വിളിയാണ്. കാരണം,

1. അതികഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ ഈ സമയങ്ങളിൽ ഉണ്ടാകുന്നവർ അധികമുണ്ടാകില്ലാ. ചെറിയ ഡോസ് മരുന്നുകളിൽ തീരുന്ന പ്രശ്നങ്ങളാണധികവും.

2. വളരെ ഉത്തരവാദിത്തമുള്ള ജോലികൾ ചെയ്യുന്ന സ്ത്രീകളുടെ, മേൽത്തട്ട് പദവികൾ വഹിക്കുന്നവരുടെ ഈ അവധിയെടുപ്പ് അവരുടെ തൊഴിലിടങ്ങളെ പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്.

3. എല്ലാ സ്ത്രീകളും തുല്യരായതിനാൽ തന്നെ എല്ലാ മേഖലകളിലും ഈ അവധിയെത്തുമ്പോൾ, സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ നിന്നും സ്വകാര്യമേഖല പിന്നോട്ടുപോകാൻ സാധ്യതയുണ്ട്.

4. വനിതാ സർജൻമാർക്കും എമർജൻസികൾ കൈകാര്യം ചെയ്യേണ്ടി വരുന്ന വനിതാഡോക്ടർമാർക്കും ആർത്തവമാണെന്ന് കരുതി ഡ്യൂട്ടിയ്ക്ക് പോകാതിരിക്കാൻ യാതൊരു നിർവാഹവുമില്ലാ. നഴ്സുമാരുടെ കാര്യങ്ങളും അങ്ങനെ തന്നെ.

5. കൃത്യമായ ഇടവേളകളിലോ മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളിലോ ആർത്തവമുണ്ടാകുന്നത് വിരളമാണ്. ഈ അപ്രതീക്ഷിത / അനിശ്ചിത അവധിദിനം എല്ലാ തൊഴിൽമേഖലകളെയും, ഉത്തരവാദിത്തം കൂടുതലുള്ളവയെ പ്രത്യേകിച്ചും, ബാധിക്കുമെന്നത് തീർച്ച. സ്ത്രീകളെ പിന്നോട്ട് വലിക്കാനും തൊഴിലിലെ  ആത്മവിശ്വാസം കുറയാനും ഇതൊക്കെ കാരണമാകാം.

6. ഒരു തൊഴിലിടത്തിലെ ഒരുപാട് പേർ ഒരുമിച്ച് അവധിയെടുക്കേണ്ടി വരുന്നത് (നിയമം വന്നാൽ സംഭവിക്കാൻ സാധ്യതയേറെ- ഒരുമിച്ച് താമസിച്ച് ജോലി ചെയ്യുന്നവരുടെ ആർത്തവദിനങ്ങൾ പലപ്പോഴും അടുത്തടുത്താണെന്നാണ് കാണുന്നത് ) തൊഴിലിനെ എങ്ങനെ ബാധിക്കുമെന്ന് പറയണ്ടല്ലോ.

7. പിന്നെ, ആദ്യദിനത്തിൽ മാത്രം അവധിയെന്നത് ആർത്തവത്തിന്റെ ഫിസിയോളജി അറിയാത്ത ആരുടെയോ തലയിലുദിച്ചതാണെന്ന് തോന്നുന്നു. പലരിലും ഒരുദിവസം കൊണ്ട് ആ ബുദ്ധിമുട്ടുകൾ തീരുന്നില്ലാ. ശരിയ്ക്കുമുള്ള ബുദ്ധിമുട്ട് ആർത്തവദിവസത്തിന് മുമ്പേ തുടങ്ങുകയും ആവാം.

8. തൊഴിലിടങ്ങളിൽ സ്ത്രീയായതുകൊണ്ട് മാത്രം വേർതിരിച്ചു കാണുന്നത് ഒരു പുരോഗമനസമൂഹത്തിന്റെ നിലപാടല്ലാ. പകരം ചെയ്യേണ്ടത്, തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമാക്കുകയാണ്. വിശ്രമമുറികളും നാപ്കിൻ ഡിസ്പോസൽ സംവിധാനങ്ങളൊക്കെയുള്ള ബാത്ത്റൂം സൗകര്യങ്ങളും നൽകുകയാണ് വേണ്ടത്. അടിസ്ഥാനസൗകര്യങ്ങൾ കൂട്ടി, സ്ത്രീകളെ കൂടുതൽ കാര്യക്ഷമമായി ജോലിചെയ്യാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്.

9.ആർത്തവസംബന്ധമായി അതികഠിനമായ ശാരീരികബുദ്ധിമുട്ടുകൾ ഉണ്ടാകുന്നവർക്ക് - ശക്തമായ വേദന, വളരെയധികം രക്തം പോകൽ- ആ ദിവസങ്ങളിൽ അവധിയെടുക്കുന്നതിന് നിലവിൽ മെഡിക്കൽ ലീവ് പോലുള്ള സൗകര്യങ്ങളുണ്ടല്ലോ.

10. ഇനി, ഒരവധിയല്ലേ, അതവിടെ കിടക്കട്ടെ, ആ ദിവസം തന്നെ എടുക്കണമെന്നില്ലല്ലോ, ആവശ്യമുള്ള ഏതെങ്കിലുമൊരു ദിവസം എടുക്കാമല്ലോ എന്ന് കരുതുന്ന സ്ത്രീകളുമുണ്ടാകാം. നൂറുസ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനത്തെ ഒരു മാസം, അനാവശ്യമായ പലപ്പോഴും അപ്രതീക്ഷിതവുമായ നൂറവധികൾ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ.

11. ആർത്തവമെന്നത് ആ ഒരു വ്യക്തിയുടെ സ്വകാര്യത കൂടിയാണ്. അത് ഓരോ മാസവും പൊതു ഇടങ്ങളിലേയ്ക്ക് ചർച്ചയ്ക്ക് വയ്ക്കേണ്ടതാണെന്ന് തോന്നുന്നില്ല.

ആർത്തവം അശുദ്ധിയാണെന്ന് കരുതുന്ന പൊതുബോധത്തിനെ ശക്തിപ്പെടുത്തുന്ന, ആ ദിവസം അടങ്ങിയൊതുങ്ങിയിരിക്കേണ്ടതാണെന്ന മറ്റൊരു പൊതുബോധം കൂടി ഈ അവധിസങ്കൽപ്പം വഴി രൂപപ്പെട്ടുവരുമെന്നത് തീർച്ചയാണ്. ഈ വിഷയത്തിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും പൊന്തിവരേണ്ടത് സ്ത്രീകൾക്കിടയിൽ നിന്നുമാത്രമല്ലെന്ന് കരുതുന്നതുകൊണ്ടാണ് ഇത്രയും കുറിച്ചത്. സാനിറ്ററി നാപ്കിൻ പരസ്യങ്ങളിലേ പെൺകുട്ടികളെ പോലെ, വളരെ പോസിറ്റീവായ, ആ ദിവസങ്ങൾ ഒന്നിനുമൊരു തടസമല്ലെന്ന നിലപാടാണ് ഈ വിഷയത്തിൽ സ്ത്രീ/പൊതുസമൂഹം എടുക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം.


തുടർന്ന് വായിക്കുക...

Monday, 17 July 2017

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്


ഇന്ന് നമ്മുടെ രാജ്യത്ത് വീണ്ടും രാഷ്ട്രപതി തെരഞ്ഞെടുപ്പാണല്ലോ. അങ്ങ് ഡൽഹിയിലെ റയ്സിനാ കുന്നിനു മുകളിൽ ല്യൂട്ടൻസ് സായിവ് പണിഞ്ഞ രാഷ്ട്രപതിഭവനത്തിലേയ്ക്ക് പതിനാലാം നമ്പർ പ്രഥമപൗരനായി ഒരാളെ ഇന്ന് തെരഞ്ഞെടുക്കണം. രാജേന്ദ്രപ്രസാദ് മുതൽ പ്രണബ് മുഖർജി വരെ പതിമൂന്ന് പേരെ നമ്മൾ അവിടെ കുടിയിരുത്തി. ജൂലൈ 25 ന് പ്രണബ് മുഖർജി പടിയിറങ്ങുമ്പോൾ പുതിയൊരു പ്രതിഷ്ഠ നടത്തണം. നമ്മള്‍ പൊതുജനത്തിന് ഇതിലെന്താണ് റോൾ? ശരിക്കും പറഞ്ഞാ റോളൊന്നുമില്ലാ..
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കെ. ആർ. നാരായണൻ ഇന്ത്യൻ പ്രസിഡന്റാകുന്നത്. അന്ന് സ്കൂളിൽ പായസവിതരണമൊക്കെ ഉണ്ടായിരുന്നു. അന്നേ തോന്നിയ സംശയമായിരുന്നു, ആരാണിദ്ദേഹത്തെ തെരഞ്ഞെടുത്തത്? ഇലക്ഷനൊന്നും നടന്നില്ലല്ലോ, എങ്ങനെയാണിദ്ദേഹത്തെ തെരഞ്ഞെടുത്തത്? അതിനു കണ്ടെത്തിയ ഉത്തരമാണീ പോസ്റ്റ്.

എങ്ങനെയാണ് ഇന്ത്യൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്?
            പാർലമെന്റിലെ ഇരു സഭകളിലെയും നോമിനേറ്റഡ് ഒഴികെയുള്ള അംഗങ്ങളും സംസ്ഥാന നിയമസഭാംഗങ്ങളും ചേർന്ന ഒരു ഇലക്‌‌റ്ററൽ കോളേജ് ആണ് ഇന്ത്യയുടെ പ്രഥമപൗരനെ തിരഞ്ഞെടുക്കുക. ലോക്‌സഭയിലെ 543 എംപിമാരും രാജ്യസഭയിലെ 233 എംപിമാരും ചേർന്നാൽ 776 പേർ. കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി എന്നിവയടക്കം ഇന്ത്യയിലെ സംസ്ഥാന നിയമസഭകളിലെ അംഗങ്ങളുടെ എണ്ണം 4120. അങ്ങനെ ആകെമൊത്തം 4896 വോട്ടർമാരാണ് ഈ ഇലക്റ്ററൽ കോളേജിലുള്ളത്.
            എന്നാൽ ഈ 4896 ൽ നിന്ന് ഏറ്റവുമധികം വോട്ട് കിട്ടുന്ന ആളല്ലാ ജയിക്കുന്നത്. ഓരോ വോട്ടർമാരുടെയും സ്ഥാനവും (MP/MLA), MLA ആണെങ്കിൽ അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനവുമനുസരിച്ച് അവരുടെ വോട്ടിന് ഒരു മൂല്യം നിർണയിച്ചിട്ടുണ്ട്‌. 1974 -ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് ഒരു പ്രത്യേക ഫോർമുല ഉപയോഗിച്ചാണീ വോട്ടുമൂല്യം തിട്ടപ്പെടുത്തുന്നത്. ഇതുപ്രകാരം ഒരു എം.പിയുടെ വോട്ടിന് 708 ആണ് മൂല്യം. എം.എൽ.എയുടെ വോട്ട് മൂല്യം അതതു സംസ്ഥാനത്തെ ജനസംഖ്യയുടെയും നിയമസഭാംഗങ്ങളുടെ എണ്ണത്തിന്റെയും അനുപാതമനുസരിച്ചായിരിക്കും. ഉദാഹരണത്തിന്, ഉത്തർപ്രദേശ്‌ പോലുള്ള ജനസംഖ്യ കൂടതലുള്ള സംസ്ഥാനത്തെ ഒരു എം.എൽ.എയുടെ വോട്ടിന് 208 ആണ് മൂല്യമെങ്കിൽ സിക്കിമിൽ നിന്നുള്ള എം.എൽ.എയുടെ വോട്ട് മൂല്യം ഏഴു മാത്രമാണ്.
             കേരളത്തിൽ നിന്നുള്ള ഒരു MLA യുടെ വോട്ട് മൂല്യം 152 ആണ്. ഇതെങ്ങനെയാണ് കണക്കാക്കുന്നതെന്ന് നോക്കാം. 1971 ലെ സെൻസസ് അനുസരിച്ചുള്ള ജനസംഖ്യയാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്. ആകെ ജനസംഖ്യയെ ആകെ MLA മാരുടെ എണ്ണവും പിന്നെ ആയിരവും കൊണ്ട് ഹരിച്ചാണ് അത് കണക്കാക്കുന്നത്.
കേരള ജനസംഖ്യ (1971) = 21347375
MLA മാരുടെ എണ്ണം = 140
1 MLAയുടെ വോട്ട് മൂല്യം = 21347375/ (140 x 1000 )
=152.48

ഇനി MP മാരുടെ വോട്ട് മൂല്യം കണക്കാക്കുന്നതിങ്ങനെയാണ്:
അതിനാദ്യം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും MLA മാരുടെ വോട്ട് മൂല്യം കൂട്ടും.
MLA മാരുടെ ആകെ വോട്ട് മൂല്യം =549474
MP മാരുടെ ആകെ എണ്ണം = 776
MP മാരുടെ വോട്ട് മൂല്യം = 549474/ 776
= 708

ഇനി MP മാരുടെയും MLA മാരുടെയും ആകെ വോട്ട് മൂല്യം 1098882 ആണ്. അതിന്‍റെ 50%, അതായത് 549441 വോട്ട് മൂല്യം നേടുന്നയാൾ ജയിക്കും. അത് ഏറ്റവുമധികം എണ്ണം വോട്ട് നേടുന്ന ആളുതന്നെ ആകണമെന്നില്ലാ.
ഭരണഘടന പ്രകാരം സർവ്വാധികാരങ്ങളും കൈയാളുന്ന പദവിയാണെങ്കിലും രാഷ്‌ട്രപതി കസേരയ്‌ക്ക് അഞ്ചു വർഷത്തെ അന്തപുരവിശ്രമ ജീവിതമെന്ന ദ്വയാർത്ഥവുമുണ്ട് നമ്മുടെ രാഷ്‌ട്രീയ നിഘണ്ടുവിൽ. നാളെ ആരാണങ്ങോട്ട്, രാംനാഥ് കോവിന്ദോ മീരാ കുമാറോ? ആരായാലും നമ്മളെയവർ ശല്യം ചെയ്യുന്നത് PSC ചോദ്യപേപ്പറുകളിൽ കൂടി മാത്രമാണന്നതാണാശ്വാസം .
തുടർന്ന് വായിക്കുക...