ആര്‍ക്കൊക്കെ രക്തദാനം ചെയ്യാംശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. 45 കിലോഗ്രാമിനു മുകളില്‍ തൂക്കം ഉള്ളവരും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് 12.5 ഗ്രാമിനു മുകളിലുള്ളവര്‍ക്കും 18 നും 60 നും മദ്ധ്യേ പ്രായമുള്ള സ്ത്രീക്കും പുരുഷനും രക്തദാനം നടത്താം. ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ 5 ലിറ്റര്‍ രക്തം (70 ml /kg) ഉണ്ടാകും. ഇതില്‍ ഒരു കിലോ ഗ്രാമിന് 50 മി. ലി. എന്ന  തോതിലുള്ള രക്തമേ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് വേണ്ടിവരുന്നുള്ളൂ. ബാക്കി വരുന്ന രക്തം ശരീരത്തില്‍ അധികമായി  (surplus) സൂക്ഷിച്ചിരിക്കുന്നു.
ഇങ്ങനെ അധികമുള്ള രക്തതില്‍നിന്നു കിലോ ഗ്രാമിന് 8 ml വെച്ച് ദാനം ചെയ്യുക വഴി ആരോഗ്യത്തിനു യാതൊരുവിധ ദോഷവും സംഭവിക്കുന്നില്ല. എപ്പോഴും ഓര്‍മ്മിക്കേണ്ട ഒരു കാര്യം, നമുക്ക് നഷ്ടപ്പെടുന്നത് ½  പൈന്റ് രക്തം; എന്നാല്‍, നേടുന്നതോ ഒരു ജീവനും!

താങ്കള്‍ നല്‍കുന്ന ഒരു യൂണിറ്റു രക്തം വഴി താങ്കള്‍ക്കു നഷ്ടമാകുന്നത് എന്തെന്നു നോക്കാം?

വെള്ളം - 200ML
ഹീമോഗ്ലോബിന്‍ - 45 GRAMS
ഉപ്പു -  2.5 GRAMS
പ്രോട്ടീന്‍ - 14 GRAMS

ഇവയോടൊപ്പം വളരെ ചെറിയ അളവില്‍ വിറ്റാമിനുകളും മിനറലുകളും.
എന്നാല്‍ ഇതുകൊണ്ട് കൈവരിക്കുന്നതോ ഒരു ജീവന്‍റെ രക്ഷയും!

രക്തദാനം നടത്തിയാലും ഇല്ലെങ്കിലും നിങ്ങളുടെ ശരീരത്തില്‍ പഴയകോശങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പ്രകൃത്യാ നശിപ്പിക്കപ്പെടുകയും പുതിയവ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കും. അതേസമയം പുതിയ കോശങ്ങളുടെ ഉല്‍പ്പാദനത്തിന് രക്തദാനം പ്രചോദനമാകുന്നു. രക്തം നല്‍കി അല്‍പ്പസമയത്തിനുള്ളില്‍ രക്തക്കുഴലുകള്‍ അവയുടെ വലിപ്പം (വ്യാസം) ക്രമപ്പെടുത്തുകയും എപ്പോഴും അവ നിറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. കോശങ്ങള്‍ അവയിലെ ദ്രാവകം രക്തത്തിലേക്ക് ഒഴുക്കിവിടുന്നു. അങ്ങനെ 24 മുതല്‍ 36 വരെ മണിക്കൂറുകള്‍ക്കകം രക്തത്തിന്‍റെ അളവ് പൂര്‍വസ്ഥിതിയിലെത്തുന്നു. രക്തദാനത്തിനും മുമ്പുള്ള ഹീമോഗ്ലോബിന്‍റെ അളവ്, രക്തം നല്‍കി 3 മുതല്‍ 4 വരെ ആഴ്ചകള്‍ക്കകം ക്രമീകരിക്കപ്പെടുന്നു. അതായത് ഒരുമാസത്തിനകം നിങ്ങളുടെ രക്തം രക്തദാനത്തിനു മുമ്പുള്ള അവസ്ഥയില്‍ എത്തുന്നു. എന്നാലും ചുരുക്കം ചിലരിലെങ്കിലും വിളര്‍ച്ച ബാധിക്കാതിരിക്കാനാണ് രക്തദാനം മൂന്നുമാസത്തിലൊരിക്കല്‍ എന്ന് നിജപ്പെടുത്തിയിരിക്കുന്നത്.

രക്തദാനം ചെയ്യുമ്പോള്‍..
                     രക്തദാതാക്കളെ വളരെ ലളിതമായ ചോദ്യവലിയിലൂടെ അവര്‍ രക്തദാനത്തിനു അനുയോജ്യരാണോ എന്ന് വിലയിരുത്തുന്നു. വിശദമായ വൈദ്യപരിശോധനയും നടത്തുന്നു (medical checkup). ദാതാവിന്‍റെ പേര്, വയസ്സ്, ജോലി, വിലാസം തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിക്കുന്നതിനു ഒരു രജിസ്ട്രേഷന്‍ ഫോറം നല്‍കുന്നു. ഇത് ഒരു സമ്മതപത്രം കൂടിയാണ്. ആയതിനാല്‍ പൂര്‍ണമായും പൂരിപ്പിച്ച് കൈയൊപ്പ്‌ വെയ്ക്കേണ്ടതാണ്. താങ്കളുടെ വിരലിന്‍റെ അഗ്രത്തില്‍ നിന്നും ഹീമോഗ്ലോബിന്‍ പരിശോധനയ്ക്കായി ഒരു തുള്ളി രക്തം കുത്തി എടുക്കുന്നു. ഈ പരിശോധനാ വഴി രക്തത്തില്‍ ഹീമോഗ്ലോബിന്‍ ആവശ്യത്തിനു ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നു. ഇതിനു ശേഷം കൈയിലെ സിരയില്‍ നിന്ന് പ്രത്യേക പ്ലാസ്റിക് ബാഗിലേക്ക് (disposable) രക്തം ശേഖരിക്കുന്നു. ഒരാളില്‍ നിന്നും 350 ML രക്തമാണ് ഒരു സമയം ശേഖരിക്കുന്നത്. ഈ ബാഗുകളില്‍  രക്തം കട്ടപ്പിടിക്കതിരിക്കുന്നതിനുള്ള ഒരു ദ്രാവകം ഉണ്ടായിരിക്കും. രക്തദാനം 5 മുതല്‍ 7 മിനിട്ടുകള്‍ക്കകം പൂര്‍ത്തിയാക്കുന്നു. 30 മുതല്‍ 45 മിനിട്ടുകള്‍ക്കകം താങ്കള്‍ക്കു സാധാരണ ഗതിയില്‍ ചെയ്യാറുള്ള ജോലികളില്‍ ഏര്‍പ്പെടാവുന്നതാണ്. രക്തം എടുത്ത ഭാഗത്ത്‌  ഒട്ടിക്കുന്ന പ്ലാസ്റ്റര്‍ കുറച്ചു മണിക്കൂറുകള്‍ അങ്ങനെ തന്നെ സൂക്ഷിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ രക്തദാനം നടത്തിയ സ്ഥാനത്തു നിന്ന് രക്തം വാര്‍ന്നു വരുന്നതായി കണ്ടാല്‍ ആ ഭാഗം 5 മിനിട്ട് നേരം ശക്തിയായി അമര്‍ത്തിപ്പിടിക്കുക. രക്തദാനം നടത്തിയ കൈകൊണ്ടു ഒരു ദിവസത്തേക്ക് ഭാരം ഉയര്‍ത്താന്‍ പാടുള്ളതല്ല. പുകവലിയും മദ്യപാനവും രക്തദാനം നടത്തി ഒരു മണിക്കൂര്‍ സമയത്തെക്കെങ്കിലും വര്‍ജ്ജിക്കെണ്ടതാണ്. രക്തം നല്‍കിയതിന്‍റെ പരിരക്ഷ എന്നവണ്ണം കൂടുതല്‍ ആഹാരം കഴിക്കേണ്ടതില്ല. മൂന്നുമാസം കഴിയുമ്പോള്‍ വീണ്ടും  സുരക്ഷിതമായി രക്തദാനം നടത്താവുന്നതാണ്.

എഫെരസിസ് (APHARESIS) എന്ന പ്രത്യേക രീതിവഴിയും രക്തദാനം നടത്താം. ‘എഫരസിസ്’ എന്നത് ഒരു ഗ്രീക്ക് പദമാണ്. ഇതിന്‍റെ അര്‍ഥം “പിന്‍വലിക്കല്‍" എന്നാണ്.ഒരു പ്രത്യേകതരം യന്ത്രം വഴി രക്തത്തിലെ ആവശ്യമുള്ള ഘടകം മാത്രം വേര്‍തിരിച്ചെടുത്ത ശേഷം മറ്റു ഘടകങ്ങള്‍ അതേ സൂചിവഴി  ദാതാവിന് തിരികെ നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നടത്തുന്ന രക്തദാനം മറ്റു രക്തഘടകങ്ങളുടെ  അളവിനെ ബാധിക്കാത്തതുകൊണ്ട്‌, മൂന്നുമാസത്തെ ഇടവേള ഇല്ലാതെ, കൂടുതല്‍ തവണ രക്തദാനം നടത്താവുന്നതാണ്.
“എഫെരിസിസ്” എന്ന പ്രക്രിയ വഴി പ്ലേറ്റ്ലറ്റുകള്‍, രക്തത്തിലെ പ്രോട്ടീനുകള്‍ എന്നിവ ശേഖരിക്കുവാന്‍ സാധിക്കുന്നു. ചികിത്സയില്‍ ഇരിക്കുന്ന രക്താര്‍ബുദ രോഗികള്‍ക്ക് അണുബാധ തടയാന്‍ ശ്വേതാരക്താണുക്കള്‍ മാത്രം വേര്‍തിരിച്ചും ഇതുവഴി നല്‍കാവുന്നതാണ്.
⇦ PREVIOUS CHAPTER                                                                          NEXT CHAPTER ⇨
Comments

Post a Comment

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..