ചാപ്റ്റർ 1: അടിസ്ഥാന വസ്തുതകൾ
എല്ലാ ജീവികളിലും ഏതെങ്കിലും തരത്തിലുള്ള ശരീരദ്രവങ്ങള്‍ ഉണ്ടെങ്കിലും പരിണാമപരമ്പരയിലെ ഉന്നതശ്രേണിയില്‍ നില്ക്കുന്ന ജീവികളില്‍ മാത്രമേ ഒരുപാട് സവിശേഷസ്വഭാവങ്ങളോട് കൂടിയ ‘രക്ത’ മുള്ളു. ചരിത്രാതീതകാലം മുതല്ക്കുതന്നെ മനുഷ്യരക്തം ഒരു സിദ്ധൗഷധമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മറ്റു ശരീരകലകളില്‍ നിന്ന് വിഭിന്നമായി ഇതിനെ ശേഖരിക്കുവാനും സൂക്ഷിക്കുവാനും സാധിക്കുന്നു. രക്തത്തിന്റെ ഈ സവിശേഷതയാണ് നാം ഇന്ന് കാണുന്ന രീതിയില്‍ രക്തദാനം സാധ്യമാക്കിയതും.
രക്തത്തിന്റെ ധര്‍മ്മങ്ങള്‍
ജീവന് നിലനിര്‍ത്തുന്ന ഈ പ്രത്യേക ദ്രാവകത്തിന് ഒരുപാട് ധര്‍മ്മങ്ങളുമുണ്ട്.
1.കോശങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പോഷകഘടകങ്ങള്‍, ഓക്സിജന്‍ എന്നിവ എത്തിക്കുക
2.പുറമേനിന്നുള്ള അണുക്കളുടെ ആക്രമണത്തെ ചെറുത്തു നില്ക്കുക
3.രക്തക്കുഴലുകളുടെ സുഗമമായ പ്രവര്‍ത്തനം നിലനിര്‍ത്തുക
4.ക്ഷതമേറ്റ രക്തക്കുഴലുകളില്‍ നിന്നുമുണ്ടാകുന്ന രക്തസ്രാവം നിയന്ത്രണാധീനമാക്കുക
5.രക്തചംക്രമണവ്യവസ്ഥ പരിരക്ഷിക്കുക
6.കോശങ്ങളില്‍ നിന്നുണ്ടാകുന്ന വിസ്സര്ജ്യവസ്തുക്കളും കാര്‍ബണ്‍ ഡയോക്സൈഡും പുറംതള്ളുക
7.ഹോര്‍മോണുകളെ അവയുടെ ശ്രോതസില്‍ നിന്നും നിശ്ചിതസ്ഥലങ്ങളിലേക്ക് എത്തിക്കുക
8.ശരീരതാപനില നിയന്ത്രിക്കുക ഇങ്ങനെ നിരവധി.
മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച് ലിറ്റർ രക്തം ആണുള്ളത്. ഒരു വ്യക്തിയുടെ രക്തത്തിന്റെ അളവ് അയാളുടെ പൊക്കം, തൂക്കം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ശരീരഭാരത്തിന്റെ എട്ടു ശതമാനം രക്തത്തിന്റെതാണ്. അതായത് ശരീരത്തില്‍ രക്തം ആവശ്യത്തിലധികം കരുതലുണ്ട്. എങ്കിലും നാലിലൊരു ഭാഗം രക്തം വാര്‍ന്നുപോവുകയും യഥാസമയം അത് രകതസന്നിവേശം (blood transfusion) വഴി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്താല്‍ മരണം സംഭവിക്കുക തന്നെ ചെയ്യും.
രക്തഘടകങ്ങളെ പൊതുവേ രണ്ടായി തിരിക്കാം.
1.പ്ലാസ്മ
2. രക്തകോശങ്ങള്‍
പ്ലാസ്മ
രക്തത്തിന്റെ പ്രധാന അംശമായ പ്ലാസ്മയ്ക്ക് വയ്ക്കോലിന്റെ (STRAW COLOUR- ഇളംമഞ്ഞ) നിറമാണ്. ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ തുടങ്ങിയ പ്രോട്ടീനുകൾ ജലത്തില്‍ ലയിച്ചുണ്ടാകുന്നതാണ് പ്ലാസ്മ. പ്ലാസ്മയുടെ 93 ശതമാനവും ജലമാണ്. രക്തത്തിനു രക്തക്കുഴലിനുള്ളില്‍ നിലനില്‍ക്കാനുള്ള ഒസ്മോട്ടിക് പ്രെഷര്‍ നല്‍കുന്നത് ആല്ബുമിന് എന്ന പ്രോട്ടീനാണ്. ഗ്ലോബുലിന്റെ പ്രധാന കർത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. വിവിധ കാരണങ്ങളാല്‍ ശരീരത്തിലുണ്ടാക്കുന്ന ആൻറിബോഡികളെല്ലാം ഗ്ലോബുലിന്റെ സംഭാവനയാണ്. ഫൈബ്രിനോജൻ രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക് പുറമെ പ്ലാസ്മയിൽ ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് മുതലായ പോഷകങ്ങളും അയോണുകളും,യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയവ പോലുള്ള വിസർജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്.
രക്തകോശങ്ങള്‍
ഇവ മൂന്നു തരമുണ്ട്
1.അരുണരക്താണുക്കള്‍ [red blood cells]
2.ശ്വേതരക്താണുക്കള്‍ [white blood cells]
3.പ്ലേറ്റ്ലറ്റുകള്‍.
അറുനൂറു ചുവന്ന രക്താണുക്കള്‍ക്ക്, നാല്‍പ്പതു പ്ലേറ്റ്ലറ്റുകളും ഒരു ശ്വേതരക്താണുവും എന്ന തോതിലാണ് രക്തത്തില്‍ ഇവ കാണപ്പെടുന്നത്.
1.അരുണരക്താണുക്കള്‍ [red blood cells]
ചുവന്ന രക്താണുക്കളാണ് രക്തത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്.
ഇതിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകം രക്തത്തിന് ചുവപ്പ് നിറം നല്കുന്നു. ഹീമോഗ്ലോബിനാണ് ശ്വാസകോശങ്ങളില്‍ നിന്നും ഓക്സിജന്‍ സ്വീകരിച്ചു ശരീരകോശങ്ങള്‍ക്ക് നല്‍കുകയും തിരികെ കാര്‍ബണ്‍ഡയോക്സയിഡ് സ്വീകരിച്ചു ശ്വസകോശം വഴി പുറംതള്ളുകയും ചെയ്യുന്നത്. ഒരു മില്ലിലിറ്റര്‍ രക്തത്തിൽ ഏതാണ്ട് 50 ലക്ഷം ചുവന്ന രക്താണുക്കള്‍ കാണും. സാധാരണഗതിയിൽ 100 മി.ലി. രക്തത്തിൽ 12 മുതൽ15 ഗ്രാം വരെ ഹീമോഗ്ലോബിൻ ഉണ്ടാവും
![]() |
RBC |
2.ശ്വേതരക്താണുക്കള്‍ [white blood cells]
ശ്വേതരക്താണുക്കള്‍ ചുവന്ന രക്താണുക്കളെക്കാള്‍ വലിപ്പം കൂടിയവയാണ്. ഇവ ല്യൂക്കോസൈറ്റ്സ് {Leucocytes} എന്നും അറിയപ്പെടുന്നു. ഇവ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ബാക്റ്റീരിയകളെയും മറ്റു അണുക്കളെയും ഒരു വലയം[engulf] സൃഷ്ടിച്ച് നശിപ്പിക്കുന്നു. ഇതോടൊപ്പം രോഗപ്രതിരോധത്തിനാവശ്യമായ പ്രതിവസ്തുക്കളും [antibodies] നിര്‍മ്മിക്കുന്നു. ശ്വേതരക്താണുക്കള്‍ വിവിധതരമുണ്ട്
1.ന്യൂട്രോഫില്‍
2.ലിംഫോസൈറ്റ്
3.ഈസിനോഫില്‍
4.ബേസോഫില്‍
5.മോണോസൈറ്റ്
ഓരോന്നിനും പ്രത്യേകം ധർമ്മങ്ങളുമുണ്ട്.
3.പ്ലേറ്റ്ലറ്റുകള്‍.
3.പ്ലേറ്റ്ലറ്റുകള്‍.
മജ്ജയില്‍ നിന്നുല്‍പ്പാദിപ്പിക്കപ്പെടുന്നതും കോശമര്‍മ്മം ഇല്ലാത്തതുമായ ചെറിയ ഇനം കോശങ്ങളാണ് പ്ലേറ്റ്ലറ്റുകള്‍. ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി ഒരു മില്ലിലിറ്റര്‍ രക്തത്തിൽ ഏകദേശം 250,000 മുതൽ 400,000 വരെ പ്ലേറ്റ്ലറ്റുകള്‍ അടങ്ങിയിട്ടുണ്ട്. രക്തസ്രാവം തടയുക എന്നതാണ് ഇവയുടെ പ്രധാനജോലി.
![]() |
PLATELETS |
ചുവന്ന രക്താണുക്കള്‍ 120 ദിവസംവരെ ജീവിച്ചിരിക്കും. പ്ലേറ്റ്ലെറ്റുകള് 7 മുതല്‍ 9 ദിവസം വരെയും. വിവിധതരം ശ്വേതരക്താണുക്കളുണ്ട്. ഇവയുടെ ആയുര്‍ദൈര്‍ഘ്യം ഓരോ ഇനത്തിലും വ്യത്യസ്തമായിരിക്കും.
<<<< മെയിൻ പേജ്
ചാപ്റ്റർ 2:രക്തഗ്രൂപ്പുകൾ >>>>
<<<< മെയിൻ പേജ്
ചാപ്റ്റർ 2:രക്തഗ്രൂപ്പുകൾ >>>>
©മനോജ് വെള്ളനാട്
വളരെ വിജ്ഞാനപ്രദമായ ലേഖനം ..
ReplyDelete