Tuesday, 20 June 2017

ഡെങ്കിപ്പനി
മലയാളത്തില്‍ ഡെങ്കിപ്പനിയെ പറ്റി വളരെ ലളിതമായൊരു പവര്‍പോയിന്‍റ് പ്രെസന്‍റെഷനാണിത്. ഡോക്ടര്‍മാര്‍ക്കോ ആരോഗ്യമേഖലയിലെ മറ്റു ജീവനക്കാര്‍ക്കോ സന്നദ്ധസംഘടനകള്‍ക്കോ ക്ലബ്ബുകള്‍ക്കോ അധ്യാപകര്‍ക്കോ ആര്‍ക്കും ഡെങ്കിപ്പനിയെ സംബന്ധിച്ച് ഒരു ബോധവല്‍ക്കരണക്ലാസ് എടുക്കാന്‍ ഇത് ഉപകരിക്കുമെന്ന് വിചാരിക്കുന്നു.

സ്ലൈഡിനു മുകളില്‍ ക്ലിക്ക് ചെയ്താല്‍ പവര്‍പോയിന്റില്‍ അത് കാണാം. ആവശ്യക്കാര്‍ക്ക് പവര്‍പോയിന്‍റ് ഫോര്‍മാറ്റിലോ pdf ഫോര്‍മാറ്റിലോ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

(ചിത്രങ്ങള്‍- ഗൂഗിള്‍, PHC KARUVATTA)തുടർന്ന് വായിക്കുക...

Tuesday, 13 June 2017

രക്തദാനം- ചില സാധാരണ സംശയങ്ങള്‍
  1. എവിടെ രക്തദാനം നടത്താം

നിയമാനുസൃതം രക്തം ശേഖരിക്കാന്‍ സൗകര്യങ്ങളുള്ള ഏതൊരിടത്തും നിങ്ങള്‍ക്ക് രക്തദാനം നടത്താം. കേരളത്തില്‍ രക്ത ബാങ്ക് ഉള്ള 144 ആശുപത്രികള്‍ ഉണ്ട്. അതില്‍ 44 എണ്ണം സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയുള്ള രക്ത ബാങ്കുകളില്‍ ദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും സുരക്ഷ ഉറപ്പുവരുത്താന്‍, പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. രക്തദാനം ചെയ്യുന്ന വ്യക്തി, അതിനു യോജിച്ച ചുറ്റുപാടുകളാണ് രക്തബാങ്കില്‍ ഉള്ളതെന്ന് ഉറപ്പുവരുത്തണം.

2.രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ടവ

     1. തലേദിവസം ഉറക്കം കിട്ടിയിരിക്കണം
     2. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം


3. സന്നദ്ധ രക്തദാനത്തിന്‍റെ ഗുണങ്ങള്‍
1. സന്നദ്ധ രക്തദാതാവ് അവര്‍ക്ക് ആരോഗ്യവാനാണെന്നു പൂര്‍ണബോധ്യമുണ്ടെങ്കില്‍ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
2. ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്‍റെ ലഭ്യത രക്തബാങ്കുകളില്‍ ഉറപ്പാകുന്നു.
3. അത്യാവശ്യഘട്ടത്തില്‍ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
4. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.
 4. ആരോഗ്യപരവും ധാര്‍മികവുമായ നേട്ടങ്ങള്‍
വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം. സന്നദ്ധ രക്തദാതാവിന്‍റെ ജീവിതത്തില്‍ ഒരു നിയന്ത്രണമുണ്ട്. രക്തദാനം വഴി നമ്മുടെ മജ്ജയെ ഉത്തേജിപ്പിക്കാന്‍ കഴിയും. രക്തദാനം ചെയ്യുന്നവരില്‍ ഹൃദ്രോഗം കുറഞ്ഞു കാണുന്നതായും അവരുടെ ആയുസും ആരോഗ്യവും വര്‍ധിക്കുന്നതായും കണക്കുകള്‍ പറയുന്നു. സഹോദര ജീവിക്കു പുനര്‍ജന്മം നല്കുക വഴി ആത്മസംതൃപ്തിയും ഉണ്ടാകുന്നു.
5.ചില തെറ്റായ ധാരണകള്‍
1.  ജോലിചെയ്ത് ജീവിക്കുന്നവരില്‍നിന്നു രക്തം എടുക്കരുത്
2. സ്ത്രീകളില്‍നിന്നു രക്തം എടുക്കരുത്
3.രക്തദാനം ചെയ്താല്‍ ശരീരം ക്ഷീണിക്കും
6. രക്തദാനം മൂലം ഉളവായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍
അധികം ദാതാക്കളിലും യാതൊരുവിധ പ്രശ്നങ്ങളും രക്തദാനം കൊണ്ട് ഉണ്ടാകുന്നില്ല. എന്നാല്‍ വളരെ അപൂര്‍വമായി നൂറില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക്, നേരിയതോതില്‍ ക്ഷീണമോ തലചുറ്റലോ തോന്നാറുണ്ട്. ഇത് പെട്ടെന്ന് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കൊണ്ടോ വിഭ്രാന്തി കൊണ്ടോ ആകാം. ആഹാരം കഴിക്കാതിരിക്കുന്നതുകൊണ്ടും ഉറക്കക്ഷീണംകൊണ്ടും ചിലപ്പോള്‍ ദാനം ചെയ്യപ്പെടുന്ന രക്തം കാണാന്‍ ഇടയാകുന്നതു കൊണ്ട് ഇങ്ങനെ സംഭവിക്കാം.


തുടർന്ന് വായിക്കുക...

Thursday, 8 June 2017

ക്രോസ്മാച്ചിംഗ്രക്തം നല്‍കുന്നതിനുമുന്‍പ്‌ ദാതാവിന്‍റെ രക്തവും സ്വീകര്‍ത്താവിന്‍റെ രക്തവും തമ്മിലുള്ള ചേര്‍ച്ച നോക്കുന്ന പ്രക്രിയയാണ്‌ ക്രോസ് മാച്ചിംഗ്.ABO രക്തഗ്രൂപ്പുകളില്‍ പ്രകൃത്യാ ചില പ്രതിവസ്തുക്കള്‍ (ANTIBODY) ഉള്ള കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. ഈ വസ്തുക്കള്‍, ജനിച്ച് ആറേഴു മാസം പ്രായം ആകുമ്പോള്‍ മുതല്‍ ശിശുവിന്‍റെ രക്തത്തില്‍ ഉത്പാദിപ്പിച്ചു തുടങ്ങുന്നു. രക്തം നല്‍കുമ്പോള്‍ ഒരേ ഗ്രൂപ്പില്‍പ്പെട്ട രക്തം [ABO യും Rh ഘടകവും] തന്നെ നല്‍കിയില്ലെങ്കില്‍ രക്തം സ്വീകരിക്കുന്ന രോഗിയുടെ പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡിയുമായി സ്വീകരിക്കുന്ന രക്തം പ്രതിപ്രവര്‍ത്തിച്ചു, സ്വീകരിക്കുന്ന ആളിന് മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നു. അതൊഴിവാക്കാനാണ് ക്രോസ് മാച്ചിംഗ് ചെയ്യുന്നത്.


സ്വന്തമായി ആന്റിജനുകള്‍ ഇല്ലാത്ത ‘O’ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തം, സ്വീകര്‍ത്താവിന്‍റെ രക്തവുമായി പ്രതിപ്രവര്‍ത്തിക്കാത്തതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ക്രോസ്മാച്ച് ചെയ്യാതെയും നല്കാറുണ്ട്. ആര്‍ക്കും കൊടുക്കാവുന്ന ഗ്രൂപ്പായതിനാല്‍ O NEGATIVE ഗ്രൂപിനെ ‘സാര്‍വത്രിക ദാതാവ്’ (UNIVERSAL DONOR) എന്നും വിളിക്കാറുണ്ട്. അതുപോലെ സ്വന്തമായി ആന്റിബോഡികള്‍ ഇല്ലാത്ത AB ഗ്രൂപ്പിന് ആരില്‍ നിന്നും രക്തം സ്വീകരിക്കാനും സാധിക്കും. അതുകൊണ്ട് AB ഗ്രൂപ്പിനെ ‘സാര്‍വത്രിക സ്വീകര്‍ത്താവ്’ (UNIVERAL RECIPIENT) എന്നും വിളിക്കാറുണ്ട്.  

ബോംബേ ബ്ലഡ്ഗ്രൂപ്പിൽ
സാധാരണ ABO ഗ്രൂപ്പു നിർണയത്തിനായുള്ള പരിശോധനയിൽ ബോംബേ ഗ്രൂപ്പ് തിരിച്ചറിയാൻ പറ്റില്ല. എ, ബി എന്നിവയെ ബന്ധിക്കാൻ ശേഷിയുള്ള രാസവസ്തുക്കളാണു സാധാരണ എ-ബി-ഓ ഗ്രൂപ്പുനിർണയത്തിൽ ഉപയോഗിക്കുന്നത്. ബോബേ Oh ഗ്രൂപ്പിൽ ഏ- ആന്റിജനോ ബി-ആന്റിജനോ ഇല്ലാത്തതിനാൽ ഇവ ഓ-ഗ്രൂപ്പ് ആണെന്നായിരിക്കും സാധാരണ രക്തഗ്രൂപ്പുനിർണയത്തിൽ തെളിയുക. എന്നാൽ ഓ ഗ്രൂപ്പാണോ ബോംമ്പേ ഗ്രൂപ്പാണോ എന്ന് നിശ്ചയിക്കണമെങ്കിൽ എയ്ച്ച് ആന്റിജൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം.
ഏ-ബി-ഓ രക്തഗ്രൂപ്പുകളുടെ മുഖമുദ്രയായ ഏ, ബി, എച്ച് ആന്റിജനുകൾ Oh ബോംബേ ഗ്രൂപ്പുകാരിൽ ഇല്ല. ഈ ആന്റിജനുകൾക്കെതിരെ പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള  antibody ഇക്കൂട്ടരിൽ കാണുകയും ചെയ്യും. ഇതുമൂലം Oh ഗ്രൂപ്പിലേതല്ലാത്ത ഏത് രക്തത്തിനെതിരേയും ഇവരുടെ ശരീരം പ്രതിരോധമുയർത്തുന്നു, തന്മൂലം അനുകൂലമല്ലാത്ത പല പ്രതികരണങ്ങളും (transfusion reaction) ഉണ്ടാവുന്നു. ചുരുക്കത്തിൽ Ohരക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു ഏ-ബി-ഓ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് രക്തം നൽകാനോ കഴിയുകയില്ല.
ബോംബേ ഗ്രൂപ്പ് രക്തമുള്ളവർ അത്യപൂർവ്വമായതുകൊണ്ട്, അപകടഘട്ടങ്ങളിൽ രക്തം നൽകുന്നതിനോ സ്വീകരിക്കുന്നതിനോ ബോംബേ Oh ഗ്രൂപ്പുകാർ തന്നെ വേണമെന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു തരണം ചെയ്യാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ആരോഗ്യമുള്ള സമയത്ത് ബോംബേഗ്രൂപ്പുകാരുടെ രക്തം ഊറ്റി ശേഖരിച്ച് രക്തബാങ്കുകളിൽ സൂക്ഷിക്കുകയും അതേ രക്തം തന്നെ അവരിലേക്ക് ആവശ്യഘട്ടങ്ങളിൽ സന്നിവേശം (transfusion) ചെയ്യുക എന്നതുമാണ്. കേരളത്തിൽ ഇതു വരെ രക്തബാങ്കുകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 50 - ൽ താഴെ ബോംബെ ഗ്രൂപ്പുകാരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു.PREVIOUS CHAPTER NEXT CHAPTER


തുടർന്ന് വായിക്കുക...

രക്തഗ്രൂപ്പുകള്‍അല്പം ചരിത്രം.. 1492 - പോപ്പ് ഇന്നസെന്റ് എട്ടാമൻ , വാർധക്യ വിമുക്തിക്കായി 3 യുവാക്കളിൽ നിന്ന് ശേഖരിച്ച രക്തം സന്നിവേശം ചെയ്യിച്ചു . നാല് പേരും മയ്യത്തായി . 1625 - ഡോ : റിച്ചാർഡ് ലോവർ dog to dog രക്തസന്നിവേശം നടത്തി . 1667 - ജീൻ ബാപ്റ്റിസ്റ്റ് ഡെനിസ് ആടിന്റെ രക്തം മനുഷ്യരിലേക്ക് കയറ്റി . ടിയാൻ കൂടുതൽ പരീക്ഷണങ്ങൾ നടത്തി , പക്ഷേ ശിക്ഷിക്കപ്പെട്ടു . 1818 - ബ്രിട്ടീഷ് ഡോക്റ്റർ ജെയിംസ് ബ്ലെൻഡൽ man to man രക്തസന്നിവേശം വിജയകരമായി നടത്തി . 1901 - കാൾ ലാൻഡ് സ്റ്റെയ്നർ ABO ഗ്രൂപ്പിങ് കണ്ടുപിടിക്കുന്നു ... ........................ചരിത്രം തുടരുന്നു ..................

16-ആം  നൂറ്റാണ്ടു മുതൽക്കുതന്നെ ആവശ്യക്കാരായ രോഗികൾക്ക് രക്തം നല്‍കി വന്നിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമേ നാം ഇന്നു കാണുന്ന രീതിയില്‍ സുരക്ഷിതമായ രക്തസന്നിവേശ [Blood Transfusion] മാര്‍ഗങ്ങള്‍  നിലവില്‍ വന്നുള്ളൂ. ഇതിനുകാരണം വിവിധതരം രക്തഗ്രൂപ്പുകളുടെ കണ്ടെത്തലാണ്. കാൾ‍ ലാൻസ്റ്റെനർ എന്ന ആസ്ട്രിയക്കാരനായ ശാസ്ത്രജ്ഞനാനു എ, ബി, ഓ (ABO) എന്ന , ഇന്ന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന രക്തഗ്രൂപ്പുകളുടെ ഉപജഞാതാവ്.


ചുവന്ന രക്താണുക്കളുടെ ആവരണത്തിൽ ചില പ്രത്യേകതരം‍ ആന്റിജനുകൾ [ഒരു പ്രോട്ടീന്‍ പദാര്‍ത്ഥം] കാണപ്പെടുന്നു. അവയെ A ആന്റിജനെന്നും B ആന്റിജനെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇവയുടെ സാന്നിധ്യമോ അസാനിധ്യമോ അടിസ്ഥാനമാക്കിയാണ് രക്തഗ്രൂപ്പുകളെ തരംതിരിക്കുക [blood grouping]. മൂന്നാമതായി 'H ' ആന്റിജൻ എന്നൊരു ഘടകം കൂടി RBC യുടെ ആവരണത്തിൽ പ്രധാനപ്പെട്ട ഒന്നായി കണ്ടെത്തപ്പെട്ടിട്ടുണ്ട്‌.

A ആന്റിജന്‍ ഉള്ള രക്തം ‘A’ ഗ്രൂപ്പെന്നും, B ആന്റിജന്‍ ഉള്ളത് ‘B' ഗ്രൂപ്പെന്നും ഇവ രണ്ടുമുള്ളത് ‘AB’ ഗ്രൂപ്പെന്നും, ഇവ രണ്ടും ഇല്ലാത്തത് ‘O’ ഗ്രൂപ്പെന്നും അറിയപ്പെടുന്നു. A ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ B ആന്റിജനെതിരായ ആന്റിബോഡിയും B ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ A ആന്റിജനെതിരായ ആന്റിബോഡിയും കാണപ്പെടുന്നു. O ഗ്രൂപ്പുകാരില്‍ ഈ രണ്ടു ആന്റിബോഡികളുമുള്ളപ്പോള്‍ AB ഗ്രൂപ്പില്‍ രണ്ടു ആന്റിബോഡികളും ഉണ്ടാകില്ല. മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്‌ ‘ഒ’ ഗ്രൂപ്പുകാരാണ്. പിന്നീട് ബി,എ,എബി എന്നാ ക്രമത്തിലും.

ഇനി ഒരാളുടെ രക്തം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് തീരുമാനിക്കുന്നത് മറ്റൊരു ഘടകമായ ‘D” ആന്റിജന്‍റെ സാന്നിധ്യം നോക്കിയിട്ടാണ്. റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങിന്‍റെ രക്ത പരിശോധനയിൽനിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ റീസസ്സിന്‍റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്ളൂട്ടിനോജൻ അറിയപ്പെടുന്നത്‌.Rh’ഡി’ ആന്റിജന്‍ ഉള്ളവരേ Rh പോസ്സിറ്റീവ് എന്നും പ്രസ്തുത ആന്റിജന്‍ ഇല്ലാത്തവരെ Rh ‘നെഗറ്റീവ്’ എന്നും പറയുന്നു. വിവിധ തരത്തില്‍പ്പെട്ട 600-ല്‍ അധികം ആന്റിജനുകള്‍ തരംതിരിച്ചിട്ടുണ്ടെങ്കിലും ABO-യും Rh-ഉം തന്നെയാണ് ഇപ്പോഴും പ്രധാനപ്പെട്ടവ. ഇവ രണ്ടും കൂടി യോജിപ്പിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് ഏതെന്നു തീരുമാനിക്കുന്നത്. താങ്കളുടെ രക്തഗ്രൂപ്പ് താഴെക്കാണുന്നവയില്‍ ഏതെങ്കിലും ഒന്നാകാം.
Rhesus monkey

ഒ          പോസ്സിറ്റീവ് / നെഗറ്റീവ് (O+ve/ O-ve)
ബി       പോസ്സിറ്റീവ് / നെഗറ്റീവ് (B+ve/ B-ve)
എ        പോസ്സിറ്റീവ് / നെഗറ്റീവ് (A+ve/ A-ve)
എബി പോസ്സിറ്റീവ്  / നെഗറ്റീവ് (AB+ve/ AB-ve)

രക്തഗ്രൂപ്പുകള്‍ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. അതായത് ഒരാളുടെ മാതാപിതാക്കളുടെ രക്തഗ്രൂപ്പിനനുസൃതമായിരിക്കും അയാളുടെ രക്തഗ്രൂപ്പ്. രക്തഗ്രൂപ്പുകള്‍ ഒരാളിന്‍റെ വ്യക്തിമുദ്രയുടെ ഭാഗമാണ്. അയാളുടെ ജീവിതകാലത്തില്‍ ഇതിനു ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല.  

നമ്മുടെ ജനസംഖ്യയില്‍ ഓരോ രക്തഗ്രൂപ്പുകളുടെയും അനുപാതം ചുവടെ ചേര്‍ക്കുന്നു.

ഒ  -  42%
ബി - 27%
എ - 25%
എബി - 6%

നമ്മുടെ ജനസംഖ്യയുടെ 93% പേരും Rh പോസ്സിറ്റീവ് ആയിട്ടുള്ളവരാണ്. ബാക്കി 7 ശതമാനം ആള്‍ക്കാര്‍ മാത്രമേ Rh നെഗറ്റീവുള്ളൂ. Rh ഘടകത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. Rh നെഗറ്റീവായിട്ടുള്ള വ്യക്തിക്ക് ആര്‍ എച്ച് പോസ്സിറ്റീവായിട്ടുള്ള രക്തം നല്‍കുകയോ, Rh നെഗറ്റീവ് സ്ത്രീ Rh പോസ്സിറ്റീവ് ആയിട്ടുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയോ ചെയ്കവഴി ത്വരിതഗതിയില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അമ്മയുടെയും കുഞ്ഞിന്‍റെയും Rh ഘടകത്തിലെ വ്യത്യാസം നവജാത ശിശുക്കളില്‍,
രക്തക്കുറവ്, മഞ്ഞപ്പിത്തം, തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ മരണംതന്നെ സംഭവിക്കാനും ഇടയാക്കുന്നു.

ബോംബേ ബ്ലഡ്ഗ്രൂപ്പ്
                    ABO ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ ‘എച്ച്’ (H) ആൻറിജൻ ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. H ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നി (Enzyme) യുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ഏ-,ബി-,ഓ- ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. 
1952-ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം.

( കൂടുതൽ വിവരങ്ങൾ ക്രോസ്മാച്ചിംഗ് എന്ന ചാപ്റ്ററിൽ )


PREVIOUS CHAPTER NEXT CHAPTERതുടർന്ന് വായിക്കുക...

രക്തം- ചില അടിസ്ഥാന വസ്തുതകള്‍എല്ലാ ജീവികളിലും ഏതെങ്കിലും തരത്തിലുള്ള ശരീരദ്രവങ്ങള്‍ ഉണ്ടെങ്കിലും പരിണാമപരമ്പരയിലെ ഉന്നതശ്രേണിയില്‍ നില്‍ക്കുന്ന ജീവികളില്‍ മാത്രമേ ഒരുപാട് സവിശേഷസ്വഭാവങ്ങളോട് കൂടിയ ‘രക്ത’ മുള്ളു. ചരിത്രാതീതകാലം മുതല്‍ക്കുതന്നെ മനുഷ്യരക്തം ഒരു സിദ്ധൗഷധമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മറ്റു ശരീരകലകളില്‍ നിന്ന് വിഭിന്നമായി ഇതിനെ ശേഖരിക്കുവാനും സൂക്ഷിക്കുവാനും സാധിക്കുന്നു. രക്തത്തിന്‍റെ ഈ സവിശേഷതയാണ് നാം ഇന്ന് കാണുന്ന രീതിയില്‍ രക്തദാനം സാധ്യമാക്കിയതും.


രക്തത്തിന്‍റെ ധര്‍മ്മങ്ങള്‍

ജീവന്‍ നിലനിര്‍ത്തുന്ന ഈ പ്രത്യേക ദ്രാവകത്തിന് ഒരുപാട് ധര്‍മ്മങ്ങളുമുണ്ട്.  

1.കോശങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പോഷകഘടകങ്ങള്‍, ഓക്സിജന്‍ എന്നിവ എത്തിക്കുക
2.പുറമേനിന്നുള്ള അണുക്കളുടെ ആക്രമണത്തെ ചെറുത്തു നില്‍ക്കുക
3.രക്തക്കുഴലുകളുടെ സുഗമമായ പ്രവര്‍ത്തനം നിലനിര്‍ത്തുക
4.ക്ഷതമേറ്റ രക്തക്കുഴലുകളില്‍ നിന്നുമുണ്ടാകുന്ന രക്തസ്രാവം നിയന്ത്രണാധീനമാക്കുക
5.രക്തചംക്രമണവ്യവസ്ഥ പരിരക്ഷിക്കുക
6.കോശങ്ങളില്‍ നിന്നുണ്ടാകുന്ന വിസ്സര്‍ജ്യവസ്തുക്കളും കാര്‍ബണ്‍ ഡയോക്സൈഡും പുറംതള്ളുക
7.ഹോര്‍മോണുകളെ അവയുടെ ശ്രോതസില്‍ നിന്നും നിശ്ചിതസ്ഥലങ്ങളിലേക്ക് എത്തിക്കുക
8.ശരീരതാപനില നിയന്ത്രിക്കുക ഇങ്ങനെ നിരവധി.

മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച്‌ ലിറ്റർ രക്തം ആണുള്ളത്‌. ഒരു വ്യക്തിയുടെ രക്തത്തിന്‍റെ അളവ് അയാളുടെ പൊക്കം, തൂക്കം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ശരീരഭാരത്തിന്‍റെ എട്ടു ശതമാനം രക്തത്തിന്‍റെതാണ്. അതായത് ശരീരത്തില്‍ രക്തം ആവശ്യത്തിലധികം കരുതലുണ്ട്. എങ്കിലും നാലിലൊരു ഭാഗം രക്തം വാര്‍ന്നുപോവുകയും യഥാസമയം അത് രകതസന്നിവേശം (blood transfusion) വഴി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്‌താല്‍ മരണം സംഭവിക്കുക തന്നെ ചെയ്യും.

രക്തഘടകങ്ങളെ പൊതുവേ രണ്ടായി തിരിക്കാം.

1.പ്ലാസ്മ
2. രക്തകോശങ്ങള്‍

പ്ലാസ്മ
രക്തത്തിന്റെ പ്രധാന അംശമായ പ്ലാസ്മയ്ക്ക് വയ്ക്കോലിന്‍റെ (STRAW COLOUR- ഇളംമഞ്ഞ) നിറമാണ്. ആൽബുമിൻ‍, ഗ്ലോബുലിൻ‍, ഫൈബ്രിനോജൻ തുടങ്ങിയ പ്രോട്ടീനുകൾ ജലത്തില്‍ ലയിച്ചുണ്ടാകുന്നതാണ് പ്ലാസ്മ. പ്ലാസ്മയുടെ 93 ശതമാനവും ജലമാണ്. രക്തത്തിനു രക്തക്കുഴലിനുള്ളില്‍ നിലനില്‍ക്കാനുള്ള ഒസ്മോട്ടിക് പ്രെഷര്‍ നല്‍കുന്നത് ആല്‍ബുമിന്‍ എന്ന പ്രോട്ടീനാണ്. ഗ്ലോബുലിന്‍റെ പ്രധാന കർത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. വിവിധ കാരണങ്ങളാല്‍ ശരീരത്തിലുണ്ടാക്കുന്ന ആൻറിബോഡികളെല്ലാം ഗ്ലോബുലിന്‍റെ സംഭാവനയാണ്. ഫൈബ്രിനോജൻ രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക്‌ പുറമെ പ്ലാസ്‌മയിൽ ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് മുതലായ പോഷകങ്ങളും അയോണുകളും,യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയവ പോലുള്ള വിസർജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്‌.

രക്തകോശങ്ങള്‍
ഇവ മൂന്നു തരമുണ്ട്
1.അരുണരക്താണുക്കള്‍ [red blood cells]
2.ശ്വേതരക്താണുക്കള്‍ [white blood cells]  
3.പ്ലേറ്റ്ലറ്റുകള്‍.
              അറുനൂറു ചുവന്ന രക്താണുക്കള്‍ക്ക്, നാല്‍പ്പതു പ്ലേറ്റ്ലറ്റുകളും ഒരു ശ്വേതരക്താണുവും എന്ന തോതിലാണ് രക്തത്തില്‍ ഇവ കാണപ്പെടുന്നത്.


1.അരുണരക്താണുക്കള്‍ [red blood cells]
            ചുവന്ന രക്താണുക്കളാണ് രക്തത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്.
RBC
ഇതിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകം രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നു. ഹീമോഗ്ലോബിനാണ് ശ്വാസകോശങ്ങളില്‍ നിന്നും ഓക്സിജന്‍ സ്വീകരിച്ചു ശരീരകോശങ്ങള്‍ക്ക് നല്‍കുകയും തിരികെ കാര്‍ബണ്‍ഡയോക്‌സയിഡ് സ്വീകരിച്ചു ശ്വസകോശം വഴി പുറംതള്ളുകയും ചെയ്യുന്നത്.
ഒരു മില്ലിലിറ്റര്‍ രക്തത്തിൽ ഏതാണ്ട് 50 ലക്ഷം ചുവന്ന രക്താണുക്കള്‍ കാണും. സാധാരണഗതിയിൽ 100 മി.ലി. രക്തത്തിൽ 12 മുതൽ15 ഗ്രാം വരെ ഹീമോഗ്ലോബിൻ ഉണ്ടാവും

2.ശ്വേതരക്താണുക്കള്‍ [white blood cells]
           ശ്വേതരക്താണുക്കള്‍ ചുവന്ന രക്താണുക്കളെക്കാള്‍ വലിപ്പം കൂടിയവയാണ്. ഇവ ല്യൂക്കോസൈറ്റ്സ് {Leucocytes} എന്നും അറിയപ്പെടുന്നു. ഇവ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ബാക്റ്റീരിയകളെയും മറ്റു അണുക്കളെയും ഒരു വലയം[engulf] സൃഷ്ടിച്ച് നശിപ്പിക്കുന്നു. ഇതോടൊപ്പം രോഗപ്രതിരോധത്തിനാവശ്യമായ പ്രതിവസ്തുക്കളും [antibodies] നിര്‍മ്മിക്കുന്നു. ശ്വേതരക്താണുക്കള്‍ വിവിധതരമുണ്ട്
         1.ന്യൂട്രോഫില്‍
         2.ലിംഫോസൈറ്റ്
         3.ഈസിനോഫില്‍
         4.ബേസോഫില്‍
         5.മോണോസൈറ്റ്

ഓരോന്നിനും പ്രത്യേകം ധർമ്മങ്ങളുമുണ്ട്‌.
3.പ്ലേറ്റ്ലറ്റുകള്‍.
                   മജ്ജയില്‍ നിന്നുല്‍പ്പാദിപ്പിക്കപ്പെടുന്നതും കോശമര്‍മ്മം ഇല്ലാത്തതുമായ ചെറിയ ഇനം കോശങ്ങളാണ് പ്ലേറ്റ്ലറ്റുകള്‍. ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി ഒരു മില്ലിലിറ്റര്‍ രക്തത്തിൽ ഏകദേശം 250,000 മുതൽ 400,000 വരെ പ്ലേറ്റ്ലറ്റുകള്‍ അടങ്ങിയിട്ടുണ്ട്. രക്തസ്രാവം തടയുക എന്നതാണ് ഇവയുടെ പ്രധാനജോലി.


PLATELETS


ചുവന്ന രക്താണുക്കള്‍ 120 ദിവസംവരെ ജീവിച്ചിരിക്കും. പ്ലേറ്റ്ലെറ്റുകള്‍ 7 മുതല്‍ 9 ദിവസം വരെയും. വിവിധതരം ശ്വേതരക്താണുക്കളുണ്ട്. ഇവയുടെ ആയുര്‍ദൈര്‍ഘ്യം ഓരോ ഇനത്തിലും വ്യത്യസ്തമായിരിക്കും.MAIN PAGE                                                                                     NEXT CHAPTER ⇒

തുടർന്ന് വായിക്കുക...

Tuesday, 6 June 2017

രക്തവും രക്തദാനവും- അറിയേണ്ടതെല്ലാംമനുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

രക്തം ജീവന്‍റെ ആധാരമാണ്. രക്തദാനം ജീവദാനമാണ്. ലോകാരോഗ്യസംഘടന (WHO) യുടെ കണക്കു പ്രകാരം ഭാരതത്തില്‍ ആറു ദശലക്ഷം യൂണിറ്റു രക്തം വര്‍ഷംതോറും വേണ്ടിവരുന്നു. അതിന്‍റെ നേര്‍പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആയിരത്തില്‍ പത്തുപേരില്‍ താഴെ മാത്രമേ നമുക്കിടയില്‍ രക്തദാനം നടത്തുന്നുള്ളൂ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം രക്തദാനത്തില്‍ വളരെ പിന്നാക്കമാണ്.  രക്തദാതാക്കളില്‍ ഏറിയ പങ്കും, തന്‍റെ  പ്രത്യേക രോഗിക്കുമാത്രം രക്തദാനം ചെയ്യുന്നവരാണ്. സ്വമേധയാ രക്തദാനം (voluntary blood donors) നടത്തുന്നവര്‍ ധാരാളമായി രക്തദാനത്തിനായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

രക്തത്തെ പറ്റിയും രക്തദാനത്തെ പറ്റിയും എല്ലാവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ ലേഖനത്തില്‍. ഒരുമിച്ചായാല്‍ നീളം കൂടുമെന്നുള്ളത് കൊണ്ട് പല അധ്യായങ്ങളായി തിരിച്ചിരിക്കുന്നുവെന്ന് മാത്രം. അറിയാൻ താല്‍പര്യമുള്ളവര്‍ക്ക് തുടര്‍ന്ന് (ലിങ്കുകള്‍ തുറന്ന്) വായിക്കാം.


Chapter 1- രക്തം- ചില അടിസ്ഥാനവസ്തുതകള്‍
Chapter 2- രക്തഗ്രൂപ്പുകള്‍ 
Chapter 3- രക്തദാനത്തിന്‍റെ ആവശ്യകത 
Chapter 4- ആര്‍ക്കൊക്കെ രക്തദാനം ചെയ്യാം?
Chapter 5- ആര്‍ക്കൊക്കെ രക്തദാനം ചെയ്യാന്‍ പാടില്ല ?
Chapter 6- നിങ്ങള്‍ നല്‍കുന്ന രക്തത്തിന് എന്തുസംഭവിക്കുന്നു? 
Chapter 7- ക്രോസ്മാച്ചിംഗ് 
Chapter 8- രക്തദാനം- സാധാരണ സംശയങ്ങള്‍ 


തുടർന്ന് വായിക്കുക...

രക്തദാനത്തിന്‍റെ ആവശ്യകതമനുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ.
അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, പൊള്ളല്‍, പ്രസവസംബന്ധമായ രക്തസ്രാവം, അര്‍ബുദങ്ങള്‍ തുടങ്ങി നിരവധി സന്ദര്‍ഭങ്ങളില്‍ ചികിത്സയുടെ ഭാഗമായി രക്തം ആവശ്യമായി വരുന്നു. അടിക്കടി രക്തം ആവശ്യമായി വരുന്ന ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രക്തസംബന്ധിയായ രോഗങ്ങള്‍ക്കും അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന അവസരങ്ങളിലും രക്തം ആവശ്യമാണ്‌. രക്തത്തിന്‍റെ ലഭ്യത അതിന്‍റെ ആവശ്യകതയേക്കാള്‍ എത്രയോ കുറവാണ്. നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിന് മുതിരുകയാണെങ്കില്‍ ഈ ആവശ്യം നിറവേറ്റപ്പെടാവുന്നതേയുള്ളൂ. അര്‍പ്പണബോധമുള്ള ചുരുക്കം ചില ദാതാക്കളാലാണ് രക്തദാനം എന്ന മഹത് സംരംഭം നിലനിന്നുപോകുന്നത്. ഒരു നിശ്ചിത സമയത്തെക്കുമാത്രമേ രക്തം സൂക്ഷിക്കാനാകു എന്നത് കൊണ്ടാണ് അടിക്കടി രക്തദാനം ആവശ്യമായി വരുന്നത്.

ആരോഗ്യവാനായ ഒരാള്‍ക്ക് കൃത്യമായി മൂന്നുമാസത്തില്‍ ഒരിക്കല്‍ രക്തദാനം നടത്താം. ഒരു വര്‍ഷത്തെയോ ആറുമാസത്തെയോ ഇടവേളയിട്ടും രക്തം നല്‍കാവുന്നതാണ്. അതുമല്ലെങ്കില്‍ ചില പ്രത്യേകരീതികളില്‍, ഉദാഹരണത്തിന് പ്ലാസ്മാ അല്ലെങ്കില്‍ പ്ലേറ്റ്ലേറ്റ്  മാത്രമായിട്ടും ദാനം ചെയ്യാം.


രക്തദാനം രണ്ടു വിധം
1. സന്നദ്ധ രക്തദാനം (VOLUNTARY BLOOD DONATION)
2. റീപ്‌ളേസ്‌മെന്റ് രക്തദാനം
1.സന്നദ്ധ രക്തദാനം
  • ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ബ്‌ളഡ് ബാങ്കില്‍ പോയി രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം. നിര്‍ഭാഗ്യവശാല്‍, സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. ആകെയുള്ള രക്തദാനത്തിന്‍റെ 27% മാത്രമേ സന്നദ്ധ രക്തദാനത്തിലൂടെ നടക്കുന്നുള്ളൂ. അതു 60% എങ്കിലും ആക്കണം. അതിനുള്ള ബോധവല്‍ക്കരണപരിപാടികള്‍ക്ക് ബ്ലഡ്‌ ഡോണേഴ്സ് കേരള നേതൃത്വം നല്‍കുന്നുണ്ട്.
2. റീപ്‌ളേസ്‌മെന്റ് ബ്ലഡ് ഡൊണേഷന്‍
  • അത്യാവശ്യ ഘട്ടത്തില്‍ രക്തം ആവശ്യം വരുമ്പോള്‍ കൊടുക്കുന്ന സംവിധാനമാണ് റിപ്‌ളേസ്‌മെന്റ് ബ്‌ളഡ് ഡൊണേഷന്‍. നമ്മള്‍ കൊടുക്കുന്ന രക്തം ഏതു ഗ്രൂപ്പില്‍പ്പെട്ടതാണെങ്കിലും നമ്മള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം ബ്‌ളഡ്ബാങ്കില്‍നിന്നു ലഭിക്കുന്ന സംവിധാനമാണിത്.
മൂന്നാമതൊരു രക്തദാനരീതി കൂടിയുണ്ട്. ഓട്ടലോഗസ് രക്തദാനം (AUTOLOGUS BLOOD DONATION). നമുക്ക് നമ്മുടെ തന്നെ രക്തം മുന്‍കൂട്ടി രക്തബാങ്കില്‍ ശേഖരിച്ചുവയ്ക്കുന്ന രീതിയാണിത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയയ്ക്കോ ഒക്കെ ഇങ്ങനെ ചെയ്യാവുന്നതാണ്. ഏറ്റവും സുരക്ഷിതമായ രക്തദാനമാര്‍ഗ്ഗവും ഇത് തന്നെ. ചില പ്രായോഗിക- സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ഓട്ടലോഗസ് രക്തദാനം അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല നമ്മുടെയിടയില്‍.
                                               ⇐ PREVIOUS CHAPTER                                                                      NEXT CHAPTER ⇒തുടർന്ന് വായിക്കുക...

ആര്‍ക്കൊക്കെ രക്തദാനം ചെയ്യാംശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. 45 കിലോഗ്രാമിനു മുകളില്‍ തൂക്കം ഉള്ളവരും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് 12.5 ഗ്രാമിനു മുകളിലുള്ളവര്‍ക്കും 18 നും 60 നും മദ്ധ്യേ പ്രായമുള്ള സ്ത്രീക്കും പുരുഷനും രക്തദാനം നടത്താം. ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ 5 ലിറ്റര്‍ രക്തം (70 ml /kg) ഉണ്ടാകും. ഇതില്‍ ഒരു കിലോ ഗ്രാമിന് 50 മി. ലി. എന്ന  തോതിലുള്ള രക്തമേ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് വേണ്ടിവരുന്നുള്ളൂ. ബാക്കി വരുന്ന രക്തം ശരീരത്തില്‍ അധികമായി  (surplus) സൂക്ഷിച്ചിരിക്കുന്നു.
ഇങ്ങനെ അധികമുള്ള രക്തതില്‍നിന്നു കിലോ ഗ്രാമിന് 8 ml വെച്ച് ദാനം ചെയ്യുക വഴി ആരോഗ്യത്തിനു യാതൊരുവിധ ദോഷവും സംഭവിക്കുന്നില്ല. എപ്പോഴും ഓര്‍മ്മിക്കേണ്ട ഒരു കാര്യം, നമുക്ക് നഷ്ടപ്പെടുന്നത് ½  പൈന്റ് രക്തം; എന്നാല്‍, നേടുന്നതോ ഒരു ജീവനും!

താങ്കള്‍ നല്‍കുന്ന ഒരു യൂണിറ്റു രക്തം വഴി താങ്കള്‍ക്കു നഷ്ടമാകുന്നത് എന്തെന്നു നോക്കാം?

വെള്ളം - 200ML
ഹീമോഗ്ലോബിന്‍ - 45 GRAMS
ഉപ്പു -  2.5 GRAMS
പ്രോട്ടീന്‍ - 14 GRAMS

ഇവയോടൊപ്പം വളരെ ചെറിയ അളവില്‍ വിറ്റാമിനുകളും മിനറലുകളും.
എന്നാല്‍ ഇതുകൊണ്ട് കൈവരിക്കുന്നതോ ഒരു ജീവന്‍റെ രക്ഷയും!

രക്തദാനം നടത്തിയാലും ഇല്ലെങ്കിലും നിങ്ങളുടെ ശരീരത്തില്‍ പഴയകോശങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പ്രകൃത്യാ നശിപ്പിക്കപ്പെടുകയും പുതിയവ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കും. അതേസമയം പുതിയ കോശങ്ങളുടെ ഉല്‍പ്പാദനത്തിന് രക്തദാനം പ്രചോദനമാകുന്നു. രക്തം നല്‍കി അല്‍പ്പസമയത്തിനുള്ളില്‍ രക്തക്കുഴലുകള്‍ അവയുടെ വലിപ്പം (വ്യാസം) ക്രമപ്പെടുത്തുകയും എപ്പോഴും അവ നിറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. കോശങ്ങള്‍ അവയിലെ ദ്രാവകം രക്തത്തിലേക്ക് ഒഴുക്കിവിടുന്നു. അങ്ങനെ 24 മുതല്‍ 36 വരെ മണിക്കൂറുകള്‍ക്കകം രക്തത്തിന്‍റെ അളവ് പൂര്‍വസ്ഥിതിയിലെത്തുന്നു. രക്തദാനത്തിനും മുമ്പുള്ള ഹീമോഗ്ലോബിന്‍റെ അളവ്, രക്തം നല്‍കി 3 മുതല്‍ 4 വരെ ആഴ്ചകള്‍ക്കകം ക്രമീകരിക്കപ്പെടുന്നു. അതായത് ഒരുമാസത്തിനകം നിങ്ങളുടെ രക്തം രക്തദാനത്തിനു മുമ്പുള്ള അവസ്ഥയില്‍ എത്തുന്നു. എന്നാലും ചുരുക്കം ചിലരിലെങ്കിലും വിളര്‍ച്ച ബാധിക്കാതിരിക്കാനാണ് രക്തദാനം മൂന്നുമാസത്തിലൊരിക്കല്‍ എന്ന് നിജപ്പെടുത്തിയിരിക്കുന്നത്.

രക്തദാനം ചെയ്യുമ്പോള്‍..
                     രക്തദാതാക്കളെ വളരെ ലളിതമായ ചോദ്യവലിയിലൂടെ അവര്‍ രക്തദാനത്തിനു അനുയോജ്യരാണോ എന്ന് വിലയിരുത്തുന്നു. വിശദമായ വൈദ്യപരിശോധനയും നടത്തുന്നു (medical checkup). ദാതാവിന്‍റെ പേര്, വയസ്സ്, ജോലി, വിലാസം തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിക്കുന്നതിനു ഒരു രജിസ്ട്രേഷന്‍ ഫോറം നല്‍കുന്നു. ഇത് ഒരു സമ്മതപത്രം കൂടിയാണ്. ആയതിനാല്‍ പൂര്‍ണമായും പൂരിപ്പിച്ച് കൈയൊപ്പ്‌ വെയ്ക്കേണ്ടതാണ്. താങ്കളുടെ വിരലിന്‍റെ അഗ്രത്തില്‍ നിന്നും ഹീമോഗ്ലോബിന്‍ പരിശോധനയ്ക്കായി ഒരു തുള്ളി രക്തം കുത്തി എടുക്കുന്നു. ഈ പരിശോധനാ വഴി രക്തത്തില്‍ ഹീമോഗ്ലോബിന്‍ ആവശ്യത്തിനു ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നു. ഇതിനു ശേഷം കൈയിലെ സിരയില്‍ നിന്ന് പ്രത്യേക പ്ലാസ്റിക് ബാഗിലേക്ക് (disposable) രക്തം ശേഖരിക്കുന്നു. ഒരാളില്‍ നിന്നും 350 ML രക്തമാണ് ഒരു സമയം ശേഖരിക്കുന്നത്. ഈ ബാഗുകളില്‍  രക്തം കട്ടപ്പിടിക്കതിരിക്കുന്നതിനുള്ള ഒരു ദ്രാവകം ഉണ്ടായിരിക്കും. രക്തദാനം 5 മുതല്‍ 7 മിനിട്ടുകള്‍ക്കകം പൂര്‍ത്തിയാക്കുന്നു. 30 മുതല്‍ 45 മിനിട്ടുകള്‍ക്കകം താങ്കള്‍ക്കു സാധാരണ ഗതിയില്‍ ചെയ്യാറുള്ള ജോലികളില്‍ ഏര്‍പ്പെടാവുന്നതാണ്. രക്തം എടുത്ത ഭാഗത്ത്‌  ഒട്ടിക്കുന്ന പ്ലാസ്റ്റര്‍ കുറച്ചു മണിക്കൂറുകള്‍ അങ്ങനെ തന്നെ സൂക്ഷിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ രക്തദാനം നടത്തിയ സ്ഥാനത്തു നിന്ന് രക്തം വാര്‍ന്നു വരുന്നതായി കണ്ടാല്‍ ആ ഭാഗം 5 മിനിട്ട് നേരം ശക്തിയായി അമര്‍ത്തിപ്പിടിക്കുക. രക്തദാനം നടത്തിയ കൈകൊണ്ടു ഒരു ദിവസത്തേക്ക് ഭാരം ഉയര്‍ത്താന്‍ പാടുള്ളതല്ല. പുകവലിയും മദ്യപാനവും രക്തദാനം നടത്തി ഒരു മണിക്കൂര്‍ സമയത്തെക്കെങ്കിലും വര്‍ജ്ജിക്കെണ്ടതാണ്. രക്തം നല്‍കിയതിന്‍റെ പരിരക്ഷ എന്നവണ്ണം കൂടുതല്‍ ആഹാരം കഴിക്കേണ്ടതില്ല. മൂന്നുമാസം കഴിയുമ്പോള്‍ വീണ്ടും  സുരക്ഷിതമായി രക്തദാനം നടത്താവുന്നതാണ്.

എഫെരസിസ് (APHARESIS) എന്ന പ്രത്യേക രീതിവഴിയും രക്തദാനം നടത്താം. ‘എഫരസിസ്’ എന്നത് ഒരു ഗ്രീക്ക് പദമാണ്. ഇതിന്‍റെ അര്‍ഥം “പിന്‍വലിക്കല്‍" എന്നാണ്.ഒരു പ്രത്യേകതരം യന്ത്രം വഴി രക്തത്തിലെ ആവശ്യമുള്ള ഘടകം മാത്രം വേര്‍തിരിച്ചെടുത്ത ശേഷം മറ്റു ഘടകങ്ങള്‍ അതേ സൂചിവഴി  ദാതാവിന് തിരികെ നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നടത്തുന്ന രക്തദാനം മറ്റു രക്തഘടകങ്ങളുടെ  അളവിനെ ബാധിക്കാത്തതുകൊണ്ട്‌, മൂന്നുമാസത്തെ ഇടവേള ഇല്ലാതെ, കൂടുതല്‍ തവണ രക്തദാനം നടത്താവുന്നതാണ്.
“എഫെരിസിസ്” എന്ന പ്രക്രിയ വഴി പ്ലേറ്റ്ലറ്റുകള്‍, രക്തത്തിലെ പ്രോട്ടീനുകള്‍ എന്നിവ ശേഖരിക്കുവാന്‍ സാധിക്കുന്നു. ചികിത്സയില്‍ ഇരിക്കുന്ന രക്താര്‍ബുദ രോഗികള്‍ക്ക് അണുബാധ തടയാന്‍ ശ്വേതാരക്താണുക്കള്‍ മാത്രം വേര്‍തിരിച്ചും ഇതുവഴി നല്‍കാവുന്നതാണ്.
⇦ PREVIOUS CHAPTER                                                                          NEXT CHAPTER ⇨
തുടർന്ന് വായിക്കുക...