രണ്ടുകുഞ്ഞുകഥകള്‍


(2016 നവംബര്‍ 13-ലെ ജനയുഗം വാരാന്തത്തില്‍ പ്രസിദ്ധീകരിച്ചത്)


1.തെറ്റാലി

ആ തെറ്റാലിയുടെ ഞാണവന്‍ ഇപ്പോളെയ്യുമെന്ന കണക്കെ അവനിലേക്കു തന്നെ വലിച്ചു പിടിച്ചിരുന്നു. പക്ഷെ അതിലെ കല്ലെന്തിനു നേരെ പായിക്കണമെന്നപ്പോഴും നിശ്ചയമുണ്ടായിരുന്നില്ല. നേരെ മുന്നില്‍ അടുത്ത ഫ്ലാറ്റിന്‍റെ ജനല്‍. വലത്തു മറ്റൊന്നിന്‍റെ ബാല്‍ക്കണി. ഇടത്ത് ചുമര്‍. പുറകില്‍ അവന്‍ മാത്രം. ബാല്‍ക്കണിയിലേക്ക് കടന്നുവന്ന കട്ടിമീശക്കാരനെ കണ്ടപ്പോള്‍ കവണയുടെ ഞാണവന്‍ കൂടുതല്‍ വലിച്ചുപിടിച്ചു.
അയാളുമാറി ഫോണില്‍ സംസാരിച്ചുകൊണ്ടൊരു പെണ്‍കുട്ടി വന്നപ്പോള്‍ അതല്‍പം അയഞ്ഞു. പിന്നൊരു തടിച്ച സ്ത്രീയായപ്പോള്‍ വീണ്ടും മുറുകി. ഇടയ്ക്ക് മുന്നിലെ ജനലിനപ്പുറം വെളിച്ചം പരന്നു. വെളിച്ചത്തിനുനേരെയാ കല്ലെയ്തേക്കുമോയെന്നു ഒരുവേള അവന്‍ പോലും ഭയന്നു. അപ്പോഴേക്കും കര്‍ട്ടനുരിഞ്ഞ കാഴ്ചകള്‍ ചില്ലുപൊട്ടിച്ചു കടന്നുവന്നു. അവനാ തെറ്റാലി കൂടുതല്‍ ഭയത്തോടെ, കൂടുതല്‍ ബലത്തോടെ  അവനിലേക്കു തന്നെ വലിച്ചുപിടിച്ചുനിന്നു.

2.ഓട്ടിസം
        
ഓട്ടിസം ബാധിച്ച ഏകമകനെ ഞങ്ങളുടെ കൂടെത്തന്നെയാണ് കിടത്തിയുറക്കിയിരുന്നത്. ഇരുട്ടിനെ പേടിയാണ്. വയസ്സ് പതിനെട്ടായെങ്കിലും ഇപ്പോഴും ഉറക്കത്തില്‍ മുള്ളാറുണ്ട്. മൂത്രം നനഞ്ഞ വസ്ത്രങ്ങളോടെ എന്നെയോ അവളെയോ കെട്ടിപ്പിടിച്ചു ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങും. എന്നാലും അവന്‍ നമ്മുടെ മോനല്ലേ.
        മൂന്നാലുദിവസം മുമ്പാണ്, ഫേസ്ബുക്കില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും സ്വവര്‍ഗ്ഗരതിയെയും അനുകൂലിച്ചു ഞാനൊരു കുറിപ്പെഴുതിയദിവസം ഭാര്യയുടെ ഇന്‍ബോക്സിലേക്ക് ഒരു സുഹൃത്ത്  കയറിവന്നുപറഞ്ഞു, 'ഇത് സൂക്ഷിക്കണം കേട്ടോ'. ഞങ്ങള്‍ രണ്ടാളും ഒരേ സ്വരത്തില്‍ ചിരിച്ചു തള്ളുകയും  ഭാര്യ അയാള്‍ക്കെന്തോ മറുപടി നല്‍കി പിണക്കുകയും ചെയ്തു.
        പക്ഷെ ഇന്നലെ അവള്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ പതിവില്ലാതെ മോനെയും കൂടെക്കൊണ്ടുപോകാനൊരുങ്ങി. 'ഞാനിവിടെ ഉണ്ടല്ലോ' എന്ന് പറഞ്ഞപ്പോള്‍ കേട്ടഭാവം കാണിച്ചില്ല.. രാത്രിയില്‍ അവനോടൊപ്പം അവള്‍ പായവിരിച്ചു നിലത്തു
കിടക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു,
           "എന്താ സീതേ ഇതൊക്കെ..?"
അവളൊന്നും മിണ്ടാതെ അവനുറങ്ങും വരെ ചേര്‍ത്തുപിടിച്ചു കിടന്നു. മോനുറങ്ങിയ ശേഷം കട്ടിലിലേക്ക് വന്നെന്‍റെ നെഞ്ചില്‍ തലചായ്ച്ചു കെട്ടിപ്പിടിച്ചുകിടന്നു. എന്നിട്ടിടയ്ക്കെപ്പോഴോ പറഞ്ഞു,
       

               "എനിക്കറിയാം.. എന്നാലും, അവന്‍ നമ്മുടെ മോനല്ലേ.."

Comments

 1. ആദ്യത്തെ കഥ കൂടുതല്‍ ഇഷ്ടമായി.ആശംസകള്‍ ഭായി

  ReplyDelete
 2. ഇത്തവണ ഡോക്ടർ ഞെട്ടിച്ച്‌ കളഞ്ഞല്ലോ.വായന കഴിഞ്ഞിട്ടും കൂടിയ ചങ്കിടിപ്പ്‌ അങ്ങനെ തന്നെയിരിക്കുന്നു.
  ഹോ!!!

  ReplyDelete
 3. രണ്ടു കഥകളും നന്ന്.. ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു തീർത്ത കഥ.. ആശംസകൾ.

  ReplyDelete
 4. ഇത് കുഞ്ഞു കഥകളല്ല...

  ReplyDelete
 5. അവനിലെ അസ്വസ്ഥമായ മനസ്സായിരിക്കാം കഥാകാരൻ ഉദ്ദേശിച്ചത്. അത് അത്ര കണ്ട് മനസ്സിൽ തട്ടിയില്ല. ....സീത എന്തിനങ്ങിനെ പറഞ്ഞു?

  ReplyDelete
 6. കുഞ്ഞ് വാക്കുകളിൽ കൂടി
  രണ്ട് ചെറിയ കഥകളിലൂടെ വലിയ
  സംഗതികൾ വരച്ച കാട്ടിയിരിക്കുന്നു

  ReplyDelete

Post a Comment

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..