പനിയ്ക്കു പുറകിലെ രസ"തന്ത്ര"ങ്ങൾ


(If there any reading difficulties with this
article in mobile, please click here )


ഒരിക്കലും പനിവരാത്തവര്‍ ഇനി ജനിക്കാനിരിക്കുന്നതേയുള്ളൂ. അത്രയ്ക്കും സാധാരണമായ ഒരു രോഗാവസ്ഥയാണ് പനി. എല്ലാവരും അനുഭവിച്ചിട്ടുള്ളത് കൊണ്ടുതന്നെ പനിയും അതിനോടനുബന്ധിച്ചുണ്ടാകുന്ന അസ്വസ്ഥതകളും ഏവര്‍ക്കും സുപരിചിതവുമാണ്. ഈ ലേഖനം ലളിതമായ ഒരന്വേഷണമാണ്. പനിയോടൊപ്പം സഞ്ചരിച്ച് പനിയുടെ പിറവിയെയും അനുബന്ധസംഭവങ്ങളെയും പറ്റി അറിയാനുള്ള ഒരു ലഘുയാത്ര.

1.നമ്മുടെ ശരീരതാപം സ്വയം നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ്?

നമ്മളെല്ലാം ഉഷ്ണരക്തജീവികളാണ് (Warm Blooded Animals). ഉഷ്ണരക്തജീവികളുടെ ശരീരത്തിന്‍റെ താപനില അന്തരീക്ഷതാപനിലയേക്കാള്‍ ഉയര്‍ന്നതായിരിക്കും. മാത്രമല്ല ആ താപനില ഒരു നിശ്ചിത പരിധിയ്ക്കുള്ളില്‍ സ്ഥായിയായി തന്നെ നില്‍ക്കുകയും ചെയ്യും. അന്തരീക്ഷതാപനില മാറിയാലും ശരീരതാപനില വലിയതോതില്‍ മാറില്ല. ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ കൃത്യമായി നടക്കാന്‍ ഈ ഉയര്‍ന്നതാപനില അത്യാവശ്യവുമാണ്. മനുഷ്യശരീരത്തിന്‍റെ ശരാശരി താപം 36.8 ഡിഗ്രീ സെല്‍ഷ്യസ് (98.6 ഡിഗ്രീ ഫാരെന്‍ഹീറ്റ്) ആണ്. പകലിലെയും രാത്രിയിലെയും ശരീരതാപനിലകള്‍ തമ്മില്‍ 0.5 ഡിഗ്രീ സെല്‍ഷ്യസിന്‍റെ വ്യത്യാസം എല്ലാവര്‍ക്കും എല്ലാദിവസവും ഉണ്ടാകുന്നുണ്ട്. ശരീരത്തിന്‍റെ പരമാവധി ചൂട് വൈകുന്നേരം നാലിനും രാത്രി എട്ടിനും ഇടയിലായിരിക്കും. ഏറ്റവും കുറവ് അതിരാവിലെ രണ്ടിനും ആറിനും ഇടയിലും. സാധാരണയായി കക്ഷം, വായ (നാക്കിനടിയില്‍), മലാശയം എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരിടത്തെ ഊഷ്മാവാണ് നമ്മള്‍ പനിയുമായി വരുന്ന രോഗികളില്‍ അളക്കുന്നത്. ഇവ തമ്മില്‍ തന്നെ 0.3 മുതല്‍ 1 ഡിഗ്രീ സെല്‍ഷ്യസ് വരെ വ്യത്യാസം ഉണ്ട്.

വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്‌ ശരിക്കും ഈ താപനില ഇങ്ങനെ നിലനിര്‍ത്തുക എന്നത്. തലച്ചോറിലെ ഹൈപോതലാമസ് എന്ന ഭാഗമാണ് എല്ലാവിധ നിയന്ത്രണങ്ങളുടെയും കേന്ദ്രം. അവിടെ, നിലനിര്‍ത്തേണ്ട ശരീരോഷ്മാവ് എത്രയെന്നു ചില പ്രത്യേക ന്യൂറോണുകളില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതീവ കര്‍ക്കശക്കാരനായ ഒരു നിയമപാലകനെപ്പോലെ ഹൈപോതലാമസ് ഇവിടെ പ്രവര്‍ത്തിക്കും. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ശരീരോഷ്മാവ് കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ആ വിവരം നാഡീസന്ദേശങ്ങളായി ഹൈപോതലാമാസില്‍ എത്തുകയും അവിടെ നിന്നും പ്രശ്നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ചും പേശികളിലേക്കും അന്തസ്രാവ്യഗ്രന്ഥികളിലേക്കും ചില നാഡീഞരമ്പുകളിലേക്കും പ്രവഹിക്കുകയും ചെയ്യും.

ഇപ്പോള്‍ ശരീരോഷ്മാവ് കൂടുകയാണ് ചെയ്തതെങ്കില്‍ ഹൈപോതലാമസിന്‍റെ നിര്‍ദ്ദേശപ്രകാരം ചൂടുകുറയ്ക്കാനായി ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവയാണ്.
 1. ശരീരം വിയര്‍ക്കും (Sweating)- ചൂടുകൂടുമ്പോള്‍ ശരീരത്തിന്‍റെ ആദ്യപ്രതികരണം ഇതാണ്. ഈ വിയര്‍പ്പുതുള്ളികള്‍ ബാഷ്പീകരിക്കാന്‍ ശരീരത്തില്‍ നിന്നും ചൂട് വലിച്ചെടുക്കുകയും അതിലൂടെ ശരീരോഷ്മാവ് കുറയുകയും ചെയ്യും.
 2. രക്തക്കുഴലുകളുടെ വികാസം (Vasodilatation)- തൊലിപ്പുറത്തെ വളരെ ചെറിയ രക്തക്കുഴലുകള്‍ (capillaries) വികസിക്കുകയും അവയിലേക്ക് രക്തമൊഴുക്ക് കൂടുകയും ചെയ്യും. രക്തത്തിലെ ചൂട് റേഡിയേഷന്‍ വഴി പുറംതള്ളാന്‍ ഇതിലൂടെ ശരീരത്തിന് കഴിയും.
 3. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ തോത് (Rate of Metabolism) കുറയും.
ഇനി അഥവാ ശരീരോഷ്മാവ് താണുപോകുകയാണ് ചെയ്തതെങ്കില്‍ ഹൈപോതലാമസ് ഇടപെട്ട് അത് കൂട്ടാന്‍ നോക്കും. ദാ ഇങ്ങനെ.
 1. വിയര്‍ക്കുന്നത് തടയും
 2. രക്തക്കുഴലുകള്‍ സങ്കോചിക്കും (Vasoconstriction)
 3. താപോല്‍പ്പാദനം (Thermogenesis) വര്‍ദ്ധിക്കും - നമ്മുടെ പേശികള്‍ക്കും തലച്ചോറിനും മറ്റു അവയവങ്ങള്‍ക്കും ഉപാപചയപ്രക്രിയകളിലൂടെ താപം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പേശികള്‍ക്കാണ് ഇക്കാര്യത്തില്‍ ഏറ്റവും ശേഷിയുള്ളത്‌. കൊഴുപ്പു സൂക്ഷിക്കുന്ന അഡിപ്പോസ് കലകളില്‍ നിന്നും ഇങ്ങനെ താപോല്‍പ്പാദനം നടത്താറുണ്ട്.
 4. ഹോര്‍മോണല്‍ തെര്‍മോജെനസിസ് (Hormonal Thermogenesis)- ശരീരോഷ്മാവ് തീരെ കുറയുമ്പോള്‍ തൈറോയിഡ് ഗ്രന്ഥികള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ പുറന്തള്ളും. ഈ തൈറോക്സിന്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടുകയും അധികം ചൂട് ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും.

2. പനി വരുന്നത് എങ്ങനെയാണ്?

പനി വരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കെല്ലാം എന്തെങ്കിലും മറുപടി ഉണ്ടാകും അല്ലേ? ജലദോഷമെന്നോ എലിപ്പനിയെന്നോ ടൈഫോയിഡെന്നോ അല്ലെങ്കില്‍ വൈറല്‍ ഫീവറെന്നോ അങ്ങനെ എന്തെങ്കിലുമൊക്കെ നമ്മള്‍ പറയും. പനി വരാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ടെന്നും അണുബാധയാണ് അതിലേറ്റവും സാധാരണം എന്നും നമുക്കറിയാം. പക്ഷെ ഒരു അണുബാധ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ഈ പനി വരുന്നതെന്ന് ചോദിച്ചാലോ?!!
അവിടെ, ആദ്യം നമ്മള്‍ മനസിലാക്കേണ്ടത് പനി ഒരു രോഗമല്ലാ, അതൊരു രോഗലക്ഷണം മാത്രമാണ് എന്നതാണ്. ഒരുപാട് രോഗങ്ങളുടെ പല ലക്ഷണങ്ങളില്‍ ഒന്ന് മാത്രം.
ഒരു രോഗാണുവോ മറ്റോ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ രക്തത്തിലെ പോലീസുകാരായ ശ്വേതരക്താണുക്കളുടെ നേതൃത്വത്തില്‍ നമ്മുടെ പ്രതിരോധസംവിധാനം അവയെ ആക്രമിക്കും. തുടര്‍ന്ന് ശരീരം ഒരു യുദ്ധഭൂമിയും അവര്‍ യോദ്ധാക്കളുമായി മാറും. യുദ്ധത്തിനുള്ള ആയുധങ്ങള്‍ പക്ഷെ അമ്പും വില്ലുമൊന്നുമല്ല, രാസസംയുക്തങ്ങള്‍ ആയിരിക്കും. ശരിക്കുമൊരു രാസയുദ്ധം (Chemical Warfare). പനിക്ക് കാരണമാകുന്നത് പലപ്പോഴും വൈറസില്‍ നിന്നോ ബാക്റ്റീരിയയില്‍ നിന്നോ നമ്മുടെ ശരീരകോശങ്ങളില്‍ നിന്നോ രക്തത്തില്‍ കലരുന്ന ഇത്തരം രാസവസ്തുക്കളാണ്. പനികാരികളായ ഇത്തരം സംയുക്തങ്ങളെ പൊതുവേ ”പൈറോജനുകള്‍” എന്നാണ് പറയുന്നത്. അവയില്‍ ഏറ്റവും പ്രധാനം IL-1, IL-6, TNF-alpha, INTERFERON എന്നൊക്കെ പറയുന്നവയാണ്. ഈ പൈറോജനുകള്‍ ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ E2 (PGE2) വിന്‍റെ ഉല്‍പ്പാദനം കൂട്ടും. ഇങ്ങനെ അധികമുണ്ടാകുന്ന PGE2 രക്തത്തിലൂടെ ചെന്ന് ഹൈപോതലാമസിലെ താപനിയന്ത്രണകേന്ദ്രത്തില്‍ സെറ്റ് ചെയ്ത് വച്ചേക്കുന്ന 36.8 ഡിഗ്രീ സെല്‍ഷ്യസ് എന്നത് തിരുത്തി, അല്‍പ്പം കൂടിയ സംഖ്യയാക്കും. ഉദാഹരണത്തിന് അത് 40 ഡിഗ്രീസെല്‍ഷ്യസ് എന്നാക്കിയെന്നിരിക്കട്ടെ. അപ്പോള്‍ തലച്ചോര്‍ നാല്‍പ്പതാണ് ശരിക്കും വേണ്ട ശരീരോഷ്മാവ് എന്നു തെറ്റിദ്ധരിക്കുകയും, മേല്‍ സൂചിപ്പിച്ച വഴികളിലൂടെ ശരീരോഷ്മാവ് കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യും. അങ്ങനെ ചൂടുകൂടും. അപ്പോള്‍ നമ്മള്‍ പറയും പനിപിടിച്ചുവെന്ന്.

3. പനിയ്ക്കുമ്പോള്‍ ശരീരം ചൂടാകുകയല്ലേ ചെയ്യുന്നത്. പിന്നെന്താ, പനി വരുമ്പോള്‍ നമുക്ക് തണുപ്പും വിറയലുമൊക്കെ തോന്നുന്നത്?

പലരും ചെറിയ പനിയൊക്കെയാണെങ്കില്‍ തനിയെ മാറുമെന്നുകരുതി നോക്കിയിരിക്കും. കുറച്ചുകഴിയുമ്പോ നല്ല കുളിരും വിറയലുമൊക്കെ വരുമ്പോഴാണ്, ഇനി രക്ഷയില്ലാ, ആശുപത്രിയില്‍ പോകാമെന്ന് കരുതുന്നത്. ശരിയാണ്, പനിയ്ക്കുമ്പോള്‍ ശരീരം ചൂടാകുകയാണ് ചെയ്യുന്നത്. പിന്നെങ്ങനെ നമുക്ക് കുളിരുന്നു? പിന്നെന്തിന് നമ്മള്‍ വിറയ്ക്കുന്നു?
ഇതിനുള്ള ഉത്തരവും മുമ്പ് പറഞ്ഞതുതന്നെയാണ്. പൈറോജെനുകള്‍ ഹൈപോതലാമസിലെ കല്‍പ്പിതതാപനില ഉയര്‍ത്തുന്നുവെന്ന് പറഞ്ഞല്ലോ. ആ ഉയര്‍ന്ന താപനിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലുള്ള ശരീരോഷ്മാവ് കുറവാണ്. തലച്ചോര്‍ അതിനെ കുളിരായി അടയാളപ്പെടുത്തും. നമുക്ക് തണുപ്പനുഭവപ്പെടും. ഉടനെ ഹൈപോതലാമസ് ശരീരോഷ്മാവ് ഉയര്‍ത്താനുള്ള വഴികള്‍ തേടും. അതില്‍ ഏറ്റവും ഗുണപ്രദമായരീതി പേശികളെ അതിവേഗം സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും (Contraction and Relaxation) ചെയ്യുക എന്നതാണ്. ഒരു സെക്കന്‍ഡില്‍ തന്നെ നിരവധി പ്രാവശ്യം ഈ സങ്കോചവും വികാസവും നടക്കുമ്പോള്‍ നമുക്കത് വിറയലായി അനുഭവപ്പെടും. എല്ലാം തലച്ചോറിന്‍റെ കളികളാണ്.

4. അങ്ങനെ തലച്ചോറാണ് ചൂട് കൂട്ടുന്നതെങ്കില്‍ പാരസെറ്റമോള്‍ കഴിച്ചുകഴിയുമ്പോള്‍ പനി കുറയുന്നതെങ്ങനെ?

 ഇതിനും ഉത്തരം മുകളില്‍ പറഞ്ഞതുതന്നെ. പക്ഷെ അതിനുമുമ്പ് പാരസെറ്റമോള്‍ അല്ലെങ്കില്‍ അതുപോലുള്ള ആന്‍റിപൈറെറ്റിക് (Antipyretic) മരുന്നുകള്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നറിയണം. ഇവ മുമ്പ് പറഞ്ഞ പ്രധാന പനികാരിയായ (Pyrogen) PGE2 വിന്‍റെ ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെ PGE2 വിന്‍റെ രക്തത്തിലെ അളവ് താണുപോകും. അതുകാരണം ഹൈപോതലാമസില്‍ PGE2 മുഖേന ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന ഊഷ്മനില പഴയപടി (അതായത് 36.8°C) ആയി താഴും. അങ്ങനെ ആകുമ്പോള്‍ ശരീരതാപനില ആ അവസ്ഥയിലേക്ക് കുറച്ചുകൊണ്ടുവരാന്‍ വേണ്ടി തലച്ചോര്‍ ആജ്ഞാപിക്കും. ശരീരം വിയര്‍ക്കും. തുടര്‍ന്ന് പനി കുറയുകയും ചെയ്യും. അതുകൊണ്ടാണ്, “ഹോ.. ഒന്ന് വിയര്‍ത്തല്ലോ.. ഇനിയങ്ങു കുറഞ്ഞോളും” എന്ന് പണ്ടുള്ളവര്‍ പറയുന്നത്.

5. പനി വരുമ്പോ ശരീരവേദന വരുന്നതിന്‍റെ കാരണം എന്താണ്?

പനിയെന്നു പറയുന്നത് രാവും പകലുമില്ലാതെ നടക്കുന്ന ഒരു രാസയുദ്ധത്തിന്‍റെ ഫലമാണെന്ന് ആദ്യമേ പറഞ്ഞല്ലോ. ആ യുദ്ധഭൂമിയാണ് ശരീരം. ഒരു യുദ്ധം നടക്കുമ്പോള്‍ യുദ്ധഭൂമിക്കും അതിലെ വസ്തുവകകള്‍ക്കും ആയുധങ്ങളേറ്റും യുദ്ധാവശിഷ്ടങ്ങള്‍ കൊണ്ടും കേടുപാടുകള്‍ സംഭവിക്കും. അതാണ്‌ ഇവിടെയും സംഭവിക്കുന്നത്. PGE2 വും മറ്റു സൈറ്റോകൈനുകളും (Cytokines - IL-1,6, TNF) പേശികളിലും സന്ധികളിലുമൊക്കെ ചെന്ന് പ്രവര്‍ത്തിക്കുന്നതിന്‍റെ പരിണതഫലമാണ് ശരീരവേദനയും സന്ധിവേദനയുമൊക്കെ.

6. അങ്ങനെയാണെങ്കില്‍ എല്ലാ പനിയുടെയും കൂടെ ശരീരവേദനയും വരണ്ടേ? അങ്ങനെ കാണാറില്ലല്ലോ..?

അതും ശരിയാണ്. അറിയാവുന്നതും അറിയപ്പെടാത്തതുമായ പല കാരണങ്ങള്‍ കൊണ്ടും മിക്ക രോഗാണുക്കളും നമ്മുടെ രോഗപ്രതിരോധശേഷിയെ പൂര്‍ണ്ണമായി ഉദ്ദീപിപ്പിക്കാറില്ല. ഓരോ രോഗാണുവും ഓരോ അളവിലായിരിക്കും ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നത്. അതുതന്നെ ചിലത് വളരെ പതുക്കെയും ചിലത് അതിവേഗത്തിലും ആയിരിക്കും. ഉദാഹരണത്തിന് ജലദോഷം ഉണ്ടാക്കുന്നതും ഡെങ്കിപ്പനി ഉണ്ടാക്കുന്നതും വൈറസുകളാണ്. യോദ്ധാക്കളും ആയുധങ്ങളും ഒക്കെ ഏതാണ്ട് ഒരുപോലെതന്നെ. പക്ഷെ യോദ്ധാക്കളുടെ ശക്തിയും യുദ്ധമുറയും മാത്രം വേറെ. ജലദോഷപ്പനിയിൽ നിസാരനായ ശത്രുവിനെ ശരീരം അധികം ജോലിയില്ലാതെ തന്നെ ചെറുത്തുതോൽപ്പിക്കും.. എന്നാൽ ഡെങ്കു വൈറസ് പോലെ ശക്തന്മാരെ തോൽപ്പിക്കാൻ നമ്മുടെ ഇമ്മ്യൂണിറ്റി കുറച്ചധികം വിയർക്കേണ്ടിവരും.  നമ്മുടെ പ്രതിരോധവ്യവസ്ഥ രോഗാണുവിനോട് പ്രതികരിക്കുന്നതെങ്ങനെ എന്നതനുസരിച്ചിരിക്കും രോഗലക്ഷണങ്ങളുടെ തീവ്രത. ശരീരവേദന, പ്രധാനമായും നടുവേദനയും സന്ധിവേദനകളും വായ കയ്പ്പുമൊക്കെ വൈറല്‍ പനികളിലാണ് ബാക്റ്റീരിയല്‍ പനികളേക്കാള്‍ കൂടുതലായി കാണപ്പെടുന്നത്. വൈറല്‍ അണുബാധ ഉണ്ടാകുമ്പോള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്റര്‍ഫെറോണിന് (Interferon) ഈ സവിശേഷതയുമായി ബന്ധമുണ്ടോയെന്നും സംശയിക്കപ്പെടുന്നു.
വര- അസ്രൂസ്

7. ഒരു പനി വരുമ്പോള്‍ അത് വൈറല്‍ പനി ആണോ ബാക്റ്റീരിയല്‍ പനി ആണോ എന്ന് പരിശോധനകള്‍ ഇല്ലാതെ അറിയാന്‍ പറ്റുമോ?

വൈറല്‍ പനിയാണ് ബാക്റ്റീരിയല്‍ പനിയേക്കള്‍ സാധാരണം. പലപ്പോഴും ഒരു ബാക്റ്റീരിയല്‍ അണുബാധ ഉണ്ടാകുന്നതിന് മുന്നേ ഒരു വൈറല്‍ പനി വരികയും, അതുകാരണം ശരീരത്തിന്‍റെ പ്രതിരോധശേഷി അല്‍പ്പമൊന്നു കുറയുമ്പോള്‍ അവിടേയ്ക്ക് ബാക്റ്റീരിയ കടന്നുകയറി രോഗമുണ്ടാക്കുകയും ചെയ്യാറുണ്ട്. ജലദോഷത്തില്‍ തുടങ്ങി കടുത്ത തൊണ്ട വേദനയിലേക്കും പനിയിലേക്കും രോഗം കൂടിയ അനുഭവം പലര്‍ക്കും ഉണ്ടാകും. രോഗലക്ഷണങ്ങളിലെ ചില സൂചനകളില്‍ നിന്നും ഒരു പരിധിവരെ ഇവയെ വേര്‍തിരിച്ചറിയാന്‍ സാധിക്കും.
 1. പനിയ്ക്കുന്നതിനു മുമ്പോ പനിയോടൊപ്പമോ ഉള്ള ശരീരവേദന, ആകെയൊരു ക്ഷീണാവസ്ഥ ഒക്കെ വൈറല്‍ പനിയിലാണ് കൂടുതല്‍.
 2. തുടക്കത്തിലേ കടുത്ത പനിയുണ്ടെങ്കില്‍ അത് ബാക്റ്റീരിയല്‍ പനിയാകാനുള്ള സാധ്യതയുണ്ട്.
 3. മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, ചെറിയ തൊണ്ടവേദനയൊക്കെ ആണെങ്കില്‍ വൈറല്‍ ആകാനാണ് സാധ്യത, പലപ്പോഴും രണ്ടും ഒരുമിച്ചു കാണാറുണ്ടെങ്കിലും.
 4. പനിയോടൊപ്പം ഏതെങ്കിലും ഒരു ശരീരഭാഗത്ത് മാത്രമാണ് പനിയ്ക്ക് കാരണമായ രോഗാവസ്ഥ (ഉദാ: തൊണ്ടവേദന മാത്രം, മുറിവില്‍ ഉണ്ടാകുന്ന പഴുപ്പ്, മൂത്രമൊഴിക്കുമ്പോള്‍ വേദന/ പുകച്ചില്‍ etc) ഉള്ളതെങ്കില്‍ അത് ബാക്റ്റീരിയല്‍ ആയിരിക്കും.
 5. വിശപ്പില്ലായ്മ, ശരീരത്തില്‍ ചുവന്ന പാടുകള്‍ ഒക്കെ രണ്ടിലും ഉണ്ടാകുമെങ്കിലും വൈറല്‍ രോഗങ്ങളിലാണ് അധികവും
ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ഡോക്ടറെ കണ്ടുതന്നെ തീരുമാനം എടുക്കണം. പഴയകാലത്തെ ഉഗ്രപ്രതാപികളായിരുന്ന പല ബാക്റ്റീരിയല്‍ രോഗങ്ങളും ആന്‍റിബയോട്ടിക്കുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെങ്കിലും അതിലും ഭയങ്കരന്‍മാരായ വൈറസുകള്‍ രംഗപ്രവേശം ചെയ്യുകയും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, വൈറസും ബാക്റ്റീരിയയും മാത്രമല്ല, വേറെയും ധാരാളം കാരണങ്ങളുണ്ടല്ലോ പനി വരാന്‍.

8. ഈ പനി വരുമ്പോള്‍ വല്ലാണ്ട് ദാഹിക്കുന്നു. മൂത്രത്തിന്‍റെ അളവ് കുറയുന്നു. മൂത്രം കടുത്തനിറമാകുന്നു. ഇതൊക്കെ എന്തുകൊണ്ടാണ്?

പനി വരുമ്പോള്‍ താപോല്‍പ്പാദനത്തിനായി ശരീരത്തിലെ ഉപാപചയ പ്രക്രിയകളുടെയെല്ലാം വേഗതയും തോതും വര്‍ദ്ധിക്കും. ഇതിനെല്ലാം ധാരാളം ജലം ആവശ്യമാണ്‌. ഒപ്പം ചൂടുകൂടുമ്പോള്‍ ശരീരത്തില്‍ നിന്നും ബാഷ്പീകരിച്ചു പോകുന്ന ജലത്തിന്‍റെയും അളവുകൂടും. ഇതിന്‍റെയൊക്കെ ഫലം നിര്‍ജ്ജലീകരണം ആണ്. ഇതൊക്കെയാണ് ദാഹത്തിനുകാരണം. ശരീരത്തിലെ വെള്ളത്തിന്‍റെ അളവ് കുറയുന്നുവെന്ന് കാണുമ്പൊള്‍ വൃക്കകള്‍ മൂത്രത്തിന്‍റെ അളവ് കുറയ്ക്കും. സാന്ദ്രത കൂടിയ മൂത്രം കടുത്ത നിറത്തില്‍ കാണപ്പെടുകയും ചെയ്യും. അതുകൊണ്ട് പനിയുടെ സാധ്യത കാണുമ്പൊള്‍ മുതല്‍ തന്നെ ധാരാളം ശുദ്ധജലം കുടിയ്ക്കണം.

9. മഴ നനഞ്ഞാല്‍ പനി വരുന്നത് എന്തുകൊണ്ടാണ്? പേടിച്ചാല്‍ പനി വരുമോ?

മഴ നനയുന്നതും പനിയും തമ്മില്‍ അങ്ങനെ കൃത്യമായ ബന്ധമൊന്നും ഇല്ല. മഴ നനയുന്നവര്‍ക്കെല്ലാം പനി വരുന്നില്ലല്ലോ. പിന്നെ ഒരുപാട്നേരം മഴ നനയുമ്പോള്‍ ശരീരം തണുക്കുകയും അതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ ചൂടുല്‍പ്പാദിപ്പിക്കുകയും ചെയ്യും ശരീരം. ചിലരില്‍ മാത്രം അത് പനിപോലെ തോന്നിക്കും. ആ ചൂട് സാധാരണയായി 99 ഡിഗ്രീ ഫാരെന്‍ഹീറ്റിന് (37.4 ഡിഗ്രീ സെല്‍ഷ്യസ്) മുകളില്‍ പോകാറില്ല. പലപ്പോഴും ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുകയും ചെയ്യും. അതില്‍ കൂടുതല്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ കടുത്ത പനിയുണ്ടെങ്കില്‍ എന്തോ അണുബാധ ഉണ്ടായിട്ടുണ്ട് എന്നുവേണം കരുതാന്‍. ഒരു ഡോക്ടറെ കാണുക.
പുതുമഴ നനയരുതെന്നു പണ്ടുള്ളവര്‍ പറയാറുണ്ട്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ ധാരാളം അണുക്കള്‍ ഉണ്ടാകും. അതൊക്കെ മഴവെള്ളത്തിലൂടെ ശരീരത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആകണം അങ്ങനെ പറയുന്നത്. മറ്റൊന്ന്, മഴക്കാലത്ത് ശരീരോഷ്മാവ് താഴുന്നത് കാരണം വൈറല്‍ രോഗങ്ങള്‍ കൂടുതലായി പിടിപെടാന്‍ സാധ്യതയുണ്ട്. പ്രതിവിധി പക്ഷെ മഴ നനയാതിരിക്കുകയല്ലാ, പഴങ്ങളും ഇലക്കറികളും പച്ചക്കറികളുമൊക്കെ കഴിച്ചു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ്.
പേടി കാരണവും പനി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. പേടി കാരണം ഉണ്ടാകുന്ന ഉത്കൺഠ ഒരുപാട് ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും ഒക്കെ അതിന്‍റെ ഭാഗമാണ്. അതുപോലെ ശരീരത്തിന്‍റെ ചൂടും കൂടും. പക്ഷെ കൃത്യമായി പനിയെ പേടിയുമായി ബന്ധപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്.

10. ചിലരുടെ ശരീരം എപ്പോഴും പനിയുള്ളതുപോലെ ചൂടായിരിക്കുമല്ലോ. അതെന്തുകൊണ്ടാണ്?

ചിലരുടെ ശരീരം അങ്ങനെയാണ്. എപ്പോഴും ചൂട്. അങ്ങനെ ഉള്ളവരുടെ ശരീരത്തില്‍ കൊഴുപ്പ് ശേഖരിക്കപ്പെടുന്നത് പ്രധാനമായും ബ്രൌണ്‍ ഫാറ്റായിട്ടായിരിക്കും. ഈ വക കൊഴുപ്പുകോശങ്ങളില്‍ (Adipose Cells) മൈറ്റോകൊണ്ട്രിയ എന്ന കോശാവയവം എണ്ണത്തില്‍ വളരെയധികം കാണും. അതുകാരണം അവര്‍ എപ്പോഴും ഉപാപചയപ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും (Metabolically Active). അതുവഴി കൂടുതല്‍ ചൂട് ഉല്‍പ്പാദിപ്പിക്കപ്പെടും. നവജാതശിശുക്കളിലും ഇതേ ബ്രൌണ്‍ ഫാറ്റാണുള്ളത്. അതുകൊണ്ടാണ് കുഞ്ഞുങ്ങളുടെ ശരീരം ചൂടായിത്തന്നെ ഇരിക്കുന്നത്.
മറ്റുള്ളവരില്‍ അത് മൈറ്റോകോണ്ട്രിയ കുറഞ്ഞ വൈറ്റ് ഫാറ്റ് ആയിരിക്കും.

11. അപ്പൊ, എല്ലാ ചൂടും പനിയല്ലാ, ല്ലേ..?

അല്ലാ.. പനിയല്ലാതെ ശരീരം അമിതമായി ചൂടാകുന്ന അവസ്ഥയ്ക്ക് ഹൈപ്പര്‍തെര്‍മ്മിയ (Hyperthermia) എന്നാണ് പറയുന്നത്. ഹൈപ്പര്‍തെര്‍മിയയില്‍ ഹൈപോതലാമസിലെ കല്‍പ്പിത ഊഷ്മനിലയ്ക്ക് വ്യതിയാനമൊന്നും വരുന്നില്ല. പൈറോജനുകളുടെ ഇടപെടല്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല. പക്ഷെ ചൂട് കൂടും. കാരണങ്ങള്‍ പലതാണ്. ഒരുപാട് നേരം ചൂടുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുക, തൈറോയിഡ് ഹോര്‍മോണിന്‍റെ അളവ് കൂടുക, സൈക്കോസിസിനും മറ്റും കഴിക്കുന്ന ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം മൂലം, മയക്കുമരുന്നുപയോഗം , അപസ്മാരം, തലച്ചോറിലെ രക്തസ്രാവം അങ്ങനെ നിരവധി കാരണങ്ങള്‍. ഇപ്പൊ നമ്മുടെ നാട്ടില്‍ സാധാരണമായ സൂര്യാഘാതം ഈ ഹൈപ്പര്‍തെര്‍മിയയ്ക്ക് ഉദാഹരണമാണ്‌.
എല്ലാ പനിയും നിസാരമല്ലെന്ന് നമുക്കറിയാം. എന്നാലും മിക്ക പനികളും താനേ മാറുന്നവയുമാണ്. പക്ഷെ, നിസാരമായ ഒരു പനി വരണമെങ്കില്‍ തന്നെ ഏതെല്ലാം അവയവങ്ങള്‍, എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്നു ഇപ്പൊ മനസിലായില്ലേ. ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, പനി ഒരു രോഗമല്ലാ, രോഗലക്ഷണം മാത്രമാണ്. പനിയുണ്ടാകുന്നത്, ചൂടുകൂട്ടി രോഗാണുക്കളെ തുരത്താനുള്ള ശരീരത്തിന്‍റെ ശ്രമമാണെന്നൊക്കെ ശാസ്ത്രലോകം സംശയിച്ചിരുന്നെങ്കിലും അങ്ങനെയൊന്നുമല്ലാ എന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല PGE2 അധികമുണ്ടാകുന്നത് നമ്മുടെ ഇമ്മ്യൂണിറ്റിയെ തളര്‍ത്തുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പല പ്രകൃതിചികിത്സകരും വ്യാജന്മാരും പനിയ്ക്ക് ചികിത്സ വേണ്ടാ, പനി വരുന്നത് നല്ലതാണ്, ചികിത്സിക്കുന്നത് ദോഷമാണെന്നൊക്കെ വാദിക്കുന്നുണ്ട്. അതൊക്കെ വ്യാജപ്രചാരണങ്ങള്‍ മാത്രം. ഡോക്ടറെ കാണുകയും ചികിത്സ വേണ്ടതാണെങ്കില്‍ ചികിത്സിക്കുകയും തന്നെ ചെയ്യണം.
ലേഖനത്തിന്‍റെ വലിപ്പം കൂടുന്നതിനാല്‍ പനിയെപ്പറ്റി ഏറ്റവും സാധാരണമായ ചില കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. പനിവിശേഷങ്ങള്‍ ഇനിയും ധാരാളമുണ്ട്. ഇത്രയൊക്കെ പറഞ്ഞുതന്ന സ്ഥിതിയ്ക്ക് ഒരു ചോദ്യം അങ്ങോട്ടു ചോദിക്കാം. ശരാശരി അന്തരീക്ഷ താപനില 25-30 ഡിഗ്രീസെല്‍ഷ്യസ് ആണല്ലോ. നമ്മുടെ ശരീരോഷ്മാവ് 37 ഡിഗ്രീസെല്‍ഷ്യസും. ശരിക്കും നമുക്കത് തണുപ്പായനുഭവപ്പെടേണ്ടതാണ്. അതുണ്ടാകുന്നില്ല. എന്ന് മാത്രമല്ല, അന്തരീക്ഷതാപം ശരാശരിക്കു മുകളില്‍ പോയാലോ, നമുക്ക് കടുത്ത ചൂടനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ? എല്ലാവരും ഉത്തരം കണ്ടുപിടിച്ചിട്ട് അടുത്ത ക്ലാസില്‍ വന്നാ മതി.
23 comments:

 1. അറിവ് പകര്‍ന്നതിനു നന്ദി ഡോക്ടര്‍. പണ്ടൊക്കെ പനി വരാന്‍ ഇഷ്ടമായിരുന്നു. രണ്ടുദിവസം പനിച്ചു കിടന്നാല്‍ മൂന്നിന്‍റെയന്നോ പിറ്റേന്നോ പഠിക്കാനും/ജോലിക്കും പോകാമായിരുന്നു. പക്ഷെ ഇന്ന് പനി വന്നാല്‍ പണി കിട്ടിയത് തന്നെ!

  ReplyDelete
 2. താങ്കള്‍ ഒരു "സര്‍വ സ്പര്‍ശി" ആയികൊണ്ടിരിക്കുന്നു. തുടര്‍ന്നും വ്യാപരിക്കുക. (സ്മരണ with high dose സാഹിത്യം).But the comment was straight from the heart only through spine as Reflex arc. That much helpful this post is.

  ReplyDelete
 3. മിക്കപ്പോഴും പനിയുള്ളത് കൊണ്ട് ഗൗരവത്തോടെയാണ് വായിച്ചത് . വളരെ കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു. നന്ദി.

  ReplyDelete
 4. മിക്കപ്പോഴും പനിയുള്ളത് കൊണ്ട് ഗൗരവത്തോടെയാണ് വായിച്ചത് . വളരെ കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു. നന്ദി.

  ReplyDelete
 5. ലളിതസുന്ദരമായ രീതിയില്‍ ഏവര്‍ക്കും ഉപകാരപ്പെടുംവിധം അറിവുപകര്‍ന്നുത്തന്നതിന് നന്ദി ഡോക്ടര്‍.
  ആശംസകള്‍

  ReplyDelete
 6. ആകെ ഒരു പനി ലക്ഷണം. ഇത് വായിച്ചതിനു ശേഷം.

  ReplyDelete
 7. അവസാനത്തെ ചോദ്യത്തിന് ഉത്തരം: ചൂട് കൂടുതൽ ഉള്ളിടത്ത് നിന്നും കുറഞ്ഞിടത്തേക്ക് പ്രവഹിക്കുന്നു എന്നത് കൊണ്ടാണോ? അതായത് അന്തരീക്ഷ ഊഷ്മാവ് ശരീരോഷ്മാവിനെക്കാൾ കുറഞ്ഞ അവസ്ഥയിൽ ശരീരത്തില നിന്നും അന്തരീക്ഷത്തിലേക്കാണ് ചൂട് പ്രവഹിക്കുക. അതെ സമയം ശരീരം ചൂട് ഉൽപ്പാദിപ്പിച്ച് ഊഷ്മാവ് കുറയാതെ സൂക്ഷിക്കുകയും ചെയ്യും. അന്തരീക്ഷത്തിലെ ചൂട് കൂടിയ അവസ്ഥയിൽ ചൂട് ശരീരത്തിലെക്കാണ് പ്രവഹിക്കുക. അതുകൊണ്ട് നമുക്ക് ചൂട് അനുഭവപ്പെടുകയും ചെയ്യും. ശരിയാണോ?

  ReplyDelete
  Replies
  1. അല്ലാ.. ഒരിക്കലുമല്ലാ.. :)

   Delete
  2. ശരിയായ കാരണം പറഞ്ഞു തരണേ....

   Delete
  3. ഉത്തരം പ്രശസ്ത ശാസ്ത്രലേഖകനായ വൈശാഖന്‍ തമ്പി തന്‍റെ ബ്ലോഗില്‍ വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. അത് വായിക്കാന്‍ അദ്ദേഹത്തിന്‍റെ കോലാഹലം ബ്ലോഗിന്‍റെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ ..

   Delete
 8. വിജ്ഞാനപ്രദം...
  അപ്പോൾ ശരിക്ക് പണി
  കിട്ടാൻ ഒരു പനി മതി അല്ലേ

  ReplyDelete
 9. ഇത്രയും നല്ല അറിവുകൾ പകർന്നു നല്കിയതിനു വളരെ നന്ദി. ഇനിയും എഴുതുക.

  ReplyDelete
 10. പനിച്ച്‌ വിറച്ച്‌ കിടക്കുന്നതിനിടയിൽ വായിച്ചു.കൂടുതൽ ക്ഷീണം തോന്നുന്നു.

  നല്ല വിവരണം.ഒരു കൊച്ച്കുഞ്ഞിനോട്‌ പറഞ്ഞാൽ പോലും മനസ്സിലാകുന്ന രീതിയിൽ എഴുതിയതിനു ഡോക്ടർക്ക്‌ അഭിനന്ദനങ്ങൾ!!!

  (ഈ സമയത്ത്‌ എന്റെ ആന്തരാവയവങ്ങൾ പാവങ്ങൾ എന്തോരം കഷ്ടപ്പെടുന്നുണ്ടാകും.കൂടുതൽ പണിയെടുപ്പിച്ച്‌ അവശേഷിക്കുന്ന കൊഴുപ്പൂടെ മായയാക്കിക്കളയാതെ പുതച്ച്മൂടിക്കിടക്കട്ടെ.)

  ReplyDelete
 11. പനിയെക്കുറിച്ച് ഇത്രയും വ്യക്തവും ലളിതവും വിശദവുമായ ഒരു ലേഖനം ഞാൻ ഇതു വരെ എവിടെയും വായിച്ചിട്ടില്ല.
  അഭിനന്ദനങ്ങൾ ഡോക്ടർ.
  ഒപ്പം ഇത്രയും വിവരങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയതിന് നന്ദിയും..!!!

  ReplyDelete
 12. MAKING SENSE OF THE RESEARCH
  This may not be a question that you've thought about, but it tells us something important about both basic physics and the way our body works. If you put a bucket of warm water outside, and that warm water just happened to be 98.6 degrees Fahrenheit, but the outdoor temperature was 85 degrees Fahrenheit, the water would cool down. That's because the outdoor temperature, while still warm, is cooler than the temperature of the water. Heat naturally flows from warmer places to cooler places. The heat's "goal" is to reach equilibrium–a state where everything is the same temperature as everything that surrounds it. That's why a hot bowl of soup or a cold glass of soda will eventually reach room temperature if you leave them out long enough.

  The difference between you and a bucket of water (well, one of many differences) is that your body is constantly generating more heat. All that heat has to go somewhere, so it tries to escape through your skin. The greater the difference between the outside temperature and the temperature of your body, the faster that heat will escape. That's why you'll feel much cooler on a 60-degree day than on a 90-degree day.

  The sun is another factor to consider. When meteorologists measure the temperature outside, they measure it in the shade. However, if it's 90 degrees in the shade and you're out in the sun, you're absorbing additional heat from the sun. That makes your body have to work even harder to lose enough heat to keep you comfortable.

  If you were a cold-blooded animal, like a lizard, the rules would be different. These animals don't generate nearly as much internal heat as mammals do. (Generating your own body heat to maintain a constant temperature is called thermoregulation.) So if a lizard goes into the shade on an 85-degree day, its body temperature would get very close to 85 degrees. So a lizard is more like a bucket of water than you are. Isn't that nice to know?
  http://sciencenetlinks.com/science-news/science-updates/body-temperature/

  ReplyDelete
 13. ലേഖനത്തിന്‍റെ അവസാനം ചോദിച്ച ചോദ്യത്തിനുള്ള വിശദമായ ഉത്തരം പ്രശസ്ത ശാസ്ത്രലേഖകനായ വൈശാഖന്‍ തമ്പി തന്‍റെ ബ്ലോഗില്‍ വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. അത് വായിക്കാന്‍ അദ്ദേഹത്തിന്‍റെ കോലാഹലം ബ്ലോഗിന്‍റെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..

  ReplyDelete
 14. നന്ദി വിജ്ഞാനപ്രദമായ ഈ ലേഖനത്തിന്

  ReplyDelete
 15. സ്വായത്തമാക്കേണ്ട അറിവുകള്‍ ലളിതമായ രീതിയില്‍ പകര്‍ന്നു തന്നു ഈ പനിക്ക് പിന്നിലെ രസതന്ത്രം. നന്ദി ഡോക്ടര്‍

  ReplyDelete
 16. വിജ്ഞാനപ്രദമായ ലേഖനം .ലളിതവും

  ReplyDelete
 17. വിജ്ഞാനപ്രദമായ ലേഖനം
  Thank you

  ReplyDelete
 18. വിജ്ഞാനപ്രദമായ ലേഖനം
  Thank you

  ReplyDelete