(2016 may 8 ലെ ജനയുഗം വാരാന്തത്തില്‍ പ്രസിദ്ധീകരിച്ചത്)
“ഇവിടിരിക്കാം..”
അവസാനത്തേതില്‍ രണ്ടാമത്തെ പടവിലെത്തി നിന്നുകൊണ്ട് കര്‍മ്മി പറഞ്ഞു. അയാള്‍ തന്റെ സ്ഥൂലശരീരം പാടുപെട്ടുവളച്ചു വാഴയിലയും കിണ്ടിയും ആ പടവില്‍ വച്ചു.
“ഒന്ന് മുങ്ങി വരൂ..”
ജീവന്റെ കുഞ്ഞോളങ്ങള്‍ പോലുമില്ലാതെ കിടക്കുന്ന പുഴയുടെ വരട്ടുചൊറി ബാധിച്ച തൊലിപ്പുറത്തേക്ക് ചൂണ്ടിക്കൊണ്ടയാള്‍ പറഞ്ഞു. കര്ണ്ണന് ആ ജീർണിച്ച കാഴ്ചകളിലേക്ക് നോക്കി മടിച്ചു നിന്നു..
“എന്നാ അല്പം കൈക്കുമ്പിളില്‍ കോരി നെറുകയില്‍ തളിച്ചു വരൂ.. പുണ്യജലം, പുണ്യജലം തന്നെ”
കര്ണ്ണന് ഉടുപ്പഴിച്ചു ജൂലിയെ ഏല്‍പ്പിച്ചു അവസാനപടവിലിറങ്ങി നിന്നു. അവള് ഏഴാമത്തെ പടവിലിരുന്നു മൊബൈല്‍ ക്യാമറയില്‍ ഒക്കെയും പകര്‍ത്തി തുടങ്ങി.
“അച്ഛനല്ലേ..?”
“അതെ" ജൂലിയാണ് മറുപടി പറഞ്ഞത്.
“ദുര്‍മരണം വല്ലതും?” കര്ണ്ണന് വലത്തേക്ക് തലചരിച്ചു ഒരു കാക്കയെപ്പോലെ ജൂലിയെ നോക്കി. ജൂലി ക്യാമറ സൂം ഇന്‍ ചെയ്തു കര്‍ണ്ണന്റെ ആ മുഖഭാവം കൃത്യമായി പകര്‍ത്തി.
“ഡീ.. ബ്രൈറ്റ്നെസ്സ് മാക്സിമത്തിലിട്ടു എടുക്ക്. അല്ലെങ്കില്‍ ഇരുണ്ടുപോകും..” പറഞ്ഞുകൊണ്ട് കര്ണ്ണന് കര്‍മ്മിയുടെ നേരെ തിരിഞ്ഞിരുന്നു.
“അതായത്, ആത്മഹത്യ, കൊലപാതകം, വിഷം തീണ്ടല്, വാഹനാപകടം അങ്ങനെ ഏതെങ്കിലും ആയിരുന്നോ? അങ്ങനെയെങ്കില്‍ വേറെ ചില കര്‍മ്മങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്.” കര്‍മ്മി അരിയും എള്ളും ചേര്ത്തുവേവിച്ച ചോറ് വഴയിലയിലേക്ക് പകരുന്നതിനിടയില്‍ പറഞ്ഞു.
“ഇത്രേള്ളോ, ദുര്‍മരണങ്ങളുടെ പട്ടിക?”
ഇരുവരും ഒരുമിച്ചത് ചോദിച്ചപ്പോള്‍ കര്മ്മിയാകെ പകച്ചു. അയാളുടെ വിളര്‍ച്ച ജൂലി പ്രത്യേകം ഫോക്കസ് ചെയ്തു.
പവിത്രം..
കര്ണ്ണന് പവിത്രം വാങ്ങി ധരിച്ചു.
പരേതന്റെ പേര്?
ആദിത്യന്
നാള്?
തിരുവാതിര
ഏറ്റു ചൊല്ലൂ.. ഗംഗേ ച
ഗംഗേ ച
യമുനേ ചൈവ
യമുനേ ചൈവ
ഗോദാവരി സരസ്വതി
ഗോദാവരി സരസ്വതി
ജൂലി വീഡിയോയില്‍ സംഭാഷണങ്ങള്‍ കൃത്യമായി കിട്ടാനായി നാലാമത്തെ പടവിലേക്കിറങ്ങി വന്നു. കര്‍മ്മിയുടെ ചെവിയുടെ ഔട്ട് ഓഫ് ഫോകസ് ഷാഡോയോടൊപ്പം കര്‍ണ്ണനെ വ്യക്തമായി കാണുന്ന ഫ്രെയിം അവള് കൂടുതല്‍ ഇഷ്ടത്തോടെ പകര്‍ത്തി.
“മാതാവിന്റെയും പിതാവിന്റെയും ഭാഗത്തുനിന്നും മണ്മറഞ്ഞുപോയ സകല പൂര്‍വികരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ആദ്യപിണ്ഡം വച്ചോളൂ.”
“ഇത് പങ്കുവയ്ക്കാനുള്ളതല്ല..” മറുപടി പെട്ടന്നായിരുന്നു. കര്ണ്ണന് തന്റെ സ്വതസിദ്ധമായ സൗമ്യസ്വരത്തില്‍ തന്നെയാണത് പറഞ്ഞത്. പക്ഷെ കര്‍മ്മി കൂടുതല്‍ വിളര്‍ത്തു.
“ശരിക്കും നിങ്ങള്‍ ബലിയിടാന്‍ തന്നെ വന്നതാണോ? ഇതൊന്നും കുട്ടിക്കളിയല്ലാ, സത്യോള്ള കാര്യങ്ങളാണ്. ഷോര്‍ട്ട്ഫിലിം പിടിത്തമാണെങ്കില്‍ എന്നെ ദയവായി ഒഴിവാക്കൂ.”
കര്‍മ്മി കര്‍ണ്ണനെയും ജൂലിയും മാറിമാറി നോക്കി പറഞ്ഞുകൊണ്ടിരുന്നു.
“സ്വാമി പേടിക്കേണ്ടാ.. ശരിക്കും ബലിയാണ്. ഷൂട്ട് ചെയ്യുന്നത് ഒരാള്‍ക്ക് അയച്ചു കൊടുക്കാന്‍ വേണ്ടിയാണ്. ദയവായി കര്‍മ്മങ്ങള്‍ തുടരൂ..”
കര്‍ണ്ണന്റെ ശബ്ദത്തിലെ സൗമ്യതയും മുഖത്തെ ശാന്തതയും കര്‍മ്മിയെ കൂടുതലെന്തെങ്കിലും ചോദിക്കുന്നതില്‍ നിന്നും വിലക്കി.
മൂന്നിലകളിലായി സമര്‍പ്പിച്ച ബലിച്ചോറ് ഒറ്റയിലയിലേക്ക് പകര്‍ന്ന്, തലയില്‍ വച്ച് കര്ണ്ണന് ആദ്യപടവിലേക്ക് ഇറങ്ങി.
“പുറംതിരിഞ്ഞു നിന്ന് പുറകിലേക്ക്, വെള്ളത്തിലേക്ക് ഇട്ടോളൂ..” കര്‍മ്മി തന്റെ ചിലമ്പിച്ച ശബ്ദത്തില്‍ നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു.
ദക്ഷിണവാങ്ങിയ നോട്ട് ഇരുകണ്ണുകളിലും മുട്ടിച്ചു നമസ്കരിക്കുന്ന കര്‍മ്മിയുടെ മുഖത്തുനിന്നും സൂം ഔട്ട് ചെയ്തുകൊണ്ട് ജൂലി, ക്യാമറ പിണ്ഡം വീണുണ്ടായ ഓളങ്ങളിലേക്ക് ഫോക്കസ് ചെയ്തു. ഓളങ്ങള്‍ കരയടുക്കാതെ പാതിവഴിയില്‍ ഒടുങ്ങുന്നു.
“ഷാള്‍ ഐ സ്റ്റോപ്പ്?” അവള് ചോദിച്ചു.
“യെസ്.”
“യു വാണ്ട് ടു സീ? ഒന്ന് കണ്ടുനോക്ക്..” അവള് മൊബൈല്‍ കര്ണ്ണന് നേരെ നീട്ടി.
“വേണ്ടാ.. അയാള്‍ക്ക് വാട്ട്സാപ് ചെയ്തേക്ക്. ഇരുന്ന് കാണട്ടെ.” കര്ണ്ണന് ഷര്‍ട്ട് എടുത്തണിഞ്ഞു വേഗത്തില്‍ പടവുകള്‍ കയറി.
“ആര്‍ക്കാണ്?” അയാളെ പിന്തുടര്‍ന്ന കര്‍മ്മിയുടെ പതിഞ്ഞ ഒച്ചയില്‍ ആകാംക്ഷയുടെ അതിപ്രസരമായിരുന്നു.
കര്ണ്ണന് ഒരു നിമിഷം നിന്നു. കര്‍മ്മിയും. ഇരുവരും മുഖത്തോടുമുഖം നോക്കി അല്‍പ്പനേരം നിശബ്ദരായി തന്നെ നിന്നു.
“ചില കര്‍മ്മങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചെയ്യണം സ്വാമി. മരണം വന്ന് രക്ഷപ്പെടുത്തിയതിന് ശേഷം നമുക്ക് കുറ്റബോധം തോന്നരുതല്ലോ.”
അതുപറയുമ്പോഴും കര്‍ണ്ണന്റെ മുഖത്തുണ്ടായിരുന്ന ആ ദൃഡമായ ശാന്തത കണ്ട് കര്‍മ്മിക്ക് ശരിക്കും ഭയം തോന്നി. കര്‍ണ്ണനും ജൂലിയും കയറിയ കാര്‍ അകന്നുപോകുന്നതും നോക്കി കര്‍മ്മി തിരിയുമ്പോള്‍, ബലിപ്പടവില്‍ ചിതറിക്കിടന്ന വറ്റുകള്‍ക്ക് മീതെ ചെറുതായി ചെറുതായി വരുന്ന ഒരു കാക്കയുടെ നിഴല്‍ അയാള്‍ക്ക് കാണാമായിരുന്നു.
നല്ല ഒരു കഥ. നല്ല എഴുത്ത്. ഇതാണ് ബന്ധങ്ങൾ. ആദിത്യനാണോ കർണനാണോ തെറ്റുകാരൻ എന്ന് പറയാൻ വയ്യാത്ത അവസ്ഥ. പുഴയുടെ വിവരണവും "ഇതിലൊ" എന്ന ചോദ്യവും തീർത്തും അപ്രസക്തവും കഥയുടെ ഒഴുക്ക് കളഞ്ഞ് മുഴച്ചു നിൽക്കുകയും ചെയ്യുന്നു. കുറ്റ ബോധം ഇനിയാണെന്ന് തോന്നുന്നു. കാക്ക പറന്നു വരുന്നത് കണ്ടില്ലേ.
ReplyDeleteതാങ്ക്സ്... തിരുത്തി.. :)
Deleteപുതിയ പ്രമേയം - അതിലും നല്ല ആവിഷ്കാരം
ReplyDeleteഒരു നല്ല കഥ
പിതാവ് ജീവിച്ചിരിക്കുമ്പോൽ തന്നെ മകൻ അദ്ദേഹത്തിന്
മരണ തർപ്പണം നടത്തി വാട്ട്സ്പ്പ് ചെയ്യുക ഇന്നത്തെ ന്യൂ-ജെൻ
തലമുറയുടെ പ്രതിനിധികളായ ടിപ്പിക്കൽ കഥാപാത്രങ്ങൾ തന്നെയാണ്
ഇതിലെ ഏവരും
short and nice .....
ReplyDeleteലോകം കുതിക്കുമ്പോൾ ബന്ധങ്ങൾ കിതക്കുന്നു. കുറഞ്ഞ വരികൾ - കുറെയേറെ ചിന്തകൾ.
ReplyDeleteഡോക്ടർ ഒരു പാട് മുന്നോട്ടു പോയിരിക്കുന്നു.
നന്മകൾ ഡോക്ടറെ
കാലം മാറുന്നതിനനുസരിച്ചു വിശ്വാസത്തിലും ആചാരങ്ങളിലും വരുന്ന മാറ്റങ്ങള്‍ അല്ലെ ? ഒരു തലമുറകൂടി കഴിഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ ? നല്ല അവതരണം ഡോക്ടര്‍ .
ReplyDeleteആദിത്യൻ
ReplyDeleteകർണ്ണൻ
പേരുകൾ കീ വേർഡ്സ് ആണല്ലോ!!!!!!!!!!
ന്യൂ ജനറേഷൻ തർപ്പണം
ReplyDeleteനന്നായിട്ടുണ്ട്, ഈ ചെറിയ "വലിയ" കഥ.
ReplyDeletekollam nice
ReplyDelete“ചില കര്‍മ്മങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചെയ്യണം സ്വാമി. മരണം വന്ന് രക്ഷപ്പെടുത്തിയതിന് ശേഷം നമുക്ക് കുറ്റബോധം തോന്നരുതല്ലോ.” നന്നായിരിക്കുന്നു.
ReplyDeleteകഥ വളരെ ഇഷ്ടപ്പെട്ടു. ഒപ്പം സങ്കടവും. അച്ഛനെ തോല്‍പ്പിക്കാനുള്ള ന്യൂ ജെന്‍ മെത്തേഡ്കള് :(
ReplyDeleteനല്ല ഇഷ്ടം.അച്ഛൻ ജീവിച്ചിരിക്കെ മകൻ അച്ഛനു ബലിയിടുന്നതാണെന്ന് ആദ്യം മനസ്സിലായില്ല.മകൻ ഇങ്ങനെ ചെയ്ത് അച്ഛനു വീഡിയോ അയച്ച് കൊടുക്കുന്നുണ്ടെങ്കിൽ നല്ല അച്ഛൻ തന്നെയായിരിക്കണം.
ReplyDeleteകഥ നന്നായി.
ഒരു ന്യൂ ജെന്‍ പ്രതികാരകഥ... നല്ല ആവിഷ്കാരം. കഥയ്ക്കു ശേഷം ഒരുപാട് ചിന്തിക്കാന്‍ ബാക്കികിടക്കുന്നു.. ഓരോ വായനക്കാരനും തന്റെ ഭാവനയ്ക്കനുസരിച്ച് ഒരു കഥ കൂടി മെനയാം...!!!!
ReplyDeleteGood one :)
ReplyDelete"അയാള്‍ക്ക് വാട്ട്സാപ് ചെയ്തേക്ക്. ഇരുന്ന് കാണട്ടെ.”
ReplyDeleteഅനുവാചകനെ ചിന്തകളുടെ ലോകത്തേക്ക് എത്തിക്കുന്ന ഹൃദയസ്പര്‍ശിയായ കഥ.
ആശംസകള്‍ ഡോക്ടര്‍
ഇനിയും മികച്ച കഥകള്‍ ഉണ്ടാകട്ടെ ...ആശംസകള്‍ സാര്‍
ReplyDeleteഒരു പ്രതികാര കഥ, വളരെ നന്നായിരിക്കുന്നു. ഈ പ്രതികാരത്തിന്റെ കാരണം എന്തായിരിക്കാം ?
ReplyDelete