മുസ്രീസിലൂടെ
യാത്രാവിവരണം
മെന്റര്‍ ബുക്സ്
450 രൂപ
“ഓര്‍മ്മശക്തി നഷ്ടപ്പെട്ട ഒരു വ്യക്തിയെപ്പോലെയാണ് സ്വന്തം ചരിത്രമറിയാത്ത ജനത"
അരിസ്റ്റോട്ടില്‍
ഒരു സഞ്ചാരി കടന്നുചെല്ലുന്നത് ഒരു പ്രദേശത്തിന്റെ വര്‍ത്തമാനകാലത്തിലേക്കാണ്. ഒരു ചരിത്രകാരന്റെ കണ്ണുപതിയുന്നത് ഒരു ദേശത്തിന്റെ ഭൂതകാലത്തിലേക്കും അതിന്റെ ശേഷിപ്പുകളിലേക്കുമായിരിക്കും. അപ്പോള്‍ സഞ്ചാരിയായ ചരിത്രകാരന്റെ കാഴ്ചകളില്‍ ഇവരണ്ടും ഒരുപോലെ പതിയും. അങ്ങനെ പതിഞ്ഞുകിട്ടുന്ന അറിവുകള്‍ ഒരു സഞ്ചാരചരിത്രസാഹിത്യകാരന് അക്ഷരങ്ങളായും ചിത്രങ്ങളായും ചലച്ചിത്രങ്ങളായും പകര്‍ത്തി വച്ച് പുത്തന്‍സാങ്കേതികവിദ്യകളുടെ കൂടി പിന്‍ബലത്തോടെ നമുക്ക് പകര്ന്നുതന്നാലോ? സാധാരണവായനക്കാര്‍ക്കും ചരിത്രാന്വേഷികള്‍ക്കും അതൊരു പുത്തനനുഭവം തന്നെയായിരിക്കും. അങ്ങനെയുള്ള ഒരു പുസ്തകത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. നിരക്ഷരന് എന്നപേരില്‍ നമുക്കെല്ലാം സുപരിചിതനായ മനോജ് രവീന്ദ്രന് രചിച്ച “മുസ്രീസിലൂടെ" എന്ന യാത്രാവിവരണത്തെ പറ്റി.
“മുചിര" എന്നാല്‍ കുരുമുളകെന്നാണത്രേ അര്‍ത്ഥം. കുരുമുളകിന്റെ പട്ടണം- മുചിരപ്പട്ടണം. അതുപിന്നെ മുസ്രീസ് ആയി മാറിയതാണ്. മുസ്രീസിനെയും അതിന്റെ ചരിത്രത്തെയും പറ്റി ആദ്യമായി കേള്‍ക്കുന്നതും അറിയുന്നതും സേതുവിന്റെ “മറുപിറവി” എന്ന നോവലിലൂടെയായിരുന്നു. സ്വന്തം വേരുകള്‍ തേടിപ്പോകുന്ന അരവിന്ദന്റെ കാഴ്ചകളിലൂടെയും കഴ്ച്ചപ്പാടുകളിലൂടെയുമാണ് മറുപിറവി എന്ന മികവുറ്റ നോവല്‍ വികസിക്കുന്നത്. എഴുത്തുകാരന്റെ ഭാവനാസൃഷ്ടിയായ ആ കൃതിയ്ക്ക് പശ്ചാത്തലമൊരുക്കുന്നത് ശരിക്കുമുള്ള മുസ്രീസ് തന്നെയാണ്. അരവിന്ദന്റെ ആ കാഴ്ചകളുടെ, അല്ലെങ്കില്‍ ആ നോവലിന്റെ തന്നെ തുടര്‍ച്ചയായി നിരക്ഷരന്റെ “മുസ്രീസിലൂടെ” എന്ന പുസ്തകത്തെ വായിക്കാനായിരുന്നു എനിക്കിഷ്ടം. കാരണം നോവല്‍ കാണിച്ചുതന്ന കാഴ്ചകളുടെ അടുത്തുനിന്നുള്ളതും ആഴത്തിലുള്ളതുമായ വിവരണമാണ് ഈ യാത്രാവിവരണം.
ദൈവങ്ങളെയും അനുബന്ധ വിശ്വാസങ്ങളെയും പെറ്റും ദത്തെടുത്തും പോറ്റിവളര്‍ത്തുന്നതില്‍ ദൈവങ്ങളുടെ സ്വന്തം നാട് എന്നും ഒരുപടി മുന്നില്‍ തന്നെയാണല്ലോ. ഓരോ കിലോമീറ്ററിനുള്ളിലും ഒരമ്പലമോ പള്ളിയോയെങ്കിലും കാണാന്‍ കഴിയാത്ത സ്ഥലങ്ങള്‍ കേരളത്തില്‍ വിരളമാണ്. പക്ഷെ മതപരമായ വിശ്വാസങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ഒരു ബഹുസ്വരത മുസ്രീസ് പട്ടണത്തിലേത് പോലെ ആഴത്തില്‍ വേരുകളൂന്നിയിട്ടുള്ള മറ്റൊരു സ്ഥലം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഉണ്ടാകില്ല എന്നാണ് ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. ഇന്ത്യയിലെ ആദ്യമുസ്ലിം പള്ളി, ക്രിസ്തുമതപ്രചാരകനായ തോമാശ്ലീഹ ആദ്യമായി കപ്പലിറങ്ങിയ സ്ഥലം, ആദ്യത്തെ ക്രിസ്ത്യന്‍ പള്ളികളിലൊന്നായ മാര്‍ത്തോമ്മാലയം, കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളുടെ മൂലപ്രതിഷ്ഠയുള്ള കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം ഉള്‍പ്പടെ ഡസന്‍ കണക്കിന് ക്ഷേത്രങ്ങള്‍, ജൂതസിനഗോഗുകള്‍ എന്നിങ്ങനെ ചരിത്രവും സംസ്കാരങ്ങളും മിത്തുകളും ഇടകലര്‍ന്നുകിടക്കുന്ന ഒരു ബഹുമതചിത്രം തന്നെ ഈ പുസ്തകത്തിലൂടെ വായിച്ചും കണ്ടും അറിയാം. കൊടുങ്ങല്ലൂരില്‍ നിന്നാരംഭിച്ചു മാള, ചേന്ദമംഗലം, പറവൂര്‍ വഴി പള്ളിപ്പുറം കോട്ടയില്‍ അവസാനിക്കുന്ന നിരക്ഷരന്റെ മുസ്രീസ് യാത്രയില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെടുന്നതും ഈ ആരാധനാലയങ്ങളും അവിടങ്ങളിലെ വൈവിധ്യമാര്‍ന്ന അനുഷ്ടാനങ്ങളും തന്നെയാണ്.
![]() |
ചേന്ദമംഗലം ജൂതസിനഗോഗ് |
രണ്ടോ അതിലധികമോ വ്യത്യസ്ത സംസ്കാരങ്ങള്‍, ജീവിതരീതികള്‍ അല്ലെങ്കില്‍ ആരാധനാസമ്പ്രദായങ്ങള്‍ കൂടിച്ചേരുന്നതിനു പറയുന്ന വാക്കാണ് അക്കള്ട്ടറേഷന് (ACCULTURATION). അക്കള്ട്ടറേഷന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ചേരമാന്‍ മസ്ജിദ് എന്ന ഇന്ത്യയിലെ ആദ്യമുസ്ലിംപള്ളി. ഹൈന്ദവ-ഇസ്ലാമിക ആചാരങ്ങളുടെ സങ്കലനത്തിന്റെ വ്യക്തമായ ശേഷിപ്പുകള്‍ ഇപ്പോഴുമവിടെ നിലനില്ക്കുന്നു എന്നത് ആശാവഹവും ആശ്വാസവും തന്നെ. ആദ്യകാലക്രിസ്ത്യന് ദേവാലയങ്ങളില്പ്പെടുന്ന മാര്ത്തോമ്മാലയത്തിന്റെയും അവിടെ സൂക്ഷിച്ചിരിക്കുന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പിന്റെയും ചരിത്രം കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് തന്നെ അറിവുള്ളതാണോ എന്ന് ചോദിച്ചറിയണം. കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് മടങ്ങിപ്പോയ (പോകേണ്ടിവന്ന) ജൂതര്‍ സൗജന്യമായി കേരളസര്‍ക്കാരിനെ ഏല്‍പ്പിച്ചുപോയ മാളയിലെ സിനഗോഗുകളുടെയും ജൂതശ്മശാനങ്ങളുടെയും അവഗണിക്കപ്പെട്ട വര്‍ത്തമാനമുഖം പുസ്തകം നമുക്ക് മുന്നില്‍ തുറന്ന് കാണിക്കുമ്പോള്‍ അതൊരു ചോദ്യചിഹ്നമായി ഓരോ മലയാളിയെയും പിന്തുടരുകതന്നെ ചെയ്യും. ചുരുങ്ങിയത് ചരിത്രാന്വേഷികളെയെങ്കിലും. തിരുവാങ്കുളം ചേരമാന്‍ പെരുമാള്‍ ക്ഷേത്രത്തിലെ തമിഴരുടെ ഉത്സവവും ചരിത്രവും അനുബന്ധമായി ചേര്‍ത്തിരിക്കുന്ന വീഡിയോയുമൊക്കെ കൌതുകത്തോടെ മാത്രമേ കാണാനാകൂ.
നിരക്ഷരന്റെ മുസ്രീസ് യാത്ര മുസ്രീസിന്റെ വര്‍ത്തമാനകാലത്തേക്കാള്‍ ഭൂതകാലത്തിലേക്കാണ് സഞ്ചരിച്ചിരിക്കുന്നതെന്ന് ഒരു പുകഴ്ത്തലായോ വിമര്‍ശനമായോ പറയാം. യാത്രയില്‍ കാണുന്ന മുസ്രീസ് കാഴ്ചകളുടെയൊന്നും ചരിത്രം പറയാതെ പോയാല്‍ ഈ പുസ്തകത്തിന് അര്‍ത്ഥമില്ലാതെയാകും. എന്നാല്‍ പരന്നുകിടക്കുന്ന ആ ചരിത്രവസ്തുതകളും അവയുടെ ആഴത്തിലുള്ള വിവരണവും ഒരു യാത്രാവിവരണത്തിന്റെ സുഖം കളയുന്നുവെന്നത് പറയാതെ വയ്യ. യാത്രാവിവരണമായി വായിച്ചുതുടങ്ങിയെങ്കിലും ഒരു ചരിത്രപുസ്തകമായി വായന തുടരാനാണ് എനിക്ക് തോന്നിയത്.
![]() |
തിരുവാങ്കുളത്തെ തമിഴരുടെ ഉത്സവം |
ഒരു ചരിത്രവിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയും കൗതുകവും മനസ്സിലുണ്ടെങ്കില്‍ മാത്രമേ ഈ പുസ്തകം വായിച്ചുപൂര്‍ത്തിയാക്കാന്‍ കഴിയൂ. മേല്‍പ്പറഞ്ഞ ആരാധനാലയങ്ങളുടെ ചരിത്രം, എന്നെപ്പോലുള്ളവര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ള ചവിട്ടുനാടകത്തിന്റെ ആവിര്‍ഭാവം മുതല്‍ ഇന്നത്തെ ജീര്‍ണ്ണിതാവസ്ഥ വരെയുള്ള ചരിത്രം, ജൂതന്മാരുടെ മുസ്രീസിലേക്കുള്ള വരവിന്റെയും തിരിച്ചുപോക്കിന്റെയും ചരിത്രം, ജാതി-മത കലഹങ്ങളുടെയും അവകാശപ്പോരാട്ടങ്ങളുടെയും ചരിത്രം, സഹോദരന് അയ്യപ്പന്റെ, കേസരി ബാലകൃഷ്ണപിള്ളയുടെ, മുഹമ്മദ് അബ്ദുള്‍ റഹിമാന്റെ ചരിത്രം, കോട്ടപ്പുറം കോട്ടയുടെയും പാലിയത്തച്ചന്മാരുടെയും പാലിയം കൊട്ടരത്തിന്റെയും ചരിത്രം. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ദേശമാണ് മുസ്രീസ്. ഈ ചരിത്രങ്ങളെ നിഷേധിച്ചുകൊണ്ട് മുസ്രീസിന്റെ വര്‍ത്തമാനത്തിലൂടെ യാത്ര ചെയ്യുന്നത് അസാധ്യമാണ്.
എതൊന്നിന്റെയും ചരിത്രം നിര്‍മ്മിക്കുന്നത് പ്രധാനമായും രണ്ടു ഘടകങ്ങള്‍ ചേര്‍ത്താണ്- കാലവും ദേശവും. കാലം പെരിയാറുപോലെ അകലെയെവിടെയോ തുടങ്ങി അകലേക്ക് ഒഴുകുന്നു. ദേശമെന്നാല്‍ ഒരു ഭൂപ്രദേശം മാത്രമല്ലല്ലോ. അവിടെ നിലനിന്നിരുന്ന കല, ഭാഷ, വ്യാപാരം, വ്യവസായം, അനുഷ്ഠാനങ്ങള്‍, സംസ്കാരങ്ങള്‍ ഒക്കെ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സവിശേഷമായ സ്വഭാവം കൂടി ദേശം ഉള്‍ക്കൊള്ളുന്നുണ്ട്. മനുഷ്യന്റെ സാമാന്യബുദ്ധിക്ക് നിരക്കാത്ത പല കെട്ടുകഥകളും മിത്തുകളും അവിടെ നിന്നും ഒരു സഞ്ചാരിക്ക് കിട്ടിയെന്നുവരും. ചരിത്രാന്വേഷണത്തില്‍ അനുബന്ധമായി കിട്ടുന്ന അത്തരം നാടോടിക്കഥകളും മുത്തശിക്കഥകളുമെല്ലാം നിരക്ഷരന് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അപ്പോഴും തുറന്നകാഴ്ചപ്പാടുകളുള്ള, നിഷ്പക്ഷസമീപനങ്ങളുള്ള വ്യക്തിയാണ് ഗ്രന്ഥകാരനെന്ന് ഈ പുസ്തകത്തിലെ പല പരാമര്‍ശങ്ങളും അടയാളപ്പെടുത്തുന്നുണ്ട്. സ്വന്തം യുക്തിക്ക് പിന്‍ബലമായി പോയകാലചരിത്രകാരന്മാരുടെ കണ്ടെത്തലുകളും നിഗമനങ്ങളും അദ്ദേഹം അതിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ആ സമീപനം ഈ ചരിത്ര-യാത്രവിവരണപുസ്തകത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. തീര്‍ച്ചയായും ഒരു റെഫെറന്‍സ് ഗ്രന്ഥമായി മുസ്രീസ് ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകമുപയോഗപ്പെടുത്താം.
ഇന്ത്യയിലെ ആദ്യത്തെ “ഓഗ്മെന്റഡ് റിയാലിറ്റി” പുസ്തകം കൂടിയാണ് “മുസ്രീസിലൂടെ". എന്നെ സംബന്ധിച്ച് അതൊരു പുതിയ വാക്കും പുത്തനറിവുമായിരുന്നു. മുസ്രീസ് കാഴ്ചകള്‍ നൂറിലേറെ വരുന്ന ചിത്രങ്ങളായും ചലച്ചിത്രങ്ങളായും ഒരു ആണ്‍ഡ്രോയിഡ് ആപ്പിന്റെ സഹായത്തോടെ നമ്മുടെ മൊബൈല്‍ഫോണില്‍ നമുക്ക് കാണാം. ലേഖകന്‍ കാണുന്ന അതേ കാഴ്ചകള്‍ പുസ്തകത്തിനുള്ളില്‍ നിന്നുള്ള ലിങ്കിലൂടെ വായനക്കാരനും കാണാന്‍ കഴിയുകയെന്നത് പുതുമയുള്ളോരനുഭവം തന്നെയാണ്. മുസ്രീസ് ചരിത്രവും കാഴ്ചകളും പോലെതന്നെ കൌതുകകരം. ഉയര്‍ന്നനിലവാരത്തിലുള്ള പ്രിന്റിങ്ങും ലേ ഔട്ടും ചിത്രങ്ങളും അനുബന്ധ ഹൈക്വാളിറ്റി വീഡിയോകളും ഈ പുസ്തകത്തിന്റെ പിന്നിലുള്ള കഠിനാധ്വാനം വിളിച്ചറിയിക്കും. നിരവധി മുസ്രീസ് യാത്രകള്‍ നിരക്ഷരന് ഇതിനായി നടത്തിയിട്ടുണ്ടെന്നും മനസിലാക്കാം. അപ്പോഴും ഒരു കാര്യം പറയാനുള്ളത്, വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പം പശ്ചാത്തലത്തില്‍ ഒരു ലഘുവിവരണം കൂടിയുണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നു എന്നാണ്. പുസ്തകത്തിലവയെല്ലാം എഴുതിവച്ചിട്ടുണ്ടെങ്കിലും, അനുവാചകന്റെ മനസ്സില്‍ അവന് കാണുന്ന കാഴ്ചകളുടെ ചരിത്രവും പ്രാധാന്യവും എളുപ്പത്തില്‍ പതിയാന്‍ ആ വിവരണം ഉപകരിക്കുമായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വേഗതയുള്ള GPRS കണക്ഷനോ വൈഫൈയോ അവശ്യമായി വരുന്നതും ഇന്നത്തെ സാഹചര്യത്തില്‍ ചെറുതല്ലാത്ത പ്രശ്നം തന്നെയാണ്. പിന്നണിയിലെ കഠിനാധ്വാനം അംഗീകരിക്കുമ്പോഴും പുസ്തകത്തിന്റെ മതിപ്പുവില സാധാരണവായനക്കാരനെ അതില്‍നിന്നും അകറ്റിനിര്ത്തിയേക്കുമെന്നും തോന്നുന്നു.
![]() |
നിരക്ഷരന് |
വളര്‍ന്ന നാടിനോടും ചരിത്രത്തോടും യാത്രകളോടും നിരക്ഷരനുള്ള അഭിനിവേശം ഈ പുസ്തകത്തിന്റെ ഓരോ താളിലും നമുക്ക് തൊട്ടറിയാം. ഓരോ വസ്തുത വിവരിക്കുമ്പോഴും അതിന്റെ ആരംഭകാലം മുതലുള്ള ചരിത്രം തേടിപ്പിടിച്ചു അവതരിപ്പിക്കാന്‍ ഗ്രന്ഥകാരന് കാണിക്കുന്ന ഔത്സുക്യം പ്രശംസനീയമാണ്. പ്രാദേശികചരിത്രനിര്മ്മിതിയ്ക്കും നാട്ടറിവു പഠനത്തിനും ഒരു നല്ല മാതൃക കൂടിയാണ് നിരക്ഷരന്റെ “മുസ്രീസിലൂടെ"യെന്നും പറയാതെ വയ്യ. തദ്ദേശീയര്‍ക്ക് പോലും അജ്ഞാതമായ അനേകം ചരിത്ര സാംസ്കാരിക വസ്തുതകള്‍ ഇതിലുണ്ട്. അക്കാദമികമായ കസര്‍ത്തുകള്‍ ഇല്ലാത്തതും ലളിതവും ആകര്‍ഷകവുമായ ഭാഷയും പുസ്തകത്തിന്റെ സ്വീകാര്യതയെ ഗുണകരമായിത്തന്നെ സ്വാധീനിക്കും. ഇന്നത്തെയും നാളത്തെയും തലമുറയ്ക്ക് ചരിത്രഗവേഷണത്തിനുള്ള ഒരമൂല്യഗ്രന്ഥമായി മാറട്ടെ ഈ പുസ്തകമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.
(പ്രസാധകന് മാസികയില്‍ പ്രസിദ്ധീകരിച്ചത്)
©മനോജ് വെള്ളനാട്
അവലോകനത്തിന് നന്ദി ഡോ:മനോജ്
ReplyDeleteനല്ലൊരുദ്യമം.
ReplyDeleteനിരക്ഷരനും ഇതേക്കുറിച്ച് അറിയ്ക്കാൻ സന്മനസ്സ് കാണിച്ച് ഡോക്ടർക്കും അനുമോദനങ്ങൾ!!!
നല്ല അവലോകനം, നന്ദി ഡോക്ടർ.
ReplyDeleteThank you
ReplyDeleteഞാനും ‘മുസ് രീസിലോടെ’
ReplyDeleteവാങ്ങി കൊണ്ട് വന്നിട്ടുണ്ട്
വായന തുടങ്ങിയിട്ടില്ല
നമ്മുടെ ചരീത്രങ്ങളിലേക്ക് ശരിക്കും ഇറങ്ങിച്ചെന്നുള്ള നല്ലൊരു എത്തി നോട്ടം
നല്ലൊരു അവലോകനം....
ReplyDeleteആശംസകള്‍ ഡോക്ടര്‍