Sunday, 22 May 2016

പനിയ്ക്കു പുറകിലെ രസ"തന്ത്ര"ങ്ങൾ (ആരോഗ്യം)



ഒരിക്കലും പനിവരാത്തവര്‍ ഇനി ജനിക്കാനിരിക്കുന്നതേയുള്ളൂ. അത്രയ്ക്കും സാധാരണമായ ഒരു രോഗാവസ്ഥയാണ് പനി. എല്ലാവരും അനുഭവിച്ചിട്ടുള്ളത് കൊണ്ടുതന്നെ പനിയും അതിനോടനുബന്ധിച്ചുണ്ടാകുന്ന അസ്വസ്ഥതകളും ഏവര്‍ക്കും സുപരിചിതവുമാണ്. ഈ ലേഖനം ലളിതമായ ഒരന്വേഷണമാണ്. പനിയോടൊപ്പം സഞ്ചരിച്ച് പനിയുടെ പിറവിയെയും അനുബന്ധസംഭവങ്ങളെയും പറ്റി അറിയാനുള്ള ഒരു ലഘുയാത്ര.

1.നമ്മുടെ ശരീരതാപം സ്വയം നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ്?

നമ്മളെല്ലാം ഉഷ്ണരക്തജീവികളാണ് (Warm Blooded Animals). ഉഷ്ണരക്തജീവികളുടെ ശരീരത്തിന്‍റെ താപനില അന്തരീക്ഷതാപനിലയേക്കാള്‍ ഉയര്‍ന്നതായിരിക്കും. മാത്രമല്ല ആ താപനില ഒരു നിശ്ചിത പരിധിയ്ക്കുള്ളില്‍ സ്ഥായിയായി തന്നെ നില്‍ക്കുകയും ചെയ്യും. അന്തരീക്ഷതാപനില മാറിയാലും ശരീരതാപനില വലിയതോതില്‍ മാറില്ല. ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ കൃത്യമായി നടക്കാന്‍ ഈ ഉയര്‍ന്നതാപനില അത്യാവശ്യവുമാണ്. മനുഷ്യശരീരത്തിന്‍റെ ശരാശരി താപം 36.8 ഡിഗ്രീ സെല്‍ഷ്യസ് (98.6 ഡിഗ്രീ ഫാരെന്‍ഹീറ്റ്) ആണ്. പകലിലെയും രാത്രിയിലെയും ശരീരതാപനിലകള്‍ തമ്മില്‍ 0.5 ഡിഗ്രീ സെല്‍ഷ്യസിന്‍റെ വ്യത്യാസം എല്ലാവര്‍ക്കും എല്ലാദിവസവും ഉണ്ടാകുന്നുണ്ട്. ശരീരത്തിന്‍റെ പരമാവധി ചൂട് വൈകുന്നേരം നാലിനും രാത്രി എട്ടിനും ഇടയിലായിരിക്കും. ഏറ്റവും കുറവ് അതിരാവിലെ രണ്ടിനും ആറിനും ഇടയിലും. സാധാരണയായി കക്ഷം, വായ (നാക്കിനടിയില്‍), മലാശയം എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരിടത്തെ ഊഷ്മാവാണ് നമ്മള്‍ പനിയുമായി വരുന്ന രോഗികളില്‍ അളക്കുന്നത്. ഇവ തമ്മില്‍ തന്നെ 0.3 മുതല്‍ 1 ഡിഗ്രീ സെല്‍ഷ്യസ് വരെ വ്യത്യാസം ഉണ്ട്.

വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്‌ ശരിക്കും ഈ താപനില ഇങ്ങനെ നിലനിര്‍ത്തുക എന്നത്. തലച്ചോറിലെ ഹൈപോതലാമസ് എന്ന ഭാഗമാണ് എല്ലാവിധ നിയന്ത്രണങ്ങളുടെയും കേന്ദ്രം. അവിടെ, നിലനിര്‍ത്തേണ്ട ശരീരോഷ്മാവ് എത്രയെന്നു ചില പ്രത്യേക ന്യൂറോണുകളില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതീവ കര്‍ക്കശക്കാരനായ ഒരു നിയമപാലകനെപ്പോലെ ഹൈപോതലാമസ് ഇവിടെ പ്രവര്‍ത്തിക്കും. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ശരീരോഷ്മാവ് കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ആ വിവരം നാഡീസന്ദേശങ്ങളായി ഹൈപോതലാമാസില്‍ എത്തുകയും അവിടെ നിന്നും പ്രശ്നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ചും പേശികളിലേക്കും അന്തസ്രാവ്യഗ്രന്ഥികളിലേക്കും ചില നാഡീഞരമ്പുകളിലേക്കും പ്രവഹിക്കുകയും ചെയ്യും.

ഇപ്പോള്‍ ശരീരോഷ്മാവ് കൂടുകയാണ് ചെയ്തതെങ്കില്‍ ഹൈപോതലാമസിന്‍റെ നിര്‍ദ്ദേശപ്രകാരം ചൂടുകുറയ്ക്കാനായി ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവയാണ്.
  1. ശരീരം വിയര്‍ക്കും (Sweating)- ചൂടുകൂടുമ്പോള്‍ ശരീരത്തിന്‍റെ ആദ്യപ്രതികരണം ഇതാണ്. ഈ വിയര്‍പ്പുതുള്ളികള്‍ ബാഷ്പീകരിക്കാന്‍ ശരീരത്തില്‍ നിന്നും ചൂട് വലിച്ചെടുക്കുകയും അതിലൂടെ ശരീരോഷ്മാവ് കുറയുകയും ചെയ്യും.
  2. രക്തക്കുഴലുകളുടെ വികാസം (Vasodilatation)- തൊലിപ്പുറത്തെ വളരെ ചെറിയ രക്തക്കുഴലുകള്‍ (capillaries) വികസിക്കുകയും അവയിലേക്ക് രക്തമൊഴുക്ക് കൂടുകയും ചെയ്യും. രക്തത്തിലെ ചൂട് റേഡിയേഷന്‍ വഴി പുറംതള്ളാന്‍ ഇതിലൂടെ ശരീരത്തിന് കഴിയും.
  3. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ തോത് (Rate of Metabolism) കുറയും.
ഇനി അഥവാ ശരീരോഷ്മാവ് താണുപോകുകയാണ് ചെയ്തതെങ്കില്‍ ഹൈപോതലാമസ് ഇടപെട്ട് അത് കൂട്ടാന്‍ നോക്കും. ദാ ഇങ്ങനെ.
  1. വിയര്‍ക്കുന്നത് തടയും
  2. രക്തക്കുഴലുകള്‍ സങ്കോചിക്കും (Vasoconstriction)
  3. താപോല്‍പ്പാദനം (Thermogenesis) വര്‍ദ്ധിക്കും - നമ്മുടെ പേശികള്‍ക്കും തലച്ചോറിനും മറ്റു അവയവങ്ങള്‍ക്കും ഉപാപചയപ്രക്രിയകളിലൂടെ താപം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പേശികള്‍ക്കാണ് ഇക്കാര്യത്തില്‍ ഏറ്റവും ശേഷിയുള്ളത്‌. കൊഴുപ്പു സൂക്ഷിക്കുന്ന അഡിപ്പോസ് കലകളില്‍ നിന്നും ഇങ്ങനെ താപോല്‍പ്പാദനം നടത്താറുണ്ട്.
  4. ഹോര്‍മോണല്‍ തെര്‍മോജെനസിസ് (Hormonal Thermogenesis)- ശരീരോഷ്മാവ് തീരെ കുറയുമ്പോള്‍ തൈറോയിഡ് ഗ്രന്ഥികള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ പുറന്തള്ളും. ഈ തൈറോക്സിന്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടുകയും അധികം ചൂട് ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും.

2. പനി വരുന്നത് എങ്ങനെയാണ്?

പനി വരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കെല്ലാം എന്തെങ്കിലും മറുപടി ഉണ്ടാകും അല്ലേ? ജലദോഷമെന്നോ എലിപ്പനിയെന്നോ ടൈഫോയിഡെന്നോ അല്ലെങ്കില്‍ വൈറല്‍ ഫീവറെന്നോ അങ്ങനെ എന്തെങ്കിലുമൊക്കെ നമ്മള്‍ പറയും. പനി വരാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ടെന്നും അണുബാധയാണ് അതിലേറ്റവും സാധാരണം എന്നും നമുക്കറിയാം. പക്ഷെ ഒരു അണുബാധ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ഈ പനി വരുന്നതെന്ന് ചോദിച്ചാലോ?!!
അവിടെ, ആദ്യം നമ്മള്‍ മനസിലാക്കേണ്ടത് പനി ഒരു രോഗമല്ലാ, അതൊരു രോഗലക്ഷണം മാത്രമാണ് എന്നതാണ്. ഒരുപാട് രോഗങ്ങളുടെ പല ലക്ഷണങ്ങളില്‍ ഒന്ന് മാത്രം.
ഒരു രോഗാണുവോ മറ്റോ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ രക്തത്തിലെ പോലീസുകാരായ ശ്വേതരക്താണുക്കളുടെ നേതൃത്വത്തില്‍ നമ്മുടെ പ്രതിരോധസംവിധാനം അവയെ ആക്രമിക്കും. തുടര്‍ന്ന് ശരീരം ഒരു യുദ്ധഭൂമിയും അവര്‍ യോദ്ധാക്കളുമായി മാറും. യുദ്ധത്തിനുള്ള ആയുധങ്ങള്‍ പക്ഷെ അമ്പും വില്ലുമൊന്നുമല്ല, രാസസംയുക്തങ്ങള്‍ ആയിരിക്കും. ശരിക്കുമൊരു രാസയുദ്ധം (Chemical Warfare). പനിക്ക് കാരണമാകുന്നത് പലപ്പോഴും വൈറസില്‍ നിന്നോ ബാക്റ്റീരിയയില്‍ നിന്നോ നമ്മുടെ ശരീരകോശങ്ങളില്‍ നിന്നോ രക്തത്തില്‍ കലരുന്ന ഇത്തരം രാസവസ്തുക്കളാണ്. പനികാരികളായ ഇത്തരം സംയുക്തങ്ങളെ പൊതുവേ ”പൈറോജനുകള്‍” എന്നാണ് പറയുന്നത്. അവയില്‍ ഏറ്റവും പ്രധാനം IL-1, IL-6, TNF-alpha, INTERFERON എന്നൊക്കെ പറയുന്നവയാണ്. ഈ പൈറോജനുകള്‍ ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ E2 (PGE2) വിന്‍റെ ഉല്‍പ്പാദനം കൂട്ടും. ഇങ്ങനെ അധികമുണ്ടാകുന്ന PGE2 രക്തത്തിലൂടെ ചെന്ന് ഹൈപോതലാമസിലെ താപനിയന്ത്രണകേന്ദ്രത്തില്‍ സെറ്റ് ചെയ്ത് വച്ചേക്കുന്ന 36.8 ഡിഗ്രീ സെല്‍ഷ്യസ് എന്നത് തിരുത്തി, അല്‍പ്പം കൂടിയ സംഖ്യയാക്കും. ഉദാഹരണത്തിന് അത് 40 ഡിഗ്രീസെല്‍ഷ്യസ് എന്നാക്കിയെന്നിരിക്കട്ടെ. അപ്പോള്‍ തലച്ചോര്‍ നാല്‍പ്പതാണ് ശരിക്കും വേണ്ട ശരീരോഷ്മാവ് എന്നു തെറ്റിദ്ധരിക്കുകയും, മേല്‍ സൂചിപ്പിച്ച വഴികളിലൂടെ ശരീരോഷ്മാവ് കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യും. അങ്ങനെ ചൂടുകൂടും. അപ്പോള്‍ നമ്മള്‍ പറയും പനിപിടിച്ചുവെന്ന്.

3. പനിയ്ക്കുമ്പോള്‍ ശരീരം ചൂടാകുകയല്ലേ ചെയ്യുന്നത്. പിന്നെന്താ, പനി വരുമ്പോള്‍ നമുക്ക് തണുപ്പും വിറയലുമൊക്കെ തോന്നുന്നത്?

പലരും ചെറിയ പനിയൊക്കെയാണെങ്കില്‍ തനിയെ മാറുമെന്നുകരുതി നോക്കിയിരിക്കും. കുറച്ചുകഴിയുമ്പോ നല്ല കുളിരും വിറയലുമൊക്കെ വരുമ്പോഴാണ്, ഇനി രക്ഷയില്ലാ, ആശുപത്രിയില്‍ പോകാമെന്ന് കരുതുന്നത്. ശരിയാണ്, പനിയ്ക്കുമ്പോള്‍ ശരീരം ചൂടാകുകയാണ് ചെയ്യുന്നത്. പിന്നെങ്ങനെ നമുക്ക് കുളിരുന്നു? പിന്നെന്തിന് നമ്മള്‍ വിറയ്ക്കുന്നു?
ഇതിനുള്ള ഉത്തരവും മുമ്പ് പറഞ്ഞതുതന്നെയാണ്. പൈറോജെനുകള്‍ ഹൈപോതലാമസിലെ കല്‍പ്പിതതാപനില ഉയര്‍ത്തുന്നുവെന്ന് പറഞ്ഞല്ലോ. ആ ഉയര്‍ന്ന താപനിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലുള്ള ശരീരോഷ്മാവ് കുറവാണ്. തലച്ചോര്‍ അതിനെ കുളിരായി അടയാളപ്പെടുത്തും. നമുക്ക് തണുപ്പനുഭവപ്പെടും. ഉടനെ ഹൈപോതലാമസ് ശരീരോഷ്മാവ് ഉയര്‍ത്താനുള്ള വഴികള്‍ തേടും. അതില്‍ ഏറ്റവും ഗുണപ്രദമായരീതി പേശികളെ അതിവേഗം സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും (Contraction and Relaxation) ചെയ്യുക എന്നതാണ്. ഒരു സെക്കന്‍ഡില്‍ തന്നെ നിരവധി പ്രാവശ്യം ഈ സങ്കോചവും വികാസവും നടക്കുമ്പോള്‍ നമുക്കത് വിറയലായി അനുഭവപ്പെടും. എല്ലാം തലച്ചോറിന്‍റെ കളികളാണ്.

4. അങ്ങനെ തലച്ചോറാണ് ചൂട് കൂട്ടുന്നതെങ്കില്‍ പാരസെറ്റമോള്‍ കഴിച്ചുകഴിയുമ്പോള്‍ പനി കുറയുന്നതെങ്ങനെ?

 ഇതിനും ഉത്തരം മുകളില്‍ പറഞ്ഞതുതന്നെ. പക്ഷെ അതിനുമുമ്പ് പാരസെറ്റമോള്‍ അല്ലെങ്കില്‍ അതുപോലുള്ള ആന്‍റിപൈറെറ്റിക് (Antipyretic) മരുന്നുകള്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നറിയണം. ഇവ മുമ്പ് പറഞ്ഞ പ്രധാന പനികാരിയായ (Pyrogen) PGE2 വിന്‍റെ ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെ PGE2 വിന്‍റെ രക്തത്തിലെ അളവ് താണുപോകും. അതുകാരണം ഹൈപോതലാമസില്‍ PGE2 മുഖേന ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന ഊഷ്മനില പഴയപടി (അതായത് 36.8°C) ആയി താഴും. അങ്ങനെ ആകുമ്പോള്‍ ശരീരതാപനില ആ അവസ്ഥയിലേക്ക് കുറച്ചുകൊണ്ടുവരാന്‍ വേണ്ടി തലച്ചോര്‍ ആജ്ഞാപിക്കും. ശരീരം വിയര്‍ക്കും. തുടര്‍ന്ന് പനി കുറയുകയും ചെയ്യും. അതുകൊണ്ടാണ്, “ഹോ.. ഒന്ന് വിയര്‍ത്തല്ലോ.. ഇനിയങ്ങു കുറഞ്ഞോളും” എന്ന് പണ്ടുള്ളവര്‍ പറയുന്നത്.

5. പനി വരുമ്പോ ശരീരവേദന വരുന്നതിന്‍റെ കാരണം എന്താണ്?

പനിയെന്നു പറയുന്നത് രാവും പകലുമില്ലാതെ നടക്കുന്ന ഒരു രാസയുദ്ധത്തിന്‍റെ ഫലമാണെന്ന് ആദ്യമേ പറഞ്ഞല്ലോ. ആ യുദ്ധഭൂമിയാണ് ശരീരം. ഒരു യുദ്ധം നടക്കുമ്പോള്‍ യുദ്ധഭൂമിക്കും അതിലെ വസ്തുവകകള്‍ക്കും ആയുധങ്ങളേറ്റും യുദ്ധാവശിഷ്ടങ്ങള്‍ കൊണ്ടും കേടുപാടുകള്‍ സംഭവിക്കും. അതാണ്‌ ഇവിടെയും സംഭവിക്കുന്നത്. PGE2 വും മറ്റു സൈറ്റോകൈനുകളും (Cytokines - IL-1,6, TNF) പേശികളിലും സന്ധികളിലുമൊക്കെ ചെന്ന് പ്രവര്‍ത്തിക്കുന്നതിന്‍റെ പരിണതഫലമാണ് ശരീരവേദനയും സന്ധിവേദനയുമൊക്കെ.

6. അങ്ങനെയാണെങ്കില്‍ എല്ലാ പനിയുടെയും കൂടെ ശരീരവേദനയും വരണ്ടേ? അങ്ങനെ കാണാറില്ലല്ലോ..?

അതും ശരിയാണ്. അറിയാവുന്നതും അറിയപ്പെടാത്തതുമായ പല കാരണങ്ങള്‍ കൊണ്ടും മിക്ക രോഗാണുക്കളും നമ്മുടെ രോഗപ്രതിരോധശേഷിയെ പൂര്‍ണ്ണമായി ഉദ്ദീപിപ്പിക്കാറില്ല. ഓരോ രോഗാണുവും ഓരോ അളവിലായിരിക്കും ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നത്. അതുതന്നെ ചിലത് വളരെ പതുക്കെയും ചിലത് അതിവേഗത്തിലും ആയിരിക്കും. ഉദാഹരണത്തിന് ജലദോഷം ഉണ്ടാക്കുന്നതും ഡെങ്കിപ്പനി ഉണ്ടാക്കുന്നതും വൈറസുകളാണ്. യോദ്ധാക്കളും ആയുധങ്ങളും ഒക്കെ ഏതാണ്ട് ഒരുപോലെതന്നെ. പക്ഷെ യോദ്ധാക്കളുടെ ശക്തിയും യുദ്ധമുറയും മാത്രം വേറെ. ജലദോഷപ്പനിയിൽ നിസാരനായ ശത്രുവിനെ ശരീരം അധികം ജോലിയില്ലാതെ തന്നെ ചെറുത്തുതോൽപ്പിക്കും.. എന്നാൽ ഡെങ്കു വൈറസ് പോലെ ശക്തന്മാരെ തോൽപ്പിക്കാൻ നമ്മുടെ ഇമ്മ്യൂണിറ്റി കുറച്ചധികം വിയർക്കേണ്ടിവരും.  നമ്മുടെ പ്രതിരോധവ്യവസ്ഥ രോഗാണുവിനോട് പ്രതികരിക്കുന്നതെങ്ങനെ എന്നതനുസരിച്ചിരിക്കും രോഗലക്ഷണങ്ങളുടെ തീവ്രത. ശരീരവേദന, പ്രധാനമായും നടുവേദനയും സന്ധിവേദനകളും വായ കയ്പ്പുമൊക്കെ വൈറല്‍ പനികളിലാണ് ബാക്റ്റീരിയല്‍ പനികളേക്കാള്‍ കൂടുതലായി കാണപ്പെടുന്നത്. വൈറല്‍ അണുബാധ ഉണ്ടാകുമ്പോള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്റര്‍ഫെറോണിന് (Interferon) ഈ സവിശേഷതയുമായി ബന്ധമുണ്ടോയെന്നും സംശയിക്കപ്പെടുന്നു.
വര- അസ്രൂസ്

7. ഒരു പനി വരുമ്പോള്‍ അത് വൈറല്‍ പനി ആണോ ബാക്റ്റീരിയല്‍ പനി ആണോ എന്ന് പരിശോധനകള്‍ ഇല്ലാതെ അറിയാന്‍ പറ്റുമോ?

വൈറല്‍ പനിയാണ് ബാക്റ്റീരിയല്‍ പനിയേക്കള്‍ സാധാരണം. പലപ്പോഴും ഒരു ബാക്റ്റീരിയല്‍ അണുബാധ ഉണ്ടാകുന്നതിന് മുന്നേ ഒരു വൈറല്‍ പനി വരികയും, അതുകാരണം ശരീരത്തിന്‍റെ പ്രതിരോധശേഷി അല്‍പ്പമൊന്നു കുറയുമ്പോള്‍ അവിടേയ്ക്ക് ബാക്റ്റീരിയ കടന്നുകയറി രോഗമുണ്ടാക്കുകയും ചെയ്യാറുണ്ട്. ജലദോഷത്തില്‍ തുടങ്ങി കടുത്ത തൊണ്ട വേദനയിലേക്കും പനിയിലേക്കും രോഗം കൂടിയ അനുഭവം പലര്‍ക്കും ഉണ്ടാകും. രോഗലക്ഷണങ്ങളിലെ ചില സൂചനകളില്‍ നിന്നും ഒരു പരിധിവരെ ഇവയെ വേര്‍തിരിച്ചറിയാന്‍ സാധിക്കും.
  1. പനിയ്ക്കുന്നതിനു മുമ്പോ പനിയോടൊപ്പമോ ഉള്ള ശരീരവേദന, ആകെയൊരു ക്ഷീണാവസ്ഥ ഒക്കെ വൈറല്‍ പനിയിലാണ് കൂടുതല്‍.
  2. തുടക്കത്തിലേ കടുത്ത പനിയുണ്ടെങ്കില്‍ അത് ബാക്റ്റീരിയല്‍ പനിയാകാനുള്ള സാധ്യതയുണ്ട്.
  3. മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, ചെറിയ തൊണ്ടവേദനയൊക്കെ ആണെങ്കില്‍ വൈറല്‍ ആകാനാണ് സാധ്യത, പലപ്പോഴും രണ്ടും ഒരുമിച്ചു കാണാറുണ്ടെങ്കിലും.
  4. പനിയോടൊപ്പം ഏതെങ്കിലും ഒരു ശരീരഭാഗത്ത് മാത്രമാണ് പനിയ്ക്ക് കാരണമായ രോഗാവസ്ഥ (ഉദാ: തൊണ്ടവേദന മാത്രം, മുറിവില്‍ ഉണ്ടാകുന്ന പഴുപ്പ്, മൂത്രമൊഴിക്കുമ്പോള്‍ വേദന/ പുകച്ചില്‍ etc) ഉള്ളതെങ്കില്‍ അത് ബാക്റ്റീരിയല്‍ ആയിരിക്കും.
  5. വിശപ്പില്ലായ്മ, ശരീരത്തില്‍ ചുവന്ന പാടുകള്‍ ഒക്കെ രണ്ടിലും ഉണ്ടാകുമെങ്കിലും വൈറല്‍ രോഗങ്ങളിലാണ് അധികവും
ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ഡോക്ടറെ കണ്ടുതന്നെ തീരുമാനം എടുക്കണം. പഴയകാലത്തെ ഉഗ്രപ്രതാപികളായിരുന്ന പല ബാക്റ്റീരിയല്‍ രോഗങ്ങളും ആന്‍റിബയോട്ടിക്കുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെങ്കിലും അതിലും ഭയങ്കരന്‍മാരായ വൈറസുകള്‍ രംഗപ്രവേശം ചെയ്യുകയും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, വൈറസും ബാക്റ്റീരിയയും മാത്രമല്ല, വേറെയും ധാരാളം കാരണങ്ങളുണ്ടല്ലോ പനി വരാന്‍.

8. ഈ പനി വരുമ്പോള്‍ വല്ലാണ്ട് ദാഹിക്കുന്നു. മൂത്രത്തിന്‍റെ അളവ് കുറയുന്നു. മൂത്രം കടുത്തനിറമാകുന്നു. ഇതൊക്കെ എന്തുകൊണ്ടാണ്?

പനി വരുമ്പോള്‍ താപോല്‍പ്പാദനത്തിനായി ശരീരത്തിലെ ഉപാപചയ പ്രക്രിയകളുടെയെല്ലാം വേഗതയും തോതും വര്‍ദ്ധിക്കും. ഇതിനെല്ലാം ധാരാളം ജലം ആവശ്യമാണ്‌. ഒപ്പം ചൂടുകൂടുമ്പോള്‍ ശരീരത്തില്‍ നിന്നും ബാഷ്പീകരിച്ചു പോകുന്ന ജലത്തിന്‍റെയും അളവുകൂടും. ഇതിന്‍റെയൊക്കെ ഫലം നിര്‍ജ്ജലീകരണം ആണ്. ഇതൊക്കെയാണ് ദാഹത്തിനുകാരണം. ശരീരത്തിലെ വെള്ളത്തിന്‍റെ അളവ് കുറയുന്നുവെന്ന് കാണുമ്പൊള്‍ വൃക്കകള്‍ മൂത്രത്തിന്‍റെ അളവ് കുറയ്ക്കും. സാന്ദ്രത കൂടിയ മൂത്രം കടുത്ത നിറത്തില്‍ കാണപ്പെടുകയും ചെയ്യും. അതുകൊണ്ട് പനിയുടെ സാധ്യത കാണുമ്പൊള്‍ മുതല്‍ തന്നെ ധാരാളം ശുദ്ധജലം കുടിയ്ക്കണം.

9. മഴ നനഞ്ഞാല്‍ പനി വരുന്നത് എന്തുകൊണ്ടാണ്? പേടിച്ചാല്‍ പനി വരുമോ?

മഴ നനയുന്നതും പനിയും തമ്മില്‍ അങ്ങനെ കൃത്യമായ ബന്ധമൊന്നും ഇല്ല. മഴ നനയുന്നവര്‍ക്കെല്ലാം പനി വരുന്നില്ലല്ലോ. പിന്നെ ഒരുപാട്നേരം മഴ നനയുമ്പോള്‍ ശരീരം തണുക്കുകയും അതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ ചൂടുല്‍പ്പാദിപ്പിക്കുകയും ചെയ്യും ശരീരം. ചിലരില്‍ മാത്രം അത് പനിപോലെ തോന്നിക്കും. ആ ചൂട് സാധാരണയായി 99 ഡിഗ്രീ ഫാരെന്‍ഹീറ്റിന് (37.4 ഡിഗ്രീ സെല്‍ഷ്യസ്) മുകളില്‍ പോകാറില്ല. പലപ്പോഴും ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുകയും ചെയ്യും. അതില്‍ കൂടുതല്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ കടുത്ത പനിയുണ്ടെങ്കില്‍ എന്തോ അണുബാധ ഉണ്ടായിട്ടുണ്ട് എന്നുവേണം കരുതാന്‍. ഒരു ഡോക്ടറെ കാണുക.
പുതുമഴ നനയരുതെന്നു പണ്ടുള്ളവര്‍ പറയാറുണ്ട്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ ധാരാളം അണുക്കള്‍ ഉണ്ടാകും. അതൊക്കെ മഴവെള്ളത്തിലൂടെ ശരീരത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആകണം അങ്ങനെ പറയുന്നത്. മറ്റൊന്ന്, മഴക്കാലത്ത് ശരീരോഷ്മാവ് താഴുന്നത് കാരണം വൈറല്‍ രോഗങ്ങള്‍ കൂടുതലായി പിടിപെടാന്‍ സാധ്യതയുണ്ട്. പ്രതിവിധി പക്ഷെ മഴ നനയാതിരിക്കുകയല്ലാ, പഴങ്ങളും ഇലക്കറികളും പച്ചക്കറികളുമൊക്കെ കഴിച്ചു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ്.
പേടി കാരണവും പനി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. പേടി കാരണം ഉണ്ടാകുന്ന ഉത്കൺഠ ഒരുപാട് ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും ഒക്കെ അതിന്‍റെ ഭാഗമാണ്. അതുപോലെ ശരീരത്തിന്‍റെ ചൂടും കൂടും. പക്ഷെ കൃത്യമായി പനിയെ പേടിയുമായി ബന്ധപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്.

10. ചിലരുടെ ശരീരം എപ്പോഴും പനിയുള്ളതുപോലെ ചൂടായിരിക്കുമല്ലോ. അതെന്തുകൊണ്ടാണ്?

ചിലരുടെ ശരീരം അങ്ങനെയാണ്. എപ്പോഴും ചൂട്. അങ്ങനെ ഉള്ളവരുടെ ശരീരത്തില്‍ കൊഴുപ്പ് ശേഖരിക്കപ്പെടുന്നത് പ്രധാനമായും ബ്രൌണ്‍ ഫാറ്റായിട്ടായിരിക്കും. ഈ വക കൊഴുപ്പുകോശങ്ങളില്‍ (Adipose Cells) മൈറ്റോകൊണ്ട്രിയ എന്ന കോശാവയവം എണ്ണത്തില്‍ വളരെയധികം കാണും. അതുകാരണം അവര്‍ എപ്പോഴും ഉപാപചയപ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും (Metabolically Active). അതുവഴി കൂടുതല്‍ ചൂട് ഉല്‍പ്പാദിപ്പിക്കപ്പെടും. നവജാതശിശുക്കളിലും ഇതേ ബ്രൌണ്‍ ഫാറ്റാണുള്ളത്. അതുകൊണ്ടാണ് കുഞ്ഞുങ്ങളുടെ ശരീരം ചൂടായിത്തന്നെ ഇരിക്കുന്നത്.
മറ്റുള്ളവരില്‍ അത് മൈറ്റോകോണ്ട്രിയ കുറഞ്ഞ വൈറ്റ് ഫാറ്റ് ആയിരിക്കും.

11. അപ്പൊ, എല്ലാ ചൂടും പനിയല്ലാ, ല്ലേ..?

അല്ലാ.. പനിയല്ലാതെ ശരീരം അമിതമായി ചൂടാകുന്ന അവസ്ഥയ്ക്ക് ഹൈപ്പര്‍തെര്‍മ്മിയ (Hyperthermia) എന്നാണ് പറയുന്നത്. ഹൈപ്പര്‍തെര്‍മിയയില്‍ ഹൈപോതലാമസിലെ കല്‍പ്പിത ഊഷ്മനിലയ്ക്ക് വ്യതിയാനമൊന്നും വരുന്നില്ല. പൈറോജനുകളുടെ ഇടപെടല്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല. പക്ഷെ ചൂട് കൂടും. കാരണങ്ങള്‍ പലതാണ്. ഒരുപാട് നേരം ചൂടുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുക, തൈറോയിഡ് ഹോര്‍മോണിന്‍റെ അളവ് കൂടുക, സൈക്കോസിസിനും മറ്റും കഴിക്കുന്ന ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം മൂലം, മയക്കുമരുന്നുപയോഗം , അപസ്മാരം, തലച്ചോറിലെ രക്തസ്രാവം അങ്ങനെ നിരവധി കാരണങ്ങള്‍. ഇപ്പൊ നമ്മുടെ നാട്ടില്‍ സാധാരണമായ സൂര്യാഘാതം ഈ ഹൈപ്പര്‍തെര്‍മിയയ്ക്ക് ഉദാഹരണമാണ്‌.
എല്ലാ പനിയും നിസാരമല്ലെന്ന് നമുക്കറിയാം. എന്നാലും മിക്ക പനികളും താനേ മാറുന്നവയുമാണ്. പക്ഷെ, നിസാരമായ ഒരു പനി വരണമെങ്കില്‍ തന്നെ ഏതെല്ലാം അവയവങ്ങള്‍, എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്നു ഇപ്പൊ മനസിലായില്ലേ. ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, പനി ഒരു രോഗമല്ലാ, രോഗലക്ഷണം മാത്രമാണ്. പനിയുണ്ടാകുന്നത്, ചൂടുകൂട്ടി രോഗാണുക്കളെ തുരത്താനുള്ള ശരീരത്തിന്‍റെ ശ്രമമാണെന്നൊക്കെ ശാസ്ത്രലോകം സംശയിച്ചിരുന്നെങ്കിലും അങ്ങനെയൊന്നുമല്ലാ എന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല PGE2 അധികമുണ്ടാകുന്നത് നമ്മുടെ ഇമ്മ്യൂണിറ്റിയെ തളര്‍ത്തുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പല പ്രകൃതിചികിത്സകരും വ്യാജന്മാരും പനിയ്ക്ക് ചികിത്സ വേണ്ടാ, പനി വരുന്നത് നല്ലതാണ്, ചികിത്സിക്കുന്നത് ദോഷമാണെന്നൊക്കെ വാദിക്കുന്നുണ്ട്. അതൊക്കെ വ്യാജപ്രചാരണങ്ങള്‍ മാത്രം. ഡോക്ടറെ കാണുകയും ചികിത്സ വേണ്ടതാണെങ്കില്‍ ചികിത്സിക്കുകയും തന്നെ ചെയ്യണം.
ലേഖനത്തിന്‍റെ വലിപ്പം കൂടുന്നതിനാല്‍ പനിയെപ്പറ്റി ഏറ്റവും സാധാരണമായ ചില കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. പനിവിശേഷങ്ങള്‍ ഇനിയും ധാരാളമുണ്ട്. ഇത്രയൊക്കെ പറഞ്ഞുതന്ന സ്ഥിതിയ്ക്ക് ഒരു ചോദ്യം അങ്ങോട്ടു ചോദിക്കാം. ശരാശരി അന്തരീക്ഷ താപനില 25-30 ഡിഗ്രീസെല്‍ഷ്യസ് ആണല്ലോ. നമ്മുടെ ശരീരോഷ്മാവ് 37 ഡിഗ്രീസെല്‍ഷ്യസും. ശരിക്കും നമുക്കത് തണുപ്പായനുഭവപ്പെടേണ്ടതാണ്. അതുണ്ടാകുന്നില്ല. എന്ന് മാത്രമല്ല, അന്തരീക്ഷതാപം ശരാശരിക്കു മുകളില്‍ പോയാലോ, നമുക്ക് കടുത്ത ചൂടനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ? എല്ലാവരും ഉത്തരം കണ്ടുപിടിച്ചിട്ട് അടുത്ത ക്ലാസില്‍ വന്നാ മതി.  (ക്ലൂ- ഈ ചോദ്യം ബയോളജിയല്ലാ, ഫിസിക്സ് ആണ്)
(ചിത്രങ്ങള്‍- ഗൂഗിള്‍)






തുടർന്ന് വായിക്കുക...

Friday, 13 May 2016

കടപയാദി (കുറിപ്പുകള്‍)


കേരളത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതും , ആര്യഭടീയത്തില്‍ പ്രയോഗിച്ചിരിക്കുന്നതും, ഒരുപക്ഷെ കേരളത്തില്‍ തന്നെ ജന്മമെടുത്തതുമായ ഒരു അക്ഷരസംഖ്യാ സമ്പ്രദായമാണ് "പരല്‍പ്പേര്" അഥവാ 'കടപയാദി'. സംഖ്യകളെ സൂചിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. തിരിച്ചും ആകാം. നമ്മുടെ മലയാളം അക്ഷരങ്ങള്‍ ഓരോന്നിനും പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള ഒരു സംഖ്യാവില കല്‍പ്പിച്ചുനല്‍കി, അതിനനുസരിച്ച് വാക്കുകള്‍ക്ക് വിലയിടുന്ന ഏര്‍പ്പാടാണ് ഈ കടപയാദി. എങ്ങനെയാണെന്നറിയാന്‍ ചിത്രം നോക്കൂ..


എല്ലാ സ്വരാക്ഷരങ്ങള്‍ക്കും പൂജ്യം എന്ന് വിലയിടുക..
വ്യഞ്ജനങ്ങളില്‍ 'ക' മുതല്‍ 'ങ' വരെയുള്ള അഞ്ചക്ഷരങ്ങളും 'ച' മുതല്‍ 'ഞ' വരെയുള്ള അഞ്ചക്ഷരങ്ങളും ചേര്‍ത്ത് ഒന്ന് മുതല്‍ പൂജ്യം വരെ വിലയിടുക. ഇതുപോലെ 'ട' വര്‍ഗ്ഗത്തിനും 'ത'വര്‍ഗ്ഗത്തിനും വില നല്‍കുക. 'പ' വര്‍ഗത്തിന് ഒന്ന് മുതല്‍ അഞ്ചു വരെ വില നല്‍കിയശേഷം 'യ' മുതല്‍ 'ഴ' വരെയുള്ള പത്ത് അക്ഷരങ്ങള്‍ക്കും ക്രമപ്രകാരം വിലയിടുക.'റ' യ്ക്ക് പൂജ്യം എന്നും നല്‍കുക. ഇതാണ് 'കടപയാദി'യിലെ അക്ഷരങ്ങളും അവയുടെ മൂല്യം പേറുന്ന സംഖ്യകളും തമ്മിലുള്ള ബന്ധം.
ഈ സമ്പ്രദായപ്രകാരം വാക്കുകള്‍ക്ക് വിലനല്‍കുന്നതിന് ഒരു വാക്കിലെ ഓരോ അക്ഷരങ്ങളുടെയും വില ചേര്‍ത്തെഴുതി തിരിച്ചിട്ടാല്‍ മതി. കണ്‍ഫ്യൂഷന്‍ ആയാ. ദാ ദിങ്ങനെ.
'ഹരി' എന്ന വാക്കിന്‍റെ വില കാണണം. നമ്മുടെ പട്ടിക അനുസരിച്ച് 'ഹ'യുടെ വില 8 ആണ്. 'ര'യുടെ വില രണ്ടും. ചേര്‍ത്തെഴുതിയാല്‍ 82. തിരിച്ചിട്ടാല്‍ 28. അപ്പൊ ഹരിയുടെ വില 28.

'ശാരദ'യോട് 'കൊല്ലം' കൂട്ടിയാല്‍ ക്രിസ്തുവര്‍ഷം !!! 

എന്ന് കേട്ടിട്ടുണ്ടോ. കടപയാദിയെ സംബന്ധിക്കുന്ന ഒരു പ്രയോഗമാണത്. നമ്മുടെ പട്ടികപ്രകാരം 'ശാരദ'യുടെ വില നോക്കിയാല്‍ {ശ=5, ര=2, ദ=8} 825 എന്ന് കിട്ടും. കൊല്ലം എന്ന് പറഞ്ഞത് കൊല്ലവര്‍ഷമാണ്. അതായത് ഇപ്പോള്‍ കൊല്ലവര്‍ഷം 1191 അല്ലെ. അപ്പോള്‍ ശാരദയോട് കൊല്ലം കൂട്ടിയാല്‍ , 825+1191= 2016, ക്രിസ്തുവര്‍ഷം. ഇതൊക്കെ കണ്ടെത്തിയവനെ സമ്മതിക്കണം. കൂട്ടത്തില്‍ എന്നേം.

"എന്‍റെ കൂടെ വരുന്നതൊക്കെ കൊള്ളാം, പക്ഷെ 'കമാ'ന്നൊരക്ഷരം മിണ്ടരുത്"
നമ്മളൊക്കെ ഇടയ്ക്കെങ്ങിലും പറയുന്ന ഒരു ഡയലോഗാണിത്, അതെന്താണെന്ന് അറിയില്ലെങ്കിലും. ‘കമ’ എന്നത് ഒരക്ഷരം അല്ല എന്ന് നമുക്കറിയാം. അപ്പോള്‍ എങ്ങനെയാണു ഈ പ്രയോഗം ഉണ്ടായത്? കടപയാദി പട്ടിക അനുസരിച്ച്, ‘ക’ യുടെ വില 1, മ=5, അപ്പോള്‍ ‘കമ' എന്ന് പറഞ്ഞാല്‍ 51. മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒന്നുപോലും ഉരിയാടരുത് എന്നാണതിന്‍റെ അര്‍ത്ഥം. എന്താല്ലേ..

അമ്പത്തൊന്നക്ഷരാളി

ഇത്രയും പഠിച്ചു കഴിഞ്ഞ നമ്മള്‍ വിചാരിക്കും, അപ്പോ ഈ അമ്പത്തൊന്നക്ഷരാളി എന്ന് പറയുന്നത് 51 മലയാള അക്ഷരങ്ങളെയെല്ലാം കൂടി ചേര്‍ത്തു പറയുന്നതായിരിക്കുമെന്ന്. അതുചിലപ്പോ കടപയാദിയെ പറ്റി കേട്ടിട്ടില്ലെങ്കിലും നമ്മള്‍ അങ്ങനെ ചിന്തിച്ചിട്ടുണ്ടാകണം. എന്നാല്‍ സത്യം അതല്ലാ. ഈ അമ്പത്തൊന്നക്ഷരാളി പ്രയോഗവും കടപയാദി സമ്പ്രദായത്തിലേതാണ്. “ഹരിശ്രീ ഗണപതയേ നമ:” എന്ന മന്ത്രത്തിന്‍റെ സംഖ്യാരൂപമാണ് 51. അതെങ്ങനെ 51 ആകുന്നു എന്നറിയാന്‍ ചിത്രം നോക്കൂ.




(റഫറന്‍സ്- വാമൊഴി ചരിത്രം, വെള്ളനാട് രാമചന്ദ്രന്‍)

കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ വിക്കിപീഡിയ പേജ് സന്ദര്‍ശിക്കാം.




തുടർന്ന് വായിക്കുക...

Tuesday, 10 May 2016

തര്‍പ്പണം (കഥ)


(2016 may 8 ലെ ജനയുഗം വാരാന്തത്തില്‍ പ്രസിദ്ധീകരിച്ചത്)


“ഇവിടിരിക്കാം..”

അവസാനത്തേതില്‍ രണ്ടാമത്തെ പടവിലെത്തി നിന്നുകൊണ്ട് കര്‍മ്മി പറഞ്ഞു. അയാള്‍ തന്‍റെ സ്ഥൂലശരീരം പാടുപെട്ടുവളച്ചു വാഴയിലയും കിണ്ടിയും ആ പടവില്‍ വച്ചു.

“ഒന്ന് മുങ്ങി വരൂ..”

ജീവന്‍റെ കുഞ്ഞോളങ്ങള്‍ പോലുമില്ലാതെ കിടക്കുന്ന പുഴയുടെ വരട്ടുചൊറി ബാധിച്ച തൊലിപ്പുറത്തേക്ക് ചൂണ്ടിക്കൊണ്ടയാള്‍ പറഞ്ഞു. കര്‍ണ്ണന്‍ ആ ജീർണിച്ച കാഴ്ചകളിലേക്ക് നോക്കി മടിച്ചു നിന്നു..

“എന്നാ അല്‍പം കൈക്കുമ്പിളില്‍ കോരി നെറുകയില്‍ തളിച്ചു വരൂ.. പുണ്യജലം, പുണ്യജലം തന്നെ”

കര്‍ണ്ണന്‍ ഉടുപ്പഴിച്ചു ജൂലിയെ ഏല്‍പ്പിച്ചു അവസാനപടവിലിറങ്ങി നിന്നു. അവള്‍ ഏഴാമത്തെ പടവിലിരുന്നു മൊബൈല്‍ ക്യാമറയില്‍ ഒക്കെയും പകര്‍ത്തി തുടങ്ങി.

“അച്ഛനല്ലേ..?”

“അതെ" ജൂലിയാണ് മറുപടി പറഞ്ഞത്.

“ദുര്‍മരണം വല്ലതും?”  കര്‍ണ്ണന്‍ വലത്തേക്ക് തലചരിച്ചു  ഒരു കാക്കയെപ്പോലെ ജൂലിയെ നോക്കി. ജൂലി ക്യാമറ സൂം ഇന്‍ ചെയ്തു കര്‍ണ്ണന്‍റെ  ആ മുഖഭാവം കൃത്യമായി പകര്‍ത്തി.  

“ഡീ.. ബ്രൈറ്റ്നെസ്സ് മാക്സിമത്തിലിട്ടു എടുക്ക്. അല്ലെങ്കില്‍ ഇരുണ്ടുപോകും..” പറഞ്ഞുകൊണ്ട് കര്‍ണ്ണന്‍ കര്‍മ്മിയുടെ നേരെ തിരിഞ്ഞിരുന്നു.

“അതായത്, ആത്മഹത്യ, കൊലപാതകം, വിഷം തീണ്ടല്‍, വാഹനാപകടം അങ്ങനെ ഏതെങ്കിലും ആയിരുന്നോ? അങ്ങനെയെങ്കില്‍ വേറെ ചില കര്‍മ്മങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്.” കര്‍മ്മി അരിയും എള്ളും ചേര്‍ത്തുവേവിച്ച ചോറ് വഴയിലയിലേക്ക് പകരുന്നതിനിടയില്‍ പറഞ്ഞു.

“ഇത്രേള്ളോ, ദുര്‍മരണങ്ങളുടെ പട്ടിക?”

ഇരുവരും ഒരുമിച്ചത് ചോദിച്ചപ്പോള്‍ കര്‍മ്മിയാകെ പകച്ചു. അയാളുടെ വിളര്‍ച്ച ജൂലി പ്രത്യേകം ഫോക്കസ് ചെയ്തു.

പവിത്രം..
കര്‍ണ്ണന്‍ പവിത്രം വാങ്ങി ധരിച്ചു.
പരേതന്‍റെ പേര്?
ആദിത്യന്‍
നാള്?
തിരുവാതിര
ഏറ്റു ചൊല്ലൂ.. ഗംഗേ ച
ഗംഗേ ച
യമുനേ ചൈവ
യമുനേ ചൈവ
ഗോദാവരി സരസ്വതി
ഗോദാവരി സരസ്വതി
ജൂലി വീഡിയോയില്‍ സംഭാഷണങ്ങള്‍ കൃത്യമായി കിട്ടാനായി നാലാമത്തെ പടവിലേക്കിറങ്ങി വന്നു. കര്‍മ്മിയുടെ ചെവിയുടെ ഔട്ട്‌ ഓഫ് ഫോകസ് ഷാഡോയോടൊപ്പം കര്‍ണ്ണനെ വ്യക്തമായി കാണുന്ന ഫ്രെയിം അവള്‍ കൂടുതല്‍ ഇഷ്ടത്തോടെ പകര്‍ത്തി.  

“മാതാവിന്‍റെയും പിതാവിന്‍റെയും ഭാഗത്തുനിന്നും മണ്മറഞ്ഞുപോയ സകല പൂര്‍വികരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ആദ്യപിണ്ഡം വച്ചോളൂ.”

“ഇത് പങ്കുവയ്ക്കാനുള്ളതല്ല..” മറുപടി പെട്ടന്നായിരുന്നു. കര്‍ണ്ണന്‍ തന്‍റെ സ്വതസിദ്ധമായ സൗമ്യസ്വരത്തില്‍ തന്നെയാണത് പറഞ്ഞത്. പക്ഷെ കര്‍മ്മി കൂടുതല്‍ വിളര്‍ത്തു.

“ശരിക്കും നിങ്ങള്‍ ബലിയിടാന്‍ തന്നെ വന്നതാണോ? ഇതൊന്നും കുട്ടിക്കളിയല്ലാ, സത്യോള്ള കാര്യങ്ങളാണ്. ഷോര്‍ട്ട്ഫിലിം  പിടിത്തമാണെങ്കില്‍ എന്നെ ദയവായി ഒഴിവാക്കൂ.”

കര്‍മ്മി  കര്‍ണ്ണനെയും ജൂലിയും മാറിമാറി നോക്കി പറഞ്ഞുകൊണ്ടിരുന്നു.

“സ്വാമി പേടിക്കേണ്ടാ.. ശരിക്കും ബലിയാണ്. ഷൂട്ട്‌ ചെയ്യുന്നത് ഒരാള്‍ക്ക് അയച്ചു കൊടുക്കാന്‍ വേണ്ടിയാണ്. ദയവായി കര്‍മ്മങ്ങള്‍ തുടരൂ..”

കര്‍ണ്ണന്‍റെ ശബ്ദത്തിലെ സൗമ്യതയും മുഖത്തെ ശാന്തതയും കര്‍മ്മിയെ കൂടുതലെന്തെങ്കിലും  ചോദിക്കുന്നതില്‍ നിന്നും വിലക്കി.

മൂന്നിലകളിലായി സമര്‍പ്പിച്ച ബലിച്ചോറ് ഒറ്റയിലയിലേക്ക് പകര്‍ന്ന്, തലയില്‍ വച്ച് കര്‍ണ്ണന്‍ ആദ്യപടവിലേക്ക് ഇറങ്ങി.

“പുറംതിരിഞ്ഞു നിന്ന് പുറകിലേക്ക്, വെള്ളത്തിലേക്ക് ഇട്ടോളൂ..” കര്‍മ്മി തന്‍റെ ചിലമ്പിച്ച ശബ്ദത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

ദക്ഷിണവാങ്ങിയ നോട്ട് ഇരുകണ്ണുകളിലും മുട്ടിച്ചു നമസ്കരിക്കുന്ന കര്‍മ്മിയുടെ  മുഖത്തുനിന്നും സൂം ഔട്ട്‌ ചെയ്തുകൊണ്ട് ജൂലി, ക്യാമറ പിണ്ഡം വീണുണ്ടായ ഓളങ്ങളിലേക്ക് ഫോക്കസ് ചെയ്തു. ഓളങ്ങള്‍ കരയടുക്കാതെ പാതിവഴിയില്‍ ഒടുങ്ങുന്നു.

“ഷാള്‍ ഐ സ്റ്റോപ്പ്‌?” അവള്‍ ചോദിച്ചു.

“യെസ്.”

“യു വാണ്ട്‌ ടു സീ? ഒന്ന് കണ്ടുനോക്ക്‌..” അവള്‍ മൊബൈല്‍ കര്‍ണ്ണന് നേരെ നീട്ടി.

“വേണ്ടാ.. അയാള്‍ക്ക് വാട്ട്സാപ് ചെയ്തേക്ക്. ഇരുന്ന് കാണട്ടെ.” കര്‍ണ്ണന്‍ ഷര്‍ട്ട് എടുത്തണിഞ്ഞു വേഗത്തില്‍ പടവുകള്‍ കയറി.

“ആര്‍ക്കാണ്?” അയാളെ പിന്തുടര്‍ന്ന കര്‍മ്മിയുടെ പതിഞ്ഞ ഒച്ചയില്‍ ആകാംക്ഷയുടെ അതിപ്രസരമായിരുന്നു.

കര്‍ണ്ണന്‍ ഒരു നിമിഷം നിന്നു. കര്‍മ്മിയും. ഇരുവരും മുഖത്തോടുമുഖം നോക്കി അല്‍പ്പനേരം നിശബ്ദരായി തന്നെ നിന്നു.

“ചില കര്‍മ്മങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചെയ്യണം സ്വാമി. മരണം വന്ന് രക്ഷപ്പെടുത്തിയതിന് ശേഷം നമുക്ക് കുറ്റബോധം തോന്നരുതല്ലോ.”

അതുപറയുമ്പോഴും കര്‍ണ്ണന്‍റെ മുഖത്തുണ്ടായിരുന്ന ആ ദൃഡമായ ശാന്തത കണ്ട് കര്‍മ്മിക്ക് ശരിക്കും ഭയം തോന്നി. കര്‍ണ്ണനും ജൂലിയും കയറിയ  കാര്‍ അകന്നുപോകുന്നതും നോക്കി കര്‍മ്മി തിരിയുമ്പോള്‍, ബലിപ്പടവില്‍ ചിതറിക്കിടന്ന വറ്റുകള്‍ക്ക് മീതെ ചെറുതായി ചെറുതായി വരുന്ന ഒരു കാക്കയുടെ നിഴല്‍ അയാള്‍ക്ക് കാണാമായിരുന്നു.

ജനയുഗം-മെയ്‌ 8, 2016







തുടർന്ന് വായിക്കുക...

Monday, 2 May 2016

“മുസ് രീസിലൂടെ” - ചരിത്രത്തിലേക്ക് ഒരു യാത്രാനുഭവം (പുസ്തകാസ്വാദനം)



മുസ്രീസിലൂടെ
യാത്രാവിവരണം
മെന്റര്‍ ബുക്സ്
450 രൂപ

(പ്രവാസിശബ്ദം, പ്രസാധകന്‍ മാസികകളില്‍  പ്രസിദ്ധീകരിച്ചത്)


“ഓര്‍മ്മശക്തി നഷ്ടപ്പെട്ട ഒരു വ്യക്തിയെപ്പോലെയാണ് സ്വന്തം ചരിത്രമറിയാത്ത ജനത"
                                                                                 അരിസ്റ്റോട്ടില്‍

   
      ഒരു സഞ്ചാരി കടന്നുചെല്ലുന്നത് ഒരു പ്രദേശത്തിന്‍റെ വര്‍ത്തമാനകാലത്തിലേക്കാണ്. ഒരു ചരിത്രകാരന്‍റെ കണ്ണുപതിയുന്നത് ഒരു ദേശത്തിന്‍റെ ഭൂതകാലത്തിലേക്കും അതിന്‍റെ ശേഷിപ്പുകളിലേക്കുമായിരിക്കും. അപ്പോള്‍ സഞ്ചാരിയായ ചരിത്രകാരന്‍റെ കാഴ്ചകളില്‍ ഇവരണ്ടും ഒരുപോലെ പതിയും. അങ്ങനെ പതിഞ്ഞുകിട്ടുന്ന അറിവുകള്‍ ഒരു സഞ്ചാരചരിത്രസാഹിത്യകാരന്‍ അക്ഷരങ്ങളായും ചിത്രങ്ങളായും ചലച്ചിത്രങ്ങളായും പകര്‍ത്തി വച്ച് പുത്തന്‍സാങ്കേതികവിദ്യകളുടെ കൂടി പിന്‍ബലത്തോടെ നമുക്ക് പകര്‍ന്നുതന്നാലോ? സാധാരണവായനക്കാര്‍ക്കും ചരിത്രാന്വേഷികള്‍ക്കും അതൊരു പുത്തനനുഭവം തന്നെയായിരിക്കും. അങ്ങനെയുള്ള ഒരു പുസ്തകത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. നിരക്ഷരന്‍ എന്നപേരില്‍ നമുക്കെല്ലാം സുപരിചിതനായ മനോജ്‌ രവീന്ദ്രന്‍ രചിച്ച “മുസ്രീസിലൂടെ" എന്ന യാത്രാവിവരണത്തെ പറ്റി.

“മുചിര" എന്നാല്‍ കുരുമുളകെന്നാണത്രേ അര്‍ത്ഥം. കുരുമുളകിന്‍റെ പട്ടണം- മുചിരപ്പട്ടണം. അതുപിന്നെ മുസ്രീസ് ആയി മാറിയതാണ്. മുസ്രീസിനെയും അതിന്‍റെ ചരിത്രത്തെയും പറ്റി ആദ്യമായി കേള്‍ക്കുന്നതും അറിയുന്നതും സേതുവിന്‍റെ “മറുപിറവി” എന്ന നോവലിലൂടെയായിരുന്നു. സ്വന്തം വേരുകള്‍ തേടിപ്പോകുന്ന അരവിന്ദന്‍റെ കാഴ്ചകളിലൂടെയും കഴ്ച്ചപ്പാടുകളിലൂടെയുമാണ് മറുപിറവി എന്ന മികവുറ്റ നോവല്‍ വികസിക്കുന്നത്. എഴുത്തുകാരന്‍റെ ഭാവനാസൃഷ്ടിയായ ആ കൃതിയ്ക്ക് പശ്ചാത്തലമൊരുക്കുന്നത് ശരിക്കുമുള്ള മുസ്രീസ് തന്നെയാണ്. അരവിന്ദന്‍റെ ആ കാഴ്ചകളുടെ, അല്ലെങ്കില്‍ ആ നോവലിന്‍റെ തന്നെ തുടര്‍ച്ചയായി നിരക്ഷരന്‍റെ “മുസ്രീസിലൂടെ” എന്ന പുസ്തകത്തെ വായിക്കാനായിരുന്നു എനിക്കിഷ്ടം. കാരണം നോവല്‍ കാണിച്ചുതന്ന കാഴ്ചകളുടെ അടുത്തുനിന്നുള്ളതും ആഴത്തിലുള്ളതുമായ വിവരണമാണ് ഈ യാത്രാവിവരണം.

ദൈവങ്ങളെയും അനുബന്ധ വിശ്വാസങ്ങളെയും പെറ്റും ദത്തെടുത്തും പോറ്റിവളര്‍ത്തുന്നതില്‍ ദൈവങ്ങളുടെ സ്വന്തം നാട് എന്നും ഒരുപടി മുന്നില്‍ തന്നെയാണല്ലോ. ഓരോ കിലോമീറ്ററിനുള്ളിലും ഒരമ്പലമോ പള്ളിയോയെങ്കിലും കാണാന്‍ കഴിയാത്ത സ്ഥലങ്ങള്‍ കേരളത്തില്‍ വിരളമാണ്. പക്ഷെ മതപരമായ വിശ്വാസങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ഒരു ബഹുസ്വരത മുസ്രീസ് പട്ടണത്തിലേത് പോലെ ആഴത്തില്‍ വേരുകളൂന്നിയിട്ടുള്ള മറ്റൊരു സ്ഥലം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഉണ്ടാകില്ല എന്നാണ് ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. ഇന്ത്യയിലെ ആദ്യമുസ്ലിം പള്ളി, ക്രിസ്തുമതപ്രചാരകനായ തോമാശ്ലീഹ ആദ്യമായി കപ്പലിറങ്ങിയ സ്ഥലം, ആദ്യത്തെ ക്രിസ്ത്യന്‍ പള്ളികളിലൊന്നായ മാര്‍ത്തോമ്മാലയം, കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളുടെ മൂലപ്രതിഷ്ഠയുള്ള കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം ഉള്‍പ്പടെ ഡസന്‍ കണക്കിന് ക്ഷേത്രങ്ങള്‍, ജൂതസിനഗോഗുകള്‍ എന്നിങ്ങനെ ചരിത്രവും സംസ്കാരങ്ങളും മിത്തുകളും ഇടകലര്‍ന്നുകിടക്കുന്ന ഒരു ബഹുമതചിത്രം തന്നെ ഈ പുസ്തകത്തിലൂടെ വായിച്ചും കണ്ടും അറിയാം. കൊടുങ്ങല്ലൂരില്‍ നിന്നാരംഭിച്ചു മാള, ചേന്ദമംഗലം, പറവൂര്‍ വഴി പള്ളിപ്പുറം കോട്ടയില്‍ അവസാനിക്കുന്ന നിരക്ഷരന്‍റെ മുസ്രീസ് യാത്രയില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെടുന്നതും ഈ ആരാധനാലയങ്ങളും അവിടങ്ങളിലെ വൈവിധ്യമാര്‍ന്ന അനുഷ്ടാനങ്ങളും തന്നെയാണ്.  
ചേന്ദമംഗലം ജൂതസിനഗോഗ്



രണ്ടോ അതിലധികമോ വ്യത്യസ്ത സംസ്കാരങ്ങള്‍, ജീവിതരീതികള്‍ അല്ലെങ്കില്‍ ആരാധനാസമ്പ്രദായങ്ങള്‍ കൂടിച്ചേരുന്നതിനു പറയുന്ന വാക്കാണ്‌ അക്കള്‍ട്ടറേഷന്‍ (ACCULTURATION).  അക്കള്‍ട്ടറേഷന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ചേരമാന്‍ മസ്ജിദ് എന്ന ഇന്ത്യയിലെ ആദ്യമുസ്ലിംപള്ളി. ഹൈന്ദവ-ഇസ്ലാമിക ആചാരങ്ങളുടെ സങ്കലനത്തിന്‍റെ വ്യക്തമായ ശേഷിപ്പുകള്‍ ഇപ്പോഴുമവിടെ നിലനില്‍ക്കുന്നു എന്നത് ആശാവഹവും ആശ്വാസവും തന്നെ. ആദ്യകാലക്രിസ്ത്യന്‍ ദേവാലയങ്ങളില്‍പ്പെടുന്ന മാര്‍ത്തോമ്മാലയത്തിന്‍റെയും അവിടെ സൂക്ഷിച്ചിരിക്കുന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പിന്‍റെയും ചരിത്രം കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് തന്നെ അറിവുള്ളതാണോ എന്ന് ചോദിച്ചറിയണം. കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് മടങ്ങിപ്പോയ (പോകേണ്ടിവന്ന) ജൂതര്‍ സൗജന്യമായി കേരളസര്‍ക്കാരിനെ ഏല്‍പ്പിച്ചുപോയ മാളയിലെ സിനഗോഗുകളുടെയും ജൂതശ്മശാനങ്ങളുടെയും അവഗണിക്കപ്പെട്ട വര്‍ത്തമാനമുഖം പുസ്തകം നമുക്ക് മുന്നില്‍ തുറന്ന് കാണിക്കുമ്പോള്‍ അതൊരു ചോദ്യചിഹ്നമായി ഓരോ മലയാളിയെയും പിന്തുടരുകതന്നെ ചെയ്യും. ചുരുങ്ങിയത് ചരിത്രാന്വേഷികളെയെങ്കിലും. തിരുവാങ്കുളം ചേരമാന്‍ പെരുമാള്‍ ക്ഷേത്രത്തിലെ തമിഴരുടെ ഉത്സവവും ചരിത്രവും അനുബന്ധമായി ചേര്‍ത്തിരിക്കുന്ന വീഡിയോയുമൊക്കെ കൌതുകത്തോടെ മാത്രമേ കാണാനാകൂ.

നിരക്ഷരന്‍റെ മുസ്രീസ് യാത്ര മുസ്രീസിന്‍റെ വര്‍ത്തമാനകാലത്തേക്കാള്‍ ഭൂതകാലത്തിലേക്കാണ് സഞ്ചരിച്ചിരിക്കുന്നതെന്ന് ഒരു പുകഴ്ത്തലായോ വിമര്‍ശനമായോ പറയാം. യാത്രയില്‍ കാണുന്ന മുസ്രീസ് കാഴ്ചകളുടെയൊന്നും ചരിത്രം പറയാതെ പോയാല്‍ ഈ പുസ്തകത്തിന് അര്‍ത്ഥമില്ലാതെയാകും. എന്നാല്‍ പരന്നുകിടക്കുന്ന ആ ചരിത്രവസ്തുതകളും അവയുടെ ആഴത്തിലുള്ള വിവരണവും ഒരു യാത്രാവിവരണത്തിന്‍റെ സുഖം കളയുന്നുവെന്നത് പറയാതെ വയ്യ. യാത്രാവിവരണമായി വായിച്ചുതുടങ്ങിയെങ്കിലും ഒരു ചരിത്രപുസ്തകമായി വായന തുടരാനാണ് എനിക്ക് തോന്നിയത്.

തിരുവാങ്കുളത്തെ തമിഴരുടെ ഉത്സവം
 ഒരു ചരിത്രവിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയും കൌതുകവും  മനസ്സിലുണ്ടെങ്കില്‍ മാത്രമേ ഈ പുസ്തകം വായിച്ചുപൂര്‍ത്തിയാക്കാന്‍ കഴിയൂ. മേല്‍പ്പറഞ്ഞ ആരാധനാലയങ്ങളുടെ ചരിത്രം, എന്നെപ്പോലുള്ളവര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ള ചവിട്ടുനാടകത്തിന്‍റെ ആവിര്‍ഭാവം മുതല്‍ ഇന്നത്തെ ജീര്‍ണ്ണിതാവസ്ഥ വരെയുള്ള ചരിത്രം, ജൂതന്മാരുടെ മുസ്രീസിലേക്കുള്ള വരവിന്‍റെയും തിരിച്ചുപോക്കിന്‍റെയും ചരിത്രം, ജാതി-മത കലഹങ്ങളുടെയും അവകാശപ്പോരാട്ടങ്ങളുടെയും ചരിത്രം, സഹോദരന്‍ അയ്യപ്പന്‍റെ, കേസരി ബാലകൃഷ്ണപിള്ളയുടെ, മുഹമ്മദ്‌ അബ്ദുള്‍ റഹിമാന്‍റെ ചരിത്രം, കോട്ടപ്പുറം കോട്ടയുടെയും പാലിയത്തച്ചന്മാരുടെയും പാലിയം കൊട്ടരത്തിന്‍റെയും ചരിത്രം. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ദേശമാണ് മുസ്രീസ്.  ഈ ചരിത്രങ്ങളെ നിഷേധിച്ചുകൊണ്ട് മുസ്രീസിന്‍റെ വര്‍ത്തമാനത്തിലൂടെ യാത്ര ചെയ്യുന്നത് അസാധ്യമാണ്.

എതൊന്നിന്‍റെയും ചരിത്രം നിര്‍മ്മിക്കുന്നത് പ്രധാനമായും രണ്ടു ഘടകങ്ങള്‍ ചേര്‍ത്താണ്- കാലവും ദേശവും. കാലം പെരിയാറുപോലെ അകലെയെവിടെയോ തുടങ്ങി അകലേക്ക് ഒഴുകുന്നു. ദേശമെന്നാല്‍ ഒരു ഭൂപ്രദേശം മാത്രമല്ലല്ലോ. അവിടെ നിലനിന്നിരുന്ന കല, ഭാഷ, വ്യാപാരം, വ്യവസായം, അനുഷ്ഠാനങ്ങള്‍, സംസ്കാരങ്ങള്‍ ഒക്കെ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സവിശേഷമായ സ്വഭാവം കൂടി ദേശം ഉള്‍ക്കൊള്ളുന്നുണ്ട്. മനുഷ്യന്‍റെ സാമാന്യബുദ്ധിക്ക് നിരക്കാത്ത പല കെട്ടുകഥകളും മിത്തുകളും അവിടെ നിന്നും ഒരു സഞ്ചാരിക്ക് കിട്ടിയെന്നുവരും. ചരിത്രാന്വേഷണത്തില്‍ അനുബന്ധമായി കിട്ടുന്ന അത്തരം നാടോടിക്കഥകളും മുത്തശിക്കഥകളുമെല്ലാം നിരക്ഷരന്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അപ്പോഴും തുറന്നകാഴ്ചപ്പാടുകളുള്ള, നിഷ്പക്ഷസമീപനങ്ങളുള്ള വ്യക്തിയാണ് ഗ്രന്ഥകാരനെന്ന്‍ ഈ പുസ്തകത്തിലെ പല പരാമര്‍ശങ്ങളും അടയാളപ്പെടുത്തുന്നുണ്ട്. സ്വന്തം യുക്തിക്ക് പിന്‍ബലമായി പോയകാലചരിത്രകാരന്മാരുടെ കണ്ടെത്തലുകളും നിഗമനങ്ങളും അദ്ദേഹം അതിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ആ സമീപനം ഈ ചരിത്ര-യാത്രവിവരണപുസ്തകത്തിന്‍റെ ആധികാരികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. തീര്‍ച്ചയായും ഒരു റെഫെറന്‍സ് ഗ്രന്ഥമായി മുസ്രീസ് ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകമുപയോഗപ്പെടുത്താം.

ഇന്ത്യയിലെ ആദ്യത്തെ “ഓഗ്മെന്റഡ് റിയാലിറ്റി” പുസ്തകം കൂടിയാണ് “മുസ്രീസിലൂടെ". എന്നെ സംബന്ധിച്ച് അതൊരു പുതിയ വാക്കും പുത്തനറിവുമായിരുന്നു. മുസ്രീസ് കാഴ്ചകള്‍ നൂറിലേറെ വരുന്ന ചിത്രങ്ങളായും ചലച്ചിത്രങ്ങളായും ഒരു ആണ്‍ഡ്രോയിഡ് ആപ്പിന്‍റെ സഹായത്തോടെ നമ്മുടെ മൊബൈല്‍ഫോണില്‍ നമുക്ക് കാണാം. ലേഖകന്‍ കാണുന്ന അതേ കാഴ്ചകള്‍ പുസ്തകത്തിനുള്ളില്‍ നിന്നുള്ള ലിങ്കിലൂടെ വായനക്കാരനും കാണാന്‍ കഴിയുകയെന്നത് പുതുമയുള്ളോരനുഭവം തന്നെയാണ്. മുസ്രീസ് ചരിത്രവും കാഴ്ചകളും പോലെതന്നെ കൌതുകകരം. ഉയര്‍ന്നനിലവാരത്തിലുള്ള പ്രിന്റിങ്ങും ലേ ഔട്ടും ചിത്രങ്ങളും അനുബന്ധ ഹൈക്വാളിറ്റി വീഡിയോകളും ഈ പുസ്തകത്തിന്‍റെ പിന്നിലുള്ള കഠിനാധ്വാനം വിളിച്ചറിയിക്കും. നിരവധി മുസ്രീസ് യാത്രകള്‍ നിരക്ഷരന്‍ ഇതിനായി നടത്തിയിട്ടുണ്ടെന്നും മനസിലാക്കാം. അപ്പോഴും ഒരു കാര്യം പറയാനുള്ളത്, വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പം പശ്ചാത്തലത്തില്‍ ഒരു ലഘുവിവരണം കൂടിയുണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നു എന്നാണ്. പുസ്തകത്തിലവയെല്ലാം എഴുതിവച്ചിട്ടുണ്ടെങ്കിലും, അനുവാചകന്‍റെ മനസ്സില്‍ അവന്‍ കാണുന്ന കാഴ്ചകളുടെ ചരിത്രവും പ്രാധാന്യവും എളുപ്പത്തില്‍ പതിയാന്‍ ആ വിവരണം ഉപകരിക്കുമായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വേഗതയുള്ള GPRS കണക്ഷനോ വൈഫൈയോ അവശ്യമായി വരുന്നതും ഇന്നത്തെ സാഹചര്യത്തില്‍ ചെറുതല്ലാത്ത പ്രശ്നം തന്നെയാണ്. പിന്നണിയിലെ കഠിനാധ്വാനം അംഗീകരിക്കുമ്പോഴും പുസ്തകത്തിന്‍റെ മതിപ്പുവില സാധാരണവായനക്കാരനെ അതില്‍നിന്നും അകറ്റിനിര്‍ത്തിയേക്കുമെന്നും തോന്നുന്നു.  
നിരക്ഷരന്‍



വളര്‍ന്ന നാടിനോടും ചരിത്രത്തോടും യാത്രകളോടും നിരക്ഷരനുള്ള അഭിനിവേശം ഈ പുസ്തകത്തിന്‍റെ ഓരോ താളിലും നമുക്ക് തൊട്ടറിയാം. ഓരോ വസ്തുത വിവരിക്കുമ്പോഴും അതിന്‍റെ ആരംഭകാലം മുതലുള്ള ചരിത്രം തേടിപ്പിടിച്ചു അവതരിപ്പിക്കാന്‍ ഗ്രന്ഥകാരന്‍ കാണിക്കുന്ന ഔത്സുക്യം പ്രശംസനീയമാണ്. പ്രാദേശികചരിത്രനിര്‍മ്മിതിയ്ക്കും നാട്ടറിവു പഠനത്തിനും ഒരു നല്ല മാതൃക കൂടിയാണ് നിരക്ഷരന്‍റെ “മുസ്രീസിലൂടെ"യെന്നും പറയാതെ വയ്യ. തദ്ദേശീയര്‍ക്ക് പോലും അജ്ഞാതമായ അനേകം ചരിത്ര സാംസ്‌കാരിക വസ്തുതകള്‍ ഇതിലുണ്ട്. അക്കാദമികമായ കസര്‍ത്തുകള്‍ ഇല്ലാത്തതും ലളിതവും ആകര്‍ഷകവുമായ ഭാഷയും പുസ്തകത്തിന്‍റെ സ്വീകാര്യതയെ ഗുണകരമായിത്തന്നെ സ്വാധീനിക്കും. ഇന്നത്തെയും നാളത്തെയും തലമുറയ്ക്ക് ചരിത്രഗവേഷണത്തിനുള്ള ഒരമൂല്യഗ്രന്ഥമായി  മാറട്ടെ ഈ പുസ്തകമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.









തുടർന്ന് വായിക്കുക...

Sunday, 1 May 2016

സാകേതം കഥാ അവാര്‍ഡ്സ്

1. മെയ്‌ 2015
     കഥ- ചെറുകിടവിപ്ലവങ്ങളും ചെറിയ മനുഷ്യരും

2. ഡിസംബര്‍ 2015
     കഥ- വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്

3.ഏപ്രില്‍ 2016
    കഥ- വെന്റിലേറ്റര്‍



തുടർന്ന് വായിക്കുക...