പ്രണയത്തിന്‍റെ ജീവശാസ്ത്രം(If you have any problem with reading this article in mobile, Please CLICK HERE to download pdf)
നമ്മുടെ അര്‍ദ്ധനാരീശ്വരസങ്കല്‍പ്പത്തിനു സമാനമായ ഒരു ഗ്രീക്ക് കഥയുണ്ട്. ആദ്യകാലത്ത് സ്ത്രീയും പുരുഷനും ഒറ്റശരീരമായിരുന്നു. അവരുടെ ശക്തിയില്‍ അസൂയപൂണ്ട സിയൂസ് ദേവന്‍ തന്‍റെ വജ്രായുധം കൊണ്ട് അവരെ വേര്‍പെടുത്തി രണ്ടുദിക്കുകളിലേക്ക് വലിച്ചെറിഞ്ഞു. ശേഷം സ്ത്രീയും പുരുഷനും തങ്ങളുടെ മറുപാതിയെ തേടി അലഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ആ തേടലാണ് പ്രണയമെന്നുമാണ് ഗ്രീക്ക് വിശ്വാസം. പ്രണയം ദൈവീകമായ ഒന്നാണെന്നാണ് ഈ രണ്ടു സങ്കല്‍പ്പങ്ങളുടെയും കാതല്‍. ഭൌതികതയിലും ഈ ചിന്തകള്‍ക്ക് സാധുതയുണ്ട്. പുരുഷനും സ്ത്രീയും വൈകാരിക നിര്‍വൃതി നേടുന്നതും സഫലീകരിക്കുന്നതും പരസ്പരബന്ധത്തിലൂടെയാണ്. ഈ സംയോഗം സൃഷ്ടിയുടെ പ്രചോദനവുമാണ്. വംശത്തിന്‍റെ നിലനില്‍പ്പിനായുള്ള ശക്തിപ്രചോദനം. ഈ പ്രചോദനത്തിന്‍റെ രസഭാവം ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ കാമദേവ-രതീദേവി സങ്കല്‍പ്പം. പരസ്പരമുള്ള ഈ ആകര്‍ഷണത്തിലും സംയോഗത്തിലും പ്രകടമായി കാണുന്ന രസശൃംഗാരഭാവങ്ങള്‍ക്കപ്പുറം തനതായ ജൈവീകതകൂടിയുണ്ട്. അതിനെപ്പറ്റിയാണ് ഈ ലേഖനം. പ്രണയത്തിന്‍റെ ജീവശാസ്ത്രം.


മനസ്സില്‍ പ്രണയം മൊട്ടിട്ടുകഴിഞ്ഞാല്‍ പിന്നെ ആകെയൊരു പരവേശമാണ്. സംസാരിക്കുമ്പോള്‍ ശബ്ദമിടറുന്നു. കാലുകള്‍ക്ക് വിറയല്‍ ബാധിക്കുന്നു. ശബ്ദം നേര്‍ത്തുപോകുന്നു. നെഞ്ചിടിപ്പ് സ്വയമറിയുന്നു. ടെന്‍ഷന്‍. ഉത്കണ്ഠ. ഒരാള്‍ കാമുകനോ കാമുകിയോ ആയിക്കഴിയുമ്പോള്‍ സംഭവിക്കുന്ന ജൈവസവിശേഷതകളാണിവയൊക്കെ. ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്ക് കടക്കുമ്പോഴാണല്ലോ ഈ വക സ്വഭാവവിശേഷങ്ങള്‍ സംഭവിക്കുന്നത്. പ്യൂപ്പക്കുള്ളില്‍ നിന്നും ഹോര്‍മോണുകളുടെ ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ പുറത്തുചാടുന്ന “ഹോര്‍മോണ്‍ വസന്തകാല"മാണ് കൌമാരം. ഈ ഹോര്‍മോണുകളും നാഡീവ്യൂഹത്തിലെ “പോസ്റ്റ്‌മാന്‍" മാരായ ന്യൂറോട്രാന്‍സ്മിറ്റേഴ്സും അവരുടെ സഹായികളായ ചില രാസസംയുക്തങ്ങളും ചേര്‍ന്നാണ് പ്രണയം സൃഷ്ടിക്കുന്നത്. തലച്ചോറാണ് പ്രണയത്തിന്‍റെ കേന്ദ്രമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹൈപോതലാമസാണ് പ്രണയത്തിന്‍റെ ഉത്തേജനകേന്ദ്രം. പ്രണയത്തിന്‍റെ ജൈവഘടകങ്ങളായ സ്പര്‍ശം, കാഴ്ച, ഗന്ധം, കേള്‍വി തുടങ്ങിയവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗങ്ങള്‍ ഹൈപോതലാമാസുമായി ആശയസംവാദത്തില്‍ ഏര്‍പ്പെടുകയും പ്രണയം പോലുള്ള നിര്‍മ്മലവികാരങ്ങള്‍ ജനിപ്പിക്കുകയും ചെയ്യുന്നു.

പ്രണയഹോര്‍മോണുകള്‍

കൌമാരത്തിലേക്ക് കടക്കുമ്പോള്‍, പ്രണയത്തിന്‍റെ അപ്പോസ്തലനായ ഹൈപോതലാമസ് ഗൊണാഡോട്രോപ്പിന്‍ റിലീസിംഗ് ഹോർമോൺ (GRH) എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് തലച്ചോറിന്‍റെ തന്നെ ഭാഗമായ പീയുഷഗ്രന്ധിയെ (PITUITARY GLAND) ഉത്തേജിപ്പിച്ചു ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണും (FSH) ല്യൂട്ടിനൈസിംഗ് ഹോര്‍മോണും (LH) പുറപ്പെടുവിക്കും. ഇവ ആണ്‍കുട്ടികളുടെ വൃഷണങ്ങളില്‍ ചെന്ന് ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷഹോര്‍മോണും പുംബീജവും ഉണ്ടാകാന്‍ സഹായിക്കും. പെണ്‍കുട്ടികളുടെ അണ്ടാശയങ്ങളില്‍ ചെന്ന് അണ്ഡവും ഈസ്ട്രജന്‍, പ്രൊജസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളും ഉത്പാദിപ്പിക്കും. ഈ അവസാനം പറഞ്ഞ മൂന്നുഹോര്‍മോണുകളാണ് കൌമാരകാല പ്രണയങ്ങള്‍ക്കും പ്രണയചാപല്യങ്ങള്‍ക്കും കാരണം. ഓക്സിട്ടോസിന്‍, വാസോപ്രെസ്സിന്‍ എന്നൊക്കെ പറയുന്ന പ്രണയസഹായികളും ഹോര്‍മോണുകളുടെ കൂട്ടത്തില്‍ ഉണ്ട്. കൂടാതെ പ്രണയത്തിന്‍റെ വിസ്മയലോകത്തേക്ക് പ്രവേശിച്ചവരുടെ രക്തത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവും കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

പ്രണയത്തിന്‍റെ നാഡീരസങ്ങള്‍

നാഡീരസങ്ങള്‍ എന്നാല്‍ ഞരമ്പുകള്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യാനും അതുവഴി ഒരാളുടെ ചിന്തകള്‍, പെരുമാറ്റം, ശരീരഭാഷ, വിശപ്പ്, കാമം തുടങ്ങി നൂറായിരം കാര്യങ്ങളുടെ ഗതിവിഗതികൾ കൈകാര്യം ചെയ്യുന്ന രാസവസ്തുക്കളാണ്. നേരത്തെ സൂചിപ്പിച്ച ന്യൂറോട്രാന്‍സ്മിറ്റേഴ്സ് ഇക്കൂട്ടത്തില്‍ പെടുന്നതാണ്. ശരിക്കും പറഞ്ഞാല്‍ ഈ നാഡീരസങ്ങളാണ് ഒരാളെ പ്രണയിതാവാക്കുന്നത്. ഹോര്‍മോണുകള്‍ അതിനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ചെയ്യുന്നത്. നമുക്കൊരാളോട് ഇഷ്ടം തോന്നുന്ന നിമിഷം മുതലുള്ള പ്രണയസംബന്ധിയായ സകലമാനചെയ്തികള്‍ക്കും ഉത്തരവാദി ഈ നാഡീരസങ്ങളാണ്. ഒരാളോട് തോന്നുന്ന ആകര്‍ഷണം മുതല്‍ പ്രണയത്തിന്‍റെ പാര്‍ശ്വഫലങ്ങളായ വിശപ്പില്ലായ്മ, വിറയല്‍, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്കൊക്കെയും കാരണം ഇവർ തന്നെ. 

പ്രണയത്തിന്‍റെ ജീവശാസ്ത്രം പറയുമ്പോള്‍ മൂന്ന് തലങ്ങളായാണ് പ്രധാനമായും ഇതിനെ വ്യാഖ്യാനിക്കാറ്.
1.പങ്കാളിയെ കണ്ടെത്തല്‍ (PARTNER PREFERENCE)
2.സ്നേഹം/മമത (ATTACHMENT)
3.ലൈംഗിക വിചാരങ്ങള്‍ (SEX DRIVE)

കാലക്രമേണ ഒരാളിലെ തന്നെ പ്രണയത്തിന് സംഭവിക്കുന്ന സ്വാഭാവികമായ പരിണാമത്തെയും ശാസ്ത്രം 3 തലങ്ങളിലാണ് നോക്കിക്കാണാറ്.
1.Lust (ഇന്ദ്രിയാഭിനിവേശം)
2.Attraction (വശ്യത)
3.Attachment (മമത)

ഇങ്ങനെ ഏതുവിധത്തിൽ വർഗ്ഗീകരിച്ചാലും നിർവചിക്കാൻ ശ്രമിച്ചാലും ഏതൊരു നിർവചനങ്ങൾക്കും ശാസ്ത്രത്തിനുമപ്പുറമാണ്, പ്രണയമെന്ന വികാരം. എന്നാലും അതിനുപിന്നിലും ജീവശാസ്ത്രപരമായ പല രസതന്ത്രസമവാക്യങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. അതൊക്കെ കുറേയേറെ നമ്മൾ മനസിലാക്കിയിട്ടുമുണ്ട്. പ്രണയം, മനോഹരമായ ഒരു പെയിന്റിംഗാണെങ്കിൽ അത് വരയ്ക്കാനുള്ള ക്യാൻവാസ് ഒരുക്കുകയാണ് മുകളിൽ പറഞ്ഞ പ്രണയഹോർമോണുകൾ ചെയ്യുന്നതെന്ന് ഇപ്പോൾ നമുക്കറിയാം. ആ ചിത്രം വരയ്ക്കാനുള്ള വിവിധ വർണ്ണങ്ങളാകുന്നത് ഇനിപ്പറയുന്ന പ്രണയത്തിന്റെ നാഡീരസങ്ങളാണ് <3 .

തലച്ചോറിലെ ഡോപ്പമിന്‍ എന്ന് പറയുന്ന നാഡീരസമാണ് ഈ കാര്യങ്ങളെയൊക്കെ കൃത്യമായി കൈകാര്യം ചെയ്യുന്നത്. ചിലര്‍ക്ക് ചിലതരം ആള്‍ക്കാരോട് മാത്രമേ പ്രണയം തോന്നാറുള്ളൂ. അതിനുകാരണം ഈ ഡോപ്പമിനാണ്. അതുപോലെ ഡോപ്പമിനും ഒപ്പം വാസോപ്രെസ്സിനും ഹൈപോതലാമസ്സില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായാണ്‌ നമുക്കൊരാളോട് സ്നേഹമോ ഇഷ്ടമോ ആകര്‍ഷണമോ ഒക്കെ തോന്നുന്നത്. ഇതേ ഡോപ്പമിന്‍ തലച്ചോറിന്‍റെ ലിംബിക് സിസ്റ്റം എന്ന് പറയുന്ന ഭാഗത്തെ ഉത്തേജിപ്പിക്കുന്നതിന്‍റെ ഫലമാണ് ലൈംഗികചോദനകള്‍. ഡോപ്പമിന്‍റെ അളവും പ്രവര്‍ത്തനക്ഷമതയും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് പ്രണയം ഓരോ വ്യക്തിയിലും ഓരോ രീതിയില്‍ സംഭവിക്കുന്നത്. പ്രണയവുമായി ബന്ധപ്പെട്ട് തലച്ചോറില്‍ ഡോപ്പമിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലുള്ള ഭാഗങ്ങളാണ് ചിത്രത്തില്‍.
Dopamine Pathways
കടപ്പാട് - വിക്കി

അതുപോലെ ഫിനൈല്‍ ഈഥൈല്‍ അമീന്‍ (Phenylethylamine, PEA)  എന്ന മറ്റൊരു നാഡീരസത്തിനും പ്രണയത്തില്‍ നിര്‍ണ്ണായകമായ പങ്കുണ്ട്. അതിന് ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും നല്‍കാനുള്ള കഴിവുണ്ട്. പ്രണയിതാക്കളുടെ വൈകാരികമായ ഇഴയടുപ്പത്തെ നിർണയിക്കുന്നത് ഈ കുഞ്ഞു രാസസംയുക്തമാണ്. ഒരാളുടെ തലച്ചോറില്‍ എത്രത്തോളം കൂടുതല്‍ PEA ഉല്‍പ്പാദിപ്പിക്കപ്പെടുന്നുവോ, അത്രത്തോളം അയാള്‍ സ്വന്തം പ്രണയത്തോട് വൈകാരികമായി അടുത്തിരിക്കും. അതുകൊണ്ടു തന്നെ ചിലരതിനെ  MOLECULE OF LOVE അഥവാ 'പ്രണയതന്മാത്ര' എന്നും വിളിക്കാറുണ്ട്. PEA-യ്ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു മയക്കുമരുന്നിനോടോ മദ്യത്തോടോ എന്നപോലെ ആസക്തി (Addiction) ഉണ്ടാക്കാന്‍ കഴിവുണ്ടതിന്. എന്നുവച്ചാല്‍ ഈ പ്രണയിക്കുന്നവരുടെ ജീവിതത്തിന്‍റെ നിലനില്‍പ്പ് തന്നെ ഈ രാസവസ്തുവിൽ അല്ലെങ്കില്‍ അത് പുറപ്പെടുവിക്കാന്‍ കാരണമായ സ്രോതസ്സില്‍ അധിഷ്ടിതമാണെന്ന് തോന്നിപ്പോവും. ആ സ്രോതസ്സിവിടെ കാമുകനോ കാമുകിയോ ആകുമെന്ന് മാത്രം. പ്രിയപ്പെട്ട ആളെ കാണുന്നതോ ഒന്ന് തൊടുന്നതോ പോലും ഈ കെമിക്കല്‍ രക്തത്തിലേക്ക് ഒഴുകാന്‍ കാരണമാകും. നമ്മള്‍ പങ്കാളിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നതും, കാണാത്തപ്പോള്‍ 'മിസ്‌' ചെയ്യുന്നതും വിരഹവേദന തോന്നുന്നതുമൊക്കെ ഈ PEA യുടെ അളവിലുണ്ടാകുന്ന വ്യതിയാനം കാരണമാണ്. ഏതെങ്കിലും ലഹരിയോടു ആസക്തിയുള്ളവരില്‍ അത് കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന WITHDRAWAL SYMPTOMS ഇല്ലേ, അതുപോലെ PEA ആവശ്യത്തിനു കിട്ടാതെ വരുമ്പോഴുണ്ടാകുന്ന withdrawal symptom ആണ് വിരഹം. പ്രണയശാസ്ത്രത്തില്‍ അതിനെ SEPARATION ANXIETY എന്ന് പറയും.

ഡോപ്പമിനും PEA യും കൂടാതെയും ചിലരുണ്ട്. പ്രണയത്തിന്‍റെ പാര്‍ശ്വഫലങ്ങളായ ടെന്‍ഷന്‍, ശ്രദ്ധക്കുറവ്, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്കൊക്കെ കാരണം സെറോട്ടോണിന്‍, എപിനെഫ്രിന്‍, നോര്‍-എപിനെഫ്രിന്‍, അസറ്റൈല്‍ കോളിന്‍ തുടങ്ങിയ നാഡീരസങ്ങളുടെ അളവിലും പ്രവർത്തനത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. PEA യ്ക്കും ഡോപമിനും മേൽപ്പറഞ്ഞവയുടെ ഉത്പാദനത്തിൽ നിർണായക സ്വാധീനമുണ്ട്.

ഇങ്ങനെയൊക്കെ പ്രണയിച്ചു നടന്നു, മൂന്നാലു വര്‍ഷം കഴിയുമ്പോള്‍ നമുക്കതിലുള്ള ത്രില്‍ പോകും, അല്ലേ? "മുമ്പൊക്കെ എന്തായിരുന്നു? നീയിപ്പോ ആ പഴയ ആളേ അല്ല, ഒരുപാടങ്ങ് മാറിപ്പോയി" എന്നൊക്കെ പരസ്പരം പരാതിപ്പെടാന്‍ തുടങ്ങും. മോളൂ, ചക്കരേ, തേനേ, ഡാർലിംഗ് എന്നൊക്കെ വിളിച്ചിരുന്നവർക്ക് ഇപ്പോഴങ്ങനെ വിളിക്കുമ്പോൾ ഒരു ജാള്യത പോലും തോന്നും. എന്തൊരുമാറ്റം അല്ലേ? ശരിക്കും മാറിയത് ആ ആളല്ലാ, അയാളുടെ തലച്ചോറിലെ PEA യുടെയും ഡോപ്പമിന്‍റെയും അളവുകളാണ്. ഇവരുടെയൊക്കെ പ്രതാപകാലം (period of dominance) കഴിയുന്നതുകൊണ്ടാണങ്ങനെ തോന്നുന്നത്. ഇപ്പോള്‍ പരസ്പരമുള്ളതും ചുറ്റുപാടുകളുടെയുമൊക്കെ വിലയിരുത്തല്‍ കൂടുതല്‍ വസ്തുനിഷ്ഠമാകുന്നു. യുക്തിസഹമാകുന്നു. കാരണം, നിങ്ങളുടെ കണ്ണുകളെ അന്ധമാക്കിയിരുന്ന കെമിക്കലുകള്‍ പണിനിര്‍ത്തി പിന്‍വാങ്ങിത്തുടങ്ങി. ആരംഭത്തിലുണ്ടായിരുന്ന ത്രില്ലും ആവേശവുമൊക്കെ കെട്ടടങ്ങാന്‍ തുടങ്ങുന്നു.

അപ്പോപ്പിന്നെ എത്രയോ കാലമായി സന്തുഷ്ടമായ പ്രണയ-ദാമ്പത്യജീവിതം നയിക്കുന്ന എത്രയെത്ര പേരെ നമുക്കറിയാം, അവരുടെ കാര്യമോ? എന്നൊക്കെയുള്ള ചിന്തകൾ ഇതുവായിച്ച പലർക്കും ഉണ്ടായിട്ടുണ്ടാകും. അതിനുള്ള ഉത്തരം, ഓക്സിറ്റോസിന്‍, വാസോപ്രെസ്സിന്‍, എന്‍ഡോര്‍ഫീന്‍ എന്നിങ്ങനെയുള്ള കെമിക്കല്‍സ് ചേര്‍ന്ന് നൽകും. ആലിംഗനത്തിന്റെ ഹോര്‍മോണ്‍ (Cuddling hormone) എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഈ  ഓക്സിറ്റോസിന്‍. 

ഓക്സിറ്റോസിന്‍, വാസോപ്രെസ്സിന്‍, എന്‍ഡോര്‍ഫീന്‍ എന്നിവ നമുക്ക് സ്പര്‍ശനത്തോട് സംവേദനം കൂടുതൽ ഉണ്ടാക്കുകയും സ്നേഹപൂര്‍ണമായ ശാരീരിക ഇടപെടലുകള്‍ക്ക് സുഖമുണ്ടാക്കുകയും ചെയ്യുന്നു. രതിമൂര്‍ഛ അനുഭവിക്കുന്ന വേളയിലും സ്ത്രീകളിലാണെങ്കിൽ പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും ഓക്സിറ്റോസിന്‍ കൂടുതലായി ഉണ്ടാകുന്നുവെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇങ്ങനെ വിവാഹിതരായ ദമ്പതികളെ ദീര്‍ഘകാലം സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതു ഓക്സിറ്റോസിനും വാസോപ്രസിനുമാണ്. ഈ ഹോർമോണുകൾ നൽകുന്ന അനുഭൂതി പലപ്പോഴും വ്യക്തി കേന്ദ്രീകൃതമാകണമെന്നില്ല. നമുക്ക് അച്ഛനമ്മമാരോട്, സഹോദരങ്ങളോട്, സുഹൃത്തുക്കളോട്, ഒരു കൊച്ചു കുഞ്ഞിനോടൊക്കെ തോന്നുന്ന നിർമ്മലവും നിസ്വാർത്ഥവുമായ സ്നേഹം എല്ലാം ഈ കെമിക്കൽ കുഞ്ഞന്മാരുടെ പണിയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഒപ്പം ഒന്നിലധികം പേരോട് ശാരീരികമായ പ്രണയം തോന്നുന്നതിലും ഇവർക്ക് പങ്കുണ്ടത്രേ (ഒക്കെ ഈ ന്യൂറോട്രാൻസ്മിറ്ററുകളുടെ പണിയാണ്. അല്ലാതെ, നമ്മളങ്ങനേന്നും.. അയ്യേ..! :) )

പ്രണയത്തിന്‍റെ ഈ രസതന്ത്രങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ താഴത്തെ ചിത്രം സഹായിക്കും.

Chemical Basis of Love
കടപ്പാട്- വിക്കിപ്രണയത്തിന്‍റെ ജൈവതലങ്ങള്‍

നാഡീവ്യൂഹങ്ങളും ഹോര്‍മോണുകളും ചേര്‍ന്നുള്ള ഒരു സങ്കീര്‍ണ്ണപ്രക്രിയയാണ്‌ പ്രണയമെന്ന് മേല്‍പ്പറഞ്ഞതില്‍ നിന്നും മനസിലായില്ലേ. അതിലും സങ്കീര്‍ണ്ണമാണ് പ്രണയത്തിന്‍റെ ജൈവതലങ്ങള്‍. നമുക്ക് പഞ്ചേന്ദ്രിയങ്ങളെന്നതുപോലെ പ്രണയത്തിനും അഞ്ചുതലങ്ങള്‍ ഉണ്ടെന്ന് പറയാം. കാഴ്ച, സ്പര്‍ശം,നിറം, ഗന്ധം, കേള്‍വി എന്നിങ്ങനെ.. ഓരോ പ്രണയിയുടെയും കാഴ്ചകള്‍ വ്യത്യസ്തമാണ്. കേഴ്വിയും സ്പര്‍ശവും നിറവും മണവും വ്യത്യസ്തമാണ്.

കാഴ്ച

ലൈല ഒരിക്കലും സുന്ദരി ആയിരുന്നില്ല. മജ്നു അതീവ സുന്ദരനുമായിരുന്നു. എന്നിട്ടും മജ്നു ലൈലയെ സ്നേഹിച്ചു. ജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ മജ്നുവിനോട് ചോദിച്ചു, ഇത്രയും സുന്ദരനായ നിനക്കെന്തുകൊണ്ട് ഒരു സുന്ദരിപ്പെണ്ണിനെ പ്രേമിച്ചുകൂടാ..? മജ്നു പറഞ്ഞു, ‘ലൈലയുടെ സൗന്ദര്യം കാണണമെങ്കില്‍ നിങ്ങള്‍ മജ്നുവിന്‍റെ കണ്ണിലൂടെ നോക്കണം.’
പ്രണയത്തിന്‍റെ ഈ വ്യത്യസ്തമായ കാഴ്ചകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഒരുപാട് ജൈവഘടകങ്ങളുണ്ടെന്ന് ഡോ. ഹാര്‍വില്‍ ഹെന്‍ട്രിക്സ് പറയുന്നു. അദ്ദേഹത്തിന്‍റെ KEEPING THE LOVE YOU FIND എന്ന പുസ്തകത്തില്‍. LOVE AT FIRST SIGHTനെ പറ്റി അദ്ദേഹം പറയുന്നതിങ്ങനെ, “ആദ്യ ദര്‍ശനത്തില്‍ നിങ്ങള്‍ക്കൊരാളോട് സ്നേഹം തോന്നുന്നുവെന്ന് പറഞ്ഞാലര്‍ത്ഥം നിങ്ങളുടെ കാഴ്ച്ചയില്‍ ഒരു രാസപ്രവര്‍ത്തനം നടന്നു എന്നാണ്. അതായത് നിങ്ങളുടെ ഉള്ളിലുള്ള സങ്കല്‍പ്പവുമായി ഒത്തുപോകുന്ന ഒരാളാകാം അത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്രയും വേണ്ടപ്പെട്ട ഒരാളുമായി ആ വ്യക്തിയ്ക്ക് സാമ്യമുണ്ടാകാം. അല്ലാതെ ആദ്യ കാഴ്ച്ചയില്‍ നിങ്ങള്‍ സ്നേഹത്തിലാവുന്നത് വെറും ഭൌതികമായ കാഴ്ച കൊണ്ടല്ല"
ഡോ. ഹാര്‍വില്ലിന്‍റെ ഈ അഭിപ്രായം ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട്. കാണുന്ന ഉടനെ പ്രേമം തോന്നുന്ന ഒരു ശക്തിവിശേഷമുണ്ടെന്ന് കാമശാസ്ത്രം പറയുന്നുണ്ട്. വാത്സ്യായനന്‍ അതിനെ “സൗഭാഗ്യം” എന്നാണ് വിളിച്ചത്. ഒരാളുടെ സൗന്ദര്യബോധവും ചുറ്റുപാടുകളും മറ്റൊരാളിലേക്ക് അയാളെ ആകര്‍ഷിക്കാമെന്നാണ് ആധുനിക മനശാസ്ത്രം പറയുന്നത്. പ്രണയത്തിലേക്ക് എത്താന്‍ ഒരാളുടെ കാഴ്ചയെ സ്വാധീനിക്കുന്ന ഏതെങ്കിലും പ്രത്യേകത മതിയെന്നാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന് നടക്കുന്ന രീതി, സംസാരശൈലി, നര്‍മ്മബോധം, കണ്ണിന്‍റെയോ മൂക്കിന്‍റെയോ ആകൃതി, അങ്ങനെയെന്തെങ്കിലും. പ്രണയം കാഴ്ച്ചയില്‍ ആരംഭിക്കുന്നു, അത് നിലനില്‍ക്കുന്നതും കാഴ്ചയിലൂടെ തന്നെ..

കേള്‍വി

പ്രണയത്തിന്‍റെ മനോഹരമായ ഒരു ജൈവതലമാണിത്. ഒരാള്‍ പ്രണയത്തിലേക്ക് കടക്കുമ്പോള്‍ അയാളുടെ ശബ്ദത്തിനും കേള്‍വിക്കും കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒരു നീണ്ടമൌനമാണെങ്കില്‍ പോലും പ്രണയികള്‍ക്ക് അതൊരു പ്രത്യേക അനുഭൂതിയാണ്.
Dr.RUTH EPSTEIN എന്ന ഇ.എന്‍.ടി.സര്‍ജന്‍ ശബ്ദത്തില്‍ പ്രണയത്തിന്‍റെ സ്വാധീനമുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. പ്രണയിക്കുന്ന പുരുഷന്‍റെ ശബ്ദം കൂടുതല്‍ ഗാംഭീര്യമാര്‍ന്നതും സ്ത്രീയുടേത് കൂടുതല്‍ നേര്‍മ്മയുള്ളതും തുളച്ചുകയറുന്നതുമാകുമെന്ന് അവര്‍ കണ്ടെത്തി. അതുപോലെ ശബ്ദത്തിലെ ഉയര്‍ച്ച താഴ്ചകള്‍ തലച്ചോറിലെ വികാരനിയന്ത്രണസംവിധാനത്തെ നേരിട്ടു സ്വാധീനിക്കുന്നുവെന്നും. നല്ല ഗായകര്‍ക്ക് ധാരാളം ആരാധകര്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പറയാതെ തന്നെ നമുക്കറിയാം. സംഗീതത്തിനും പ്രണയത്തില്‍ അത്രയും സ്വാധീനമുണ്ട്. രാധാകൃഷ്ണപ്രണയത്തില്‍ ഓടക്കുഴല്‍ ഒരാത്മീയ സാന്നിധ്യമാകുന്നത് അതുകൊണ്ടാണ്.
“കിട്ടിപ്പോകരുതന്യര്‍ തന്‍ കര്‍ണ്ണങ്ങള്‍-
ക്കൊട്ടുമിവള്‍ തൂകും വചോമൃതം"
എന്ന് കവി സ്വാര്‍ത്ഥനാകുമ്പോള്‍ തന്നെ പ്രണയത്തില്‍ ശബ്ദത്തിന്‍റെയും കേള്‍വിയുടെയും പ്രാധാന്യം സുവ്യക്തമല്ലേ..

ഗന്ധം

ചില പെര്‍ഫ്യൂമുകളുടെ പരസ്യത്തില്‍ കണ്ടിട്ടുണ്ടാകും, ആ ഗന്ധത്തിനുപുറകെ പായുന്ന കാമിനിമാരെ. പെണ്‍കുട്ടികളുടെ പ്രണയം പിടിച്ചുപറ്റാന്‍ പിറകേനടക്കുന്നവരെ പറ്റി ‘അവനതാ മണപ്പിച്ചു നടക്കുന്നു' എന്നുള്ള കളിയാക്കലുകളും നമുക്ക് സുപരിചിതം. ഗന്ധവും പ്രണയകാരകമാണ്. ഇണകളെ ആകര്‍ഷിക്കാന്‍ ചെറുജീവജാലങ്ങള്‍ ഫിറമോണ്‍ പുറപ്പെടുവിയ്ക്കുന്നതായി നമ്മള്‍ പഠിച്ചിട്ടുണ്ട്. മനുഷ്യശരീരം അങ്ങനെ ഒരു പ്രത്യേകവസ്തു പുറപ്പെടുവിക്കുന്നതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ സാഹചര്യങ്ങള്‍ ഇത്തരമൊരവസ്ഥ സൂചിപ്പിക്കുന്നുണ്ട്. മണിയറയിലും മറ്റും മുല്ലപ്പൂ വിതറുന്നതിനു പിന്നില്‍ ചിലപ്പോള്‍ ഇങ്ങനെയൊരു വസ്തുത ഒളിഞ്ഞിരിക്കുന്നുണ്ടാകാം. രണ്ടു സ്ത്രീകള്‍ ഒരേ കിടപ്പുമുറിയില്‍ ഒരുമിച്ചു താമസിച്ചാല്‍ അവരുടെ ആര്‍ത്തവദിനങ്ങള്‍ അടുത്തടുത്ത് വരുന്നത് അജ്ഞാതമായ ഏതോ ഹ്യൂമന്‍ ഫിറമോണ്‍ കാരണമാണെന്നാണ് ശാസ്ത്രലോകം കരുതുന്നത്. പ്രണയാതുരമാകുന്ന സമയങ്ങളില്‍ മനുഷ്യശരീരം പ്രത്യേകഗന്ധം പുറപ്പെടുവിയ്ക്കുന്നുവെന്നും ഇണയെ അത് ഉത്തേജിപ്പിക്കുന്നുവെന്നും പുതിയ പഠനങ്ങള്‍ വരുന്നുണ്ട്. മനുഷ്യന്‍റെ സ്വാഭാവികഗന്ധം കക്ഷങ്ങളില്‍ ആണെന്നും പ്രണയവേളകളില്‍ അത് രൂക്ഷമാകുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.
നിരീശ്വരന്‍ എന്ന നോവലില്‍ വി.ജെ.ജെയിംസ്‌ ഗന്ധത്തിന്‍റെ ഈ സാധ്യതകളെ സൂക്ഷ്മമായി ഉപയോഗിച്ചിട്ടുണ്ട്. വേശ്യയായ ജാനു ഇടയ്ക്കെങ്കിലും രതിമൂര്‍ച്ചതേടിപ്പോകുന്നത് ദാമുവിന്‍റെ വിയര്‍പ്പുമണത്തിലെക്കാണെന്നു നോവലില്‍ അദ്ദേഹം പറയുമ്പോള്‍ ആധുനികശാസ്ത്രത്തിനും അത് നിരസ്സിക്കാനാവില്ല. പ്രണയവും ഗന്ധവുമായി ഒരദൃശ്യബന്ധം നിലനില്‍ക്കുന്നുവെന്നത് സത്യമാണ്.

നിറം

നമുക്കിഷ്ടമുള്ള നിറത്തിലുള്ള വസ്ത്രത്തില്‍ കാമുകിയെയോ കാമുകനെയോ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ലാത്ത അല്ലെങ്കില്‍ ആഗ്രഹിച്ചിട്ടില്ലാത്ത എത്രപേരുണ്ടാകും? പച്ച നിറത്തിലുള്ള പട്ടുപ്പാവടയില്‍ പടികയറിപോകുന്ന സ്കൂള്‍കാല കാമുകിയെ ഞാനിന്നും ഓര്‍ക്കുന്നതിന്‍റെ രഹസ്യമെന്തായിരിക്കും? വ്യക്തികള്‍ തമ്മില്‍ ആകര്‍ഷിക്കപ്പെടുന്നതില്‍ നിറങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ട്. വയലറ്റ് പ്രണയത്തിന്‍റെയും ചുവപ്പ് കാമത്തിന്‍റെയും നിറമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പ്രണയത്തിന്‍റെ കാഴ്ച്ചയില്‍ ഒരുപക്ഷെ ആദ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത് നിറമായിരിക്കും.
“ചൂടാതെ പോയി നീ നിനക്കായി ഞാന്‍
ചോരചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍.”
എന്ന് കവിയെക്കൊണ്ട് പാടിച്ചതും നിറവും പ്രണയവും തമ്മിലുള്ള ആ ബന്ധം തന്നെയാകും. പനിനീര്‍പ്പൂവിന് ചുവപ്പ് കൂടുന്തോറും പ്രണയത്തിന്‍റെ തീവ്രതയും കൂടും.

സ്പര്‍ശം

പ്രണയത്തിന്‍റെ സകല മന്ത്രികതകളും കലര്‍ന്ന ജൈവതലമാണിത്. “പ്രണയികളുടെ ലോകത്തെ മാന്ത്രികന്‍” എന്ന് സ്പര്‍ശത്തെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
“പ്രണയിനിയുടെ സ്പര്‍ശമേല്‍ക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ ഒരു വൈദ്യുതാഘാതം എല്ക്കുന്നില്ലേ? അത് ശരിക്കുമൊരു വൈദ്യുതാഘാതം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ തന്നെ ഉണ്ടാകുന്നത്..!” പ്രണയത്തിന്‍റെ രാസമാറ്റങ്ങളെ പറ്റി പഠിക്കുന്ന ELEN FREYDENSON പറയുന്നതാണിത്.
ചെറുവിരല്‍ സ്പര്‍ശം മുതല്‍ ആലിംഗനവും ചുംബനവും വരെ, എന്തിന് അവയെപറ്റിയുള്ള ചിന്തകള്‍ പോലും ഓരോ പ്രണയിയ്ക്കും അമൂല്യമായ അനുഭൂതിയാണ് പകരുന്നത്. പ്രണയപൂര്‍ണ്ണമായ ജീവിതത്തിന് സ്പര്‍ശം ഒഴിവാക്കാനാവാത്ത ഒന്നാണ്. രതിയും പ്രണയവുമായി ഇണപിരിക്കാനാവാത്ത ബന്ധമാണെന്ന് നമുക്കറിയാം. കാമശാസ്ത്രപ്രകാരം സ്പര്‍ശനത്തില്‍ പ്രഥമസ്ഥാനം ആലിംഗനത്തിനാണ്. പരസ്പരം ഇഷ്ടം തോന്നിയുള്ള ചെറിയ തട്ടലും മുട്ടലും പോലും ആലിംഗനമായി വാത്സ്യായനന്‍ കാണുന്നു. ചുംബനവും നഖക്ഷതങ്ങളും സ്പര്‍ശമാണ്. ജീവശാസ്ത്രപരമായി ഏറെ പ്രത്യേകതകളും സാധ്യതകളും നഖക്ഷതങ്ങള്‍ക്കുണ്ട്. നഖക്ഷതങ്ങള്‍ സുഖമുള്ള വേദനയാകുന്നത് അതുകൊണ്ടാണ്. ശിരസ്, മാറിടം, കൈകള്‍, തുടകള്‍, നാഭി,യോനി, നെറ്റി, വയര്‍,കക്ഷം, അരക്കെട്ടിന്‍റെ പിന്‍ഭാഗം, ജഘനം തുടങ്ങിയ ഭാഗങ്ങളില്‍ കാമന്‍ ഒളിഞ്ഞിരിക്കുന്നുവെന്നു കാമാശാസ്ത്രകാരന്‍ പറയുമ്പോള്‍ ഈ ഭാഗങ്ങളിലെ നാഡീഞരമ്പുകള്‍ക്ക് തലചോറുമായുള്ള സംവേദനക്ഷമത കൂടുതലാണെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുമുണ്ട്.
“ഓരോ ആലിംഗനവും
ഓരോ പൂര്‍ണതയാണ്.
പൂര്‍ത്തിയായ കൊത്തുപണിയാണ്.”
(കമലാ സുരയ്യ)

അതെ, പ്രണയം പൂര്‍ണമാകുന്നത് സ്പര്‍ശനത്തിലൂടെയാണ്.
ഇങ്ങനെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ എത്രയോ സൂക്ഷ്മകണങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രണയം സാധ്യമാകുന്നത്. പലരും പറയുന്നത് നമ്മള്‍ പ്രണയത്തിലേക്ക് വീണു എന്നാണ്. എന്നാല്‍ പ്രണയത്തിന്‍റെ ജീവശാസ്ത്രവും മനശാസ്ത്രവും പഠിക്കുന്നവര്‍ അതിനെ ഒരു വീഴ്ചയായിട്ടല്ല, ഉയര്‍ച്ചയായി തന്നെയാണ് കാണുന്നത്. പ്രണയത്തിന്‍റെ ഈ ജൈവികതയും ജീവശാസ്ത്രപരമായ അതിന്‍റെ തലങ്ങളും ഭൂമിയില്‍ പ്രണയമുണ്ടായകാലം മുതലേ ഇതുപോലെതന്നെ ഉണ്ടായിരുന്നുവെന്നതും സത്യമാണ്. പ്രപഞ്ചത്തില്‍ മാറ്റമില്ലാത്തത് മാറ്റത്തിനും പ്രണയത്തിന്‍റെ ജൈവീകതയ്ക്കും മാത്രമാണെന്ന് മാറ്റിയെഴുതേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു.

18 comments:

 1. വായിച്ചു ഇ -മഷിയിൽ

  ReplyDelete
 2. സ്നേഹം, അറിവുകള്‍ പകര്‍ന്നു തരുന്നതിനു.

  ReplyDelete
 3. സത്യമാണ്, ഒരാളുടെ കണ്ണിലൂടെയാണ് മറ്റൊരാളുടെ സൗന്ദര്യം ദർശിക്കാൻ സാധിക്കുന്നത്‌. അത്കൊണ്ടാണല്ലോ ഒരാളുടെ കണ്ണിലെ വിരൂപി മറ്റൊരാളുടെ കണ്ണിലെ സുന്ദരിയാവുന്നത്.

  തികച്ചും വ്യത്യസ്തമായ അറിവുകൾ പങ്കു വെച്ചതിനു നന്ദി ഡോക്ടർ.

  ReplyDelete
 4. പ്രണയ ശാസ്ത്രം...അറിവുകൾ തന്നു ആശംസകൾ

  ReplyDelete
 5. വിജ്ഞാനപ്രദമായ ലേഖനം... അതും ലളിതമായ ഭാഷയില്‍... ആശംസകള്‍ ഡോക്ടര്‍...

  ReplyDelete
 6. പ്രപഞ്ചത്തില്‍ മാറ്റമില്ലാത്തത് മാറ്റത്തിനും പ്രണയത്തിന്‍റെ ജൈവീകതയ്ക്കും മാത്രമാണെന്ന് മാറ്റിയെഴുതേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു.

  വസ്തുതകളെ വസ്തുതകളായി അംഗീകരിക്കണം.
  നന്നായി ലേഖനം

  ReplyDelete
 7. എനിക്കാണെങ്കിൽ ഈ പ്രണയഹോർമോൺ അളവിൽ കൂടുതൽ ഉണ്ടാരുന്നു. അത് ഏഴാം ക്ലാസ് മുതൽ അതിന്റെ വേല ചെയ്യാനും തുടങ്ങീരുന്നു!!!

  ReplyDelete
 8. വിജ്ഞാനപ്രദമായ ലേഖനം ..ആശംസകള്‍

  ReplyDelete
 9. ഓ...എന്റെ പ്രണയമേ....നിന്റെ ഒരു കാര്യം !!!
  നല്ല ലേഖനം

  ReplyDelete
 10. അറിവ് പകരുന്നത്

  ReplyDelete
 11. നല്ല ലേഖനം.. വിശദമായ അറിവുകൾ.!!!

  ReplyDelete
 12. നല്ല ഗംഭീരൻ ലേഖനം!!!!

  എന്തോരം അറിവുകളാ.????

  (ഒരു നീണ്ടമൌനമാണെങ്കില്‍ പോലും പ്രണയികള്‍ക്ക് അതൊരു പ്രത്യേക അനുഭൂതിയാണ്....)

  ഒന്നും മിണ്ടാനില്ലാതെ ചുമ്മ എയർട്ടെല്ലിനു പൈസ കൊടുത്തിരുന്നത്‌ ഓർത്ത്‌ പോകുന്നു.


  ആശംസകൾ ഡോക്ടർ!/!/!/!

  ReplyDelete
 13. ഇത്രയധികം പ്രണയിച്ചിട്ടും
  പ്രണയത്തിന്റെ രസതന്ത്രങ്ങൾ
  മുഴുവനായും ഇപ്പോൾ മനസ്സിലായി
  നന്ദി ഡോക്ട്ടറെ

  ReplyDelete
 14. ആദ്യമായിട്ടാണ് പ്രണയത്തെ കുറിച്ച് വേറിട്ടൊരു വായന...നല്ല ലേഖനം .

  ReplyDelete
 15. കണ്ണും,മനസ്സും‍.........
  പ്രണയത്തിന്‍റെ ഉറവിടങ്ങള്‍...
  നല്ലൊരു ലേഖനം
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete
 16. ഇപ്പോൾ തിരിച്ചറിഞ്ഞു....... കുറച്ചുനാളായി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഖേതു...അപ്പോ അവളെ വെറുതേ സംശയിക്കണ്ടല്ലേ!
  പുത്തൻ അറിവിനു നന്ദി.

  ReplyDelete
 17. സംഗതി നല്ല ക്ലാസ് ആയിട്ടുണ്ട്‌ ഡോക്ടറെ .....കുറച്ചു വ്യത്യസ്തമായ """ പ്രണയ """" ലേഖനം ....!!!!

  ReplyDelete
 18. വളരെ നന്നായിരിക്കുന്നു......

  ReplyDelete