Wednesday, 27 January 2016

പുതിയ ഭീഷണിയായി സിക്ക വൈറസ് (ZIKA VIRUS) (ആരോഗ്യം)
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പനി (YELLOW FEVER) തുടങ്ങിയവയുടെ ഗണത്തിലേക്ക്, അതേ കുടുംബത്തില്‍ നിന്നും മറ്റൊരു രോഗാണു കൂടി. സിക്ക വൈറസ് (ZIKA VIRUS). ലാറ്റിനമേരിക്കയില്‍ തുടങ്ങി ഇപ്പോള്‍ ഇരുപത്തഞ്ചോളം രാജ്യങ്ങളിലേക്ക് ഈ വൈറസ് പടര്‍ന്നുകഴിഞ്ഞു. ഗര്‍ഭസ്ഥശിശുക്കളുടെ തലച്ചോറിന്‍റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുന്ന ഈ വൈറസ്, ആ കാരണം കൊണ്ടുതന്നെയാണ് കൂട്ടത്തിലെ മറ്റുള്ളവയെക്കാള്‍ ഭീതിയുണര്‍ത്തുന്നതും. ഈ വൈറസ് പടരുന്ന രാജ്യങ്ങളിലെ സ്ത്രീകളോട് ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ രണ്ടുവര്‍ഷത്തേക്കെങ്കിലും ഗര്‍ഭിണിയാകാതെ ശ്രദ്ധിക്കണമെന്നും. ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും പരത്തുന്ന അതേ ഈഡിസ് ഈജിപ്തി (AEDES EGYPTI) വര്‍ഗ്ഗത്തില്‍പെട്ട കൊതുകുകള്‍ തന്നെയാണ് ഇതിന്‍റെയും വിതരണക്കാര്‍. അതിവേഗം പടരുന്ന ഈ വൈറസ് ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലെങ്കില്‍ പോലും, ഈഡിസ് കൊതുകുകളുടെ ഭീകരമായ സാന്നിധ്യം ആശങ്ക ഉളവാക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ ഈ വൈറസിനെ സംബന്ധിക്കുന്ന അടിസ്ഥാനവിവരങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് കരുതുന്നു.


  1. എന്തുകൊണ്ട് സിക്ക വൈറസിനെ ഭയക്കണം?


അസാധാരണമാം വിധം ചെറിയ തലയോടുകൂടി ജനിക്കുന്ന കുട്ടികളാണ് ഈ വൈറസിന്‍റെ ഭീകരതയെ പറ്റി ശാസ്ത്രലോകത്തെ ചിന്തിപ്പിച്ചത്. ഗര്‍ഭിണിയായ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് ഇത് വളരെവേഗം പകരുന്നു. തലച്ചോറിന്‍റെയും തലയോട്ടിയുടെയും വളര്‍ച്ചയെ തടസപ്പെടുത്തുന്നു. 
MICROCEPHALY
ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ ചെറുപ്രായത്തില്‍ മരിച്ചുപോകുകയോ ബുദ്ധിവളര്‍ച്ചയില്ലാതെ വളരുകയോ ചെയ്യും.


ഈ വൈറസിനെതിരെ മരുന്നുകളോ പ്രതിരോധവാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.


ബ്രസീലിലാണ് ഇതിപ്പോള്‍ ഏറ്റവും രൂക്ഷമായി പടരുന്നത്.അവിടെ  ഇക്കഴിഞ്ഞ നവംബര്‍ വരെ നാലായിരത്തോളം കുട്ടികള്‍ ഈ വൈറസ് കാരണം “കുഞ്ഞിത്തല” (MICROCEPHALY) യുമായി ജനിക്കുകയുണ്ടായി. 2014 ല്‍ ഇത് വെറും 146 ആയിരുന്നു. ഇതുവരെ 46 കുഞ്ഞുങ്ങള്‍ മരണമടഞ്ഞു.


     2. എങ്ങനെയാണ് ഇത് പകരുന്നത്?


രോഗമുള്ളയാളെ കടിക്കുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് ഈ രോഗം പരത്തുന്നത്.
AEDES EGYPTI LARVAE


അമേരിക്കയിലെ CENTRE FOR DISEASE CONTROL (CDC) നടത്തിയ പഠനത്തില്‍ പ്രസവസമയത്തും, രക്തദാനത്തിലൂടെയും, ലൈംഗികബന്ധത്തിലൂടെയും ഈ വൈറസ് പകര്‍ന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുലപ്പാലിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതുവഴി രോഗം പകരുമോയെന്നു സ്ഥിരീകരിച്ചിട്ടില്ല.


   3. ഇപ്പോള്‍ ഈ വൈറസ് പടരുന്ന രാജ്യങ്ങള്‍ ഏതൊക്കെ?


CDC യുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച് ഈ വൈറസ് പടരുന്ന രാജ്യങ്ങള്‍ ഇവയാണ്‌- Barbados, Bolivia, Brazil, Cape Verde, Colombia, Dominican Republic, Ecuador, El Salvador, French Guiana, Guadeloupe, Guatemala, Guyana, Haiti, Honduras, Martinique, Mexico, Panama, Paraguay, Puerto Rico, Saint Martin, Suriname, Samoa, the U.S. Virgin Islands and Venezuela
ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു വന്നവരിലൂടെ അമേരിക്കയിലും ഇത് എത്തിയിട്ടുണ്ട്.


      
4. എങ്ങനെ ഈ വൈറസ് പിടികൂടാതെ / പടരാതെ തടയാം?


ഇന്ത്യയില്‍ ഇല്ലാത്ത മഞ്ഞപ്പനിയും സിക്ക വൈറസിന്‍റെ കുടുംബത്തിലെ അംഗമാണെങ്കിലും, മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന എല്ലാവര്‍ക്കും മഞ്ഞപ്പനിയുടെ പ്രതിരോധവാക്സിന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മഞ്ഞപ്പനിക്കാരന്‍ അതിര്‍ത്തി കടന്നിങ്ങ് വരാത്തതും. എന്നാല്‍ സിക്ക വൈറസിനെതിരെ വാക്സിനുകളൊന്നും കണ്ടെത്തിയിട്ടില്ല. നിലവില്‍ ഈ രോഗമുള്ള രാജ്യങ്ങളിലേക്ക് പോകാതിരിക്കുക മാത്രമാണ് ശക്തമായ പ്രതിരോധം. പക്ഷെ അങ്ങോട്ടേക്ക് പോകേണ്ടിവരുന്നവരോട് ചില മുന്‍കരുതലുകള്‍ എടുക്കാന്‍ CDC നിര്‍ദ്ദേശിക്കുന്നുണ്ട്.
  1. Use an EPA-approved repellent over sunscreen (കൊതുകുകളെ ചെറുക്കുന്ന ക്രീമുകള്‍)
  2. Wear long pants and long-sleeved shirts thick enough to block a mosquito bite
  3. sleep in air-conditioned, screened rooms, among others 


BRAZILIAN SOLDIERS APPLYING MOSQUITO REPELLENT
രോഗമുള്ളവര്‍ മറ്റുള്ളവരിലേക്ക് ഇത് പടര്‍ത്താതെ നോക്കണം. അതിനും കൊതുക് കടി കൊള്ളാതെ നോക്കുകയേ വഴിയുള്ളൂ. ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തില്‍, അതും ഒരു സ്പൂണ്‍ വെള്ളത്തില്‍ പോലും വളരുന്നവയാണ്. ഇവര്‍ പകല്‍ സമയങ്ങളിലാണ് കടിക്കാറ്. ആ സമയങ്ങളില്‍ വീടിനുള്ളിലേക്ക് കൊതുകുകള്‍ കടക്കാനുള്ള സാദ്ധ്യതകള്‍ ഒഴിവാക്കുക. വീടിനുള്ളില്‍ പൂപ്പാത്രത്തിലെയും ഫ്രിഡ്ജിലെയും വെള്ളം എന്നും മാറ്റണം. കൊതുകുവലകള്‍ ശീലമാക്കുക.


      5. എന്താണ് രോഗലക്ഷണങ്ങള്‍?


രോഗമുള്ളവരില്‍ പനി, തലവേദന, തൊലിപ്പുറത്ത് പാടുകള്‍ (RASHES) ചിലപ്പോള്‍ കണ്ണില്‍ ചുമപ്പ് ഒക്കെയാണ് ലക്ഷണങ്ങള്‍. എന്നാല്‍ 80% രോഗികളിലും രോഗലക്ഷണങ്ങള്‍ ഒന്നും കാണാറില്ല.


വിവിധ ലോകസംഘടനകളുടെ നേതൃത്വത്തില്‍ ഈ വൈറസിന്‍റെ പകര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വാക്സിനും മരുന്നും കണ്ടെത്താന്‍ ശാസ്ത്രലോകവും തിരക്കിട്ട് ശ്രമിക്കുന്നു. അവരുടെ ശ്രമങ്ങള്‍ ഫലവത്താകട്ടെ എന്ന് പ്രത്യാശിക്കാം.


ശ്രദ്ധിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ഒരു തലമുറയുടെ ജനനത്തെയും നിലനില്‍പ്പിനെയും തന്നെ മാരകമായി ബാധിക്കാവുന്ന ഒന്നാണ് സിക്ക വൈറസ്. നമ്മള്‍ ഇന്ത്യയിലുള്ളവര്‍ ഇപ്പോള്‍ സുരക്ഷിതരാണെങ്കിലും മറ്റുരാജ്യങ്ങളില്‍, പ്രത്യേകിച്ചും മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളില്‍, ജീവിക്കുന്ന ഇന്ത്യക്കാര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ഈ രോഗം പകരാതിരിക്കാനുള്ള സകല മുന്‍കരുതലുകളും എടുക്കേണ്ടതാണ്.
എന്താണ് സിക്ക- വീഡിയോ കാണാം.


വിവരങ്ങള്‍ക്ക് കടപ്പാട്- CNN, CDC
ചിത്രങ്ങള്‍- CNN
സിക്ക അപ്ഡേറ്റ്സ്


മാതൃഭൂമി ഫെബ്രുവരി 7, 2016

ഫെബ്രുവരി 8, മാതൃഭൂമി

THE HINDU, FEBRUARY 7
കേരളത്തിലുള്‍പ്പടെ 10 രോഗനിര്‍ണ്ണയകേന്ദ്രങ്ങള്‍ വരുന്നു.2016 സെപ്റ്റംബര്‍ 8

സിക്ക ഭീഷണിയില്‍ ഇന്ത്യ..!!

സിംഗപ്പൂരിലെ പതിമൂന്നു ഇന്ത്യക്കാരില്‍ കഴിഞ്ഞദിവസം സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലേക്ക് ഈ രോഗം പടരുവാനുള്ള വളരെ കൂടുതലാണെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നുണ്ട്. Lancet Infectious Diseases എന്ന സംഘടന ഇന്ത്യയില്‍ സമീപഭാവിയില്‍ ഈ വൈറസിന്‍റെ അതിവേഗസംക്രമണത്തിനുള്ള (EPIDEMC) സാധ്യത സൂചിപ്പിച്ചിട്ടുണ്ട്. പല കാരണങ്ങളാണ് ഇതിനവര്‍ ചൂണ്ടിക്കാണിക്കുന്നത്,

1. സിക്ക വൈറല്‍ രോഗമുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണക്കൂടുതല്‍
2.രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ അമിതമായ സാന്നിധ്യം
3.വൈറസിന്‍റെ വളര്‍ച്ചക്കുതകുന്ന കാലാവസ്ഥ
4. ജനപ്പെരുപ്പം
5.ആരോഗ്യമേഖലയുടെ പരിമിതികള്‍

തുടങ്ങി നിരവധി കാരണങ്ങള്‍ അവരിതിനായി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, നൈജീരിയ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ ഹോട്ട്ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കുന്നുണ്ട്.
     1. ഗര്‍ഭിണികള്‍ സിംഗപ്പൂര്‍ യാത്ര ഒഴിവാക്കുക. സാധ്യമല്ലെങ്കില്‍ ഡോക്ടറോട് സംസാരിച്ചു രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക
     2.പങ്കാളികള്‍ സിംഗപ്പൂരില്‍ താമസിക്കുന്നവരോ, യാത്ര ചെയ്തവരോ ആണെങ്കില്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ലൈംഗിക ബന്ധം ഒഴിവാക്കുക. അല്ലെങ്കില്‍ കോണ്ടം ഉപയോഗിക്കുക.
     3.കൊതുകുകടി ഒഴിവാക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും കൈക്കൊള്ളുക.

തുടർന്ന് വായിക്കുക...

Sunday, 3 January 2016

ഡോക്ടർമാർ രോഗികൾക്ക് വേണ്ടി തന്നെ (ആരോഗ്യം)


മനോരമയിലെ ഡോക്ടര്‍മാരെയും ആരോഗ്യരംഗത്തെയും കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി
--------------------------------------------------------------------ഡോക്ടർമാർ രോഗികൾക്ക് വേണ്ടി തന്നെ


ഡോക്ടർമാരുടെ പ്രതിബദ്ധത എന്നും സമൂഹത്തിനോടും, രോഗിയോടും തന്നെയാണ്. 100 ശതമാനം പെര്‍ഫെക്റ്റ്‌ ആയ ഒരു സംവിധാനവും ഈ പ്രപഞ്ചത്തിലില്ല. അതുപോലെതന്നെയാണ് വൈദ്യശാസ്ത്രവും. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക തന്നെ വേണം. പക്ഷെ അതൊക്കെ മുഴുവന്‍ മെഡിക്കല്‍ സമൂഹത്തിന്‍റെയും മനോധൈര്യം തകര്‍ത്തുകൊണ്ടാകരുത്. ഡോക്ടർമാർക്കു നേരയൂള്ള പല കുറ്റപെടുത്തലും അകാരണമാണെന്നു പറയാതെ വയ്യ.


ചികിത്സ ചിലവ് എന്നും പിടിച്ചു നിറുത്തിയിരുന്നത് ചെറിയ ആശുപത്രികളും, കുടുംബ ഡോക്ടറുമാണ്. ത്രിതല ശൈലി നമുക്ക് അനിവാര്യമാണ്. കുടുംബ ഡോക്ടറെ ആദ്യം കാണുക, റഫർ ചെയ്താൽ മാത്രം വലിയ ആശുപത്രികളിൽ പോവുക. രോഗങ്ങൾ പ്രതിരോധിക്കുവാനുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക. സമീപ കാലത്ത് 500 ലധികം ചെറിയ ആശുപത്രികൾ പൂട്ടി പോയിട്ടുണ്ട്. സർക്കാർ എയ്ഡും , നികുതി ഇളവുകളും വഴി ഇവ നിലനിറുത്തിയെ മതിയാകൂ. ഡോക്ടർമാർ നടത്തുന്ന ചെറിയ ആശുപത്രികൾ അധികവും കച്ചവട കണ്ണിലാതെ തന്നെ ചികിത്സിക്കും. മരണ ശേഷവും വെന്റിലേറ്റർ ചികിത്സ നടന്നുവെങ്കിൽ തെളിവ് ഉടൻ IMA ക്കും മെഡിക്കൽ കൌണ്‍സിലിനും നല്കണം. നടപടി ഉറപ്പായും ഉണ്ടാവും. നൈതികമല്ലാത്ത ചികിത്സക്ക് ഒരു ഡോക്ടറും കൂട്ട് നിൽക്കില്ല, അത് അനുവദിക്കുകയുമില്ല.


ജനറിക് മരുന്നുകളുടെ പേരിൽ ഡോക്ടർമാരെ പഴിക്കുന്നത് ശരിയല്ല. സമൂഹത്തിലെ ഉന്നതർ എന്തിനു ബ്രാൻഡ് മരുന്നുകൾ ഉപയോഗിക്കുന്നു? ഡോക്ടർമാർ സ്വന്തം ആവശ്യത്തിനും ബ്രാൻഡ്‌ തന്നെ ഉപയോഗിക്കുന്നത് ഇവയ്ക്കു കൂടുതൽ ഗുണം ഉള്ളത് കൊണ്ടു തന്നെ. സ്വന്തം കുടുംബത്തിനു കൊടുക്കുന്ന മരുന്ന് സ്വന്തം രോഗിക്കും കൊടുക്കാം എന്ന് കരുതന്നതും ഇതിനാൽ തന്നെ. നിലവിലെ സർക്കാർ സംവിധാനത്തിന് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാൻ കഴിയുന്നില്ല. എല്ലാ മരുന്നുകൾക്കും തുല്യ നിലവാരം ഉറപ്പു നൽകാമെങ്കിൽ ജനറിക്ക് മരുന്ന് എഴുതാൻ തയ്യാറെന്ന് IMA നിരവധി തവണ വ്യക്തമാക്കിയിട്ടുളതാണ്. നിലവിൽ ജനറിക്ക് മരുന്ന് എഴുതിയാൽ ഏതു കൊടുക്കണം എന്ന് മെഡിക്കൽ സ്റ്റോറിൽ എടുത്തു കൊടുക്കുന്ന ആളാകും തീരുമാനിക്കുക. മരുന്നിന് എന്തെങ്കിലും റിയാക്ഷനോ മറ്റോവന്നാല്‍ നിങ്ങള്‍ ആരെയായിരിക്കും കുറ്റപ്പെടുത്തുക? രോഗം മാറ്റുവാൻ ഉത്തരവാദി ആയ ഡോക്ടർ ഇതു തീരുമാനിക്കുനതാകില്ലേ ഉചിതം. IMA ആവശ്യപ്പെടുന്നത് സർക്കാർ തന്നെ ഗുണമുള്ള മരുന്ന് ഉത്പാദിപ്പിച്ചു പൊതു ശൃംഖലവഴി നല്കണം എന്നാണ്. എല്ലാ മദ്യകുപ്പിയിലും മുദ്ര പതിപ്പിച്ചു, സ്വന്തം ശൃംഖല വഴി നൽകാമെങ്കിൽ മരുന്നിന്‍റെ കാര്യത്തിലും ഇതു അസാധ്യമല്ലല്ലോ? ചൊവ്വയില്ലേക്ക് ഉപഗ്രഹം അയക്കുന്ന രാജ്യത്തിനു മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ സാധിക്കില്ലേ? വേണ്ടത് രാഷ്ട്രീയ ഇഛാശക്തിയാണെന്ന് മാത്രം.


മരുന്നുകളുടെ ഭീമാമായ വിലക്ക് ഉത്തരവാദി ആരെന്നു നാമറിയണം. രാസ - വളം വകുപ്പിനു കീഴിലുള്ള NPPA (national pharmaceutical pricing authority ) ആണ് മരുന്നിന്‍റെയും വില നിയന്ത്രിക്കുന്നത്‌, ഡോക്ടർമാർ അല്ല. ഉത്പാദന ചിലവിനനുസരിച്ച് മാത്രം വില നിശ്ചയിക്കുവാൻ ഇവര്‍ക്ക് കമ്പനികളോട് നിർദേശിക്കാൻ കഴിയില്ലേ? സാധാരണ ഉപയോഗത്തിനു വേണ്ട മരുന്നുകൾ വില നിയന്ത്രണ പട്ടികയിൽ കൊണ്ട് വന്നു കൂടെ? ഇവർ സ്വാധീനത്തിന് വഴങ്ങുന്നുണ്ടോ? വില നിയന്ത്രണത്തിന് വേണ്ടതും രാഷ്ട്രീയ ഇഛാശക്തി തന്നെ.

രോഗികളോടും, സമൂഹത്തിനോടും ഏറ്റുവും പ്രതിബദ്ധത പുലർത്തിയാണ് ഡോക്ടര്മാരും, IMA യും പ്രവർത്തിക്കുന്നത്. നേപാളിലും, ചെന്നൈ യിലും അടക്കം നിരവധി മെഡിക്കൽ ക്യാമ്പുകൾ, സ്കൂളുകളെയും,ഗ്രാമങ്ങളെയുംദത്തെടുക്കുന്ന പദ്ധതി, നിർദ്ധന രോഗികൾക്കുള്ള ചികിത്സാ നിധി, വയോജന, സാന്ത്വന ശുശ്രുഷ, രക്ത ബാങ്കുകൾ തുടങ്ങി നിരവധി പദ്ധതികളാണ് ഡോകടർമാരുടെ സന്നദ്ധ സേവനത്തിലൂടെ IMA നടത്തുന്നത്. മെഡിക്കൽ രംഗത്തെ പരാതികൾ പരിഹരിക്കുവാൻ നൈതികസമിതിയും, പരാതി പരിഹാര വേദിയും IMA നടത്തുന്നുണ്ട്. ഇവ ഉപയോഗിച്ച് തെറ്റുകാരായ ന്യൂനപക്ഷത്തെ കൂടി തിരുത്തുകയാണ് വേണ്ടത്. അതിനു മെഡിക്കൽ സമൂഹം തയ്യാറുമാണ്.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ആത്മാർത്ഥവും, സത്യസന്ധവുമായി ജോലിചെയ്യുന്ന ഭൂരിപക്ഷം വരുന്ന ഡോക്ടർമാരുടെ മനോധൈര്യം ചോരാതെ നോക്കേണ്ട ഉത്തരവാധിത്വം കൂടി സമൂഹത്തിനുണ്ട്. ഡോക്ടര്‍മാരും സമൂഹവും ഒരുമിച്ചുനിന്നാലല്ലാതെ ഇതിന് മാറ്റംവരുത്താന്‍ സാധിക്കില്ല.

കടപ്പാട്- ഡോ.ശ്രീജിത്ത്‌.എന്‍.കുമാര്‍

തുടർന്ന് വായിക്കുക...