മൂന്നിലും നാലിലുമൊക്കെ പഠിക്കുന്ന സമയത്ത്, ഞാന്‍ പഠിച്ചിരുന്ന എല്‍.പി.സ്കൂളിന്റെ മതിലിന് പുറത്ത് ഉച്ചനേരമാകുമ്പോള്‍ ഒരു കാരയ്ക്ക അമ്മച്ചി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഉപ്പിലിട്ട കാരയ്ക്ക, നെല്ലിക്ക, ലൗലോലിക്ക, ചാമ്പക്ക, ഇഞ്ചിമുട്ടായി, തൂക്കുപടി മുട്ടായി തുടങ്ങി കുട്ടികളെ ആകര്‍ഷിക്കാനുള്ള സകല സാധന സാമഗ്രികളുമായിട്ടായിരുന്നു അമ്മച്ചിയുടെ വരവ്. ഉച്ചക്ക് സ്കൂളില്‍നിന്നുമുള്ള കഞ്ഞിയുംപയറും അകത്താക്കിയാലുടനെ വായ കഴുകിയെന്ന് വരുത്തി ഒരൊറ്റ ഓട്ടമാണ്, അമ്മച്ചിയുടെ പ്ലാസ്റ്റിക് ചാക്കുവിരിച്ച മുട്ടായിച്ചന്തയിലേക്ക്. ഞാനും പോകും. നവജീവന്‍ ഹോമില്‍ നിന്നും വരുന്ന തോമസ്, ക്ലാസ്സില്‍ എന്റെ അടുത്തിരിക്കുന്നവനും തല്ലുകൊള്ളിയും സര്‍വോപരി ദാനധര്മ്മിഷ്ഠനുമായിരുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ദരിദ്രരായ കുട്ടികളെ വിദ്യാഭ്യാസം നല്‍കാനായി ദത്തെടുത്ത് പോറ്റുന്ന സ്ഥാപനമാണ് നവജീവന്‍ ഹോം. കൈവെള്ളപോലും വിയര്‍ക്കാറുള്ള തോമസിന്റെ നനഞ്ഞ പോക്കറ്റില്‍ കുറഞ്ഞത് പത്തുപൈസയെങ്കിലും ദിവസവും ഉണ്ടാകും. അവനതെവിടുന്നു കിട്ടുന്നതാണെന്ന് എനിക്കറിയില്ല. പത്തുപൈസയ്ക്ക് രണ്ടു കാരയ്ക്ക, അല്ലെങ്കില്‍ രണ്ടു ചാമ്പക്ക, ഒരിഞ്ചി മുട്ടായി അങ്ങനെ എന്തെങ്കിലും അവനെന്നും വാങ്ങും. അതിന്റെ പകുതി ഞാന്‍ ആര്‍ത്തിയോടെ അകത്താക്കുകയും ചെയ്യും. ഒരന്നാന്തരം കൊതിയനായിരുന്നെങ്കിലും സ്കൂളില്‍ പൈസ കൊണ്ടുപോകുന്ന ശീലമില്ലാത്തതിനാല്‍ എന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ദാനശീലന് തന്റെ കുംഭകര്‍ണ്ണസേവ വിട്ടുണര്ന്നതേയില്ല. എനിക്ക് കിട്ടുന്ന പൈസയെല്ലാം ഞാനെന്റെ കാശിക്കുടുക്കയില്‍ സ്ഥിരനിക്ഷേപം നടത്തും. ഉജാല വാങ്ങുന്ന, ഉരുണ്ടകഴുത്തിനുകീഴെ ആകെച്ചപ്പിയ നീലപ്ലാസ്റ്റിക് കുപ്പികളായിരുന്നു അക്കാലത്ത് എന്റെ കാശിക്കുടുക്കകള്‍. എന്നിട്ട് എല്ലാദിവസവും നിരവധി തവണ കുലുക്കിനോക്കും. അതിന്റെ കിലുകിലെന്നുള്ള കിലുക്കത്തില്‍ കുബേരപുളകിതനാകും.
ഉജാലപ്പോണിയുടെ അടിയില്‍ കത്തികൊണ്ട് വരഞ്ഞുവരഞ്ഞു ഒറ്റനാണയം മാത്രം കടക്കുന്ന ഒരോട്ടയുണ്ടാക്കിയാണ് അതിനെ കുടുക്കയായി പരിവര്‍ത്തനം ചെയ്യിക്കുന്നത്. ഡയമണ്ട് ആകൃതിയിലുള്ള അഞ്ചുപൈസ, പൂ പോലുള്ള പത്തുപൈസ, സമഷഡ്ഭുജാകൃതിയില്‍ ഇരുപതുപൈസയൊക്കെ നിലവിലുള്ള കാലമാണ്. ഇവയെല്ലാം തന്നെ അലുമിനിയം അലോയ് കൊണ്ടുണ്ടാക്കിയതായിരുന്നു. ഇരുപത്തഞ്ചിന്റെയും അമ്പതിന്റെയും ഒരുരൂപയുടെയുമൊക്കെ ചെമ്പുതുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എന്റെ ഉജാലബാങ്കിനെ സംബന്ധിച്ച്, അതൊക്കെ അന്യന്റെ പറമ്പിലെ തേങ്ങപോലെയായിരുന്നു. അതിമോഹ വിദൂരദര്‍ശനം മാത്രം.
അക്കാലത്തെ എന്റെ സാമ്പത്തികസ്രോതസ്സുകള് വളരെ ആയാസം നിറഞ്ഞതായിരുന്നു. പരിസരത്തെ ഏതുവീട്ടുകാര്‍ക്കും ഏതുസമയത്തും എന്തുസാധനം വാങ്ങണമെങ്കിലും ഞാന്‍ റെഡി. പലപ്പോഴും പാചകം പകുതിയാകുമ്പോഴായിരിക്കും അയ്യോ! കടുകില്ലല്ലോ, മസാലയില്ലല്ലോ, വെളിച്ചെണ്ണ തീര്‍ന്നല്ലോ എന്നൊക്കെ പലരും തിരിച്ചറിയുന്നത്. മുറ്റത്തുകളിക്കുന്ന സ്വന്തം മക്കളെ അല്പനേരത്തേക്കെങ്കിലും മറന്നുകൊണ്ട്, അടുക്കളയില്‍ നിന്നുതന്നെ എന്റെ പേരുറക്കെവിളിക്കും. കേള്ക്കേണ്ടതാമസം ഞാനങ്ങോട്ടോടും. നട്ടുച്ചയ്ക്ക് സ്വന്തം മക്കളെ വെയിലുകൊള്ളിക്കാന്‍ എതൊരമ്മയും സ്വാഭാവികമായും ഭയക്കും. ആ ഭയം ഞാന്‍ മുതലാക്കും. ഒരുപ്രാവശ്യം കടയില്‍ പോകുന്നതിന് പത്തുമുതല്‍ മുപ്പതുപൈസവരെ ഞാന്‍ പ്രതിഫലം ചോദിച്ചുവാങ്ങും. നെല്‍പ്പാടങ്ങളും വരമ്പുകളും തോടുകളുമൊക്കെ കടന്നു പലവഴിതാണ്ടിപ്പോയി ചുരുങ്ങിയനേരംകൊണ്ട് സാധനം വാങ്ങിയിട്ടുവരുന്നത് ചില്ലറ കാര്യമല്ല. അതുകൊണ്ട് സാധനം വാങ്ങുന്നത് കടം പറഞ്ഞിട്ടാണെങ്കില്‍ പോലും എന്നോട് കടംപറയുന്നതിന്റെ പരിണതഫലങ്ങള്‍ ഗുരുതരമായതിനാല്‍ ആരുമതിന് മുതിരാറില്ല. വല്ലപ്പോഴും ഒരു കപ്പലണ്ടി മുട്ടായിയും തീരെ നിവൃത്തിയില്ലാതെ വരുമ്പോള്‍മാത്രം ഒരു പെന്‍സിലും വാങ്ങുന്ന എനിക്ക് മറ്റു ചെലവുകളൊന്നുമില്ല. ഒരത്യാവശ്യത്തിന് വീട്ടുകാരാരെങ്കിലും ചോദിച്ചാല്‍ കൊടുത്തു സഹായിക്കുന്ന ദുശീലം തീരെയില്ല. അതൊക്കെകൊണ്ടുതന്നെ എന്റെ ഉജാല ബാങ്ക് എന്നും നിറവിന്റെ ഭണ്ടാരമായിരുന്നു.
മൂന്നാംതരത്തില്‍ പഠിക്കുമ്പോള്‍, ക്ലാസില്‍ മിക്ക കുട്ടികള്‍ക്കും ഒടിഞ്ഞ സ്ലേറ്റ് പെന്സിലിടാന് ഒരു കുഞ്ഞുപെട്ടിയുണ്ടായിരുന്നു. തോമസിനും നവജീവനില്‍ നിന്നുവരുന്നവര്ക്കാര്ക്കും അങ്ങനൊരാഡംബരം ഇല്ലായിരുന്നെങ്കിലും എനിക്കതില്ലാത്തതില് ഞാന്‍ സങ്കടപ്പെട്ടു. വിഷയം വീട്ടിലവതരിപ്പിച്ചപ്പോള്‍ മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ''ഒന്ന് പോടാര്‍ക്കാ.." എന്ന് ഒട്ടും ദാക്ഷിണ്യമില്ലാതെ കൈമലര്‍ത്തി. ചിലതൊക്കെ ആഗ്രഹിച്ചുപോയാല്‍ പിന്നെ, അതെത്രയും പെട്ടന്ന് സാധിച്ചെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ഒരസ്വസ്ഥത അന്നേ എന്റെ ദൗര്‍ബല്യമാണ്. മറ്റു നിവൃത്തിയൊന്നുമില്ലാതായപ്പോള് അന്നാദ്യമായി ഞാനെന്റെ ഉജാല ബാങ്ക്, അതിന്റെ കഴുത്തിനുതാഴെ കറിയറപ്പോത്തി കൊണ്ട് കുത്തിത്തുറന്നു. എല്ലാം അഞ്ചോ പത്തോ ഇരുപതോ പൈസത്തുട്ടുകള്‍. മൊത്തം അഞ്ചു രൂപ ഇരുപത്തഞ്ചു പൈസയുണ്ട്.
നിരവധി കടകള്‍ കയറിയിറങ്ങി അവസാനം ഒരു കിലോമീറ്ററിലധികം നടന്നു, കമ്പനിമുക്കിലൊരു കടയില്‍ എന്റെ കയ്യിലെ കാശിലൊതുങ്ങുന്ന ഒരു പ്ലാസ്റിക് പെട്ടി, ഇന്നിപ്പോള്‍ ആള്ക്കാര് കണ്ണടയൊക്കെ ഇട്ടുസൂക്ഷിക്കുന്ന മാതിരി ഓരെണ്ണം കണ്ടെത്തി. വില നാലര രൂപ. ഹോ! എന്റെ ഇളം നെഞ്ചൊന്നുപിടഞ്ഞു. എണ്ണിക്കൊടുക്കേണ്ടത് വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ്. പോക്കറ്റില്നിന്നും ഒരുപിടി ചില്ലറവാരി പലവ്യഞ്ജനപ്പെട്ടിയുടെ പടിയില്‍വച്ചു എണ്ണിത്തുടങ്ങുമ്പോഴായിരുന്നു, കടയുടെ ഒരു മൂലയില്‍ പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ ഒരു ചുമന്ന മണ്കുടുക്ക എന്റെ കണ്ണിലുടക്കുന്നത്. ഒരു റബ്ബര്‍ പന്തിനെക്കാളും അല്പംകൂടി വലുത്. ഞാനതിന്റെ വില ചോദിച്ചു. അഞ്ചുരൂപ! കണ്ഫ്യൂഷന് എന്ന വാക്കോ അതിനര്‍ത്ഥമോ അന്നു പഠിച്ചിട്ടില്ലെങ്കിലും അടുത്ത അഞ്ചുമിനിട്ടോളം ഞാനതിന്റെ പരകോടിയിലായിരുന്നു. മനസിലൊരു വടംവലിതന്നെ നടന്നു. കുടുക്ക ഇങ്ങോട്ടുവലിക്കുമ്പോള് പെന്‍സില്‍ബോക്സ് അങ്ങോട്ട് വലിക്കും. ഒടുവില്‍ സ്ലേറ്റ് പെന്‍സില്‍ പോക്കറ്റില്‍ കിടന്നാല്‍ മതിയെന്നങ്ങു തീരുമാനിച്ചു. പൈസയിടാന്‍ പൈസകൊടുത്ത് ഒരു കുടുക്ക വാങ്ങുന്ന കാര്യം അന്നോളം ചിന്തിച്ചിട്ടുകൂടിയില്ല. അധികമുണ്ടായിരുന്ന ഇരുപത്തഞ്ചുപൈസയായിരുന്നു പുതിയ ധനസംഭരണിയിലെ ആദ്യനിക്ഷേപം.
ലോവര്‍ പ്രൈമറിയില്‍ നിന്നും ജയിച്ച് അപ്പറിലേക്ക്, വെള്ളനാട് സ്കൂളിലേക്ക്, മാറിപ്പോയപ്പോള്‍ ജീവിതച്ചിലവ് പെട്ടന്നുകൂടി. സ്ലേറ്റിന്റെ സ്ഥാനം നോട്ട്ബുക്കുകളും സ്ലേറ്റ് പെന്സിലിന്റെത് പേനയും കാര്‍ബണ്‍ പെന്‍സിലും, മഷിത്തണ്ടിന്റെത് റബ്ബര്കട്ടയും കയ്യടക്കിയതോടെ സാമ്പത്തികസ്ഥിതിയാകെ ഉലഞ്ഞു. പിന്നെ അന്നോളം കേട്ടിട്ടില്ലാത്ത ഡ്രോയിംഗ് ക്ലാസ്, തയ്യല്‍ ക്ലാസ്, സംഗീതക്ലാസ് (അതും ഞാന്‍!) അങ്ങനെ പലതും. ഇതിനൊക്കെയുള്ള ബുക്കും തുണിയും സൂചീം നൂലുമൊക്കെ നമ്മള്‍തന്നെ വാങ്ങണം. സര്‍ക്കാര്‍വക സൗജന്യവിദ്യാഭ്യാസം എന്റെ കുടുക്കനിക്ഷേപങ്ങളെ ദാരുണമായി കൊള്ളയടിച്ചെന്നു പറഞ്ഞാ മതിയല്ലോ. സ്കൂളില്‍ പോകുന്നത് സമയനഷ്ടത്തിനൊപ്പം ധനനഷ്ടവുമുണ്ടാക്കുമെന്നത് സങ്കടകരം തന്നെ. പഠിത്തം നിര്‍ത്തിയാലോ എന്നൊക്കെ ഞാന്‍ സീരിയസ്സായിട്ട് ചിന്തിച്ചും തുടങ്ങിയിരുന്നു. പക്ഷെ ആ മണ്കുടുക്ക പൊട്ടിക്കാന്‍ മാത്രം മനസ്സുവന്നില്ല. പൊട്ടിച്ചാല്‍ മറ്റൊന്നുവാങ്ങാന് വകയില്ല. അതുകൊണ്ട് ഈര്‍ക്കിലിന്റെ അറ്റത്ത് ചക്കയരക്ക് പുരട്ടി കുടുക്കയില്‍ കടത്തി, അതിവിദഗ്ദനായ ഒരു മോഷ്ടാവിനെ പോലെയായിരുന്നു കാശെടുത്തിരുന്നത്. ആ പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചുനില്ക്കാന് മറ്റുചില സാമ്പത്തികശ്രോതസ്സുകള് കൂടി ഞാന്‍ കണ്ടെത്തിയിരുന്നു. സ്കൂളില്ലാത്തപ്പോള് പാടത്തും പറമ്പിലും നടന്ന് കുടങ്ങല്‍ പുല്ല് (ഒരു തരം പച്ചമരുന്ന്. നാഡീരോഗങ്ങള്‍ക്ക് ബെസ്റ്റാ) പറിച്ചു വെയിലത്തിട്ടുണക്കി വെള്ളനാട് ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതായിരുന്നു ഒന്ന്. ഉണക്കപ്പുല്ല് കിലോയ്ക്കന്ന് പതിനഞ്ചു മുതല്‍ ഇരുപത് രൂപവരെ കിട്ടും. പക്ഷെ ഒരു രണ്ടാഴ്ചയെങ്കിലും കാടും മേടും താണ്ടി നടന്നാലേ ഈ ഒരു കിലോ കുടങ്ങലുണ്ടാകൂ. സീസണ് സമയത്ത് വയലേലകളില്‍ ഞാറിളക്കാനും കളപറിക്കാനും പോകുന്നതായിരുന്നു മറ്റൊന്ന്. അന്നൊക്കെ ചാങ്ങയിലും പരിസരങ്ങളിലും നിറയെ നെല്‍കൃഷിയൊക്കെ ഉണ്ടായിരുന്നതാണ്. നെല്ലുവിളഞ്ഞിരുന്ന പാടങ്ങളിലിന്ന് ഭൂതകാലമോര്‍ത്ത് കരയുന്ന മരങ്ങളാണ്.
![]() |
കുടങ്ങല്‍ പുല്ല് |
'കാശിക്കുടുക്കവിപ്ലവം' എന്ന് വെള്ളനാട്ടെ ശിലാഫലകങ്ങളില്‍ ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആ ചരിത്രസംഭവം പൊട്ടിപ്പുറപ്പെട്ടത് ആ കാലഘട്ടത്തിലാണ്. വെള്ളനാട് സര്‍വീസ് സഹകരണബാങ്കായിരുന്നു ആ വിപ്ലവകാരി. ഭദ്ര ടാക്കീസിലെ ആഴ്ചപ്പടം മാറുന്നതറിയിക്കാന് ഉച്ചഭാഷിണിയുമായി നാടുചുറ്റുന്ന ട്രക്കറിനു പുറകെ വിപ്ലവസന്ദേശവുമായി ബാങ്കിന്റെ ജീപ്പും നോട്ടീസുകള്‍ വിതറിക്കൊണ്ട് മാറ്റത്തിന്റെ പൊടിപറത്തി. തേന്മാവിന് കൊമ്പത്തിന്റെയും വിപ്ലവക്കുടുക്കയുടെയും നോട്ടീസുകള്‍ക്കായി ഞങ്ങള്‍ വണ്ടികളുടെ പിറകേ ഓടി. അമ്പതുരൂപ ആദ്യമേ മുടക്കാന്‍ തയ്യാറുള്ള എല്ലാവീടുകളിലും ബാങ്ക് തകരംകൊണ്ടു നിര്‍മ്മിച്ച, ഉച്ചിയില്‍ ഓട്ടയും പള്ളയില്‍ പൂട്ടുമുള്ള കാശിക്കുടുക്കകള്‍ സ്ഥാപിച്ചു. ഓരോ ബാങ്കക്കൗണ്ടും നല്കി. കുടുക്കയുടെ താക്കോല്‍ ബാങ്കുതന്നെ സൂക്ഷിക്കും. വീട്ടുകാര്‍ ആ കുടുക്കയില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കണം. എല്ലാമാസവും ബാങ്കിന്റെ പ്രതിനിധി വീട്ടിലെത്തി കുടുക്കതുറന്ന്, ചില്ലറകളെല്ലാം എണ്ണിത്തിട്ടപ്പെടുത്തി പാസ്ബുക്കിലത് രേഖപ്പെടുത്തി, കുടുക്ക പൂട്ടി താക്കോലും കാശുമായി മടങ്ങും. ബാങ്കുകാര് അറിയാതെ ഞാനും ഈ വിപ്ലവത്തിന്റെ ഭാഗമായിട്ടുണ്ട്. ഇളയമാമന്റെ ഭാര്യ ബാങ്കിന്റെ കുടുക്ക കളക്ഷന്‍ എജന്റായിരുന്നു. ഇന്നത്തെ എല്‍.ഐ.സി. ഏജന്റിന്റെ ഒരു പവറായിരുന്നു അന്നതിന്. സ്കൂള്‍ ഒഴിവുള്ള ദിവസങ്ങളില്‍ എന്നെയുംകൂട്ടിയായിരുന്നു ബാങ്കിനുവേണ്ടി നിക്ഷേപസമാഹരണത്തിന് പോയിരുന്നത്. വീടുവീടാന്തരം നടന്നു തളര്‍ന്നവശനായി തിരികെ വീട്ടിലെത്തിയാലുടനെ ആ തളര്‍ച്ചയൊക്കെ ഞാന്‍ ഇറയത്തെ ചാണകത്തറയിലേക്ക് ആവേശത്തോടെ തട്ടിയിടും. എന്നിട്ടിരുട്ടുവോളം ഇരുന്ന് ഓരോ തുട്ടുകളെയും അവയുടെ മൂല്യമനുസരിച്ച് തരംതിരിക്കും. പത്തോ ഇരുപതോ നാണയങ്ങള്‍ ഒന്നിനുമുകളിലൊന്നായി അടുക്കിയടുക്കി ഗോപുരങ്ങള്‍ പണിയും. ഒപ്പം ഞാനെന്റെ മാത്രം കുഞ്ഞുകുഞ്ഞു സ്വപ്നഗോപുരങ്ങളും.
അഞ്ചുപൈസ കൊടുത്താല്‍ വെള്ളനാട് സ്കൂളിനുമുന്നിലെ അമ്മിണി അപ്പൂപ്പന്റെ കടയില്‍ നിന്നും രണ്ടുപല്ലിമുട്ടായി കിട്ടുമായിരുന്നു (അമ്മിണി രണ്ടും തൂങ്ങിക്കിടക്കുന്ന അപ്പൂപ്പനായതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. യഥാര്‍ഥ പേരാര്ക്കുമറിയില്ല). അഞ്ചുപൈസയൊക്കെ കയ്യിലുണ്ടാകുമെങ്കിലും പിശുക്ക് കാരണം ഞാനാ കൊതി ഉമിനീരില്‍ മുക്കി വിഴുങ്ങാറാണ് പതിവ്. ആ സ്കൂളിനുമുന്നിലുമുണ്ടായിരുന്നു പണ്ടത്തെപോലത്തെ ഒരു മുട്ടായി അമ്മച്ചി. പക്ഷെ അവരുടെ കടലമിട്ടായിയേക്കാള് കമ്പം അമ്പലമുറ്റത്ത് ഉച്ചക്ക് സൈക്കിളില്‍ കൊണ്ടുവരാറുള്ള പച്ചയും മഞ്ഞയും ചുമപ്പും നിറങ്ങളിലുള്ള കമ്പൈസ്ക്രീമിനോടായിരുന്നു. കമ്പൈസ്ക്രീമെന്നാണ് പറയുന്നതെങ്കിലും, ചേര്‍ത്തുവച്ച രണ്ട് ഈര്ക്കില്കഷണങ്ങളിലായിരുന്നു ആ ചതുരക്കട്ടകള്‍ നനഞ്ഞൊലിച്ചുകൊണ്ട് നിന്നിരുന്നത്. ഒരെണ്ണം അമ്പതുപൈസയാണ്. ആറാംക്ലാസുമുതല്‍ ടിപിന് എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. ഓസിനു തിന്നാന്‍ എല്‍.പി.സ്കൂളില്‍ വച്ചുതന്നെ ഡോക്ടറേറ്റ് നേടിയ ഞാന്‍, എന്റെ ഐസ്ക്രീം സ്പോണ്‍സറായി അവനെത്തന്നെ ആദ്യമേയങ്ങു നിയമിച്ചു. അവനാണെങ്കില്‍ പഠിക്കുന്നതിനേക്കാള്‍ ഉത്തരവാദിത്തത്തോടെ അത് ചെയ്തും വന്നൂ. എട്ടാംക്ലാസില്‍ വച്ചൊരിക്കല്‍ ഒരീര്ക്കിലൈസ്ക്രീം വാങ്ങി നുണഞ്ഞുനുണഞ്ഞു ചെന്നപ്പോള്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലുള്ള ആ ജലചതുരത്തിനുള്ളില് നിന്നും പുളയുന്ന രണ്ടുപുഴുക്കളെ ഉള്ളുപിടയ്ക്കുന്ന അറപ്പോടെ ഞാന്‍ കണ്ടെത്തുംവരെയേ അതു നീണ്ടുള്ളൂ. ഓര്‍മ്മയിലാദ്യമായി അന്നാണ് ഞാന്‍ ചര്‍ദ്ദിക്കുന്നത്.
![]() |
ഇതിലെ സ്റ്റിക്കിന് പകരം ഈര്‍ക്കില്‍, അതാണ് ഈര്ക്കിലൈസ്ക്രീം |
അന്നഞ്ചുരൂപ കൊടുത്തു വാങ്ങിയ ആ മണ്കുടുക്ക പച്ചമാങ്ങ ഇടിച്ചുപൊട്ടിക്കും പോലെ ഇറയത്തെ വാതിലിന്റെ കട്ടിളപ്പടിയിലിടിച്ച് ഉടച്ചത് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അപ്പോഴേക്കും ഞാന്‍ വീടിനടുത്തുള്ള ഒരു പലവ്യജ്ഞനക്കടയില് പാര്‍ട്ട് ടൈം ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. ആദ്യം ഉള്ളിയും സവാളയും മുളകുമൊക്കെ സൂക്ഷിക്കുന്ന ഗോഡൌണ്‍ വൃത്തിയാക്കലായിരുന്നു പണി. പിന്നെ പതിയെ പ്രമോഷനായി സാധനം അളന്നുതൂക്കി നല്കുന്ന സെയില്‍സ് അസ്സിസ്റ്റന്റായി. ആ വകയിലുള്ള സമ്പാദ്യം വഴി എന്റെ കുടുക്ക മുക്കാലും നിറഞ്ഞിരിക്കുന്ന സമയത്താണ് സ്കൂളില്‍ നിന്നും കൊച്ചിയിലേക്ക് ഒരു വിനോദയാത്ര പോകുന്നത്. ഇരുന്നൂറുരൂപയായിരുന്നു യാത്രാചെലവ്. വീട്ടുകാര്‍ കൈമലര്‍ത്തിയപ്പോള്‍ നുറുങ്ങുന്നഹൃദയത്തോടെ കുടുക്കയില്‍ കൈവച്ചു. കട്ടിളപ്പടിയിലുടഞ്ഞു ചിതറിയതെല്ലാം കൂടി നൂറ്റിഅറുപതോളം രൂപ മാത്രം. തുടര്‍ന്നുള്ള രണ്ടുമൂന്നു ഞായറാഴ്ചകള്‍ പാര്‍ട്ട്ടൈം ജോലി ഫുള്‍ടൈമാക്കി ഒരുവിധം നൂറ്റി അറുപതിനെ ഇരുന്നൂറില്‍ കൊണ്ടെത്തിച്ചു. മാത്രമല്ല, യാത്രയ്ക്കിടയില്‍ കഴിക്കാനെന്ന പേരില്‍ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്കറ്റ് സൗജന്യമായി കടയില്‍നിന്നും പൊതിഞ്ഞെടുക്കുകയും ചെയ്തു.
പക്ഷെ, കുടുക്കയില്ലാതായതോടെ സമ്പാദ്യമെല്ലാം ചോരാന്‍ തുടങ്ങി. മറ്റൊരു കുടുക്ക വാങ്ങാനുള്ള സാമ്പത്തിക സാവകാശം ലഭിച്ചതുമില്ല. അപ്പോഴേക്കും അല്പസ്വല്പം ഉത്തരവാദിത്വബോധമുണ്ടായതാണ് പ്രധാന വെല്ലുവിളിയായത്. അതുകാരണം വീട്ടുകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. പിന്നെ പറയണ്ടല്ലോ. പതിയെ പഠിത്തത്തേക്കാള്‍, സമ്പാദിക്കുന്നതിനേക്കാള്‍ വലുത് അതുതന്നെയായി. എന്നും സ്കൂള്‍ വിട്ടുവന്നു നേരെ കടയില്‍ പോകും. രാത്രിയില്‍ കട അടയ്ക്കുന്നതുവരെ അവിടെത്തന്നെ. പോരുമ്പോള്‍ വീട്ടിലേക്ക് കുറച്ചു ഗോതമ്പുമാവോ അരിയോ പൊതിഞ്ഞെടുക്കും. അതുകൊണ്ടുതന്നെ കാശിന്റെ രൂപത്തിലുള്ള ശമ്പളമില്ല. വല്ലപ്പോഴും എന്തെങ്കിലും കിട്ടിയാല്‍ തന്നെ അതൊന്നിനും തികയാറുമില്ല. കാര്യമങ്ങനെയൊക്കെയാണെങ്കിലും ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച നല്ലൊരു കാലമായിരുന്നു അത്. സമൂഹത്തിലെ എല്ലാവിഭാഗം ആള്‍ക്കാരെയും അടുത്തുനിന്ന് മനസിലാക്കുന്നത് ആ സമയത്താണ്. ഇടയിലെപ്പൊഴോ ഒരു കുടുക്ക വാങ്ങിയെങ്കിലും വലിയ നിക്ഷേപമൊന്നും നടന്നില്ല. സുദീര്‍ഘമായ അഞ്ചുവര്‍ഷത്തെ സേവനത്തിനുശേഷം, മെഡിക്കല്‍ കോളെജിലേക്ക് വണ്ടി കയറുന്നതിന്റെ തലേന്നുവരെയും എന്റെ വിയര്പ്പിന് അവിടുത്തെ മുളകിന്റെയും പഞ്ചസാരയുടെയും ഉരുളക്കിഴങ്ങിന്റെയുമൊക്കെ എരിവും മണവും മധുരവുമായിരുന്നു. അതെല്ലാം ഓട്ടയില്ലാത്ത ഒരു ഹൃദയക്കുടുക്കയില് സംഭരിച്ചുകൊണ്ടായിരുന്നു ആ യാത്ര.
കോളേജിലെത്തിയപ്പോഴേക്കും കാശിക്കുടുക്കകള്‍ വിദൂരമായ ഏതോ ഭൂതകാലത്തിന്റെ ഒറ്റവാതിലറകളായി മാറിയിരുന്നു. ഇടയ്ക്ക് ഹോസ്റ്റലില്‍ വച്ച്, വീട്ടീന്ന് അവിലോസുപൊടി പൊതിഞ്ഞുകൊണ്ടുപോയ പ്ലാസ്റ്റിക് കുപ്പിയെ കുടുക്കയാക്കാന് ഒരു ശ്രമം നടത്തിയെങ്കിലും സാമ്പത്തിക ശ്രോതസുകളുടെ അഭാവംകാരണം അത് പ്രാവര്‍ത്തികമായില്ല. കാലത്തിന്റെ കുടുക്കയില്‍ നിന്നും ദിവസങ്ങളും മാസങ്ങളും മോഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു. പഠിത്തം കഴിഞ്ഞു ജോലിയൊക്കെയായപ്പോള്‍ ഓര്‍മ്മകളിലെവിടെയോ ആ പഴയ നാണയക്കിലുക്കങ്ങള്‍ വീണ്ടും കേട്ടുതുടങ്ങി. ശമ്പളം ബാങ്ക് അക്കൗണ്ടായും ചെലവുകള്‍ ഡെബിറ്റും ക്രെഡിറ്റുമൊക്കെയുള്ള കാര്‍ഡുകളായും മാറിയ കാലത്തും കാശിക്കുടുക്കകളുടെ കിലുക്കം വീണ്ടും കേള്ക്കുന്നെങ്കില് അതാ പഴയഭ്രാന്തിന്റെ ബാക്കിയല്ലാതെ പിന്നെന്ത്. ഒരു പുതിയ കുടുക്ക വാങ്ങാനായി കടയില്‍ ചെല്ലുമ്പോള്‍ അതിശയിച്ചുപോയി. മനുഷ്യന്റെയും കരടിയുടെയും കുടത്തിന്റെയും കിണ്ടിയുടെയും ഭരണിയുടെയും വാട്ടര്ടാങ്കിന്റെയുമൊക്കെ ആകൃതികളിലുള്ള ന്യൂജെനറേഷന് കുടുക്കകളിങ്ങനെ നിരന്നിരിക്കുന്നു. മിക്കതും പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയത്. ഈ കുടുക്ക സംസ്കാരമൊക്കെ ഇപ്പോഴും നിലവിലുണ്ടെന്നത് എനിക്കതിശയമായിരുന്നു. ഞാന്‍ കരുതിയിരുന്നത് എന്നെപ്പോലെ 'ക്രോണിക് സിവിയര്‍ നൊസ്റ്റാള്‍ജിയ' ബാധിച്ചവര്ക്കുമാത്രമാണ് ഇപ്പോഴും ഈ ഭ്രാന്തൊക്കെ ഉള്ളതെന്നാണ്. ഞാനൊരു മണ്കുടുക്ക തന്നെ, പണ്ടുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം വലുത്, ഒരെണ്ണം വാങ്ങി.
മൂന്നു മൂന്നരവര്‍ഷം മുമ്പായിരുന്നു അത്. പലപ്പോഴും കൈയ്യില്‍ തടയുന്ന ചില്ലറകള്‍ പുതിയ കുടുക്കയില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. ഏതാണ്ട് രണ്ടരവര്‍ഷം മുമ്പ് ആ കുടുക്കയേതാണ്ട് പാതിനിറഞ്ഞ സമയത്താണ് വളരെ യാദൃശ്ചികമായി പഴയ തോമസിനെയും ടിപിനെയുമൊക്കെ വീണ്ടുമോര്‍ക്കുന്നത്. ചാമ്പക്കയുടെയും കമ്പൈസ്ക്രീമിന്റെയും രൂപത്തില്‍, തിരികെ ഒന്നും മോഹിക്കാതെ അവരൊക്കെ പകര്‍ന്നു തന്നിരുന്ന ആ സ്നേഹം മാത്രം ഞാനൊരു കുടുക്കയിലും സൂക്ഷിച്ചിരുന്നില്ലല്ലോ. തോമസ് എല്‍.പി. സ്കൂള്‍ കഴിഞ്ഞു പിന്നെ പഠിക്കാന്‍ പോയില്ല. നവജീവന്‍ ട്രസ്റ്റുകാര്‍ അവനെ നാട്ടിലേക്ക് തിരിച്ചയച്ചു. ടിപിന്റെ അച്ഛന് മരിച്ചതോടെ അവനും സ്കൂളില്‍ വരുന്നത് വിരളമായി. ഒമ്പതാം ക്ലാസില്‍ തോറ്റപ്പോള്‍ മുതല്‍ സ്കൂള്‍ നിര്‍ത്തി കൂലിപ്പണിക്ക് പോയി. അവനെയും പിന്നെ കണ്ടിട്ടില്ല.
അന്നും ഇന്നും സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കണമെങ്കില്‍ പോലും വേണം കൈയ്യില്‍ കുറച്ചുകാശ്. ദാരിദ്ര്യംകൊണ്ട് പഠനം മുടങ്ങിയവരായിരുന്നു തോമസും ടിപിനും. അതുപോലെ എനിക്കറിയാത്ത എത്രയോപേര്‍ ഉണ്ടായിരുന്നിരിക്കും.
ദരിദ്രരായ കുട്ടികള്‍ക്കുവേണ്ടി ഒരു 'സ്നേഹക്കുടുക്ക' എന്ന ആശയം അവിടെ പൊട്ടിമുളയ്ക്കുകയായിരുന്നു. രണ്ടരവര്‍ഷംമുമ്പ് വെള്ളനാട്ടെ പഠിക്കാന്‍ മിടുക്കരായ, സാമ്പത്തികമില്ലാത്ത കുട്ടികളുടെ പഠനച്ചെലവ് മുഴുവന്‍ വഹിക്കുക എന്ന ലക്ഷ്യത്തോടെ ‘EduCare Sponsorships’ എന്ന സംരംഭം ആരംഭിക്കുന്നത് അങ്ങനെയാണ്. ഒരു കുടുക്കയില്‍ നിന്നുണ്ടായ ആശയത്തിന് എന്റെ പുതിയ കുടുക്ക പൊട്ടിച്ചുകൊണ്ടുതന്നെയായിരുന്നു തുടക്കവും. അതിലുണ്ടായിരുന്ന ആയിരത്തിയെഴുന്നൂറ്റി അമ്പതുരൂപയാണ് ‘EduCare’ന്റെ ആദ്യമൂലധനം. അത് സുഹൃത്തും വെള്ളനാട് ആചാര്യ അക്കാദമിയുടെ പ്രിന്‍സിപ്പാളുമായിരുന്ന സന്ദീപ് സാറിനെ ഏല്‍പ്പിച്ചു. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാനും, അത്യാവശ്യം വേണ്ട ഫയലുകളും രെജിസ്റ്ററുകളും അപേക്ഷാ ഫോറങ്ങളും മറ്റും വാങ്ങാനും മാത്രമേ അത് തികഞ്ഞുള്ളൂ. ആദ്യവര്‍ഷം അപേക്ഷകള്‍ ക്ഷണിച്ച് അര്‍ഹരായ മൂന്നുകുട്ടികളെ കണ്ടെത്തി. ഏറ്റവും അടുത്ത ചില സുഹൃത്തുക്കളെ മാത്രമേ ഇതറിയിച്ചൊള്ളൂ. നിര്‍ബന്ധിക്കാതെ മുന്നോട്ടുവന്ന ചില സുഹൃത്തുക്കളെക്കൂടി കുട്ടികളുടെ സ്പോണ്‍സര്‍മാരായി കൂടെക്കൂട്ടി. കഴിഞ്ഞ രണ്ടുകൊല്ലത്തില്‍ വെള്ളനാട്സ്കൂളില് പഠിച്ച ഏഴുകുട്ടികളുടെ പഠനസമ്പന്ധമായ എല്ലാ ചെലവുകളും ‘EduCare’ സ്പോണ്സര് ചെയ്തുകഴിഞ്ഞു. (പലരും സ്കൂളിലെ ഏറ്റവും മിടുക്കരായി ജയിച്ചിറങ്ങി, ആത്മവിശ്വാസത്തോടെ പുതിയ ഉയരങ്ങള്‍ തേടി പോയിരിക്കുന്നു.) മിടുക്കരായ കുറച്ചുകുട്ടികള്‍ക്ക് ഇപ്പോഴും ‘EduCare’ന്റെ സഹായം ലഭിക്കുന്നുണ്ട്. ഈ ഓര്‍മ്മക്കുറിപ്പ് 'EduCare'ന്റെ പരസ്യമല്ല. ‘EduCare’ ഒരു കുടുക്കയില്‍ നിന്നുത്ഭവിച്ച ചിന്തയായതിനാലും എഴുതിവന്നപ്പോള്‍ ഈ കുടുക്കക്കഥ അതില്‍ തന്നെ അവസാനിപ്പിക്കണമെന്ന് തോന്നിയതിനാലും അതിവിടെ സൂചിപ്പിച്ചെന്നേയുള്ളൂ.
![]() |
ഇപ്പോഴത്തെ കൂട്ടുകാരന് |
ഇപ്പോഴുമുണ്ട് എനിക്കൊരു മണ്കുടുക്ക. അതില്‍ നിക്ഷേപിക്കാറുണ്ട്. പഴയപോലെ ഇടയ്ക്കിടയ്ക്ക് കുലുക്കിനോക്കാറുണ്ട്. ഇപ്പോള്‍ ആ കിലുക്കങ്ങള്ക്കൊക്കെത്തന്നെ അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിന്റെ ആത്മാവറിഞ്ഞ സുഗന്ധമുണ്ട്. പകര്‍ന്ന ആത്മവിശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഹൃദയംതൊടുന്ന മുഴക്കമുണ്ട്. ഒപ്പം, സ്നേഹത്തിന്റെയോ നന്മയുടെയോ ഒരു നുറുങ്ങുവെളിച്ചം കൂടി ആരുടെയൊക്കെയോ ജീവിതത്തില്‍ പകരാന്‍ കഴിയുന്നതിന്റെ കരുണാര്‍ദ്രമായ ഒരു പുഞ്ചിരിയുമുണ്ട്.
RELATED POSTS
മെഡിക്കല്‍കോളേജ് ഹോസ്റ്റലിലെ ആദ്യ 24 മണിക്കൂര്‍
ഡെത്ത് ഡിക്ലറേഷന്‍
©മനോജ് വെള്ളനാട്
പ്രിയ കൂട്ടുകാരാ കുടുക്ക അനുഭവത്തിലൂടെ താങ്കളുടെ ഇതുവരെയുള്ള ജീവിതം മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നു. വളരെ വല്യ മനസ്സിന് ഉടമയാണ് താങ്കൾ അതുകൊണ്ട് തന്നെ ഞാൻ മനസ്സറിഞ്ഞു ആശംസ്സിച്ചോട്ടെ താങ്കളെ .... ആശംസകൾ ഭായ് .
ReplyDeleteഇപ്പോഴത്തെ കുട്ടികളിലും സമ്പാദ്യ ശീലം വളരട്ടെ എന്ന ഉദ്ദേശത്തോടെ ആവാം ഇപ്പോളും പല രൂപത്തിലും ഭാവത്തിലുമുള്ള കുടുക്കകൾ വിപണിയിൽ നിറയുന്നത്. ഒരു കുടുക്കയിൽ തുടങ്ങി വലിയൊരു കൈത്താങ്ങായി അതിന്റെ വളർച്ചയിൽ എത്തി നിൽക്കുന്ന ഡോക്ടർക്ക് ഒത്തിരി ആശംസകൾ. കുടുക്ക എന്നും ഗൃഹാതുരത്വം ഉള്ള ഓർമയാണ്. പിന്നെ പറയാതെ വയ്യ, ആ കുടുക്ക നിറയ്ക്കാൻ വേണ്ടിയും ദൈനം ദിന കാര്യങ്ങൾക്കു വേണ്ടിയും നടത്തിയ ഡോക്ടറുടെ പരിശ്രമങ്ങൾക്ക് കുഡോസ്. (Y)
ReplyDeleteകുറച്ച് കാലങ്ങൾക്ക് ശേഷം വായിച്ച നല്ലൊരു അനുഭവ കഥ, മനോജ് ഉള്ള് തുറന്ന് എഴുതിയപ്പോൾ എവിടെയൊക്കെയോ വേദനിച്ചു, ചില വരികൾ ആഹ്ലാദം നൽകി. കുടുക്കയിൽ നിന്നും ഡെബിറ്റ് കാർഡിലേക്കുള്ള മാറ്റത്തിനിടതിൽ, ഒളിഞ്ഞിരിക്കുന്ന ജീവിതാനുഭവങ്ങൾ.... ജീവിഹം ആണ് ഏറ്റവും നല്ല പാഠശാല............. എല്ലാ നന്മകളും
ReplyDeleteപ്രിയപ്പെട്ട ഡോക്ടർ!!!!
ReplyDeleteഗ്രൂപ്പിലെ ലിങ്ക് ഇല്ലായിരുന്നെങ്കിൽ ഈ പോസ്റ്റിലെത്തുകേയില്ലായിരുന്നു.എത്ര നിറവുള്ള ഓർമ്മകൾ.!!!!!ഇത്രയൊക്കെ കഷ്ടപ്പെട്ട ഓർമ്മകൾ വന്ന വഴി മറക്കാതെ കുറിച്ചിടാനും ആ ഓർമ്മകൾ ഷെയർ ചെയ്യാനും കാണിച്ച ആർജ്ജവത്തിനു മുന്നിൽ തല കുനിയ്ക്കുന്നു.
ഇപ്പോള്‍ ആ കിലുക്കങ്ങള്ക്കൊക്കെത്തന്നെ അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിന്റെ ആത്മാവറിഞ്ഞ സുഗന്ധമുണ്ട്. പകര്‍ന്ന ആത്മവിശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഹൃദയംതൊടുന്ന മുഴക്കമുണ്ട്. ഒപ്പം, സ്നേഹത്തിന്റെയോ നന്മയുടെയോ ഒരു നുറുങ്ങുവെളിച്ചം കൂടി ആരുടെയൊക്കെയോ ജീവിതത്തില്‍ പകരാന്‍ കഴിയുന്നതിന്റെ കരുണാര്‍ദ്രമായ ഒരു പുഞ്ചിരിയുമുണ്ട്...ഈ ഭാഗം കുറേ തവണ വായിച്ചു.
കറിയറപ്പോത്തി എന്നതാന്ന്
മനസ്സിലായില്ല!!!!
കറിയ്ക്ക് അരിയാന്‍ ഉപയോഗിക്കുന്ന വീതിയുള്ള വെട്ടുകത്തിയാണ് നമ്മുടെ നാട്ടില്‍ കറിയറപ്പോത്തിയെന്നു പറയുന്നത്. :)
Deleteഎനിക്കു മുണ്ടായിരുന്നു ഒരു കാശു കുടുക്ക . ഒരു പാട്ടയു ടെ അ sപ്പിൽ കത്തി കൊണ്ട് വരഞ്ഞ് ഒരു കീറൽ .... അതിലൂടെ താഴേക്ക് പോകുന്ന നാണയങ്ങൾ ഒരു ദിവസം മുഴുവൻ അകത്തു കി sക്കാൻ ഭാഗ്യമുണ്ടാവാറില്ല. മൂടി തുറന്ന് ഞാൻ തന്നെ പുറത്തെടുക്കും...!
ReplyDeleteഎനിക്കു മുണ്ടായിരുന്നു ഒരു കാശു കുടുക്ക . ഒരു പാട്ടയു ടെ അ sപ്പിൽ കത്തി കൊണ്ട് വരഞ്ഞ് ഒരു കീറൽ .... അതിലൂടെ താഴേക്ക് പോകുന്ന നാണയങ്ങൾ ഒരു ദിവസം മുഴുവൻ അകത്തു കി sക്കാൻ ഭാഗ്യമുണ്ടാവാറില്ല. മൂടി തുറന്ന് ഞാൻ തന്നെ പുറത്തെടുക്കും...!
ReplyDeleteഇതിൽ കണ്ട അനുഭവങ്ങളെ കുറിച്ച് ഒരു അഭിപ്രായവും പറയുന്നില്ല!
ReplyDeleteഎജുകെയറിന്റെ പ്രവർത്തനങ്ങ്ൾക്ക് അഭിനന്ദനങ്ങൾ.
നല്ല നല്ല ഒതുക്കമുള്ള എഴുത്ത്.
നന്ദി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഏക ആശ്രയം സർക്കാർ വിദ്യാലയങ്ങളാണ്. അവിടെ നിന്നുപോലും പഠനം മുഴുമിപ്പിക്കാനാവാതെ കൊഴിഞ്ഞു പോവുന്നവരിൽ പലരും നല്ല ബുദ്ധിശക്തിയും, കഴിവുമുള്ള കുട്ടികളാണ്. നാളെ ഈ നാടിന് വലിയ സേവനം ചെയ്യാൻ പ്രാപ്തിയുള്ള ഇവർ കൊഴിഞ്ഞുപോവാതിരിക്കാൻ സന്നദ്ധസംഘടനകളുടെ ജാഗ്രത ആവശ്യമാണ്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ചെറുസമ്പാദ്യശീലങ്ങളുടെ മഹത്വമറിയിച്ചുകൊണ്ട് ഡോക്ടർ എഴുതിയെത്തിയത് വലിയ ഒരു സന്ദേശത്തിലേക്കാണ്. താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു.....
ReplyDeleteഎന്തുപറ്റി പെട്ടെന്ന് ഗൃഹാതുരമാകാന്? വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോഴും കുടുക്കയുണ്ട്,പക്ഷേ മണ്കുടുക്ക അല്ല
ReplyDeleteഎനിക്കുമുണ്ട് ഒരു പ്ലാസ്റിക് കുടുക്ക , ആര്‍ഭാടമെന്നു തോന്നുന്ന കാര്യങ്ങള്‍ വേണ്ടെന്നു വെച്ച് നിക്ഷേപിക്കുന്ന ഒരു ചെറിയ സമ്പാത്യം. മറ്റൊരാള്‍ക്ക് ഉപകാരമാകാന്‍ ആണെട്ടോ !!!
ReplyDeleteഗംഭീരം.. പൊള്ളുന്ന ജീവിതാനുഭവങ്ങളില്‍ നിന്നാണ് വ്യക്തിത്വം ഉരുവപ്പെടുന്നത്. EDUCARE initiative ന് ആശംസകള്‍... ഒപ്പം നൂറു സ്നേഹ ചുംബനങ്ങള്‍ <3
ReplyDeleteഉള്ളില്‍ത്തട്ടിയ എഴുത്തായി ഡോകടര്‍.
ReplyDeleteഞങ്ങളുടെ ചെറുപ്പകാലത്തൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് സ്കൂള്‍ വിദ്യാഭ്യാസം നിര്ത്തലാക്കിയവരാണധികം.ഞാന്‍തന്നെ വീട്ടിലെ കഷ്ടസ്ഥിതി മനസ്സിലാക്കി ഫീസുകൊടുക്കുവാന് കഴിയാതെ പഠനം നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് ജോലിനേടിയതിനുശേഷം എന്റെ ആഗ്രഹംപോലെ പ്രൈവറ്റായി പഠിക്കുകയുമായിരുന്നു..........................
സാക്ഷരത പ്രവര്‍ത്തനത്തിനിടയില്‍ സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോന്ന കുട്ടികളെ അവര്‍ക്കുവേണ്ട പ്രോത്സാഹനങ്ങളും,സഹായങ്ങളും നല്കി വീണ്ടും സ്കൂളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ വായനശാലാവഴി നടത്തിയിട്ടുണ്ട്,നടത്തികൊണ്ടിരിക്കുന്നുണ്ട്.
'EDUCARE'ന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
Valare nostalgic aaya post... Ithepoleyulla kochu kochu swapnangal aanu oraale jeevithathil enthenkilum okke aakki maattunnathu.. Aashamsakal doctor..😊
ReplyDeleteഒരുപാടിഷ്ടമായി ഈ എഴുത്ത് ...
ReplyDeleteകുറച്ച് കാലങ്ങൾക്ക് ശേഷം വായിച്ച നല്ലൊരു അനുഭവ കഥ, മനോജ് ഉള്ള് തുറന്ന് എഴുതിയപ്പോൾ എവിടെയൊക്കെയോ വേദനിച്ചു, ചില വരികൾ ആഹ്ലാദം നൽകി. എന്റെ ആദ്യത്തെ കാശി കുടുക്ക പൌഡര്‍ ടിന് ആയിരുന്നു. Edu Care നെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാം. എല്ലാ നന്മകളും ഉണ്ടാകട്ടെ. sunilchandranr@gmail.com
ReplyDeleteഓർമ്മയിലെ ഒരു വസന്തക്കാലം തിരികെ തന്നനിന് നന്ദി.....
ReplyDeleteഇത് കൊള്ളാം.. പണ്ട് ഏതോ ഒരു ബാലമാസിക ഇങ്ങനെയൊരു പദ്ധതി തന്നെ കുട്ടികള്‍ക്കായി ഉണ്ടാക്കി... ഞാനും പങ്കാളിയായി.... പക്ഷെ മുട്ടായിഭരണിയുടെ കട്ടിയെ തോല്‍പ്പിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു...
ReplyDeleteഡോക്ടറെ....
ReplyDeleteപോസ്റ്റ് വായിച്ച് കുറച്ചു നേരം വെറുതെ ഇരുന്നു പോയി.
ഒട്ടും സെന്റിമെന്റല്‍ ആകാതെ താങ്ങള് പറഞ്ഞു വെച്ച വരികളില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ജീവിതവും അത് നല്കുന്ന സന്ദേശവും. ആരോടും ആഹ്വാനം ചെയ്തില്ലെങ്കില്‍ തന്നെയും പലരിലും നല്ല ചിന്തയുടെ വിത്ത് മുളപ്പിക്കുവാന്‍ ഈ എഴുത്തിനു കഴിഞ്ഞിട്ടുണ്ട്.
പ്രീയപ്പെട്ട മനോജ്
ReplyDeleteഅൽപ്പകാലത്തെ ഇടവേളയ്ക്കു ശേഷം ബ്ലോഗിൽ സജീവമാകാൻ ഇറങ്ങിത്തിരിച്ചപ്പോൾ കണ്ടു മുട്ടിയ ഈ കുറിപ്പിന് നമോവാകം!
ഹൃദയഹാരിയും ഒപ്പം അവിടവിടെ അൽപ്പം വേദനയുളവാക്കുന്നതുമായ
രംഗങ്ങളോട് മനോഹരമായി അവതരിപ്പിച്ചു ഈ കുറി!
അവിടവിടെ ചില സമാനതകൾ എന്നോടുള്ള ബന്ധത്തിലും എനിക്കു കാണുവാൻ കഴിഞ്ഞു.
സന്തോഷദായകമായ ആ അവിസ്മരണീയ ചിന്തകൾ പങ്കു വെച്ചതിൽ നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയൽ, സിക്കന്ത്രാബാദ്
മനോജ് ഇവിടിത്തെ കോപ്പി option എന്താണ് എടുത്തു കളഞ്ഞത്
ആരെങ്കിലും ഈ മനോഹര വസ്തു അടിച്ചു മാറ്റിയെങ്കിലോ എന്ന് ഭയന്നാണോ!
അല്ല, അല്ലെങ്കിലും ഇവിടൊക്കെ ഇപ്പോൾ കോപ്പിയടിയുടെ കാലമാണല്ലോ അല്ലെ!
പക്ഷെ ഇവിടൊരു പ്രശ്നം ഉണ്ട്!
ആർക്കെങ്കിലും ഇഷ്ടമായ ഒന്നോ രണ്ടോ വാചകം കോപ്പി ചെയ്തു കമന്റിൽ ചേർത്ത് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നടക്കില്ല, എന്നെ ആകർഷിച്ച ഒരു കാര്യം കോപ്പി പേസ്റ്റ് ചെയ്യാൻ നോക്കിയപ്പോഴാണ് ഇത് മനസ്സിലായത്. മനോജു എന്തിനു ഭയക്കണം ഈ കള്ളന്മാരെ ഇന്ന് ഇക്കൂട്ടരെ കൈയ്യോടെ പിടിക്കാനുള്ള പല സംവിധാനങ്ങളും ഉണ്ടല്ലോ
അതവിടെ നിൽക്കട്ടെ !
നാണയത്തുട്ടുകൾ മൂല്യം അനുസരിച്ച് തരാം തിരിക്കും ... ഒന്നിന് മുകളിൽ ഒന്നായി വെച്ചും ഗോപുരം ഉണ്ടാക്കും ഒപ്പം ഞാൻ എന്റെ കൊച്ചു കൊച്ചു സ്വപ്ന ഗോപുരങ്ങളും " ഇതെന്നെ വളരെ ഇറ്റ് was really touching!
All Good Wishes
so pl. consider about going back to the copy and past option live here
Good Day
Philip Ariel
ചേട്ടാ, right click മാത്രമാണ് ഒഴിവാക്കിയേക്കുന്നത്. അല്ലാതെ സെലക്ട് ചെയ്ത്, ctrl+c കൊടുത്താല്‍ കോപ്പി ആകും.. :)
Deleteസ്കൂളിലെത്തിയ പോലുണ്ടായിരുന്നു... നല്ല കാര്യങ്ങള്‍ തുടങ്ങാ൯ ഒരു കുടുക്കയും കൂടി കാരണമായി. ഇവിടെ ഞാനും മോളും കൂടി ഒരു കുടുക്ക കൊണ്ട് നടക്കുന്നുണ്ട്, ആ പൈസയും പോകുന്നത് ചില കുഞ്ഞുങ്ങള്‍ക്ക് തന്നെ...നല്ല കാര്യങ്ങള്‍ കേള്‍ക്കുന്നതേ സന്തോഷം
ReplyDeleteനിര്മ്മമമായാണ് പറഞ്ഞുപോയത്. പക്ഷേ ഉള്ളിലെവിടെയോ ഒരു ചലനമുണ്ടാക്കിയാണ് വായിച്ചു തീര്‍ന്നത്.
ReplyDeleteVakkukal kond chithram varakkuka ennu kettittundayirunnu... ippol kandu
ReplyDeleteഎത്ര നന്ന്ായിട്ടാണ് ഭായ്
ReplyDeleteഇത് അവതരിപ്പിച്ചിട്ടുള്ളത് ...ബലേ ഭേഷ്
ജീവിതത്തിലെ ഒരീക്കലും നിറം മങ്ങാത്ത ഓർമ്മകളുടെ
ചെപ്പ് തുറന്നതിന്റെ കിലുകിലുക്കങ്ങളൂടെ ആരവങ്ങൾ മുഴങ്ങുന്നു...