കോടാലി   കൊട്ടാരത്തിനുപുറത്തെ ബഹളം കൂടിക്കൂടിവരുന്നു. പൊള്ളുന്ന വറുതിയിലും സമരക്കാരുടെ എണ്ണം കൂടുന്നുണ്ട്. കൊട്ടാരത്തിനുള്ളിലും ഉഷ്ണം. രാജാവ്‌ വിഷണ്ണനായിരുന്ന് വിയര്‍ക്കുന്നു. മന്ത്രി എന്തുചെയ്യണമെന്നറിയാതെ പുറത്തെ സമരങ്ങളിലേക്കെത്തിനോക്കിയും 'മന്ത്രിയുടെ തന്ത്രങ്ങള്‍' എന്ന ഐതിഹാസിക പരമ്പരയുടെ മസാല മണമുള്ള എപ്പിസോഡുകള്‍ മാറിമാറിക്കണ്ടും നേരം കളഞ്ഞു.

രാജ്യത്ത് മഴ പെയ്തിട്ട് മാസങ്ങളായി. കൃഷിയില്ല. കുടിവെള്ളമില്ല. അനധികൃത മരംവെട്ടുകാരണം കാടില്ലാതായതും കൃഷിഭൂമിയെല്ലാം രാജാവിന്‍റെ കാലുതിരുമ്മുകാര്‍ക്ക് ഇഷ്ടദാനമായി നല്‍കിയതുമാണ് ഈ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞാണ് ഈ പ്രക്ഷോഭം. പൂഴ്ത്തിവയ്ക്കപ്പെട്ട താളിയോലഫയലുകള്‍ പരിശോധിച്ച കൊട്ടാരം ജ്യോത്സന്മാര്‍ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.

പണ്ടേതോ വനദേവത സമ്മാനിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള കോടാലികള്‍ വിറ്റാണ് തന്‍റെ മുതുമുത്തച്ഛന്‍ ഈ രാജ്യം നേടിയതും രാജാവായതുമെന്ന കാര്യം വിവരാവകാശനിയമപ്രകാരം അറിഞ്ഞ വിഷാദത്തിന് രാജാവ് ചികിത്സ തുടങ്ങിയിട്ട് അധികമായിട്ടില്ല. അതിനിടയിലാണ് ഈ സമരകോലാഹലം. എങ്ങനെയും മഴ പെയ്യിക്കണം. രാജാവും മന്ത്രിയും തലപുകച്ചു. ഒടുവില്‍ ഒത്തിരിയാലോചിച്ച് മന്ത്രിയൊരു കഥ പറഞ്ഞു. സ്ത്രീ സംസര്‍ഗ്ഗമില്ലാത്ത വനവാസിയായ യുവാവിനെ സ്ത്രീയാല്‍ വശീകരിച്ചുകൊണ്ടുവന്നു യാഗം നടത്തി മഴപെയ്യിച്ച കഥ. അതുപോലുള്ള കഥകളെഴുതാന്‍ കഴിവുള്ളവരെ തേടി ദ്വാരപാലകര്‍ നാടുചുറ്റി. പക്ഷെ രാജ്യത്ത് നിലവിലുള്ള എഴുത്തുകാരെല്ലാം കഥയില്ലാത്തവരായിരുന്നു. കഥയുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടിരുന്നു. എഴുതിപ്പോകുമെന്ന് ഭയന്ന ചിലര്‍ സ്വയം കയ്യും നാവും വെട്ടിമാറ്റി ജീവന്‍ നിലനിര്‍ത്തിപ്പോന്നു. രാജാവ്‌ തീര്‍ത്തും അസ്വസ്ഥനായി. കൊടും വറുതിയിലും ആ കണ്ണുകള്‍ പെയ്തു. ഗുളികകള്‍ സമയത്തിന് സേവിക്കാതെയായി. ഒരുദിവസം രാവിലെ കൊട്ടാരമുറ്റത്തെ നെല്ലിമരത്തിന്‍റെ താഴത്തെ ചില്ലയില്‍ ശവാസനത്തില്‍ നില്‍ക്കുന്ന രാജാവിനെ കണ്ടു രാജ്യം ഞെട്ടി. 

രാജാവിന്‍റെ മരണത്തോടെ രാജ്യത്ത് ജനാധിപത്യം നിലവില്‍ വന്നു. രാജാവിന്‍റെ മൂത്തമകന്‍ കുലത്തൊഴിലിന്‍റെ സംവരണാനുകൂല്യത്തില്‍ 'മരം' വകുപ്പിന്‍റെയും ഇളയവന്‍ കൈയും നാവും ശേഷിക്കുന്ന ഏകകലാകാരന്‍ എന്ന നിലയില്‍ സാംസ്‌കാരികവകുപ്പിന്‍റെയും മന്ത്രിമാരായി. അധികാരത്തിന്‍റെ കോടാലി കയ്യില്‍ കിട്ടിയപ്പോള്‍ മരം വെട്ടുകാരനായിരുന്ന മുതുമുത്തച്ഛന്‍റെ ജീനുകള്‍ അവരുടെ സിരകളില്‍ സോമരസം പോലെ നുരഞ്ഞു.

അധികാരമെന്നാല്‍ പ്രതികാരമെന്ന് ഇരുവരും പ്രതിജ്ഞ ചെയ്തു. മസ്തിഷ്കത്തിന് നിറംപകരുന്ന നൂതനചിത്രകലകള്‍ അഭ്യസിക്കാനുള്ള സര്‍വകലാശാലകള്‍ രാജ്യമെങ്ങും തുടങ്ങാന്‍ ഇളയവന്‍ ഉത്തരവിട്ടു. സമരങ്ങള്‍ നിയമം മൂലം നിരോധിച്ചു. അധികാരത്തിന്‍റെ അദൃശ്യകോടാലിയുമായി അവര്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. കൈയ്യിലൊരു മാന്ത്രികവടിയുമായി, നിനക്കുമ്പോഴേക്കും രക്ഷക്കെത്തുന്ന കാര്‍ട്ടൂണ്‍ ദൈവങ്ങളില്‍ വിശ്വസിച്ചു ജീവിക്കുന്ന പ്രജകള്‍ രാജ്യത്ത് ജനാധിപത്യം വന്നതറിഞ്ഞ് തരിശുനിലങ്ങളില്‍ കൂടിനിന്ന് നൃത്തം ചെയ്തു.


വാരാദ്യമാധ്യമം, സെപ്റ്റംബര്‍ 27,2015MORE STORIES

©മനോജ്‌ വെള്ളനാട്


12 comments:

 1. അപ്പോള്‍ ഇനിയെന്താണൊരു രക്ഷാമാര്‍ഗ്ഗം!!

  ReplyDelete
 2. അധികാരമെന്നാല്‍ പ്രതികാരമെന്ന് ഇരുവരും പ്രതിജ്ഞ ചെയ്തു'
  ഇതായിരിക്കും ഇന്നത്തെ അവസ്ഥക്ക് കാരണം
  ആശംസകൾ

  ReplyDelete
 3. രക്ഷയില്ല....

  ReplyDelete
 4. ആക്ഷേപം ആക്ഷേപം
  ഡോക്ടറുടെ കയ്യും നാവും വെട്ടി മാറ്റണം..

  ReplyDelete
 5. വാക്കുകള്‍ക്ക് മഴുത്തലപ്പിന്‍റെ മൂര്‍ച്ച..

  ReplyDelete
 6. രചനയുടേയും വായനയുടേയും കൂടുതൽ വിശാലതകളിലേക്ക് - അഭിനന്ദനങ്ങൾ

  ReplyDelete
 7. ജനാധിപത്യത്തിലെ കോടാലികളെ തിരിച്ചറിയാനാണ് പ്രയാസം.

  ReplyDelete
 8. അധികാരക്കോടാലികളുമായി വെട്ടിപ്പിടിക്കാന്‍ തുടങ്ങിയാല്‍‌ എന്താചെയ്യാ?!!
  മാന്ത്രികവടിയൊന്നും വേണ്ടാ,വോട്ടവകാശമുണ്ടല്ലോ!ആര്‍ത്തിപ്പണ്ടാരങ്ങളെ
  തിരിച്ചറിയുക....
  കരുതിയിരിക്കുക....
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete
 9. തനി ആക്ഷേപഹാസ്യത്താൽ
  അധികാരത്തിന്റെ കോടാലി മൂർച്ചകൾ..!

  ReplyDelete
 10. ആക്ഷേപ ഹാസ്യത്തിൽ കോർത്തെടുത്ത , കോടാലിയുടെ മൂർച്ചയുള്ള ഈ കഥ വളരെ ഇഷ്ട്ടപ്പെട്ടു.... എന്റെ ആശംസകൾ. :)

  ReplyDelete
 11. Very thought provoking and timely one
  Good wishes

  ReplyDelete