പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് ഒരാമുഖം

മാതൃഭൂമി GK& CURRENT AFFAIRS ല്‍ കവര്‍സ്റ്റോറിയായി വന്ന ലേഖനം


നമുക്കുണ്ടാകുന്ന അസുഖങ്ങളെയെല്ലാം പൊതുവേ സാംക്രമികരോഗങ്ങളെന്നും പകരാത്തരോഗങ്ങളെന്നും രണ്ടായി തിരിക്കാം.  സാംക്രമികരോഗങ്ങള്‍ ഉണ്ടാക്കുന്നത് രോഗാണുക്കള്‍ ആണ്. അത് ബാക്റ്റീരിയയോ വൈറസോ ഫംഗസോ ചിലയിനം വിരകളോ ആകാം. ഏറ്റവുമധികം രോഗങ്ങള്‍ക്ക് കാരണമാകുന്നത് വൈറസ്‌ ആണ്. ഈ രോഗാണുക്കളെല്ലാം നമ്മുടെ അന്തരീക്ഷത്തിലും മണ്ണിലും അഴുക്കുകളിലും എന്തിന് പലതും നമ്മുടെ ശരീരത്തില്‍ തന്നെ എപ്പോഴും ഉള്ളതുമാണ്. നിരന്തരം നമ്മള്‍ അവയോടു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥ നിരന്തരയുദ്ധത്തിലൂടെയാണ് ഇവയില്‍നിന്നും നമ്മെയൊക്കെ രക്ഷിച്ചുപിടിക്കുന്നത്. ആ പ്രതിരോധകവചത്തിന് ഏതെങ്കിലും വിധത്തില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ നമുക്കീവക രോഗങ്ങള്‍ വരുന്നു.

ജലദോഷം, ഫ്ലൂ, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ഹെപ്പറ്റൈറ്റിസ്, പോളിയോ, ചിക്കന്‍പോക്സ് തുടങ്ങി എയിഡ്സ് വരെയുള്ള എണ്ണമില്ലാത്തത്രയും രോഗങ്ങള്‍ വൈറസ്‌ മൂലം ഉണ്ടാകുന്നു. എലിപ്പനി, ക്ഷയം, ടൈഫോയിഡ്, ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ചുമ തുടങ്ങിയവയെല്ലാം ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളാണ്. ഇവയെല്ലാംതന്നെ വിവിധരീതിയില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നവയാണ്.

ജലദോഷം വന്നാല്‍ 'മരുന്ന് കഴിച്ചാല്‍ ഒരാഴ്ചകൊണ്ടും ഇല്ലെങ്കില്‍ ഏഴുദിവസം കൊണ്ടും മാറു'മെന്നൊരു ചൊല്ല് നാട്ടിന്‍പുറങ്ങളില്‍ പണ്ടേ ഉണ്ട്. എന്നുവച്ചാല്‍ ജലദോഷം ഉണ്ടാക്കുന്ന വൈറസിനെതിരെ ആരോഗ്യമുള്ള ശരീരം ഒരാഴ്ചകൊണ്ട് യുദ്ധം ജയിക്കുമെന്ന്, മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും. പക്ഷെ എല്ലാ വൈറസുകള്‍ക്കെതിരെയും ശരീരത്തിന് ഇതുപോലെപ്രതിരോധിക്കാന്‍ കഴിയില്ല. മാത്രമല്ല വൈറസുകള്‍ നിരന്തരം ജനിതകമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടും ഇരിക്കുന്നു. അതുകൊണ്ടുതന്നെ പല വൈറല്‍ രോഗങ്ങള്‍ക്കെതിരെയും പൂര്‍ണ്ണസൗഖ്യം തരുന്ന മരുന്നുപോലും കണ്ടുപിടിക്കാന്‍ കഴിയാറില്ല.

വൈറല്‍ രോഗങ്ങളെപ്പോലെ ശരീരത്തിലെ പ്രതിരോധസംവിധാനത്തിന്‍റെ യുദ്ധമുറകള്‍ക്കുമുന്നില്‍ തോല്‍ക്കുന്നവരല്ല, പല ബാക്റ്റീരിയല്‍ രോഗങ്ങളും. അവ വന്നുകഴിഞ്ഞാല്‍ മിക്കപ്പോഴും ആന്റിബയോട്ടിക്സ് ആവശ്യമായി വരും. ആദ്യമേ കണ്ടെത്തി ചികിത്സതുടങ്ങിയാല്‍ മിക്കവാറും ബാക്റ്റീരിയല്‍ രോഗങ്ങളിലും മറ്റൊന്നും പേടിക്കാനില്ലാ.

ഈ പറഞ്ഞതെല്ലാം ഒരു സാധാരണ ആരോഗ്യവാനായ ആളിനെ സംബന്ധിച്ചാണ്. എന്നാല്‍ ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് ഈ പറയുന്ന രോഗപ്രതിരോധശേഷിയുടെ നാലിലൊന്നേയുള്ളൂ. അതുകൊണ്ട് തന്നെ അവര്‍ക്ക് ഈവക രോഗങ്ങള്‍ വരാനുള്ള സാധ്യതയും നാലുമടങ്ങാണ്. മാത്രമല്ലാ, ഡിഫ്തീരിയ, വില്ലന്‍ ചുമ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കുട്ടികളെ കൂടുതലായി ബാധിക്കുന്നവയുമാണ്. ഇതിന്‍റെയൊക്കെ യഥാര്‍ഥ പ്രശ്നം എന്താണെന്ന് വച്ചാല്‍, വന്നുകഴിഞ്ഞാല്‍ ചികിത്സിക്കാന്‍ പ്രയാസവും വേഗത്തില്‍ പകരുന്നതുമായ രോഗങ്ങളാണ് ഈ ഡിഫ്തീരിയയും വില്ലന്‍ചുമയും പോളിയോയും ക്ഷയവുമൊക്കെ. പോളിയോയൊക്കെ വന്നാല്‍ ചികിത്സയെ ഇല്ല. രോഗം വരാതിരിക്കുക എന്നത് മാത്രമാണ് പലപ്പോഴും പ്രതിവിധി. അതിന് അത്രയും ശക്തമായ ഒരു പ്രതിരോധകവചം അത്യാവശ്യം. അവിടെയാണ് പ്രതിരോധകുത്തിവയ്പ്പുകളുടെ പ്രസക്തി.

പ്രതിരോധകുത്തിവയ്പ്പുകള്‍ എന്താണെന്നു ചോദിച്ചാല്‍ രോഗാണുവിനെ തുരത്താന്‍ ശരീരത്തെ പരിശീലിപ്പിക്കുന്ന റിഹേര്‍സല്‍ ആണെന്ന് വേണമെങ്കില്‍ പറയാം. പ്രതിരോധകുത്തിവയ്പ്പുകളിലും തുള്ളിമരുന്നുകളിലും രോഗാണുക്കളുടെ കോശത്തിന്‍റെ ഏതെങ്കിലും ഒന്നോ രണ്ടോ ഭാഗംമാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നതുകൊണ്ട് രോഗം വരില്ല. ആ കോശഭാഗത്തിനെതിരെ ശരീരം ആന്റിബോഡികള്‍ (യുദ്ധത്തിനുള്ള ആയുധം) നിര്‍മ്മിച്ച്‌ സൂക്ഷിക്കും. എപ്പോഴെങ്കിലും  ഈ രോഗാണു ശരീരത്തില്‍ കടന്നാല്‍ കൂടുതല്‍ വീറോടെ ശരീരമതിനെ തുരത്തിയോടിക്കും. പോളിയോ, ഡിഫ്തീരിയ, വില്ലന്‍ ചുമ, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളെ പൂര്‍ണ്ണമായും തടയാന്‍ ഈ വാക്സിനുകള്‍ക്ക് കഴിയും. പൂര്‍ണ്ണമായ പ്രതിരോധശേഷിക്ക് രണ്ടോ മൂന്നോ ഡോസ് വാക്സിന്‍ വേണ്ടിവരുമെന്ന് (ബൂസ്റ്റര്‍) മാത്രം. അതേസമയം ക്ഷയത്തിനെതിരെയുള്ള വാക്സിന്‍റെ (ബി.സി.ജി.) പ്രധാന ഉപയോഗം രോഗം കൊണ്ടുണ്ടാകാവുന്ന ചില സങ്കീര്‍ണ്ണമായ അവസ്ഥകളെ- തലച്ചോറിനെ ബാധിക്കുന്ന ക്ഷയം, മിലിയറി ടിബി തുടങ്ങിയവ- തടയാനാണ്.


എഡ്വേർഡ് ജെന്നറും (Edward Jenner) വാക്സിനേഷന്‍റെ തുടക്കവും

***************************************************************************************

നമ്മിൽ പലരും കേട്ടിട്ട് പോലും ഇല്ലാത്ത വസൂരി (Smallpox) വർഷങ്ങൾക്കു മുൻപ് ലോകത്തെ മൊത്തവും പേടിപ്പിച്ചിരുന്ന ഒരു മാരക രോഗം ആയിരുന്നു. വേരിയോള (Variola) എന്ന വൈറസ് ഉണ്ടാക്കുന്ന ഈ അസുഖത്തിനു ചികിത്സ ഇല്ലായിരുന്നു. മറ്റുള്ളവരിലേക്ക് ഈ അസുഖം പകരാതിരിക്കാനായി വസൂരി രോഗികളെ ഒറ്റപ്പെടുത്തി മാറ്റി പാർപ്പിച്ചു. അസുഖം പകരുമോ എന്ന പേടിയാൽ പരിചരിക്കാൻ ആർക്കും തന്നെ ധൈര്യം ഇല്ലായിരുന്നു. ഈ അസുഖം വന്നവരിൽ മൂന്നിൽ ഒരാൾ മരിച്ചു എന്നാണു കണക്കുകൾ പറയുന്നത്. മരിക്കാതെ രക്ഷപ്പെട്ടാലും ശരീരത്തെ വിരൂപമാക്കുന്ന വസൂരിക്കലകൾ അവശേഷിക്കും. ചിലർക്ക് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടു. മറ്റു ചിലരുടെ മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വിരൂപമായി. എന്നാൽ ഒരിക്കൽ വസൂരി വന്ന് രക്ഷപ്പെട്ടവര്‍ക്ക് പിന്നീട് ആ അസുഖം വരില്ലായിരുന്നു. അതിനാൽ തന്നെ തീവ്രത കുറഞ്ഞ വസൂരി (Variola minor) വരുന്നത് നല്ലത് ആയി ആളുകൾ കരുതി. തീവ്രത കുറഞ്ഞ വസൂരി വന്നു ഭേദമായവർക്ക് പിന്നീട് തീവ്രത കൂടിയ വസൂരിയുടെ (Variloa major) ആക്രമണം പേടിക്കേണ്ടതില്ലായിരുന്നു.

ഇംഗ്ലണ്ടിൽ ബെർക്ലി (Berkeley) എന്ന ചെറുഗ്രാമത്തിൽ ഒരു പുരോഹിതന്‍റെ മകനായി 1749-ൽ എഡ്വേർഡ് ജെന്നർ ജനിച്ചു. തന്‍റെ അഞ്ചാമത്തെ വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജെന്നറെ ജ്യേഷ്ഠസഹോദരനാണ് പിന്നീട് വളർത്തിയത്. ലണ്ടനിലെ മെഡിക്കൽ സ്കൂളിൽ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ ജെന്നർ ഇംഗ്ലണ്ടിലെ അന്നത്തെ ഏറ്റവും വലിയ ശാസ്ത്രസംഘടയായ റോയൽ സൊസൈറ്റിയിൽ അംഗമായിരുന്നു. ക്യാപ്റ്റൻ ജെയിംസ് കുക്ക് എന്ന പ്രശസ്ത പര്യവേക്ഷകൻ ജെന്നറെ തന്‍റെ പര്യവേക്ഷകസംഘത്തിൽ ഡോക്ടർ/ ശാസ്ത്രജ്ഞൻ ആയി വരുവാൻ നിർബന്ധിച്ചു. പക്ഷെ അദ്ദേഹം ബെർക്ലി എന്ന താൻ ജനിച്ചു വളർന്ന ഗ്രാമത്തിൽ ഭിഷഗ്വരനായി സേവനം അനുഷ്ടിക്കാനാണ് ഇഷ്ടപ്പെട്ടത്.

ആ ഗ്രാമത്തിലെ ഒരു പാൽക്കാരി ഒരിക്കൽ ജെന്നറിനോട് ഗോവസൂരി (Cowpox) വരുന്നവർക്ക് പിന്നീട് വസൂരി വരില്ല എന്ന് പറഞ്ഞു. ഗോവസൂരി എന്നത് കന്നുകാലികളിൽ കണ്ടുവരുന്ന മനുഷ്യനിലെ വസൂരി പോലെയുള്ള ഒരു രോഗമായിരുന്നു. ഇത് പാല് കറക്കുന്നവർ തുടങ്ങി പശുക്കളോട് ബന്ധപ്പെട്ടു ജീവിക്കുന്നവരിലേക്ക് പടരും. പക്ഷെ മനുഷ്യനിൽ വരുന്ന വസൂരിയുടെ ഗുരുതര സ്വഭാവം ഇതിനില്ലായിരുന്നു. ഈ പാൽക്കാരിയുടെ വാദം ശരിയാണോ എന്ന് പരിശോധിക്കാൻ ജെന്നർ തീരുമാനിച്ചു. ഗോവസൂരി വന്നവർക്ക് പിന്നീട് വസൂരി വരുന്നില്ലായെന്നും, ഇങ്ങനെയുള്ളവർ അസുഖം പകരുമോ എന്ന പേടി കൂടാതെ വസൂരി വന്നവരെ പരിചരിക്കുന്നതായും ജെന്നെർ കണ്ടെത്തി.


തുടർന്ന് 1796-ൽ ജെന്നർ നടത്തിയ പരീക്ഷണം വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പത്തു കണ്ടുപിടിത്തങ്ങളിൽ ഒന്നായ വാക്സിനേഷനിലേക്ക് വഴി തെളിച്ചു. ആ കാലത്ത് കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ വീര്യം കുറഞ്ഞ വസൂരി വരുത്തുകയും അങ്ങനെ ഭാവിയിൽ വിനാശകരമായ വസൂരി വരുന്നതിൽ നിന്നും തടയുകയും ചെയ്യുമായിരുന്നു. അങ്ങനെ വസൂരിക്കുള്ള പ്രതിരോധം എടുക്കാൻ കഴിയാത്ത ഒരു കുട്ടിയേയും കൊണ്ട് മാതാവ് ജെന്നറിന്‍റെ അടുത്തു വന്നു. ഭാവിയിൽ വസൂരി വരുന്നതിൽ നിന്നും തടയുന്നതിന് ആവശ്യമായ ചികിത്സ നൽകണം എന്നതായിരുന്നു ആവശ്യം. ജെന്നർ ഈ കുട്ടിയുടെ ദേഹത്തിൽ ഒരു മുറിവുണ്ടാക്കി അതിലേക്കു ഗോവസൂരി വന്ന ഒരാളുടെ പോളയിൽ നിന്നും എടുത്ത ദ്രാവകം പതിപ്പിച്ചു. ആദ്യം പനിയും തലവേദനയും ഉണ്ടായെങ്കിലും ഉടൻ തന്നെ സുഖമായി. തുടർന്ന് ജെന്നർ അപകടകരമായ ഒരു പരീക്ഷണം നടത്തി. രണ്ടു മാസം കഴിഞ്ഞു ഈ കുട്ടിയുടെ ദേഹത്ത് വീണ്ടും മുറിവുണ്ടാക്കി അതിലേക്കു വസൂരി ബാധിച്ച ഒരാളുടെ പോളയിൽ നിന്നും എടുത്ത ദ്രാവകം പതിപ്പിച്ചു. ഈ കുട്ടി വസൂരി വന്നു മരിച്ചിരുന്നു എങ്കിൽ ജെന്നറെ ആളുകൾ കൊലപാതകി ആയി കാണുമായിരുന്നു. പക്ഷെ കുട്ടിക്ക് അസുഖം വരില്ല എന്ന് ജെന്നറിനു ഉറപ്പായിരുന്നു. ജെന്നർ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. കുട്ടിക്ക് ഒരസുഖവും വന്നില്ല. ഈ വാര്‍ത്ത‍ പെട്ടെന്ന് പടർന്നു. വസൂരിക്കുള്ള അൽഭുതമരുന്നു കിട്ടാനായി നിരവധി ഗ്രാമവാസികൾ ജെന്നറെ തേടിയെത്തി. അവർക്കെല്ലാം തന്നെ അദ്ദേഹം വാക്സിനേഷൻ എന്ന് പേരിട്ട ഈ ചികിത്സ നൽകി. (Vacca എന്നത് പശുവിന്റെ ലാറ്റിൻ നാമം ആയിരുന്നു).

പക്ഷെ ലണ്ടനിലെ ഡോക്ടർമാർ ജെന്നറിന്‍റെ ഈ കണ്ടുപിടിത്തത്തെ അംഗീകരിക്കാൻ തയ്യാറായില്ല. വസൂരിക്ക് ഒരിക്കലും മരുന്ന് കണ്ടു പിടിക്കാൻ സാധിക്കില്ല എന്ന് വിശ്വസിച്ചിരുന്ന അവർക്ക് ഗ്രാമത്തിൽ നിന്നും വന്ന ജെന്നറിന്റെ കയ്യിൽ പ്രതിവിധി ഉണ്ടെന്നുള്ളത് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ജെന്നർ തന്‍റെ കണ്ടുപിടിത്തം പ്രസിദ്ധീകരണത്തിനായി റോയൽ സൊസൈറ്റിക്ക് അയച്ചു കൊടുത്തുവെങ്കിലും അവർ അത് നിരാകരിച്ചു. ജെന്നർ ആളുകളെ പശുവിനു തുല്യം ആക്കുകയാണ് എന്ന് പറഞ്ഞു പത്രങ്ങൾ കാർട്ടൂണുകൾ വരച്ചു കളിയാക്കി. നിരാശനാകാതെ ജെന്നർ തന്‍റെ കണ്ടുപിടിത്തം ഒരു ചെറിയ പുസ്തകം ആയി പ്രസിദ്ധീകരിച്ചു. അന്തിമവിജയം ജെന്നറിനു തന്നെയായിരുന്നു. വസൂരി വരാതിരിക്കാൻ എന്തിനും തയ്യാറായിരുന്ന ലണ്ടൻ നിവാസികൾ ജെന്നറിന്‍റെ വാക്സിനേഷന് വിധേയരായി. അതിന്‍റെ ഗുണഫലങ്ങൾ കണ്ടതോടെ ബ്രിട്ടീഷ് രാജകുടുംബം വാക്സിൻ എടുത്തു. നെപ്പോളിയൻ തന്‍റെ സൈന്യത്തിലെ എല്ലാവര്‍ക്കും വാക്സിനേഷൻ നിര്‍ബന്ധം ആക്കി. അമേരിക്കയിൽ പ്രസിഡന്റ് തോമസ് ജെഫെർസനും കുടുംബവും വാക്സിൻ എടുത്തു. അങ്ങനെ വസൂരിക്കെതിരെയുള്ള വാക്സിനേഷൻ ലോകം മൊത്തവും അംഗീകരിച്ചു.

1950 കളില്‍ ലോകത്താകമാനം ഒരുവര്‍ഷം 20 ലക്ഷം മനുഷ്യര്‍ വസൂരി കാരണം മരിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ 1958 ല്‍ USSR ന്‍റെ ആരോഗ്യമന്ത്രിയായിരുന്ന പ്രൊഫ.വിക്റ്റര്‍ സദനോവ് (Viktor Zhdanov) വേള്‍ഡ് ഹെല്‍ത്ത് അസ്സംബ്ലിയില്‍ ഈ ഗുരുതരാവസ്ഥ അവതരിപ്പിക്കുകയും വാക്സിനേഷന്‍ വ്യാപിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഉന്നയിക്കുകയും ചെയ്തു. അതംഗീകരിച്ചു പുതിയ വാക്സിനേഷന്‍ രീതികള്‍ നിലവില്‍ വന്നെങ്കിലും ആഫ്രിക്കയിലെയും ഇന്ത്യയിലെയും അവസ്ഥ പരിതാപകരമായിരുന്നു. അങ്ങനെ 1966 ല്‍ SMALLPOX ERADICATION UNIT നിലവില്‍ വന്നു. തുടര്‍ന്ന് ത്വരിതഗതിയിലുള്ളതും ചരിത്രപരവുമായ നേട്ടത്തിലേക്കായിരുന്നു ലോകം കുതിച്ചത്.

1980-ൽ വസൂരി ഭൂമുഖത്ത് നിന്നും തുടച്ചുനീക്കപ്പെട്ടതായി WHO പ്രഖ്യാപിച്ചു. വസൂരിക്കെതിരെ എഡ്വേർഡ് ജെന്നർ തുടങ്ങിയ വാക്സിനേഷൻ ഇന്ന് മറ്റു പല മാരക രോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നു. ജെന്നറിനു വാക്സിൻ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്ന് അറിയില്ലായിരുന്നു. പക്ഷെ ആധുനിക വൈദ്യശാസ്ത്രം ഇന്ന് നമുക്കതിന് വിശദീകരണം തരുന്നു. വാക്സിൻ എന്നത് കൊല്ലപ്പെട്ട അല്ലെങ്കിൽ രോഗം ഉണ്ടാക്കാനുള്ള ശക്തിയില്ലാത്ത രോഗാണുക്കൾ ആണ്. ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ കുത്തിവെക്കുമ്പോൾ നമ്മുടെ രക്തത്തിലെ ലിംഫോസൈറ്റുകൾ (T and B Lymphocytes) എന്ന വെളുത്ത രക്താണുക്കൾ ഇവയെ കൊല്ലുന്നു. ഒപ്പം തന്നെ ഈ രോഗാണുക്കളുടെ വിവരങ്ങൾ അടങ്ങിയ ഒരു റെക്കോഡും അവ സൂക്ഷിക്കുന്നു (T and B memory cells). പിന്നീടൊരിക്കൽ ഇതേ രോഗാണുക്കൾ നമ്മെ ആക്രമിക്കുമ്പോൾ തങ്ങളുടെ മെമ്മറിയിൽ ഇവയെ കുറിച്ചുള്ള വിവരം ഉള്ളതിനാൽ പെട്ടെന്ന് തന്നെ ലിംഫോസൈറ്റുകൾ ഇവയെ കൊല്ലാനുള്ള രാസവസ്തുക്കൾ (antibody) ഉൽപാദിപ്പിക്കുന്നു. ചുരുക്കത്തിൽ ശരീരത്തിൽ കടക്കുന്ന രോഗാണുക്കൾക്ക് അസുഖം ഉണ്ടാക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവയെ നശിപ്പിക്കാൻ വാക്സിനുകൾ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ സഹായിക്കുന്നു.

പ്രതിരോധവാക്സിനുകള്‍ക്കെതിരെ തെറ്റിദ്ധാരണപരത്തുന്ന ഒരുപാട് വാര്‍ത്തകള്‍, ചില നിക്ഷിപ്തതാല്പര്യക്കാരുടെ  ഇടയില്‍ നിന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉണ്ടാകുന്നുണ്ട്. അതിന്‍റെയെല്ലാം പരിണിതഫലമാണ് നിയന്ത്രണവിധേയമായിരുന്ന ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ വീണ്ടും പടര്‍ന്നുതുടങ്ങിയത്. വിലപ്പെട്ട ജീവനുകളാണ് അതിലൂടെ നഷ്ടപ്പെട്ടത്. അവരുടെ ചില വാദങ്ങളും പൊതുജനങ്ങളുടെ സാധാരണമായ ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമാണ്‌ താഴെ.



1. വാക്സിന്‍ എടുക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. വാക്സിനെടുത്താലും അസുഖം വരുന്നത് അതുകൊണ്ടാണ്.

                                              
                       തെറ്റാണ്. ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്ന മാരകമായ പല രോഗങ്ങളും ഇന്നില്ല. വസൂരി പോലുള്ള മാരകരോഗങ്ങളെ ഭൂലോകത്തുനിന്നുതന്നെ തുടച്ചുനീക്കി. പോളിയോ രോഗം 2011-നുശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ആ വര്‍ഷം ആകെ ഒരാള്‍ക്ക് മാത്രമാണ് പോളിയോ വന്നത്. ലോകത്ത് ഇന്ന് മൂന്നുജ്യങ്ങളില്‍ മാത്രമാണ് പുതുതായി പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്- പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ. ഇന്ത്യയിലിത് നിയന്ത്രണവിധേയമാണ്. വാക്സിനേഷന്‍ തുടരുന്നതിലൂടെ ഇന്ത്യയില്‍ നിന്നും പോളിയോ വൈറസിനെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നമുക്ക് ഉടനെ സാധിക്കും. വാക്സിന്‍ എടുക്കുന്ന എല്ലാ രോഗങ്ങളും ഇതുപോലെ നിയന്ത്രണവിധേയമാണ്. അമേരിക്ക 1979ല്‍ പോളിയോ നിര്‍മാര്‍ജ്ജനം ചെയ്തപ്പോള്‍ നമുക്കിപ്പോഴുമത് സാധിക്കാത്തത്, മേല്‍പ്പറഞ്ഞപോലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെയാണ്.
2.വാക്സിനേഷന്‍ എത്രത്തോളം ഫലപ്രദമാണ്?
ഒരു മരുന്നും നൂറു ശതമാനം ഫലിക്കും എന്ന് ഗ്യാരന്റി പറയാൻ ആവില്ല എന്നതുപോലെയാണ് വാക്സിനുകളും .നൂറു ശതമാനം രോഗപ്രതിരോധശേഷി തരുന്ന ഒരു വാക്സിനും ഇല്ല. ചിലതു ഒന്നിൽ കൂടുതൽ പ്രാവശ്യം എടുക്കേണ്ടിവരും. ഓരോ ഡോസും കഴിയുമ്പോൾ പ്രതിരോധം കൂടിക്കൂടിവരും. ഒരു പ്രത്യേക വാക്സിനിന്‍റെ എല്ലാ ഡോസുകളും എടുക്കുന്ന ആൾക്കുപോലും നൂറു ശതമാനം പ്രതിരോധം കിട്ടണമെന്നില്ല. ഉദാഹരണത്തിന് ഒരു ഡോസ് അഞ്ചാംപനിയുടെ (MEASLES) കുത്തിവെപ്പ് എൺപത്തി അഞ്ചു മുതൽ തൊണ്ണൂറു ശതമാനം വരെ ഫലപ്രദമാണ്. അത് രണ്ടു ഡോസ് കൊണ്ട് തൊണ്ണൂറ്റി ഒൻപതു ശതമാനം വരെയാക്കാം. അതുപോലെ ഒരൊറ്റ ഡോസ് റൂബെല്ല വാക്സിൻ കൊണ്ട് തൊണ്ണൂറ്റി ഏഴു ശതമാനം സുരക്ഷ ലഭിക്കും.
3.രോഗപ്രതിരോധ ശേഷി ഉണ്ടാക്കാൻ എടുക്കുന്ന വാക്സിനുകൾ ചിലപ്പോ അതെ രോഗം ഉണ്ടാക്കുന്നതായി പറയുന്നല്ലോ . ഉദാഹരണത്തിന് പോളിയോ

പറയാം. ഒരാളിലെ പ്രതിരോധം ഉദ്ധീപിപ്പിക്കാൻ ഒരു രോഗാണുവിനെ മുഴുവനായോ അതിന്‍റെ ഏതെങ്കിലും ഘടകം മാത്രമായോ അതുമല്ലെങ്കിൽ രോഗകാരണമായി അത് ഉണ്ടാക്കുന്ന വിഷപദാർത്ഥമോ ആണുപയോഗിക്കുന്നത് .അത് രോഗങ്ങൾ ഉണ്ടാക്കാതെ പ്രതിരോധത്തെ ഉണർത്താൻ എങ്ങനെ പറ്റും എന്ന് നോക്കി, അണുവിനെ കൊന്നോ അതല്ലെങ്കിൽ നിർവീര്യം ആക്കിയോ ആവാം. അല്ലെങ്കില്‍ അതിന്‍റെ ചില ഘടകങ്ങൾ മാത്രമായിട്ടോ അതിന്‍റെ ടോക്സിനിൽ മാറ്റം വരുത്തിയോ. ഈ രീതികളിൽ രണ്ടാമത്തേതിനൊഴികെ മറ്റു മൂന്നുരീതികളും ഉപയോഗിക്കുമ്പോ ഒരു കാരണവശാലും ആ രോഗം ഉണ്ടാവില്ല . ഇനി രോഗാണുവിനെ നിർവീര്യമാക്കി ഉപയോഗിക്കുന്ന വാക്സിനുകളിൽ ഏറെ അപൂർവ്വമായി ഈയൊരു സാധ്യത ഉണ്ട് . ഇത് രണ്ടു വിധത്തിൽ ഉണ്ടാവാം 1.വാക്സിൻ എടുക്കുന്ന ആളിന്‍റെ പ്രതിരോധ സംവിധാനത്തിലെ പിഴവുകൾ 2. നിർവീര്യം ആക്കുന്നതിലെ പോരായ്മ. ഇക്കാര്യത്തിന് ചരിത്രത്തിൽ ചില ഉദാഹരണങ്ങൾ ഉണ്ട്. ക്ഷയ രോഗത്തിനെതിരെ അറുപതുകളിൽ ഉപയോഗിച്ച ഒരു ബാച്ച് ബി സി ജി വാക്സിൻ നിർവീര്യമാക്കിയതിൽ കുറവ് വന്നു. അതുപയോഗിച്ചു ഒരു പാട് പേർക്ക് റ്റീബി ഉണ്ടായി. കിൽഡ് പോളിയോ വാക്സിൻ വന്നകാലത്തു ആദ്യഘട്ടത്തിൽ ഇതുപോലെ സംഭവിച്ചിട്ടുണ്ട് . ഇതൊക്കെ ചരിത്രത്തിൽ ഉണ്ടായ സംഭവം. അറുപതുകൾ കഴിഞ്ഞു അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ എത്രയോ എടുത്തു. ചില വാക്സിനുകള്‍ എടുക്കുന്നവരില്‍ ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് വാക്സിന്‍ എടുക്കുന്നതിലൂടെ രോഗം വരാമെന്ന് പറയുന്നുണ്ട്. രോഗം വരുന്നവരുടെ സംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അതെത്രയോ ആയിരം മടങ്ങ്‌ ചെറുതാണ്. മാത്രമല്ല ഇന്ത്യയില്‍ കഴിഞ്ഞകുറേ വര്‍ഷങ്ങളിലൊന്നും വാക്സിന്‍ എടുക്കുന്നതിലൂടെ ആര്‍ക്കും രോഗം വന്നിട്ടില്ല.


3. വാക്സിന്‍ എടുക്കുന്നതുകൊണ്ട് മറ്റുപല അസുഖങ്ങളും വരുന്നുണ്ട്.

                                  അതും തെറ്റാണ്. DPT (ഡിഫ്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്) വാക്സിന്‍ എടുക്കുന്ന ദിവസം കുട്ടികള്‍ക്ക് പനി വരാന്‍ സാധ്യതയുണ്ട്. മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. ഈ സാധ്യത കുട്ടിയുടെ അമ്മയോട് പറഞ്ഞു ബോധ്യപ്പെടുത്തുകയും, പനി വന്നാല്‍ കൊടുക്കാന്‍ മരുന്ന് കൊടുത്തുവിടുകയും സാധാരണ ചെയ്യാറുണ്ട്. പണ്ടുകാലത്ത് ചില വാക്സിനുകള്‍ അപസ്മാരം ഉണ്ടാക്കുമായിരുന്നു. ഇപ്പോള്‍ അത്തരം വാക്സിനുകള്‍ ഉപയോഗിക്കുന്നുമില്ല.

4. ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള അവിശുദ്ധബന്ധം ഇതിന് പിന്നിലുണ്ട്
                  ദേശീയ ഇമ്മ്യുണൈസേഷന്‍ പദ്ധതിപ്രകാരമുള്ള മിക്കവാറും എല്ലാ വാക്സിനുകളും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ചുരുക്കം ചിലതിന് മാത്രം അടുത്തിടെ ദൗര്‍ലഭ്യം നേരിട്ടു. മറ്റുള്ളവയെല്ലാം നിങ്ങളുടെ വീടിനടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ (സബ് സെന്റര്‍) ലഭിക്കും. എല്ലാവര്‍ക്കും പൂര്‍ണ്ണമായും സൗജന്യമായിട്ട്. പൂനയിലുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇവയില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത്.


 5. വാക്സിനേഷനെ പറ്റി പറയുമ്പോഴെല്ലാം കേള്‍ക്കുന്ന ഒന്നാണ് ഈ ഹേര്‍ഡ് ഇമ്മ്യൂണിറ്റി. എന്താണത്?
       ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹിക പ്രതിരോധം എന്ന് വച്ചാല്‍, ഒരു സമൂഹത്തിലെ ഭൂരിഭാഗം ആള്‍ക്കാരും ഒരു രോഗത്തിനെതിരെ പ്രതിരോധകുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കില്‍ ആ പ്രതിരോധം തീര്‍ക്കുന്ന സുരക്ഷയുടെ കവചം കുത്തിവയ്പ് എടുക്കാത്തവര്‍ക്കും ലഭിക്കും. ഉദാഹരണത്തിന് 100 പേരുള്ള ഒരു സമൂഹത്തില്‍ 90 പേര്‍ പോളിയോ വാക്സിന്‍ എടുത്തിട്ടുണ്ട്. ഇനി പുറമേ നിന്നും ഒരു പോളിയോ വൈറസ് ആ സമൂഹത്തിലേക്ക് കടക്കുമ്പോള്‍ ഈ 90 പേരും അതിനെ പ്രതിരോധിക്കും. ഈ 90 പേര്‍ തീര്‍ക്കുന്ന പ്രതിരോധമതിലിനുള്ളില്‍ ബാക്കിയുള്ള 10 പേര്‍ സുരക്ഷിതരായിരിക്കും.
      ഇനി മറ്റൊന്ന്, ഓറല്‍ പോളിയോ പോലുള്ള വാക്സിനുകളില്‍ വീര്യം കുറഞ്ഞ ജീവനുള്ള വൈറസുകളാണ് ഉള്ളത്. ഇവ പോളിയോരോഗം പകരുന്ന അതെ വിധത്തില്‍ തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാം. ഇതുമൂലം വാക്സിന്‍ എടുക്കാത്ത അയല്‍ക്കാര്‍ക്കും രോഗപ്രതിരോധം ലഭിക്കാം. ഇതും ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുടെ ഭാഗമാണ്.

7. ഇന്നേറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ ഡിഫ്തീരിയ രോഗത്തിന്‍റെ തിരിച്ചുവരവും വാക്സിന്‍ വിരുദ്ധപ്രചാരണങ്ങളും. അതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്..
        കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗം ബാധിച്ചവരുടെ തൊണ്ടയിൽ കാണുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടക്ക് ഇതുമായുള്ള സാമ്യത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം. 1878ൽ വിക്ടോറിയ രാജ്ഞിയുടെ മകളായ ആലീസ് രാജകുമാരി മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു. രോഗത്തിനെതിരെ നിരായുധരായി പൊരുതേണ്ടി വന്ന ആ കാലഘട്ടത്തിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആൾക്കാർ രോഗത്തിന് ഇരയായിരുന്നു. 1883-ൽ എഡ്വിൻ ക്ലെബ്സ് ആണ് ഈ രോഗാണുവിനെ ആദ്യമായി സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചത്. 1884-ൽ ഫെഡറിക്ക് ലോഫ്ലർ ഇതിനെ പരീക്ഷണശാലയിൽ വളർത്തിയെടുത്തു. അതിനാൽ ഈ രോഗാണു ക്ലെബ്സ് -ലോഫ്ലർ ബാസില്ലസ് എന്നറിയപ്പെടുന്നു.


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോൺ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്സിൻ വികസിപ്പിച്ചത്. അതു വരെ ഈ രോഗം തടയാനോ വന്നാൽ ഫലപ്രദമായി ചികിൽസിക്കാനോ സാധിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ, വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനക്ക് നോബൽ സമ്മാനം ഏർപ്പെടുത്തിയപ്പോൾ അവാർഡ് നിർണ്ണയ സമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം (1901 ൽ) ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, "ഈ വാക്സിൻ കൊണ്ട് ഡിഫ്തീരിയയെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്". എന്നാൽ ആ വാക്സിൻ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു.

1920-ൽ അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിച്ച് പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയിരുന്നു ഈ രോഗം. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോൾ അമേരിക്കയിൽ ആവർഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നു മാത്രമല്ല, ഒരു മരണം പോലും ഉണ്ടായുമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. വികസിത രാജ്യങ്ങളിലും, എപ്പോഴൊക്കെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ രോഗംഭീകരരൂപം പ്രാപിച്ച് സംഹാര താണ്ഡവമാടിയിട്ടുണ്ട്. 1980-കളുടെ അവസാനത്തിൽ സോവിയറ്റ് യൂനിയൻ ഛിന്നഭിന്നമായി. രാഷ്ട്രീയമായ അസ്ഥിരത കാരണം ചില രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ഉപേക്ഷ വന്നു. 1990-95 കാലയളവിൽ 1,50,000 പേർക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. അയ്യായിരത്തിലധികം പേർ മരിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസത്തിനും വികസനത്തിനും ശാസ്ത്രാവബോധത്തിനും പേരുകേട്ട കേരളത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ നാലു കുട്ടികളാണ് ഡിഫ്തീരിയക്ക് കീഴടങ്ങിയത്.

സമൂഹത്തിൽ ഡിഫ്തീരിയ നിലനിൽക്കുന്ന സ്ഥലങ്ങളിൽ (ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിൽ) 3 - 5 % പേരുടെ തൊണ്ടയിൽ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരിൽ നിന്നോ, രോഗിയിൽ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയിൽ രോഗാണു പെരുകുകയും തൊണ്ടയിൽ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തിൽ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. ആദ്യമായി എൻഡോട്രക്കിയൽ ഇൻട്യൂബേഷൻ എന്ന, അനസ്തിഷ്യ കൊടുക്കാൻ ഇന്ന് വ്യാപകമായി ചെയ്യുന്ന ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത് 1885 ൽ ഒരു ഡിഫ്തീരിയ രോഗിയുടെ ജീവൻ രക്ഷിക്കാനാണ്.
രോഗാണുവിൽ നിന്നുണ്ടാകുന്ന ഒരു വിഷവസ്തുവാണ് ഡിഫ്തിരിയ ടോക്സിൻ. ഇത് വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയും, ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയുമാണ് ടോക്സിൻ പ്രധാനമായും ചെയ്യുന്നത്. ഡിഫ്തീരിയ മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെ.
പിന്നീട് പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ പ്രവർത്തനത്തെയാണ്. കണ്ണുകളുടെ ചലനത്തെ ബാധിക്കാം, തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാൽ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാൻ പറ്റാതെ ശ്വാസനാളത്തിൽ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. ദിവസങ്ങളോളം മുക്കിലൂടെ ഇറക്കിയ ട്യൂബ് വഴി ആഹാരം കൊടുക്കേണ്ടി വരും. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിക്കുമ്പോൾ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗി പൂർണ്ണമായും കിടപ്പിലാവുകയും ചെയ്യും. ശ്വസനത്തെ സഹായിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾ തകരാറിലാവുമ്പോൾ സ്വന്തമായി ശ്വാസം എടുക്കാൻ പറ്റാതാകുന്നു. അനേക നാൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ട അവസ്ഥ വരും. രോഗത്തിന്റെ ഏറ്റവും ഭീതിജനകമായ കാര്യം എന്താണെന്നാൽ മേൽ പറഞ്ഞ എല്ലാ ഭീകരതകളും ഒരേ രോഗിക്കു തന്നെ ഒന്നിനു പിറകേ മറ്റൊന്നായി സംഭവിച്ചേക്കാം എന്നതാണ്. ഒന്നിൽ നിന്നും രക്ഷപ്പെട്ടു വരുമ്പോൾ അടുത്തത് എന്ന നിലക്ക്.. മാസങ്ങൾ വേണ്ടിവരും പൂർണ്ണമായും രോഗമുക്തി നേടാൻ. മരണസാധ്യത 10%ൽ കൂടുതലാണ്.
ചികിൽസ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിർവീര്യമാക്കാനുള്ള ആന്റി ടോക്സിൻ നൽകാൻ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും. നിർഭാഗ്യവശാൽ ആന്റി ടോക്സിന്റെ ലഭ്യത വളരെ കുറവാണ്. രോഗം അപൂർവ്വമായ സ്ഥിതിക്ക് ഈ മരുന്ന് മരുന്നു കമ്പനികളൊന്നും ഉണ്ടാക്കുന്നില്ല എന്നാണറിവ്. ടോക്സിൻ അവയവങ്ങളിൽ അടിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ നിർവീര്യമാക്കാൻ കഴിയുകയുമില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്സിൻ സുലഭമായി ഉള്ളപ്പോൾ. 90% ൽ കൂടുതൽ പേർ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര വയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈ രോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടർന്ന് 10 വർഷം കൂടുമ്പോൾ Td വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ പ്രതിരോധശേഷി കുറയാതെ നിലനിർത്താൻ പറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂർണ്ണമായും അകറ്റി നിർത്താൻ പറ്റും.
അങ്ങിങ്ങായി ഒന്നോ രണ്ടോ കേസുകൾ തലപൊക്കുന്നത് ഒരു സൂചനയാണ്. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ നാം പിന്നോക്കം പോവുകയാണെന്ന സൂചന. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ പ്രശ്നം കൈവിട്ടു പോകും, നിയന്ത്രണാതീതമാകും... മുമ്പ് സോവിയറ്റ് യൂണിയനിൽ സംഭവിച്ചതു പോലെ.
DPT എന്ന ട്രിപ്പിൾ വാക്സിൻ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 1970-കളിലാണ്. അതിന് മുമ്പ് ജനിച്ചവർക്ക് ഈ രോഗത്തിനെതിരായ പ്രതിരോധ ശക്തി കുറവാണ്. അതിനാൽ സാധാരണ ബാധിക്കാറില്ലെങ്കിലും രോഗം നിയന്ത്രണാതീതമാകുമ്പോൾ മുതിർന്നവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു ഡിഫ്തീരിയ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനസ്സിലാക്കേണ്ടത് അനേകം പേരിൽ രോഗാണുബാധയുണ്ടായിട്ടുണ്ട് എന്നാണ്.


പോളിയോയെ സംബന്ധിച്ച് ചില പുതിയ കാര്യങ്ങള്‍ കൂടി. 2016 ഏപ്രില്‍ മുതല്‍ പോളിയോ വാക്സിനില്‍ മാറ്റം വന്നിട്ടുണ്ട്. പോളിയോ രോഗം ഉണ്ടാക്കുന്ന വൈറസുകളെ മൂന്നായി തിരിച്ചിട്ടുണ്ട്. ടൈപ്പ് 1,2,3. ഇങ്ങനെ. നല്‍കി വന്നിരുന്ന  വാക്സിനിലും ഈ മൂന്നുവിഭാഗങ്ങളുടെയും വീര്യം കുറഞ്ഞ വൈറല്‍ കുഞ്ഞുങ്ങളാണുള്ളത്. 2016 മുതല്‍ നല്‍കുന്ന വാക്സിനില്‍ ടൈപ്പ് 2 ഘടകം ഒഴിവാക്കാന്‍ WHO യുടെ പ്രത്യേക പഠനസംഘം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കാരണം ടൈപ്പ് 2 വൈറസ് കാരണം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരു പോളിയോ രോഗി പോലും ഉണ്ടായിട്ടില്ലാ എന്നത് തന്നെ. ടൈപ്പ് 2 കാരണമുള്ള പോളിയോ ലോകത്തുനിന്നുതന്നെ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു എന്നുതന്നെയാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തല്‍. അതൊഴിവാക്കുമ്പോള്‍ വാക്സിന്‍ കൂടുതല്‍ സുരക്ഷിതവുമാകും. ബാക്കിയുള്ളവ കൂടി ഇല്ലാതാകാന്‍ ഇനി കുറച്ചു വര്‍ഷങ്ങള്‍ മതിയാകും.




പലരുടെയും തെറ്റിദ്ധാരണ ഭാവിയിലെപ്പോഴോ വരാന്‍ സാധ്യതയുള്ള രോഗത്തിന് ഇന്നേ കൊടുക്കുന്ന മരുന്നാണ് വാക്സിന്‍ എന്നാണ്. അതെത്രമാത്രം തെറ്റായ ധാരണയാണെന്ന് ഇപ്പോള്‍ മനസിലായില്ലേ. ഈ വാക്സിനുകള്‍ എല്ലാം തന്നെ നിരവധി പരീക്ഷണ-നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയ ശേഷമാണു കുട്ടികള്‍ക്ക് നല്‍കുന്നത്. മേല്‍പ്പറഞ്ഞ പോലുള്ള നിസാരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അതിനെ എതിര്‍ക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. സര്‍ക്കാര്‍ സംവിധാനവും ഡോക്ടര്‍മാരും വാക്സിന്‍ എടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബോധവല്‍ക്കരിക്കുന്നുണ്ട്. തീരുമാനം എടുക്കേണ്ടത് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ തന്നെയാണ്. ആ തീരുമാനം, ശാസ്ത്രവിരുദ്ധരായ കപടപുരോഗമനവാദികളുടെ വാക്ക് കേട്ടുകൊണ്ടാകരുതെന്ന്‍ മാത്രം.



Comments

  1. പ്രിവെന്‍ഷന്‍ ഈസ് ബെറ്റര്‍ ദാന്‍ ക്യൂര്‍!!

    നല്ല പോസ്റ്റ്

    ReplyDelete
  2. വിജ്ഞാനപ്രദമായ പോസ്റ്റ്.
    തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഇതുപോലെയുള്ള ബോധവത്കരണ പോസ്റ്റുകള്‍ നല്ലതുതന്നെയാണ് ഡോക്ടര്‍.
    ആശംസകള്‍

    ReplyDelete
  3. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ വ്യാജ പ്രചാരണവുമായി കുറെ പേര്‍ സജീവമാണ്.ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു പരിധി വരെ അവര്‍ക്ക് കഴിയുന്നുമുണ്ട്.ലേഖനം നന്നായി

    ReplyDelete
  4. വിജ്ഞാനപ്രദമായ പോസ്റ്റ്‌.
    എങ്കിലും പലകാര്യങ്ങളിലും എനിക്കും സംശയം ഉണ്ട്. പണ്ടൊന്നും പണി വന്നാല്‍ നമ്മള്‍ ഓടി ആശുപത്രിയില്‍ പോകില്ലായിരുന്നു. ഏറെക്കുറെ കുഞ്ഞുങ്ങളെയും അതുപോലെതന്നെ. ഇന്ന്‍ ആന്റി ബയോട്ടിക് കഴിക്കാതെ ചുമയും പനിയും മാറില്ലാത്ത സ്ഥിതി. എന്തുകൊണ്ടാനത്? നമ്മുടെ ജീവിതക്രമം, ഭക്ഷണരീതി എന്നൊക്കെ പറയാമെങ്കിലും തെറ്റായ ഒരു പ്രവണതയല്ലേ ആദ്യം തന്നെ ആന്റി ബയോട്ടിക്കുകള്‍ കുറിച്ച് കൊടുകുക എന്നത്. അടുത്തതവണത്തെ അസുഖത്തിന് അതിലും കൂടിയ ഡോസ്. ഗര്‍ഭാവസ്ഥയിലെ അമ്മമാര്‍ കഴിക്കുന്ന മരുന്നുകള്‍ വഴി തന്നെ സ്വാഭാവിക രോഗപ്രതിരോധശേഷി കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്നു എന്ന് പോലും സംശയമുണ്ട്‌. എന്റെ അറിവില്ലായ്മ ആകാം. പക്ഷേ എന്തോ ഒന്നു തുമ്മിയാലുടനെ അസുഖം വരുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്കങ്ങനെ തോന്നുന്നു.

    ReplyDelete
    Replies
    1. സാധാരണ പനിയും ചുമയുമൊക്കെ ആന്റിബയോട്ടിക് കഴിക്കാതെ ഇന്നും മാറും. നാട്ടിൻ പുറങ്ങളിൽ മുതിർന്നവരെല്ലാം ഇപ്പൊഴും അങ്ങനെ തന്നെ. ഞാനും വീട്ടുകാരും അതുപോലെയാണ്. പക്ഷെ കുട്ടികളുടെ കാര്യത്തിലാകുമ്പോൾ രക്ഷിതാക്കൾക്കെല്ലാം അകാരണമായ ഭയവും അക്ഷമയുമാണ്. പലപ്പോഴും ആന്റിബയോട്ടിക്കുകൾ എഴുതിക്കൊടുക്കാൻ ഡോക്ടർമാർ നിർബന്ധിതരാകുന്നു. തൽകാലം അതുവേണ്ടാ, മൂന്ന് ദിവസം നോക്കിയിട്ട് കുറവില്ലെങ്കിൽ ആന്റിബയോട്ടിക് കൊടുക്കാമെന്ന് പറയുമ്പോൾ പലർക്കും അസംതൃപ്തിയാണ്. ഒന്നുകിൽ ഇങ്ങോട്ട് പറഞ്ഞ് എഴുതി വാങ്ങും അല്ലെങ്കിൽ പിറ്റേന്ന് മറ്റൊരു ഡോക്ടറെ കാണും. സ്വാഭാവികമായും ആ ഡോക്ടർ ആന്റിബയോട്ടിക് എഴുതും. ബാക്ടീരിയകൾ ഒരു പുതിയ മരുന്ന് വന്നാൽ അതിനെതിരെ പ്രതിരോധസംവിധാനം രൂപപ്പെടുത്താൻ റെഡിയായി നിക്കുവാണ്. അങ്ങനെയാകുമ്പോൾ 2-3 പ്രാവശ്യം കഴിയുമ്പോൾ പല മരുന്നുകളും ഫലമില്ലാത്തവയാകും. രക്ഷകർത്താക്കൾ മാത്രമാണ് കുറ്റക്കാർ എന്നല്ലാ പറഞ്ഞുവരുന്നത്, ഡോക്ടർമാർക്കും പങ്കുണ്ട്. മേൽപ്പറഞ്ഞ കാര്യത്തിൽ രണ്ടാമതൊരു ഡോക്ടറെ കാണേണ്ടി വരുമ്പോൾ ആദ്യത്തെ ഡോക്ടറുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്. അത് നിലനിർത്താൻ , പെട്ടെന്ന് രോഗശാന്തി വരുത്തുന്ന വഴികൾ അവരും തേടും. എന്തായാലും ലോകത്തിൽ ഏറ്റവുമധികം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്.

      ഗർഭാവസ്ഥയിൽ നമ്മുടെ സാഹചര്യങ്ങളിൽ സേഫ് ആയിട്ടുള്ള മരുന്നുകൾ മാത്രമേ ഉപയോഗിക്കാറുള്ളൂ.. കുഞ്ഞുങ്ങളെ പ്രകൃതിയുമായി ഇണക്കി വളർത്തിയാൽ തന്നെ പകുതി അസുഖങ്ങളും വരില്ലാ.

      Delete
    2. ലേശം പരിഭ്രമത്തോടെയെങ്കിലും കുട്ടികൾക്ക് അസുഖം വന്നാൽ ഒന്നോ രണ്ടോ ദിവസം കാത്തിരുന്നിട്ടേ ഞാനും മരുന്നുകൾ കൊടുക്കാറുള്ളൂ.

      Delete
  5. വളരെ വിജ്ഞാനപ്രദമായ കുറിപ്പുകൾ കേട്ടൊ ഡോക്ട്ടറെ
    ഏതെങ്കിലും ആനുകാലികങ്ങളിൽ പ്രസിദ്ധീകരണത്തിന് കൊടുക്കുമല്ലോ

    ReplyDelete
  6. എന്റെ ഡോക്ടറെ ഇതൊക്കെ ഓർത്ത്‌ വെക്കാനാണ് കഴിയാത്തത്.
    എപ്പോഴെങ്കിലും സംശയം വരുമ്പോ വീണ്ടും വന്നു നോക്കാം.
    വിജ്ഞാന പ്രദം ... ഇങ്ങനെയുള്ള പോസ്റ്റുകൾ അത്യാവശ്യമാണ്
    അഭിനന്ദനങ്ങൾ
    മുരളീ മുകുന്ദൻ ജി പറഞ്ഞ പോലെ ആനുകാലികങ്ങളിലേക്ക് വരട്ടെ

    ReplyDelete
  7. നല്ല പോസ്റ്റ്‌ , കുറച്ചു നാളായിട്ടുള്ള സംശയങ്ങള്‍ക്കുള്ള മറുപടിയും ......
    കുറച്ചു നാള്‍ മുന്നേ ഏകദേശം ഒരു വര്ഷം മുന്നെയാണെന്നു തോന്നുന്നു വാക്സിന്‍ എടുത്ത ശേഷം പോളിയോ വരുകയും , ഇതെല്ലാം മരുന്ന് കമ്പനികളുമായുള്ള ഒത്തുകളികള്‍ ആണെന്നുള്ള വാര്‍ത്തകള്‍ വായിക്കുകയും പലരുടെയും മനസ്സുകളില്‍ തെറ്റിദ്ധാരണ ഉണ്ടാവുകയും ചെയ്യ്തിരുന്നു ..താങ്ക്സ് ഈ പോസ്റ്റിനു ..........

    ReplyDelete
  8. Very Informative post ...Still ..I have some doubts ..can i ask Dr Manoj ..സംശയങ്ങൾ താഴെ ചേർക്കുന്നു ..

    ReplyDelete
  9. ഈ മരുന്ന് ആര് സപ്ലൈ ചെയ്യുന്നു ഇന്ത്യയിൽ ?

    ReplyDelete
  10. ഫ്രീയായിട്ടാണ് ജനത്തിന് കിട്ടുന്നത് ..സർക്കാർ ജനത്തിന് അതെത്തിക്കുന്നു ..സൊ...ഇതിലൊരു മരുന്ന് മാഫിയക്ക് ചാൻസില്ല എന്ന് പോസ്റ്റിൽ പറയുന്നു ..പക്ഷെ സർക്കാർ ഇതിനായി പൈസ മുടക്കുന്നുണ്ടല്ലോ .. ആ നിലക്ക് മരുന്ന് മാഫിയാ ബന്ധം ഡോക്ടർമാർക്ക് നേരിട്ടാകണം എന്നില്ല ല്ലോ ..മാറി മാറി വരുന്ന സർക്കാരുകളുമായി ഇത്തരം ബന്ധങ്ങൾ ഉണ്ടെങ്കിലും ആരോപണം ശരിയാകില്ലേ ..

    ReplyDelete
    Replies
    1. ആദ്യത്തെ രണ്ടു ചോദ്യങ്ങള്‍ക്ക്...

      ഇന്ത്യയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ ലാബുകളിലാണ് നിര്‍മ്മിക്കുന്നത്. പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒക്കെയാണ് അവ നിര്‍മ്മിക്കുന്നത്. നമ്മുടെ നാട്ടിലെ വൈറസിന്റെയോ ബാക്ടീരിയയുടെയോ സ്വഭാവമായിരിക്കില്ല പുറം രാജ്യങ്ങളില്‍. അതിനാല്‍ ഇവിടെത്തന്നെ നിര്‍മ്മിക്കുന്നതാണ് നല്ലതെന്ന് കണ്ടെത്തുകയായിരുന്നു. അതില്‍ പലതിന്റെയും ചെലവ് വഹിക്കുന്നത് ലോകാരോഗ്യസംഘടനയാണ്. അവരുടെ മേല്‍നോട്ടത്തില്‍ ആണ് ഇവിടുത്തെ പല പ്രതിരോധപ്രവര്‍ത്തനങ്ങളും നടക്കുന്നത്.. ആ നിലയ്ക്ക് അതിന് സംസ്ഥാനസര്‍ക്കാരുകളുമായി വലിയ ബന്ധമില്ല. കേന്ദ്രസര്‍ക്കാരിന്റെ കയ്യീന്ന് നേരിട്ട് കാശ്പോകുന്നുമില്ല. അതിനാല്‍ ഇതിനകത്ത് മാഫിയ സാധ്യത കുറവാണ്. തീരെയില്ലാ എന്നുപറയാന്‍ , ഉള്ളറകള്‍ നമുക്കറിയില്ലല്ലോ..

      Delete
  11. മരുന്ന് നൽകുന്നതിനു ഞാൻ എതിരല്ല ..പക്ഷേ പോസ്റ്റിൽ പറഞ്ഞിട്ടുള്ള അസുഖങ്ങൾ ഒരു കാലത്ത് തുടച്ചു മാറ്റപ്പെട്ടിട്ടുണ്ട് ..വരാതിരിക്കാനായി മാത്രമാണ് ഇത്തരം കുത്തി വെപ്പുകൾ എന്നും പറയുന്നു .. ആ ഒരു സാധ്യതയെ മാത്രം മുൻ നിർത്തി കാലാ കാലങ്ങളോളം ഈ മരുന്ന് കുത്തി വെപ്പ് തുടരണം എന്ന അഭിപ്രായം ഡോക്ടർക്കുണ്ടോ ?

    ReplyDelete
    Replies
    1. വസൂരി നമ്മള്‍ തുടച്ചുനീക്കി. പോളിയോ തുടച്ചു നീക്കാന്‍ സാധിക്കും. പക്ഷെ ഇതില്‍ പറയുന്ന മറ്റ് അസുഖങ്ങള്‍ വരാതെ നോക്കാനെ നമുക്കാവൂ.. കാരണമെന്തെന്ന് വച്ചാല്‍ വസൂരിയും പോളിയോയും മനുഷ്യനെ മാത്രമേ ബാധിക്കൂ.. കാരണക്കാരായ വൈറസുകള്‍ മനുഷ്യശരീരത്തിന് പുറത്തു അധികം ജീവിക്കില്ല. മാത്രമല്ല, ഇവയ്ക്കെതിരെ പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധശേഷി ഒരിക്കല്‍ നേടിയാല്‍ അത് ജീവിതകാലത്തെക്ക് മൊത്തം ഉള്ളതാണ്. പോളിയോ തുള്ളിമരുന്ന് ഒരുകുട്ടിക്ക് കൊടുക്കുമ്പോള്‍ ആ കുട്ടിയുടെ അയല്‍ക്കാരായ കുട്ടികള്‍ക്ക് വരെ ചെറിയതോതില്‍ ഇമ്മ്യൂണിറ്റി ലഭിക്കും. ഇതിനെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന് പറയും.. ഇന്ത്യ ഇപ്പോള്‍ പോളിയോ ഫ്രീ രാജ്യമാണ്.. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പോളിയോ ലോകത്തുനിന്ന് തന്നെ തുടച്ചുനീക്കും.. ഇപ്പോള്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മാത്രമേ പോളിയോ ഉള്ള രാജ്യങ്ങളായുള്ളൂ..

      Delete
    2. പക്ഷെ, മറ്റുള്ള അസുഖങ്ങള്‍, ഉദാഹരണത്തിന് ഇപ്പോള്‍ തിരകെ വന്ന ഡിഫ്തീരിയ പോലുള്ളവ, എല്ലാകാലത്തും ഇവിടെത്തന്നെ ഉണ്ടാകും. അവ മനുഷ്യനില്‍ നിന്നുംമനുഷ്യനിലേക്കും ചിലതൊക്കെ മറ്റുജീവികളിലേക്കും വരെ പകരും. തിരിച്ചും കിട്ടും.. അവ ഒരിക്കലും തുടച്ചുനീക്കാന്‍ സാധിക്കില്ല. നിയന്ത്രിച്ചുനിര്‍ത്താന്‍ മാത്രമേ സാധിക്കൂ.. അതുകൊണ്ട് വരാതിരിക്കാന്‍ പ്രതിരോധകുത്തിവയ്പ്പ് മാത്രമേ മാര്‍ഗമുള്ളൂ.. ടെറ്റനസ് അഴുക്കുവെള്ളം വഴിയും തുരുമ്പിലൂടെയും ഒക്കെയാണ് പകരുന്നത്.. അതൊക്കെ എങ്ങനെ നമ്മള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യും..

      Delete
    3. പ്രവീണ്‍ ശേഖര്‍23 September 2015 at 17:10

      >>പോളിയോ തുള്ളിമരുന്ന് ഒരുകുട്ടിക്ക് കൊടുക്കുമ്പോള്‍ ആ കുട്ടിയുടെ അയല്‍ക്കാരായ കുട്ടികള്‍ക്ക് വരെ ചെറിയതോതില്‍ ഇമ്മ്യൂണിറ്റി ലഭിക്കും.>> is it possible .. ഒരാൾ കഴിക്കുന്ന മരുന്ന് കൊണ്ട് മറ്റൊരാൾക്ക് ഗുണം ഉണ്ടാകുമോ ? കുഞ്ഞു നാളിൽ എടുക്കുന്ന കുത്തി വെപ്പ് ഒരാളുടെ ശരീരത്തിൽ എപ്രകാരമാണ് ആജീവനാന്തം പ്രതിരോധ ശേഷിയായി നിലനിൽക്കുന്നത് ..

      Delete
    4. 1.ചില വാക്സിനുകൾക്ക് അങ്ങനെ ഒരു സ്വഭാവം കൂടിയുണ്ട്. പോളിയോ പെട്ടന്ന് പകരുന്ന രോഗമാണ്. വാക്സിൻ വൈറസും അതുപോലെ പടരും. അത് വാക്സിൻ എടുക്കാത്ത കുട്ടികൾക്കും ഇമ്മ്യൂണിറ്റി കൊടുക്കും.

      2. കുത്തിവയ്പ്പെടുക്കുമ്പോൾ ശരീരം ആ രോഗാണുവിനെതിരെ ആന്റിബോഡി ഉണ്ടാക്കും. ഇവരാണ് രോഗം വരാതെ സംരക്ഷിക്കുന്നത്. ചില ആന്റിബോഡികൾ ഒരിക്കൽ ശരീരത്തിലുണ്ടായാൽ അത് ആജീവനാന്തം നിലനിൽക്കും. ഒരിക്കൽ ചിക്കൻപോക്സ് വന്നാൽ പിന്നെ വരില്ലാന്ന് പറയുന്നത് കേട്ടിട്ടില്ലേ.. പക്ഷേ ചില രോഗങ്ങൾക്ക് മാത്രമേ ഈ സ്വഭാവമുള്ളൂ ..

      Delete
  12. നന്നായിട്ടുണ്ട് മനോജ്‌. ഇത്തരം ലേഖനങ്ങൾ കൂടുതൽ വരട്ടെ.

    ReplyDelete
  13. പ്രവീണ്‍ ശേഖര്‍23 September 2015 at 17:13

    ഈ മരുന്നുകൾ ഇല്ലാത്ത കാലത്ത് മനുഷ്യർ ഈ അവസ്ഥയെ എങ്ങിനെ നേരിട്ടിരുന്നിരിക്കാം ? ..പോളിയോ പോലെ അല്ലെങ്കിലും അത് പോലത്തെ പകർച്ച വ്യാധികൾ ഇപ്പോഴും ഇല്ലേ..

    ReplyDelete
    Replies
    1. മരുന്നുകളില്ലാതിരുന്ന കാലത്ത് കുട്ടികളുടെ മരണനിരക്കും കൂടുതലായിരുന്നു. പഴയ പകർച്ച വ്യാധികൾ ഒരു വിധം നിയന്ത്രണവിധേയമാണ്. അപ്പോഴേക്കും കോഴി, താറാവ്, പന്നി തുടങ്ങി പുതിയവ വരുന്നുണ്ട്.

      Delete
  14. പ്രവീണ്‍ ശേഖര്‍23 September 2015 at 17:15

    ഇക്കാലത്തെ കുട്ടികളിൽ പണ്ടത്തെ കാലത്തെ കുട്ടികളെക്കാൾ പ്രതിരോധ ശേഷി കുറയുകയാണ് എന്നാണു പൊതുവേയുള്ള റിപ്പോർട്ടുകൾ ..പ്രതിരോധ കുത്തിവെപ്പുകൾ ഉണ്ടായിട്ടും കുഞ്ഞുങ്ങളിലെ രോഗങ്ങളുടെ എണ്ണം കൂടുകയും പ്രതിരോധ ശേഷി പഴയ തലമുറയിൽ ഇതൊന്നുമില്ലാതെ വളർന്നു വന്നവരേക്കാൾ കുറയുകയും ചെയ്യുന്നില്ലേ ..അത് ഈ കുത്തി വെപ്പുമായി ബന്ധമുള്ളതാകാൻ വഴിയുണ്ടോ ?

    ReplyDelete
    Replies
    1. Exposure ആണ് ഒരു വ്യക്തിയെ ഒരു പ്രത്യേക വസ്തുവിനോട് പ്രതിരോധ സംവിധാനം രൂപപ്പെടുത്താൻ സഹായിക്കുന്നത്. ഇന്നത്തെ കുട്ടികൾ ഒന്നിനോടും എക്സ് പോസ്ഡ് ആകുന്നില്ല. അത്രേയുള്ളൂ.

      Delete
    2. പ്രവീണ്‍ ശേഖര്‍23 September 2015 at 17:18

      ഒന്ന് കൂടി വ്യക്തമാക്കാമോ ..നേരെ മനസിലായില്ല.

      Delete
    3. പുതിയത് എന്ത് കണ്ടാലും അതിനെതിരെ പ്രതികരിക്കുന്ന ഒരുസ്വഭാവം നമ്മുടെ രോഗപ്രതിരോധസംവിധാനത്തിനുണ്ട്. പൊടിയടിക്കുമ്പോള്‍ തുമ്മുന്നതും ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ചര്‍ദ്ദിക്കുന്നതും എല്ലാം അതിന്‍റെ ഭാഗമാണ്. കുട്ടികള്‍ ജനിക്കുമ്പോള്‍ അവര്‍ക്ക് ഈഭൂമിയിലുള്ള എല്ലാം പുതിയതാണ്. പക്ഷെ അവരുടെ പ്രതിരോധസംവിധാനം പൂര്‍ണ്ണമായി വളര്‍ന്നിട്ടില്ല. അതിനു ഒരു മൂന്നുനാല് വയസ്സാകണം. ഈ പ്രതിരോധസംവിധാനത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒരുകുട്ടി ബന്ധപ്പെടുന്ന എല്ലാ വസ്തുക്കളുമായും ഈ പ്രതിരോധകോശങ്ങള്‍ പ്രതികരിക്കും. വളരെ സരളമായി. അങ്ങനെ അവര്‍ കൂട്ടുകാരെ പോലെയാകും. മണ്ണില്‍ കളിച്ചുവളരുന്ന കുട്ടി മണ്ണിലെ ബാക്റ്റീരിയയുമായും വൈറസുമായും നല്ല ചങ്ങാത്തത്തില്‍ ആയിരിക്കും. ആ കുട്ടിക്ക് പിന്നീടൊരിക്കല്‍ ആവക അണുക്കള്‍ കൊണ്ട് അസുഖം വരാന്‍ സാധ്യത കുറവാണ്. പക്ഷെ ഇതൊന്നും കണ്ടിട്ടില്ലാത്ത കുട്ടിയോ, എപ്പോഴെങ്കിലും മണ്ണില്‍ കളിച്ചാല്‍, വെയില്‍ കൊണ്ടാല്‍ , മഴ നനഞ്ഞാല്‍ അപ്പോള്‍ പിടിക്കും ഓരോഅസുഖങ്ങള്‍.. ചുരുക്കിപ്പറഞ്ഞാല്‍, തീയില്‍ കുരുത്തത് വെയിലത്ത് വാടൂല്ല..

      Delete
    4. പ്രവീണ്‍ ശേഖര്‍23 September 2015 at 17:19

      ok .. അത് ശരിയാണ് ..പക്ഷെ ഇന്നത്തെ കുട്ടികൾ അങ്ങിനെ ഇടപഴകാൻ ശ്രമിക്കുമ്പോഴും കുട്ടികൾക്ക് അത് മൂലം അസുഖം വരുന്നത് എന്ത് കൊണ്ടാണ് ..പ്രതിരോധ ശേഷി ഇല്ലാത്തത് കൊണ്ടല്ലേ ..അതാണ്‌ സംശയം ..അതോ ദീർഘ കാലം ആ ഇടപഴകൽ ഉണ്ടായാലേ ഈ പ്രകൃത്യാ ഉള്ള പ്രതിരോധ ശക്തി കിട്ടുകയുള്ളൂ എന്നാണോ ഉദ്ദേശിക്കുന്നത് ..

      Delete
    5. ദീര്‍ഘകാലം വേണമെന്നില്ല, പക്ഷെ ആ വളര്‍ച്ചയുടെ ഘട്ടത്തില്‍ വേണം. പണ്ട് കുട്ടികള്‍ നടക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പ്രകൃതിയുമായി ബന്ധപ്പെടുന്നുണ്ട്. ഇന്നത് സ്കൂളില്‍ ചേര്‍ത്തുകഴിയുമ്പോള്‍ മാത്രമാണ്.

      Delete
  15. പ്രവീണ്‍ ശേഖര്‍23 September 2015 at 17:21

    വാക്സിൻ ശരീരത്തിനെ വേറെ ഏതെങ്കിലും വിധേന ബാധിക്കുന്ന ഒരു മരുന്നാണോ അതോ വെറും വൈറസ് മാത്രമോ .

    ReplyDelete
    Replies
    1. വാക്സിന്‍ എന്നാല്‍ ഒരു മരുന്നല്ല. വൈറസുമല്ല. ചില വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്സിനില്‍ മാത്രമാണ് ആ വൈറസ് അതുപോലെ ഉള്ളത്. ഉദാ- പോളിയോ. മറ്റൊരു വൈറല്‍ രോഗമാണ് ഹെപറ്റൈറ്റിസ്-ബി. അതിനുള്ള വാക്സിനില്‍ ആ വൈറസിന്‍റെ കോശത്തിന്റെ ഒരു കുഞ്ഞുഭാഗം മാത്രമാണുള്ളത്.. അതുപോലെ തന്നെ ഡിഫ്തീരിയ പോലുള്ള ബാക്റ്റീരിയല്‍ രോഗങ്ങളുടെ വാക്സിനിലും ആ കോശത്തിന്റെ ഒരംശം മാത്രമേ ഉള്ളൂ..

      അതുകൊണ്ട്, വാക്സിന്‍ എന്നാല്‍ വൈറസ് എന്നര്‍ത്ഥമില്ല. അതൊരു മരുന്നുമല്ല. അതുകൊണ്ട് ശരീരത്തിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല. ഗുണമല്ലാതെ..

      Delete
  16. ഡോക്ടറുടെ ലേഖനവും പ്രവീൺ ഉയർത്തിയ പ്രസക്തമായ ചോദ്യങ്ങളും മറുപടികളും ഏറെ ഉൾവെളിച്ചം തരുന്നത്. പോളിയോ വാക്സിനെതിരെ ഹോമിയോ ഡോക്ടർമാരുടെ ഒരു സംഘടന കോഴിക്കോട്ട് നടത്തിയ ഒരു പ്രചരണപരിപാടി ഓർക്കുന്നു. ഇത്തരക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെയുള്ള ഇത്തരം ഇടപെടലുകൾ വളരെ ആവശ്യമാണ്....

    ReplyDelete
  17. വളരെ വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്‌.
    കുഞ്ഞുങ്ങള്‍ക്ക്‌ അതാതു സമയങ്ങളില്‍ നല്‍കേണ്ട പ്രതിരോധ വാക്സിനുകളെ എതിര്‍ക്കുന്നവര്‍, അവരുടെ ഭാവി തലമുറയെ തന്നെ ഇല്ലാതാക്കാനുള്ള യജ്ഞത്തിലെക്കാണ് നടന്നടുക്കുന്നത്.

    ReplyDelete
  18. Useful informative blog !!

    Also visit these blogs for visitors;
    Health Kerala

    ReplyDelete
  19. വൈറസിന്റെ ഒരു കുഞ്ഞു ഭാഗം മാത്രമാണ് പ്രതിരോധ വാക്സിനായി നൽകുന്നതെന്നു പ റ ഞ്ഞുവല്ലൊ.. ഇതിനെ പ്രതിരോധിക്കാൻ ശരീരം ആന്റി ബോഡി നിർമ്മിക്കും. പിന്നീട് അകത്തുകയറുന്ന വൈറസ്സിനെ പ്രതിരോധിക്കാൻ ഈ ആന്റി ബോഡികൾ സുസജ്ജമാണ് എന്നല്ലെ ഈ വാദപ്രതിവാദങ്ങൾ നൽകുന്ന അറിവ്.

    ReplyDelete
  20. എന്റെ മുൻ ധാരണ മറ്റൊന്നായിരുന്നു. ഭാവിയിൽ വരാനിടയുള്ള രോഗങ്ങ ൾ ക്കുള്ള മരുന്നാണ് ചെറുപ്പത്തിലേ ശരീരത്തിൽ കയറ്റി വിടുന്നതെന്നായിരുന്നു ...

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. പ്രതിരോധവാക്സിനുകൾക്കെതിരേ ഘോരഘോരം വാദിക്കുന്നവരുടെ മക്കൾക്കോ മക്കളുടെ കാര്യത്തിലോ ഉപേക്ഷ വിചാരിക്കുമോ ??വെറും തത്പരകക്ഷികളും നിക്ഷിപ്തതത്പര്യക്കാരും ചേർന്ന് പല അസുഖങ്ങളും തിരികെ കൊണ്ടു വരാനുള്ള ശ്രമമാണോ എന്ന് വരെ സംശയിക്കാം.

    ReplyDelete
  24. പ്രതിരോധവാക്സിനുകൾക്കെതിരേ ഘോരഘോരം വാദിക്കുന്നവരുടെ മക്കൾക്കോ മക്കളുടെ മക്കളുടെ കാര്യത്തിലോ ഉപേക്ഷ വിചാരിക്കുമോ ??വെറും തത്പരകക്ഷികളും നിക്ഷിപ്തതത്പര്യക്കാരും ചേർന്ന് പല അസുഖങ്ങളും തിരികെ കൊണ്ടു വരാനുള്ള ശ്രമമാണോ എന്ന് വരെ സംശയിക്കാം.

    ReplyDelete
  25. ഒരു സാധാരണക്കാരനു മനസ്സിലാക്കാൻ കഴിയൂന്ന വിധത്തിൽ ലളിതമായ ആഖ്യാനം. എല്ലാവരും അറിയേണ്ട വിഷയം...

    ReplyDelete
  26. ഒരു സാധാരണക്കാരനു മനസ്സിലാക്കാൻ കഴിയൂന്ന വിധത്തിൽ ലളിതമായ ആഖ്യാനം. എല്ലാവരും അറിയേണ്ട വിഷയം...

    ReplyDelete
  27. അതീവ ഹൃദ്യമായ അവതരണം. പഠനാര്‍ഹം. പക്ഷെ കമന്റിലൂടെ ചിലര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി കൊടുത്തു കാണുന്നില്ല.
    തുടര്‍ന്നും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  28. വിജ്ഞാനപ്രദം. നന്ദി

    ReplyDelete
  29. today only i came through this page and i am impressed. great effort doctor

    ReplyDelete

Post a Comment

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..