Monday, 28 September 2015

കോടാലി (കഥ)   കൊട്ടാരത്തിനുപുറത്തെ ബഹളം കൂടിക്കൂടിവരുന്നു. പൊള്ളുന്ന വറുതിയിലും സമരക്കാരുടെ എണ്ണം കൂടുന്നുണ്ട്. കൊട്ടാരത്തിനുള്ളിലും ഉഷ്ണം. രാജാവ്‌ വിഷണ്ണനായിരുന്ന് വിയര്‍ക്കുന്നു. മന്ത്രി എന്തുചെയ്യണമെന്നറിയാതെ പുറത്തെ സമരങ്ങളിലേക്കെത്തിനോക്കിയും 'മന്ത്രിയുടെ തന്ത്രങ്ങള്‍' എന്ന ഐതിഹാസിക പരമ്പരയുടെ മസാല മണമുള്ള എപ്പിസോഡുകള്‍ മാറിമാറിക്കണ്ടും നേരം കളഞ്ഞു.

രാജ്യത്ത് മഴ പെയ്തിട്ട് മാസങ്ങളായി. കൃഷിയില്ല. കുടിവെള്ളമില്ല. അനധികൃത മരംവെട്ടുകാരണം കാടില്ലാതായതും കൃഷിഭൂമിയെല്ലാം രാജാവിന്‍റെ കാലുതിരുമ്മുകാര്‍ക്ക് ഇഷ്ടദാനമായി നല്‍കിയതുമാണ് ഈ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞാണ് ഈ പ്രക്ഷോഭം. പൂഴ്ത്തിവയ്ക്കപ്പെട്ട താളിയോലഫയലുകള്‍ പരിശോധിച്ച കൊട്ടാരം ജ്യോത്സന്മാര്‍ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.

പണ്ടേതോ വനദേവത സമ്മാനിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള കോടാലികള്‍ വിറ്റാണ് തന്‍റെ മുതുമുത്തച്ഛന്‍ ഈ രാജ്യം നേടിയതും രാജാവായതുമെന്ന കാര്യം വിവരാവകാശനിയമപ്രകാരം അറിഞ്ഞ വിഷാദത്തിന് രാജാവ് ചികിത്സ തുടങ്ങിയിട്ട് അധികമായിട്ടില്ല. അതിനിടയിലാണ് ഈ സമരകോലാഹലം. എങ്ങനെയും മഴ പെയ്യിക്കണം. രാജാവും മന്ത്രിയും തലപുകച്ചു. ഒടുവില്‍ ഒത്തിരിയാലോചിച്ച് മന്ത്രിയൊരു കഥ പറഞ്ഞു. സ്ത്രീ സംസര്‍ഗ്ഗമില്ലാത്ത വനവാസിയായ യുവാവിനെ സ്ത്രീയാല്‍ വശീകരിച്ചുകൊണ്ടുവന്നു യാഗം നടത്തി മഴപെയ്യിച്ച കഥ. അതുപോലുള്ള കഥകളെഴുതാന്‍ കഴിവുള്ളവരെ തേടി ദ്വാരപാലകര്‍ നാടുചുറ്റി. പക്ഷെ രാജ്യത്ത് നിലവിലുള്ള എഴുത്തുകാരെല്ലാം കഥയില്ലാത്തവരായിരുന്നു. കഥയുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടിരുന്നു. എഴുതിപ്പോകുമെന്ന് ഭയന്ന ചിലര്‍ സ്വയം കയ്യും നാവും വെട്ടിമാറ്റി ജീവന്‍ നിലനിര്‍ത്തിപ്പോന്നു. രാജാവ്‌ തീര്‍ത്തും അസ്വസ്ഥനായി. കൊടും വറുതിയിലും ആ കണ്ണുകള്‍ പെയ്തു. ഗുളികകള്‍ സമയത്തിന് സേവിക്കാതെയായി. ഒരുദിവസം രാവിലെ കൊട്ടാരമുറ്റത്തെ നെല്ലിമരത്തിന്‍റെ താഴത്തെ ചില്ലയില്‍ ശവാസനത്തില്‍ നില്‍ക്കുന്ന രാജാവിനെ കണ്ടു രാജ്യം ഞെട്ടി. 

രാജാവിന്‍റെ മരണത്തോടെ രാജ്യത്ത് ജനാധിപത്യം നിലവില്‍ വന്നു. രാജാവിന്‍റെ മൂത്തമകന്‍ കുലത്തൊഴിലിന്‍റെ സംവരണാനുകൂല്യത്തില്‍ 'മരം' വകുപ്പിന്‍റെയും ഇളയവന്‍ കൈയും നാവും ശേഷിക്കുന്ന ഏകകലാകാരന്‍ എന്ന നിലയില്‍ സാംസ്‌കാരികവകുപ്പിന്‍റെയും മന്ത്രിമാരായി. അധികാരത്തിന്‍റെ കോടാലി കയ്യില്‍ കിട്ടിയപ്പോള്‍ മരം വെട്ടുകാരനായിരുന്ന മുതുമുത്തച്ഛന്‍റെ ജീനുകള്‍ അവരുടെ സിരകളില്‍ സോമരസം പോലെ നുരഞ്ഞു.

അധികാരമെന്നാല്‍ പ്രതികാരമെന്ന് ഇരുവരും പ്രതിജ്ഞ ചെയ്തു. മസ്തിഷ്കത്തിന് നിറംപകരുന്ന നൂതനചിത്രകലകള്‍ അഭ്യസിക്കാനുള്ള സര്‍വകലാശാലകള്‍ രാജ്യമെങ്ങും തുടങ്ങാന്‍ ഇളയവന്‍ ഉത്തരവിട്ടു. സമരങ്ങള്‍ നിയമം മൂലം നിരോധിച്ചു. അധികാരത്തിന്‍റെ അദൃശ്യകോടാലിയുമായി അവര്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. കൈയ്യിലൊരു മാന്ത്രികവടിയുമായി, നിനക്കുമ്പോഴേക്കും രക്ഷക്കെത്തുന്ന കാര്‍ട്ടൂണ്‍ ദൈവങ്ങളില്‍ വിശ്വസിച്ചു ജീവിക്കുന്ന പ്രജകള്‍ രാജ്യത്ത് ജനാധിപത്യം വന്നതറിഞ്ഞ് തരിശുനിലങ്ങളില്‍ കൂടിനിന്ന് നൃത്തം ചെയ്തു.


വാരാദ്യമാധ്യമം, സെപ്റ്റംബര്‍ 27,2015MORE STORIES
തുടർന്ന് വായിക്കുക...

Saturday, 19 September 2015

പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് ഒരാമുഖം (ആരോഗ്യം)

മാതൃഭൂമി GK& CURRENT AFFAIRS ല്‍ കവര്‍സ്റ്റോറിയായി വന്ന ലേഖനം


നമുക്കുണ്ടാകുന്ന അസുഖങ്ങളെയെല്ലാം പൊതുവേ സാംക്രമികരോഗങ്ങളെന്നും പകരാത്തരോഗങ്ങളെന്നും രണ്ടായി തിരിക്കാം.  സാംക്രമികരോഗങ്ങള്‍ ഉണ്ടാക്കുന്നത് രോഗാണുക്കള്‍ ആണ്. അത് ബാക്റ്റീരിയയോ വൈറസോ ഫംഗസോ ചിലയിനം വിരകളോ ആകാം. ഏറ്റവുമധികം രോഗങ്ങള്‍ക്ക് കാരണമാകുന്നത് വൈറസ്‌ ആണ്. ഈ രോഗാണുക്കളെല്ലാം നമ്മുടെ അന്തരീക്ഷത്തിലും മണ്ണിലും അഴുക്കുകളിലും എന്തിന് പലതും നമ്മുടെ ശരീരത്തില്‍ തന്നെ എപ്പോഴും ഉള്ളതുമാണ്. നിരന്തരം നമ്മള്‍ അവയോടു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥ നിരന്തരയുദ്ധത്തിലൂടെയാണ് ഇവയില്‍നിന്നും നമ്മെയൊക്കെ രക്ഷിച്ചുപിടിക്കുന്നത്. ആ പ്രതിരോധകവചത്തിന് ഏതെങ്കിലും വിധത്തില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ നമുക്കീവക രോഗങ്ങള്‍ വരുന്നു.

ജലദോഷം, ഫ്ലൂ, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ഹെപ്പറ്റൈറ്റിസ്, പോളിയോ, ചിക്കന്‍പോക്സ് തുടങ്ങി എയിഡ്സ് വരെയുള്ള എണ്ണമില്ലാത്തത്രയും രോഗങ്ങള്‍ വൈറസ്‌ മൂലം ഉണ്ടാകുന്നു. എലിപ്പനി, ക്ഷയം, ടൈഫോയിഡ്, ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ചുമ തുടങ്ങിയവയെല്ലാം ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളാണ്. ഇവയെല്ലാംതന്നെ വിവിധരീതിയില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നവയാണ്.

ജലദോഷം വന്നാല്‍ 'മരുന്ന് കഴിച്ചാല്‍ ഒരാഴ്ചകൊണ്ടും ഇല്ലെങ്കില്‍ ഏഴുദിവസം കൊണ്ടും മാറു'മെന്നൊരു ചൊല്ല് നാട്ടിന്‍പുറങ്ങളില്‍ പണ്ടേ ഉണ്ട്. എന്നുവച്ചാല്‍ ജലദോഷം ഉണ്ടാക്കുന്ന വൈറസിനെതിരെ ആരോഗ്യമുള്ള ശരീരം ഒരാഴ്ചകൊണ്ട് യുദ്ധം ജയിക്കുമെന്ന്, മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും. പക്ഷെ എല്ലാ വൈറസുകള്‍ക്കെതിരെയും ശരീരത്തിന് ഇതുപോലെപ്രതിരോധിക്കാന്‍ കഴിയില്ല. മാത്രമല്ല വൈറസുകള്‍ നിരന്തരം ജനിതകമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടും ഇരിക്കുന്നു. അതുകൊണ്ടുതന്നെ പല വൈറല്‍ രോഗങ്ങള്‍ക്കെതിരെയും പൂര്‍ണ്ണസൗഖ്യം തരുന്ന മരുന്നുപോലും കണ്ടുപിടിക്കാന്‍ കഴിയാറില്ല.

വൈറല്‍ രോഗങ്ങളെപ്പോലെ ശരീരത്തിലെ പ്രതിരോധസംവിധാനത്തിന്‍റെ യുദ്ധമുറകള്‍ക്കുമുന്നില്‍ തോല്‍ക്കുന്നവരല്ല, പല ബാക്റ്റീരിയല്‍ രോഗങ്ങളും. അവ വന്നുകഴിഞ്ഞാല്‍ മിക്കപ്പോഴും ആന്റിബയോട്ടിക്സ് ആവശ്യമായി വരും. ആദ്യമേ കണ്ടെത്തി ചികിത്സതുടങ്ങിയാല്‍ മിക്കവാറും ബാക്റ്റീരിയല്‍ രോഗങ്ങളിലും മറ്റൊന്നും പേടിക്കാനില്ലാ.

ഈ പറഞ്ഞതെല്ലാം ഒരു സാധാരണ ആരോഗ്യവാനായ ആളിനെ സംബന്ധിച്ചാണ്. എന്നാല്‍ ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് ഈ പറയുന്ന രോഗപ്രതിരോധശേഷിയുടെ നാലിലൊന്നേയുള്ളൂ. അതുകൊണ്ട് തന്നെ അവര്‍ക്ക് ഈവക രോഗങ്ങള്‍ വരാനുള്ള സാധ്യതയും നാലുമടങ്ങാണ്. മാത്രമല്ലാ, ഡിഫ്തീരിയ, വില്ലന്‍ ചുമ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കുട്ടികളെ കൂടുതലായി ബാധിക്കുന്നവയുമാണ്. ഇതിന്‍റെയൊക്കെ യഥാര്‍ഥ പ്രശ്നം എന്താണെന്ന് വച്ചാല്‍, വന്നുകഴിഞ്ഞാല്‍ ചികിത്സിക്കാന്‍ പ്രയാസവും വേഗത്തില്‍ പകരുന്നതുമായ രോഗങ്ങളാണ് ഈ ഡിഫ്തീരിയയും വില്ലന്‍ചുമയും പോളിയോയും ക്ഷയവുമൊക്കെ. പോളിയോയൊക്കെ വന്നാല്‍ ചികിത്സയെ ഇല്ല. രോഗം വരാതിരിക്കുക എന്നത് മാത്രമാണ് പലപ്പോഴും പ്രതിവിധി. അതിന് അത്രയും ശക്തമായ ഒരു പ്രതിരോധകവചം അത്യാവശ്യം. അവിടെയാണ് പ്രതിരോധകുത്തിവയ്പ്പുകളുടെ പ്രസക്തി.

പ്രതിരോധകുത്തിവയ്പ്പുകള്‍ എന്താണെന്നു ചോദിച്ചാല്‍ രോഗാണുവിനെ തുരത്താന്‍ ശരീരത്തെ പരിശീലിപ്പിക്കുന്ന റിഹേര്‍സല്‍ ആണെന്ന് വേണമെങ്കില്‍ പറയാം. പ്രതിരോധകുത്തിവയ്പ്പുകളിലും തുള്ളിമരുന്നുകളിലും രോഗാണുക്കളുടെ കോശത്തിന്‍റെ ഏതെങ്കിലും ഒന്നോ രണ്ടോ ഭാഗംമാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നതുകൊണ്ട് രോഗം വരില്ല. ആ കോശഭാഗത്തിനെതിരെ ശരീരം ആന്റിബോഡികള്‍ (യുദ്ധത്തിനുള്ള ആയുധം) നിര്‍മ്മിച്ച്‌ സൂക്ഷിക്കും. എപ്പോഴെങ്കിലും  ഈ രോഗാണു ശരീരത്തില്‍ കടന്നാല്‍ കൂടുതല്‍ വീറോടെ ശരീരമതിനെ തുരത്തിയോടിക്കും. പോളിയോ, ഡിഫ്തീരിയ, വില്ലന്‍ ചുമ, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളെ പൂര്‍ണ്ണമായും തടയാന്‍ ഈ വാക്സിനുകള്‍ക്ക് കഴിയും. പൂര്‍ണ്ണമായ പ്രതിരോധശേഷിക്ക് രണ്ടോ മൂന്നോ ഡോസ് വാക്സിന്‍ വേണ്ടിവരുമെന്ന് (ബൂസ്റ്റര്‍) മാത്രം. അതേസമയം ക്ഷയത്തിനെതിരെയുള്ള വാക്സിന്‍റെ (ബി.സി.ജി.) പ്രധാന ഉപയോഗം രോഗം കൊണ്ടുണ്ടാകാവുന്ന ചില സങ്കീര്‍ണ്ണമായ അവസ്ഥകളെ- തലച്ചോറിനെ ബാധിക്കുന്ന ക്ഷയം, മിലിയറി ടിബി തുടങ്ങിയവ- തടയാനാണ്.


എഡ്വേർഡ് ജെന്നറും (Edward Jenner) വാക്സിനേഷന്‍റെ തുടക്കവും

***************************************************************************************

നമ്മിൽ പലരും കേട്ടിട്ട് പോലും ഇല്ലാത്ത വസൂരി (Smallpox) വർഷങ്ങൾക്കു മുൻപ് ലോകത്തെ മൊത്തവും പേടിപ്പിച്ചിരുന്ന ഒരു മാരക രോഗം ആയിരുന്നു. വേരിയോള (Variola) എന്ന വൈറസ് ഉണ്ടാക്കുന്ന ഈ അസുഖത്തിനു ചികിത്സ ഇല്ലായിരുന്നു. മറ്റുള്ളവരിലേക്ക് ഈ അസുഖം പകരാതിരിക്കാനായി വസൂരി രോഗികളെ ഒറ്റപ്പെടുത്തി മാറ്റി പാർപ്പിച്ചു. അസുഖം പകരുമോ എന്ന പേടിയാൽ പരിചരിക്കാൻ ആർക്കും തന്നെ ധൈര്യം ഇല്ലായിരുന്നു. ഈ അസുഖം വന്നവരിൽ മൂന്നിൽ ഒരാൾ മരിച്ചു എന്നാണു കണക്കുകൾ പറയുന്നത്. മരിക്കാതെ രക്ഷപ്പെട്ടാലും ശരീരത്തെ വിരൂപമാക്കുന്ന വസൂരിക്കലകൾ അവശേഷിക്കും. ചിലർക്ക് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടു. മറ്റു ചിലരുടെ മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വിരൂപമായി. എന്നാൽ ഒരിക്കൽ വസൂരി വന്ന് രക്ഷപ്പെട്ടവര്‍ക്ക് പിന്നീട് ആ അസുഖം വരില്ലായിരുന്നു. അതിനാൽ തന്നെ തീവ്രത കുറഞ്ഞ വസൂരി (Variola minor) വരുന്നത് നല്ലത് ആയി ആളുകൾ കരുതി. തീവ്രത കുറഞ്ഞ വസൂരി വന്നു ഭേദമായവർക്ക് പിന്നീട് തീവ്രത കൂടിയ വസൂരിയുടെ (Variloa major) ആക്രമണം പേടിക്കേണ്ടതില്ലായിരുന്നു.

ഇംഗ്ലണ്ടിൽ ബെർക്ലി (Berkeley) എന്ന ചെറുഗ്രാമത്തിൽ ഒരു പുരോഹിതന്‍റെ മകനായി 1749-ൽ എഡ്വേർഡ് ജെന്നർ ജനിച്ചു. തന്‍റെ അഞ്ചാമത്തെ വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജെന്നറെ ജ്യേഷ്ഠസഹോദരനാണ് പിന്നീട് വളർത്തിയത്. ലണ്ടനിലെ മെഡിക്കൽ സ്കൂളിൽ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ ജെന്നർ ഇംഗ്ലണ്ടിലെ അന്നത്തെ ഏറ്റവും വലിയ ശാസ്ത്രസംഘടയായ റോയൽ സൊസൈറ്റിയിൽ അംഗമായിരുന്നു. ക്യാപ്റ്റൻ ജെയിംസ് കുക്ക് എന്ന പ്രശസ്ത പര്യവേക്ഷകൻ ജെന്നറെ തന്‍റെ പര്യവേക്ഷകസംഘത്തിൽ ഡോക്ടർ/ ശാസ്ത്രജ്ഞൻ ആയി വരുവാൻ നിർബന്ധിച്ചു. പക്ഷെ അദ്ദേഹം ബെർക്ലി എന്ന താൻ ജനിച്ചു വളർന്ന ഗ്രാമത്തിൽ ഭിഷഗ്വരനായി സേവനം അനുഷ്ടിക്കാനാണ് ഇഷ്ടപ്പെട്ടത്.

ആ ഗ്രാമത്തിലെ ഒരു പാൽക്കാരി ഒരിക്കൽ ജെന്നറിനോട് ഗോവസൂരി (Cowpox) വരുന്നവർക്ക് പിന്നീട് വസൂരി വരില്ല എന്ന് പറഞ്ഞു. ഗോവസൂരി എന്നത് കന്നുകാലികളിൽ കണ്ടുവരുന്ന മനുഷ്യനിലെ വസൂരി പോലെയുള്ള ഒരു രോഗമായിരുന്നു. ഇത് പാല് കറക്കുന്നവർ തുടങ്ങി പശുക്കളോട് ബന്ധപ്പെട്ടു ജീവിക്കുന്നവരിലേക്ക് പടരും. പക്ഷെ മനുഷ്യനിൽ വരുന്ന വസൂരിയുടെ ഗുരുതര സ്വഭാവം ഇതിനില്ലായിരുന്നു. ഈ പാൽക്കാരിയുടെ വാദം ശരിയാണോ എന്ന് പരിശോധിക്കാൻ ജെന്നർ തീരുമാനിച്ചു. ഗോവസൂരി വന്നവർക്ക് പിന്നീട് വസൂരി വരുന്നില്ലായെന്നും, ഇങ്ങനെയുള്ളവർ അസുഖം പകരുമോ എന്ന പേടി കൂടാതെ വസൂരി വന്നവരെ പരിചരിക്കുന്നതായും ജെന്നെർ കണ്ടെത്തി.


തുടർന്ന് 1796-ൽ ജെന്നർ നടത്തിയ പരീക്ഷണം വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പത്തു കണ്ടുപിടിത്തങ്ങളിൽ ഒന്നായ വാക്സിനേഷനിലേക്ക് വഴി തെളിച്ചു. ആ കാലത്ത് കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ വീര്യം കുറഞ്ഞ വസൂരി വരുത്തുകയും അങ്ങനെ ഭാവിയിൽ വിനാശകരമായ വസൂരി വരുന്നതിൽ നിന്നും തടയുകയും ചെയ്യുമായിരുന്നു. അങ്ങനെ വസൂരിക്കുള്ള പ്രതിരോധം എടുക്കാൻ കഴിയാത്ത ഒരു കുട്ടിയേയും കൊണ്ട് മാതാവ് ജെന്നറിന്‍റെ അടുത്തു വന്നു. ഭാവിയിൽ വസൂരി വരുന്നതിൽ നിന്നും തടയുന്നതിന് ആവശ്യമായ ചികിത്സ നൽകണം എന്നതായിരുന്നു ആവശ്യം. ജെന്നർ ഈ കുട്ടിയുടെ ദേഹത്തിൽ ഒരു മുറിവുണ്ടാക്കി അതിലേക്കു ഗോവസൂരി വന്ന ഒരാളുടെ പോളയിൽ നിന്നും എടുത്ത ദ്രാവകം പതിപ്പിച്ചു. ആദ്യം പനിയും തലവേദനയും ഉണ്ടായെങ്കിലും ഉടൻ തന്നെ സുഖമായി. തുടർന്ന് ജെന്നർ അപകടകരമായ ഒരു പരീക്ഷണം നടത്തി. രണ്ടു മാസം കഴിഞ്ഞു ഈ കുട്ടിയുടെ ദേഹത്ത് വീണ്ടും മുറിവുണ്ടാക്കി അതിലേക്കു വസൂരി ബാധിച്ച ഒരാളുടെ പോളയിൽ നിന്നും എടുത്ത ദ്രാവകം പതിപ്പിച്ചു. ഈ കുട്ടി വസൂരി വന്നു മരിച്ചിരുന്നു എങ്കിൽ ജെന്നറെ ആളുകൾ കൊലപാതകി ആയി കാണുമായിരുന്നു. പക്ഷെ കുട്ടിക്ക് അസുഖം വരില്ല എന്ന് ജെന്നറിനു ഉറപ്പായിരുന്നു. ജെന്നർ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. കുട്ടിക്ക് ഒരസുഖവും വന്നില്ല. ഈ വാര്‍ത്ത‍ പെട്ടെന്ന് പടർന്നു. വസൂരിക്കുള്ള അൽഭുതമരുന്നു കിട്ടാനായി നിരവധി ഗ്രാമവാസികൾ ജെന്നറെ തേടിയെത്തി. അവർക്കെല്ലാം തന്നെ അദ്ദേഹം വാക്സിനേഷൻ എന്ന് പേരിട്ട ഈ ചികിത്സ നൽകി. (Vacca എന്നത് പശുവിന്റെ ലാറ്റിൻ നാമം ആയിരുന്നു).

പക്ഷെ ലണ്ടനിലെ ഡോക്ടർമാർ ജെന്നറിന്‍റെ ഈ കണ്ടുപിടിത്തത്തെ അംഗീകരിക്കാൻ തയ്യാറായില്ല. വസൂരിക്ക് ഒരിക്കലും മരുന്ന് കണ്ടു പിടിക്കാൻ സാധിക്കില്ല എന്ന് വിശ്വസിച്ചിരുന്ന അവർക്ക് ഗ്രാമത്തിൽ നിന്നും വന്ന ജെന്നറിന്റെ കയ്യിൽ പ്രതിവിധി ഉണ്ടെന്നുള്ളത് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ജെന്നർ തന്‍റെ കണ്ടുപിടിത്തം പ്രസിദ്ധീകരണത്തിനായി റോയൽ സൊസൈറ്റിക്ക് അയച്ചു കൊടുത്തുവെങ്കിലും അവർ അത് നിരാകരിച്ചു. ജെന്നർ ആളുകളെ പശുവിനു തുല്യം ആക്കുകയാണ് എന്ന് പറഞ്ഞു പത്രങ്ങൾ കാർട്ടൂണുകൾ വരച്ചു കളിയാക്കി. നിരാശനാകാതെ ജെന്നർ തന്‍റെ കണ്ടുപിടിത്തം ഒരു ചെറിയ പുസ്തകം ആയി പ്രസിദ്ധീകരിച്ചു. അന്തിമവിജയം ജെന്നറിനു തന്നെയായിരുന്നു. വസൂരി വരാതിരിക്കാൻ എന്തിനും തയ്യാറായിരുന്ന ലണ്ടൻ നിവാസികൾ ജെന്നറിന്‍റെ വാക്സിനേഷന് വിധേയരായി. അതിന്‍റെ ഗുണഫലങ്ങൾ കണ്ടതോടെ ബ്രിട്ടീഷ് രാജകുടുംബം വാക്സിൻ എടുത്തു. നെപ്പോളിയൻ തന്‍റെ സൈന്യത്തിലെ എല്ലാവര്‍ക്കും വാക്സിനേഷൻ നിര്‍ബന്ധം ആക്കി. അമേരിക്കയിൽ പ്രസിഡന്റ് തോമസ് ജെഫെർസനും കുടുംബവും വാക്സിൻ എടുത്തു. അങ്ങനെ വസൂരിക്കെതിരെയുള്ള വാക്സിനേഷൻ ലോകം മൊത്തവും അംഗീകരിച്ചു.

1950 കളില്‍ ലോകത്താകമാനം ഒരുവര്‍ഷം 20 ലക്ഷം മനുഷ്യര്‍ വസൂരി കാരണം മരിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ 1958 ല്‍ USSR ന്‍റെ ആരോഗ്യമന്ത്രിയായിരുന്ന പ്രൊഫ.വിക്റ്റര്‍ സദനോവ് (Viktor Zhdanov) വേള്‍ഡ് ഹെല്‍ത്ത് അസ്സംബ്ലിയില്‍ ഈ ഗുരുതരാവസ്ഥ അവതരിപ്പിക്കുകയും വാക്സിനേഷന്‍ വ്യാപിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഉന്നയിക്കുകയും ചെയ്തു. അതംഗീകരിച്ചു പുതിയ വാക്സിനേഷന്‍ രീതികള്‍ നിലവില്‍ വന്നെങ്കിലും ആഫ്രിക്കയിലെയും ഇന്ത്യയിലെയും അവസ്ഥ പരിതാപകരമായിരുന്നു. അങ്ങനെ 1966 ല്‍ SMALLPOX ERADICATION UNIT നിലവില്‍ വന്നു. തുടര്‍ന്ന് ത്വരിതഗതിയിലുള്ളതും ചരിത്രപരവുമായ നേട്ടത്തിലേക്കായിരുന്നു ലോകം കുതിച്ചത്.

1980-ൽ വസൂരി ഭൂമുഖത്ത് നിന്നും തുടച്ചുനീക്കപ്പെട്ടതായി WHO പ്രഖ്യാപിച്ചു. വസൂരിക്കെതിരെ എഡ്വേർഡ് ജെന്നർ തുടങ്ങിയ വാക്സിനേഷൻ ഇന്ന് മറ്റു പല മാരക രോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നു. ജെന്നറിനു വാക്സിൻ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്ന് അറിയില്ലായിരുന്നു. പക്ഷെ ആധുനിക വൈദ്യശാസ്ത്രം ഇന്ന് നമുക്കതിന് വിശദീകരണം തരുന്നു. വാക്സിൻ എന്നത് കൊല്ലപ്പെട്ട അല്ലെങ്കിൽ രോഗം ഉണ്ടാക്കാനുള്ള ശക്തിയില്ലാത്ത രോഗാണുക്കൾ ആണ്. ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ കുത്തിവെക്കുമ്പോൾ നമ്മുടെ രക്തത്തിലെ ലിംഫോസൈറ്റുകൾ (T and B Lymphocytes) എന്ന വെളുത്ത രക്താണുക്കൾ ഇവയെ കൊല്ലുന്നു. ഒപ്പം തന്നെ ഈ രോഗാണുക്കളുടെ വിവരങ്ങൾ അടങ്ങിയ ഒരു റെക്കോഡും അവ സൂക്ഷിക്കുന്നു (T and B memory cells). പിന്നീടൊരിക്കൽ ഇതേ രോഗാണുക്കൾ നമ്മെ ആക്രമിക്കുമ്പോൾ തങ്ങളുടെ മെമ്മറിയിൽ ഇവയെ കുറിച്ചുള്ള വിവരം ഉള്ളതിനാൽ പെട്ടെന്ന് തന്നെ ലിംഫോസൈറ്റുകൾ ഇവയെ കൊല്ലാനുള്ള രാസവസ്തുക്കൾ (antibody) ഉൽപാദിപ്പിക്കുന്നു. ചുരുക്കത്തിൽ ശരീരത്തിൽ കടക്കുന്ന രോഗാണുക്കൾക്ക് അസുഖം ഉണ്ടാക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവയെ നശിപ്പിക്കാൻ വാക്സിനുകൾ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ സഹായിക്കുന്നു.

പ്രതിരോധവാക്സിനുകള്‍ക്കെതിരെ തെറ്റിദ്ധാരണപരത്തുന്ന ഒരുപാട് വാര്‍ത്തകള്‍, ചില നിക്ഷിപ്തതാല്പര്യക്കാരുടെ  ഇടയില്‍ നിന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉണ്ടാകുന്നുണ്ട്. അതിന്‍റെയെല്ലാം പരിണിതഫലമാണ് നിയന്ത്രണവിധേയമായിരുന്ന ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ വീണ്ടും പടര്‍ന്നുതുടങ്ങിയത്. വിലപ്പെട്ട ജീവനുകളാണ് അതിലൂടെ നഷ്ടപ്പെട്ടത്. അവരുടെ ചില വാദങ്ങളും പൊതുജനങ്ങളുടെ സാധാരണമായ ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമാണ്‌ താഴെ.1. വാക്സിന്‍ എടുക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. വാക്സിനെടുത്താലും അസുഖം വരുന്നത് അതുകൊണ്ടാണ്.

                                              
                       തെറ്റാണ്. ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്ന മാരകമായ പല രോഗങ്ങളും ഇന്നില്ല. വസൂരി പോലുള്ള മാരകരോഗങ്ങളെ ഭൂലോകത്തുനിന്നുതന്നെ തുടച്ചുനീക്കി. പോളിയോ രോഗം 2011-നുശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ആ വര്‍ഷം ആകെ ഒരാള്‍ക്ക് മാത്രമാണ് പോളിയോ വന്നത്. ലോകത്ത് ഇന്ന് മൂന്നുജ്യങ്ങളില്‍ മാത്രമാണ് പുതുതായി പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്- പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ. ഇന്ത്യയിലിത് നിയന്ത്രണവിധേയമാണ്. വാക്സിനേഷന്‍ തുടരുന്നതിലൂടെ ഇന്ത്യയില്‍ നിന്നും പോളിയോ വൈറസിനെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നമുക്ക് ഉടനെ സാധിക്കും. വാക്സിന്‍ എടുക്കുന്ന എല്ലാ രോഗങ്ങളും ഇതുപോലെ നിയന്ത്രണവിധേയമാണ്. അമേരിക്ക 1979ല്‍ പോളിയോ നിര്‍മാര്‍ജ്ജനം ചെയ്തപ്പോള്‍ നമുക്കിപ്പോഴുമത് സാധിക്കാത്തത്, മേല്‍പ്പറഞ്ഞപോലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെയാണ്.
2.വാക്സിനേഷന്‍ എത്രത്തോളം ഫലപ്രദമാണ്?
ഒരു മരുന്നും നൂറു ശതമാനം ഫലിക്കും എന്ന് ഗ്യാരന്റി പറയാൻ ആവില്ല എന്നതുപോലെയാണ് വാക്സിനുകളും .നൂറു ശതമാനം രോഗപ്രതിരോധശേഷി തരുന്ന ഒരു വാക്സിനും ഇല്ല. ചിലതു ഒന്നിൽ കൂടുതൽ പ്രാവശ്യം എടുക്കേണ്ടിവരും. ഓരോ ഡോസും കഴിയുമ്പോൾ പ്രതിരോധം കൂടിക്കൂടിവരും. ഒരു പ്രത്യേക വാക്സിനിന്‍റെ എല്ലാ ഡോസുകളും എടുക്കുന്ന ആൾക്കുപോലും നൂറു ശതമാനം പ്രതിരോധം കിട്ടണമെന്നില്ല. ഉദാഹരണത്തിന് ഒരു ഡോസ് അഞ്ചാംപനിയുടെ (MEASLES) കുത്തിവെപ്പ് എൺപത്തി അഞ്ചു മുതൽ തൊണ്ണൂറു ശതമാനം വരെ ഫലപ്രദമാണ്. അത് രണ്ടു ഡോസ് കൊണ്ട് തൊണ്ണൂറ്റി ഒൻപതു ശതമാനം വരെയാക്കാം. അതുപോലെ ഒരൊറ്റ ഡോസ് റൂബെല്ല വാക്സിൻ കൊണ്ട് തൊണ്ണൂറ്റി ഏഴു ശതമാനം സുരക്ഷ ലഭിക്കും.
3.രോഗപ്രതിരോധ ശേഷി ഉണ്ടാക്കാൻ എടുക്കുന്ന വാക്സിനുകൾ ചിലപ്പോ അതെ രോഗം ഉണ്ടാക്കുന്നതായി പറയുന്നല്ലോ . ഉദാഹരണത്തിന് പോളിയോ

പറയാം. ഒരാളിലെ പ്രതിരോധം ഉദ്ധീപിപ്പിക്കാൻ ഒരു രോഗാണുവിനെ മുഴുവനായോ അതിന്‍റെ ഏതെങ്കിലും ഘടകം മാത്രമായോ അതുമല്ലെങ്കിൽ രോഗകാരണമായി അത് ഉണ്ടാക്കുന്ന വിഷപദാർത്ഥമോ ആണുപയോഗിക്കുന്നത് .അത് രോഗങ്ങൾ ഉണ്ടാക്കാതെ പ്രതിരോധത്തെ ഉണർത്താൻ എങ്ങനെ പറ്റും എന്ന് നോക്കി, അണുവിനെ കൊന്നോ അതല്ലെങ്കിൽ നിർവീര്യം ആക്കിയോ ആവാം. അല്ലെങ്കില്‍ അതിന്‍റെ ചില ഘടകങ്ങൾ മാത്രമായിട്ടോ അതിന്‍റെ ടോക്സിനിൽ മാറ്റം വരുത്തിയോ. ഈ രീതികളിൽ രണ്ടാമത്തേതിനൊഴികെ മറ്റു മൂന്നുരീതികളും ഉപയോഗിക്കുമ്പോ ഒരു കാരണവശാലും ആ രോഗം ഉണ്ടാവില്ല . ഇനി രോഗാണുവിനെ നിർവീര്യമാക്കി ഉപയോഗിക്കുന്ന വാക്സിനുകളിൽ ഏറെ അപൂർവ്വമായി ഈയൊരു സാധ്യത ഉണ്ട് . ഇത് രണ്ടു വിധത്തിൽ ഉണ്ടാവാം 1.വാക്സിൻ എടുക്കുന്ന ആളിന്‍റെ പ്രതിരോധ സംവിധാനത്തിലെ പിഴവുകൾ 2. നിർവീര്യം ആക്കുന്നതിലെ പോരായ്മ. ഇക്കാര്യത്തിന് ചരിത്രത്തിൽ ചില ഉദാഹരണങ്ങൾ ഉണ്ട്. ക്ഷയ രോഗത്തിനെതിരെ അറുപതുകളിൽ ഉപയോഗിച്ച ഒരു ബാച്ച് ബി സി ജി വാക്സിൻ നിർവീര്യമാക്കിയതിൽ കുറവ് വന്നു. അതുപയോഗിച്ചു ഒരു പാട് പേർക്ക് റ്റീബി ഉണ്ടായി. കിൽഡ് പോളിയോ വാക്സിൻ വന്നകാലത്തു ആദ്യഘട്ടത്തിൽ ഇതുപോലെ സംഭവിച്ചിട്ടുണ്ട് . ഇതൊക്കെ ചരിത്രത്തിൽ ഉണ്ടായ സംഭവം. അറുപതുകൾ കഴിഞ്ഞു അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ എത്രയോ എടുത്തു. ചില വാക്സിനുകള്‍ എടുക്കുന്നവരില്‍ ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് വാക്സിന്‍ എടുക്കുന്നതിലൂടെ രോഗം വരാമെന്ന് പറയുന്നുണ്ട്. രോഗം വരുന്നവരുടെ സംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അതെത്രയോ ആയിരം മടങ്ങ്‌ ചെറുതാണ്. മാത്രമല്ല ഇന്ത്യയില്‍ കഴിഞ്ഞകുറേ വര്‍ഷങ്ങളിലൊന്നും വാക്സിന്‍ എടുക്കുന്നതിലൂടെ ആര്‍ക്കും രോഗം വന്നിട്ടില്ല.


3. വാക്സിന്‍ എടുക്കുന്നതുകൊണ്ട് മറ്റുപല അസുഖങ്ങളും വരുന്നുണ്ട്.

                                  അതും തെറ്റാണ്. DPT (ഡിഫ്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്) വാക്സിന്‍ എടുക്കുന്ന ദിവസം കുട്ടികള്‍ക്ക് പനി വരാന്‍ സാധ്യതയുണ്ട്. മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. ഈ സാധ്യത കുട്ടിയുടെ അമ്മയോട് പറഞ്ഞു ബോധ്യപ്പെടുത്തുകയും, പനി വന്നാല്‍ കൊടുക്കാന്‍ മരുന്ന് കൊടുത്തുവിടുകയും സാധാരണ ചെയ്യാറുണ്ട്. പണ്ടുകാലത്ത് ചില വാക്സിനുകള്‍ അപസ്മാരം ഉണ്ടാക്കുമായിരുന്നു. ഇപ്പോള്‍ അത്തരം വാക്സിനുകള്‍ ഉപയോഗിക്കുന്നുമില്ല.

4. ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള അവിശുദ്ധബന്ധം ഇതിന് പിന്നിലുണ്ട്
                  ദേശീയ ഇമ്മ്യുണൈസേഷന്‍ പദ്ധതിപ്രകാരമുള്ള മിക്കവാറും എല്ലാ വാക്സിനുകളും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ചുരുക്കം ചിലതിന് മാത്രം അടുത്തിടെ ദൗര്‍ലഭ്യം നേരിട്ടു. മറ്റുള്ളവയെല്ലാം നിങ്ങളുടെ വീടിനടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ (സബ് സെന്റര്‍) ലഭിക്കും. എല്ലാവര്‍ക്കും പൂര്‍ണ്ണമായും സൗജന്യമായിട്ട്. പൂനയിലുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇവയില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത്.


 5. വാക്സിനേഷനെ പറ്റി പറയുമ്പോഴെല്ലാം കേള്‍ക്കുന്ന ഒന്നാണ് ഈ ഹേര്‍ഡ് ഇമ്മ്യൂണിറ്റി. എന്താണത്?
       ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹിക പ്രതിരോധം എന്ന് വച്ചാല്‍, ഒരു സമൂഹത്തിലെ ഭൂരിഭാഗം ആള്‍ക്കാരും ഒരു രോഗത്തിനെതിരെ പ്രതിരോധകുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കില്‍ ആ പ്രതിരോധം തീര്‍ക്കുന്ന സുരക്ഷയുടെ കവചം കുത്തിവയ്പ് എടുക്കാത്തവര്‍ക്കും ലഭിക്കും. ഉദാഹരണത്തിന് 100 പേരുള്ള ഒരു സമൂഹത്തില്‍ 90 പേര്‍ പോളിയോ വാക്സിന്‍ എടുത്തിട്ടുണ്ട്. ഇനി പുറമേ നിന്നും ഒരു പോളിയോ വൈറസ് ആ സമൂഹത്തിലേക്ക് കടക്കുമ്പോള്‍ ഈ 90 പേരും അതിനെ പ്രതിരോധിക്കും. ഈ 90 പേര്‍ തീര്‍ക്കുന്ന പ്രതിരോധമതിലിനുള്ളില്‍ ബാക്കിയുള്ള 10 പേര്‍ സുരക്ഷിതരായിരിക്കും.
      ഇനി മറ്റൊന്ന്, ഓറല്‍ പോളിയോ പോലുള്ള വാക്സിനുകളില്‍ വീര്യം കുറഞ്ഞ ജീവനുള്ള വൈറസുകളാണ് ഉള്ളത്. ഇവ പോളിയോരോഗം പകരുന്ന അതെ വിധത്തില്‍ തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാം. ഇതുമൂലം വാക്സിന്‍ എടുക്കാത്ത അയല്‍ക്കാര്‍ക്കും രോഗപ്രതിരോധം ലഭിക്കാം. ഇതും ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുടെ ഭാഗമാണ്.

7. ഇന്നേറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ ഡിഫ്തീരിയ രോഗത്തിന്‍റെ തിരിച്ചുവരവും വാക്സിന്‍ വിരുദ്ധപ്രചാരണങ്ങളും. അതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്..
        കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗം ബാധിച്ചവരുടെ തൊണ്ടയിൽ കാണുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടക്ക് ഇതുമായുള്ള സാമ്യത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം. 1878ൽ വിക്ടോറിയ രാജ്ഞിയുടെ മകളായ ആലീസ് രാജകുമാരി മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു. രോഗത്തിനെതിരെ നിരായുധരായി പൊരുതേണ്ടി വന്ന ആ കാലഘട്ടത്തിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആൾക്കാർ രോഗത്തിന് ഇരയായിരുന്നു. 1883-ൽ എഡ്വിൻ ക്ലെബ്സ് ആണ് ഈ രോഗാണുവിനെ ആദ്യമായി സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചത്. 1884-ൽ ഫെഡറിക്ക് ലോഫ്ലർ ഇതിനെ പരീക്ഷണശാലയിൽ വളർത്തിയെടുത്തു. അതിനാൽ ഈ രോഗാണു ക്ലെബ്സ് -ലോഫ്ലർ ബാസില്ലസ് എന്നറിയപ്പെടുന്നു.


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോൺ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്സിൻ വികസിപ്പിച്ചത്. അതു വരെ ഈ രോഗം തടയാനോ വന്നാൽ ഫലപ്രദമായി ചികിൽസിക്കാനോ സാധിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ, വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനക്ക് നോബൽ സമ്മാനം ഏർപ്പെടുത്തിയപ്പോൾ അവാർഡ് നിർണ്ണയ സമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം (1901 ൽ) ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, "ഈ വാക്സിൻ കൊണ്ട് ഡിഫ്തീരിയയെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്". എന്നാൽ ആ വാക്സിൻ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു.

1920-ൽ അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിച്ച് പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയിരുന്നു ഈ രോഗം. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോൾ അമേരിക്കയിൽ ആവർഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നു മാത്രമല്ല, ഒരു മരണം പോലും ഉണ്ടായുമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. വികസിത രാജ്യങ്ങളിലും, എപ്പോഴൊക്കെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ രോഗംഭീകരരൂപം പ്രാപിച്ച് സംഹാര താണ്ഡവമാടിയിട്ടുണ്ട്. 1980-കളുടെ അവസാനത്തിൽ സോവിയറ്റ് യൂനിയൻ ഛിന്നഭിന്നമായി. രാഷ്ട്രീയമായ അസ്ഥിരത കാരണം ചില രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ഉപേക്ഷ വന്നു. 1990-95 കാലയളവിൽ 1,50,000 പേർക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. അയ്യായിരത്തിലധികം പേർ മരിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസത്തിനും വികസനത്തിനും ശാസ്ത്രാവബോധത്തിനും പേരുകേട്ട കേരളത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ നാലു കുട്ടികളാണ് ഡിഫ്തീരിയക്ക് കീഴടങ്ങിയത്.

സമൂഹത്തിൽ ഡിഫ്തീരിയ നിലനിൽക്കുന്ന സ്ഥലങ്ങളിൽ (ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിൽ) 3 - 5 % പേരുടെ തൊണ്ടയിൽ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരിൽ നിന്നോ, രോഗിയിൽ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയിൽ രോഗാണു പെരുകുകയും തൊണ്ടയിൽ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തിൽ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. ആദ്യമായി എൻഡോട്രക്കിയൽ ഇൻട്യൂബേഷൻ എന്ന, അനസ്തിഷ്യ കൊടുക്കാൻ ഇന്ന് വ്യാപകമായി ചെയ്യുന്ന ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത് 1885 ൽ ഒരു ഡിഫ്തീരിയ രോഗിയുടെ ജീവൻ രക്ഷിക്കാനാണ്.
രോഗാണുവിൽ നിന്നുണ്ടാകുന്ന ഒരു വിഷവസ്തുവാണ് ഡിഫ്തിരിയ ടോക്സിൻ. ഇത് വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയും, ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയുമാണ് ടോക്സിൻ പ്രധാനമായും ചെയ്യുന്നത്. ഡിഫ്തീരിയ മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെ.
പിന്നീട് പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ പ്രവർത്തനത്തെയാണ്. കണ്ണുകളുടെ ചലനത്തെ ബാധിക്കാം, തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാൽ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാൻ പറ്റാതെ ശ്വാസനാളത്തിൽ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. ദിവസങ്ങളോളം മുക്കിലൂടെ ഇറക്കിയ ട്യൂബ് വഴി ആഹാരം കൊടുക്കേണ്ടി വരും. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിക്കുമ്പോൾ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗി പൂർണ്ണമായും കിടപ്പിലാവുകയും ചെയ്യും. ശ്വസനത്തെ സഹായിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾ തകരാറിലാവുമ്പോൾ സ്വന്തമായി ശ്വാസം എടുക്കാൻ പറ്റാതാകുന്നു. അനേക നാൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ട അവസ്ഥ വരും. രോഗത്തിന്റെ ഏറ്റവും ഭീതിജനകമായ കാര്യം എന്താണെന്നാൽ മേൽ പറഞ്ഞ എല്ലാ ഭീകരതകളും ഒരേ രോഗിക്കു തന്നെ ഒന്നിനു പിറകേ മറ്റൊന്നായി സംഭവിച്ചേക്കാം എന്നതാണ്. ഒന്നിൽ നിന്നും രക്ഷപ്പെട്ടു വരുമ്പോൾ അടുത്തത് എന്ന നിലക്ക്.. മാസങ്ങൾ വേണ്ടിവരും പൂർണ്ണമായും രോഗമുക്തി നേടാൻ. മരണസാധ്യത 10%ൽ കൂടുതലാണ്.
ചികിൽസ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിർവീര്യമാക്കാനുള്ള ആന്റി ടോക്സിൻ നൽകാൻ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും. നിർഭാഗ്യവശാൽ ആന്റി ടോക്സിന്റെ ലഭ്യത വളരെ കുറവാണ്. രോഗം അപൂർവ്വമായ സ്ഥിതിക്ക് ഈ മരുന്ന് മരുന്നു കമ്പനികളൊന്നും ഉണ്ടാക്കുന്നില്ല എന്നാണറിവ്. ടോക്സിൻ അവയവങ്ങളിൽ അടിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ നിർവീര്യമാക്കാൻ കഴിയുകയുമില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്സിൻ സുലഭമായി ഉള്ളപ്പോൾ. 90% ൽ കൂടുതൽ പേർ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര വയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈ രോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടർന്ന് 10 വർഷം കൂടുമ്പോൾ Td വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ പ്രതിരോധശേഷി കുറയാതെ നിലനിർത്താൻ പറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂർണ്ണമായും അകറ്റി നിർത്താൻ പറ്റും.
അങ്ങിങ്ങായി ഒന്നോ രണ്ടോ കേസുകൾ തലപൊക്കുന്നത് ഒരു സൂചനയാണ്. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ നാം പിന്നോക്കം പോവുകയാണെന്ന സൂചന. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ പ്രശ്നം കൈവിട്ടു പോകും, നിയന്ത്രണാതീതമാകും... മുമ്പ് സോവിയറ്റ് യൂണിയനിൽ സംഭവിച്ചതു പോലെ.
DPT എന്ന ട്രിപ്പിൾ വാക്സിൻ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 1970-കളിലാണ്. അതിന് മുമ്പ് ജനിച്ചവർക്ക് ഈ രോഗത്തിനെതിരായ പ്രതിരോധ ശക്തി കുറവാണ്. അതിനാൽ സാധാരണ ബാധിക്കാറില്ലെങ്കിലും രോഗം നിയന്ത്രണാതീതമാകുമ്പോൾ മുതിർന്നവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു ഡിഫ്തീരിയ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനസ്സിലാക്കേണ്ടത് അനേകം പേരിൽ രോഗാണുബാധയുണ്ടായിട്ടുണ്ട് എന്നാണ്.


പോളിയോയെ സംബന്ധിച്ച് ചില പുതിയ കാര്യങ്ങള്‍ കൂടി. 2016 ഏപ്രില്‍ മുതല്‍ പോളിയോ വാക്സിനില്‍ മാറ്റം വന്നിട്ടുണ്ട്. പോളിയോ രോഗം ഉണ്ടാക്കുന്ന വൈറസുകളെ മൂന്നായി തിരിച്ചിട്ടുണ്ട്. ടൈപ്പ് 1,2,3. ഇങ്ങനെ. നല്‍കി വന്നിരുന്ന  വാക്സിനിലും ഈ മൂന്നുവിഭാഗങ്ങളുടെയും വീര്യം കുറഞ്ഞ വൈറല്‍ കുഞ്ഞുങ്ങളാണുള്ളത്. 2016 മുതല്‍ നല്‍കുന്ന വാക്സിനില്‍ ടൈപ്പ് 2 ഘടകം ഒഴിവാക്കാന്‍ WHO യുടെ പ്രത്യേക പഠനസംഘം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കാരണം ടൈപ്പ് 2 വൈറസ് കാരണം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരു പോളിയോ രോഗി പോലും ഉണ്ടായിട്ടില്ലാ എന്നത് തന്നെ. ടൈപ്പ് 2 കാരണമുള്ള പോളിയോ ലോകത്തുനിന്നുതന്നെ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു എന്നുതന്നെയാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തല്‍. അതൊഴിവാക്കുമ്പോള്‍ വാക്സിന്‍ കൂടുതല്‍ സുരക്ഷിതവുമാകും. ബാക്കിയുള്ളവ കൂടി ഇല്ലാതാകാന്‍ ഇനി കുറച്ചു വര്‍ഷങ്ങള്‍ മതിയാകും.
പലരുടെയും തെറ്റിദ്ധാരണ ഭാവിയിലെപ്പോഴോ വരാന്‍ സാധ്യതയുള്ള രോഗത്തിന് ഇന്നേ കൊടുക്കുന്ന മരുന്നാണ് വാക്സിന്‍ എന്നാണ്. അതെത്രമാത്രം തെറ്റായ ധാരണയാണെന്ന് ഇപ്പോള്‍ മനസിലായില്ലേ. ഈ വാക്സിനുകള്‍ എല്ലാം തന്നെ നിരവധി പരീക്ഷണ-നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയ ശേഷമാണു കുട്ടികള്‍ക്ക് നല്‍കുന്നത്. മേല്‍പ്പറഞ്ഞ പോലുള്ള നിസാരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അതിനെ എതിര്‍ക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. സര്‍ക്കാര്‍ സംവിധാനവും ഡോക്ടര്‍മാരും വാക്സിന്‍ എടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബോധവല്‍ക്കരിക്കുന്നുണ്ട്. തീരുമാനം എടുക്കേണ്ടത് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ തന്നെയാണ്. ആ തീരുമാനം, ശാസ്ത്രവിരുദ്ധരായ കപടപുരോഗമനവാദികളുടെ വാക്ക് കേട്ടുകൊണ്ടാകരുതെന്ന്‍ മാത്രം.തുടർന്ന് വായിക്കുക...