വൈദ്യവിദ്യാഭ്യാസത്തിനു മെഡിക്കൽ കോളേജിലേയ്ക്ക് വണ്ടികയറുന്നതിനു നാളുകള്‍ക്ക് മുമ്പായിരുന്നു ആ വര്‍ഷത്തെ ആകാശവാണി റേഡിയോ നാടകോത്സവം. ഓലമേല്‍ക്കൂര ചൂടിയ വീടിന്റെ മണ്‍ചുമരുകളെ തുരന്നുകയറിയ പ്ലാസ്റ്റിക് കുഴലുകളിലൂടെ ഇലക്ട്രോണുകള്‍ പ്രവഹിച്ചുതുടങ്ങിയിട്ടപോള് ഒന്നുരണ്ടു മാസങ്ങള്‍ മാത്രം. കറണ്ടില് പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ അതിനകം ഇന്സ്റ്റാള്മെന്റ്കാരനില് നിന്നും സ്വന്തമാക്കിയിരുന്നു. AM ഉം FM ഉം മാത്രമല്ല, ദൂരദര്ശന് പരിപാടികള്‍ വരെ (ശബ്ദരേഖയായി) അതില്‍ കിട്ടുമായിരുന്നു. രാത്രിയുള്ള പഠിപ്പും (ഹ. ഹ. ചുമ്മാ) ഹോംവര്‍ക്കും വരെ റേഡിയോ പരിപാടികളുടെ പോക്കുവരവിനനുസരിച്ചു ട്യൂണ്‍ ചെയ്തിരുന്ന എനിക്ക്, സര്‍വസ്വതന്ത്രനായി, എന്നുവച്ചാല്‍ ആരുടേയും പഴികേള്‍ക്കാതെ, ബുക്കെല്ലാം അടച്ചുവച്ച് റേഡിയോ ഓണ്‍ ചെയ്യാവുന്ന സമയമായിരുന്നു ആ ഒമ്പതരകള്‍. കാരണം വീട്ടില്‍ എല്ലാരും ഒരുപോലെ ആസ്വദിക്കുന്ന, കേള്‍ക്കാന്‍ കാത്തിരിക്കുന്ന പരിപാടികള്‍ ഇഷ്ടഗീതങ്ങളും റേഡിയോ നാടകങ്ങളുമായിരുന്നു.
നാടകനേരമായാല് അന്തരീക്ഷം ആകെ മൂകമാകും. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് റേഡിയോയുടെ ശബ്ദം മാത്രം. വീട്ടുകാരെന്താ നേരത്തെ വിളക്കണച്ചതെന്ന് സന്ദേഹിച്ചു, കഴുക്കോലുകള്‍ക്കിടയിലൂടെ, "എന്തോ പ്രശ്നമുണ്ടല്ലോ" എന്ന് പായാരം പറഞ്ഞുകൊണ്ട് പായുന്ന മൂഷികകുടുംബത്തിന്റെ ശബ്ദം ചിലപ്പോള്‍ കേള്‍ക്കാറുണ്ട്. പക്ഷെ നാടകം തുടങ്ങിക്കഴിഞ്ഞാല്‍ അവരും നിശബ്ദരാകും. ചാണകത്തറയില് പുല്‍പ്പായില്‍ കഴുത്തോളം മൂടിപ്പുതച്ച് മലര്‍ന്നുകിടന്നു, മുന്നിലെ ഇരുട്ടില്‍ സുവ്യക്തമായി നമ്മള് നാടകം കാണുകയായി. അവര്‍ കരയുന്നതും ചിരിക്കുന്നതും പുലമ്പുന്നതും വെള്ളം കോരുന്നതും പാചകം ചെയ്യുന്നതും ഭ്രാന്തെടുത്തോടുന്നതും നിലത്തു വീണു ചിലമ്പുന്ന പാത്രങ്ങളും ട്രെയിനും കാറ്റും പേമാരിയുമെല്ലാം കണ്മുന്നിലെന്നപോലെ നമ്മൾ കാണും.
നെടുമുടി വേണുവും തിലകനും സിദ്ദിക്കും നരേന്ദ്രപ്രസാദും മുരളിയും തുടങ്ങി കേട്ടുപരിചയിച്ചതും അല്ലാത്തതുമായ പ്രതിഭാധനരായ ശബ്ദകലാകാരന്മാരുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളില്‍ മതിമറന്ന് ഒരുമണിക്കൂര്‍. ആകാശവാണിയില്‍ നാടകം തീര്‍ന്നാലും നമ്മുടെ മനസ്സില്‍ അവരൊക്കെ അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. ഒരു നെടുവീര്പ്പിലൂടെയും ചുമയിലൂടെയും നമ്മളവരോട് തിരിച്ചും സംസാരിക്കും. അത്രയ്ക്കും ശക്തമായിരുന്നു ആ ആശയവിനിമയം..
മെഡിക്കല്‍ കോളേജിന്റെ പടികടന്നുള്ളില് കയറിയേപ്പിന്നെ അങ്ങനൊരു റേഡിയോകാലം ഉണ്ടായിട്ടില്ലാ. പിന്നീടെപ്പൊഴോ കേടായ ആ റേഡിയോ, ടിവിയുടെ കടന്നാക്രമണത്തില്‍ വിസ്മൃതിയിലുമായി. മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലും അവന് തിരികെവന്നുവെങ്കിലും, കണ്ണടച്ചിരുന്നുകണ്ടിരുന്ന ആ ശബ്ദചലച്ചിത്രങ്ങള്‍ മാത്രം മടങ്ങിവന്നില്ല. ജീവിതബഹളത്തിനും വേഗത്തിനുമൊപ്പം കൂടുന്ന മിര്‍ച്ചിയും മാംഗോയും റെഡും ക്ലബുമൊക്കെ കൂട്ടുകൂടാന്‍ വന്നപ്പോള്‍ ആകാശവാണിയെ സ്കൂള്‍ കാലത്തെ കാമുകിയെ പോലെ മനപ്പൂര്‍വം മറന്നു.
ഇന്നലെമുതല്‍ വീണ്ടും ആകാശവാണി നാടകോത്സവം തുടങ്ങിയിട്ടുണ്ട്. അറിയിപ്പ് കണ്ടയുടന്‍ മനസ്സില്‍ കരുതിയതാണ് ഇപ്രാവശ്യം ആവുന്നത്രയും കേള്‍ക്കണമെന്ന്. ആദ്യദിവസം പത്മരാജന് എഴുതിയ പഴയൊരു നാടകമാണ്. മിസ്സാവരുത്. എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത് ഒമ്പതരയ്ക്ക് ആശുപത്രിയില്‍ നിന്നും ഇറങ്ങി കാറില്‍ കയറി മൊബൈലില്‍ റേഡിയോ ഓണാക്കി, ലൗഡ്സ്പീക്കറില്‍ കണക്ട് ചെയ്തു. കാറില്‍ സ്റ്റീരിയോ ഇല്ല. പക്ഷെ മൊബൈല്‍ കമ്പനി (ലെനോവോ) ചതിച്ചു. മൊബൈലില്‍ FM മാത്രമേ കിട്ടുന്നൊള്ളൂ . AM ഇല്ല. അങ്ങനെ തകര്‍ന്നിരിക്കുമ്പോള്‍, പെട്ടന്ന് തോന്നിയ ബുദ്ധിയില്‍ അനന്തപുരി FM ഇട്ടുനോക്കി. പണ്ട് അതിലും കേള്പ്പിക്കുമായിരുന്നല്ലോ. പക്ഷെ ഇന്നലെ, അതില്‍ ഏതോ ഭാഗവതര്‍ നീലത്താമരയിലെ നിശാഗായകനെപ്പോലെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നു. ആകെ വിഷമമായി, ഏതോ പാട്ടൊക്കെ പ്ലേ ചെയ്തെങ്കിലും ഒന്നിനും ചെവികൊടുക്കാതെ വീട്ടിലെത്തി.
നാളെമുതലുള്ളതെങ്കിലും കേള്‍ക്കണം. കേള്‍ക്കാതെ പറ്റില്ല. രാത്രി കുത്തിയിരുന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ആകാശവാണി ആപ് ഡൌണ്‍ലോഡ് ചെയ്തു. കിട്ടുന്നുണ്ട്, പക്ഷെ പ്രവേഗവും ത്വരണവും കൂടുതലുള്ള നെറ്റ്കണക്ഷന് അനിവാര്യം. ഒരു രക്ഷയും ഇല്ല. അങ്ങനെ വീണ്ടും വിഷാദചിത്തത്തോടെ ഇരിക്കുമ്പോഴാണ് മനസ്സില്‍ വീണ്ടും ബള്‍ബ് കത്തിയത്. ടിവിയുടെ സെറ്റ് ടോപ് ബോക്സില്‍ റേഡിയോ കിട്ടുമല്ലോ. പക്ഷെ ഇതുവരെയും അതുപയോഗിച്ചിട്ടില്ല. ഓടിപ്പോയി അതെങ്ങനെയാണെന്നൊക്കെ കണ്ടുപിടിച്ചു, കേള്ക്കുന്നുണ്ടെന്നുറപ്പിച്ചു. സന്തോഷം. എന്തൊരു സമാധാനം.
എന്തായാലും ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ സ്വന്തമാക്കണം. അതും എത്രയും വേഗം. കൃത്രിമവെളിച്ചങ്ങളെല്ലാം കെടുത്തി, ഇരുട്ടിനെയും ഉറങ്ങാന്‍ വിട്ടിട്ട്, മനസിന്റെ അഭ്രപാളിയില്‍ സുവ്യക്തമായ ചലച്ചിത്രങ്ങള്‍ മെനയാന്‍ അതുതന്നെ വേണം. പലപ്പോഴും ഈ ഓര്‍മ്മകള്‍ക്ക് ആകാശവാണി നാടകങ്ങളുടെ ഒരു സ്വഭാവമാണ്. മനസ്സിന്റെ ഉള്ളിലെവിടെയോ ഇരുന്ന്, അതിങ്ങനെ ആരോടെന്നില്ലാതെ സംസരിച്ചുകൊണ്ടേ ഇരിക്കുന്നു.
നന്ദി.. ഡോക്ടർ.... റേഡിയോ അന്നും ഇഷ്ടമാണ്.. ഇന്നും ഇഷ്ടമാണ്..
ReplyDeleteമറ്റന്നാൾ മുതൽ വീട്ടില്‍ ചെന്നാൽ സീരിയൽ സമയം മുഴുവൻ (വീട്ടുകാര്‍ tv കാണും നമുക്ക് വേറെ പരിപാടി ഇല്ല ) fm കേള്‍ക്കലാണ് പരിപാടി.. ഇനിയിപ്പോ എത്തിയാൽ രണ്ടു ദിവസം എങ്കിലും കേള്‍ക്കാൻ ശ്രമിക്കാം.. നാടകം കേട്ടിട്ടില്ല.. കേള്‍ക്കാൻ ആഗ്രഹം ഉണ്ട്... പരമാവധി ശ്രമിക്കാം...
നല്ലെഴുത്ത് മനോജ് പണ്ട് റേഡിയോ നാടകങ്ങളിൽ ശബ്ദം നൽകിയിരുന്ന ഒരാളും കൂടിയാണെ...ഈ കാട്ടാകടക്കാരൻ, അന്ന് കാട്ടാക്കട ജയചന്ദ്രൻ എന്നായിരുന്നു.അനൌൺസ്മെന്റ്.............. പഴകാലം ഓർത്ത് പോയീ...ആശംസകൾ
ReplyDeleteഎനിക്കുമുണ്ടായിരുന്നു, രാത്രി മുഴുവനും ഇരുന്ന് റേഡിയോ ട്യൂണ്‍ ചെയ്ത് അറിയാത്ത ഭാഷകളും, സ്റ്റെഷനുകളും കേട്ട് കിടന്നിരുന്ന ഒരു കാലം.
ReplyDeleteഅതിലേക്ക് ഒന്ന് പോയി വന്നു. നന്ദി
ഓർമ്മകളിലേക്ക് ഒന്ന് കൂടി മുങ്ങുവാൻ ഉതകിയ പോസ്റ്റ്
ReplyDeleteഅക്കാലമിനിയും വരുമോ?
പുതിയ കാലത്തിന്റെ കഥകളും കലാകാരന്മാരും പഴമയുടെ പെരുമ കാക്കട്ടെ. നല്ലൊരു ആസ്വാദനം ആശംസിക്കുന്നു!
ReplyDeleteസാഹിത്യത്തില്‍ വലിയ കമ്പമൊന്നുമില്ലാത്ത കുട്ടിക്കാലത്ത് ഉജ്വലമായ റേഡിയോ നാടകങ്ങള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞതില് ഇന്നും കുറ്റബോധമുണ്ട്. അത് ശരിക്കും മനസിലായത് പിന്നീടാണ്. ഞാന്‍ നേരില്കാണുംമുന്പേ മണ്മറഞ്ഞുപോയ സംഗീതാദ്ധ്യാപകനും നാടക നടനുമായിരുന്ന എന്റെ ഭാര്യാ പിതാവും അയല്‍വാസിയുമായ നെടുമുടിവേണുവും ചമ്പക്കുളത്തെ സുഹൃത്ത് സംഘങ്ങളും ഒത്തുള്ള നാടകാനുഭവങ്ങള്‍ പറഞ്ഞുകേട്ട അറിവുകള്‍..
ReplyDeleteഞങ്ങളെയൊക്കെ ഉറക്കാന്‍ കിടത്തി രാത്രി എന്റെ ഉമ്മ റേഡിയോയില്‍ മുടങ്ങാതെ നാടകം കേട്ടിരുന്നു. മനോജ് എഴുതിയ പോലെ വീട്ടിലെ എലികളും, പൂച്ചകളും അടക്കം എല്ലാവരും ശ്വാസം പിടിച്ചു മിണ്ടാതെ കിടക്കും. നമ്മളൊന്നനങ്ങിയാല് റേഡിയോയുടെ ശബ്ദം പോകുമെന്നായിരുന്നു വിചാരിച്ചിരുന്നത്.... ശോ... അതൊരു റേഡിയോ കാലം!
ReplyDeleteസോക്രട്ടീസ് വാലത്തിന്റെ ഒരു നാടകവുമുണ്ട്. പക്ഷെ എങ്ങനെ കേള്‍ക്കും!!!
ReplyDeleteഅതുഞാന്‍ കേട്ടിരുന്നു.. ആകാശവാണി ആപ് ഡൌണ്‍ലോഡ് ചെയ്യ് അജിതേട്ടാ..
Deleteപണ്ട് ഇത്തരം റേഡിയോ കേൾവി വട്ടങ്ങളിൽ
ReplyDeleteഅടിമപ്പെട്ടിരുന്ന കാലത്തേക്ക് കൊണ്ടുപോയി കേട്ടൊ ഭായ് ഈ എഴുത്ത്
പിന്നെ
ആകാശവാണിയിലെ ഡി.പ്രദീപ്കുമാറിന്റെ ബ്ലോഗിൽ പോയാൽ ,
ആയതിന്റെ സൈഡ് ബാറിൽ പോയാൽ , ഓൺ ലൈൻ മുഖാന്തിരം ,
അവർ പ്രക്ഷേപണം നടത്തിന്ന എല്ലാ പരിപാടികളും കേൾക്കുവാൻ പറ്റുന്ന സംവിധാനങ്ങളുണ്ട്
ദേ ലിങ്ക് http://dpk-drishtidosham.blogspot.co.uk/
ഒരു റേഡിയോ കാലത്തിന്റെ ഓർമ്മയ്ക്ക്.... :)
ReplyDelete
ReplyDeleteറേഡിയോ ഒരു അത്ഭുതമായി ഓർമ്മകളിൽ ഇന്നുമുണ്ട് ... ഈ പോസ്റ്റ് ഒരുപാട് കാലം പിന്നിലേക്ക് എന്നെ കൊണ്ട് പോകുന്നു ... ആകാശവാണിയാണ് അന്നത്തെ നമ്മുടെ ദിനചര്യ നിശ്ചയിക്കുന്ന ക്ലോക്കിനോളം പോന്ന ഒരു ഉപകരണം ...രാവിലത്തെ വന്ദേ മാതരം ...പ്രഭാഷണം ...ആ സമയത്ത് എഴുന്നേറ്റു പല്ല് തേച്ചു പുസ്തകത്തിലേക്ക് ഉറക്ക ചടവോടെ ഒരു ഇരുപ്പാണ് ...പിന്നെ ചൂട് കട്ടൻ ചായ ... റേഡിയോ അങ്ങിനെ പ്രവർത്തിച്ചു കൊണ്ടേയിരിക്കണം എന്നത് നിർബന്ധമാണ് അന്നത്തെ വീടുകളിൽ ...അതൊന്നും പഠനത്തിനോ പ്രാർത്ഥനക്കോ സംസാരത്തിനോ പാചകത്തിനോ തടസ്സമാകുന്നില്ല ... കുളിക്കാൻ കേറുമ്പോൾ ചലച്ചിത്ര ഗാനങ്ങൾ തുടങ്ങിയിരിക്കും ...പിന്നെ പ്രാതൽ കഴിക്കുന്നതും റേഡിയോവിനോട് ചേർന്നിരുന്നാണ് ...ബാഗെടുത്ത് വീട്ടു പടിക്കൽ കൂട്ടുകാരെ കാത്ത് നിൽക്കുമ്പോൾ അടുത്ത റൌണ്ട് ചലച്ചിത്ര ഗാനങ്ങൾ തുടങ്ങിയിരിക്കും ...സ്ക്കൂളിലേക്ക് നടന്നു തുടങ്ങിയാലും ആ ഗാനങ്ങൾ എവിടെയും മുറിഞ്ഞു പോകാത്ത വിധം എല്ലാ വീട്ടിൽ നിന്നും ഒരേ ഈണത്തിൽ വഴി നീളെ പാടുന്നുണ്ടായിരിക്കും ... ആഹ് ..എത്ര സുന്ദരമായൊരു കാലം അത് ..സ്ക്കൂൾ പടി ചവിട്ടിയാൽ കഴിഞ്ഞു സകലതും ..പിന്നെ മരണ മണിയാണ് ...രാത്രിയിലെ റേഡിയോ നാടകങ്ങൾ എനിക്കും ഈ പോസ്റ്റിൽ സൂചിപ്പിച്ച പോലെയുള്ള ഒരനുഭവമായിരുന്നു ...നാടകം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ ഒരു സിനിമ പോലെ അതിന്റെ ദൃശ്യങ്ങൾ വന്നു കൊണ്ടിരിക്കും... വളരെ നല്ല ഒരു ഓർമ്മ പുതുക്കൽ പോസ്റ്റ് സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി മനോജ് ..
ഗതകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഈ എഴുത്ത്......
ReplyDeleteആശംസകള്‍ ഡോക്ടര്‍
രാത്രി പത്തര്ക്ക് ചലചിത്രഗാനങ്ങള്‍ തലക്കടുത്ത് ഓണാക്കി വച്ച് രാവിലെ വരെ റേഡിയോയുടെ മുരടനക്കം കേള്‍പ്പിച്ച കാലം ഓര്‍മ്മയില്‍ വന്നു.
ReplyDeleteഅകാശവാണി എന്നും ഇന്നും ഇഷ്ടമാണ്. റേഡിയോ എന്നാൽ എനിക്കിന്നും ആകാശവാണി തന്നെ. അടിപൊളിയുടെ ഓട്ടമില്ലാത്ത നല്ല പരിപാടികൾ. AM കിട്ടുന്ന ഒരു ചെറിയ റേഡിയോ ഒപ്പമുണ്ട്....പക്ഷെ നമ്മൾ തമ്മിൽ ഒരു വ്യത്യാസമുണ്ട്. നാടകവും ചലച്ചിത്രശബ്ദരേഖയും ഒഴികെയുള്ള എല്ലാ ആകാശവാണി പരിപാടികളോടുമാണ്. എനിക്ക് പ്രിയം. രാത്രിയിലെ കഥകളി പദങ്ങൾ ഏറെ ആസ്വാദ്യകരമാണ്.
ReplyDelete