പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌   
തീപ്പെട്ടിപ്പടങ്ങള്‍ ചോറുതേച്ച് ഒട്ടിച്ച പഴയ സാമൂഹ്യപാഠം നോട്ട്ബുക്കിനകത്തായിരുന്നല്ലോ അത് വച്ചിരുന്നത്? ചന്തു വീണ്ടും വീണ്ടും ഓര്‍ത്തുനോക്കി. പിന്നത് എവിടെപ്പോയതാണ്? ഒരെത്തും പിടിയും കിട്ടുന്നില്ല..!

അവസാനത്തെ പിരീഡ് ഡ്രില്ലിനു പോണതുവരേം അത് ബുക്കിനകത്ത് തന്നെ ഉണ്ടായിരുന്നതാണ്.
സ്കൂള്‍ബാഗിനകത്തുനിന്ന് സകലസാധനങ്ങളുമെടുത്ത് വെളിയിലിട്ട് തെരഞ്ഞു. ബാഗ്‌ ആഞ്ഞുകുടഞ്ഞുനോക്കി. കണ്ടില്ല. സങ്കടം കൊണ്ട് അവന്‍റെ കണ്ണുനിറഞ്ഞു.

ക്ലാസില്‍ തോമസിന്‍റെ കയ്യില്‍ മാത്രമായിരുന്നു പാക്കിസ്ഥാന്‍ സ്റ്റാമ്പുണ്ടായിരുന്നത്. ആകെ രണ്ടെണ്ണം. അതും ഒരുപോലുള്ളവ. കുറെ നാളായി അവന്‍റെ പുറകെ നടന്നു കെഞ്ചിയിട്ടാണ് കഷ്ടപ്പെട്ട് സംഘടിപ്പിച്ച മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും മുഖമുള്ള തീപ്പട്ടിപടങ്ങള്‍ക്ക് പകരം അതിലൊരു സ്റ്റാമ്പ് തരപ്പെടുത്തിയത്. ആ തീപ്പട്ടിപ്പടങ്ങളും അപൂര്‍വങ്ങളില്‍ അപൂര്‍വമായവയായിരുന്നു.

ബാല്യകാല ശേഖരത്തില്‍ നിന്നും..

തന്‍റെ സ്റ്റാമ്പ് ആരോ മോഷ്ടിച്ചതുതന്നെ. അല്ലാതതെവിടെപ്പോകാന്‍.?

എന്നാലും ആരായിരിക്കും..എല്ലാ കുട്ടികളും ഡ്രില്ലിനു കളിയ്ക്കാന്‍ പോയതാണല്ലോ..? ങേ..അല്ല!, തേര്‍ഡ് ബെഞ്ചിലെ രണ്ടു പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ത്തന്നെ ഇരിക്കുകയായിരുന്നു. അവരായിരിക്കുമോ? എങ്ങനെ അറിയും?!! ശോ..!! ഇനി തിങ്കളാഴ്ചയെ ക്ലാസ്സൊള്ളൂ. സങ്കടവും ദേഷ്യവും അവനെ ശരിക്കും തളര്‍ത്തി.

ശനിയും ഞായറും ചന്തു വിഷണ്ണനായി വീട്ടില്‍ തന്നെയിരുന്നു. അവധി ദിവസങ്ങളില്‍ തീപ്പെട്ടിപ്പടങ്ങൾ പെറുക്കാന്‍ മുറുക്കാന്‍കടകളുടെ ഓരങ്ങളിലേക്കു പോയില്ല. കൂട്ടുകാരുമൊത്തു കളിക്കാന്‍ പോയില്ല. റബ്ബര്‍ ചെരുപ്പ് വട്ടത്തില്‍ വെട്ടിമുറിച്ചു ടയറാക്കി അവന്‍ തന്നെ ഉണ്ടാക്കിയ കളിവണ്ടി ഓടിക്കാന്‍ പോലും പുറത്തിറങ്ങിയില്ല. ആരോടും മിണ്ടാതെ കട്ടിലില്‍ കമിഴ്ന്ന് കിടന്നു. 

അജിത്തിന്‍റെയും തന്‍റെയും കയ്യില്‍ മുപ്പത്താറ് രാജ്യങ്ങളുടെ സ്റ്റാമ്പുണ്ട്. പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ കൂടി ആകുമ്പോള്‍ താനാകുമായിരുന്നു ശേഖരത്തില്‍ മുമ്പന്‍. ചിത്രയുടെ കളക്ഷനില്‍ സ്റ്റാമ്പ് നൂറ്റമ്പതോളം വരും. പക്ഷെ അധികവും ഇന്ത്യയുടെ സ്റ്റാമ്പ് തന്നെയായിരുന്നു. അതുകൊണ്ടാണ് അധികമാര്‍ക്കും കിട്ടാത്ത പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ സ്വന്തമാക്കണമെന്നു ചന്തു നിശ്ചയിച്ചതും. പല രാജ്യങ്ങളുടെയും സ്റ്റാമ്പുകള്‍ സ്കൂളിനുപുറത്തെ സ്റ്റേഷണറിക്കടയില്‍ വാങ്ങാന്‍ കിട്ടും. വീട്ടില്‍നിന്നും കാശുകിട്ടുന്ന കുട്ടികള്‍ അതൊക്കെ വാങ്ങും. എന്നാലും മുപ്പത്താറ് രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ അവിടെയില്ല.

ചന്തുവിന് വിശപ്പും ഉറക്കവും നഷ്ടപ്പെട്ടു. ചെറുക്കനെന്തോ വയ്യായ്കയുണ്ടെന്ന്‍ അമ്മ അച്ഛനോട് പറയുന്നത് കേട്ടു.

''സ്കൂളിലാരെങ്കിലും വഴക്കുപറഞ്ഞുകാണും.. അവനു ചെറിയ കാര്യം മതിയല്ലോ..''
അച്ഛനത് നിസ്സാരമായി തള്ളിക്കളഞ്ഞു.

തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്നതു പോലെയായിരുന്നു ചന്തു സ്റ്റാമ്പ് ശേഖരിച്ചിരുന്നത്. കിലോമീറ്ററുകള്‍ അതിനായി അവന്‍ നടന്നു. ഇക്കാലത്താര്‍ക്കും സ്റ്റാമ്പ്‌ ശേഖരിക്കുന്ന വിനോദമില്ല. പഠിക്കാന്‍ 'ഫിലാറ്റലി' എന്നൊരു പാഠവും നിര്‍ബന്ധമായും ചെയ്യേണ്ട ഒരു പ്രോജക്റ്റും ഇല്ലായിരുന്നെങ്കില്‍ ചന്തുവും കൂട്ടുകാരും ഇതേപറ്റി അറിയുക കൂടി ഉണ്ടായിരുന്നില്ല.

അച്ഛനുമമ്മക്കും ഇതൊന്നും വല്യ കാര്യമല്ല എന്നത് ചന്തുവിനെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തിയത്. അവന്‍ അത്താഴം കഴിക്കാതെ സ്റ്റാമ്പും തീപ്പെട്ടിപ്പടങ്ങളും ഒട്ടിച്ച നോട്ട്ബുക്കുകള്‍ മറിച്ചുനോക്കി ഉറങ്ങാതിരുന്നു. എന്തിലും ഒന്നാമനാകണമെന്നത് അവന്റെ വാശിയായിരുന്നു. സ്റ്റാമ്പ്‌ ആല്‍ബത്തിന്‍റെ കാര്യത്തില്‍ ഒന്നാമനാകാനുള്ള ഏകവഴി ആ പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ സ്വന്തമാക്കുകയായിരുന്നു. പക്ഷെ സ്റ്റാമ്പ് മോഷണം എങ്ങനെ കണ്ടുപിടിക്കും? ചോദിച്ചാല്‍ ആരും സമ്മതിക്കില്ല. ടീച്ചറിനോട് പറഞ്ഞാലോ? പക്ഷേ മോഷ്ടിച്ചവര്‍ അത് ക്ലാസില്‍ കൊണ്ടുവന്നാലല്ലേ കണ്ടുപിടിക്കാന്‍ പറ്റൂ. 

തിങ്കളാഴ്ച ചന്തു ക്ലാസ്സില്‍ വന്നത് ചിലതൊക്കെ ചിന്തിച്ചുറപ്പിച്ചിട്ടായിരുന്നു. ഉച്ചയ്ക്ക് ഊണിനുമുമ്പുള്ള പിരീഡ് പ്രവൃത്തിപരിചയമാണ്. പെണ്‍കുട്ടികളധികവും തുന്നല്‍ ക്ലാസ്സില്‍ പോകും. ആണ്‍കുട്ടികളും കുറച്ചു പെണ്‍കുട്ടികളും ജൈവകൃഷി പഠിക്കാന്‍ സ്കൂളിനു വശത്തെ സ്കൂളിന്‍റെ തന്നെ വാഴത്തോട്ടത്തില്‍ പോകും. ചന്തു തലവേദനയാണെന്ന് കള്ളം പറഞ്ഞു ക്ലാസില്‍ തന്നെയിരുന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ചന്തു, തോമസിന്‍റെ ബാഗ് തുറന്ന് സ്റ്റാമ്പ് ആല്‍ബം പുറത്തെടുത്തു. ചന്തുവിന്‍റെതുപോലെ എഴുതിപ്പിഞ്ഞിയ പഴയ നോട്ടുബുക്കില്‍ ചോറുതേച്ചായിരുന്നില്ല തോമസ്‌ സ്റ്റാമ്പ് ഒട്ടിച്ചിരുന്നത്. കട്ടി ബയണ്ടുള്ള ഒന്നും എഴുതാത്ത ബുക്കില്‍ ഭംഗിയായി പശതേച്ചൊട്ടിച്ച സ്റ്റാമ്പുകളില്‍നിന്നും പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ ചന്തു ശ്രദ്ധാപൂര്‍വ്വം ഇളക്കിയെടുത്തു. ഇളക്കിയെടുത്ത സ്റ്റാമ്പിനടിയില്‍ ബുക്കുപേപ്പറിന്‍റെ അംശങ്ങള്‍ ഒട്ടിപ്പിടിച്ചിരുന്നു. വേഗമതിനെ പാന്റിന്‍റെ പുറകിലത്തെ പോക്കറ്റിലൊളിപ്പിച്ചു, ചുറ്റുംനോക്കി ആരും വരുന്നില്ലെന്നുറപ്പിച്ചു തന്‍റെ സീറ്റില്‍പ്പോയി ഡസ്കില്‍ തലവച്ചു കമിഴ്ന്നിരുന്നു. തന്‍റെ നെഞ്ചുപടപടാന്നു മിടിക്കുന്നുണ്ടെന്നു അപ്പോഴാണ് ചന്തു തിരിച്ചറിഞ്ഞത്. ശ്വാസഗതിയും വേഗത്തിലായിരുന്നു. കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. താന്‍ പിടിക്കപ്പെടുമോ എന്നൊരു ഭയം ആ നിമിഷംമുതല്‍ ചന്തുവിനെ കൂടുതല്‍ പരിഭ്രാന്തനാക്കി. വേഗം ബാഗ് തുറന്ന്, സ്വന്തം സ്റ്റാമ്പ് ആല്‍ബം പുറത്തെടുത്തു. പോക്കറ്റില്‍ നിന്നും ആ പാകിസ്ഥാന്‍ സ്റ്റാമ്പെടുത്ത് അടിയില്‍ തുപ്പലുപുരട്ടി ആല്‍ബത്തിലൊട്ടിച്ചു. തുപ്പലുതേച്ചൊട്ടിച്ചാല്‍ ഇളകിപ്പോകുമോ എന്നോര്‍ത്ത് കൈമുറുക്കി അതിലിടിച്ചു ഒട്ടല്‍ ഉറപ്പുവരുത്തി. ആല്‍ബം ബാഗിനുള്ളിലാക്കി, ഇരുകൈകൊണ്ടും ബാഗ്‌ അമര്‍ത്തിപ്പിച്ച്, അതിനുമുകളില്‍ തലവച്ച് കണ്ണുകളടച്ചുകിടന്നു. 
വര- ആലിക്കോയ, മലര്‍വാടി
ചന്തുവിന്‍റെ നെഞ്ചിടിപ്പിനേക്കാള്‍ വേഗത്തില്‍ സമയം ഓടിക്കൊണ്ടിരുന്നു. തോമസ്‌ ഇനി സ്കൂള്‍ സമയം കഴിയുന്നതുവരെ അവന്‍റെ ആല്‍ബം എടുത്തുനോക്കരുതേയെന്നു ചന്തു ഉത്കണ്ടയോടെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഏതുനേരവും തോമസിന്‍റെ ചെയ്തികളെ ആകാംക്ഷാപൂര്‍വം നോക്കിയിരുന്നു.

അവസാനത്തെ പിരീഡിനുമുമ്പുള്ള ഇടവേളയില്‍ ആല്‍ബം പുറത്തെടുത്ത തോമസ്‌ തന്‍റെ പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ മോഷ്ടിക്കപ്പെട്ടകാര്യം തിരിച്ചറിഞ്ഞു. അവനുറക്കെക്കരയാന്‍ തുടങ്ങി.

ചന്തുവിന്‍റെ ഉള്ളില്‍ ഭയത്തിന്‍റെ കൊടുങ്കാറ്റ് രൂപപ്പെട്ടെങ്കിലും ഒന്നുമറിയാത്ത ഭാവത്തിലിരുന്നു. തോമസ്‌ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു. കൂട്ടുകാര്‍ തോമസിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. അധ്യാപകന്‍ ക്ലാസില്‍ വന്നതോടെ വിഷയം ഗൌരവമുള്ളതായി. സ്റ്റാമ്പ്‌ മോഷണം തെളിയിക്കാന്‍ ക്ലാസ് ടീച്ചറും മറ്റുചില അധ്യാപകരുംകൂടി വന്നു.

 എല്ലാവരും വര്‍ക്ക്‌ എക്സ്പീരിയന്‍സിനു പുറത്തുപോയപ്പോള്‍ ചന്തു മാത്രമാണ് ക്ലാസില്‍ ഉണ്ടായിരുന്നതെന്ന് ക്ലാസ് ലീഡര്‍ അപര്‍ണ്ണ പറഞ്ഞു. എന്നാല്‍ തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞു ചന്തു തടിതപ്പി.

എടുത്തവര്‍ അത് തിരിച്ചുകൊടുക്കുന്നതാണ് നല്ലതെന്നും, പിന്നീട് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷകിട്ടുമെന്നും ടീച്ചര്‍മാര്‍ താക്കീത് നല്‍കി. കളവുപോയ സ്റ്റാമ്പ് തനിക്കും തോമസിനും അല്ലാതെ മറ്റാര്‍ക്കുമില്ലായെന്നു ചന്തു ക്ലാസ് ടീച്ചറോട് രഹസ്യമായി പറഞ്ഞു. എല്ലാവരുടെയും ബാഗും പോക്കറ്റും പരിശോധിക്കാന്‍ തീരുമാനമായി. പക്ഷെ ഫലമുണ്ടായില്ല. ചന്തുവിന്‍റെ ആല്‍ബത്തില്‍ കണ്ട പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ കഴിഞ്ഞ ദിവസം താന്‍ കൊടുത്തതുതന്നെയെന്ന് തോമസ്‌ തലകുലുക്കി സമ്മതിച്ചു. വര- റിയാസ് ടി അലി

സ്കൂള്‍ വിട്ടു വീട്ടില്‍ പോകുമ്പോള്‍ ചന്തുവിനൊപ്പമായിരുന്നു തോമസ്‌ നടന്നത്. അവന്‍റെ കണ്ണുകള്‍ കരഞ്ഞുകലങ്ങിയിരുന്നു.

''നിനക്കാരെയെങ്കിലും സംശയമുണ്ടോ.?" ചന്തു മുഖമുയര്‍ത്താതെ തന്നെ ചോദിച്ചു.

"ഇല്ലാ." തോമസ് നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു.

അവനെത്ര സങ്കടപ്പെടുന്നുണ്ടെന്ന് ആ ശബ്ദത്തില്‍ നിന്നും വ്യക്തമായിരുന്നു. ഒന്നും വേണ്ടായിരുന്നുവെന്ന് ചന്തു ആദ്യമായി ഓര്‍ത്തു. സത്യത്തില്‍ ടീച്ചര്‍മാര്‍ ബാഗുകള്‍ പരിശോധിക്കുമ്പോള്‍ തന്‍റെ കളവുപോയ പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ ആരില്‍നിന്നെങ്കിലും കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷ ചന്തുവിനുണ്ടായിരുന്നു. 

"എന്‍റെ സ്റ്റാമ്പ്‌ മോഷ്ടിച്ചവനെ കര്‍ത്താവ് ശിക്ഷിച്ചോളും.. മോഷ്ടാക്കള്‍ക്ക് നരകത്തില്‍ കല്ലേറ് കിട്ടുമെന്ന് ആന്റണിയച്ചന്‍ പറയാറുണ്ട്. എന്നാലും എന്‍റെ അനിയത്തിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു ആ സ്റ്റാമ്പ്‌.. അതിലെ ചന്ദ്രക്കലയുടെ പടം കണ്ട് അമ്പിളിമാമന്‍, അമ്പിളിമാമന്‍ എന്നെപ്പോഴും പറയും.."

തോമസിന്‍റെ അനിയത്തിയെ ചന്തു ഒരിക്കല്‍ കണ്ടിട്ടുണ്ട്. ജന്മനാ ബുദ്ധിക്കെന്തോ അസുഖമുള്ള കുട്ടിയാണ്. വലുതായിട്ടും എപ്പോഴും അമ്മയുടെയോ തോമസിന്‍റെയോ ചുമലില്‍ തന്നെയായിരിക്കും. ചന്തുവിന് ശരിക്കും കുറ്റബോധം തോന്നിത്തുടങ്ങിയത് അപ്പോഴാണ്. പരസ്പരം വഴിപിരിയാനുള്ള വളവെത്തുന്നതിനു തൊട്ടുമുമ്പ് തോമസ്‌ കലങ്ങിയ കണ്ണുകളോടെ ചോദിച്ചു,

" തീപ്പെട്ടിപ്പടങ്ങള്‍ തിരികെത്തന്നാല്‍ ഞാന്‍ തന്ന സ്റ്റാമ്പ്‌ നീ തിരിച്ചു തരുവോ?" 

ചന്തു എന്തു പറയണമെന്നറിയാതെ കുഴഞ്ഞു.
"അല്ലെങ്കില്‍ വേണ്ടാ. നീ ക്ലാസില്‍ ഒന്നാമനാകണമെന്നു ഒത്തിരി ആഗ്രഹിച്ച് വാങ്ങിയതല്ലേ.. അതു നീ തന്നെ വച്ചോ.."

തോമസ്‌ അവന്‍റെ വഴിയെ നടന്നകന്നു. വളവിനപ്പുറം മറഞ്ഞു. ഒന്നും വേണ്ടിയിരുന്നില്ലാ എന്ന് ചന്തുവിന്‍റെ മനസ് വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അവന്‍ വീടെത്തി. അമ്മയും അച്ഛനും എന്തോ കാര്യത്തിന് വഴക്കിട്ടുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ അവനെ ശ്രദ്ധിച്ചില്ല. ചന്തു  മുറിക്കകത്തു കതകടച്ചു കുറെ നേരമിരുന്നു. ആരോടും ഒന്നും പറഞ്ഞില്ല. അന്നുരാത്രി അവനുറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടച്ചപ്പോള്‍ ആരൊക്കെയോ ചേർന്ന് തന്നെ കല്ലെറിയുന്ന സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. 

പിറ്റേന്നു സ്കൂളിലെത്തിയ ചന്തു, ആദ്യം ചെയ്തത് തന്‍റെ ആല്‍ബത്തില്‍ നിന്നും ആ പാക്കിസ്ഥാന്‍ സ്റ്റാമ്പിളക്കിയെടുത്ത് തോമസിന് കൊടുക്കുകയായിരുന്നു. 

"ഇതാ നിന്റനിയത്തീടെ അമ്പിളി മാമന്‍.. ഇത് നീ തന്നെ വച്ചോ.." 

വര- ആലിക്കോയ, മലര്‍വാടി

തോമസ്‌ ആദ്യമൊന്നു അമ്പരന്നെങ്കിലും അത് വാങ്ങാതിരിക്കാന്‍ അവനു കഴിഞ്ഞില്ല. തോമസ്‌ ചന്തുവിനെ നെഞ്ചോട്‌ ചേര്‍ത്ത് കെട്ടിപ്പിടിച്ചു. അവന്‍ പറഞ്ഞു,

"ഇന്നലെ ഇത് തിരിച്ചു ചോദിച്ചതില്‍ സോറി, ഡാ... ഞാനാ തീപ്പട്ടിപ്പടങ്ങള്‍ തിരിച്ചുതരാം.. "

"ഏയ്‌.. അതൊന്നും വേണ്ടാ.. അതും നീ തന്നെ വച്ചോ.. എന്‍റെയൊരു സമ്മാനമായിട്ട്‌.. "

തോമസിന് ആദ്യമത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അവനെയത് തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അവര്‍ക്കിടയില്‍ ആത്മസൗഹൃദത്തിന്‍റെ മുല്ലമൊട്ടുകള്‍ രൂപപ്പെടുകയും അതു പൂക്കളായി വിടരുകയും ചെയ്യുകയായിരുന്നു. 

"ആന്റണിയച്ചന്‍ റോമില്‍ പോയിട്ട് വരുമ്പോള്‍ വത്തിക്കാന്‍റെ സ്റ്റാമ്പ്‌ കൊണ്ടുതരാമെന്ന് പറഞ്ഞിട്ടുണ്ട്.. കിട്ടുമ്പോള്‍ നിനക്ക് തരാം കേട്ടാ.. "
തോമസ്‌ ചന്തുവിനെ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
MORE STORIES
യക്ഷികള്‍ നഗ്നരാണ്
കലഹങ്ങളുടെ ഒരു രാത്രി


©മനോജ്‌ വെള്ളനാട്


28 comments:

 1. Nalla kathha.... ennalum Chanthu vinte stamp aara mostichche?

  ReplyDelete
 2. മനസ്സുനിറക്കുന്ന കഥ, അസ്സലായിട്ടുണ്ട് ട്ടോ, വീണ്ടും ഒരു സ്കൂള് കുട്ടിയായി മാറി ഇതു വായിച്ചപ്പോള്…

  ReplyDelete
 3. ഒത്തിരി ഇഷ്ടമായി.. നല്ല കഥ.. സ്റ്റാമ്പ് അന്വേഷിച്ചു നടന്ന സ്കൂൾ കാലത്തിലേയ്ക്ക് തിരിച്ചു പോയി.. :) ഒപ്പം കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും

  ReplyDelete
 4. നല്ല കഥ. സ്കൂൾ കാലങ്ങളിലെ ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ഓർമ്മിപ്പിക്കുന്ന കഥ. ആശംസകൾ

  ReplyDelete
 5. ഈ കഥ മുന്‍പേ വായിക്കാന്‍ അവസരം കിട്ടിയിരുന്നു. ഇ-മഷിയിലും വായിച്ചു. നല്ല ചിത്രങ്ങളും റിയാസിന്റെ വരയും കഥയുടെ മാറ്റ്‌ കൂട്ടി. തീര്‍ച്ചയായും കുഞ്ഞുങ്ങളുടെ ഉള്ളില്‍ തട്ടും.

  ReplyDelete
 6. ബാലസാഹിത്യകാര് രണ്ടുപേരായി. ജോസ്‌ലറ്റും മനോജും!!

  ReplyDelete
 7. കരയിപ്പിച്ചു. ബാല്യത്തിന്റെ നിഷ്കളങ്കത വലിയവര്‍ക്കില്ലല്ലോ

  ReplyDelete
 8. എന്നാലും ആ മറ്റേ സ്റ്റാമ്പ് മോഷ്ടിച്ചവനെ കണ്ടുപിടിക്കണമല്ലോ...

  ReplyDelete
 9. :) ഇക്കഥ ഒത്തിരി ഇഷ്ടായി ...
  ഒത്തിരി സ്നേഹം

  ReplyDelete
 10. ഇത്രേം സങ്കടം.. എന്നാലും ആരാവും ആ സ്റ്റാമ്പ് മോഷ്ടിച്ചത്... നല്ല കഥ ഇഷ്ടപ്പെട്ടു.

  ReplyDelete
 11. കഥ നന്നായിട്ടുണ്ട്‌. ഇഷ്ടപ്പെട്ടു. പൊടിക്ക്‌ സെന്റിമെന്റ്സും. ബാലസാഹിത്യമല്ലായിരുന്നെങ്കിൽ ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ്‌ ആവാരുന്നു ;)

  ReplyDelete
 12. കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിനും സൌഹൃദത്തിനും ഇടയില്‍ മറ്റൊന്നിനും സ്ഥാനമില്ല.
  നന്നായി എഴുതി ഡോക്ടറെ .....

  ReplyDelete
 13. ഇഷ്ട്ടപെട്ടു

  ReplyDelete
 14. enjoyed  ഒത്തു പിടിച്ചാൽ എന്തെല്ലാം സാധിക്കാം വിധിയും ഭാഗ്യവും തുണക്കുമെങ്കിൽ നല്ലത് വരട്ടേ ,എന്നാശിക്കുന്നു ,പ്രാർത്തിക്കുന്നു

  കൊടുക്കും തോറും കിട്ടും നല്ലത് കൊടുത്താൽ നല്ലത് കിട്ടും ചീത്ത ആർക്കും കൊടുക്കാതിരികുക നന്മ വിതച്ചു നന്മ കൊയ്യുക

  അയൽക്കാരൻ നന്നായാൽ നന്നായി ഉറങ്ങാം സ്വസ്ഥമായി ജീവിക്കാം
  ആയതിന്നാലായിരിക്കാം അയൽക്കാർക്ക് വേണ്ടി ,നമുക്ക് വേണ്ടി നമ്മുടെ പ്രാർത്തനയിൽ ,പ്രവർത്തനങ്ങളിലിടം കൊടുക്കാൻ പ്രവാചകൻ പറഞ്ഞത്

  ReplyDelete
 15. അങ്ങനെ നീയും ബാല സാഹിത്യകാരൻ ആയി !

  ReplyDelete
 16. ഇഷ്ട്ടമായി...ആശംസകള്‍

  ReplyDelete
 17. നന്നായിരിക്കുന്നു.......

  ReplyDelete
 18. ഒരു ഗുണപാഠ കഥ.

  ReplyDelete
 19. ഇലയ്ക്കും,മുള്ളിനും കേടല്ലാതെ......
  ആരെയും കുറ്റപ്പെടുത്താത്ത നന്മനിറഞ്ഞ മനസ്സ്.
  ബാഗുകള്‍ പരിശോധിക്കുമ്പോള്‍ കാണാതായ സ്റ്റാമ്പ് കണ്ടുപിടിക്കപ്പെടുമെന്ന ചന്തുവിന്‍റെ ചിന്തയും നന്നായി.
  അനുയോജ്യമായ ഭാഷാശൈലിയും...
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete
  Replies
  1. തിരുത്ത്:---ഇലയ്ക്കും,മുള്ളിനും കേടില്ലാതെ........

   Delete
 20. ഫീലിംഗ് "ബാഹുബലി"...... ആ സ്റ്റാമ്പ് കട്ടവന്‍ / കട്ടവള്‍ ആരായിരിക്കും.. ?

  ReplyDelete
 21. കഥ ഇഷ്ട്ടപെട്ടു.aashamsakal

  ReplyDelete
 22. I was a stamp collector and still collecting! So this story felt me very well. Eventhough Chanthu did it he felt guilty and gave it back.So Chanthu raised to the heroic position.

  ReplyDelete
 23. കൊള്ളാം
  ബാലികാബാലന്മാർക്ക് മാത്രമല്ല
  മുതിർന്നവർക്കും ഇഷ്ട്ടപ്പെടുന്ന കഥ

  ReplyDelete
 24. വായിച്ചു, ഇഷ്ടപ്പെട്ടു, കണ്ണൊന്ന് നനഞ്ഞു. ആശംസാസ്

  ReplyDelete