Saturday, 1 August 2015

മുലയൂട്ടല്‍....!! (കുറിപ്പുകള്‍)   മുലയൂട്ടലിന്‍റെ പ്രാധാന്യത്തെ പറ്റി സമൂഹത്തില്‍ കൃത്യമായ അവബോധം ഉണ്ടാക്കുവാനായിട്ടാണ് 1993 മുതല്‍ ആഗസ്റ്റ്‌ മാസം ആദ്യ ആഴ്ച (1-7) ലോകമുലയൂട്ടല്‍ വാരമായി ഘോഷിക്കുന്നത്. ലോകാരോഗ്യസംഘടന, യുണിസെഫ് എന്നിവയുടെ പിന്തുണയോടെ മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലോകസഖ്യം (WABA- World Alliance for Breastfeeding Action) ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. "മുലപ്പാല്‍ കുഞ്ഞിന്‍റെ അവകാശം, മുലയൂട്ടല്‍ അമ്മയുടെ കടമ" എന്നതാണ് ഇത്തവണത്തെ മുലയൂട്ടല്‍ വാരത്തിന്‍റെ സന്ദേശം.


മുലപ്പാലിന്‍റെ ഗുണങ്ങളും, അത് കൊടുക്കാതിരുന്നാല്‍ കുഞ്ഞിന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെയും പറ്റി ഇന്നെല്ലാവര്‍ക്കും അത്യാവശ്യം അറിവുള്ളതാണ്. കുഞ്ഞിന്‍റെ മാനസിക-ശാരീരിക-രോഗപ്രതിരോധശക്തീ വളര്‍ച്ചയ്ക്ക് മുലപ്പാല്‍ അത്യന്താപേക്ഷിതമാണ്. ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ എത്രയും വേഗം മുലയൂട്ടണമെന്നും -അതായത് സാധാരണ പ്രസവമാണെങ്കില്‍ അരമണിക്കൂറിനുള്ളിലും, സിസേറിയന്‍ ആണെങ്കില്‍ ഒരുമണിക്കൂറിനുള്ളിലും- ഇന്നൊരുവിധം എല്ലാവര്‍ക്കും അറിയാം. പ്രസവശേഷം ഉണ്ടാകുന്ന ആദ്യപാലില്‍ (കൊളോസ്ട്രം) രോഗപ്രതിരോധശേഷിയ്ക്കുള്ള ഒരുപാട് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ആദ്യആറ് മാസം വരെ അമ്മയുടെ മുലപ്പാൽ മാത്രമേ കുഞ്ഞിന് ആവശ്യമുള്ളു. മുലയുട്ടുന്നതിനു മുമ്പ് മുല നന്നായി കഴുകി വൃത്തിയാക്കണം. കുഞ്ഞിനെ രണ്ടു മുലകളും മാറ്റി മാറ്റി കുടിപ്പിക്കണം. സമയ ക്ലിപ്തത ഒന്നും നോക്കാതെ ആവശ്യമുള്ളപ്പോഴെല്ലാം കുഞ്ഞിനെ മുലയൂട്ടണം. കുഞ്ഞിനു അസുഖം ആയാലും മുലയുട്ടൽ മുടക്കരുത്. എത്രകാലം കഴിയുമോ, അത്രയും നാൾ മുലയുട്ടുന്നത് നല്ലതാണ്. മുലക്കുപ്പി ഉപയോഗിച്ച് പാൽ കൊടുക്കാതിരിക്കുക. ആവശ്യമായി വരുമ്പോൾ കപ്പോ, കരണ്ടിയോ ഉപയോഗിക്കുക. ആറ് മാസത്തിനു ശേഷം , മുലയൂട്ടുന്നതിനോടൊപ്പം തന്നെ കൂവരക് (Ragi )കുറുക്കിയത് ,വേവിച്ചുടച്ച വാഴപ്പഴം ,വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, അരിയും തുവരപ്പരിപ്പും ചേർത്തുണ്ടാക്കിയ കിച്ചടി, നുറുക്ക് ഗോതമ്പ് കുറുക്കിയത് എന്നിങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയ ലഘുഘര രൂപത്തിലുള്ള ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കണം. കുഞ്ഞു വളരുന്നതോടൊപ്പം തന്നെ,കൊടുക്കുന്ന ആഹാരത്തിന്റെ അളവും വർദ്ധിപ്പിക്കണം

പ്രസവവും മുലയൂട്ടലും ശരീരസൗന്ദര്യത്തെ ബാധിക്കുമെന്ന തെറ്റായ ഒരു വിശ്വാസം ഒരിടക്കാലത്ത് ശക്തമായിരുന്നത് മുലയൂട്ടലിനെ അപ്രധാനമായി കാണാന്‍ ചില അമ്മമാരെ പ്രേരിപ്പിച്ചിരുന്നു. കൂടാതെ ജോലിക്കാരായ അമ്മമാര്‍ എത്രയും വേഗം പ്രസവിച്ചു, കുഞ്ഞിനെ വീട്ടുകാരെയോ ആയമാരെയോ ഏല്‍പ്പിച്ചു, ജോലിയിലേക്കു തിരികെപ്പോകുന്നതും ഇടക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. പക്ഷെ WABA-യുടെയും ഇന്ത്യയില്‍, ശിശുസൗഹൃദ ആശുപത്രികളുടെയും (BABY FRIENDLY HOSPITAL ), ബോധവല്‍ക്കരണക്ലാസുകളുടെയുംഒക്കെ പ്രവര്‍ത്തനഫലമായി ഇപ്പോള്‍ ആ സ്ഥിതി മാറിയിട്ടുണ്ട്. എല്ലാവരും തിരക്കിട്ടോടുന്ന ഇ-കാലത്തെ വളരെ നല്ലൊരു പ്രവണതയായി തന്നെ മുലയൂട്ടലിന്‍റെ തിരിച്ചുവരവിനെ കാണാം.. മുലയൂട്ടാന്‍ വേണ്ടി ശമ്പളമില്ലാത്ത അവധിയെടുക്കാനും വേണ്ടി വന്നാല്‍ രാജിവയ്ക്കാനും അമ്മമാര്‍ തയ്യാറാകുന്നു എന്നതും ശ്ലാഘനീയം.

ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളൂ (exclusive breast feeding) എന്ന് നിഷ്കര്‍ഷിക്കാറുണ്ട്. കാരണം ആറുമാസം വരെ കുഞ്ഞിന്‍റെ വളര്‍ച്ചക്കാവശ്യമുള്ള എല്ലാ പോഷകങ്ങളും അതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, അല്ലാതെ കൊടുക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ദഹിപ്പിക്കാന്‍ കുഞ്ഞിന് കഴിഞ്ഞെന്നും വരില്ല. രണ്ടുവയസുവരെയെങ്കിലും മുലയൂട്ടല്‍ തുടരുന്ന കുട്ടികള്‍ കൂടുതല്‍ ആരോഗ്യത്തോടെ, ബുദ്ധിയോടെ വളരുന്നു എന്നതും ശ്രദ്ധിക്കണം. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികളേക്കാള്‍ 40% മരണസാധ്യത കൂടുതലാണ് മുലയൂട്ടാത്ത കുട്ടികള്‍ക്കെന്നും ലോകാരോഗ്യസംഘടനയുടെ പഠനങ്ങള്‍ പറയുന്നുണ്ട്. മുലയൂട്ടല്‍ കൊണ്ട് കുഞ്ഞിനുമാത്രമല്ല, അമ്മമാര്‍ക്കും ധാരാളം ഗുണങ്ങളുണ്ട്. മുലയൂട്ടുന്ന അമ്മമാരില്‍ ഭാവിയില്‍ സ്തനാര്‍ബുദ സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസികാരോഗ്യം നിലനിര്‍ത്താനും ഇത് സ്ത്രീകളെ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

അതേസമയം മുലയൂട്ടാനായി സ്ഥിരവരുമാനമുള്ള ജോലി കളയേണ്ടി വരുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കാനാകാത്ത ഒന്നാണ്. ഓരോ രാജ്യത്തെയും തൊഴില്‍നിയമങ്ങളില്‍ ഭേദഗതി വരുത്തി, എല്ലാ തൊഴിലാളികളായ അമ്മമാര്‍ക്കും ആവശ്യത്തിന് അവധി നല്‍കുന്ന തരത്തില്‍ മാറ്റം വരുത്താനായി WABA പരിശ്രമിക്കുന്നുണ്ട്. ILO (International Labour Organisation) യുടെ പിന്തുണയോടെ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നാണറിവ്. ഇവിടെ തിരുവനന്തപുരത്ത്, ഐടി മേഖലയിലെ അമ്മമാര്‍ക്ക് അര്‍ഹമായ 'മാതൃത്വഅവധി' എന്ന അവകാശത്തിന് വേണ്ടി പൊരുതുന്ന കുസുമം ആര്‍ പുന്നപ്രയെ ( Kusumam R Punnapra) പോലുള്ളവരെയും അവസരോചിതമായി ഓര്‍ക്കുന്നു. ഇവയെല്ലാം തന്നെ തീര്‍ച്ചയായും വിജയിക്കും എന്നുറപ്പുള്ള പോരാട്ടങ്ങള്‍ തന്നെ.

ഇനി ഇങ്ങനെ ജോലി ഉപേക്ഷിക്കാന്‍ സാധിക്കാത്ത അമ്മമാര്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് "ബ്രെസ്റ്റ് പമ്പ്". മുലപ്പാല്‍ ശേഖരിക്കുന്നതിനുള്ള ഉപകരണം. ജോലിക്ക് പോകുന്നതിന് മുമ്പ് പാല്‍ ഈ പമ്പുപയോഗിച്ചു ഒരു വൃത്തിയുള്ള പത്രത്തിലേക്ക് പകര്‍ന്ന് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരു ദിവസത്തോളം ഇങ്ങനെ സൂക്ഷിക്കാമെന്ന് പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും ആറുമണിക്കൂര്‍ വരെ സുരക്ഷിതമായി ഈ "എക്സ്പ്രസ്ഡ് മില്‍ക്ക്" കുഞ്ഞിന് കൊടുക്കാം. പമ്പില്ലാതെയും (കൈകൊണ്ട്) ഇങ്ങനെ പാല്‍ പിഴിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. ഈ ബ്രെസ്റ്റ് പമ്പിന്‍റെ സ്വീകാര്യതയും സമീപകാലത്ത് സമൂഹത്തില്‍ വര്‍ദ്ധിക്കുന്നുണ്ട്. അതും മുലയൂട്ടലിന്‍റെ പ്രാധാന്യം സമൂഹം മനസിലാക്കുന്നു എന്നതിന്‍റെ സൂചന തന്നെ..            ഒരുതരം ബ്രെസ്റ്റ് പമ്പ്.

8 comments:

 1. Informative.. :) സ്നേഹം കൊണ്ട് അമ്മയുടെ ചോര വെളുത്തുപോയതാണു മുലപ്പാൽ എന്ന് ആരോ പറഞ്ഞതോർക്കുന്നു :)

  ReplyDelete
 2. "Breastfeeding & Work: Let's make it Work" ഇന്നലെ വായിച്ചതേയുള്ളൂ ഇതിനെ പറ്റി. :)

  ReplyDelete
 3. മുലപ്പാലിനെക്കുറിച്ചാവുമ്പോള്‍ വായിക്കുമ്പോഴൊക്കെ മനസ്സ് തുടിക്കും..കണ്ണ് നിറയും..

  ReplyDelete
 4. നല്ല പോസ്റ്റ്!

  (ഏറ്റവും ഇളയ കുട്ടിയായതിനാല്‍ കുടിച്ചുമടുത്തപ്പോഴാണ് ഞാന്‍ നിര്‍ത്തിയത് എന്ന് അമ്മ പറയാറുണ്ടായിരുന്നു)

  ReplyDelete
 5. അമ്മിഞ്ഞി മാഹാത്മത്യത്തെ
  കുറിച്ചുള്ള നല്ലോരു വിജ്ഞാനപ്രദമായ കുറിപ്പ്

  ReplyDelete
 6. വിജ്ഞാനപ്രദം!
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete
 7. മുലയൂട്ടാൻ മടിക്കുന്ന മമ്മിമാർക്ക് ഇത് പ്രചോദനം ആയെങ്കിൽ!

  ReplyDelete
 8. നല്ല സ്നേഹമുള്ള പോസ്റ്റ്.

  ReplyDelete

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..