Thursday, 13 August 2015

പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ (കഥ)(മലര്‍വാടി മാസികയുടെ മെയ്‌ 2016 ലക്കത്തില്‍ വന്നത്)


   
    തീപ്പെട്ടിപ്പടങ്ങള്‍ ചോറുതേച്ച് ഒട്ടിച്ച പഴയ സാമൂഹ്യപാഠം നോട്ട്ബുക്കിനകത്തായിരുന്നല്ലോ അത് വച്ചിരുന്നത്? ചന്തു വീണ്ടും വീണ്ടും ഓര്‍ത്തുനോക്കി. പിന്നത് എവിടെപ്പോയതാണ്? ഒരെത്തും പിടിയും കിട്ടുന്നില്ല..!

അവസാനത്തെ പിരീഡ് ഡ്രില്ലിനു പോണതുവരേം അത് ബുക്കിനകത്ത് തന്നെ ഉണ്ടായിരുന്നതാണ്.
സ്കൂള്‍ബാഗിനകത്തുനിന്ന് സകലസാധനങ്ങളുമെടുത്ത് വെളിയിലിട്ട് തെരഞ്ഞു. ബാഗ്‌ ആഞ്ഞുകുടഞ്ഞുനോക്കി. കണ്ടില്ല. സങ്കടം കൊണ്ട് അവന്‍റെ കണ്ണുനിറഞ്ഞു.

ക്ലാസില്‍ തോമസിന്‍റെ കയ്യില്‍ മാത്രമായിരുന്നു പാക്കിസ്ഥാന്‍ സ്റ്റാമ്പുണ്ടായിരുന്നത്. ആകെ രണ്ടെണ്ണം. അതും ഒരുപോലുള്ളവ. കുറെ നാളായി അവന്‍റെ പുറകെ നടന്നു കെഞ്ചിയിട്ടാണ് കഷ്ടപ്പെട്ട് സംഘടിപ്പിച്ച മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും മുഖമുള്ള തീപ്പട്ടിപടങ്ങള്‍ക്ക് പകരം അതിലൊരു സ്റ്റാമ്പ് തരപ്പെടുത്തിയത്. ആ തീപ്പട്ടിപ്പടങ്ങളും അപൂര്‍വങ്ങളില്‍ അപൂര്‍വമായവയായിരുന്നു.

ബാല്യകാല ശേഖരത്തില്‍ നിന്നും..
തന്‍റെ സ്റ്റാമ്പ് ആരോ മോഷ്ടിച്ചതുതന്നെ. അല്ലാതതെവിടെപ്പോകാന്‍.?

എന്നാലും ആരായിരിക്കും..?
എല്ലാ കുട്ടികളും ഡ്രില്ലിനു കളിയ്ക്കാന്‍ പോയതാണല്ലോ..?
ങേ..അല്ല!, തേര്‍ഡ് ബെഞ്ചിലെ രണ്ടു പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ത്തന്നെ ഇരിക്കുകയായിരുന്നു. അവരായിരിക്കുമോ? എങ്ങനെ അറിയും?!! ശോ..!! ഇനി തിങ്കളാഴ്ചയെ ക്ലാസ്സൊള്ളൂ. സങ്കടവും ദേഷ്യവും അവനെ ശരിക്കും തളര്‍ത്തി.


ശനിയും ഞായറും ചന്തു വിഷണ്ണനായി വീട്ടില്‍ തന്നെയിരുന്നു. അവധി ദിവസങ്ങളില്‍ തീപ്പട്ടിപ്പടങ്ങള്‍ പെറുക്കാന്‍ മുറുക്കാന്‍കടകളുടെ ഓരങ്ങളിലേക്കു പോയില്ല. കൂട്ടുകാരുമൊത്തു കളിക്കാന്‍ പോയില്ല. റബ്ബര്‍ ചെരുപ്പ് വട്ടത്തില്‍ വെട്ടിമുറിച്ചു ടയറാക്കി അവന്‍ തന്നെ ഉണ്ടാക്കിയ കളിവണ്ടി ഓടിക്കാന്‍ പോലും പുറത്തിറങ്ങിയില്ല. ആരോടും മിണ്ടാതെ കട്ടിലില്‍ കമിഴ്ന്ന് കിടന്നു. 

അജിത്തിന്‍റെയും തന്‍റെയും കയ്യില്‍ മുപ്പത്താറ് രാജ്യങ്ങളുടെ സ്റ്റാമ്പുണ്ട്. പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ കൂടി ആകുമ്പോള്‍ താനാകുമായിരുന്നു ശേഖരത്തില്‍ മുമ്പന്‍. ചിത്രയുടെ കളക്ഷനില്‍ സ്റ്റാമ്പ് നൂറ്റമ്പതോളം വരും. പക്ഷെ അധികവും ഇന്ത്യയുടെ സ്റ്റാമ്പ് തന്നെയായിരുന്നു. അതുകൊണ്ടാണ് അധികമാര്‍ക്കും കിട്ടാത്ത പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ സ്വന്തമാക്കണമെന്നു ചന്തു നിശ്ചയിച്ചതും. പല രാജ്യങ്ങളുടെയും സ്റ്റാമ്പുകള്‍ സ്കൂളിനുപുറത്തെ സ്റ്റേഷണറിക്കടയില്‍ വാങ്ങാന്‍ കിട്ടും. വീട്ടില്‍നിന്നും കാശുകിട്ടുന്ന കുട്ടികള്‍ അതൊക്കെ വാങ്ങും. എന്നാലും മുപ്പത്താറ് രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ അവിടെയില്ല.

ചന്തുവിന് വിശപ്പും ഉറക്കവും നഷ്ടപ്പെട്ടു. ചെറുക്കനെന്തോ വയ്യായ്കയുണ്ടെന്ന്‍ അമ്മ അച്ഛനോട് പറയുന്നത് കേട്ടു.

''സ്കൂളിലാരെങ്കിലും വഴക്കുപറഞ്ഞുകാണും.. അവനു ചെറിയ കാര്യം മതിയല്ലോ..''
അച്ഛനത് നിസ്സാരമായി തള്ളിക്കളഞ്ഞു.

തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്നതു പോലെയായിരുന്നു ചന്തു സ്റ്റാമ്പ് ശേഖരിച്ചിരുന്നത്. കിലോമീറ്ററുകള്‍ അതിനായി അവന്‍ നടന്നു. ഇക്കാലത്താര്‍ക്കും സ്റ്റാമ്പ്‌ ശേഖരിക്കുന്ന വിനോദമില്ല. പഠിക്കാന്‍ 'ഫിലാറ്റലി' എന്നൊരു പാഠവും നിര്‍ബന്ധമായും ചെയ്യേണ്ട ഒരു പ്രോജക്റ്റും ഇല്ലായിരുന്നെങ്കില്‍ ചന്തുവും കൂട്ടുകാരും ഇതേപറ്റി അറിയുക കൂടി ഉണ്ടായിരുന്നില്ല.

അച്ഛനുമമ്മക്കും ഇതൊന്നും വല്യ കാര്യമല്ല എന്നത് ചന്തുവിനെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തിയത്. അവന്‍ അത്താഴം കഴിക്കാതെ സ്റ്റാമ്പും തീപ്പെട്ടിപ്പടങ്ങളും ഒട്ടിച്ച നോട്ട്ബുക്കുകള്‍ മറിച്ചുനോക്കി ഉറങ്ങാതിരുന്നു. എന്തിലും ഒന്നാമനാകണമെന്നത് അവന്‍റെ വാശിയായിരുന്നു. സ്റ്റാമ്പ്‌ ആല്‍ബത്തിന്‍റെ കാര്യത്തില്‍ ഒന്നാമനാകാനുള്ള ഏകവഴി ആ പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ സ്വന്തമാക്കുകയായിരുന്നു. പക്ഷെ സ്റ്റാമ്പ് മോഷണം എങ്ങനെ കണ്ടുപിടിക്കും? ചോദിച്ചാല്‍ ആരും സമ്മതിക്കില്ല. ടീച്ചറിനോട് പറഞ്ഞാലോ? പക്ഷേ മോഷ്ടിച്ചവര്‍ അത് ക്ലാസില്‍ കൊണ്ടുവന്നാലല്ലേ കണ്ടുപിടിക്കാന്‍ പറ്റൂ. 

തിങ്കളാഴ്ച ചന്തു ക്ലാസ്സില്‍ വന്നത് ചിലതൊക്കെ ചിന്തിച്ചുറപ്പിച്ചിട്ടായിരുന്നു. ഉച്ചയ്ക്ക് ഊണിനുമുമ്പുള്ള പിരീഡ് പ്രവൃത്തിപരിചയമാണ്. പെണ്‍കുട്ടികളധികവും തുന്നല്‍ ക്ലാസ്സില്‍ പോകും. ആണ്‍കുട്ടികളും കുറച്ചു പെണ്‍കുട്ടികളും ജൈവകൃഷി പഠിക്കാന്‍ സ്കൂളിനു വശത്തെ സ്കൂളിന്‍റെ തന്നെ വാഴത്തോട്ടത്തില്‍ പോകും. ചന്തു തലവേദനയാണെന്ന് കള്ളം പറഞ്ഞു ക്ലാസില്‍ തന്നെയിരുന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ചന്തു, തോമസിന്‍റെ ബാഗ് തുറന്ന് സ്റ്റാമ്പ് ആല്‍ബം പുറത്തെടുത്തു. ചന്തുവിന്‍റെതുപോലെ എഴുതിപ്പിഞ്ഞിയ പഴയ നോട്ടുബുക്കില്‍ ചോറുതേച്ചായിരുന്നില്ല തോമസ്‌ സ്റ്റാമ്പ് ഒട്ടിച്ചിരുന്നത്. കട്ടി ബയണ്ടുള്ള ഒന്നും എഴുതാത്ത ബുക്കില്‍ ഭംഗിയായി പശതേച്ചൊട്ടിച്ച സ്റ്റാമ്പുകളില്‍നിന്നും പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ ചന്തു ശ്രദ്ധാപൂര്‍വ്വം ഇളക്കിയെടുത്തു. ഇളക്കിയെടുത്ത സ്റ്റാമ്പിനടിയില്‍ ബുക്കുപേപ്പറിന്‍റെ അംശങ്ങള്‍ ഒട്ടിപ്പിടിച്ചിരുന്നു. വേഗമതിനെ പാന്റിന്‍റെ പുറകിലത്തെ പോക്കറ്റിലൊളിപ്പിച്ചു, ചുറ്റുംനോക്കി ആരും വരുന്നില്ലെന്നുറപ്പിച്ചു തന്‍റെ സീറ്റില്‍പ്പോയി ഡസ്കില്‍ തലവച്ചു കമിഴ്ന്നിരുന്നു. തന്‍റെ നെഞ്ചുപടപടാന്നു മിടിക്കുന്നുണ്ടെന്നു അപ്പോഴാണ് ചന്തു തിരിച്ചറിഞ്ഞത്. ശ്വാസഗതിയും വേഗത്തിലായിരുന്നു. കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. താന്‍ പിടിക്കപ്പെടുമോ എന്നൊരു ഭയം ആ നിമിഷംമുതല്‍ ചന്തുവിനെ കൂടുതല്‍ പരിഭ്രാന്തനാക്കി. വേഗം ബാഗ് തുറന്ന്, സ്വന്തം സ്റ്റാമ്പ് ആല്‍ബം പുറത്തെടുത്തു. പോക്കറ്റില്‍ നിന്നും ആ പാകിസ്ഥാന്‍ സ്റ്റാമ്പെടുത്ത് അടിയില്‍ തുപ്പലുപുരട്ടി ആല്‍ബത്തിലൊട്ടിച്ചു. തുപ്പലുതേച്ചൊട്ടിച്ചാല്‍ ഇളകിപ്പോകുമോ എന്നോര്‍ത്ത് കൈമുറുക്കി അതിലിടിച്ചു ഒട്ടല്‍ ഉറപ്പുവരുത്തി. ആല്‍ബം ബാഗിനുള്ളിലാക്കി, ഇരുകൈകൊണ്ടും ബാഗ്‌ അമര്‍ത്തിപ്പിച്ച്, അതിനുമുകളില്‍ തലവച്ച് കണ്ണുകളടച്ചുകിടന്നു. 
വര- ആലിക്കോയ, മലര്‍വാടി

ചന്തുവിന്‍റെ നെഞ്ചിടിപ്പിനേക്കാള്‍ വേഗത്തില്‍ സമയം ഓടിക്കൊണ്ടിരുന്നു. തോമസ്‌ ഇനി സ്കൂള്‍ സമയം കഴിയുന്നതുവരെ അവന്‍റെ ആല്‍ബം എടുത്തുനോക്കരുതേയെന്നു ചന്തു ഉത്കണ്ടയോടെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഏതുനേരവും തോമസിന്‍റെ ചെയ്തികളെ ആകാംക്ഷാപൂര്‍വം നോക്കിയിരുന്നു.

അവസാനത്തെ പിരീഡിനുമുമ്പുള്ള ഇടവേളയില്‍ ആല്‍ബം പുറത്തെടുത്ത തോമസ്‌ തന്‍റെ പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ മോഷ്ടിക്കപ്പെട്ടകാര്യം തിരിച്ചറിഞ്ഞു. അവനുറക്കെക്കരയാന്‍ തുടങ്ങി.

ചന്തുവിന്‍റെ ഉള്ളില്‍ ഭയത്തിന്‍റെ കൊടുങ്കാറ്റ് രൂപപ്പെട്ടെങ്കിലും ഒന്നുമറിയാത്ത ഭാവത്തിലിരുന്നു. തോമസ്‌ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു. കൂട്ടുകാര്‍ തോമസിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. അധ്യാപകന്‍ ക്ലാസില്‍ വന്നതോടെ വിഷയം ഗൌരവമുള്ളതായി. സ്റ്റാമ്പ്‌ മോഷണം തെളിയിക്കാന്‍ ക്ലാസ് ടീച്ചറും മറ്റുചില അധ്യാപകരുംകൂടി വന്നു.

 എല്ലാവരും വര്‍ക്ക്‌ എക്സ്പീരിയന്‍സിനു പുറത്തുപോയപ്പോള്‍ ചന്തു മാത്രമാണ് ക്ലാസില്‍ ഉണ്ടായിരുന്നതെന്ന് ക്ലാസ് ലീഡര്‍ അപര്‍ണ്ണ പറഞ്ഞു. എന്നാല്‍ തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞു ചന്തു തടിതപ്പി.

എടുത്തവര്‍ അത് തിരിച്ചുകൊടുക്കുന്നതാണ് നല്ലതെന്നും, പിന്നീട് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷകിട്ടുമെന്നും ടീച്ചര്‍മാര്‍ താക്കീത് നല്‍കി. കളവുപോയ സ്റ്റാമ്പ് തനിക്കും തോമസിനും അല്ലാതെ മറ്റാര്‍ക്കുമില്ലായെന്നു ചന്തു ക്ലാസ് ടീച്ചറോട് രഹസ്യമായി പറഞ്ഞു. എല്ലാവരുടെയും ബാഗും പോക്കറ്റും പരിശോധിക്കാന്‍ തീരുമാനമായി. 
പക്ഷെ ഫലമുണ്ടായില്ല. ചന്തുവിന്‍റെ ആല്‍ബത്തില്‍ കണ്ട പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ കഴിഞ്ഞ ദിവസം താന്‍ കൊടുത്തതുതന്നെയെന്ന് തോമസ്‌ തലകുലുക്കി സമ്മതിച്ചു. വര- റിയാസ് ടി അലി

സ്കൂള്‍ വിട്ടു വീട്ടില്‍ പോകുമ്പോള്‍ ചന്തുവിനൊപ്പമായിരുന്നു തോമസ്‌ നടന്നത്. അവന്‍റെ കണ്ണുകള്‍ കരഞ്ഞുകലങ്ങിയിരുന്നു.

''നിനക്കാരെയെങ്കിലും സംശയമുണ്ടോ.?" ചന്തു മുഖമുയര്‍ത്താതെ തന്നെ ചോദിച്ചു.

"ഇല്ലാ." തോമസ് നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു.

അവനെത്ര സങ്കടപ്പെടുന്നുണ്ടെന്ന് ആ ശബ്ദത്തില്‍ നിന്നും വ്യക്തമായിരുന്നു. ഒന്നും വേണ്ടായിരുന്നുവെന്ന് ചന്തു ആദ്യമായി ഓര്‍ത്തു. സത്യത്തില്‍ ടീച്ചര്‍മാര്‍ ബാഗുകള്‍ പരിശോധിക്കുമ്പോള്‍ തന്‍റെ കളവുപോയ പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ ആരില്‍നിന്നെങ്കിലും കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷ ചന്തുവിനുണ്ടായിരുന്നു. 

"എന്‍റെ സ്റ്റാമ്പ്‌ മോഷ്ടിച്ചവനെ കര്‍ത്താവ് ശിക്ഷിച്ചോളും.. മോഷ്ടാക്കള്‍ക്ക് നരകത്തില്‍ കല്ലേറ് കിട്ടുമെന്ന് ആന്റണിയച്ചന്‍ പറയാറുണ്ട്. പക്ഷെ എന്‍റെ അനിയത്തിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു ആ സ്റ്റാമ്പ്‌.. അതിലെ ചന്ദ്രക്കലയുടെ പടം കണ്ട് അമ്പിളിമാമന്‍, അമ്പിളിമാമന്‍ എന്നെപ്പോഴും പറയും.."

തോമസിന്‍റെ അനിയത്തിയെ ചന്തു ഒരിക്കല്‍ കണ്ടിട്ടുണ്ട്. ജന്മനാ ബുദ്ധിക്കെന്തോ അസുഖമുള്ള കുട്ടിയാണ്.വലുതായിട്ടും എപ്പോഴും അമ്മയുടെയോ തോമസിന്‍റെയോ ചുമലില്‍ തന്നെയായിരിക്കും. ചന്തുവിന് ശരിക്കും കുറ്റബോധം തോന്നിത്തുടങ്ങിയത് അപ്പോഴാണ്. പരസ്പരം വഴിപിരിയാനുള്ള വളവെത്തുന്നതിനു തൊട്ടുമുമ്പ് തോമസ്‌ കലങ്ങിയ കണ്ണുകളോടെ ചോദിച്ചു,

" തീപ്പെട്ടിപ്പടങ്ങള്‍ തിരികെത്തന്നാല്‍ ഞാന്‍ തന്ന സ്റ്റാമ്പ്‌ നീ തിരിച്ചു തരുവോ?" 

ചന്തു എന്തു പറയണമെന്നറിയാതെ കുഴഞ്ഞു.
"അല്ലെങ്കില്‍ വേണ്ടാ. നീ ക്ലാസില്‍ ഒന്നാമനാകണമെന്നു ഒത്തിരി ആഗ്രഹിച്ച് വാങ്ങിയതല്ലേ.. അതു നീ തന്നെ വച്ചോ.."

തോമസ്‌ അവന്‍റെ വഴിയെ നടന്നകന്നു. വളവിനപ്പുറം മറഞ്ഞു. ഒന്നും വേണ്ടിയിരുന്നില്ലാ എന്ന് ചന്തുവിന്‍റെ മനസ് വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അവന്‍ വീടെത്തി. അമ്മയും അച്ഛനും എന്തോ കാര്യത്തിന് വഴക്കിട്ടുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ അവനെ ശ്രദ്ധിച്ചില്ല. ചന്തു  മുറിക്കകത്തു കതകടച്ചു കുറെ നേരമിരുന്നു. ആരോടും ഒന്നും പറഞ്ഞില്ല. അന്നുരാത്രി അവനുറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടച്ചപ്പോള്‍ ആരൊക്കെയോ കല്ലെറിയുന്ന സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. 

പിറ്റേന്നു സ്കൂളിലെത്തിയ ചന്തു, ആദ്യം ചെയ്തത് തന്‍റെ ആല്‍ബത്തില്‍ നിന്നും ആ പാക്കിസ്ഥാന്‍ സ്റ്റാമ്പിളക്കിയെടുത്ത് തോമസിന് കൊടുക്കുകയായിരുന്നു. 

"ഇതാ നിന്റനിയത്തീടെ അമ്പിളി മാമന്‍.. ഇത് നീ തന്നെ വച്ചോ.." 

വര- ആലിക്കോയ, മലര്‍വാടി

തോമസ്‌ ആദ്യമൊന്നു അമ്പരന്നെങ്കിലും അത് വാങ്ങാതിരിക്കാന്‍ അവനു കഴിഞ്ഞില്ല. തോമസ്‌ ചന്തുവിനെ നെഞ്ചോട്‌ ചേര്‍ത്ത് കെട്ടിപ്പിടിച്ചു. അവന്‍ പറഞ്ഞു,

"ഇന്നലെ ഇത് തിരിച്ചു ചോദിച്ചതില്‍ സോറി, ഡാ... ഞാനാ തീപ്പട്ടിപ്പടങ്ങള്‍ തിരിച്ചുതരാം.. "

"ഏയ്‌.. അതൊന്നും വേണ്ടാ.. അതും നീ തന്നെ വച്ചോ.. എന്‍റെയൊരു സമ്മാനമായിട്ട്‌.. "

തോമസിന് ആദ്യമത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അവനെയത് തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അവര്‍ക്കിടയില്‍ ആത്മസൗഹൃദത്തിന്‍റെ മുല്ലമൊട്ടുകള്‍ രൂപപ്പെടുകയും അതു പൂക്കളായി വിടരുകയും ചെയ്യുകയായിരുന്നു. 

"ആന്റണിയച്ചന്‍ റോമില്‍ പോയിട്ട് വരുമ്പോള്‍ വത്തിക്കാന്‍റെ സ്റ്റാമ്പ്‌ കൊണ്ടുതരാമെന്ന് പറഞ്ഞിട്ടുണ്ട്.. കിട്ടുമ്പോള്‍ നിനക്ക് തരാം കേട്ടാ.. "
തോമസ്‌ ചന്തുവിനെ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
MORE STORIES
യക്ഷികള്‍ നഗ്നരാണ്
കലഹങ്ങളുടെ ഒരു രാത്രി

തുടർന്ന് വായിക്കുക...

Monday, 3 August 2015

കാതുകൊണ്ട് കാണുന്ന കാഴ്ചകള്‍ (കുറിപ്പുകള്‍)വൈദ്യാഭ്യാസത്തിനു വണ്ടികയറുന്നതിനു നാളുകള്‍ക്ക് മുമ്പായിരുന്നു ആ വര്‍ഷത്തെ ആകാശവാണി റേഡിയോ നാടകോത്സവം. ഓലമേല്‍ക്കൂര ചൂടിയ വീടിന്‍റെ മണ്‍ചുമരുകളെ തുരന്നുകയറിയ പ്ലാസ്റ്റിക് കുഴലുകളിലൂടെ ഇലക്ട്രോണുകള്‍ പ്രവഹിച്ചുതുടങ്ങിയിട്ടപോള്‍  മാസങ്ങള്‍ മാത്രം. കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ അതിനകം ഇന്‍സ്റ്റാള്‍മെന്‍റ്കാരനില്‍ നിന്നും സ്വന്തമാക്കിയിരുന്നു. AM ഉം FM ഉം മാത്രമല്ല, ദൂരദര്‍ശന്‍ പരിപാടികള്‍ വരെ (ശബ്ദരേഖ പോലെ) അതില്‍ കിട്ടുമായിരുന്നു. രാത്രിയുള്ള പഠിപ്പും ഹോംവര്‍ക്കും വരെ റേഡിയോ പരിപാടികളുടെ പോക്കുവരവിനനുസരിച്ചു ട്യൂണ്‍ ചെയ്തിരുന്ന എനിക്ക്, സര്‍വസ്വതന്ത്രനായി, എന്നുവച്ചാല്‍ ആരുടേയും പഴികേള്‍ക്കാതെ, ബുക്കെല്ലാം അടച്ചുവച്ച് റേഡിയോ ഓണ്‍ ചെയ്യാവുന്ന സമയമായിരുന്നു ആ ഒമ്പതരകള്‍.. കാരണം വീട്ടില്‍ എല്ലാരും ഒരുപോലെ ആസ്വദിക്കുന്ന, കേള്‍ക്കാന്‍ കാത്തിരിക്കുന്ന പരിപാടികള്‍ ഇഷ്ടഗീതങ്ങളും റേഡിയോ നാടകങ്ങളുമായിരുന്നു.


നാടകനേരമായാല്‍ അന്തരീക്ഷം ആകെ മൂകമാകും. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് റേഡിയോയുടെ ശബ്ദം മാത്രം. വീട്ടുകാരെന്താ നേരത്തെ വിളക്കണച്ചതെന്ന് സന്ദേഹിച്ചു, കഴുക്കോലുകള്‍ക്കിടയിലൂടെ, "എന്തോ പ്രശ്നമുണ്ടല്ലോ" എന്ന് പായാരം പറഞ്ഞുകൊണ്ട് പായുന്ന മൂഷികകുടുംബത്തിന്‍റെ ശബ്ദം ചിലപ്പോള്‍ കേള്‍ക്കാറുണ്ട്. പക്ഷെ നാടകം തുടങ്ങിക്കഴിഞ്ഞാല്‍ അവരും നിശബ്ദരാകും. ചാണകത്തറയില്‍ പുല്‍പ്പായില്‍ കഴുത്തോളം മൂടിപ്പുതച്ച് മലര്‍ന്നുകിടന്നു, മുന്നിലെ ഇരുട്ടില്‍ സുവ്യക്തമായി നമ്മള്‍ നാടകം കാണുകയായി. അവര്‍ കരയുന്നതും ചിരിക്കുന്നതും പുലമ്പുന്നതും വെള്ളം കോരുന്നതും പാചകം ചെയ്യുന്നതും ഭ്രാന്തെടുത്തോടുന്നതും ട്രെയിനും കാറ്റും പേമാരിയുമെല്ലാം കണ്‍മുന്നിലെന്നപോലെ..


നെടുമുടി വേണുവും തിലകനും സിദ്ദിക്കും നരേന്ദ്രപ്രസാദും മുരളിയും തുടങ്ങി കേട്ടുപരിചയിച്ചതും അല്ലാത്തതുമായ പ്രതിഭാധനരായ ശബ്ദകലാകാരന്മാരുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളില്‍ മതിമറന്ന് ഒരുമണിക്കൂര്‍.. ആകാശവാണിയില്‍ നാടകം തീര്‍ന്നാലും നമ്മുടെ മനസ്സില്‍ അവരൊക്കെ അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. ഒരു നെടുവീര്‍പ്പിലൂടെയും ചുമയിലൂടെയും നമ്മളവരോട് തിരിച്ചും സംസാരിക്കും. അത്രയ്ക്കും ശക്തമായിരുന്നു ആ ശബ്ദനാടകങ്ങളൊക്കെയും..


മെഡിക്കല്‍ കോളേജിന്‍റെ പടികടന്നുള്ളില്‍ കയറിയേപ്പിന്നെ അങ്ങനൊരുകാലം ഉണ്ടായിട്ടില്ലാ. പിന്നീടെപ്പൊഴോ കേടായ ആ റേഡിയോ, ടിവിയുടെ കടന്നാക്രമണത്തില്‍ വിസ്മൃതിയിലുമായി. മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലും അവന്‍ തിരികെവന്നുവെങ്കിലും, കണ്ണടച്ചിരുന്നുകണ്ടിരുന്ന ആ ശബ്ദചലച്ചിത്രങ്ങള്‍ മാത്രം മടങ്ങിവന്നില്ല. ജീവിതബഹളത്തിനൊപ്പംകൂടുന്ന മിര്‍ച്ചിയും മാംഗോയും റെഡും ക്ലബുമൊക്കെ കൂട്ടുകൂടാന്‍ വന്നപ്പോള്‍ ആകാശവാണിയെ സ്കൂള്‍ കാലത്തെ കാമുകിയെ എന്നപോലെ മനപ്പൂര്‍വംമറന്നു.


ഇന്നലെമുതല്‍ (ഓഗസ്റ്റ്‌ 2) വീണ്ടും ആകാശവാണി നാടകോത്സവം തുടങ്ങിയിട്ടുണ്ട്. അറിയിപ്പ് കണ്ടയുടന്‍ മനസ്സില്‍ കരുതിയതാണ് ഇപ്രാവശ്യം ആവുന്നത്രയും കേള്‍ക്കണമെന്ന്. ആദ്യദിവസം പത്മരാജന്‍ എഴുതിയ പഴയൊരു നാടകമാണ്. മിസ്സാവരുത്. എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത് ഒമ്പതരയ്ക്ക് ആശുപത്രിയില്‍ നിന്നും ഇറങ്ങി കാറില്‍ കയറി മൊബൈലില്‍ റേഡിയോ ഓണാക്കി, ലൗഡ്സ്പീക്കറില്‍ കണക്ട് ചെയ്തു. കാറില്‍ സ്റ്റീരിയോ ഇല്ല. പക്ഷെ മൊബൈല്‍ കമ്പനി (ലെനോവോ) ചതിച്ചു. മൊബൈലില്‍ FM മാത്രമേ കിട്ടുന്നൊള്ളൂ . AM ഇല്ല. അങ്ങനെ തകര്‍ന്നിരിക്കുമ്പോള്‍, പെട്ടന്ന് തോന്നിയ ബുദ്ധിയില്‍ അനന്തപുരി FM ഇട്ടുനോക്കി. പണ്ട് അതിലും കേള്‍പ്പിക്കുമായിരുന്നല്ലോ. പക്ഷെ ഇന്നലെ, അതില്‍ ഏതോ ഭാഗവതര്‍ ആ അസമയത്തും ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നു. ആകെ വിഷമമായി, ഏതോ പാട്ടൊക്കെ പ്ലേ ചെയ്തെങ്കിലും ഒന്നിനും ചെവികൊടുക്കാതെ വീട്ടിലെത്തി.


നാളെമുതലുള്ളതെങ്കിലും കേള്‍ക്കണം. കേള്‍ക്കാതെ പറ്റില്ല. രാത്രി കുത്തിയിരുന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ആകാശവാണി ആപ് ഡൌണ്‍ലോഡ് ചെയ്തു. കിട്ടുന്നുണ്ട്, പക്ഷെ പ്രവേഗവും ത്വരണവും കൂടുതലുള്ള നെറ്റ്കണക്ഷന്‍ അനിവാര്യം. ഒരു രക്ഷയും ഇല്ല. അങ്ങനെ വീണ്ടും വിഷാദചിത്തത്തോടെ ഇരിക്കുമ്പോഴാണ് മനസ്സില്‍ വീണ്ടും ബള്‍ബ്‌ കത്തിയത്. ടിവിയുടെ സെറ്റ് ടോപ്‌ ബോക്സില്‍ റേഡിയോ കിട്ടുമല്ലോ. പക്ഷെ ഇതുവരെയും അതുപയോഗിച്ചിട്ടില്ല. ഓടിപ്പോയി അതെങ്ങനെയാണെന്നൊക്കെ കണ്ടുപിടിച്ചു, കേള്‍ക്കുന്നുണ്ടെന്നുറപ്പിച്ചു വന്നിട്ടുള്ള സന്തോഷത്തില്‍ എഴുതിയതാണ് ഇത്രയും.


എന്‍റെ സമാനമനസ്കരായ നാടകപ്രിയര്‍ക്ക്, പഴയ ട്രാന്‍സിസ്റ്റര്‍ റേഡിയോ ഇല്ലാത്ത, മൊബൈലില്‍ AM കിട്ടാത്ത ആ സുഹൃത്തുക്കള്‍ക്ക് ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു. നെറ്റിന് സ്പീഡുണ്ടെങ്കില്‍ ആകാശവാണി ആപ് ഉപയോഗിക്കൂ.. ഇല്ലെങ്കില്‍ സെറ്റ് ടോപ്‌ ബോക്സ്‌.. ആഗസ്റ്റ്‌ 8 വരെ എന്നുമുണ്ട്, രാത്രി ഒമ്പതരയ്ക്ക്.. അതും നമുക്ക് സുപരിചിതരായ എഴുത്തുകാരുടെ നാടകങ്ങള്‍.


എന്തായാലും ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ സ്വന്തമാക്കണം. അതും എത്രയും വേഗം. കൃത്രിമവെളിച്ചങ്ങളെല്ലാം കെടുത്തി, ഇരുട്ടിനെയും ഉറങ്ങാന്‍ വിട്ടിട്ട്, മനസിന്‍റെ അഭ്രപാളിയില്‍ സുവ്യക്തമായ ചലച്ചിത്രങ്ങള്‍ മെനയാന്‍ അതുതന്നെ വേണം.

പലപ്പോഴും ഓര്‍മ്മകള്‍ക്ക് ആകാശവാണി നാടകങ്ങളുടെ ഒരു സ്വഭാവമാണ്. മനസ്സിന്‍റെ ഉള്ളിലെവിടെയോ ഇരുന്ന്, അതിങ്ങനെ ആരോടെന്നില്ലാതെ സംസരിച്ചുകൊണ്ടേ ഇരിക്കുന്നു.
heart emoticon


തുടർന്ന് വായിക്കുക...

Saturday, 1 August 2015

മുലയൂട്ടല്‍....!!   മുലയൂട്ടലിന്‍റെ പ്രാധാന്യത്തെ പറ്റി സമൂഹത്തില്‍ കൃത്യമായ അവബോധം ഉണ്ടാക്കുവാനായിട്ടാണ് 1993 മുതല്‍ ആഗസ്റ്റ്‌ മാസത്തെ ആദ്യ ആഴ്ച (1-7) ലോകമുലയൂട്ടല്‍ വാരമായി ഘോഷിക്കുന്നത്. ലോകാരോഗ്യസംഘടന, യുണിസെഫ് എന്നിവയുടെ പിന്തുണയോടെ മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലോകസഖ്യം (WABA- World Alliance for Breastfeeding Action) ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. "മുലപ്പാല്‍ കുഞ്ഞിന്‍റെ അവകാശം, മുലയൂട്ടല്‍ അമ്മയുടെ കടമ" എന്നതാണ് ഇത്തവണത്തെ മുലയൂട്ടല്‍ വാരത്തിന്‍റെ സന്ദേശം.


മുലപ്പാലിന്‍റെ ഗുണങ്ങളും, അത് കൊടുക്കാതിരുന്നാല്‍ കുഞ്ഞിന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെയും പറ്റി ഇന്നെല്ലാവര്‍ക്കും അത്യാവശ്യം അറിവുള്ളതാണ്. കുഞ്ഞിന്‍റെ മാനസിക-ശാരീരിക-രോഗപ്രതിരോധശക്തീ വളര്‍ച്ചയ്ക്ക് മുലപ്പാല്‍ അത്യന്താപേക്ഷിതമാണ്. ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ എത്രയും വേഗം മുലയൂട്ടണമെന്നും -അതായത് സാധാരണ പ്രസവമാണെങ്കില്‍ അരമണിക്കൂറിനുള്ളിലും, സിസേറിയന്‍ ആണെങ്കില്‍ ഒരുമണിക്കൂറിനുള്ളിലും- ഇന്നൊരുവിധം എല്ലാവര്‍ക്കും അറിയാം. പ്രസവശേഷം ഉണ്ടാകുന്ന ആദ്യപാലില്‍ (കൊളോസ്ട്രം) രോഗപ്രതിരോധശേഷിയ്ക്കുള്ള ഒരുപാട് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.


തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

1.ആദ്യത്തെ ആറ് മാസം വരെ അമ്മയുടെ മുലപ്പാൽ മാത്രമേ കുഞ്ഞിന് ആവശ്യമുള്ളു. 

2.മുലയുട്ടുന്നതിനു മുമ്പ് മുല നന്നായി കഴുകി വൃത്തിയാക്കണം. കുഞ്ഞിനെ രണ്ടു മുലകളും മാറ്റി മാറ്റി കുടിപ്പിക്കണം. 

3.ഒരു മുലയിൽ നിന്നും പാല് മുഴുവൻ കുടിച്ചതിന് ശേഷമേ മറ്റേതിലേയ്ക്ക് മാറ്റാവൂ. ആദ്യം വരുന്ന പാല് (foremilk) കുഞ്ഞിന്റെ ദാഹം ശമിപ്പിക്കും. പിന്നീടുള്ളത് (Hindmilk) കുഞ്ഞിന്റെ വിശപ്പകറ്റുകയും കുഞ്ഞിന്റെ ഭാരം കൂട്ടുകയും ചെയ്യും.

4.സമയ ക്ലിപ്തത ഒന്നും നോക്കാതെ ആവശ്യമുള്ളപ്പോഴെല്ലാം കുഞ്ഞിനെ മുലയൂട്ടണം. 

5.കുഞ്ഞിനു അസുഖം ആയാലും മുലയുട്ടൽ മുടക്കരുത്. 

6.എത്രകാലം കഴിയുമോ, അത്രയും നാൾ മുലയുട്ടുന്നത് നല്ലതാണ്. 

7.മുലക്കുപ്പി ഉപയോഗിച്ച് പാൽ കൊടുക്കാതിരിക്കുക. ആവശ്യമായി വരുമ്പോൾ കപ്പോ, കരണ്ടിയോ ഉപയോഗിക്കുക. 

8.ആറ് മാസത്തിനു ശേഷം , മുലയൂട്ടുന്നതിനോടൊപ്പം തന്നെ കൂവരക് (Ragi ) കുറുക്കിയത് ,വേവിച്ചുടച്ച വാഴപ്പഴം ,വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, അരിയും തുവരപ്പരിപ്പും ചേർത്തുണ്ടാക്കിയ കിച്ചടി, നുറുക്ക് ഗോതമ്പ് കുറുക്കിയത് എന്നിങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയ ലഘുഘര രൂപത്തിലുള്ള ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കണം. കുഞ്ഞു വളരുന്നതോടൊപ്പം തന്നെ,കൊടുക്കുന്ന ആഹാരത്തിന്റെ അളവും വർദ്ധിപ്പിക്കണം

9.രാത്രിയിൽ മുലയൂട്ടാൻ മടി കാണിക്കരുത്. പ്രൊലാക്റ്റിൻ എന്ന ഹോർമോണിന്റെ ഉത്പാദനം രാത്രിയാണ് കൂടുതൽ. പാലുണ്ടാക്കുന്ന ഹോർമോൺ അതാണല്ലോ.

10.കുഞ്ഞിന് രണ്ടു വയസാകുന്നതുവരെയും മുലയൂട്ടാം. അതിനുശേഷം മുലയൂട്ടുന്നതിൽ പ്രത്യേകിച്ച് ഗുണമൊന്നുമില്ലാ.


പ്രസവവും മുലയൂട്ടലും ശരീരസൗന്ദര്യത്തെ ബാധിക്കുമെന്ന തെറ്റായ ഒരു വിശ്വാസം ഒരിടക്കാലത്ത് ശക്തമായിരുന്നത് മുലയൂട്ടലിനെ അപ്രധാനമായി കാണാന്‍ ചില അമ്മമാരെ പ്രേരിപ്പിച്ചിരുന്നു. കൂടാതെ ജോലിക്കാരായ അമ്മമാര്‍ എത്രയും വേഗം പ്രസവിച്ചു, കുഞ്ഞിനെ വീട്ടുകാരെയോ ആയമാരെയോ ഏല്‍പ്പിച്ചു, ജോലിയിലേക്കു തിരികെപ്പോകുന്നതും ഇടക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. പക്ഷെ WABA-യുടെയും ഇന്ത്യയില്‍, ശിശുസൗഹൃദ ആശുപത്രികളുടെയും (BABY FRIENDLY HOSPITAL ), ബോധവല്‍ക്കരണക്ലാസുകളുടെയുംഒക്കെ പ്രവര്‍ത്തനഫലമായി ഇപ്പോള്‍ ആ സ്ഥിതി മാറിയിട്ടുണ്ട്. എല്ലാവരും തിരക്കിട്ടോടുന്ന ഇ-കാലത്തെ വളരെ നല്ലൊരു പ്രവണതയായി തന്നെ മുലയൂട്ടലിന്‍റെ തിരിച്ചുവരവിനെ കാണാം.. മുലയൂട്ടാന്‍ വേണ്ടി ശമ്പളമില്ലാത്ത അവധിയെടുക്കാനും വേണ്ടി വന്നാല്‍ രാജിവയ്ക്കാനും അമ്മമാര്‍ തയ്യാറാകുന്നു എന്നതും ശ്ലാഘനീയം.

ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളൂ (exclusive breast feeding) എന്ന് നിഷ്കര്‍ഷിക്കാറുണ്ട്. കാരണം ആറുമാസം വരെ കുഞ്ഞിന്‍റെ വളര്‍ച്ചക്കാവശ്യമുള്ള എല്ലാ പോഷകങ്ങളും അതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, അല്ലാതെ കൊടുക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ദഹിപ്പിക്കാന്‍ കുഞ്ഞിന് കഴിഞ്ഞെന്നും വരില്ല. രണ്ടുവയസുവരെയെങ്കിലും മുലയൂട്ടല്‍ തുടരുന്ന കുട്ടികള്‍ കൂടുതല്‍ ആരോഗ്യത്തോടെ, ബുദ്ധിയോടെ വളരുന്നു എന്നതും ശ്രദ്ധിക്കണം. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികളേക്കാള്‍ 40% മരണസാധ്യത കൂടുതലാണ് മുലയൂട്ടാത്ത കുട്ടികള്‍ക്കെന്നും ലോകാരോഗ്യസംഘടനയുടെ പഠനങ്ങള്‍ പറയുന്നുണ്ട്. മുലയൂട്ടല്‍ കൊണ്ട് കുഞ്ഞിനുമാത്രമല്ല, അമ്മമാര്‍ക്കും ധാരാളം ഗുണങ്ങളുണ്ട്. മുലയൂട്ടുന്ന അമ്മമാരില്‍ ഭാവിയില്‍ സ്തനാര്‍ബുദ സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസികാരോഗ്യം നിലനിര്‍ത്താനും ഇത് സ്ത്രീകളെ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.
അതേസമയം മുലയൂട്ടാനായി സ്ഥിരവരുമാനമുള്ള ജോലി കളയേണ്ടി വരുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കാനാകാത്ത ഒന്നാണ്. ഓരോ രാജ്യത്തെയും തൊഴില്‍നിയമങ്ങളില്‍ ഭേദഗതി വരുത്തി, എല്ലാ തൊഴിലാളികളായ അമ്മമാര്‍ക്കും ആവശ്യത്തിന് അവധി നല്‍കുന്ന തരത്തില്‍ മാറ്റം വരുത്താനായി WABA പരിശ്രമിക്കുന്നുണ്ട്. ILO (International Labour Organisation) യുടെ പിന്തുണയോടെ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നാണറിവ്. ഇവിടെ തിരുവനന്തപുരത്ത്, ഐടി മേഖലയിലെ അമ്മമാര്‍ക്ക് അര്‍ഹമായ 'മാതൃത്വഅവധി' എന്ന അവകാശത്തിന് വേണ്ടി പൊരുതുന്ന കുസുമം ആര്‍ പുന്നപ്രയെ ( Kusumam R Punnapra) പോലുള്ളവരെയും അവസരോചിതമായി ഓര്‍ക്കുന്നു. ഇവയെല്ലാം തന്നെ തീര്‍ച്ചയായും വിജയിക്കും എന്നുറപ്പുള്ള പോരാട്ടങ്ങള്‍ തന്നെ.

ഇനി ഇങ്ങനെ ജോലി ഉപേക്ഷിക്കാന്‍ സാധിക്കാത്ത അമ്മമാര്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് "ബ്രെസ്റ്റ് പമ്പ്". മുലപ്പാല്‍ ശേഖരിക്കുന്നതിനുള്ള ഉപകരണം. ജോലിക്ക് പോകുന്നതിന് മുമ്പ് പാല്‍ ഈ പമ്പുപയോഗിച്ചു ഒരു വൃത്തിയുള്ള പത്രത്തിലേക്ക് പകര്‍ന്ന് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരു ദിവസത്തോളം ഇങ്ങനെ സൂക്ഷിക്കാമെന്ന് പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും ആറുമണിക്കൂര്‍ വരെ സുരക്ഷിതമായി ഈ "എക്സ്പ്രസ്ഡ് മില്‍ക്ക്" കുഞ്ഞിന് കൊടുക്കാം. പമ്പില്ലാതെയും (കൈകൊണ്ട്) ഇങ്ങനെ പാല്‍ പിഴിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. ഈ ബ്രെസ്റ്റ് പമ്പിന്‍റെ സ്വീകാര്യതയും സമീപകാലത്ത് സമൂഹത്തില്‍ വര്‍ദ്ധിക്കുന്നുണ്ട്. അതും മുലയൂട്ടലിന്‍റെ പ്രാധാന്യം സമൂഹം മനസിലാക്കുന്നു എന്നതിന്‍റെ സൂചന തന്നെ..            ഒരുതരം ബ്രെസ്റ്റ് പമ്പ്.

തുടർന്ന് വായിക്കുക...