നിരീശ്വരന്‍ മരം (കുറിപ്പുകള്‍)"സാറെ, നമ്മുടെ നിരീശ്വരന്‍ പ്ലാവില്‍ ഒരു ചക്കേണ്ടായിരുന്നു.. ഇപ്പൊ പഴുത്തളിഞ്ഞു താഴെക്കിടക്കണ്.. ആരും നോക്കീം ഇല്ല.. കണ്ടും ഇല്ല.. "
തലേന്ന് വന്ന തപാലുരുപ്പടികള്‍ കൈമാറുന്നതിനിടയില്‍ സെക്യൂരിറ്റി ചേട്ടന്‍ അത്യന്തം സങ്കടത്തോടെ പറഞ്ഞു. ഞാന്‍ നേരെ ബാല്‍ക്കണിയിലേക്കോടി കുഞ്ഞുപുളിയിലകളാല്‍ വലിയ പ്ലാവിലകളെ മറച്ചുനിന്നിരുന്ന നിരീശ്വരന്‍ മരത്തിന്‍റെ ചുവട്ടിലേക്ക്‌ കണ്ണെറിഞ്ഞു. വയറിളക്കം ബാധിച്ചവന്‍റെ അമേധ്യം പോലെ കിടന്നിരുന്ന പഴംചക്കക്ക് മേല്‍ ഒരൊറ്റമൈന, കളഞ്ഞുപോയതെന്തോ തെരയുന്ന പോലഭിനയിച്ച്, അതൊക്കെ കൊത്തിത്തിന്നുന്നു.


ഒരു കൂടുപോലും ഇവരാരും പണിഞ്ഞിരുന്നില്ലെങ്കിലും, ഇതുപോലെ ഒരുപാട് കിളികളുടെ പ്രിയമേല്‍വിലാസമാണ് നിരീശ്വരന്‍ മരം. മൈന, നീലപ്പൊന്മാന്‍, കുയില്‍, ഉപ്പന്‍ എന്ന് വിളിക്കുന്ന ചെമ്പോത്ത്, പീണിക്കിളി, നമ്മുടെ കാക്ക, പിന്നെ എനിക്ക് പേരറിഞ്ഞൂടാത്ത ചിലര്‍.. രാവിലെ അഞ്ചമ്പത്തഞ്ചാകുമ്പോ ആകാശവാണി നിലയം തുറക്കുന്നപോലെ ഇവര്‍ പാടാന്‍ തുടങ്ങും. ആദ്യം ഒറ്റയ്ക്കൊറ്റയ്ക്ക്.. പിന്നെ ഒരു ജുഗല്‍ബന്ദി. ആറര ആകുമ്പോള്‍ മൈനകളും കാക്കയും ഒഴികെയുള്ളവര്‍ തൊഴില്‍തേടി ദൂരേക്ക് പോകും. ഇവിടുള്ളവര്‍ കീ..കീ.. എന്നും കാ..ക്കാ.. എന്നുമൊക്കെ പാടിക്കൊണ്ട് അലസരായി പറന്നും നടന്നുമൊക്കെ സമയം കളയും. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുപൊങ്ങി, നിരീശ്വരന്‍ മരത്തിന് മേലെയുള്ള ആകാശത്തൂടെ താഴ്ന്നു പറക്കുന്ന യന്ത്രപ്പറവകള്‍ക്ക് കീഴെ വൈകുന്നേരങ്ങളില്‍ പരുന്തുകളും വട്ടമിട്ട് പറക്കാറുണ്ട്.


എന്‍റെ മുറിയുടെ ബാല്‍ക്കണിക്ക് മുന്നിലാണ് ഈ ഇരട്ടമരം നില്‍ക്കുന്നതെങ്കിലും, എന്നും കാണാറുണ്ടെങ്കിലും, കല്യാണത്തിന് മുമ്പ് പ്രതിശ്രുതവധുവിന് പ്രേമലേഖനം എഴുതിക്കൊണ്ടിരുന്ന എന്നെ മനപ്പൂര്‍വ്വം കൂവിശല്യപ്പെടുത്തിയ ഒരു കുയിലിനെ തേടിച്ചെന്നപ്പോഴാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. കുയിലിനെ മരം ഇലകള്‍ക്കിടയില്‍ ഭദ്രമായി ഒളിപ്പിച്ചു വച്ചു. പ്രണയലേഖനമെഴുതി പ്രേമവിവശനായിരുന്ന ഞാന്‍ കുയിലിനെക്കാള്‍ ഉച്ചത്തില്‍ കൂകി. കുയിലും മരവും മത്സരിച്ചു കൂകി. അങ്ങനെ ഞങ്ങള്‍ ഉറ്റ ചങ്ങാതിമാരായി.


ഇരട്ടമരമെന്നു പറഞ്ഞാല്‍ ഒരു പ്ലാവും ഒരു പുളിയും..ഇനിയാണ് യഥാര്‍ത്ഥ സംഭവം വരുന്നത്. ആറേഴു മാസങ്ങള്‍ക്ക് മുമ്പ് ശ്രീ.വി.ജെ.ജെയിംസിന്‍റെ "നിരീശ്വരന്‍" നോവല്‍ വായിച്ചുതുടങ്ങിയ ദിവസമാണ് ആ പ്ലാവില്‍ ആദ്യത്തെ ചക്കയുടെ കണ്ണി എന്‍റെ കണ്ണില്‍പ്പെടുന്നത്. തികച്ചും യാദൃശ്ചികം. നോവലില്‍ ഇതുപോലെ ഒരു ഇരട്ടമരമുണ്ട്. ഇണചേര്‍ന്ന് നില്‍ക്കുന്ന ഒരാല്‍മരവും ഒരു മാവും. നോവലിസ്റ്റ് ആലും മാവും ചേര്‍ന്ന ആ ഇരട്ടമരത്തെ "ആല്‍മാവ്" എന്ന ഒറ്റപ്പേരില്‍ (അതോ ഇരട്ടപ്പേരോ?) ആണ് വിളിച്ചത്. നിരീശ്വരപ്രതിഷ്ഠ നടക്കുന്ന നിരീശ്വരത്തറ ആ ആത്മാവിന്‍റെ ചുവട്ടിലാണ്. അതുവായിച്ചപ്പോള്‍ എനിക്കും തോന്നി, എന്‍റെയീ കൂട്ടുകാരനും സദാ ചുംബിച്ചുനില്‍ക്കുന്ന പ്ലാവിനും പുളിക്കും ചേര്‍ത്ത്, ഇതുപോലൊരു ഒറ്റപ്പേര് ഇട്ടുകൊടുക്കണമെന്ന്.


ഞാന്‍ ആലോചിച്ച് തലപുകച്ചു.. പ്ലാവും പുളിയും ചേര്‍ത്തൊരു അര്‍ത്ഥവത്തായ ഒറ്റപ്പേര് കിട്ടാതെ ഞാന്‍ വലഞ്ഞു.. പുതിയാപ്ല എന്നുവരെ ഞാന്‍ വിളിച്ചുനോക്കി.. ഏറ്റില്ല.. ഇതൊന്നും അറിയാതെ പ്ലാവ് കൂടുതല്‍ ചക്കക്കുഞ്ഞുങ്ങളെ പെറ്റൂ .. പുളിമരം എന്നെനോക്കി പല്ലിളിച്ചു.. നാളുകള്‍ കടന്നുപോയി. ആദ്യചക്ക വിളയാറായപ്പോള്‍, എന്‍റെ ജുഗല്‍ബന്ദിപ്പക്ഷികള്‍ കൂടണയാന്‍ എത്തുന്ന ഒരു സായന്തനത്തില്‍ ഞാന്‍ സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞു,


"ചേട്ടാ, നിരീശ്വരന്‍ പ്ലാവിലെ ചക്ക അടക്കുമ്പോ പറയണേ.."


അറിയാതങ്ങു പറഞ്ഞു പോയതാണ്. അതുവരെയും നിരീശ്വരന്‍ മരമെന്നു ചിന്തിച്ചിട്ടുകൂടിയില്ലായിരുന്നു. പ്ലാവും പുളിയും ചേര്‍ത്തു പുതിയൊരു പേരെന്ന് മാത്രമേ ആലോചിച്ചിരുന്നൊള്ളൂ.. പറഞ്ഞുകഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ചേട്ടനോപ്പം ഞാനും അന്തംവിട്ടുപോയി..!!


"ങേ.. നിരീശ്വരന്‍ പ്ലാവാ..!!"


പക്ഷെ പിന്നത് ശീലമായി.. പിന്നെ ഓരോ ചക്കയടക്കുമ്പോഴും ഞങ്ങളത് ആവര്‍ത്തിച്ചു പറഞ്ഞു. നിരീശ്വരന്‍ പ്ലാവും നിരീശ്വരന്‍ പുളിയും, രണ്ടും ചേര്‍ത്ത് നിരീശ്വരന്‍ മരവുമൊക്കെ അങ്ങനെ നമുക്ക് സുപരിചിതരായി. ചക്കകളെ വിവിധതരം കറിക്കൂട്ടുകളുമായി ഇണചേര്‍ത്തു ഞങ്ങള്‍ വയറ്റിലാക്കി. എണ്ണയില്‍ പൊരിച്ചു കാമുകിക്ക് പ്രേമലേഖനത്തിനുപകരം കൊടുത്തുവിട്ടു. വിദ്യാഭ്യാസം കുറവായ ഞങ്ങളുടെ ആ പാറാവുകാരന്‍ പക്ഷെ ഒരിക്കല്‍ പോലും ചോദിച്ചില്ല, എന്തിനാണിതിനെ നിരീശ്വരന്‍ മരമെന്നു വിളിക്കുന്നതെന്ന്.. ചോദിച്ചാല്‍ പറയാന്‍ എന്‍റെകയ്യില്‍ കൃത്യമായൊരുത്തരവും ഇല്ല.. പറഞ്ഞുറച്ചുപോയ ദൈവസങ്കല്‍പ്പങ്ങളെ പോലെ "ഇത് പണ്ടേ അങ്ങനെയാ.." എന്നയാള്‍ സ്വയം പറഞ്ഞു ബോധിപ്പിച്ചിട്ടുണ്ടാകണം.. നിരീശ്വരന്‍ മരം..


ഞങ്ങളെ പോലുള്ള കുഞ്ഞുമനുഷ്യര്‍ക്കും എന്‍റെ പാട്ടുകാരായ കൂട്ടുകാര്‍ക്കും വലിയൊരാശ്രയമായി ആ ഇരട്ടമരം, പുതിയൊരു ഇരട്ടപ്പേരുമായി ആകാശം നോക്കി വളരുന്നു.. എങ്കിലും കിളിക്കൂട്ടുകാര്‍ക്ക് മാത്രമായി ഒരു "നിരീശ്വരഫല"ത്തെ ഒളിപ്പിച്ചു വച്ചതിനോട് എനിക്കെന്നും പരിഭവം തന്നെ..

നിരീശ്വരകര്‍ത്താവിന്, വിശുദ്ധ ജെയിംസേട്ടന് സ്നേഹത്തോടെ..

(പടം ബാല്‍ക്കണിയില്‍ നിന്ന് പകര്‍ത്തിയത്)Comments

 1. ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ തമ്മില്‍ വല്ല കമ്യൂണിക്കേഷനും നടക്കുന്നുണ്ടാവുമോ?

  (ചുമ്മാ ഓരോ സംശയങ്ങള്‍!!)

  ReplyDelete
 2. നിരീശ്വരൻ പ്ലാവ്‌.നല്ല രസമുണ്ടായിരുന്നു വായിക്കാൻ.

  ReplyDelete
 3. മാവും, പ്ലാവും ചേർന്നുള്ള ആ വൃക്ഷങ്ങളെ "മാപ്ല" എന്ന വിളിക്കാഞ്ഞത് ഭാഗ്യം.

  ReplyDelete
 4. നിരീശ്വരൻ മരമോ, ജെയിംസ് സാറിന്റെ നോവലോ - ഏതാണ് മണ്ണിന്റെ ആഴങ്ങളിലേക്ക് കൂടുതൽ വേരുകളാഴ്ത്തി ആകാശത്തിലേക്ക് പടർന്നു പന്തലിച്ച് നിൽക്കുന്നത്. ....

  മനോഹരമായ ഭാഷയിൽ ഡോക്ടർ എഴുതിയത് വായിക്കുമ്പോൾ ജെയിസ് സാറിന്റെ നോവലിനെക്കുറിച്ച് ചിന്തിച്ചുപോവുന്നു.....

  ReplyDelete
 5. എഴുതിയത് വളരെ നന്നായിട്ടുണ്ട്. ഡോക്ടർക്ക് രോഗങ്ങളോടുള്ള കമ്പം പോലെ അൽപ്പം സഹൃദയത്വവും ഉണ്ട് എന്ന് മനസ്സിലാവുന്നു.

  ReplyDelete
 6. പുലിയാണ് കൂടുതല്‍ ശക്തനെന്നു തോന്നുന്നു. പാവം പ്ലാവിന്റെ ഇലകള്‍ കാണാനേ ഇല്ല. ഒരു ചക്ക ആ കിളികള്‍ തിന്നോട്ടെ!

  ReplyDelete
 7. നല്ല വിശകലനം
  വായിക്കുവാൻ ബുക്ക് മാർക്ക് ചെയ്തിട്ടു...

  ReplyDelete
 8. പ്രതിഷ്ട നടത്തിപ്പിന് 'സംഘം' എത്തുമോ?!
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete

Post a Comment

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..