വൈകുന്നേരമായപ്പോള്‍ വീണ്ടും മഴ പെയ്യാന്‍ തുടങ്ങി. മഴത്തുള്ളികള്‍ പുഴയെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. അത് ചൂടുള്ള മഴയായിരുന്നു. ആ മഴയുംകൊണ്ട് നടക്കാന്‍ മയിലമ്മയ്ക്കിഷ്ടമായിരുന്നു. കോഴികളെ കുടിലിനു പിന്നിലുള്ള ചായ്പ്പിലേക്ക് ആട്ടിയോടിച്ചുകൊണ്ട് മയിലമ്മ ആ മഴയത്ത് നടന്നു. കോഴികള്‍ക്കും മയിലമ്മയുടെ മനസ്സായിരുന്നു. അവര്‍ രണ്ടുവലത് ഓടിയശേഷം മാത്രം മയിലമ്മയെ അനുസരിച്ചു. ഒരു മൂര്‍ഖന്‍ മാളത്തില്‍ നിന്നിറങ്ങി പുഴയെ ലക്ഷ്യമാക്കി ഇഴഞ്ഞുപോയി. മയിലമ്മ ഒരു വടിയെടുത്ത് അതിനെ പാറയുടെ ഇടുക്കിലേക്ക് ഓടിച്ചു. പാമ്പുകളുമായി മയിലമ്മ നല്ല ചങ്ങാത്തത്തിലായിരുന്നു.
അകത്തേക്ക് കടന്നപ്പോള്‍ മയിലമ്മയ്ക്ക് വിശപ്പിന്റെ വിളിവന്നു. കുടിലിനുള്ളില്‍ ഇളം ചൂടുള്ള നീരാവി നിറഞ്ഞിരുന്നു. അടുപ്പുകല്ലിന്റെ പുറകില്‍ വട്ടിയില്‍ വറത്തുവച്ചിരുന്ന കപ്പലണ്ടി വാരിവായിലിട്ടു ചവച്ചുകൊണ്ട് കട്ടന്‍ചായയ്ക്ക് വെള്ളം വച്ചു. അടുപ്പില്‍ നിന്നുള്ള ചൂടില്‍ അവരുടെ ഉടുപ്പും ശരീരവും ചൂടായി. ഒരു പ്രത്യേക സുഖമായിരുന്നു അതിന്. കൂനിയ ചുമലുകള്‍ കൂടുതല്‍ ചുരുട്ടിമടക്കി അടുപ്പിലേക്ക് ചാഞ്ഞു കൂനിക്കൂടി അവരിരുന്നു. മേല്‍ക്കൂരയുടെ ചെറുത്തുനില്‍പ്പുകളെ ഭേദിച്ച് മഴ മയിലമ്മയെ തേടി ഉള്ളിലേക്കും വന്നു. കഞ്ഞി കുടിക്കുന്ന പിഞ്ഞാണമെടുത്തുവച്ച് മയിലമ്മ മഴയെ പ്രതിരോധിച്ചു. തേഞ്ഞുപോയ കറുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് മേല്ക്കൂരയെ നോക്കി പറഞ്ഞു, "രാത്രീലിച്ചിരി നടുനിവര്ത്താനൊള്ളേണ്.. കേട്ടാ.."
രാത്രിയായിട്ടും മഴ പെയ്തുകൊണ്ടിരുന്നു. പെയ്തുപെയ്ത് അതങ്ങു തണുത്തുപോയിരുന്നു. ഇരുട്ടിന്റെ കമ്പിളിയും പുതച്ച് മയിലമ്മയിരുന്നു. പുഴയുടെ ശബ്ദം. മഴയുടെ ശബ്ദം. കോഴികളുടെ പായാരം. എന്തോ വീഴുന്ന ശബ്ദം. നല്ല കാറ്റുവീശിത്തുടങ്ങിയിരുന്നു അപ്പോള്‍. കുടിലിനു തെക്കുവശത്തെ മഹാഗണിയുടെ ഇടത്തേ കൊമ്പിലെ ആ കാക്കക്കൂട് ആയിരിക്കുമെന്ന് മയിലമ്മ ഊഹിച്ചു. താഴെ വീണുടയുന്ന മുട്ടകളെ മനസ്സില്‍ കണ്ടു. നിസ്സഹായതയോടെ പറന്നുപോകുന്ന അമ്മക്കാക്കയെ ഓര്‍ത്ത് സഹതപിച്ചു. പെട്ടന്ന് അവര്‍ക്കുള്ളിലൊരു ഭയം തോന്നി. എണീറ്റുപോയി ഒരു മണ്ണെണ്ണവിളക്ക് കത്തിച്ചുവച്ചു.
അത് കലഹങ്ങളുടെ രാത്രിയായിരുന്നു. മഴയും പുഴയും തമ്മില്‍. കാറ്റും മരങ്ങളും തമ്മില്‍. കരയും പുഴയും തമ്മില്‍. കോഴികള്‍ തമ്മില്‍. മയിലമ്മയുടെ കണ്ണുകളും നിദ്രയും തമ്മില്‍. മയിലമ്മയും രാത്രിയും തമ്മില്‍. പിന്നെ മയിലമ്മയും മയിലമ്മയും തമ്മില്‍... അത് കലഹങ്ങളുടെ പെരുമഴയായിരുന്നു .
പ്രഭാതത്തില്‍ പാറയിടുക്കിലെ വിടവില്‍ നിന്നും തല പുറത്തേക്ക് നീട്ടിയ മൂര്‍ഖന്‍ ഇഴയാന്‍ കര കാണാതെ പരിഭ്രമിച്ചു. കലങ്ങിച്ചെമന്നൊഴുകുന്ന പുഴയുടെ നിരപ്പിലൂടെ പ്ലാസ്റ്റിക് പാവ, ചൂരല്‍ കസേര, ഒരലുമിനിയം കലം, റബ്ബര്‍ ചെരുപ്പ്, മരക്കഷണങ്ങള്‍ തുടങ്ങി പലതും ഒഴുകിപ്പോകുന്നതും നോക്കിനിന്നു. ഏറെനേരമങ്ങനെ നിന്നപ്പോള്‍ പുഴയില്‍ നിന്നും പതിയെപ്പതിയെ കര പൊന്തിവന്നു. അത് മാളത്തില്‍ നിന്നും മെല്ലെ ഊര്‍ന്നിറങ്ങി, കുടിലിരുന്ന മണ്ണിലൂടെ, മയിലമ്മ ഉറങ്ങാന്‍ കിടന്ന തണുത്തതറയിലൂടെ മെല്ലെയിഴഞ്ഞു കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയോരത്തുപോയി പത്തിവിടര്‍ത്തി നിന്നു. കലഹിച്ചും ചിരിച്ചും ഓളം വെട്ടിയും പതഞ്ഞും ഒഴുകുന്ന പുഴയെ നോക്കി വെറുതെ നിന്നു.
അതൊരു നല്ല പുഴയായിരുന്നു. അകലെയെവിടെയോ ഉത്ഭവിച്ചു, അകലെയെവിടെയോ അവസാനിക്കുന്ന നല്ലൊരു പുഴ. അതിനിരുവശങ്ങളിലും അതിനോട് കളിച്ചും ചിരിച്ചും കലഹിച്ചും കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് ജീവജാലങ്ങളില്‍ ഒരാള്‍ മാത്രമായിരുന്നു മയിലമ്മ.
©മനോജ് വെള്ളനാട്
ഇന്നലെ മാത്യഭൂമി പത്രത്തിൽ വായൈച്ചപ്പോൾ തന്നെ വലിയ സന്തോഷം തോന്നി. മനോജ് ഈ കഥ ഇവിടെ ഇടും എന്നും അറിയാമായിരുന്നു.... സന്തോഷം.... നല്ല കഥക്കെന്റെ നല്ല നമസ്കാരം
ReplyDeleteഏറെ നേരം ചിന്താകുലനായി പത്തി വിടർത്താതെ ഞാനീ കരയിൽ അങ്ങനെ നിൽക്കുകയാണ് .
ReplyDeleteമാതൃഭൂമിയിലൂടെ കൂടുതൽ വിപുലമായ വായനക്കാരിലേക്ക് ഡോക്ടറുടെ സൃഷ്ടികൾ എത്തുന്നു എന്നറിയുന്നത് വലിയ സന്തോഷം
ReplyDeleteഏറെ നാളുകൾക്ക് ശേഷമാണ് ഈ വഴി, എന്നാൽ ഒന്ന് പറയട്ടെ, മാതൃഭൂമിയിൽ ഈ കഥ കാണുന്നതിലുള്ള സന്തോഷം ചെറുതൊന്നുമല്ല, കൂടുതൽ വിപുലമായ ലോകങ്ങൾ ഒരു എഴുത്തുകാരനെന്ന നിലയിൽ ഇനിയും തുറന്ന് കിട്ടട്ടെ... ആശംസകൾ...!!
ReplyDeleteപ്രകൃതിയും, മനുഷ്യനും
ReplyDeleteഅച്ചടി മീഡിയയിൽ കാണുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു.
അച്ചടിനിലാവില് ഒരു കഥ .. ആശംസകള്‍
ReplyDeleteമാതൃഭൂമിയില്‍ വായിച്ചു. നല്ല കഥ...ആ ശംഖുവരയന്‍ മാത്രമാണ് അസ്വാരസ്യമായി പത്തി വിരിച്ചു നിന്നിരുന്നത്.. ഇപ്പോള്‍ മനോഹരം...
ReplyDeleteവാരാന്തപ്പതിപ്പിലൂടെ കഥ വായിച്ചിരുന്നു.
ReplyDeleteലളിതസുന്ദരമായ നല്ലൊരു കഥ
ആശംസകള്‍
valare nalla kadha
ReplyDeleteനാട്ടിലെ ഉന്നത മാധ്യമങ്ങളിൽ കയറി
ReplyDeleteപറ്റിയതിന് അഭിനന്ദനങ്ങൾ കേട്ടൊ ഭായ്
മയിലമ്മയും, തള്ളകാക്കയും ,മൂർക്കനുമൊക്കെ
പുഴക്കരയിലെ ഒരേ പോലെയുള്ള ജീവികൾ മാത്രം..!
പ്രകൃതിയുടെ ബിംബങ്ങളായി മഴയേയും, പുഴയേയും പാമ്പിനേയും, കോഴിയേയുമൊക്കെ കൃതഹസ്തനായ ഒരെഴുത്തുകാരന്റെ രചനാ പാടവത്തോടെ കഥയില്‍ സമര്‍ത്ഥമായി സന്നിവേശിപ്പിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍....പുഴയേ പ്പോലെ യാത്ര തുടരുക....
ReplyDeleteഅഭിനന്ദനങ്ങള്‍.
ReplyDeleteനേരത്തെ വായിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും വായിച്ചു ബ്ലോഗില്‍.
അടിസ്ഥാനപരമായി ജീവനുള്ളവ എല്ലാം ഒന്നു തന്നെ അല്ലെ.
അതില്‍ അഹങ്കരിക്കുന്നത് മനുഷ്യന് ആണെന്ന് മാത്രം.
ഇനിയും ധാരാളം കഥകള്‍ പുറത്ത് വരട്ടെ.
പാമ്പുകള്‍ക്കും പറവകള്ക്കുമൊന്നും കലഹങ്ങളില്ല, അല്ലെങ്കില്‍ കലഹങ്ങളല്ല
ReplyDeleteആദ്യമായാണ് ഇവിടെ വരുന്നത്..... വളരെ നല്ലകഥ ....സകല ജീവജാലങ്ങളും ഒന്നാണെന്ന് മനോഹരമായി പറഞ്ഞു.... ആശംസകൾ....
ReplyDeleteഎന്താണെന്ന് അറിയില്ല.... കഥയ്ക്ക് ഒരു ദാര്‍ശനികപരിവേഷം ഉള്ളത് പോലെ ഒരു തോന്നല്‍... പുഴ കാലം തന്നെയല്ലേ എന്നൊക്കെ വര്‍ണ്ണ്യത്തിലാശങ്ക .
ReplyDeleteകരയിക്കാനായിട്ട് ഓരോന്ന് എഴുതിക്കോളും :( :(
ReplyDeleteകാലങ്ങളിലൂടെ കലഹിച്ചു കലഹിച്ചു.... നന്നായിട്ടോ...
ReplyDeleteവെട്ടിയോരുക്കി ചിട്ടപ്പെടുത്തിയ കഥ. എല്ലാ പ്രായക്കാര്‍ക്കും പാകം.
ReplyDeleteനല്ല കഥ. ഇത് മാതൃഭൂമിയില്‍ വന്നതില്‍ അതിയായ സന്തോഷം.
ReplyDeleteതകഴിയുടെ "വെള്ളപ്പൊക്കത്തില്‍"ഓര്‍മ്മ വന്നു.
പറയാനാവാത്ത ഒരു വികാരം മനസ്സിൽ...
ReplyDeleteഏറെനേരമങ്ങനെ നിന്നപ്പോള്‍ പുഴയില്‍ നിന്നും പതിയെപ്പതിയെ കര പൊന്തിവന്നു...-________ഇഷ്ടപ്പെട്ട വാചകം.
നന്നായിരിക്കുന്നു, ആശംസകള്‍.
ReplyDeleteകഥ കൊള്ളാം.
ReplyDeleteഇത്രയും വലിയ കാറ്റിന്റെ ഇരമ്പലിനെ ഭേദിച്ച് ഒരു കാക്കക്കൂട് വീഴുന്ന ശബ്ദം കേട്ടത് വിചിത്രമായി. അത് മനസ്സിൽ കണ്ടാൽ മതിയായിരുന്നു.
അവസാനത്തെ വരി.."അതിനിരുവശങ്ങളിലും" എന്ന് തുടങ്ങുന്ന വരി ഒഴിവാക്കിയിരുന്നുവെങ്കിൽ കൂടുതൽ ഭംഗിയായേനെ.
മയിലമ്മയുടെ കലഹം അവസാനിച്ചത് അത്ര മനസ്സിൽ തട്ടിയില്ല എന്നൊരു തോന്നൽ