കഥ നടക്കുന്നത് അങ്ങ് അമേരിക്കയിലെ വെർജീനിയയിലാണ്. കഥ തുടങ്ങുന്നത് 1864-ലും. വെര്‍ജീനിയ സ്റ്റേറ്റിലെ ഗ്രാന്‍വില്‍ ജാര്‍വിസിന്റെയും ആന്‍ ജാര്‍വിസിന്റെയും പതിമൂന്നുമക്കളില്‍ പത്താമത്തെ ആളായി അന്നാ ജാര്‍വിസ് ജനിച്ച വര്‍ഷമാണത്. ആന്‍ ജാര്‍വിസാണ് ശരിക്കും ഈ കഥയിലെ നായികയെങ്കിലും കഥ മുന്നോട്ടുകൊണ്ടു പോകുന്നത്, മകള്‍ അന്നാ ജാര്‍വിസാണ്.
അമേരിക്കയില്‍ ആഭ്യന്തരകലഹം നടക്കുന്ന സമയമാണ്. വെര്‍ജീനിയയില്‍ അവര്‍ സ്ഥിരം പോകാറുള്ള പള്ളിയിലും ചുറ്റുമൊക്കെയുള്ള വനിതകളെ സംഘടിപ്പിച്ച് പരിക്കേല്‍ക്കുന്ന പടയാളികളെ പരിചരിക്കാന്‍ ഒരു സംഘം തന്നെ രൂപീകരിച്ചു ആൻ ജാർവിസ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒരേ സമയം ധീരയും കാരുണ്യവതിയുമായി ഉയർന്ന് നിന്ന ഒരു സാധാരണ സ്ത്രീയായിരുന്നു ആന്‍ ജാര്‍വിസ്. അടിമത്തവും പുരുഷമേധാവിത്വവും ജീവിതചര്യയായിരുന്ന അക്കാലത്ത് സ്ത്രീജീവിതങ്ങൾ എത്ര ദുഃസഹമായിരുന്നെന്ന് ആലോചിച്ചു നോക്കൂ. സ്ത്രീകള്‍ ഒരുകാര്യത്തിനും മുന്നില്‍ വരില്ല. അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു. പക്ഷെ സകല എതിര്‍പ്പുകള്‍ക്കും വിലക്കുകൾക്കും എതിരേ പോരാടി ആന്‍ ജാര്‍വിസ് മകളെ കോളേജിലയച്ചു. ജീവിതം സ്വാതന്ത്ര്യമുള്ളവരുടേതാണെന്ന് അവർ മകളെ പഠിപ്പിച്ചു. അങ്ങനെ പല കാര്യങ്ങളിലും മക്കള്‍ക്കും വെർജീനിയയിലെ നിരവധി സ്ത്രീകൾക്കും മാതൃകയായിരുന്നു ആ അമ്മ. അന്നാ ജാര്‍വിസിന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി അവളുടെ അമ്മയായിരുന്നു.
1908 മെയ് പത്തിന് ആന്‍ ജാര്‍വിസിന്റെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ വെര്‍ജീനിയയില്‍, അവര്‍ സ്ഥിരം പോകാറുണ്ടായിരുന്ന ആ പള്ളിയില്‍ അന്നാ ജാര്‍വിസ് ഒരു 'ഓര്‍മ്മക്കൂട്ടം' സംഘടിപ്പിച്ചു. അമ്മയുടെ ആ ഓര്‍മ്മദിവസം ഇനി മുതല്‍ എല്ലാ കൊല്ലവും 'അമ്മദിന'മായി ആചരിക്കണമെന്ന് അവര്‍ ആ ഓര്മ്മക്കൂട്ടത്തെ അഭിസംബോധന ചെയ്തു അഭ്യർത്ഥിച്ചു. ഓര്‍മ്മക്കൂട്ടം ആ വാക്കുകളെ സ്നേഹാദരങ്ങളോടെ ഏറ്റെടുത്തു. എന്നാല്‍ വെര്‍ജീനിയയില്‍ മാത്രം ഒതുങ്ങേണ്ടതല്ലാ, രാജ്യം മുഴുവനുമുള്ള അമ്മമാർക്ക് ആദരവർപ്പിച്ചുകൊണ്ട് ആചരിക്കപ്പെടേണ്ടതാണ് അമ്മദിനമെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അന്നാ ജാര്‍വിസ് തീരുമാനിക്കുന്നത് പിന്നീടാണ്. അത് തന്റെ അമ്മയോടുള്ള ഏറ്റവും വലിയ ആദരവായിരിക്കുമെന്നവര് കരുതി.
പിന്നെയൊരു ഒറ്റയാള്‍ പോരാട്ടമായിരുന്നു. അമ്മമാരാണ് യഥാര്‍ത്ഥ വിപ്ലവകാരികള്‍ എന്നും അവരെ ഓര്‍ക്കുന്നതിനു ഒരു ദിവസം വേണമെന്നും അന്ന അവരുടെ കത്തുകളിലൂടെ, ലേഖനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവര്‍ ജോലി തന്നെ രാജിവച്ചു, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അങ്ങനൊരു ദിവസത്തിന്റെ ആവശ്യകതയെ പറ്റി, പ്രസക്തിയെ പറ്റി സെമിനാറുകള്‍ സംഘടിപ്പിച്ചു സഞ്ചരിച്ചുകൊണ്ടിരുന്നു. അന്നാ ജാര്‍വിസിന്റെ നിരന്തരമായ, ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയിലെ ചില പ്രദേശങ്ങള്‍, കാനഡ, മെക്സിക്കോ, ജപ്പാന്, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഒക്കെ അടുത്തടുത്ത കാലങ്ങളില്‍ മാതൃദിനം ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ 1914 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന വുഡ്രോ വില്‍സണ്‍ എല്ലാ വര്‍ഷവും മെയ് മാസം രണ്ടാമത്തെ ഞായറാഴ്ച 'മാതൃദിന'വും ദേശീയ അവധിയുമായി പ്രഖ്യാപിച്ചു.
അങ്ങനെ അവിടെ നിന്നാണ് ഇന്ന് നാം ലോകമെങ്ങും ആഘോഷിക്കുന്ന ഈ 'മാതൃദിന'ത്തിന്റെ തുടക്കം.
കഥയിലെ ട്വിസ്റ്റും അവിടെ തുടങ്ങുന്നു. എന്തിലും വിപണനസാധ്യത മാത്രം കണ്ടിരുന്ന അമേരിക്കയിലെ വ്യാവസായികവിപണി ഉടനെതന്നെ അമ്മദിനത്തെയും ഏറ്റെടുത്തു. ഗ്രീറ്റിംഗ് കാര്‍ഡുകളായും പൂക്കളായും ബൊക്കെയായും ഗിഫ്റ്റ് വൗച്ചറുകളായും കേക്കുകളായും അവർ മാതൃദിനത്തെ തെരുവിൽ വിൽക്കാൻ വച്ചു. എന്തും വാങ്ങിക്കൂട്ടുന്നതാണാഘോഷമെന്ന് കരുതിയ ആ ജനത അതും ഏറ്റെടുത്തു. അന്നാ ജാര്‍വിസ് വിഭാവനം ചെയ്തിരുന്ന നന്മയും സ്നേഹവും ആദരവും അമ്മമാരുടെ ഓര്‍മ്മകളും തുടിച്ചുനില്ക്കുന്ന 'മാതൃദിനം' ഗിഫ്റ്റ് കമ്പനികളുടെ കച്ചവടതന്ത്രങ്ങള്‍ക്ക് മുമ്പില്‍ വെറുമൊരു 'ഷോപ്പിംഗ് ഡേ' മാത്രമായി ഒതുങ്ങിപ്പോകുന്നത് അവരെ ചെറുതായൊന്നുമല്ല സങ്കടപ്പെടുത്തിയത്. ഇത്തരം കമ്പനികളുടെ ആര്‍ത്തിപൂണ്ട ലാഭക്കണ്ണുകള്‍ പതിഞ്ഞു മലിനമായ അമ്മ ദിവസത്തെ അവരില്‍നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുള്ള അന്നാ ജാര്‍വിസിന്റെ ജീവിതം. അതിലവര്‍ പക്ഷെ അമ്പേ പരാജയപ്പെട്ടു.
ഒന്നും വേണ്ടിയിരുന്നില്ലാ എന്നവര്‍ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നുവെന്നത് ചരിത്രത്തിന്റെ കൗതുകകരമായ ഒരു കുസൃതി മാത്രം. അമ്മദിനം സംഘടിപ്പിക്കാന്‍ ഓടിനടന്ന്, വിവാഹം കഴിക്കാന്‍ പോലും മറന്നു, ഒരമ്മയാകാതെ, അന്നാ ജാര്‍വിസ് 1948 ല്‍ മരിച്ചു.
അമ്മമാരെ ഓര്‍ക്കാനും, അംഗീകരിക്കാനും, സ്നേഹിക്കാനും ഇങ്ങനൊരു ദിവസത്തിന്റെ ആവശ്യകതയുണ്ടോ എന്ന ചോദ്യം അതിന്റെ കൗതുകം നിറഞ്ഞ ചരിത്രത്തിനു മുന്നിലും അന്നാ ജാര്‍വിസ് എന്ന പാവം സ്ത്രീയ്ക്കു മുന്നിലും ഒരു ചോദ്യമായി തന്നെ അവശേഷിക്കുന്നു. ഇങ്ങനെയും അമ്മമാരെ ഓര്‍ക്കാം എന്നുമാത്രം പറയാം. ചരിത്രമറിയുന്നവര്‍ക്ക് വേണമെങ്കില്‍ അന്നാ ജാര്‍വിസിനെയും അവരുടെ അമ്മ, ആന്‍ ജാര്‍വിസിനെയും കൂടി വെറുതെ ഓര്‍ക്കാം.
ഇന്ന് മെയ് 10.. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച.. ലോക മാതൃദിനം..
അമ്മയെ പലപല കാര്യങ്ങളിലൂടെ ഓരോ നിമിഷവും നമുക്കോർമ്മിക്കാൻ കഴിയുന്നുണ്ട്.അതിനാൽ അമ്മദിനത്തിന്റെ ആവശ്യകത എനിക്ക് മനസിലാകുന്നില്ല.
ReplyDeleteദിനങ്ങളോരോന്നും പ്രത്യേകമാക്കുമ്പോള് സന്തോഷിക്കുന്നത് ബിസിനസ് സാമ്രാജ്യങ്ങളാണ്. അക്ഷയതൃതീയ ഉണ്ടായതുപോലെ
ReplyDeleteവൃഥാവിലായെങ്കിലും അമ്മ ദിവസം എന്ന ഏർപ്പാട് ഇല്ലാതാക്കാനാണ് അന്നാ ജാർവിസ് കൂടുതൽ സമയം ചിലവഴിച്ചത് എന്നു കേട്ടിട്ടുണ്ട്..... നമുക്കിടയിലെ ഉപഭോഗതൃഷ്ണ മനസ്സിലാക്കിയ ചില ബുദ്ധിമാന്മാർ ഒട്ടും ആവശ്യമില്ലാത്ത ഈ ഉൽപ്പന്നവും നമുക്കിടയിൽ വിറ്റ് ലാഭം കൊയ്യുന്നു......
ReplyDeleteപവിത്രമായ ദിനത്തെയും പൊന്വിളയിക്കും വിളനിലമാക്കാനുള്ള തന്ത്രങ്ങളാണല്ലോ!
ReplyDeleteകുറിപ്പ് നന്നായി ഡോക്ടര്‍
ആശംസകള്‍
കച്ചവടക്കാരെല്ലാം അമ്മമാരെ സ്നേഹിച്ചു കൊല്ലും... ഇന്നലെ എന്തൊരു ബഹളായിരുന്നു!
ReplyDeleteഎല്ലാ ഓര്‍മ്മയും നല്ലതുതന്നെ. അതാത് രാജ്യങ്ങള്‍ അവരുടേതായി ആഘോഷിക്കട്ടെ. ഉദാരവത്കരണം വന്നതോടെ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും കയറിയിറങ്ങി കുളമായി. 365 ദിനനങ്ങള് പോരാതെ വരുമ്പോള്‍. മണിക്കൂറുകള്‍ വീതിച്ച് ആഘോഷങ്ങള്‍ നടത്തേണ്ടി വരുന്ന കാലവും വിദൂരമല്ല. എന്തൊക്കെയായാലും ഒരു ഗ്ലാമറില്ലന്നെ പേരില്‍ പ്രാദേശിക തനിമയുള്ള നമ്മുടെ ഉത്സവങ്ങളെ മറന്നുകൊണ്ടൊരു അനുസ്മരണത്തോട് താത്പര്യമില്ല. കണ്ണൂര്‍ കാരന് കളിയാട്ടവും, ത്രിശൂരുകാരന്‍ പൂരവും ആലപ്പുഴ-കുമരകം- കൊല്ലം ക്കാര്‍ക്ക് വള്ളംകളിയും ത്രിരുവനന്തപുരം കാര്‍ക്ക് പൊങ്കാലയും വേണം. അതിനേക്കാള്‍ വലുതല്ല മറ്റേ ഉടായിപ്പുകള്‍.
ReplyDelete<3
ReplyDeleteകച്ചവടവൽക്കരണമാണ് ഓരോ ദിനങ്ങൾക്കും ആധാരം, സത്യത്തിൽ ഇതെല്ലാം കച്ചവടദിനങ്ങൾ അല്ലേ?
ReplyDeleteനല്ല അവലോകനം..ഹൃദ്യമായ ഒരു കുറിപ്പ്
ReplyDeleteതത് വസരത്തിലെ പോസ്റ്റ് നന്നായി...ഇതു ഒരു വിഭാഗത്തിന്റെ ജീവിതരീതിയുടെ ഭാഗമാണ് എന്ന് മാത്രം പറഞ്ഞു ഞാന്‍ നിര്‍ത്തുന്നു ....(ഒരു ഡോക്ടര്‍ വണക്കം ഉണ്ട്ട്ടാ കുറെ നാള്‍ക്ക് ശേഷം )
ReplyDelete:) എല്ലാ ഓര്‍മ്മയും നല്ലതുതന്നെ <3
ReplyDeleteഅമ്മദിനം അമ്മയെ പെട്ടെന്നൊരു ദിനം ഓർക്കാനുള്ളതല്ല.
ReplyDeleteമറിച്ച് അമ്മയോർമ്മകൾ മനസ്സിൽ ഊതിക്കാച്ചിയെടുക്കാനുള്ളതാണ് ..
അമ്മ ദിനത്തിലേക്ക് മാത്രം
ReplyDeleteപുറം തള്ളപ്പെട്ട ചില അമ്മമാർ...
അമ്മദിന ചരിത്രം നന്നായിരിക്കുന്നു.
ReplyDelete