Monday, 18 May 2015

കലഹങ്ങളുടെ ഒരു രാത്രി (കഥ)മാതൃഭൂമി വാരാന്തപ്പതിപ്പ്, മെയ്‌ 17,2015


       വൈകുന്നേരമായപ്പോള്‍ വീണ്ടും മഴ പെയ്യാന്‍ തുടങ്ങി. മഴത്തുള്ളികള്‍ പുഴയെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. അത് ചൂടുള്ള മഴയായിരുന്നു. ആ മഴയുംകൊണ്ട് നടക്കാന്‍ മയിലമ്മയ്ക്കിഷ്ടമായിരുന്നു. കോഴികളെ കുടിലിനു പിന്നിലുള്ള ചായ്പ്പിലേക്ക് ആട്ടിയോടിച്ചുകൊണ്ട് മയിലമ്മ ആ മഴയത്ത് നടന്നു. കോഴികള്‍ക്കും മയിലമ്മയുടെ മനസ്സായിരുന്നു. അവര്‍ രണ്ടുവലത് ഓടിയശേഷം മാത്രം മയിലമ്മയെ അനുസരിച്ചു. ഒരു മൂര്‍ഖന്‍ മാളത്തില്‍ നിന്നിറങ്ങി പുഴയെ ലക്ഷ്യമാക്കി ഇഴഞ്ഞുപോയി. മയിലമ്മ ഒരു വടിയെടുത്ത് അതിനെ പാറയുടെ ഇടുക്കിലേക്ക് ഓടിച്ചു. പാമ്പുകളുമായി മയിലമ്മ നല്ല ചങ്ങാത്തത്തിലായിരുന്നു.അകത്തേക്ക് കടന്നപ്പോള്‍ മയിലമ്മയ്ക്ക് വിശപ്പിന്‍റെ വിളിവന്നു. കുടിലിനുള്ളില്‍ ഇളം ചൂടുള്ള നീരാവി നിറഞ്ഞിരുന്നു. അടുപ്പുകല്ലിന്‍റെ പുറകില്‍ വട്ടിയില്‍ വറത്തുവച്ചിരുന്ന കപ്പലണ്ടി വാരിവായിലിട്ടു ചവച്ചുകൊണ്ട് കട്ടന്‍ചായയ്ക്ക് വെള്ളം വച്ചു. അടുപ്പില്‍ നിന്നുള്ള ചൂടില്‍ അവരുടെ ഉടുപ്പും ശരീരവും ചൂടായി. ഒരു പ്രത്യേക സുഖമായിരുന്നു അതിന്. കൂനിയ ചുമലുകള്‍ കൂടുതല്‍ ചുരുട്ടിമടക്കി അടുപ്പിലേക്ക് ചാഞ്ഞു കൂനിക്കൂടി അവരിരുന്നു. മേല്‍ക്കൂരയുടെ ചെറുത്തുനില്‍പ്പുകളെ ഭേദിച്ച് മഴ മയിലമ്മയെ തേടി ഉള്ളിലേക്കും വന്നു. കഞ്ഞി കുടിക്കുന്ന പിഞ്ഞാണമെടുത്തുവച്ച് മയിലമ്മ മഴയെ പ്രതിരോധിച്ചു. തേഞ്ഞുപോയ കറുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് മേല്‍ക്കൂരയെ നോക്കി പറഞ്ഞു, "രാത്രീലിച്ചിരി നടുനിവര്‍ത്താനൊള്ളേണ്.. കേട്ടാ.."

രാത്രിയായിട്ടും മഴ പെയ്തുകൊണ്ടിരുന്നു. പെയ്തുപെയ്ത് അതങ്ങു തണുത്തുപോയിരുന്നു. ഇരുട്ടിന്‍റെ കമ്പിളിയും പുതച്ച് മയിലമ്മയിരുന്നു. പുഴയുടെ ശബ്ദം. മഴയുടെ ശബ്ദം. കോഴികളുടെ പായാരം. എന്തോ വീഴുന്ന ശബ്ദം. നല്ല കാറ്റുവീശിത്തുടങ്ങിയിരുന്നു അപ്പോള്‍. കുടിലിനു തെക്കുവശത്തെ മഹാഗണിയുടെ ഇടത്തേ കൊമ്പിലെ ആ കാക്കക്കൂട് ആയിരിക്കുമെന്ന് മയിലമ്മ ഊഹിച്ചു. താഴെ വീണുടയുന്ന മുട്ടകളെ മനസ്സില്‍ കണ്ടു. നിസ്സഹായതയോടെ പറന്നുപോകുന്ന അമ്മക്കാക്കയെ ഓര്‍ത്ത്‌ സഹതപിച്ചു. പെട്ടന്ന് അവര്‍ക്കുള്ളിലൊരു ഭയം തോന്നി. എണീറ്റുപോയി ഒരു മണ്ണെണ്ണവിളക്ക് കത്തിച്ചുവച്ചു.

അത് കലഹങ്ങളുടെ രാത്രിയായിരുന്നു. മഴയും പുഴയും തമ്മില്‍. കാറ്റും മരങ്ങളും തമ്മില്‍. കരയും പുഴയും തമ്മില്‍. കോഴികള്‍ തമ്മില്‍. മയിലമ്മയുടെ കണ്ണുകളും നിദ്രയും തമ്മില്‍. മയിലമ്മയും രാത്രിയും തമ്മില്‍. പിന്നെ മയിലമ്മയും മയിലമ്മയും തമ്മില്‍... അത് കലഹങ്ങളുടെ പെരുമഴയായിരുന്നു .


പ്രഭാതത്തില്‍ പാറയിടുക്കിലെ വിടവില്‍ നിന്നും തല പുറത്തേക്ക് നീട്ടിയ മൂര്‍ഖന്‍ ഇഴയാന്‍ കര കാണാതെ പരിഭ്രമിച്ചു. കലങ്ങിച്ചെമന്നൊഴുകുന്ന പുഴയുടെ നിരപ്പിലൂടെ പ്ലാസ്റ്റിക്‌ പാവ, ചൂരല്‍ കസേര, ഒരലുമിനിയം കലം, റബ്ബര്‍ ചെരുപ്പ്, മരക്കഷണങ്ങള്‍ തുടങ്ങി പലതും ഒഴുകിപ്പോകുന്നതും നോക്കിനിന്നു. ഏറെനേരമങ്ങനെ നിന്നപ്പോള്‍ പുഴയില്‍ നിന്നും പതിയെപ്പതിയെ കര പൊന്തിവന്നു. അത് മാളത്തില്‍ നിന്നും മെല്ലെ ഊര്‍ന്നിറങ്ങി, കുടിലിരുന്ന മണ്ണിലൂടെ, മയിലമ്മ ഉറങ്ങാന്‍ കിടന്ന തണുത്തതറയിലൂടെ മെല്ലെയിഴഞ്ഞു കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയോരത്തുപോയി പത്തിവിടര്‍ത്തി നിന്നു. കലഹിച്ചും ചിരിച്ചും ഓളം വെട്ടിയും പതഞ്ഞും ഒഴുകുന്ന പുഴയെ നോക്കി വെറുതെ നിന്നു.

അതൊരു നല്ല പുഴയായിരുന്നു. അകലെയെവിടെയോ ഉത്ഭവിച്ചു, അകലെയെവിടെയോ അവസാനിക്കുന്ന നല്ലൊരു പുഴ. അതിനിരുവശങ്ങളിലും അതിനോട് കളിച്ചും ചിരിച്ചും കലഹിച്ചും കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന്‌ ജീവജാലങ്ങളില്‍ ഒരാള്‍ മാത്രമായിരുന്നു മയിലമ്മ.

തുടർന്ന് വായിക്കുക...

Sunday, 10 May 2015

അമേരിക്കയിലെ അന്നമ്മയും നമ്മുടെ അമ്മദിനവും (കുറിപ്പുകള്‍) 
   10/05/2015

കഥ നടക്കുന്നത് അങ്ങ് അമേരിക്കയിലാണ്. കഥ തുടങ്ങുന്നത് 1864-ലും. വെര്‍ജീനിയ സ്റ്റേറ്റിലെ ഗ്രാന്‍വില്‍ ജാര്‍വിസിന്‍റെയും ആന്‍ ജാര്‍വിസിന്‍റെയും പതിമൂന്നുമക്കളില്‍ പത്താമത്തെ സന്തതിയായി അന്നാ ജാര്‍വിസ് ജനിച്ച വര്‍ഷമാണത്. ആന്‍ ജാര്‍വിസാണ് ശരിക്കും ഈ കഥയിലെ നായികയെങ്കിലും കഥ മുന്നോട്ടുകൊണ്ടു പോകുന്നത്, മകള്‍ അന്നാ ജാര്‍വിസാണ്.

 അമേരിക്കയില്‍ ആഭ്യന്തരകലഹം നടക്കുന്ന സമയമാണ്. വെര്‍ജീനിയയില്‍ അവര്‍ സ്ഥിരം പോകാറുള്ള പള്ളിയിലും ചുറ്റുമൊക്കെയുള്ള വനിതകളെ സംഘടിപ്പിച്ച് പരിക്കേല്‍ക്കുന്ന പടയാളികളെ പരിചരിക്കാന്‍ മുന്നിട്ടിറങ്ങിയ ധീരയും കാരുണ്യവതിയുമായ വനിതയായിരുന്നു അന്നാ ജാര്‍വിസിന്‍റെ അമ്മ, ആന്‍ ജാര്‍വിസ്. അക്കാലത്ത് അടിമത്തവും പുരുഷമേധാവിത്വവും കൊടികുത്തി വാണിരുന്ന നാടായിരുന്നു അമേരിക്ക. സ്ത്രീകള്‍ ഒരുകാര്യത്തിനും മുന്നില്‍ വരില്ല. അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു. പക്ഷെ സകല എതിര്‍പ്പുകള്‍ക്കും എതിരേ പോരാടി ആന്‍ ജാര്‍വിസ് മകളെ കോളേജിലയച്ചു. മക്കള്‍ക്ക് ആവശ്യത്തിന് ലാളനയും സ്നേഹവും ശാസനകളും സ്വാതന്ത്ര്യവും കൊടുത്തിരുന്ന ഒരു നല്ല അമ്മയായിരുന്നു അവര്‍. പല കാര്യങ്ങളിലും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും മാതൃകയായിരുന്ന ഒരു അമ്മ. അന്നാ ജാര്‍വിസിന്‍റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി അവളുടെ അമ്മയായിരുന്നു.
 
     1908 മെയ്‌ പത്തിന് ആന്‍ ജാര്‍വിസിന്‍റെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ വെര്‍ജീനിയയില്‍, അവര്‍ സ്ഥിരം പോകാറുണ്ടായിരുന്ന ആ പള്ളിയില്‍ അന്നാ ജാര്‍വിസ് ഒരു 'ഓര്‍മ്മക്കൂട്ടം' സംഘടിപ്പിച്ചു. അമ്മയുടെ ആ ഓര്‍മ്മദിവസം ഇനി മുതല്‍ എല്ലാ കൊല്ലവും 'അമ്മദിന'മായി ആചരിക്കണമെന്ന് അവര്‍ ആ ഓര്‍മ്മക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഓര്‍മ്മക്കൂട്ടം ആ വാക്കുകളെ സ്നേഹാദരങ്ങളോടെ ഏറ്റെടുത്തു. എന്നാല്‍ വെര്‍ജീനിയയില്‍ മാത്രം ഒതുങ്ങേണ്ടതല്ലാ, രാജ്യം മുഴുവന്‍ ആദരവോടെ ആചരിക്കപ്പെടേണ്ടതാണ് അമ്മദിനമെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അന്നാ ജാര്‍വിസ് തീരുമാനിക്കുന്നത് പിന്നീടാണ്‌. അത് തന്‍റെ അമ്മയോടുള്ള ഏറ്റവും വലിയ ആദരവായിരിക്കുമെന്നവര്‍ കരുതി. പിന്നെയൊരു ഒറ്റയാള്‍ പോരാട്ടമായിരുന്നു.. അമ്മമാരാണ് യഥാര്‍ത്ഥ വിപ്ലവകാരികള്‍ എന്നും അവരെ ഓര്‍ക്കുന്നതിനു ഒരു ദിവസം വേണമെന്നും അന്ന അവരുടെ കത്തുകളിലൂടെ, ലേഖനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവര്‍ ജോലി തന്നെ രാജിവച്ചു, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അങ്ങനൊരു ദിവസത്തിന്‍റെ ആവശ്യകതയെ പറ്റി, പ്രസക്തിയെ പറ്റി സെമിനാറുകള്‍ സംഘടിപ്പിച്ചു സഞ്ചരിച്ചുകൊണ്ടിരുന്നു. അന്നാ ജാര്‍വിസിന്‍റെ നിരന്തരമായ, ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയിലെ ചില പ്രദേശങ്ങള്‍, കാനഡ, മെക്സിക്കോ, ജപ്പാന്‍, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഒക്കെ അടുത്തടുത്ത കാലങ്ങളില്‍ മാതൃദിനം ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ 1914 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന വുഡ്രോ വില്‍സണ്‍ എല്ലാ വര്‍ഷവും മെയ്മാസം രണ്ടാമത്തെ ഞായറാഴ്ച 'മാതൃദിന'വും ദേശീയ അവധിദിവസവുമായി പ്രഖ്യാപിച്ചു.

അങ്ങനെ അവിടെ നിന്നാണ് ഇന്ന് നാം ലോകമെങ്ങും ആഘോഷിക്കുന്ന ഈ ''മാതൃദിന'ത്തിന്‍റെ തുടക്കം.

      എന്തിലും ലാഭംമാത്രം കണ്ടിരുന്ന അമേരിക്കയിലെ വ്യാവസായികവിപണി ഉടനെതന്നെ 'അമ്മദിന'ത്തെയും ഏറ്റെടുത്തു. മദേഴ്സ് ഡേ ഗ്രീറ്റിംഗ് കാര്‍ഡുകള്‍, പൂക്കള്‍, ബൊക്കെ, ഗിഫ്റ്റ് വൌച്ചറുകള്‍, അങ്ങനെ പലതും എന്തും ആഘോഷമാക്കാന്‍ വെമ്പിനില്‍ക്കുന്ന ഒരു ജനതയ്ക്ക് മുമ്പിലേക്കവര്‍ കൊണ്ടുവച്ചു. അന്നാ ജാര്‍വിസ് വിഭാവനം ചെയ്തിരുന്ന നന്മയും സ്നേഹവും ആദരവും അമ്മമാരുടെ ഓര്‍മ്മകളും തുടിച്ചുനില്‍ക്കുന്ന 'മാതൃദിനം' ഗിഫ്റ്റ് കമ്പനികളുടെ കച്ചവടതന്ത്രങ്ങള്‍ക്ക് മുമ്പില്‍ വെറുമൊരു 'ഷോപ്പിംഗ്‌ ഡേ' മാത്രമായി ഒതുങ്ങിപ്പോകുന്നത് അവരെ ചെറുതായൊന്നുമല്ല സങ്കടപ്പെടുത്തിയത്. ഇത്തരം കമ്പനികളുടെ ആര്‍ത്തിപൂണ്ട ലാഭക്കണ്ണുകള്‍ പതിഞ്ഞു മലിനമായ അമ്മ ദിവസത്തെ അവരില്‍നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുള്ള അന്നാ ജാര്‍വിസിന്‍റെ ജീവിതം. അതിലവര്‍ പക്ഷെ അമ്പേ പരാജയപ്പെട്ടു. ഒന്നും വേണ്ടിയിരുന്നില്ലാ എന്നവര്‍ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നുവെന്നത് ചരിത്രത്തിന്‍റെ കൌതുകകരമായ ഒരു കുസൃതി മാത്രം.

അമ്മദിനം സംഘടിപ്പിക്കാന്‍ ഓടിനടന്ന്, വിവാഹം കഴിക്കാന്‍ പോലും മറന്നു, ഒരമ്മയാകാതെ, അന്നാ ജാര്‍വിസ് 1948 ല്‍ മരിച്ചു.. 

     അമ്മമാരെ ഓര്‍ക്കാനും, അംഗീകരിക്കാനും, സ്നേഹിക്കാനും ഇങ്ങനൊരു ദിവസത്തിന്‍റെ ആവശ്യകതയുണ്ടോ എന്ന ചോദ്യം അതിന്‍റെ ചരിത്രത്തിനുമുന്നിലും അന്നാ ജാര്‍വിസ് എന്ന വ്യക്തിയ്ക്കു മുന്നിലും ഒരു ചോദ്യചിഹ്നമായി തന്നെ അവശേഷിക്കുന്നു. ഇങ്ങനെയും അമ്മമാരെ ഓര്‍ക്കാം എന്നുമാത്രം പറയാം. ചരിത്രമറിയുന്നവര്‍ക്ക് വേണമെങ്കില്‍ അന്നാ ജാര്‍വിസിനെയും അവരുടെ അമ്മ, ആന്‍ ജാര്‍വിസിനെയും കൂടി വെറുതെ ഓര്‍ക്കാം..

     ഇന്ന് മെയ്‌ 10.. മെയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച.. ലോക മാതൃദിനം.. 


അന്നാ ജാര്‍വിസ്
തുടർന്ന് വായിക്കുക...