പുകവലിക്കാരേ.. ഇതിലേ.. ഇതിലേ.. (കുറിപ്പുകള്‍)

  പുകവലിക്കെതിരെയുള്ള ബോധവല്‍ക്കരണങ്ങള്‍ക്കെതിരെയൊരു ജനകീയക്കൂട്ടായ്മ തിരുവനന്തപുരത്ത് രൂപം കൊള്ളുന്നുവെന്ന ദയനീയമായ വാര്‍ത്ത കഴിഞ്ഞദിവസം ഒരു പത്രത്തില്‍ വായിച്ചു. അഭ്യസ്ഥവിദ്യരും സാമൂഹികനായകരും ആയ പലരുടേയും പേരുകള്‍ ആ കൂട്ടത്തില്‍ കണ്ടത് അന്തംവിട്ടിരുന്നു വായിക്കാനും, മനസ്സില്‍ സഹതപിക്കാനും മാത്രമേ അന്ന് കഴിഞ്ഞുള്ളൂ. പുകവലിക്കാരെ അപമാനിക്കുന്നവിധമാണ് ഇവിടെ നടക്കുന്ന പുകയിലവിരുദ്ധ ബോധവല്‍കരണപ്രചരണങ്ങള്‍ എന്ന് ഏതോ ഒരു വിപ്ലവകാരി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. പുകവലിച്ചാല്‍ കാന്‍സര്‍ എന്ന രോഗം വരുമെന്നും കാന്‍സര്‍ വന്നാല്‍ ദയനീയമായി മരിക്കുമെന്നുമുള്ള പ്രചാരണം കാന്‍സര്‍ രോഗികളെപ്പോലും അപമാനിക്കുന്നതാണെന്നു മറ്റൊരുവന്‍. ചുംബന-ആലിംഗന സമരങ്ങളുടെ കൂട്ടത്തില്‍ ഒരു ന്യൂജെനരേഷന്‍ സമരത്തിനുകൂടി കേരളം ഉടന്‍ സാക്ഷിയാവാന്‍ സാധ്യതയുണ്ട്. പൊതുനിരത്തില്‍ ഒരുമിച്ചിരുന്നു പുകവലിച്ചും, പരസ്പരം മുഖത്തേയ്ക്ക് പുകയൂതി രസിച്ചും അവര്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്യും. ദൃശ്യമാധ്യമങ്ങളില്‍ ആ രണ്ടുദിവസങ്ങളില്‍ ഒമ്പതുമണി ചര്‍ച്ചയ്ക്ക് ഒരുപുകമയമായിരിക്കും. അപ്പോള്‍ നമുക്ക് തോന്നും ഓ.. ഈ പുകവലി അത്ര പ്രശ്നമുള്ളതൊന്നും അല്ലാല്ലേ.. എന്ന്. വിനാശകാലേ, വിപരീത ബുദ്ധി എന്നൊക്കെ പറയുന്നത് ഇതാണ്. ചിലരുടെയൊക്കെ ബുദ്ധിയിലും ചിന്തയിലും കാന്‍സര്‍ വന്നാല്‍ പിന്നെന്തുചെയ്യും?  


രസമെന്താണെന്നു വച്ചാല്‍ ഈ കാന്‍സറിനെ നമുക്ക് പേടിയാണ്. കാന്‍സര്‍ ഉണ്ടാക്കുന്ന കീടനാശിനി കലര്‍ന്ന പച്ചക്കറികളെ ഒഴിവാക്കാന്‍ നമ്മള്‍ പരമാവധി നോക്കും. പേടികാരണം ഒരാപ്പിളോ മുന്തിരിയോ പോലും നമ്മള്‍ കടയില്‍ നിന്ന് വാങ്ങാന്‍ മടിക്കും. കാന്‍സര്‍ ഉണ്ടാക്കുമെന്ന് ആരോ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ്‌ വിശ്വസിച്ചു കാശുകൊടുത്തുവാങ്ങിച്ച യൂഫോര്‍ബിയ ചെടികളെ വെട്ടിയരിഞ്ഞു കടലിലെറിയും. പക്ഷെ അപ്പോഴും നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും ആയുസ്സിന്‍റെ ധവളധൂമം, ഒരു ധൂപക്കുറ്റിയില്‍ നിന്നെന്ന പോലെ ബഹിര്‍ഗമിക്കുന്നുണ്ടാകും. അതുകൊണ്ട് തന്നെ നമുക്കൂഹിക്കാം, പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന്‍ അറിയാഞ്ഞിട്ടല്ല, അവനവന്‍റെ ജീവനെയും സ്വത്തിനെയും വിലമതിക്കാഞ്ഞിട്ടും അല്ലാ, ക്ഷണികനേരത്തെ ആ സുഖം വേണ്ടാന്നു വയ്ക്കാന്‍ വയ്യാഞ്ഞിട്ടാണ് എല്ലാവരും ഇതിന്‍റെ പിറകെ പോകുന്നതെന്ന്.

  പുകയിലയുടെ ഉപയോഗത്തെ പറ്റി പൊതുവേ പറയുമ്പോള്‍ സിഗരറ്റ്, ബീഡി, മുറുക്കാന്‍, പാന്‍ മസാല തുടങ്ങിയവയിലുള്ള പുകയിലയുടെ ഉപയോഗമാണ് ഉദ്ദേശിക്കുന്നത്. പുകയിലപ്പുകയില്‍ ഹൈഡ്രജന്‍ സയനൈഡ്, അസറ്റോണ്‍, മെഥനോള്‍, ടോളുവിന്‍, ഡി.ഡി.റ്റി., നാഫ്തലീന്‍, ആര്‍സനിക്ക്, ബ്യൂട്ടേന്‍ മുതലായ നാലായിരത്തോളം രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഇരുന്നൂറില്‍ പരം രാസവസ്തുക്കള്‍ വിഷവസ്തുക്കള്‍ ആണെന്നും അവ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അവയില്‍ തന്നെ പൈറീന്‍, നാഫ്തൈലാമീന്‍, ഡൈബെന്‍സാക്രിഡൈന്‍, പൊളോണിയം, വിനൈല്‍ ക്ലോറൈഡ്, ബെന്‍സോപൈറീന്‍ തുടങ്ങി അമ്പതില്‍പരം രാസവസ്തുക്കള്‍ കാന്‍സര്‍ ഉണ്ടാക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുകവലിയെ പറ്റി പറയുമ്പോള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒന്നുരണ്ടു രാസവസ്തുക്കളെ പറ്റി അല്‍പ്പം കാര്യങ്ങള്‍..

1.നിക്കോട്ടിന്‍
      ഒരു സിഗരറ്റില്‍ പത്തുമില്ലിഗ്രാം നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഒരു സിഗരറ്റ് വലിച്ചാല്‍ രണ്ടുമില്ലിഗ്രാം രക്തത്തില്‍ എത്തുന്നു. രക്തത്തില്‍ എത്തുന്ന നിക്കോട്ടിന്‍ പത്തു സെക്കന്റിനുള്ളില്‍ തലച്ചോറില്‍ എത്തുന്നു. അത് അവിടെ ഡോപമിന്‍ എന്ന രാസവസ്തുവിന്‍റെ ഉത്പാദനം കൂട്ടുന്നു. ഈ ഡോപമിന്‍ ആണ് പുകവലിക്കുമ്പോള്‍ "ആനന്ദാനുഭൂതി" പ്രദാനം ചെയ്യുന്നത്. കൂടാതെ ഇത് നോര്‍അഡ്രിനാലിന്‍ എന്ന രാസവസ്തുവിന്‍റെ ഉത്‌പാദനവും കൂട്ടും. അതാണ് പുകവലിക്കുമ്പോള്‍ തോന്നുന്ന "ഉത്തേജന"ത്തിന്‍റെ രഹസ്യം. പക്ഷെ ഈ ക്ഷണികനേരത്തെ "ആനന്ദവും ഉത്തേജനവും " വലിയ ദോഷങ്ങള്‍ക്കുള്ള നിലമൊരുക്കുകയാണെന്ന് നമ്മള്‍ അറിയുന്നില്ലാ എന്നെ ഉള്ളു..

2. കാര്‍ബണ്‍ മോണോക്സൈഡ്
      പുകയിലപ്പുകയിലെ പ്രധാന വാതകം ഇതാണ്. ഒരു സിഗരറ്റില്‍ രണ്ടു മുതല്‍ ആറു ശതമാനം വരെ CO അടങ്ങിയിരിക്കുന്നു. രക്തത്തില്‍ കലര്‍ന്ന്, രക്തത്തിന്‍റെ ഓക്സിജന്‍ വിതരണസങ്കേതങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. മാത്രമല്ല രക്തത്തില്‍ നിന്നും ഓക്സിജന്‍ ആഗിരണം ചെയ്യാന്‍ കോശങ്ങള്‍ക്കുള്ള കഴിവും ഇല്ലാതാകുന്നു. അങ്ങനെ കോശങ്ങള്‍ പ്രാണവായുകിട്ടാതെ മൃതപ്രായരാകുന്നു. തലച്ചോറിലും ഹൃദയത്തിലുമൊക്കെ ഈ പ്രക്രിയ നിരന്തരം നടന്നാലുള്ള ദോഷങ്ങള്‍ പറയണ്ടല്ലോ..!!

3.ടാര്‍
     ശ്വാസകോശം സ്പോഞ്ചുപോലെയാണെന്ന പരസ്യത്തില്‍ പാത്രത്തിലേക്ക് പിഴിഞ്ഞൊഴിക്കുന്ന ആ കറുത്ത ദ്രാവകമാണ് ടാര്‍. ഇത് ശരീരകലകളില്‍ ഒട്ടിപ്പിടിക്കുന്നു. കാന്‍സറിന്‍റെ സംഘാടകരില്‍ പ്രധാനി ഇവന്‍ തന്നെ.
     
      പുകവലി കൊണ്ടുവരുന്ന കാന്‍സര്‍ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. എല്ലാ ശരീരകോശങ്ങളിലും അത് ജനിതകമാറ്റങ്ങള്‍ വരുത്തുന്നു. ഏറ്റവും കൂടുതല്‍ കാന്‍സര്‍ വരുന്നത് വായ, തൊണ്ട, അന്നനാളം, ശ്വാസകോശം, ശബ്ദപേടകം, ആമാശയം എന്നിവിടങ്ങളിലാണ്. കൂടാതെ പക്ഷാഘാതം, നിരവധിയായ ഹൃദ്രോഗങ്ങള്‍, ഹൃദയസ്തംഭനം, അമിത രക്തസമ്മര്‍ദം, വന്ധ്യത തുടങ്ങി ഒരുവിധം എല്ലാ രോഗങ്ങളും ഇതുമൂലം ഉണ്ടാകാം. ഇത്രയധികം രോഗങ്ങള്‍ക്ക് കാരണക്കാരന്‍ തന്നെയായിരിക്കുമല്ലോ കൂടുതല്‍ മരണങ്ങള്‍ക്കും കാരണം. അതേ, ലോകത്ത് ഏറ്റവും കൂടുതല്‍ മരണകാരണമായി അറിയപ്പെടുന്നത് പുകയിലയുടെ ഉപയോഗമാണ്.
ഇതേപറ്റിയുള്ള ചില സ്ഥിതിവിവരക്കണക്കുകള്‍..

1.ലോകാരോഗ്യസംഘടന
     ലോകത്ത് ഒരുവര്‍ഷം മുപ്പതുലക്ഷം ആളുകള്‍ പുകയിലജന്യരോഗങ്ങള്‍ കാരണം മരിക്കുന്നു. ഓരോ എട്ടു സെക്കന്റിലും ഒരാള്‍ വീധം മരിച്ചുകൊണ്ടിരിക്കുന്നു. ഇതേ നില തുടര്‍ന്നാല്‍ അടുത്ത ഇരുപതുവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നു സെക്കന്റില്‍ ഒരാള്‍ വീധം എന്ന സ്ഥിതിയാകും..

2.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
    ഇന്ത്യയില്‍ വര്‍ഷംതോറും മൂന്നരക്കോടിയില്‍ അധികം ആളുകള്‍ പുകവലി കാരണം രോഗബാധിതരാകുന്നു. അതില്‍ ഏഴുലക്ഷം പേര്‍ മരണമടയുന്നു.
    കേരളത്തില്‍ പുരുഷന്മാരില്‍ കാണുന്ന കാന്‍സറിന്‍റെ 52%വും സ്ത്രീകളില്‍ കാണുന്ന കാന്‍സറിന്‍റെ 18%വും പുകയിലയുടെ ഉപയോഗം കാരണമാണ് ഉണ്ടാകുന്നത്. ശ്വാസകോശകാന്‍സര്‍ മൂലം മരിക്കുന്നവരില്‍ തൊണ്ണൂറുശതമാനം ആളുകള്‍ പുകവലിക്കുന്നവരാണ്.
    അസംബന്ധ ജനകീയ കൂട്ടായ്മകളും സമരകോലാഹലങ്ങളും നടത്താന്‍ ഒരുമ്പെടുന്നവര്‍ കാന്‍സര്‍ വന്ന ഒരു രോഗിയെയോ അയാളുടെ കുടുംബത്തെയോ ഒരുപ്രവശ്യമെങ്കിലും കാണുകയും സംസാരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ഇപ്പോഴുള്ള അസുഖത്തിനു അല്പം ആശ്വാസം ലഭിക്കും. ഒപ്പം എല്ലാവരും ഒരുകാര്യം കൂടി അറിയണം, കഴിഞ്ഞ നൂറുവര്‍ഷക്കാലത്തിനിടയില്‍ പുകയിലയുടെ ഉപയോഗം കൊണ്ട് മരിച്ചവരുടെ എണ്ണത്തെക്കാള്‍ കുറവാണ്, ലോകത്താകമാനം ഇന്നോളം ഉണ്ടായിട്ടുള്ള സകല യുദ്ധങ്ങളിലും കൂടി മരണമടഞ്ഞവര്‍..!!!!ആരോഗ്യപത്മം മാസിക ജൂണ്‍ 2015(റഫറന്‍സ്- വിവിധ ലേഖനങ്ങള്‍, മെഡിക്കല്‍ ബുക്സ്.
ചിത്രം- ഗൂഗിള്‍)


RELATED POSTS

കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്
കാന്‍സര്‍ ബോധവല്‍ക്കരണം
Comments

 1. ഇത്തരം ലേഖനങ്ങളുടെ ഉദ്ദേശശുദ്ധിക്ക് നമോവാകം ......

  ReplyDelete
 2. വന്നു വന്നു അമ്മയെ തല്ലിയതിനും രണ്ടാം പക്ഷം ഉണ്ടാക്കാനുള്ള ശ്രമമാണ്. ഇവനെയൊക്കെ RCC -യില്‍ ഒരാഴ്ച സാമൂഹിക സേവനത്തിനു ശിക്ഷിക്കണം.

  ReplyDelete
 3. വേണമെങ്കില്‍ നിര്‍ത്താന്‍ സാധിക്കുമെന്നതിന് ഞാന്‍ ഉദാഹരണം. ദിവസേന 30-40 സിഗററ്റ് പുകച്ചിരുന്ന ഞാന്‍ നിര്‍ത്തിയിട്ട് 8 വര്‍ഷമാകുന്നു

  ReplyDelete
 4. എത്ര കണ്ടാലും മനസിലാക്കിയാലും എനിക്ക് ഇതൊന്നും ബാധകമല്ല എന്ന്ചിന്തിക്കുന്നവരാണ് നമ്മുടെ ആളുകള്‍ ........

  ReplyDelete
 5. വലിച്ചിട്ടില്ല...കുടിച്ചിട്ടില്ല...വലിക്കില്ല...കുടിക്കില്ല... :)
  നല്ല പോസ്റ്റ്‌ മനോജേട്ടാ... (y)

  ReplyDelete
 6. വീണ്ടും ഡോക്ട്ടറുടെ പക്കൽ നിന്നും
  ഒരു നല്ല ബോധവൽക്കരണ കുറിപ്പ് കൂടി

  ReplyDelete
 7. ഒരു സോഷ്യൽ അവ്യര്നെസ്സ് ലേഖനം..പോസ്റ്റിലെ എല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ UAE പോലുള്ള രാജ്യങ്ങൾ സ്മോക്കിംഗ് കണ്ട്രി എന്ന് വിളിക്കാവുന്ന ഇടത്തൊക്കെ നമ്മുടെ അത്രേം കാൻസർ രോഗികള് ഉണ്ടോ ?

  ReplyDelete
 8. ഞാന്‍ ദിവസം മുപ്പതു സിഗരറ്റ് വലിക്കുമായിരുന്നു ,നിര്‍ത്തിയിട്ടു പത്തു വര്ഷം കഴിഞ്ഞു

  ReplyDelete
 9. വിനാശകാലേ വിപരീതബുദ്ധി.. !! ഇനിയെന്തൊക്കെ ആഭാസസമരങ്ങൾക്ക് സാക്ഷിയാവണം നമ്മുടെ നാട്..

  ReplyDelete
 10. ബോധവല്‍ക്കരണം കൊണ്ടൊന്നും ഒരു കാര്യവുമില്ല ഡോക്ടര്‍ .സിഗരറ്റ് വലി ആരോഗ്യത്തിനു ഹാനികരം എന്നെഴുതിയതും വായിച്ചോണ്ടല്ലേ.. കൂടുതുറക്കുന്നതും, എടുക്കുന്നതും വലിക്കുന്നതും ,ആസ്വദിച്ച് പുക വിടുന്നതുമെല്ലാം ...വേണ്ടത് കടുത്ത ശിക്ഷയാണ് ....അപ്പോള്‍ നിവൃത്തിയില്ലാതെ മാറിക്കോളും .

  ReplyDelete
 11. ഞാന്‍ ഒരു ആജീവനാന്തപുകവലിവിരുദ്ധനാണ്.. എന്നാല്‍ നികൊട്ടെക്സ് ടാബ്ലെറ്റ് ഉപയോഗിച്ചിട്ടുണ്ട്. ഇത് ദോഷകരമാണോ ?

  ReplyDelete
  Replies
  1. പുകയില വിരുദ്ധനായ താങ്കള്‍ നിക്കോട്ടെക്സ് ഉപയോഗിക്കേണ്ട ആവശ്യമെന്തായിരുന്നു? പുകവലിയുടെ അഡിക്ഷന്‍ ഉള്ളവര്‍ക്കുള്ള ചികിത്സയ്ക്കാണ് നിക്കോട്ടെക്സ് നല്‍കാറ്.

   Delete

Post a Comment

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..