റോഡില്‍ ഒരല്‍പ്പം ശ്രദ്ധിച്ചൂടേ..?
(WRITTEN ON 10th NOVEMBER,2014)


          ജീവിതത്തില്‍ നാളെയെക്കുറിച്ച് കുറച്ചെങ്കിലും പ്രതീക്ഷയുമായല്ലേ നമ്മളോരോരുത്തരും ജീവിക്കുന്നത്? എത്ര പക്വത ഇല്ലാത്ത പ്രായമാണെങ്കിലും, ഇന്നത്തെ ദിവസം എത്ര സാഹസികമായി ആസ്വദിക്കുന്ന ആളാണെങ്കിലും നാളയെക്കുറിച്ചൊരു പ്രതീക്ഷ ഉണ്ടായിരിക്കും. അങ്ങനെയുള്ള നമ്മളെക്കുറിച്ച് നമ്മളെ സ്നേഹിക്കുന്നവര്‍ക്കും ചില പ്രതീക്ഷകള്‍ ഉണ്ടായിരിക്കും. ഒരുനിമിഷത്തെ ഒരല്പം അശ്രദ്ധകാരണം നമ്മുടെയും നമ്മളെ സ്നേഹിക്കുന്നവരുടെയും ഒക്കെ സകല പ്രതീക്ഷകളും നശിക്കുന്നത് എത്ര സങ്കടകരമാണ്.

          ഓരോ ദിവസവും നമ്മുടെ റോഡുകളില്‍ പൊലിയുന്ന ജീവനുകളുടെ കണക്കെത്രയെന്നു നമുക്ക് എന്തെങ്കിലും നിശ്ചയമുണ്ടോ? ബൈക്കപകടങ്ങളില്‍പെട്ട് ഒരു ദിവസം നമ്മുടെ ഇടയില്‍ നിന്നും എത്രപേര്‍ അപ്രത്യക്ഷരാകുന്നു എന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? കേരളത്തില്‍ ഏറ്റവും അധികം ബൈക്കപകടങ്ങളില്‍ പെടുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ദാ, ഇന്നത്തെ പത്രം തുറന്നപ്പോഴും കാണുന്നത് രണ്ട് ബൈക്കപകടങ്ങളിലായി മൂന്നു യുവാക്കള്‍ മരിച്ചുപോയ വാര്‍ത്ത. മൂന്നും ഈ പ്രായത്തിലുള്ളവര്‍ തന്നെ. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം എട്ടോ പത്തോ പേരെങ്കിലും ബൈക്കപകടങ്ങളില്‍ മരിച്ചുപോയിട്ടുണ്ട് എന്നാണ് എന്‍റെ ഓര്‍മ്മ.(പത്രം വായിച്ചതില്‍ നിന്നും മാത്രം). ഒരാളെങ്കിലും മരിക്കുന്ന അപകടങ്ങളുടെ വാര്‍ത്ത മാത്രമേ പത്രങ്ങളില്‍ വരാറുള്ളൂ. അപ്പോള്‍ ഓരോ ദിവസവുമെന്തുമാത്രം അപകടങ്ങള്‍ നടക്കുന്നുണ്ടാകും?!! 

         എന്തുകൊണ്ടാണ് ഇത്രയധികം അപകടങ്ങള്‍, അതും ഇത്രയധികം വിദ്യാഭ്യാസവും ബോധവല്‍ക്കരണവും ട്രാഫിക് നിയമങ്ങളും ഒക്കെ ഉണ്ടായിട്ടും സംഭവിക്കുന്നത്? ഇവിടെ സംഭവിക്കുന്ന 99% ബൈക്കപകടങ്ങള്‍ക്കും ഒരൊറ്റ കാരണമേ ഉള്ളു, 'തികഞ്ഞ അശ്രദ്ധ'. നമുക്കെല്ലാം അറിയാം, എന്നാലും അതൊന്നും ഞാന്‍ ശ്രദ്ധിക്കെണ്ടതില്ലാ എന്നുള്ള തികഞ്ഞ അലംഭാവം. അപക്വത. ഇവരുടെ അമിതവേഗത തന്നെയാണ് അപകടം സംഭവിക്കാന്‍ ഏറ്റവും വലിയ കാരണം. കുണ്ടുകുഴിയും നിറഞ്ഞ റോഡുകളിലേക്കാള്‍ കൂടുതല്‍ അപകടമരണങ്ങള്‍ നടക്കുന്നത് നല്ല നിരപ്പായ റോഡുകളില്‍ ആണെന്നത് അതിനെ ശരിവയ്ക്കുന്നു. വളവിലും, ഇടത് വശത്തുകൂടിയുമുള്ള ഓവര്‍ടേക്കിംഗ് എല്ലാം അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നു.

         ഇനി അഥവാ, എന്തെങ്കിലും അപകടം ഉണ്ടായാലും നമ്മുടെ ജീവന് അത് ഹാനികരമാകരുത് എന്ന് കരുതിയാണ്, നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നത്. പക്ഷെ, വഴിയില്‍ പെറ്റിയടിക്കാന്‍ നില്‍ക്കുന്ന പോലീസിനെ പേടിച്ചു മാത്രം ഹെല്‍മെറ്റ്‌ കയ്യില്‍ കരുതുന്നവരാണ് കൂടുതല്‍ പേരും. അത് ഇടത് കൈത്തണ്ടയിലാണ് ധരിക്കുന്നത് എന്ന് മാത്രം. ബൈക്കപകടങ്ങളില്‍ മരണപ്പെടുന്ന 90% പേരും തലച്ചോറിന് ഗുരുതരമായി പരിക്കേറ്റവരാണ്. അതൊഴിവാക്കാന്‍ ഹെല്‍മെറ്റ്‌ തലയില്‍ ധരിക്കുക മാത്രമേ വഴിയുള്ളൂ. അതുപോലെ ഇത്തരം അപകടങ്ങളില്‍പെട്ട് രക്ഷപ്പെടുന്നവരില്‍ 90% പേരും, രക്ഷപെടാന്‍ കാരണം അപകടസമയത്ത് ഈ "ഹെല്‍മെറ്റ്‌" തലയിലുണ്ടായിരുന്നു എന്നത് തന്നെയാണ്.

         ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷകള്‍ ഉള്ള കാലം, ഏറ്റവും പ്രായോഗിക ബുദ്ധിയും ഊര്‍ജ്ജവും ഉള്ള കാലം, യൌവനത്തിന്‍റെ ഏറ്റവും മനോഹരമായ കാലഘട്ടം, ആ സമയത്ത് തന്നെയാണ് ഏറ്റവും അധികം അശ്രദ്ധ എന്നതും ശ്രദ്ധേയം. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ മരണപ്പെട്ട ആളിന്‍റെ കുടുംബത്തെ പറ്റിയും മറ്റും അന്വേഷിക്കുന്ന കൂട്ടത്തില്‍, ആ അപകട കാരണം കൂടി കണ്ടെത്തി അതുകൂടി ആ വാര്‍ത്തയ്ക്കൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കണം. അമിതവേഗത ആയിരുന്നു കാരണമെങ്കില്‍, മദ്യപിച്ചിട്ട് വണ്ടിയോടിച്ചതാണ് കാരണമെങ്കില്‍, അതുകൂടി ചേര്‍ക്കുമ്പോള്‍, അതുവായിക്കുന്ന ചുരുക്കം ചിലരെയെങ്കിലും മാറ്റി ചിന്തിപ്പിക്കാന്‍ കാരണമാകും. അതും ഒരുതരം ബോധവല്‍ക്കരണത്തിന്‍റെ ഭാഗമാണ്.

         2013ല്‍ മാത്രം കേരളത്തില്‍ ഉണ്ടായ അപകടങ്ങളുടെ രേഖപ്പെടുത്തപ്പെട്ട കണക്കുകള്‍ ആണ് ചിത്രത്തില്‍. മൊത്തം അപകടങ്ങളുടെ മൂന്നിലൊന്നില്‍ അധികവും ബൈക്കപകടങ്ങള്‍. അതില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ 1289 പേര്‍. ഗ്രീവസ് ഇഞ്ചുറി സംഭവിച്ചവര്‍, എന്നുവച്ചാല്‍ അംഗഭംഗമോ, ഏതെങ്കിലും അവയവത്തിന്‍റെ പ്രവര്‍ത്തനം സ്ഥായിയായി നഷ്ടപ്പെട്ടതോ, ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും പരസഹായമില്ലാതെ ജീവിക്കാന്‍ സാധിക്കാത്തതോ ആയവര്‍ 8939 പേരാണ്.

        നമുക്കെല്ലാം ഇതെല്ലാം അറിയാം.. വേണ്ടത് ഒരല്‍പം ശ്രദ്ധ, അതുമാത്രം


©മനോജ്‌ വെള്ളനാട്
7 comments:

 1. അശ്രദ്ധയും ലൂസായ നിയമങ്ങളും കാരണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്

  ReplyDelete
 2. എല്ലാ ദോഷങ്ങളൂം ഗുണങ്ങളുമൊക്കെ
  ഏവർക്കും അറിയാമെങ്കിലും ഒട്ടുമിക്ക അപകടങ്ങളും
  സംഭവിക്കുന്നത് അവനവന്റെ അശ്രദ്ധ മൂലം തന്നെയാണ് -
  പലതും നേരിട്ട് കണ്ടിട്ടും കേട്ടിട്ടും ആയതിലൊന്നും ശ്രദ്ധിക്കാത്തത് കൊണ്ട്...

  ReplyDelete
 3. ഇവിടെ അശ്രദ്ധമായും നിയമം ലംഘിച്ചും വാഹനം ഓടിക്കുന്നവർ എല്ലാം വിദേശരാജ്യങ്ങളിൽ ചെന്നാൽ അവിടുത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുപോലും ബൈക്ക് എടുത്തു നൽകുന്ന രക്ഷകർത്താക്കളും പല അപകടങ്ങൾകും ഉത്തരവാദികളാണ്. ഹെൽമെറ്റ് വയ്ക്കാത്തവരെ തടയുന്നതല്ലാതെ അമിത വേഗക്കാരെ പിടികൂടാൻ പോലീസും വലിയ ജാഗ്രത പാലിക്കുന്നില്ല. സർക്കാരിന് കാശുണ്ടാക്കിക്കൊടുക്കുന്നതിന് നടത്തുന്ന ഗുണ്ടാപ്പിരിവുകൾ മാത്രമായി പലപ്പോഴും വാഹന പരിശോധനയും ചെക്കിംഗും മാറുന്നു. വാഹന അപകടത്തിന് കാരണമകുന്ന അമിത വേഗതയെ നിയന്ത്രിക്കാൻ ഫലപ്രദമായി ഇപ്പപെടുന്നില്ല. ഹെൽമെറ്റ് ധരിച്ചാലും അമിത വേഗവും അശ്രദ്ധയും അപകടങ്ങളുണ്ടാക്കും. ബൂക്കും പേപ്പറും ക്ലിയറായാലും ഇല്ലെങ്കിലും അപകടം സംഭവിക്കും. മദ്യം പോലും ആവശ്യത്തിനേ കഴിക്കുന്നുള്ളൂവെങ്കിൽ അപകടമുണ്ടക്കില്ല. പ്രശ്നം അശ്രദ്ധയും അമിത വേഗതയും ഓവർ ടേക്കിംഗും ആണ്. അതാണ് നിയന്ത്രിക്കേണ്ടത്.

  ReplyDelete
 4. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...

  ReplyDelete
 5. മന്പൂര്‍വമായ അശ്രദ്ധ എന്ന് പറയേണ്ടി വരും.ഇങ്ങനൊക്കെ കാണിച്ചാലും ഒരു അപകടവും വരുത്തില്ലെന്ന ഒരു അഹങ്കാരം..അതാണ് ഇത്തരം അപകടങ്ങളുടെ കാരണം കൂടുതലും.

  ReplyDelete
 6. ഇരുചക്രവാഹനം കൈയില്‍ കിട്ടിയാല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന വീര്യമാണ് ചില ചെറുപ്പക്കാര്‍ക്ക്........................................
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete