അനശ്വരപ്രണയത്തിന്‍റെ X-RAY          
   ഒരു നൂറ്റാണ്ടിനും പിന്നെക്കുറെ വര്‍ഷങ്ങള്‍ക്കും മുമ്പാണീ കഥ നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1895 ല്‍, അതും അങ്ങ് ജര്‍മ്മനിയിലെ ഒരു ഗ്രാമത്തില്‍. വളരെ യാദൃച്ഛികമായാണ് തന്‍റെ ഇരുള്‍ നിറഞ്ഞ പരീക്ഷണശാലയില്‍ ഒരുവശത്ത് അദ്ദേഹം ഒരു തിളക്കം കണ്ടത്. പരിശൂന്യമായ ഒരു ഗ്ലാസ്‌ ട്യൂബിലൂടെ (VACUUM TUBE) ഇന്‍ഡക്ഷന്‍ കോയില്‍ ഉപയോഗിച്ച് ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളുടെ ഗതിവിഗതികള്‍ പഠിക്കുക ആയിരുന്നു അദ്ദേഹം. പ്രകാശത്തിന്‍റെ ഒരു നേര്‍ത്തകണികയ്ക്ക് പോലും കടക്കാനാകാത്ത വിധം കൊട്ടിയടയ്ക്കപ്പെട്ടതായിരുന്നു ആ മുറി. പിന്നെയിതെവിടുന്നാണ്?! ഗ്ലാസ്‌ ട്യൂബ് കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും അതിനെയും കടന്നു ചില തരംഗങ്ങള്‍ പുറത്തുവരുന്നതായിരിക്കും കാരണമെന്ന് അദ്ദേഹം അനുമാനിച്ചു. ഉറപ്പിക്കാനായി അദ്ദേഹം തന്‍റെ കൈ അതിനു പ്രതിരോധമായി വച്ചു. അതിശയം! ആശ്ചര്യം! കയ്യുടെ മൊത്തത്തിലുള്ള നിഴലിനുപകരം ചുമരില്‍ തെളിഞ്ഞത്, കയ്യിലെ എല്ലുകളുടെ നിഴൽ!!


           ഏതൊരു സാധാരണ ഭര്‍ത്താവിനെയും പോലെ തന്നെയായിരുന്നു അദ്ദേഹവും. ഉടനെ ഭാര്യ ബര്‍ത്തയെ വിളിച്ചു കാണിച്ചു. രണ്ടുപേരും ഒരുമിച്ചിരുന്നു അതിശയം കൂറി. എന്താണിതെന്ന് പരസ്പരം ചോദിച്ചു. ഇതെന്തോ വികിരണമായിരിക്കുമെന്നു അദ്ദേഹം ഭാര്യയ്ക്ക് പറഞ്ഞുകൊടുത്തു. അറിഞ്ഞുകൂടാത്ത എന്തിനും 'X' എന്ന് വിളിക്കണം എന്ന അലിഖിത ശാസ്ത്രനിയമം അനുസരിച്ച് അതിനെ 'X-വികിരണങ്ങള്‍ (X-RAYS)' എന്ന് വിളിയ്ക്കാമെന്ന് അവര്‍ തീരുമാനിച്ചു. അദ്ദേഹം ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ് എടുത്തുകൊണ്ട് വന്നു. വെളിച്ചം പതിയുന്ന സ്ഥലത്ത് അത് വച്ചു. ഭാര്യയോട്‌ കൈ അതിനുമുകളില്‍ വയ്ക്കാന്‍ പറഞ്ഞു. അങ്ങനെ ലോകത്തെ ആദ്യത്തെ X-RAY ചിത്രം ആ പരീക്ഷണശാലയില്‍ പിറവിയെടുത്തു. ബര്‍ത്തയുടെ കൈ അസ്ഥികളുടെ ഇരുണ്ട നിഴല്‍ ചിത്രം. (തന്‍റെ കൈ അസ്ഥികള്‍ കണ്ട ബര്‍ത്ത താന്‍ മരണത്തെ നേരില്‍ കണ്ട നിമിഷമാണതെന്നു പറഞ്ഞതായും പറയുന്നുണ്ട്)
സര്‍ വില്ല്യം റോണ്‍ജന്‍

           
ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ലോകത്തെ ആദ്യ X-RAY ഡിപാര്‍ട്ട്മെന്‍റ് ഗ്ലാസ്ഗോയില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ആ അത്ഭുത വികിരണങ്ങള്‍ക്ക് "X" എന്നത് മാറ്റി അദ്ദേഹത്തിന്‍റെ പേരുനല്‍കണമെന്ന് ശാസ്ത്രലോകം ആവശ്യപ്പെട്ടു. പക്ഷെ അദ്ദേഹം വിനീതനായി ആ ആവശ്യം നിരസിച്ചു. അതുകൊണ്ടുതന്നെ ഇന്നൊരുപാടൊക്കെ അറിയാമെങ്കിലും ഒന്നും അറിയാത്തവരുടെ കൂട്ടത്തില്‍ അതിപ്പോഴും 'X' RAY ആയിത്തന്നെ തുടരുന്നു. ആ മഹാനായ ശാസ്ത്രജ്ഞനെപ്പോലെ തന്നെ എനിക്കൊന്നുമറിയില്ലേയെന്നു വിനയകുനിതനായി. 1901ല്‍ ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നോബല്‍ സമ്മാനം ഈ 'അജ്ഞാത-വികിരണങ്ങള്‍' കണ്ടെത്തിയതിന് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.

           
പിന്നീടങ്ങോട്ട് ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ആക്സിലരേറ്റര്‍ ആയി മാറിയതും ഈ 'അജ്ഞാതന്‍' തന്നെ. ഇന്നിപ്പോള്‍ X-RAY ഇല്ലാതെ വൈദ്യശാസ്ത്രത്തിനു ചിന്തിക്കാന്‍ കൂടി കഴിയില്ല. കൃത്യമായ രോഗനിര്‍ണ്ണയത്തിനും കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും X-RAY ഇല്ലാതെ പറ്റാത്ത അവസ്ഥയാണ്‌. എല്ലുകളുടെ X-RAY, CT സ്കാന്‍, ANGIOGRAM, റേഡിയോ തെറാപി, ഫ്ലൂറോസ്കോപി അങ്ങനെ അനവധി നിരവധി കാര്യങ്ങള്‍ക്ക് X-RAY ഉപയോഗിക്കുന്നു. എയര്‍പോര്‍ട്ടുകളില്‍ ലെഗ്ഗെജ് സ്കാന്‍ ചെയ്യുന്നതും ഈ X-വികിരണങ്ങള്‍ ഉപയോഗിച്ച് തന്നെയാണ്. പല പഴയകാല പെയിന്റ്റിങ്ങുകളുടെയും കാലപ്പഴക്കം നിര്‍ണ്ണയിക്കാക്കാനും XRAY ഉപയോഗിക്കുന്നു. പിന്നെ സ്പെക്ട്രോസ്കോപി, X RAY ക്രിസ്റ്റല്ലോഗ്രഫി, ബഹിരാകാശ ഗവേഷണം.. ഇനിയും നിരവധി........

             
ഇന്ന് നവംബര്‍ 8 . സര്‍ വില്ല്യം റോണ്‍ജന്‍ ഈ അത്ഭുത കണ്ടുപിടിത്തം നടത്തിയിട്ട് 119 വര്‍ഷങ്ങള്‍ കഴിയുന്നു. അതിന്‍റെ സ്മരണയില്‍ എല്ലാ വര്‍ഷവും ഈ ദിവസം ലോകവികിരണശാസ്ത്രദിനമായി (INTERNATIONAL DAY OF RADIOLOGY) ആചരിക്കുന്നു..

            ഇനി താഴത്തെ ഈ ചിത്രം നോക്കൂ.. ഇതാണ് റോണ്‍ജന്‍ ആദ്യമായി പകര്‍ത്തിയ ആ X-RAY ചിത്രം.. അദ്ദേഹത്തിന്‍റെ ഭാര്യയുടെ കൈ.. അവരുടെ കയ്യിലെ ആ വിവാഹമോതിരം കണ്ടോ? മനുഷ്യന്‍റെ ചരിത്രം തന്നെ മാറ്റി എഴുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍ ആലേഖനം ചെയ്യപ്പെട്ട ആ പ്രണയം കണ്ടോ? AN "X-RAY ORDINARY" LOVE ..


ഒരനശ്വരപ്രണയത്തിന്‍റെ X-RAY


©മനോജ്‌ വെള്ളനാട്


5 comments:

 1. An X-tra ordinary Love Story ..... :) <3

  ReplyDelete
 2. ശാസ്ത്രാനുഗ്രഹങ്ങള്‍

  ReplyDelete
 3. വികിരണ രശ്മികൾ
  ഉടലെടുത്ത ചരിത്രം....
  ഹാറ്റ്സ് ഓഫ് റോൺജൻ

  ReplyDelete
 4. വൈദ്യശാസ്ത്രത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പുകള്‍....
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete