Tuesday, 25 November 2014

ദേ പിന്നേം പക്ഷിപ്പനി.. (ആരോഗ്യം)


പക്ഷിപ്പനി.. അവന്‍ ദാ പിന്നേം വന്ന്.. മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഇമ്മാതിരി കുറെ എണ്ണം ഉണ്ട്. ഇടയ്ക്കിടയ്ക്ക് വന്നു നമ്മുടെ കിളികളേം പന്നികളേമൊക്കെ അങ്ങ് കൊന്നു, നമ്മളേം ഒന്നുവിരട്ടി അങ്ങുപോകും. ഇപ്രാവശ്യം കുറച്ചധികം രൂക്ഷമായിട്ടുതന്നെയാണ് വരവ്. ആലപ്പുഴയില്‍ ആയിരക്കണക്കിനു താറാവുകളില്‍ രോഗം സ്ഥിരീകരിച്ചു. നാളെ അവയെ ദയാവധത്തിന് വിധേയരാക്കുന്നു..
      
പക്ഷിപ്പനി (AVIAN FLU) എന്ന് പറയുന്നത് സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസ്‌ ഇനത്തില്‍പെട്ട ഒരു വൈറസ്‌ രോഗമാണ്. ഒരു കുഞ്ഞുടുപ്പും (ENVELOPE) അതിനകത്ത് ഒരല്‍പം ജനിതക പദാര്‍ത്ഥവും (RNA) അല്പം പ്രോട്ടീനും മാത്രമുള്ള ഒരു ഇത്തിരിക്കുഞ്ഞനാണ് ഈ വില്ലന്‍. ഈ ഉടുപ്പില്‍ പറ്റിയിരിക്കുന്ന ചില പ്രോട്ടീനുകളുടെ സ്വഭാവം വച്ചിട്ട് ഇവന്മാരെ പല പല ജാതികളായി തിരിച്ചിട്ടുണ്ട് (ജാതി വ്യവസ്ഥ മനുഷ്യന് മാത്രമല്ല ബാധകം  ) . അതിലൊന്നായ H5N1 ജാതിയില്‍പെട്ട ആളാണ് ഈ പക്ഷിപ്പനിക്കാരന്‍. സാധാരണയായി ടൂറിസ്റ്റുകളായ പക്ഷികളാണ് തെണ്ടിത്തിരിയലിനിടയില്‍ എവിടുന്നെങ്കിലും കിട്ടുന്ന ഈ വൈറസിനെ നാട്ടില്‍ അടങ്ങി ഒതുങ്ങിക്കഴിയുന്ന, ഗ്രാമീണരായ കോഴികള്‍ക്കും താറാവുകള്‍ക്കും വിതരണം ചെയ്യുന്നത്.

        നമ്മള്‍ മനുഷ്യര്‍ (പര്യായം= എല്ലാറ്റിലും വലിയവര്‍, ആരെയും പേടി ഇല്ലത്തവര്‍), അണുബാധ ഉള്ള കോഴിയുമായോ താറാവുമായോ ഇടപഴകേണ്ടി വരുമ്പോള്‍, വൈറസിന്‍റെ കണ്ട്രോള്‍ പോയിട്ടാണ് അത് മനുഷ്യനിലേക്കുകൂടി പകരുന്നത്. അതുകൊണ്ടുതന്നെ വലിയൊരു ആരോഗ്യപ്രശ്നം പക്ഷിപ്പനി മനുഷ്യനില്‍ ഉണ്ടാക്കാറില്ല.. ജസ്റ്റ്‌ ഫോര്‍ എ ഹൊറര്‍.. അവരുടെ ഒരാഗ്രഹം..  മനുഷ്യനില്‍ ഈ രോഗം ചെറിയൊരു ജലദോഷത്തിന്‍റെ ലക്ഷണമായാണ് തുടങ്ങുന്നത്. മിക്കവരിലും ചെറിയ പനിയോ തലവേദനയോ മൂക്കൊലിപ്പോ തൊണ്ടവേദനയോ വന്നിട്ടങ്ങു പോകും. ചെങ്കണ്ണ്‍ ചിലരില്‍ കാണാം. പക്ഷെ മറ്റു പലകാരണങ്ങള്‍ കൊണ്ടും ആരോഗ്യം തൃപ്തികരമല്ലാത്തവരില്‍ രോഗം മൂര്‍ച്ചിക്കാന്‍ സാധ്യത ഉണ്ട്. ന്യുമോണിയ, തലച്ചോറിനെ ബാധിക്കുന്ന പനി എന്നിവ ഉണ്ടായാല്‍ അത് ഗുരുതരമാണ്. മനുഷ്യനെ ബാധിക്കുന്ന 90% പക്ഷിപ്പനിയും താരതമ്യേന വീര്യം കുറഞ്ഞ പനികളാണ്.. പക്ഷികള്‍ക്ക് പക്ഷെ പണി കിട്ടും..

          ഇങ്ങനെ പണി കിട്ടിയ പക്ഷികളുമായി അടുത്തിടപഴകുന്ന ആള്‍ക്കാര്‍- പക്ഷി വളര്‍ത്തുകേന്ദ്രങ്ങളിലെ ജീവനക്കാര്‍, അവയുടെ കാഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, ഇറച്ചിക്കടയിലെ ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍- ക്കാണ് ഇത് പകര്‍ന്നു കിട്ടാന്‍ കൂടുതല്‍ സാധ്യത. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ പനി പകരുന്നത് വിരളമാണ്. അതൊക്കെ കൊണ്ടുതന്നെ ഒരുപാടൊന്നും ഇതിനെയോര്‍ത്ത് ഭയപ്പെടെണ്ടതില്ല.. എന്നിരുന്നാലും നമുക്ക് ചെയ്യാന്‍ പറ്റുന്ന ചില മുന്‍കരുതലുകള്‍ ചെയ്യുക തന്നെ വേണം.. കാരണം അസുഖം വരാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.. മാത്രമല്ല ഈ ഇനം വൈറസുകള്‍ നിമിഷം തോറും ജനിതകമാറ്റങ്ങള്‍ക്ക് വിധേയരാകുന്നവരാണ്. വിശ്വസിക്കാന്‍ പറ്റില്ലാ.. (നമ്മള്‍ പഴയ നമ്മളാ.. പക്ഷെ വൈറസ് പഴയ വൈറസ് ആകണമെന്നില്ല..)
എന്തൊക്കെയാണ് നമ്മളെക്കൊണ്ട് ചെയ്യാനൊക്കുന്നത്?


        പക്ഷിപ്പനി ബാധിച്ച ജീവികളുടെ ശവശരീരം, മുട്ട, കാഷ്ടം തുടങ്ങിയ വസ്തുക്കളോ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍, ഫാം തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധാലുക്കളാവുക. എന്നുകരുതി നമുക്ക് കോഴിയിറച്ചീം മുട്ടേമൊന്നും ഇല്ലാതെ പറ്റില്ലല്ലോ.. അതുകൊണ്ട്, സാധാരണ വീട്ടാവശ്യത്തിനുപയോഗിക്കുന്ന മുട്ട, കോഴിയിറച്ചി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഭയപ്പെടേണ്ട കാ‍ര്യമില്ല :


1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.


2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് അതു ചെയ്യുക.


3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.


4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാ‍തി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില്‍ ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക.


5. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമാ‍യി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.


6. പക്ഷിപ്പനിയുടെ പേരില്‍ വീട്ടില്‍ വളര്‍ത്തുന്ന പാവം കോഴിയെയും താറാവിനേയും കൊല്ലേണ്ടകാര്യമില്ല. എന്നാല്‍ ദേശാടനപ്പക്ഷികളൊക്കെ ധാരാളമായി വരുന്ന സ്ഥലങ്ങളിലെ (ഉദാ: കുമരകം, കുട്ടനാട്) വളര്‍ത്തു പക്ഷികള്‍ക്കും മറ്റും എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ മൃഗഡോക്ടറെ കാണിക്കാന്‍ ഒട്ടും അമാന്തിക്കരുത്.


       മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഇവന്‍ എത്തുന്നത് പ്രധാനമായും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേയ്ക്ക് തെറിയ്ക്കുന്ന സ്രവങ്ങളില്‍ക്കൂടിയാണ്.. നമുക്ക് പിന്നെ പാരമ്പര്യമായികിട്ടിയ അസാധാരണമായ പൌരബോധവും സാമൂഹ്യബോധവും കൈമുതലായി ഉള്ളതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ വായും മൂക്കും പൊത്തുന്നതുകൊണ്ട് ആ പേടി ഇല്ല.. തുമ്മാത്തവന്‍ തുമ്മുന്നവന്‍റെ അടുത്താണെങ്കില്‍ സ്വന്തം മൂക്കുപൊത്തുന്നത് നല്ലൊരു പ്രതിരോധമാര്‍ഗമാണ്..
        
         മനുഷ്യനില്‍ രോഗം പിടിപെട്ടു കഴിഞ്ഞാല്‍ രോഗതീവ്രത കുറയ്ക്കാനുള്ള മരുന്നൊക്കെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സിക്കുക.. കുറച്ചുനാളത്തെയ്ക്കെങ്കിലും ജലദോഷത്തിനു സ്വയം ചികിത്സ നിര്‍ത്തി വയ്ക്കുക.. മരുന്ന് ചോദിച്ചു വരുന്നവരെ മെഡിക്കല്‍സ്റ്റോര്‍ മുതലാളി, ഒന്നുപോയി ഡോക്ടറെ കണ്ടു വരാന്‍ ഉപദേശിക്കുക..

        ആര്‍ക്കും പക്ഷിപ്പനിവരാത്ത ഒരു കിനാശേരിയാണ് നമ്മുടെ സ്വപ്നം.. അത് സാധ്യമാകട്ടെ.. ജയ് ഹിന്ദ്‌..
തുടർന്ന് വായിക്കുക...

Monday, 10 November 2014

റോഡില്‍ ഒരല്‍പ്പം ശ്രദ്ധിച്ചൂടേ..? (കുറിപ്പുകള്‍)
(WRITTEN ON 10th NOVEMBER,2014)


          ജീവിതത്തില്‍ നാളെയെക്കുറിച്ച് കുറച്ചെങ്കിലും പ്രതീക്ഷയുമായല്ലേ നമ്മളോരോരുത്തരും ജീവിക്കുന്നത്? എത്ര പക്വത ഇല്ലാത്ത പ്രായമാണെങ്കിലും, ഇന്നത്തെ ദിവസം എത്ര സാഹസികമായി ആസ്വദിക്കുന്ന ആളാണെങ്കിലും നാളയെക്കുറിച്ചൊരു പ്രതീക്ഷ ഉണ്ടായിരിക്കും. അങ്ങനെയുള്ള നമ്മളെക്കുറിച്ച് നമ്മളെ സ്നേഹിക്കുന്നവര്‍ക്കും ചില പ്രതീക്ഷകള്‍ ഉണ്ടായിരിക്കും. ഒരുനിമിഷത്തെ ഒരല്പം അശ്രദ്ധകാരണം നമ്മുടെയും നമ്മളെ സ്നേഹിക്കുന്നവരുടെയും ഒക്കെ സകല പ്രതീക്ഷകളും നശിക്കുന്നത് എത്ര സങ്കടകരമാണ്.

          ഓരോ ദിവസവും നമ്മുടെ റോഡുകളില്‍ പൊലിയുന്ന ജീവനുകളുടെ കണക്കെത്രയെന്നു നമുക്ക് എന്തെങ്കിലും നിശ്ചയമുണ്ടോ? ബൈക്കപകടങ്ങളില്‍പെട്ട് ഒരു ദിവസം നമ്മുടെ ഇടയില്‍ നിന്നും എത്രപേര്‍ അപ്രത്യക്ഷരാകുന്നു എന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? കേരളത്തില്‍ ഏറ്റവും അധികം ബൈക്കപകടങ്ങളില്‍ പെടുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ദാ, ഇന്നത്തെ പത്രം തുറന്നപ്പോഴും കാണുന്നത് രണ്ട് ബൈക്കപകടങ്ങളിലായി മൂന്നു യുവാക്കള്‍ മരിച്ചുപോയ വാര്‍ത്ത. മൂന്നും ഈ പ്രായത്തിലുള്ളവര്‍ തന്നെ. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം എട്ടോ പത്തോ പേരെങ്കിലും ബൈക്കപകടങ്ങളില്‍ മരിച്ചുപോയിട്ടുണ്ട് എന്നാണ് എന്‍റെ ഓര്‍മ്മ.(പത്രം വായിച്ചതില്‍ നിന്നും മാത്രം). ഒരാളെങ്കിലും മരിക്കുന്ന അപകടങ്ങളുടെ വാര്‍ത്ത മാത്രമേ പത്രങ്ങളില്‍ വരാറുള്ളൂ. അപ്പോള്‍ ഓരോ ദിവസവുമെന്തുമാത്രം അപകടങ്ങള്‍ നടക്കുന്നുണ്ടാകും?!! 

         എന്തുകൊണ്ടാണ് ഇത്രയധികം അപകടങ്ങള്‍, അതും ഇത്രയധികം വിദ്യാഭ്യാസവും ബോധവല്‍ക്കരണവും ട്രാഫിക് നിയമങ്ങളും ഒക്കെ ഉണ്ടായിട്ടും സംഭവിക്കുന്നത്? ഇവിടെ സംഭവിക്കുന്ന 99% ബൈക്കപകടങ്ങള്‍ക്കും ഒരൊറ്റ കാരണമേ ഉള്ളു, 'തികഞ്ഞ അശ്രദ്ധ'. നമുക്കെല്ലാം അറിയാം, എന്നാലും അതൊന്നും ഞാന്‍ ശ്രദ്ധിക്കെണ്ടതില്ലാ എന്നുള്ള തികഞ്ഞ അലംഭാവം. അപക്വത. ഇവരുടെ അമിതവേഗത തന്നെയാണ് അപകടം സംഭവിക്കാന്‍ ഏറ്റവും വലിയ കാരണം. കുണ്ടുകുഴിയും നിറഞ്ഞ റോഡുകളിലേക്കാള്‍ കൂടുതല്‍ അപകടമരണങ്ങള്‍ നടക്കുന്നത് നല്ല നിരപ്പായ റോഡുകളില്‍ ആണെന്നത് അതിനെ ശരിവയ്ക്കുന്നു. വളവിലും, ഇടത് വശത്തുകൂടിയുമുള്ള ഓവര്‍ടേക്കിംഗ് എല്ലാം അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നു.

         ഇനി അഥവാ, എന്തെങ്കിലും അപകടം ഉണ്ടായാലും നമ്മുടെ ജീവന് അത് ഹാനികരമാകരുത് എന്ന് കരുതിയാണ്, നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നത്. പക്ഷെ, വഴിയില്‍ പെറ്റിയടിക്കാന്‍ നില്‍ക്കുന്ന പോലീസിനെ പേടിച്ചു മാത്രം ഹെല്‍മെറ്റ്‌ കയ്യില്‍ കരുതുന്നവരാണ് കൂടുതല്‍ പേരും. അത് ഇടത് കൈത്തണ്ടയിലാണ് ധരിക്കുന്നത് എന്ന് മാത്രം. ബൈക്കപകടങ്ങളില്‍ മരണപ്പെടുന്ന 90% പേരും തലച്ചോറിന് ഗുരുതരമായി പരിക്കേറ്റവരാണ്. അതൊഴിവാക്കാന്‍ ഹെല്‍മെറ്റ്‌ തലയില്‍ ധരിക്കുക മാത്രമേ വഴിയുള്ളൂ. അതുപോലെ ഇത്തരം അപകടങ്ങളില്‍പെട്ട് രക്ഷപ്പെടുന്നവരില്‍ 90% പേരും, രക്ഷപെടാന്‍ കാരണം അപകടസമയത്ത് ഈ "ഹെല്‍മെറ്റ്‌" തലയിലുണ്ടായിരുന്നു എന്നത് തന്നെയാണ്.

         ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷകള്‍ ഉള്ള കാലം, ഏറ്റവും പ്രായോഗിക ബുദ്ധിയും ഊര്‍ജ്ജവും ഉള്ള കാലം, യൌവനത്തിന്‍റെ ഏറ്റവും മനോഹരമായ കാലഘട്ടം, ആ സമയത്ത് തന്നെയാണ് ഏറ്റവും അധികം അശ്രദ്ധ എന്നതും ശ്രദ്ധേയം. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ മരണപ്പെട്ട ആളിന്‍റെ കുടുംബത്തെ പറ്റിയും മറ്റും അന്വേഷിക്കുന്ന കൂട്ടത്തില്‍, ആ അപകട കാരണം കൂടി കണ്ടെത്തി അതുകൂടി ആ വാര്‍ത്തയ്ക്കൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കണം. അമിതവേഗത ആയിരുന്നു കാരണമെങ്കില്‍, മദ്യപിച്ചിട്ട് വണ്ടിയോടിച്ചതാണ് കാരണമെങ്കില്‍, അതുകൂടി ചേര്‍ക്കുമ്പോള്‍, അതുവായിക്കുന്ന ചുരുക്കം ചിലരെയെങ്കിലും മാറ്റി ചിന്തിപ്പിക്കാന്‍ കാരണമാകും. അതും ഒരുതരം ബോധവല്‍ക്കരണത്തിന്‍റെ ഭാഗമാണ്.

         2013ല്‍ മാത്രം കേരളത്തില്‍ ഉണ്ടായ അപകടങ്ങളുടെ രേഖപ്പെടുത്തപ്പെട്ട കണക്കുകള്‍ ആണ് ചിത്രത്തില്‍. മൊത്തം അപകടങ്ങളുടെ മൂന്നിലൊന്നില്‍ അധികവും ബൈക്കപകടങ്ങള്‍. അതില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ 1289 പേര്‍. ഗ്രീവസ് ഇഞ്ചുറി സംഭവിച്ചവര്‍, എന്നുവച്ചാല്‍ അംഗഭംഗമോ, ഏതെങ്കിലും അവയവത്തിന്‍റെ പ്രവര്‍ത്തനം സ്ഥായിയായി നഷ്ടപ്പെട്ടതോ, ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും പരസഹായമില്ലാതെ ജീവിക്കാന്‍ സാധിക്കാത്തതോ ആയവര്‍ 8939 പേരാണ്.

        നമുക്കെല്ലാം ഇതെല്ലാം അറിയാം.. വേണ്ടത് ഒരല്‍പം ശ്രദ്ധ, അതുമാത്രംതുടർന്ന് വായിക്കുക...

Saturday, 8 November 2014

അനശ്വരപ്രണയത്തിന്‍റെ X-RAY (കുറിപ്പുകള്‍)(WRITTEN ON 8th NOVEMBER,2014)

          
   ഒരു നൂറ്റാണ്ടിനും പിന്നെക്കുറെ വര്‍ഷങ്ങള്‍ക്കും മുമ്പാണീ കഥ നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1895 ല്‍, അതും അങ്ങ് ജര്‍മ്മനിയിലെ ഒരു ഗ്രാമത്തില്‍. വളരെ യാദൃച്ഛികമായാണ് തന്‍റെ ഇരുള്‍ നിറഞ്ഞ പരീക്ഷണശാലയില്‍ ഒരുവശത്ത് അദ്ദേഹം ഒരു തിളക്കം കണ്ടത്. പരിശൂന്യമായ ഒരു ഗ്ലാസ്‌ ട്യൂബിലൂടെ (VACUUM TUBE) ഇന്‍ഡക്ഷന്‍ കോയില്‍ ഉപയോഗിച്ച് ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളുടെ ഗതിവിഗതികള്‍ പഠിക്കുക ആയിരുന്നു അദ്ദേഹം. പ്രകാശത്തിന്‍റെ ഒരു നേര്‍ത്തകണികയ്ക്ക് പോലും കടക്കാനാകാത്ത വിധം കൊട്ടിയടയ്ക്കപ്പെട്ടതായിരുന്നു ആ മുറി. പിന്നെയിതെവിടുന്നാണ്?! ഗ്ലാസ്‌ ട്യൂബ് കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും അതിനെയും കടന്നു ചില തരംഗങ്ങള്‍ പുറത്തുവരുന്നതായിരിക്കും കാരണമെന്ന് അദ്ദേഹം അനുമാനിച്ചു. ഉറപ്പിക്കാനായി അദ്ദേഹം തന്‍റെ കൈ അതിനു പ്രതിരോധമായി വച്ചു. അതിശയം!! ആശ്ചര്യം!! കയ്യുടെ മൊത്തത്തിലുള്ള നിഴലിനുപകരം ചുമരില്‍ തെളിഞ്ഞത്, കയ്യിലെ എല്ലുകളുടെ ഇരുണ്ടനിഴല്‍ചിത്രം!!!


           ഏതൊരു സാധാരണ ഭര്‍ത്താവിനെയും പോലെ തന്നെയായിരുന്നു അദ്ദേഹവും. ഉടനെ ഭാര്യ ബര്‍ത്തയെ വിളിച്ചു കാണിച്ചു. രണ്ടുപേരും ഒരുമിച്ചിരുന്നു അതിശയം കൂറി. എന്താണിതെന്ന് പരസ്പരം ചോദിച്ചു. ഇതെന്തോ വികിരണമായിരിക്കുമെന്നു അദ്ദേഹം ഭാര്യയ്ക്ക് പറഞ്ഞുകൊടുത്തു. അറിഞ്ഞുകൂടാത്ത എന്തിനും 'X' എന്ന് വിളിക്കണം എന്ന അലിഖിത ശാസ്ത്രനിയമം അനുസരിച്ച് അതിനെ 'X-വികിരണങ്ങള്‍ (X-RAYS)' എന്ന് വിളിയ്ക്കാമെന്ന് അവര്‍ തീരുമാനിച്ചു. അദ്ദേഹം ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ് എടുത്തുകൊണ്ട് വന്നു. വെളിച്ചം പതിയുന്ന സ്ഥലത്ത് അത് വച്ചു. ഭാര്യയോട്‌ കൈ അതിനുമുകളില്‍ വയ്ക്കാന്‍ പറഞ്ഞു. അങ്ങനെ ലോകത്തെ ആദ്യത്തെ X-RAY ചിത്രം ആ പരീക്ഷണശാലയില്‍ പിറവിയെടുത്തു. ബര്‍ത്തയുടെ കൈ അസ്ഥികളുടെ ഇരുണ്ട നിഴല്‍ ചിത്രം. (തന്‍റെ കൈ അസ്ഥികള്‍ കണ്ട ബര്‍ത്ത താന്‍ മരണത്തെ നേരില്‍ കണ്ട നിമിഷമാണതെന്നു പറഞ്ഞതായും പറയുന്നുണ്ട്)
സര്‍ വില്ല്യം റോണ്‍ജന്‍

           
ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ലോകത്തെ ആദ്യ X-RAY ഡിപാര്‍ട്ട്മെന്‍റ് ഗ്ലാസ്ഗോയില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ആ അത്ഭുത വികിരണങ്ങള്‍ക്ക് "X" എന്നത് മാറ്റി അദ്ദേഹത്തിന്‍റെ പേരുനല്‍കണമെന്ന് ശാസ്ത്രലോകം ആവശ്യപ്പെട്ടു. പക്ഷെ അദ്ദേഹം വിനീതനായി ആ ആവശ്യം നിരസിച്ചു. അതുകൊണ്ടുതന്നെ ഇന്നൊരുപാടൊക്കെ അറിയാമെങ്കിലും ഒന്നും അറിയാത്തവരുടെ കൂട്ടത്തില്‍ അതിപ്പോഴും 'X' RAY ആയിത്തന്നെ തുടരുന്നു. ആ മഹാനായ ശാസ്ത്രജ്ഞനെപ്പോലെ തന്നെ എനിക്കൊന്നുമറിയില്ലേയെന്നു വിനയകുനിതനായി. 1901ല്‍ ഭൌതികശാസ്ത്രത്തിനുള്ള ആദ്യത്തെ നോബല്‍ സമ്മാനം ഈ 'അജ്ഞാത-വികിരണങ്ങള്‍' കണ്ടെത്തിയതിന് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.

           
പിന്നീടങ്ങോട്ട് ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ആക്സിലരേറ്റര്‍ ആയി മാറിയതും ഈ 'അജ്ഞാതന്‍' തന്നെ. ഇന്നിപ്പോള്‍ X-RAY ഇല്ലാതെ വൈദ്യശാസ്ത്രത്തിനു ചിന്തിക്കാന്‍ കൂടി കഴിയില്ല. കൃത്യമായ രോഗനിര്‍ണ്ണയത്തിനും കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും X-RAY ഇല്ലാതെ പറ്റാത്ത അവസ്ഥയാണ്‌. എല്ലുകളുടെ X-RAY, CT സ്കാന്‍, ANGIOGRAM, റേഡിയോ തെറാപി, ഫ്ലൂറോസ്കോപി അങ്ങനെ അനവധി നിരവധി കാര്യങ്ങള്‍ക്ക് X-RAY ഉപയോഗിക്കുന്നു. എയര്‍പോര്‍ട്ടുകളില്‍ ലെഗ്ഗെജ് സ്കാന്‍ ചെയ്യുന്നതും ഈ X-വികിരണങ്ങള്‍ ഉപയോഗിച്ച് തന്നെയാണ്. പല പഴയകാല പെയിന്റ്റിങ്ങുകളുടെയും കാലപ്പഴക്കം നിര്‍ണ്ണയിക്കാക്കാനും XRAY ഉപയോഗിക്കുന്നു. പിന്നെ സ്പെക്ട്രോസ്കോപി, X RAY ക്രിസ്റ്റല്ലോഗ്രഫി, ബഹിരാകാശ ഗവേഷണം.. ഇനിയും നിരവധി........

             
ഇന്ന് നവംബര്‍ 8 . സര്‍ വില്ല്യം റോണ്‍ജന്‍ ഈ അത്ഭുത കണ്ടുപിടിത്തം നടത്തിയിട്ട് 119 വര്‍ഷങ്ങള്‍ കഴിയുന്നു. അതിന്‍റെ സ്മരണയില്‍ എല്ലാ വര്‍ഷവും ഈ ദിവസം ലോകവികിരണശാസ്ത്രദിനമായി (INTERNATIONAL DAY OF RADIOLOGY) ആചരിക്കുന്നു..

            ഇനി താഴത്തെ ഈ ചിത്രം നോക്കൂ.. ഇതാണ് റോണ്‍ജന്‍ ആദ്യമായി പകര്‍ത്തിയ ആ X-RAY ചിത്രം.. അദ്ദേഹത്തിന്‍റെ ഭാര്യയുടെ കൈ.. അവരുടെ കയ്യിലെ ആ വിവാഹമോതിരം കണ്ടോ? മനുഷ്യന്‍റെ ചരിത്രം തന്നെ മാറ്റി എഴുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍ ആലേഖനം ചെയ്യപ്പെട്ട ആ പ്രണയം കണ്ടോ? AN "X-RAY ORDINARY" LOVE ..


ഒരനശ്വരപ്രണയത്തിന്‍റെ X-RAY

തുടർന്ന് വായിക്കുക...

Sunday, 2 November 2014

ഈ ചുണ്ടിന്‍റെയൊരു കാര്യം..!! (കുറിപ്പുകള്‍)(കുറിപ്പ് എഴുതിയത്- 02/11/2014)

          ഫോറെന്‍സിക് സയന്‍സില്‍, കുറ്റവാളികളെ കണ്ടെത്താന്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സൂചനകളില്‍ ഒന്നാണ് വിരലടയാളം(FINGER PRINTS). കാരണം ഒരാളുടെ വിരലടയാളം അയാളുടേത് മാത്രമാണ്. ഒരേ DNA ഘടനയുള്ള സമജാത ഇരട്ടകള്‍ക്ക് (identical twins) പോലും വ്യത്യസ്തമായ വിരലടയാളങ്ങള്‍ ആയിരിക്കും. മാത്രമല്ല ഒരാളുടെ വിരലടയാളം ആജീവനാന്തം മാറ്റങ്ങളൊന്നും സംഭവിക്കാതെ നിലനില്‍ക്കുകയും ചെയ്യും. അതുകൊണ്ടാണ് ഒപ്പിനു പകരമായി പോലും വിരലടയാളങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വിരലടയാളങ്ങളെ പറ്റി പഠിക്കുന്ന ശാസ്ത്രമാണ് DACTYLOGRAPHY.

  

       വിരലടയാളം പോലെ തന്നെ ഒരാള്‍ക്ക് സ്വന്തമെന്നവകാശപ്പെടാവുന്ന ഒന്നാണ് അയാളുടെ 'ചുണ്ടടയാളം' (LIP PRINTS). ഒരാളുടെ ചുണ്ടിലെ ചുളിവുകളും ചുനുപ്പുകളും കുഴികളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ അയാളുടെ സിഗ്നേച്ചറാണ്. വിരലടയാളം പോലെ തന്നെ അത് സ്ഥിരവുമാണ് (PERMANENT). എന്ന് വച്ചാല്‍ കാലം കഴിയുമ്പോള്‍ ഒരാളുടെ ചുണ്ടാടയാളങ്ങള്‍ മാറിപ്പോകുന്നില്ല. മാഞ്ഞു പോകുന്നില്ല.

        ചുണ്ടടയാളങ്ങളെ പറ്റിയുള്ള ഗവേഷണശാസ്ത്രമാണ് "CHEILOSCOPY" .1950 ല്‍ വളരെ യാദൃച്ഛികമായാണ് ചുണ്ടടയാളങ്ങളുടെ ഈ സാധ്യത ശാസ്ത്രലോകം തിരിച്ചറിയുന്നത്. സംശയാസ്പദമായി കണ്ട ഒരു കാറില്‍ ഒരു ചുണ്ടടയാളം. ഒരു ആക്സിഡന്റ് കേസ് അന്വേഷിക്കുക ആയിരുന്ന ഉദ്യോഗസ്ഥന്‍ ആ അടയാളവും പരുക്ക് പറ്റിയ സ്ത്രീയുടെ ചുണ്ടടയാളവും താരതമ്യം ചെയ്തപ്പോള്‍ രണ്ടും ഒന്ന് തന്നെ!! അങ്ങനെ ഒരു പെണ്ണിന്‍റെ ചുണ്ടുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി ഒരു കേസിനു തുമ്പുണ്ടായി. അത് പിന്നെ ചരിത്രവുമായി. ശാസ്ത്രമായി. പിന്നീട് ഗവേഷണങ്ങളിലൂടെ അതൊരു ശാസ്ത്രശാഖയായി വളര്‍ന്നു. ജപ്പാനിലെ രണ്ടു ഫോറെന്‍സിക് ദന്തഡോക്ടര്‍മാര്‍ ആയിരുന്ന Yasuo Tsuchihashi and Kazuo Suzuki എന്നിവരായിരുന്നു ചുണ്ടടയാള ശാസ്ത്രത്തില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍.
    
      ചുണ്ടുകള്‍ നല്‍കിയ തുമ്പുകള്‍ നിരവധി കുറ്റകൃത്യങ്ങള്‍ പിന്നീട് തെളിയിച്ചു. 1986 ല്‍ പോളണ്ടില്‍ ഒരു മിടുമിടുക്കനായ കൊള്ളക്കാരന്‍ യാതൊരു തുമ്പും ശേഷിപ്പിക്കാതെ കുറ്റകൃത്യം നടത്തിയതിന്‍റെ സന്തോഷത്തില്‍, ഉദ്ദിഷ്ടകാര്യകാര്യത്തിന് ഉപകരസ്മരണയായി അവിടെ ഉണ്ടായിരുന്ന മാതാവിന്‍റെ ചിത്രത്തില്‍ അമര്‍ത്തി ഒരുമ്മ കൊടുത്തിട്ട് സംപ്തൃപ്തനായി മടങ്ങി. പാവം കൊള്ളക്കാരന്‍. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാളെ പോലീസ് പൊക്കി. ആകെയുണ്ടായിരുന്ന തെളിവ് ആ മാതാവിന്‍റെ ചിത്രത്തിലെ ചുണ്ടടയാളം മാത്രമായിരുന്നത്രേ!! അയാള്‍ പിന്നെ തൂക്കിലേറ്റപ്പെട്ടൂ.

    ഇന്ന് നമ്മള്‍ പ്രതിഷേധത്തിനും മറ്റുമായി വെറുതെ എടുത്തുപയോഗിക്കുന്ന ഉമ്മകള്‍ ശൂന്യാകാശശാസ്ത്രം പോലെ അന്തവും കുന്തവും ഇല്ലാതെ നിരവധി ഗവേഷണങ്ങള്‍ നടക്കുന്ന ഒരു ശാസ്ത്രശാഖ കൂടി ആണെന്ന് പറയാനാണ് ഇപ്പോള്‍ ഇത്രയും പറഞ്ഞത്. ഒരാളുടെ ചുംബനം അയാള്‍ക്കോ കൂടെയുള്ളവര്‍ക്കോ അറിഞ്ഞോ അറിയാതെയോ പാര ആകുന്നത്, ഇത് ആദ്യമായിട്ടല്ല. ഇന്ന് മറൈന്‍ ഡ്രൈവില്‍ ഇങ്ങനെ നൂറോളം ചുംബനങ്ങള്‍ സംഭവിക്കും. ചുണ്ടുടമസ്ഥരായ ഓരോരുത്തരും ചിലപ്പോള്‍ ചരിത്രത്തിന്‍റെ ഭാഗമാകും. അല്ലെങ്കില്‍ മറക്കപ്പെടും. എന്തായാലും ഒരു ചുംബനസമരമുറയ്ക്കൊന്നും വളരാനുള്ള മണ്ണ് നമ്മുടെ നാട്ടിലിപ്പോഴും ഇല്ല.

       ചുണ്ടുകള്‍ കൊണ്ട് നമ്മള്‍ കോറി വയ്ക്കുന്നതില്‍, എത്രതന്നെ സ്നേഹം ഒളിപ്പിച്ചു വച്ചാലും നിയമത്തിന്‍റെ കണ്ണില്‍ അത് വെറും സാഹചര്യത്തെളിവുകള്‍ മാത്രമാണ്. പക്ഷെ സാധാരണക്കാരായ മനുഷ്യരെ സംബന്ധിച്ചു, ചുണ്ടുകള്‍ ആത്മാവിലേക്കുള്ള ജാലകങ്ങള്‍ ആണ്. അത് സ്നേഹവും പ്രണയവും അതിന്‍റെ നൈര്‍മല്യത്തില്‍ അനുഭവിച്ചറിഞ്ഞവര്‍ക്ക് മാത്രം മനസിലാകുന്നത്. നമ്മുടെയെല്ലാം ചുണ്ടുകള്‍ നന്മയുടെയും സ്നേഹത്തിന്‍റെയും പഞ്ചാര ഉമ്മകള്‍ മാത്രം പടര്‍ത്തട്ടെ.. ഒരു ശാസ്ത്രത്തിനും നിര്‍ണ്ണയിക്കാനകാത്തത്രയും സ്നേഹം മാത്രം അതില്‍ ഒളിപ്പിച്ചു വയ്ക്കൂ... ചുണ്ടുകള്‍ പോലെ, ചുംബനങ്ങളും നിങ്ങളുടെ അടയാളങ്ങള്‍ ആയിരിക്കട്ടെ..
തുടർന്ന് വായിക്കുക...