ചിലപ്പോള്‍ ഉണര്‍ന്നാലോ..? (കവിത)എത്ര തട്ടിവിളിച്ചിട്ടും
ഒരിക്കലും ഉണര്‍ന്നിട്ടില്ലാത്ത
ചില രാത്രികളുണ്ട്.
രാവിലെ എഴുന്നേറ്റിട്ടാദ്യമാ
കോഴിക്കൂട് തുറക്കാന്‍ പോകേണ്ടതാ.
എന്നിട്ടുമ്മറപ്പടിയില്‍
ചന്തിയൂന്നിയിരുന്ന്‍
മുടിവാരിക്കെട്ടുമ്പോള്‍
ഒരുകണ്ണകത്തേക്കും
മറുകണ്ണ്‍ അടുക്കളയിലേക്കും
പായിച്ചുറപ്പ് വരുത്തേണ്ടതാ.
എന്നിട്ടാണിനിയും, ഇപ്പോഴും!

ഒരുതുള്ളിക്കുപകരിക്കുമെന്ന്
കരുതിയ സ്വന്തം വീട്ടിലെ കിണര്‍
സലിംഗബുദ്ധസ്വരൂപം പ്രാപിച്ചതും,
നട്ടുവളര്‍ത്തിയ കണിക്കൊന്ന
കന്യകാത്വം വെടിഞ്ഞതും
അറിയാതങ്ങുറങ്ങുവാ.
കൊരുത്തുവയ്ക്കാനുത്തരത്തില്‍
കഴുക്കോലില്ലാത്തതിനാല്‍
വെട്ടുകത്തിയും ഈരോലിയും
ഉമ്മറത്ത് തന്നെ ചിതറിയിരിപ്പാണ്.

എന്നാലു,മെപ്പോഴാണി-
ത്രയ്ക്കങ്ങുറങ്ങിപ്പോയതെന്ന്
ഞാനിടയ്ക്കാലോചിക്കും.
എന്നും ഉണരുമ്പോള്‍
കണ്ണടച്ചൊന്നു തട്ടി വിളിച്ചു നോക്കും.

ചിലപ്പോള്‍ ഉണര്‍ന്നാലോ..?

11 comments:

 1. ഉറങ്ങുന്നവനെ ഉണര്‍ത്താം... ഉറക്കം നടിക്കുന്നവനെയോ.. ?

  ReplyDelete
 2. "എത്ര തട്ടിവിളിച്ചിട്ടും ഒരിക്കലും ഉണര്‍ന്നിട്ടില്ലാത്ത ചില രാത്രികളുണ്ട്"
  ചില അസ്തമിക്കാത്ത പകലുകള്‍ പോലെ........

  ReplyDelete
 3. ഒരു തുള്ളിക്കുപകരിക്കുമെന്ന് തുടങ്ങുന്ന വരികള്‍ ഇഷ്ടമായി . സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 4. ഉറങ്ങിയുണരുമ്പോഴാണ് സ്വയം പഴിക്കുക; ഹോ!ഇത്രക്കങ്ങട് ഉറങ്ങിപ്പോയൊ!!?
  കവിത നന്നായിട്ടുണ്ട് ഡോക്ടര്‍
  ആശംസകള്‍

  ReplyDelete
 5. ഉണർന്നിട്ടുമുറങ്ങിയുണരാത്ത ഉറക്ക ചടവ് ...

  ReplyDelete
 6. ഒരുറക്കച്ചടവിന്റെ ആലസ്യം തോന്നുന്നുണ്ട് എനിക്കും.....

  ReplyDelete
 7. വർത്തമാനത്തിലെത്തിയ കവിതക്ക് അഭിനന്ദനങ്ങൾ

  ReplyDelete
 8. ഭദ്രകാളി7 November 2014 at 10:04

  ഈ ഉറക്കത്തിനിടക്ക് പൈതൃകം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ നൊമ്പരം കൂടി ഉണ്ടെന്നു കവിതയിലൂടെ പറയുന്നു..അതെ ഞാനും ഇതേ നൊമ്പരത്തിന്റെ ഒരു കൂട്ടുക്കാരി ആണ്..
  ആശംസകൾ...

  ReplyDelete
 9. Hareesh Kakkanat7 November 2014 at 18:49

  ശരിക്കും പറഞ്ഞാല്‍ നമ്മള്‍ ഉറങ്ങുകയായിരുന്നില്ല.....ഉറക്കം നടിക്കുകയായിരുന്നു എന്ന് വേണം പറയാം.....അങ്ങിനെ നടിക്കുന്നതിനിടയില്‍ നമ്മുടേതെന്നു നാം കരുതിയ പലതും നമുക്ക് ഉപേക്ഷിക്കേണ്ടിവന്നു......ഒടുവില്‍ നാം എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞു വഴി തെറ്റിയപ്പോള്‍ തുടങ്ങിയിടത്തെയ്ക്ക് തിരിച്ചു വരാന്‍ കൊതിക്കുന്നു.......പക്ഷെ സാധിക്കുന്നില്ല......അതിനെ നാം നഷ്ടമെന്നും ഗൃഹാതുരത്വം എന്ന് വിളിച്ചു പോകുന്നു.......ചിലപ്പോള്‍ തിരികെ കിട്ടിയാലോ എന്ന് വെറുതെ ആശിക്കാം........

  നല്ലൊരു ചിന്തകള്‍ക്ക് കാഴ്ചകള്‍ക്ക് അഭിനന്ദനങ്ങള്‍..............

  സസ്നേഹം - ഹരി

  ReplyDelete
 10. ഗ്രാമീണ മുഖത്തെ എല്ലാം നിഷ്കളങ്കം ഈരൊലി കോഴിക്കൂട് ഒരു പഴയ സത്യൻ അന്തിക്കാട്‌ സിനിമ പോലെ സുന്ദരം

  ReplyDelete
 11. കവിത നല്ല കവിത ...! ആശംസകള്‍ ...!

  ReplyDelete