എവരി ഡോക്ടര്‍ ഹാസ്‌ എ ഡേ (കുറിപ്പുകള്‍)(ഈ കുറിപ്പ് എഴുതിയത് ജൂലൈ 1, 2014 ന്)ആരാണ് ഒരു മികച്ച ഡോക്ടര്‍? നിര്‍വചിക്കാന്‍ പ്രയാസമാണ്. മുന്നിലിരിക്കുന്ന രോഗിയുടെ മനസ്സ് തൊട്ടറിഞ്ഞു അനുകമ്പയും സഹാനുഭൂതിയും ആര്‍ദ്രതയും നിറഞ്ഞ മനസ്സോടെ, നിറഞ്ഞ സ്നേഹത്തോടെ വൈദ്യവൃത്തി നടത്തുന്ന ആളായിരിക്കും ഒരു നല്ല ഡോക്ടര്‍ എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ട് തന്നെ മനുഷ്യ ശരീരത്തിന്‍റെ ഘടനയും ഘടനാവൈകല്യങ്ങളും പഠിക്കുന്നതിനൊപ്പം മനുഷ്യമനസ്സിന്‍റെ വിവിധങ്ങളായ വ്യാപാരതലങ്ങളെ പറ്റിയും ഒരു പരന്ന ജ്ഞാനം ഉണ്ടായിരിക്കണം ഒരു ഭിഷഗ്വരന്. രോഗിയുടെ ചുറ്റുപാടുകളെ പറ്റി ബോധ്യമുള്ള ആളായിരിക്കണം. സാമൂഹിക ജീവിതയാഥാര്‍ത്ഥ്യങ്ങളെ പറ്റി അറിവുണ്ടായിരിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനപ്പുറം കരുണാര്‍ദ്രമായ സൌന്ദര്യാത്മകവിദ്യാഭ്യാസം കൂടിയുള്ള ആളായിരിക്കണം.

ഇന്നിപ്പോള്‍ ഡോക്ടര്‍- രോഗി ബന്ധം പരസ്പരം സംശയരോഗികളായ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു കഴിയുന്നത് പോലെയാണ്. ഒരാളുടെ നിലനില്‍പ്പിന് മറ്റൊരാള്‍ അത്യാവശ്യം, എന്നാല്‍ പൂര്‍ണമായും വിശ്വസിക്കാനും വയ്യ എന്ന അവസ്ഥ. ഇത്തരം ഒരവസ്ഥയ്ക്ക് കാരണങ്ങള്‍ പലതാണ്. സമൂഹത്തിനു വന്നിട്ടുള്ള പൊതുവായ മൂല്യച്യുതി, വൈദ്യശാസ്‌ത്രത്തിന്‍റെ അസൂയാവഹമായ വളര്‍ച്ച, സമൂഹത്തിലെ വര്‍ദ്ധിച്ച ബോധവത്‌ക്കരണം, ചികിത്സാരംഗത്തെ ഹൈടെക്‌ സംവിധാനങ്ങളും അവയുടെ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയാസ്പദമായ മനോഭാവവും, രോഗിയുടെ അതിരുകടന്ന അവകാശവാദം, ഡോക്‌ടറുടെ പ്രതിരോധപരമായ നിലപാട്‌, ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും രാഷ്‌ട്രീയനേതാക്കളുടെയും വീണ്ടുവിചാരമില്ലാത്ത ഇടപെടലുകള്‍- ഇങ്ങനെ നിരവധി കാരണങ്ങള്‍ ഡോക്ടര്‍- രോഗീ ബന്ധത്തെ സ്വാധീനിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണ് സാഹചര്യങ്ങള്‍ എങ്കിലും, ഏതെങ്കിലും രോഗി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ അവരുടെ വേദനകളും വിഷമങ്ങളും പരിഹരിക്കാന്‍ സദാസമയവും മെനക്കെടുന്ന ഈ ഡോക്ടര്‍മാരുടെ സേവനങ്ങളെ അംഗീകരിക്കാന്‍, അനുമോദിക്കാന്‍ ഒരു ദിവസമെങ്കിലും മാറ്റി വയ്ക്കണം എന്ന്? കേരളത്തിലെ നിരവധിയായ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെന്നാല്‍ രാപ്പകലില്ലാതെ, ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ കാണാം. അവരെ പറ്റി ആരെങ്കിലും ഓര്‍ക്കാറുണ്ടോ? അമ്മദിനവും അച്ഛന്‍ദിനവും പുസ്തകദിനവും എല്ലാം ഓര്‍ത്തുവയ്ക്കുന്ന നമ്മള്‍ ഡോക്ടേര്‍സ് ഡേയെ പറ്റി ഓര്‍ക്കാറില്ല. അത് കുറച്ചു ഡോക്ടര്‍മാരും അവരുടെ ചില സംഘടനകളും മാത്രം ഓര്‍ത്തുവയ്ക്കും, അവരുടെ മേല്‍നോട്ടത്തില്‍ അവര്‍ മാത്രം പങ്കെടുക്കുന്ന എന്തെങ്കിലും പരിപാടികളും സംഘടിപ്പിക്കും. അത്രതന്നെ..

മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ എല്ലാദിവസവും 24 മണിക്കൂറും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് എന്തിനാണ് പ്രത്യേകിച്ചൊരു ദിവസം? എന്നും അവരുടെ ദിവസമല്ലേ..

നമ്മുടെ പൊതുസമൂഹമോ ഒരു രോഗി പോലുമോ ഓര്‍ക്കുന്നില്ല എങ്കിലും, ഇതിലൊക്കെ വിശേഷിച്ച് എന്തര്‍ത്ഥം എന്ന് ചിന്തിക്കുന്ന എന്നെപ്പോലുള്ളവരൊക്കെ ഇതിനിടയില്‍ ഉണ്ടെങ്കിലും, ജൂലൈ 1, ഇന്ത്യയില്‍ "ഡോക്ടേഴ്സ് ഡേ" ആണ്. സര്‍വമുഖപ്രതിഭയായിരുന്ന ഒരു മഹാനായ ഡോക്ടറുടെ ഓര്‍മ്മ ദിവസം ആണ് ഭാരതത്തില്‍ ഡോക്ടേഴ്സ് ഡേ ആയി ആഘോഷിക്കുന്നത്.

ഡോ.ബിധാന്‍ ചന്ദ്ര റോയ് എന്ന ബി.സി.റോയ്.. അദ്ദേഹം ജനിച്ചതും മരിച്ചതും ഇതേ തീയതിയില്‍ ആയിരുന്നു. അദ്ദേഹം ഒരു സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെയും അവസാനത്തെയും (ഇന്നുവരെ) ഡോക്ടര്‍ അദ്ദേഹമായിരുന്നു. ബംഗാളിന്‍റെ രണ്ടാമത്തെ മുഖ്യമന്ത്രി. ആധുനിക ബംഗാളിന്‍റെ ശില്പി. മികച്ച ഭിഷഗ്വരന്‍. ഭാരതരത്ന ലഭിച്ച ഏക ഡോക്ടറും അദ്ദേഹം തന്നെ. FRCS ഉം MRCP യും ബിരുദങ്ങള്‍ ലഭിച്ച അപൂര്‍വ്വം ഭിഷഗ്വരന്മാരില്‍ ഒരാള്‍. ആ മഹാനുഭാവനെയും ഈ നിമിഷം സ്മരിക്കുന്നു..

ഒപ്പം ഹൃദയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ഡോക്ടേഴ്സ് ദിന ആശംസകള്‍..
നിങ്ങള്‍ക്കും ഒരു ദിനമുണ്ട്..
അതിന്നാണ്..


ഡോ.ബി.സി.റോയ്

Comments

 1. നല്ല ലേഖനം ഡോക്ടർ. ദൈവത്തെ നമ്മളാരും നേരിട്ട് കണ്ടിട്ടില്ല. വല്ലപ്പോഴും ആശുപത്രിയിൽ കിടന്നിട്ടുള്ളപ്പോഴും കൂടെയുള്ള രോഗികളുടെ കാര്യങ്ങൾ കേൾക്കുമ്പോഴും നമ്മൾ കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ രൂപം ഇത് തന്നെ അല്ലെ എന്ന് തോന്നിയിട്ടുണ്ട്. ബന്ധുക്കൾ പോലും നോക്കാനും ശുസ്രുഷിക്കാനും മടിക്കുന്ന തരം അവസ്ഥയിൽ പോലും ഡോക്ടറും നര്സുമാരും കൂടെ ഉണ്ടാവും. താങ്കളുടെ പ്രൊഫെഷൻ -നിൽ ദൈവത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞതായി തന്നെ കാണുന്നു, ബഹുമാനിക്കുന്നു .

  ReplyDelete
 2. ആശംസകള്‍ ഡോക്ടര്‍

  ReplyDelete
 3. എല്ലാ ദിവസവും ഡോക്റ്റര്‍മാരുടെതാണ്

  ReplyDelete
 4. ദൈവത്തിന്റെ കയ്യൊപ്പുള്ള ഡോക്ടര്‍!

  ReplyDelete
 5. ആശംസകള്‍ ഡോക്ടര്‍.
  രോഗികളുടെ സ്വന്തം പോലെ ഇടപെടുന്നവരും, തുറന്നു സംസാരിക്കുന്നവരും, വെട്ടുപോത്തു പോലുള്ളവരും തികഞ്ഞ നര്‍മ്മബോധമുള്ളവരും ഉള്‍പടെ അറിഞ്ഞിടത്തോളം ഒരു പിടിയും കിട്ടാത്ത ഐറ്റംസ് ആണ്. എങ്കിലും ആഴ്ചക്കൊരിക്കല്‍ അവധിയെടുത്ത് സ്വന്തം രോഗത്തിന് കീമോതെറാപ്പി ചെയ്യാന്‍ പോകുന്ന അതിപ്രഗത്ഭാനായൊരു കാഡിയോളജിസ്ടിനെ മറക്കാനാവുന്നില്ല. അതുപോലെ 'die in dignity' എന്ന് രോഗിയുടെയും ബന്ധുക്കളുടെയും മുഖത്ത് നോക്കി പറയാന്‍ ചങ്കൂറ്റമുള്ള മറ്റൊരു പ്രിയ ഡോക്ടറെയും.

  ReplyDelete
 6. താങ്കൾ നന്നായി എഴുതിയിട്ടുണ്ട് സാർ. ഡോക്ടർ ബി. സി. റോയിയെക്കുറിച്ചുള്ള അറിവ് എനിക്ക് പുതിയതാണ്. അത് തന്നതിന് നന്ദി. താങ്കൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ.

  ReplyDelete
 7. വൈദ്യം എന്ന വിദ്യ വിശുദ്ധം
  വൈദ്യർ വിശുദ്ധർ ആശയേകുന്നോർ
  ആശ്വാസം പകരുന്നോർ, പകരും ദീനക്കാരെയും
  പക ഏതും കൂടാതെ ,പക്വതയോടെ
  കാണും ദൈവത്തിൻ പ്രതീകങ്ങൾ
  മുഖ്യ ചികിത്സ സമൂഹത്തിന്നേകാനാകട്ടേ
  മാനവ മനസ്സിന്നും നപസിന്നും നമയെന്ന സുഖം

  ReplyDelete
 8. താങ്കള്‍ എന്നും ഒരു നല്ല ഡോക്ടര്‍ ആയിരിക്കാന്‍ ആശംസകള്‍.

  ReplyDelete
 9. regards from ponkunnam
  dr.kanam sankara pillai
  9447035416
  drkanam@gmail.com

  ReplyDelete

Post a Comment

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..