കഴിഞ്ഞ ദിവസം ഒരു സംഭാഷണത്തിനിടയില്‍ യാദൃശ്ചികമായി ഒരു വീടിന്റെ പേര് "കാമ്യകം" എന്നാണെന്ന് കേള്‍ക്കുകയുണ്ടായി. അത് മഹാഭാരതത്തിലോ മറ്റോ ഉള്ള ഒരു ഉദ്യാനത്തിന്റെ പേരാണെന്നും പറഞ്ഞു. മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങള്‍ പലതും പലപേരുകളില്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടല്ലോ. വെള്ളനാടിനു അടുത്തുള്ള ഒരു സ്ഥലനാമമാണ് "പള്ളിവേട്ട". അത് പണ്ട് അര്ജുനന് നായാട്ടിനു വന്ന സ്ഥലം ആണത്രേ ( കിരീടം സിനിമയുടെ ക്ലൈമാക്സ് പള്ളിവേട്ട ചന്തയില്‍ ആണ് ഷൂട്ട് ചെയ്തത്.) അതുപോലെ അര്ജുനന് തന്റെ വില്ല് ഊന്നി വച്ചിട്ട് വെള്ളം കുടിക്കാന്‍ പോയ "വില്ലൂന്നിക്കടവ്". അങ്ങനെ പലതും പണ്ട് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കാമ്യകം ഇപ്പോള്‍ എവിടെ ആയിരിക്കും എന്നറിയാനും ഒരു ആശ തോന്നി.
അന്വേഷിച്ചു വന്നപ്പോള്‍ ആ കാമ്യകം ആണ് ഇന്നത്തെ കാടാമ്പുഴ !! കഴിഞ്ഞകൊല്ലം കാടാമ്പുഴ അമ്പലത്തില്‍ പോയി 'മുട്ടറുക്കി' വിഘ്നങ്ങള്‍ എല്ലാം മാറ്റി ഹാപ്പിയായി നടക്കുന്ന എനിക്ക് അതൊരു പുതിയ ഗവേഷണസാമഗ്രിയായി.
വനവാസകാലത്ത് അര്ജുനന് പാശുപതാസ്ത്രം കിട്ടാനായി ശിവനെ തപസ്സ് ചെയ്ത സ്ഥലമാണ് 'കാമ്യകവനം'. വരം ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് അര്‍ജുനനെ ഒന്ന് പരീക്ഷിക്കാന്‍ ശിവന് തീരുമാനിച്ചു. അങ്ങനെ ഭാര്യയേം കൂട്ടി കാട്ടാളവേഷത്തില്‍ കാമ്യകവനത്തില്‍ വന്നു. ഈ സമയം ദുര്യോധനന്റെ പറഞ്ഞുവിട്ടതനുസരിച്ചു മുകുരാസുരന് ഒരു പന്നിയുടെ വേഷത്തില്‍ അര്‍ജുനന്റെ തപസിളക്കാന്‍ വന്നു. പന്നിയെ കണ്ട അര്‍ജുനനും ശിവനും ഒരേ സമയം അമ്പെയ്തു. ആ പന്നി തന്റെതാണെന്ന് രണ്ടുപേരും വാദിച്ചു. അവസാനം രണ്ടുപേരും തമ്മില്‍ യുദ്ധമായി. ഒടുവില്‍ അര്‍ജുനന്റെ അമ്പ് കൊണ്ട് ശിവന്റെ ദേഹം മുറിയുന്നത് കണ്ട പാര്‍വതിക്ക് ദേഷ്യം വന്നു. ഉടനെ ശപിച്ചു, ഇനി നീ എയ്യുന്ന അമ്പുകള്‍ എല്ലാം പുഷ്പങ്ങള്‍ ആയി പതിക്കട്ടെ എന്ന്. അവസാനം അര്ജുനന് തോറ്റുകാണും.
ഈ കഥയിലെ ദേഷ്യം വന്ന പാര്‍വതിയാണ് കാടാമ്പുഴയിലെ പ്രതിഷ്ഠ. വനദുര്‍ഗ. അര്‍ജുനനു പാശുപതാസ്ത്രം കിട്ടിയ സ്ഥലം ആണ് ഈ കാമ്യകം. അതുകൊണ്ടായിരിക്കും ആഗ്രഹസാഫല്യത്തിന് എല്ലാരും ഇപ്പോഴും കാടാമ്പുഴ പോകുന്നത്. പക്ഷെ കാമ്യകം എങ്ങനെ കാടാമ്പുഴ ആയി എന്ന് കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.
എന്തായാലും 'കാമ്യകം' എന്നാല്‍ ആഗ്രഹിക്കത്തക്കവിധം നല്ലത് എന്നല്ലേ.. വ്യത്യസ്തമായ ആ വീട്ടുപേര് പോലെ ആ വീട്ടുകാരും അങ്ങനെ ഉള്ളവര്‍ ആയിരിക്കട്ടെ.
ചിത്രം- ഞാനും പട്ടരും കഴിഞ്ഞകൊല്ലം കാടാമ്പുഴ പോയപ്പോ എടുത്തത്.
©മനോജ് വെള്ളനാട്
കാമ്യകം ആദ്യമായിട്ടാ കേള്‍ക്കുന്നത്!
ReplyDeleteപഴയ കുറിപ്പടികളെല്ലാം ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണല്ലോ
ReplyDelete