ട്വിസ്റ്റായനം


    (ഈ കുറിപ്പ് എഴുതിയത്- ജൂണ്‍ 16,2014)

   ഒരു രണ്ടാഴ്ചയെങ്കിലും ആയിക്കാണും, അതും റെഡ് എഫെമ്മില്‍ ആണെന്ന് തോന്നുന്നു, 'വൈശാലി' സിനിമയുടെ ശബ്ദരേഖയുടെ പരസ്യം. ഭരത-വാസുദേവ സ്പര്‍ശത്താല്‍ മലയാളത്തിലെ ഒരു ക്ലാസിക് എന്നുതന്നെ പറയാവുന്ന 'വൈശാലി'. ചുവന്ന എഫെമിലെ ആ ശബ്ദകലാകാരന്‍ വൈശാലിയെ പറ്റി പറയുമ്പോഴോക്കെയും മനസ്സിലൂടെ രണ്ടു ദൃശ്യങ്ങളും രണ്ടു ചോദ്യങ്ങളും കടന്നുവന്നുകൊണ്ടേ ഇരുന്നു.


ഒന്നാമത്തെ ദൃശ്യം, വൈശാലിയുടെ മാറില്‍ മയില്‍‌പീലിമുന കൊണ്ട് ചിത്രം വരയ്ക്കുന്ന ഋഷ്യശൃംഗനും, രണ്ടാമത്തേത് ആരെയും തകര്‍ത്തുകളയുന്ന ആ ക്ലൈമാക്സും.

ഇനി ആ രണ്ടു ചോദ്യങ്ങളില്‍ ആദ്യത്തേത് ഇതാണ്. ആദ്യമായി വൈശാലി സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആരോ ചോദിച്ചതാണ് ഈ ചോദ്യം.

"ഋഷ്യശൃംഗന്‍റെ അളിയന്‍ ആരെന്നു അറിയാമോ..?!! "

ഞെട്ടിയില്ലേ..? ആ, ഇതുപോലെ ഞാനും ഞെട്ടി.. അന്നോളം ഈ ഋഷ്യശൃംഗമുനിയെ പറ്റിയുള്ള പരമാവധി അറിവ് ഈ സിനിമ കണ്ടുണ്ടായതാണ്. അതിലാണെങ്കില്‍ ലോമപാദമഹാരാജാവിനു (ബാബു ആന്റണി) ആകെ ഒരു മകളെ ഉള്ളു, ശാന്ത (പാര്‍വതി). ശാന്തയ്ക്ക് അനിയനോ ചേട്ടനോ ഇല്ല. അപ്പോഴെങ്ങനെ അളിയന്‍ ഉണ്ടാകും..?!!

ഇവിടെയാണ് കഥയുടെ ട്വിസ്റ്റ്‌..( ഇനി അങ്ങോട്ട്‌ ട്വിസ്റ്റോടു ട്വിസ്റ്റ്‌ ആയിരിക്കും, ആരും ഞെട്ടരുത്  ). ഈ അംഗരാജ്യത്തെ ലോമപാദരാജാവിന്‌ നാട്ടില്‍ സ്വന്തമായി മഴ മാത്രമല്ല, സ്വന്തം ഭാര്യയില്‍ മക്കളും ഇല്ല. എന്നുവച്ചാല്‍, ശാന്ത അദ്ദേഹത്തിന്‍റെ സ്വന്തം മകള്‍ അല്ലാ, വളര്‍ത്തുമകള്‍ ആണെന്ന്.

അങ്ങനെ എങ്കില്‍ അവളുടെ യഥാര്‍ഥ അച്ഛന്‍ ആരാണ്.? അത് കണ്ടെത്തിയാല്‍ അളിയനെ കണ്ടെത്താന്‍ എളുപ്പമാകുമല്ലോ. അവിടെയാണ് അടുത്ത ട്വിസ്റ്റ്‌. സ്വന്തമായി മക്കളില്ലാത്തതിനാല്‍ പുത്രസൌഭാഗ്യത്തിനു പുത്രകാമേഷ്ടി യാഗം നടത്തിയ സാക്ഷാല്‍ ദശരഥന്‍ ആയിരുന്നു ശാന്തയുടെ യഥാര്‍ഥ അച്ഛന്‍. തന്‍റെ സുഹൃത്തായ ലോമപാദന്‍ മക്കളില്ലാതെ വിഷമിക്കുന്നത് കണ്ട് ആകെയുള്ള മകളെ അദ്ദേഹത്തിനു ദാനം നല്‍കിയത്രേ!! കറകളഞ്ഞ ത്യാഗം.

ഇപ്പൊ മനസിലായി കാണുമല്ലോ ഋഷ്യശൃംഗന്‍റെ അളിയന്‍ ആരായിരുന്നു എന്ന്..? മൂത്ത അളിയന്‍ രാമന്‍, രണ്ടാമത്തേത് ഭരതന്‍.. അങ്ങനെ.. മൊത്തം നാല് അളിയന്മാര്‍.. പിന്നെന്തു വേണം..

കഥയിലെ ട്വിസ്റ്റ്‌ അവിടെയും തീര്‍ന്നില്ല..

ആകെയുള്ള ഒരു മകളെ കൂട്ടുകാരന് ദാനം കൊടുത്തിട്ട് മക്കളില്ലേ.. മക്കളില്ലേ ... എന്ന് വിലപിച്ചുകൊണ്ടിരുന്ന ദശരഥന്, രാമനുള്‍പ്പടെ നാലു മക്കളെ സംഭാവന ചെയ്ത പുത്രകാമേഷ്ടി യാഗം നടത്തിയത് സാക്ഷാല്‍ ഋഷ്യശൃംഗനായിരുന്നു..!!! അതേ.. സ്വന്തം ഭാര്യയുടെ അച്ഛന് മക്കളില്ലാത്തതിനാല്‍ യാഗം നടത്തി സന്താനസൗഭാഗ്യം വരമായി നല്‍കിയത്, മരുമകന്‍ തന്നെ..!!

ഇങ്ങനെ നോക്കി നോക്കി വരുമ്പോള്‍ അത് രാമായണം അല്ലാ "ട്വിസ്റ്റായനം" ആണെന്ന് തോന്നും.  

എനിക്ക് തലകറക്കം വന്നതിനാല്‍ ഞാനല്‍പ്പം റസ്റ്റ്‌ എടുത്തു. അപ്പോഴാണ് ആ രണ്ടാമത്തെ ചോദ്യം ഞാന്‍ എന്നോടുതന്നെ ചോദിച്ചു തുടങ്ങിയത്..

"ദശരഥന് തന്‍റെ മൂന്നുഭാര്യമാരിലും മക്കള്‍ ഇല്ലായിരുന്നല്ലോ.. എങ്കില്‍ ശാന്തയുടെ അമ്മ ആരായിരുന്നു...?!!!"

അന്വേഷണം തുടര്‍ന്നു. അവസാനം ആ ട്വിസ്റ്റും കണ്ടെത്തി. അത് മറ്റാരുമല്ല, ദശരഥന്‍റെ ആദ്യഭാര്യയായ കൌസല്യ തന്നെയാണ്. രാമന്‍റെ അമ്മ. അപ്പൊ ഋഷ്യശൃംഗന്‍റെ നേരെയുള്ള അളിയന്‍ ആരെന്നു ചോദിച്ചാല്‍ അത് സാക്ഷാല്‍ ശ്രീരാമന്‍ തന്നെ!!! എന്താല്ലേ..

അതെ, മഴ പെയ്യിക്കാന്‍ വന്നയാള്‍ അളിയന്മാരെ സൃഷ്ടിച്ച കഥയാണ് രാമായണം.. സോറി, ട്വിസ്റ്റായനം..


(ശാന്തയെ പറ്റി കൂടുതല്‍ വായിക്കാന്‍ ദിവിടെ ക്ലിക്കൂ.. :)

©മനോജ്‌ വെള്ളനാട്


5 comments:

 1. പുരാണേതിഹാസങ്ങളുടെ താഴ്വേരുകൾ അന്വേഷിച്ചുപോവുമ്പോൾ ചിലപ്പോഴൊക്കെ നമ്മെ കുഴക്കുന്ന നേരമ്പോക്കുകൾ കാണാനാവും. സമൂഹവളർച്ചയുടെ പല ഘട്ടങ്ങളിൽ പലരാൽ എഴുതിച്ചേർക്കപ്പെട്ട തുടർക്കഥയിലെ ചില യുക്തിഭ്രംശങ്ങൾ ക്ഷമിക്കാവുന്നതേയുള്ളു..... എന്തൊക്കെയായാലും വൈശാലി ഒരു മനോഹര ചലച്ചിത്രകാവ്യം തന്നെ....

  ReplyDelete
 2. ഇത് നമ്മളോട് മുമ്പ് എവിടെയോ പറഞ്ഞിരുന്നല്ലോ ഡോക്ടറെ. ഫേസ് ബുക്കിലായിരുന്നൊ?

  ദേ എന്റെ വൈശാലി ഇവിടെ: https://www.facebook.com/photo.php?fbid=722637157783734&set=a.640287506018700.1073741826.100001123692298&type=1

  ReplyDelete
 3. ഈ അളിയൻ ട്വിസ്റ്റ് ഞാനിപ്പോൾ അറിയുന്നൂ

  ReplyDelete
 4. ട്വിസ്റ്റ്വോ ട്വിസ്റ്റ്‌! ട്വിസ്റ്റോടു ട്വിസ്റ്റ്‌!!

  ReplyDelete
 5. Bhishma is describing this story while laying in sarasayya. So this story is in mahabharatha too.

  ReplyDelete