ഓണം- ഒരോര്‍മ്മപ്പെരുക്കം

ഊഞ്ഞാല്‍


ചന്തിയിലെ കരിനീലിച്ച നോവാണ് ഊഞ്ഞാലോര്‍മ്മ. രണ്ടു വലിയ പ്ലാവ് ഉണ്ടായിരുന്നു വീടിനു പുറകിലെ തൊടിയില്‍. ഒരുപാട് കരഞ്ഞു നിലവിളിച്ചപ്പോഴാണ് അതിലൊന്നില്‍ ഒരൂഞ്ഞാല്‍ കെട്ടിത്തന്നത്. ഓണം ദേ വന്നൂ, ദാ പോയി എന്ന് പറഞ്ഞ പോലായിരുന്നു. പക്ഷെ എനിക്ക് ഊഞ്ഞാലാട്ടത്തിന്‍റെ കൊതിയടങ്ങിയില്ല. ഓണം കഴിഞ്ഞു മൂന്നാഴ്ച കഴിഞ്ഞിട്ടും ഊഞ്ഞാല്‍ അഴിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. അതിന്‍റെ പേരില്‍ വീട്ടിലും നാട്ടിലും എനിക്കെതിരെ ചെറിയ ചെറിയ മുറുമുറുപ്പുകള്‍ അടുക്കളകളിലും കുളക്കരയിലും മുഴങ്ങുന്നുണ്ടായിരുന്നു. അമ്മയും അമ്മൂമ്മയും പലവട്ടം സന്ധിസംഭാഷണങ്ങള്‍ നടത്തി. ഊഞ്ഞാല്‍ അഴിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. ഇടനിലക്കാരായി വന്ന മാമന്മാരെ ഞാന്‍ കരഞ്ഞു തോല്‍പ്പിച്ചു.


ആ ദിവസം.. ഓണം വന്നുപോയിട്ട് ഒരു മാസത്തില്‍ അധികമായിട്ടുണ്ടാകും. രാവിലെ ഉറക്കപ്പായയില്‍ നിന്നെഴുന്നേറ്റു നേരെ ഊഞ്ഞാലില്‍ ചെന്നിരുന്ന് ഒന്ന് മുന്നോട്ടാഞ്ഞതും, വീണിതല്ലോ കിടക്കുന്നു ധരണിയില്‍, ഞാനും ഊഞ്ഞാല്‍ പടിയും. നല്ല ഉറച്ച മണ്ണിന്മേല്‍ ചന്തിയിടിച്ച് ഒന്നെഴുന്നെല്‍ക്കാന്‍ പോലുമാകാതെ ഞാന്‍ കരഞ്ഞു. ആരൊക്കെയോ ഓടി വന്നു. ഞാന്‍ ഒരു കൈകൊണ്ട് ചന്തിയില്‍ അമര്‍ത്തി തടവി. മറ്റേ കൈ കൊണ്ട് കണ്ണീര്‍ തുടച്ചു. ആരോ എന്‍റെ നിക്കര്‍ ഊരി നോക്കി. രണ്ടു കരിനീലിച്ച ചന്തികള്‍ അവര്‍ കണ്ടെത്തി. ചന്തി ചതഞ്ഞു രക്തം ചത്തു കിടന്നു. അന്നേ ഞാന്‍ പറഞ്ഞതാ എന്ന് അമ്മ. അനുസരണ ഇല്ലാത്തതിന്‍റെ ഫലമെന്ന് അമ്മൂമ്മ. നിന്‍റെ കന്നന്തുരുവിനു നിനക്കിത്രേം കിട്ടിയാപ്പോരെന്നു അടുത്തവീട്ടിലെ മാമി. എല്ലാവരും അവരവരുടെ നയങ്ങള്‍ വ്യക്തമാക്കി.


എനിക്ക് വേദന സഹിക്കുന്നില്ല. ഇനി ഊഞ്ഞാലും വേണ്ട കൂഞ്ഞാലും വേണ്ടാന്ന് പറഞ്ഞു അപ്പൊ തന്നെ ആരോ പ്ലാവില്‍ കേറി അതഴിച്ചെടുത്തു. എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു, ഇവരില്‍ ആരെങ്കിലും തന്നെ ആയിരിക്കും ഊഞ്ഞാല്‍ അറുത്ത് വച്ചത് എന്ന്. തലേന്ന് വൈകുന്നേരം എഴുമണിവരെയും ഞാനതില്‍ ആടിയതാണ്. രാത്രിയില്‍ ആരെങ്കിലും ചെയ്തതാകും.

പക്ഷെ ആരാണാ ഭീരുവായ ശത്രുവെന്ന് മാത്രം ഇപ്പോഴുമറിയില്ല.

ഇപ്പോഴും എവിടേലും  ഊഞ്ഞാല്‍ കാണുമ്പോള്‍ കൈ അറിയാതെയൊന്ന് ചന്തിതടവും. അവിടെന്തോ പെരുത്തിരിക്കുന്നത് പോലെ തോന്നും. പക്ഷെ ആ പെരുപ്പ്‌ മാത്രമേ ഇപ്പോള്‍ ഉള്ളു. ഊഞ്ഞാല്‍ ഇല്ല. ഊഞ്ഞാലിടാന്‍ പറ്റിയ മരങ്ങളില്ല. ആ പ്ലാവിരുന്നിടത്തു കുഞ്ഞമ്മ വീട് വച്ചു. ചുറ്റുംറ്റിനും കുറെ റബ്ബറും.

ഉത്രാടപ്പാച്ചില്‍


മൊത്തത്തില്‍ ജീവിതം ദാരിദ്ര്യത്തിന്‍റെ ധാരാളിത്തത്തിലായിരുന്നെങ്കിലും ഓണക്കാലം പലതരത്തിലും സമ്പല്‍ സമൃദ്ധമായിരുന്നു. ഓണം ആഘോഷിക്കാന്‍ വേണ്ടിയാണു ബാക്കിയുള്ള ഒരുവര്‍ഷം ഈ കെടന്നു കഷ്ടപ്പെടുന്നതെന്ന് അമ്മയും കുഞ്ഞമ്മമാരും പലപ്പോഴും പറയുമായിരുന്നു. അവര്‍ക്കൊക്കെ ഖാദിയില്‍ നിന്നും ബോണസ് കിട്ടുന്ന സമയമാണ്. എന്നാലും ഒന്നിനും തികയില്ല. തികഞ്ഞില്ലെങ്കിലെന്താ, ഉത്രാടദിവസം വൈകുന്നേരമാകുമ്പോള്‍ അമ്മ മാവേലി സ്റ്റോറില്‍ ക്യൂവില്‍ ആയിരിക്കും. കുഞ്ഞമ്മാരില്‍ ഒരാള്‍ പച്ചക്കറിക്കടയില്‍ ആയിരിക്കും. ഞാന്‍ മറ്റേ കുഞ്ഞമ്മയുടെ കൂടെ ഏതെങ്കിലും ജൌളിക്കടയില്‍ എനിക്കുള്ള നിക്കറെടുക്കാന്‍ നില്‍ക്കുകയായിരിക്കും. പക്ഷെ എല്ലാവര്‍ക്കും ജൌളിക്കടയില്‍ നിന്നും വാങ്ങാന്‍ കാശ് തികയാത്തതിനാല്‍ തുണികള്‍ ഇന്‍സ്റ്റാള്‍മെന്റിനു കൊടുക്കുന്ന മുകുന്ദന്‍ മാമന്‍റെ വീട്ടില്‍ പോകും പിന്നീട്. മുന്‍വര്‍ഷത്തെ കടത്തില്‍ കുറച്ചു കൊടുത്തശേഷം ഇരട്ടിക്ക് പിന്നേം കടം പറയും. എല്ലാ കൊല്ലവും എനിക്കൊരു മഞ്ഞക്കോടി മുകുന്ദന്‍ മാമന്‍റെ വക ഫ്രീ ഉണ്ട്. അതും കഴുത്തില്‍ ചുറ്റിയാണ്‌ പിറ്റേന്ന് തിരുവോണത്തിന് എന്‍റെ വിലസല്‍. എന്തൊക്കെ ദാരിദ്ര്യം പറഞ്ഞാലും ഉത്രാടദിവസം രാത്രിയാകുമ്പോള്‍ വീട്ടില്‍ അടുത്ത ഒരുമാസത്തേക്ക് വേണ്ട പലവ്യജ്ഞനസാധനങ്ങള്‍, മൂന്ന് ദിവസത്തേക്കും പായസം വയ്ക്കാനുള്ള സാമഗ്രികള്‍, ഒരാഴ്ചത്തേക്കുള്ള പച്ചക്കറികള്‍, എല്ലാവര്‍ക്കും പുതിയ വസ്ത്രങ്ങള്‍ അങ്ങനെ എല്ലാം ഉണ്ടാകും.


ഒരു കൊല്ലം നിര്‍ത്താതെ ഓടിയിട്ടാണിതൊക്കെ എന്നറിയാമെങ്കിലും പേര് ഉത്രാടപ്പാച്ചില്‍ എന്നാണ്. എന്താല്ലേ..


തലപ്പട്ടം
തലപ്പട്ടമായിരുന്നു ഓണക്കാലത്തെ കുട്ടികളുടെ പ്രധാനകളി. കാശുവച്ചുള്ള ചീട്ടുകളി ആയിരുന്നു മുതിര്‍ന്നവരുടെ പ്രധാനകളി. അവരത് രാവും പകലുമില്ലാതെ, സ്ഥലകാലബോധമില്ലാതെ, വളരെ ഉത്തരവാദിത്തത്തോടെ, സ്വയം മറന്നു കളിക്കുമായിരുന്നു. അവരില്‍ പലരും ഇപ്പോഴും അതങ്ങനെ തന്നെ തുടരുന്നു.


പക്ഷെ ഞങ്ങള്‍ കുട്ടികള്‍ അങ്ങനെ അല്ല. പച്ചോല കൊണ്ട് പന്തുണ്ടാക്കും. പന്തെന്നു പറഞ്ഞാല്‍ ഉരുണ്ടിട്ടല്ല, ക്യൂബ് ആകൃതി. സാമാന്യവലിപ്പമുള്ള ഒരു കല്ലെടുത്ത് കുറ്റിപോലെ വയ്ക്കും. അതാണ് അമ്മാവി. ഉള്ളവരെ രണ്ടു ടീമായി തിരിക്കും. അമ്മാവിയുടെ മുന്നില്‍ നിന്നുകൊണ്ട് പന്ത് തട്ടണം. ക്രിക്കറ്റില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തുന്നതുപോലെ ബാക്കിയുള്ളവര്‍ പന്തുപിടിക്കാന്‍ നില്‍ക്കും. താഴെ പോകും മുമ്പ് പിടിച്ചാല്‍ അപ്പൊ പന്ത് തട്ടിയവന്‍ ഔട്ട്‌. താഴെ പോയാലോ, പന്ത് എവിടെ വീഴുന്നോ അവിടുന്ന് എറിഞ്ഞു കൊള്ളിക്കണം, അമ്മാവിയെ. അങ്ങനെ കൊണ്ടാലും അയാള്‍ ഔട്ട്‌. ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ അയാള്‍ക്ക് അടുത്ത ലെവലിലേക്ക് പോകാം.


ഇന്നത്തെ കാന്‍ഡി ക്രഷ് സാഗയൊക്കെ പോലെ പല ലെവലുകള്‍ ഉള്ള കളിയാണ്‌. ഒറ്റ, ഇരട്ട, കബടി, താളം, തലമ അങ്ങനെയായിരുന്നു ഓരോ ലെവലിന്‍റെയും പേരുകള്‍. ഓരോന്നിലും പന്ത് തട്ടുന്ന രീതിയിലും വ്യത്യാസം ഉണ്ട്. ഉദാഹരണത്തിന് തലമയില്‍ പുറംതിരിഞ്ഞു നിന്നിട്ട് പുറകിലേക്ക് വേണം പന്ത് തട്ടാന്‍. കബഡിയില്‍ കാലിനിടയില്‍ കൂടി പന്ത് മേലേക്കിട്ടു കൈകൊണ്ട് തട്ടിത്തെറിപ്പിക്കണം, അങ്ങനെ. എല്ലകളികളും ഇപ്പോള്‍ ചില മങ്ങിയ ഓര്‍മ്മകള്‍ മാത്രമാണ്. കളിയുടെ നിയമങ്ങളും പേരുകളും എല്ലാം മറന്നിരിക്കുന്നു, അന്ന് ഇതിലൊക്കെ ചാമ്പ്യന്‍ ആയിരുന്നെങ്കിലും.


കുട്ടീം കോലും, സെവന്‍ ടീസ്, ഓടിത്തൊട്ടുകളി, കൊന്നിത്തൊട്ടുകളി, കിളിത്തട്ടുകളി, ഗോലികളി അങ്ങനെ ഓര്‍മ്മയില്‍ എന്തോരം ഓണക്കളികള്‍. കരിയില മാടനും പുലികളിയും മറ്റും ഞങ്ങള്‍ കാശ് ഉണ്ടാക്കാന്‍ വേണ്ടി ചെയ്യുമായിരുന്നു. വേഷമൊക്കെ കെട്ടി, ഒരു  പാട്ടയില്‍ കൊട്ടി ശബ്ദമുണ്ടാക്കി വീടുവീടാന്തരം കേറി ഇറങ്ങും. തിരിച്ചെത്തുമ്പോള്‍ മിനിമം നൂറു രൂപ ഒത്തിട്ടുണ്ടാകും.


ഇന്നിപ്പോ ഓണാവധിക്കും കുട്ടികള്‍ ടൂഷന് പോകുന്നുണ്ടാകും അല്ലേ. എങ്ങനെ കളിക്കും, എവിടെപ്പോയി കളിക്കും, ആരോടൊപ്പം കളിക്കും?


തുമ്പിതുള്ളല്‍


ബാല്യം വിട്ടു കൌമാരത്തിലേക്ക് കടന്നപ്പോഴാണ് പുരകെട്ടി പൂക്കളമിടുന്ന ചേട്ടന്‍മാരുടെ ഗ്യാങ്ങില്‍ ചേരുന്നത്. അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസം സ്കൂള്‍ വിട്ടാല്‍ ഊണും ഉറക്കവുമൊക്കെ അത്തപ്പുരയില്‍ തന്നെ. നാടുതെണ്ടി പൂപറിച്ച്‌ വരുമ്പോള്‍ ഇരുട്ടിയിട്ടുണ്ടാകും. രാത്രിയില്‍ എല്ലാരും കൂടിയിരുന്ന്- ഇരിക്കുന്നത് നടുറോഡില്‍ ഒക്കെ ആയിരിക്കും- പൂവിറുക്കും. പ്രായഭേദമന്യേ ഒരുപാട് പേരുണ്ടാകും. നന്നായി പൂക്കളത്തിന്‍റെ ഡിസൈന്‍ വരയ്ക്കുന്ന പലരും ഉണ്ടായിരുന്നു കൂട്ടത്തില്‍. അതില്‍ പ്രധാനിയായിരുന്നു അനുരാജ്. അനുരാജ് തിരിഞ്ഞും മറിഞ്ഞും കിടന്നുമൊക്കെ ഡിസൈന്‍ വരയ്ക്കുന്നത് ഞങ്ങള്‍ അന്തംവിട്ടു നോക്കിനിക്കും. പിന്നെ എല്ലാരും കൂടി പൂവിടലായി. പരസ്പരം കളിയാക്കിയും പഴയ തമാശകള്‍ പൊട്ടിച്ചും ഉറങ്ങാത്ത, എന്നാല്‍ ക്ഷീണം ലേശമില്ലാത്ത പത്തുനാളുകള്‍.


തിരുവോണദിവസം രാവിലെ മുതല്‍ വിവിധ കലാകായിക പരിപാടികളാണ്. കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, സുന്ദരന് മീശ വരയ്ക്കല്‍, കണ്ണുകെട്ടി കലമടി, കസേര ചുറ്റല്‍ (മെയില്‍ ആന്‍ഡ്‌ ഫീമെയില്‍), കമുകില്‍ കയറ്റം അങ്ങനെ പലതും. അവസാനം വടംവലി. എന്താണെന്നറിയില്ല, ഈ വക വിനോദങ്ങളില്‍ നാട്ടിലെ നാണം കുണുങ്ങികളായ നിരവധിയായ പെണ്‍പിള്ളേരോട് ഞാനെല്ലാ കൊല്ലവും തോല്‍ക്കുമായിരുന്നു.


വൈകുന്നേരമായാല്‍ പിന്നെ അത്തം ഇളക്കല്‍ ചടങ്ങാണ്. അത്തപ്പുരയ്ക്ക് മുന്നില്‍ അടുപ്പുകൂട്ടി പായസം വയ്ക്കും (പൊങ്കാല). പിന്നെ ഒരാളെ തുമ്പിയായി പിടിച്ചിരുത്തും. ശരീരം മുഴുവന്‍ ഭസ്മം പൂശും. തുമ്പപ്പൂ, കമുകിന്‍ പൂങ്കുല, ചൂലില്‍ നിന്നെടുത്ത ഈര്‍ക്കിലുകള്‍ എന്നിവ കൂട്ടിക്കെട്ടി കൈയ്യില്‍ പിടിപ്പിക്കും. തലയില്‍ തോര്‍ത്തുമൂടി തുമ്പി അത്തപ്പുരയ്ക്ക് മുന്നില്‍, പൂക്കളത്തിനഭിമുഖമായി ചമ്മണം പടിഞ്ഞ്‌ കുനിഞ്ഞിരിക്കും. കൂടിനിക്കുന്ന ഒരാള്‍ പാടിത്തുടങ്ങും, തുമ്പി തുള്ളല്‍ പാട്ട്.


    "ഒന്നാം തുമ്പിയും അവര്‍ പെറ്റ മക്കളും
      പോയീ കടപ്പുറത്തുമ്പി തുള്ളാന്‍..
      തുമ്പി ഇരുമ്പല്ല, ചെമ്പല്ല, പോടല്ല
      തുമ്പിക്കുതിര്‍മാല പൊന്മാല.."


എല്ലാവരും താളത്തില്‍ കയ്യടിയോടെ ഏറ്റുപാടും, ഓരോ വരിയും.


    "രണ്ടാം തുമ്പിയും അവര്‍ പെറ്റ മക്കളും
      പോയീ കടപ്പുറത്തുമ്പി തുള്ളാന്‍..
      തുമ്പി ഇരുമ്പല്ല, ചെമ്പല്ല, പോടല്ല
      തുമ്പിക്കുതിര്‍മാല പൊന്മാല.."


അങ്ങനെ പതിനെട്ടാം തുമ്പിവരെ.. ഇടയ്ക്കിടയ്ക്ക് അനങ്ങാതെ, യാതൊരു കൂസലുമില്ലാതെ ഇരിക്കുന്ന തുമ്പിയെ നോക്കി ഇങ്ങനെയും പാടും.


    "എന്താ തുമ്പീ തുള്ളാതിരിക്കണ്
      പൂവ് പോരാഞ്ഞോ, പൂക്കുല പോരാഞ്ഞോ
      ആള് പോരഞ്ഞോ, അലങ്കാരം പോരാഞ്ഞോ.
      എന്താ തുമ്പീ തുള്ളാതിരിക്കണ്..
      കൊട്ട് പോരാഞ്ഞോ, കുരവ പോരാഞ്ഞോ
      ആര്‍പ്പ് പോരാഞ്ഞോ, ആരവം പോരഞ്ഞോ
      എന്താ തുമ്പീ തുള്ളാതിരിക്കണ്..."


കുറെ കഴിയുമ്പോ, പാട്ട് അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ തുമ്പിയുടെ കയ്യിലിരുന്നു പൂക്കുല വിറച്ചു തുടങ്ങും. പിന്നെ പതിയെ ആ ശരീരവും. വിറയ്ക്കുന്ന ശരീരം നിരങ്ങിനീങ്ങി അത്തപ്പുരയ്ക്കുള്ളില്‍ കടന്നു പൂക്കളത്തെ പിച്ചി ചീന്തും, യാതൊരു ദാക്ഷിണ്യവും ഇല്ലാതെ. ആ സമയത്ത് പാട്ടും കൈക്കൊട്ടും കൊണ്ട് അന്തരീക്ഷമാകെ ശബ്ദമുഖരിതമായിരിക്കും.


എല്ലാം കഴിയുമ്പോള്‍ തുമ്പി അബോധം അഭിനയിച്ചു നിലത്തു വീഴും. കുറച്ചുപേര്‍ ചേര്‍ന്ന് താങ്ങിയെടുത്ത് കിണറ്റിന്‍കരയിലോ പൈപ്പിന്‍ ചുവട്ടിലോ കൊണ്ടുപോകും. അതോടെ പത്തുദിവസത്തെ പൂക്കളമിടല്‍ മഹാമഹം അവസാനിക്കും.


എല്ലാം കഴിയുമ്പോള്‍ പത്തുദിവസമായി അടക്കി വച്ചിരുന്ന ക്ഷീണം എവിടുന്നൊക്കെയോ പറന്നു വരും. കാലിന്‍റെ പെരുവിരല്‍ മുതല്‍ ഉച്ചിവരെ പെരുക്കും. ഒന്നുറങ്ങി ഉണരുമ്പോഴേക്കും, ആ ക്ഷീണമൊക്കെ മാറി വരുമ്പോഴേക്കും, ചതയവും കടന്ന്‍ ഓണം നാടുവിട്ടുണ്ടാകും.


ശേഷം..

ഇതുപോലെ എന്തോരം ഓര്‍മ്മകള്‍ കൂടുന്നതാണല്ലെ ഒരോണം. വിവിധ വര്‍ണ്ണത്തിലുള്ള നിരവധി പൂക്കള്‍ ചേരുമ്പോള്‍ നല്ലൊരു പൂക്കളം ഉണ്ടാകുന്നത് പോലെ ഇമ്മാതിരി നൂറുനൂറു ഓര്‍മ്മപ്പൂക്കള്‍ കൊണ്ടുള്ള ഓര്‍മ്മക്കളമാണ് ഓണത്തിന്‍റെ ശേഷിപ്പ്. കാലത്തിന്‍റെ തുമ്പിതുള്ളലില്‍ അവയൊന്നും തകരാതിരിക്കട്ടെ.

©മനോജ്‌ വെള്ളനാട്


22 comments:

 1. ഓരോ കൊല്ലം കഴിയുന്തോറും മാറ്റങ്ങള്‍ക്ക് കീഴ്പ്പെട്ട്‌ കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക് എല്ലാം ഓര്‍മ്മകള്‍ ആയിക്കൊണ്ടിരിക്കുന്നു. അന്നൊക്കെ സത്യത്തില്‍ ഒരു ദിവസം വയറു നിറയെ ഭക്ഷണം കഴിക്കാനും നല്ല ഉടുപ്പുകള്‍ ധരിക്കാനും കഴിയും എന്ന ആഗ്രഹമായിരുന്നു. ഇന്നിപ്പോള്‍ അത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതായിരിക്കുന്നു.
  ഓണത്തിന്റെ ഓര്‍മ്മകള്‍ നന്നായി.

  ReplyDelete
 2. വായിച്ച് തുടങ്ങും മുന്‍പേ കണ്ണ് നനയിച്ചു.. ഈ ബ്ലോഗിലെ രണ്ടു ചിത്രങ്ങള്‍ ആണതിന് കാരണം.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്റെ വയനാട്ടിലെ ഞങ്ങള്‍ വിറ്റ വീട്ടിലെ ഏറ്റവും സുഖമുള്ള ഓര്‍മ്മയാണ് എനിക്ക് ഊഞ്ഞാല്‍ .. ഈ ചിത്രത്തില്‍ കാണുന്ന അതേ തരത്തില്‍ അച്ഛന്‍ പലകയില്‍ ഹോളിട്ട് അതിലൂടെ കയറിട്ട് നല്ല വൃത്തിയില്‍ കെട്ടി തന്ന ഊഞ്ഞാല്‍ .. എന്റെ വീട് വിറ്റതിന് ശേഷം വാടക വീട്ടിലേക്ക് സാധനങ്ങള്‍ കെട്ടി മാറ്റുമ്പോള്‍ എനിക്ക് വെറും കൌതുകമായിരുന്നു.. അതൊക്കെ അങ്ങനെ നോക്കി നിന്നു.. എല്ലാവരും തലച്ചുമടായി ഓരോന്ന് എടുത്ത് കൊണ്ട് പോകുന്നതൊക്കെ അങ്ങനെ നോക്കി നിന്നു.. എന്നാല്‍ പത്ത് സെന്റ്‌ ഭൂമിയിലെ ഒരു മൂലയില്‍ ഒരു മുരിക്കിലും പിന്നെ മറ്റേതോ ഒരു മരത്തിലുമായി കെട്ടിയുണ്ടാക്കിയ ഊഞ്ഞാല്‍ അഴിച്ചു മാറ്റുമ്പോള്‍ കണ്ണ് നിറഞ്ഞൊഴുകി.. ചങ്കില്‍ കൊത്തി വലിക്കുന്ന വേദനയുണ്ടായിരുന്നു.. അടുത്ത വീട്ടിലെ അമ്മായി കണ്ണാന്നും വിളിച്ച് ന്നെ കെട്ടി പിടിച്ചു കരയുമ്പോള്‍ വേദന പിന്നേം കൂടി.. അതിന് കാരണം രണ്ടാമത്തെ ആ ചിത്രമാണ്‌.. എനിക്ക് ഓല കൊണ്ട് അങ്ങനെയൊക്കെ ഉണ്ടാക്കാന്‍ എനിക്ക് പഠിപ്പിച്ച് തന്നത്, പെണ്മക്കള്‍ മാത്രമുള്ള അമ്മായി നാലാമത്തെ കുട്ടിയായി, ആ വീട്ടിലെ ആണ്‍കുട്ടിയായി എന്നെ വളര്‍ത്തിയത്, മൂന്ന്‍ ചേച്ചിമാരുടെ അനിയനായി എന്നെ കൊണ്ട് നടന്നത് .. അങ്ങനെ എല്ലാമെല്ലാം ഓര്‍മ്മ വന്നു.... നന്ദി.. മറന്നു പോകാന്‍ കഴിയാത്ത ഓര്‍മ്മകളിലേക്ക് എന്നെ തിരിച്ചു നടത്തിയതിനു.. കണ്ണില്‍ നിന്നും അടര്‍ന്നു വീണ സ്നേഹത്തിന്‍റെ ഉപ്പുകലര്‍ന്ന സന്തോഷാശ്രുക്കള്‍ക്ക്‌.. <3

  ReplyDelete
  Replies
  1. ഊഞ്ഞാലില്‍ നിന്നുവീണകാര്യം പെട്ടന്നോര്‍ത്തപ്പോള്‍ അത് ഫേസ്ബുക്കില്‍ എഴുതി പോസ്റ്റ്‌ ചെയ്യാമെന്നു കരുതി ഇന്നിപ്പോള്‍ എഴുതിയതാണ് ഈ പോസ്റ്റ്‌. എഴുതി വന്നപ്പോള്‍ അതില്‍ കൂടുതല്‍ കാര്യങ്ങള്‍ താനേ വന്നു ചേരുകയായിരുന്നു.. ഈ ചെറിയ പോസ്റ്റ്‌ ഒരാളെ ഒരുപാട് സ്വാധീനിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം.. ഈ സ്നേഹത്തിനും ഈ വാക്കുകള്‍ക്കും ഒത്തിരി സ്നേഹം.. ഉമ്മ..

   Delete
  2. സംഗീത് പറഞ്ഞ ഓർമ്മകൾ ഈ പോസ്റ്റിന് നല്ലൊരു അനുബന്ധം - ഹൃദയസ്പർശിയായ ഓർമ്മകൾ .....

   Delete
 3. ചില ഓണ ഓർമ്മകൾ എന്നും ഗൃഹാതുരത ഉണർത്തുന്നവയായി നിലകൊള്ളുന്നു. ഇന്നിൽ നഷ്ടമായ പലതിന്റെയും ഓർമ്മകൾ..
  ജീവിതത്തിൽ ആദ്യമായി പ്രിയപ്പെട്ടവരിൽ നിന്നും മാറി നിന്നുള്ള ഒരോണം ഇതാ കടന്നു വരുന്നു.
  ഇപ്രാവശ്യത്തെ ഓണം ഓർമകളുടെ സദ്യയിലും ആഘോക്ഷത്തിലും മുങ്ങി നിറയട്ടെ.

  ReplyDelete
 4. എന്തോ .............ഓണം ഇത് വായിച്ചേ പിന്നെ...കണ്ണീരിന്റെ നനവിൽ സ്നേഹത്തിന്റെ നനുത്ത സ്പര്ശം ഉള്ളതായി.. ഹൃദ്യമായി...

  ReplyDelete
 5. ഞാനും വീണിട്ടുണ്ട് ഇതുപോലെ!
  നമ്മളൊക്കെ ഭാഗ്യം ചെയ്തവർ.
  ടെക്നോളജി മനുഷ്യനെ കീഴ്പ്പെടുത്തും മുൻപേ കുട്ടിക്കാലം ലഭിച്ചവർ...
  ഇന്നത്തെ കുഞ്ഞുങ്ങൾ അറിയുന്നുപോലുമില്ല അവർക്കു നഷ്ടപ്പെടുന്നത് എന്തെന്ന്!

  എന്റെ ഒരു ഉത്രാടസ്മരണ ഇവിടെയുണ്ട്.
  http://jayandamodaran.blogspot.in/2010/08/blog-post_20.html

  ReplyDelete
 6. ടി.വി.യുടെ ആവിര്‍ഭാവത്തോടേയാണ്- ഓണത്തോടനുബന്ധിച്ചുള്ള കളികള്‍ക്ക് അന്ത്യം 
  സംഭവിച്ചത്. തലമകളി ഇക്കാലത്തെ കുട്ടികള്‍ക്ക് അജ്ഞാതമായ ഒന്നായി മാറി. വിലയ്ക്ക് വാങ്ങുന്ന പൂക്കള്‍കൊണ്ടിടുന്ന പൂക്കളവും, വില കൊടുത്ത് വാങ്ങാവുന്ന ഓണസ്സദ്യയും 
  അടുത്ത കാലത്ത് ഉണ്ടായ മാറ്റങ്ങളാണ്. ഓണം വിപണനമേളക്കാരുടെ ആഘോഷമായി മാറി.

  ReplyDelete
 7. അതൊരു കാലം ..
  സുഖമുള്ള ഓർമ്മകൾ സമ്മാനിച്ച കാലം.നന്നായ് അവതരിപ്പിച്ചു ..

  ReplyDelete
 8. ഓണോര്‍മ്മകള്‍

  പറയാന്‍ തുടങ്ങിയാല്‍ തീരില്ല!!

  ReplyDelete
 9. അവതരിപ്പിച്ച ചിന്തകൾ അത്രയൊന്നും നിറപ്പകിട്ടില്ലാത്ത പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു..... പലതരം ഓർമ്മച്ചിത്രങ്ങളിലൂടെ ഓണത്തെക്കുറിച്ചുള്ള നല്ലൊരു കൊളാഷ് ഇവിടെ പെയിൻറ് ചെയ്തുവെച്ചപോലെ ......

  ReplyDelete
 10. മനോഹരമായ ഓണം ഓര്‍മ്മകള്‍ ... :)

  ReplyDelete
 11. ഞാന്‍ തൃക്കാരരപ്പനെ കുറിച്ചു വലിയ ഒരു കമ്മന്റ് രണ്ട് തവണ ടൈപ്പ് ചെയ്ത് ഇടാന്‍ നോക്കിയിട്ട് നടന്നില്ല... ഇനി ടൈപ്പ് ചെയ്യാന്‍ വയ്യാത്തത് കൊണ്ട് നേരിട്ട് കാണുമ്പോള്‍ പറയാം :)

  ReplyDelete
 12. നന്നായി എഴുതി...
  ഓണാശംസകള്‍...

  ReplyDelete
 13. ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു പഴയകാല ഓണവിശേഷങ്ങള്‍...മാനം തൊടാനുള്ള ആവേശത്തോടെയുള്ള ഊഞ്ഞാല്‍ കുതിപ്പ്‌...........
  കളികളില്‍ ലയിക്കുമ്പോള്‍ ഇരുട്ടിയാലും വീടണയാന്‍ മടിക്കുന്ന മനസ്സുമായി...
  ഐശ്വര്യവും ശാന്തിയും സമാധാനവും നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 14. ഓണം ഇന്നെത്രയോ മാറിയിരിക്കുന്നു. ഇത്തരം ഓർമ്മക്കുറിപ്പുകൾ വായിക്കുമ്പോളാണ് മലയാളിക്ക് ഓണം എന്ത് കൊണ്ട് ഇത്രയും പ്രിയപ്പെട്ടതായി എന്ന് തിരിച്ചറിയുന്നത്‌ ....ഒപ്പം കാലം വരുത്തി വെച്ച നഷ്ടങ്ങളും.

  ReplyDelete
 15. നാട്ടിൻ പുറമായിരുന്നിട്ടും എന്റെ കുട്ടിക്കാലത്ത് ഇതുപോലുള്ള ആഘോഷങ്ങളൊന്നും ഓണത്തിന് ഉണ്ടായിരുന്നില്ല. ചിലപ്പോൾ ചില ക്ലബ്ബുകളുടെയൊക്കെ നേതൃത്വത്തിൽ "ഓണക്കളി' മത്സരമുണ്ടാവും. അത്രമാത്രം. പിന്നെ ഊഞ്ഞാലാട്ടവും. അച്ഛന്റേയും അമ്മയുടെയുമൊക്കെ കുട്ടിക്കാലത്ത് 'തുമ്പിതുള്ളൽ' ഒക്കെ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. തെക്കൻ ജില്ലകളിലാണ് ഓണം കൂടുതൽ ആഘോഷിക്കപ്പെടുന്നതെന്ന് തോന്നുന്നു.

  അവിടെ ഓലപ്പന്തു കൊണ്ട് നടത്തിയിരുന്ന കളി ഇവിടെ കുട്ടിയും കോലും വെച്ചാണ് കളിച്ചിരുന്നത്. ഓണസമയത്ത് പ്രത്യക്ഷപ്പെടുന്ന മറ്റ് ചില കളികളാണ് 'അരീസുകായ(ഗോലി) കളിയും പമ്പരം കൊത്തുകളിയും..

  എന്തൊക്കെ വൈവിധ്യങ്ങളായിരുന്നു അല്ലേ നമ്മുടെ നാട്ടിൽ. ! ജയൻ ഡോക്ടർ പറഞ്ഞതു പോലെ ഇന്നത്തെ കുട്ടികൾക്ക് അത്തരം വൈവിധ്യങ്ങളൊക്കെ നഷ്ടപ്പെടുകയാണ്.

  നല്ല ഓർമ്മക്കുറിപ്പ്.

  ReplyDelete
 16. "എന്തോരം ഓര്‍മ്മകള്‍ കൂടുന്നതാണല്ലെ ഒരോണം. ...." ശരിയാണ് മനോജ്‌. ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു ഈ പോസ്റ്റ്.....

  ReplyDelete
 17. പഴയ കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി . നന്ദി മനോജ്‌ സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 18. ഒർമകൾ ഉണര്ത്തി വീണ്ടുമൊരു ഓണക്കാലം

  ഓണാശംസകൾ

  ReplyDelete